Jump to content

കർണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർ‌ണ്ണൻ
പ്രമാണം:Krishna explains to Karna.jpg
കൃഷ്ണനും കർണ്ണനും
ദേവനാഗരിकर्ण
Affiliationസൂര്യദേവന്റെ മകൻ
ആയുധംകാളപൃഷ്ടം(ചാപം),വിജയചാപം
ജീവിത പങ്കാളിപത്മാവതി ( വൃഷാലി )
മാതാപിതാക്കൾകുന്തി (പെറ്റമ്മ)
രാധ (പോറ്റമ്മ)
സൂര്യദേവൻഅതിരഥൻ (വളർത്തച്ഛൻ )
മക്കൾവൃഷസേനൻ
സുദാമാ
ശത്രുഞ്ജയൻ
ദ്വിപതൻ
സുഷേണൻ
സത്യസേനൻ
ചിത്രസേനൻ
സുശർമ്മൻ(ബനസേന)
വൃഷകേതു
Mountജൈത്രം(രഥം)
Textsമഹാഭാരതം

മഹാഭാരതത്തിലെ ഒരു പ്രമുഖ കഥാപാത്രവും മഹാരഥനും ആണ് കർ‌ണ്ണൻ. കുന്തിയുടെ മന്ത്ര പരീക്ഷണത്തിന്റെ ഫലമായി സൂര്യദേവനിൽ നിന്നും ലഭിച്ച ദിവ്യ പ്രസാദമായാണ് വേദവ്യാസൻ ഇതിഹാസത്തിൽ കർണനെ രേഖപ്പെടുത്തിയിട്ടുളളത്. കുന്തീപുത്രനായി ജനിച്ചിട്ടും സ്വസഹോദരന്മാരായ പാണ്ഡവർക്കെതിരായി, കൗരവർക്കുവേണ്ടി പ്രവർത്തിക്കുകയും പോരാടുകയും ചെയ്ത  ആൾ ആണ് കർണ്ണൻ. പെറ്റമ്മയായ കുന്തിയാൽ ഉപേക്ഷിക്കപ്പെട്ട കർണ്ണൻ കൗന്തേയനെങ്കിലും ജീവിതത്തിൽ രാധേയനായി അറിയപ്പെട്ടു. തേരാളിയായ അതിരഥന്റെയും ഭാര്യ രാധയുടെയും മകനായി വളരേണ്ടി വന്ന കർണനെ  സൂതപുത്രനായി പാണ്ഡവരുൾപ്പെടെയുള്ള ബന്ധുജനങ്ങൾ കണക്കാക്കി.ഹസ്തിനപുരത്തിലെ രാജകുമാരൻ ആയ ദുര്യോധനൻ ആയിരുന്നു കർണൻറെ ഉറ്റസുഹൃത്ത്. കുരുരാജകുമാരൻമാരുടെ രംഗഭൂമിയിൽ വന്ന് അർജുനനെ യുദ്ധത്തിന് വെല്ലുവിളിച്ച കർണനെ ദുര്യോധനനും ധൃതരാഷ്ട്രരും ചേർന്ന് ഹസ്തിനപുരത്തിൻറെ ഭാഗമായ അംഗദേശത്തിലെ സാമന്തരാജാവായി അഭിഷേകം ചെയ്തു. അതിനാൽത്തന്നെ കർണ്ണൻ ദുര്യോധനനോട് ആജീവനാന്തം കടപ്പെട്ടവനായി. വ്യാസഭാരതത്തിൽ സൂതപുത്രൻ, ആതിരഥി, രാധേയൻ, സൂര്യപുത്രൻ, അംഗേശൻ, വൈകർത്തനൻ തുടങ്ങി അനേകം പേരുകളിൽ കർണൻ പ്രസിദ്ധനാണ്.

പ്രമാണം:Arjuna kills Karna.jpg
തേർചക്രം ഉയർത്തുന്ന കർണ്ണനെ അർജ്ജുനൻ വധിക്കുന്നു

കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയ്ക്ക് സൂര്യഭഗവാനിൽ നിന്നും ലഭ്യമായ പ്രസാദമാണ് കർണ്ണൻ. ഒരിക്കൽ കുന്തീഭോജന്റെ കൊട്ടാരത്തിലേക്ക് എഴുന്നള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു ദേവതയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ദേവതയിൽ ഒരു മകൻ ജനിക്കും. പ്രായത്തിന്റെ പക്വതക്കുറവും, ആകാംക്ഷയും കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ആ സമയത്തു രജസ്വലയായിരുന്ന അവൾ അഞ്ചു മന്ത്രങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുത്തു സൂര്യദേവനെ ആവാഹനം ചെയ്തു . മന്ത്രപ്രഭാവം ക്ഷണത്തിൽ പ്രകടമായി. അതിതേജസ്വിയായ സൂര്യദേവൻ തോൾവളയും കിരീടവും ദിവ്യാഭരണങ്ങളുമണിഞ്ഞു അവൾക്കു മുന്നിൽ പ്രത്യക്ഷനായി. കുന്തിയോട് സൂര്യദേവൻ, താൻ അവളുടെ മന്ത്രാവാഹനത്താൽ വശീകൃതനായി എത്തിയതാണെന്നും അതിനാൽ തന്നിൽ നിന്നും ഒരു സന്തതിയെ വേഗത്തിൽ സ്വീകരിച്ചുകൊള്ളാനും ആവശ്യപ്പെട്ടു. ഭയന്നുപോയ കുന്തി, താൻ വെറും കൗതുകത്തിനാണ് സൂര്യനെ ആവാഹനം ചെയ്തതെന്നും, അതിനാൽ അദ്ദേഹം സന്തുഷ്ടനായി മടങ്ങിപ്പോകണമെന്നും കേണപേക്ഷിച്ചു. സൂര്യദേവൻ ഇതുകേട്ട് കോപിഷ്ഠനാവുകയാണുണ്ടായത്. ആവാഹനം ചെയ്ത ദേവനെ നിഷ്ഫലമായി തിരിച്ചയയ്ക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും, അതിന്റെ ഫലം കൊടുംശാപമായി തന്നിൽ നിന്നും ഏല്ക്കേണ്ടതായി വരുമെന്നും , കുന്തിയുടെ പിതാവും മന്ത്രമുപദേശിച്ച മുനിവര്യനും അതിന്റെ തിക്തഫലം അനുഭവിക്കുമെന്നും സൂര്യൻ പറഞ്ഞു . ഭയന്നുപോയ കുന്തി സൂര്യദേവനോട് താൻ കന്യകയാണെന്നും, തന്റെ കന്യകാത്വം നഷ്ടപ്പെടാത്ത രീതിയിൽ തന്നിൽ പുത്രോല്പ്പാദനം ചെയ്തുകൊളളാനും അങ്ങനെയുണ്ടാകുന്ന പുത്രൻ തികഞ്ഞ ധർമ്മിഷ്ഠനും ജന്മനാൽ കവചകുണ്ഡലങ്ങളോട് കൂടിയവനുമായിരിക്കണമെന്നു അപേക്ഷിച്ചു .സൂര്യദേവൻ അത് സ്വീകരിക്കുകയും യോഗബലത്തോടെ കുന്തിയിൽ പ്രവേശിച്ചു പുത്രോല്പ്പാദനം ചെയ്യുകയും ചെയ്തു . തുടർന്നു കുന്തിക്കുണ്ടാകുന്ന പുത്രൻ സർവ്വ ശസ്ത്രപ്രവരന്മാരിലും വച്ച് ഉന്നതനായിരിക്കുമെന്നും , കുന്തി കന്യകയായി തുടരുമെന്നും അനുഗ്രഹിച്ച ശേഷം തിരിച്ചുപോയി . ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺകുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ജന്മനാ കവചകുണ്ഡലങ്ങളോടു കൂടിയുള്ള ആ പിഞ്ചുകുഞ്ഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും ആ കുഞ്ഞിനെ എടുത്തു വളർത്തി. അങ്ങനെ "രാധേയൻ" എന്ന പേരിലും "സൂതപുത്രൻ" എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു. സ്വർണ്ണ കുണ്ഡലങ്ങളോട് കൂടിയവനും സുവർണ്ണശോഭയോട് കൂടിയവനും തേജോമയനുമായ ആ ശിശുവിനെക്കണ്ടു മഹാബ്രാഹ്മണർ അവനെ വസുഷേണൻ എന്ന് നാമകരണം ചെയ്തു. മാനഭയത്താൽ കുന്തി തന്റെ കർണ്ണത്തിലുടെ പ്രസവിച്ചതിനാൽ കർണ്ണൻ എന്ന പേരുനൽകി എന്നൊരു വാദം കൂടി നിലവിലുണ്ട്. ദേവരാജാവായ ഇന്ദ്രന് കർണ്ണത്തിൽ നിന്നും കുണ്ഡലങ്ങൾ അറുത്തെടുത്തു നല്കിയതിനാലാണ് കർണ്ണൻ എന്ന പേരുണ്ടായതെന്നും മഹാഭാരതം വനപർവ്വത്തിൽ കാണുന്നു .

കുട്ടിക്കാലവും യൗവനവും

[തിരുത്തുക]

കർണ്ണൻ ആയുധവിദ്യാഭ്യാസത്തിനായി കൗരവ-പാണ്ഡവപുത്രന്മാരുടെ ഗുരുവായ ദ്രോണാചാര്യരുടെ അടുത്ത് ചെല്ലുകയും വിദ്യാദാനം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ കുറേക്കാലം അദ്ദേഹം ദ്രോണരുടെ കീഴിൽ ആയുധവിദ്യ അഭ്യസിച്ചു. എന്നാൽ സൂതനായതിനാൽ, മർമ്മ പ്രധാനമായ വിദ്യകൾ ദ്രോണർ കർണ്ണനെ പഠിപ്പിക്കുകയുണ്ടായില്ല. അതിൽ ഒന്നാണ് ബ്രഹ്‌മാസ്‌ത്രവിദ്യ. ഒരു ദിവസം കർണ്ണൻ ദ്രോണരോട് ബ്രഹ്‌മാസ്‌ത്രം പകർന്നു നൽകുവാൻ ആവശ്യപ്പെട്ടു. എന്നാൽ സൂതനായ കർണ്ണന് ബ്രഹ്‌മാസ്‌ത്രം പ്രദാനം ചെയ്യാൻ ഗുരു ദ്രോണർ വിസമ്മതം പ്രകടിപ്പിച്ചു. കുലത്തിന്റെ പേരിൽ അപമാനഭാരം സഹിക്കാനാവാതെ മനസ്സ് വേദനിച്ച കർണ്ണൻ എന്ത് വില കൊടുത്തും ബ്രഹ്‌മാസ്‌ത്രവിദ്യ അഭ്യസിക്കണം എന്ന ദൃഢനിശ്ചയത്തിലേക്ക് എത്തി ചേർന്നു. അങ്ങനെ ഭഗവാൻ പരശുരാമന്റെ കീഴിൽ ബ്രാഹ്മണനാണെന്ന നുണ പറഞ്ഞ് ആയുധവിദ്യ അഭ്യസിച്ചു.എന്നാൽ ഒരു ദിവസം ഗുരു ശിഷ്യനായ കർണന്റെ മടിയിൽ കിടന്നുറങ്ങുന്ന സമയം ഒരു വണ്ട് കർണന്റെ കാലിൽ കുത്തി മുറിവേൽപ്പിച്ചു. കർണന്റെ കാലിൽ നിന്നും ചോര ഗുരുവിനെ സ്പർശിച്ചു രാമൻ കോപിഷ്ഠനായി എഴുന്നേറ്റു കർണനെ ശപിച്ചു ഒരിക്കലും നീ ഒരു ബ്രാഹ്മണൻ അല്ല നീ എന്നെ പറ്റിച്ചു അതിനാൽ ഞാൻ നിനക്ക് ഉപദേശിച്ചു തന്ന വിദ്യ നിനക്ക് പ്രയോജനപ്പെടേണ്ട സമയത്ത് ലഭ്യമാകില്ല എന്നായിരുന്നു ആ ശാപം.

കർണ്ണന്റെ രംഗപ്രവേശവും അംഗരാജ്യലബ്ധിയും

[തിരുത്തുക]

പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. രാജകുമാരന്മാർ എല്ലാവരും അവരവരുടെ കഴിവുകൾ കാഴ്ചവച്ചു സദസ്സിനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അവസാനമായി ദ്രോണരുടെ പ്രിയശിഷ്യനായ അർജ്ജുനൻ രംഗത്തേക്ക് പ്രവേശിച്ചു . മധ്യമപാണ്ഡവനായ അർജ്ജുനൻ ധാർമ്മികനാണെന്നും അസ്ത്രവിദ്യയിൽ ഏറ്റവും ശ്രേഷ്ഠനാണെന്നും ജനങ്ങൾക്കിടയിൽ സംസാരമുണ്ടായി . ദിവ്യാസ്ത്രങ്ങളാൽ പലവിധത്തിലുള്ള അത്ഭുതകർമ്മങ്ങൾ അർജ്ജുനൻ പ്രകടിപ്പിച്ചു . അസ്ത്രം കൊണ്ട് മാത്രമല്ലാതെ മറ്റായുധങ്ങൾ കൊണ്ടും അർജ്ജുനൻ അത്ഭുതകരമായ അഭ്യാസങ്ങൾ പ്രകടിപ്പിച്ചു . തീർത്തും വിസ്മയഭരിതരായ ജനം ആനന്ദത്തിൽ ആറാടിയിരിക്കുമ്പോൾ പെട്ടെന്ന് ഇടിവെട്ടുംപോലെയുള്ള ഒരു കരഘോഷം സഭാമണ്ഡപത്തിന്റെ പടിക്കൽ കേട്ടു . [മഹാഭാരതം ആദിപർവ്വം, അദ്ധ്യായം 135].

എല്ലാവരും ആശ്ചര്യത്തോടെ നോക്കുമ്പോൾ , ദ്വാരപാലകന്മാർ മാറിക്കൊടുത്ത മാർഗ്ഗത്തിലൂടെ അത്യന്തം തേജസ്വിയും കരുത്തനുമായ ഒരു യുവാവ് ജന്മസിദ്ധമായ ഉജ്ജ്വലകവചം ധരിച്ചു , കർണ്ണഭൂഷണങ്ങളുമണിഞ്ഞു , വില്ലും വാളും ധരിച്ചു കാൽനടയായി മടികൂടാതെ ഗൗരവത്തിൽ നടന്നെത്തുന്നത് കണ്ടു . അത് കൗന്തേയനായ രാധേയൻ കർണ്ണനായിരുന്നു . കർണനെ കണ്ടപ്പോൾ തന്നെ കുന്തിക് ആളെ മനസ്സിലായെങ്കിലും അറിഞ്ഞതായി ഭവിച്ചില്ല ആ വീരൻ കടന്നുവന്ന് വീരമണ്ഡലത്തെ ഒട്ടാകെ ഒന്ന് അവലോകനം ചെയ്ത് ദ്രോണകൃപന്മാരുടെ നേരെ വലിയ ആദരവൊന്നും കാണിക്കാതെ ഒന്ന് കൈകൂപ്പി നമസ്കരിച്ചു . അതിനു ശേഷം ഇടിവെട്ടുന്ന സ്വരത്തിൽ തന്റെ അറിയാത്ത അനുജനായ അർജ്ജുനനോട് ഇങ്ങനെ പറഞ്ഞു . " ഹേ പാർത്ഥാ , നീ ചെയ്ത വിദ്യകളൊക്കെ കുറേക്കൂടി മെച്ചമായ വിധത്തിൽ ഞാൻ ചെയ്തു കാണിക്കാം . നീ അത്ര ഞെളിയണ്ട ". തുടർന്ന് ദ്രോണാചാര്യരുടെ അനുമതിയോടെ കർണ്ണൻ രംഗത്തു കയറി അർജ്ജുനൻ ചെയ്ത അതേ അഭ്യാസങ്ങൾ കാഴ്ചവച്ചു .

ദുര്യോധനൻ ഇത് ദർശിച്ചു പുളകിതനാകുകയും, രംഗത്ത് വന്നു കർണ്ണനെ അഭിനന്ദിക്കുകയും ചെയ്യുന്നു. അഭ്യാസപ്രകടനത്തിന് ശേഷം തന്നെ നിന്ദിക്കുന്നവിധം പറ ഞ്ഞവാക്കുകൾ കേട്ട സഹോദരങ്ങളുടെ കൂടെ നില്കുന്നവനായ അർജുനൻ പറയുന്നു "കർണ്ണാ, വിളിക്കാതെ വന്നു കയറുന്നിടത്തും, ചോദിക്കാതെ പറയുന്നവർക്കുമുള്ള ലോകങ്ങളിൽ ഞാൻ നിന്നെ കൊന്നയയ്ക്കുവാൻ പോവുകയാണ്". അതിനു മറുപടിയായി കർണ്ണൻ ഇങ്ങനെ പറയുന്നു "പൊതുവേദി എല്ലാവർക്കും ഒന്നുപോലെയാണ്. നിനക്കുമാത്രം വിശേഷിച്ചു എന്തുണ്ട്? ക്ഷത്രിയൻ വീര്യത്തെയാണ് ആശ്രയിക്കുന്നത്" .

അപ്പോൾ കൃപാചാര്യർ ഇടപെട്ടു . കൃപാചാര്യർ അർജ്ജുനന്റെ കുലവും ഗോത്രവും മാതൃ-പിതൃ പരമ്പരയുമെല്ലാം ശരിയായി വിശദീകരിച്ചു. എന്നിട്ട് കർണ്ണനോട് അദ്ദേഹത്തിന്റെ കുലവും ഗോത്രവും പറയുവാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഇപ്രകാരം കൂട്ടിച്ചേർത്തു "രാജസന്തതികൾ സാധാരണക്കാരോട് പൊരുതുകയില്ല". ഇതുകേട്ട് കർണ്ണൻ ലജ്ജിതനായി നിൽക്കുമ്പോൾ, ദുര്യോധനൻ ഇടപെടുകയും, കർണ്ണന് "അംഗരാജ്യം" പ്രദാനം ചെയ്തു രാജാവാക്കുകയും ചെയ്യുന്നു. ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന് തന്റെ സൗഹൃദംവും ജീവിതവും നൽകുന്നു കർണ്ണൻ വൃഷാലി എന്ന യുവതിയെ വിവാഹം ചെയ്യുകയും അതിൽ ഒൻപത് പുത്രൻമാർ ജനിക്കുകയും വൃഷസേനൻ , ശുദ്ധാമാ, ശത്രുഞ്ജയ, ദ്വിപത, സുഷേണൻ , സത്യേശ, ചിത്രസേന, സുശർമ്മ(ബനസേന), വൃഷകേതു എന്നീപേരുകളിൽ അറിയപ്പെടുന്നു.

കർണ്ണന്റെ ദിഗ്വിജയം

[തിരുത്തുക]

പാണ്ഡവരെ ചൂതിൽ തോൽപ്പിച്ചു കാട്ടിലയച്ച ശേഷം ദുര്യോധനൻ മഹത്തായ ഒരു യജ്ഞം നടത്തുവാൻ തീരുമാനിച്ചു . യുധിഷ്ഠിരൻ നടത്തിയത് പോലെ ഒരു രാജസൂയം നടത്തുവാനാണ് തീരുമാനിച്ചത് . എന്നാൽ അഗ്രജനായ യുധിഷ്ഠിരനും പിതാവായ ധൃതരാഷ്ട്രരും ജീവനോടെയിരിക്കുമ്പോൾ അപ്രകാരം രാജസൂയം നടത്താൻ ദുര്യോധനനെ യജ്ഞനിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് പണ്ഡിതന്മാരായ ബ്രാഹ്മണർ വിധിച്ചു . എന്നാൽ രാജസൂയത്തേക്കാളും ശ്രേഷ്ഠമായ വൈഷ്ണവയാഗം എന്നൊരു യജ്ഞമുണ്ട് . അത് ദുര്യോധനന് നടത്താവുന്നതാണ് . അതിനായി ഭൂമിയിലെ സർവ്വരാജാക്കന്മാരെയും യുദ്ധത്തിൽ വിജയിച്ചു ധനം സ്വരൂപിക്കുകയും , ഭൂമണ്ഡലത്തിൽ സർവ്വർക്കും മേലെ അധികാരം ഉറപ്പിക്കുകയും വേണ്ടതാണ് . അതിനാൽ വലിയൊരു ദിഗ്വിജയം ദുര്യോധനൻ നടത്തേണ്ടതുണ്ട് . അതിശക്തനായ ഒരു രാജാധിരാജന് മാത്രമേ വൈഷ്ണവയാഗം ഇത്തരത്തിൽ ചെയ്യുവാൻ സാധിക്കൂ . അങ്ങനെ ചിന്താമഗ്നനായിരിക്കുന്ന വേളയിൽ ദുര്യോധനനെ സഹായിക്കാനായി കർണ്ണൻ മുന്നോട്ടു വന്നു . താൻ ദുര്യോധനന് വേണ്ടി ഭൂമിയിലുള്ള സർവ്വ രാജാക്കന്മാരേയും കീഴടക്കാമെന്നു കർണ്ണൻ ഉറപ്പു കൊടുത്തു . കർണ്ണന്റെ വീര്യത്തിൽ വിശ്വാസമുള്ള ദുര്യോധനൻ അതിനു അനുമതി നൽകി . തുടർന്ന് കർണ്ണൻ പടകൂട്ടി ദിഗ്‌വിജയത്തിനു തയ്യാറെടുത്തു . വില്ലാളിവീരനായ കർണ്ണൻ ആദ്യമായി പടയോടുകൂടി പാണ്ഡവബന്ധുവായ ദ്രുപദരാജാവിന്റെ പുരം വളഞ്ഞു . വീരനായ ദ്രുപദനോട് ഭയങ്കരമായി പോരാടി അവനെ കീഴടക്കി . സ്വർണ്ണവും വെള്ളിയും പലതരത്തിലുള്ള രത്നങ്ങളും കപ്പമായി ദ്രുപദനെക്കൊണ്ട് വയ്പ്പിക്കുകയും ചെയ്തു . പിന്നീട് ദ്രുപദന്റെ അനുയായികളായ മറ്റു രാജാക്കളേയും കീഴടക്കുകയും അവരുടെ കയ്യിൽ നിന്നും കപ്പം വാങ്ങുകയും ചെയ്തു . അതിനു ശേഷം വടക്കോട്ട്‌ പടയോട്ടം നടത്തി . അവിടെയുള്ള രാജാക്കന്മാരെയും ഭഗദത്തനേയും പോരിൽ ജയിച്ചു കപ്പം വാങ്ങി . പിന്നെ കർണ്ണൻ മഹാശൈലമായ ഹിമാലയത്തിലേക്ക് കയറി . അവിടെ എല്ലാ ദിക്കിലും ചെന്ന് ആ പർവ്വതപ്രാന്തത്തിലെ സകല രാജാക്കന്മാരെയും കീഴടക്കി കപ്പം വാങ്ങി . തുടർന്ന് നേപ്പാളത്തിലെ രാജാക്കന്മാരെ ജയിച്ചതിനു ശേഷം വീരനായ രാധേയൻ മലയിറങ്ങി കിഴക്കോട്ടു പടയോട്ടം തുടർന്നു . അവിടെ അംഗം , വംഗം , കലിംഗം , ശുണ്ഡികം , മിഥില , മാഗധം , കർക്കഖണ്ഡം , ആവശീരം , അയോദ്ധ്യ , അഹിക്ഷേത്രം എന്നീ രാജ്യങ്ങളിലേയും രാജാക്കന്മാരെ കർണ്ണൻ കീഴ്‌പ്പെടുത്തി കപ്പം നേടി . കിഴക്കൻ രാജ്യങ്ങളെയെല്ലാം ആക്രമിച്ച സൂതപുത്രൻ കോസലം , ത്രിപുര , വത്സഭൂമി ,മൂർത്തികാവതി എന്നീ രാജ്യങ്ങളേയും കീഴടക്കി കപ്പം ശേഖരിച്ചു . പിന്നീട് തെക്കോട്ടിറങ്ങി പല മഹാരഥന്മാരായ രാജാക്കളേയും ജയിച്ചു അവസാനം രുക്മിയോടും എതിർത്തു . ഘോരമായ യുദ്ധത്തിൽ രുക്മിയെ തോൽപ്പിച്ച കർണ്ണന്റെ ധീരതയിൽ പ്രസന്നനായി രുക്മി ഇങ്ങനെ പറഞ്ഞു . " അല്ലയോ രാജേന്ദ്രനായ കർണ്ണാ . ഭവാന്റെ ബലവും വിക്രമവും കണ്ടു ഞാൻ അത്യന്തം പ്രീതനായിരിക്കുന്നു . എന്റെ ക്ഷാത്രധർമ്മം രക്ഷിക്കുവാനായി ഞാൻ അങ്ങയോടു പൊരുതിയതാണ് . ഭവാന് ഞാൻ ധാരാളം സ്വർണ്ണം ഇതാ നൽകുന്നു . സ്വീകരിച്ചാലും ". തുടർന്ന് രുക്മിയുമായി സൗഹൃദത്തിലായ കർണ്ണൻ രുക്മിയോട് കൂടെ തെക്കോട്ടു പട നയിച്ചു . പാണ്ഡ്യൻ, ശ്രീശൈലൻ , കേരളൻ , നീലൻ , വേണു എന്നീ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചു കപ്പം വാങ്ങി . തെക്കൻ പ്രദേശങ്ങളിലെ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചിട്ട് ആ മഹാബലൻ ശിശുപാലപുത്രനേയും ആ രാജാവിന്റെ കൂട്ടുകാരേയും സാമം കൊണ്ട് അവന്തിയേയും കീഴടക്കി . അതിനു ശേഷം വൃഷ്ണികളോടു കൂടെയുള്ള പശ്ചിമരാജ്യങ്ങളേയും ആക്രമിച്ചു കീഴടക്കി . യവനന്മാർ , ബർബ്ബരൻമാർ , തുടങ്ങിയ പശ്ചിമവാസികളേയും തോൽപ്പിച്ച കർണ്ണൻ തെക്കും കിഴക്കും പടിഞ്ഞാറുമുള്ള ഭൂമി മുഴുവനും അധീനത്തിലാക്കി . മ്ളേച്ഛന്മാർ, വനവാസികൾ , പർവ്വതവാസികൾ , രോഹിതകന്മാർ , ആഗ്നേയന്മാർ , ഭദ്രന്മാർ , മാളവന്മാർ എന്നീ ഭയങ്കരഗണങ്ങളേയും കർണ്ണൻ കീഴടക്കിയത് വലിയ അത്ഭുതമായിരുന്നു . അങ്ങനെ ലോകം മുഴുവനും ഒറ്റയ്ക്ക് കീഴടക്കിയ കർണ്ണൻ അന്തമില്ലാത്ത സമ്പത്തോട് കൂടി ഹസ്തിനപുരിയിലെത്തി ദുര്യോധനനെ കണ്ടു വന്ദിച്ചു .[മഹാഭാരതം , വനപർവ്വം , അദ്ധ്യായം 253, 254 , കർണ്ണദിഗ്വിജയം, ഘോഷയാത്രാ പർവ്വം ] പാണ്ഡവന്മാർ യുധിഷ്ഠിരന്റെ രാജസൂയത്തിനു വേണ്ടി നടത്തിയ ദിഗ്‌വിജയത്തേക്കാളും ഇരട്ടിയിലേറെ രാജ്യങ്ങളെയാണ് കർണ്ണൻ ഒറ്റയ്ക്ക് വെട്ടിപ്പിടിച്ചത് . കർണ്ണന്റെ ദിഗ്‌വിജയത്തെ പിന്നീട് കുരുവൃദ്ധനും ദിവ്യനുമായ ഭീഷ്മപിതാമഹൻ ഇങ്ങനെ ശ്‌ളാഖിക്കുകയുണ്ടായി . " ഹേ കർണ്ണാ . രാജപുരത്തു ചെന്ന് നീ കാംബോജരെ ജയിച്ചു . ഗിരിവ്രജത്തിൽ വാഴുന്ന നഗ്നജിത്ത് തുടങ്ങിയ രാജാക്കന്മാരെയും , വിദേഹൻ , അംബഷ്ഠൻ, ഗാന്ധാരൻ എന്നിവരേയും തോൽപ്പിച്ചവനാണ് ഭവാൻ . ഹിമാലയത്തിൽ അധിവസിക്കുന്ന രണക്രൂരന്മാരായ കിരാതന്മാരെപ്പോലും നീ പണ്ട് തോൽപ്പിച്ചു ദുര്യോധനന് കീഴിലാക്കി . പോരിൽ കലിംഗന്മാർ , പുണ്ഡ്രൺമാർ, ആന്ധ്രന്മാർ , മേളകന്മാർ , നിഷാദന്മാർ , ഉൾക്കലന്മാർ , ത്രിഗർത്തന്മാർ , ബാലഹീകന്മാർ , നിഷാദന്മാർ എന്നിവരേയും നീ തോൽപ്പിച്ചു . അതതിടങ്ങളിലെ യുദ്ധത്തിൽ ശക്തരായ പലരെയും ദുര്യോധനന് വേണ്ടി നീ ജയിച്ചില്ലേ " [മഹാഭാരതം ദ്രോണപർവ്വം അദ്ധ്യായം 4 , ഭീഷ്മവാക്യം ]

കർണ്ണദിഗ്‌വിജയവും ബോറിയും

[തിരുത്തുക]

(1)ദുര്യോധനന്റെ വൈഷ്ണവയജ്ഞ സമയത്ത് കർണ്ണൻ ദുര്യോധനനുവേണ്ടി ദിഗ്വിജയം നടത്തുന്ന ഭാഗം BORI Critical Edition Mahabharatham ഒഴിവാക്കിയിരിക്കുന്നതു കാണാവുന്നതാണ് . എന്നാൽ കർണ്ണന്റെ ദിഗ്‌വിജയത്തെക്കുറിച്ചു ഭീഷ്മപിതാമഹൻ വർണ്ണിക്കുന്ന ഭാഗം BORI Critical Edition ഒഴിവാക്കിയിട്ടുമില്ല . അപ്പോൾ കർണ്ണന്റെ ദിഗ്വിജയം വാസ്തവികമായി നടന്ന സംഭവം തന്നെയാണെന്നു BORI Critical Edition സമ്മതിക്കുന്നുണ്ട് . BORI Critical Edition Mahabharatha-ലെ പ്രസ്തുത ഭാഗം താഴെ പറയുന്നു .

BORI Critical Edition Mahabharatham - പ്രകാരം , ദ്രോണപർവ്വം , അദ്ധ്യായം 4 , ശ്ളോകങ്ങൾ 4 ,5 ,6 ,7

കർണ്ണ രാജപുരം ഗത്വാ കാംബോജാ നിഹതാസ്ത്വയാ (4)

ഗിരിവ്രജ ഗതാശ്ചാപി നഗ്നജിത് പ്രമുഖാ നൃപാ

അംബഷ്ഠാശ്ച വിദേഹാശ്ച ഗാന്ധാരാശ്ച ജിതാസ്ത്വയാ (5)

ഹിമദുർഗ്ഗനിലയാ കിരാതാ രണകർക്കശാ

ദുര്യോധനസ്യ വശഗാ കൃതാ കർണ്ണ ത്വയാ പുരാ (6)

തത്ര തത്ര ച സംഗ്രാമേ ദുര്യോധന ഹിതൈഷിണാ

ബഹവശ്ച ജിതാ വീരാസത്വയാ കർണ്ണ മഹൗജസാ(7)

(ഭാഷാ അർത്ഥം) അല്ലയോ കർണ്ണാ , നീ രാജപുരത്തു പോയി കാംബോജരെ കീഴടക്കി . ഗിരി വ്രജങ്ങളിൽ പോയി നഗ്നജിത്തിനെപ്പോലുള്ള പ്രമുഖ രാജാക്കന്മാരെ ജയിച്ചു . അംബഷ്ഠനേയും വിദേഹനേയും ഗാന്ധാരനേയും നീ ജയിച്ചു . ഹിമാലയ സാനുക്കളിൽ വാഴുന്ന യുദ്ധത്തിൽ അതി കർക്കശന്മാരായ കിരാതന്മാരെയും വരെ നീ പണ്ട് കീഴടക്കി ദുര്യോധനന്റെ കീഴിലാക്കിയിട്ടുണ്ടല്ലോ. ഇതുപോലെ അതതിടങ്ങളിൽ നടന്നിട്ടുള്ള യുദ്ധങ്ങളിൽ ദുര്യോധനന്റെ ഹിതത്തിനായി പല പല വീരന്മാരെയും അല്ലയോ കർണ്ണാ ഭവാൻ ജയിച്ചല്ലോ .

ഭീഷ്മരുടെ ഈ ദിഗ്‌വിജയവർണ്ണനയെ ഒഴിവാക്കുവാൻ മറന്ന ബോറി , കർണ്ണന്റെ ദിഗ്‌വിജയഭാഗം ഒഴിവാക്കിയത് ഒരു പൊരുത്തക്കേടാണ് .

(2) യശ്ചാ ജൈഷീദതി ബലാനമിത്രാനാപി ദുർജ്ജയാൻ

ഗാന്ധാരാൻമദ്രകാന്മത്സ്യാംസ്ത്രിഗർത്താംസ്തംഗണാഞ്ശകാൻ(18)

പാഞ്ചാലാംശ്ച വിദേഹാംശ്ച കുളിന്ദാകാശീകോസലാൻ

സുഹ്‌മാന്ഗാശ്ച പുണ്ട്രാംശ്ച നിഷാദാൻവംഗകീചകാൻ(19)

വത്സാൻ കലിംഗാംസ്തരസാനശ്മകാനൃഷികാംസ്ത���ാ

യേ ജിത്വാ സമരേ വീർശ്ചക്രേ ബലിഭൃത പുരാ(20)

BORI Critical Edition Mahabharatha-പ്രകാരം , കർണ്ണപർവ്വം , അദ്ധ്യായം 5 , ശ്ളോകങ്ങൾ 18 , 19 ,20

(ഭാഷാ അർത്ഥം ) ആ വീരനായ കർണ്ണൻ മിത്രത്തിനു വേണ്ടി ബലവാന്മാരും ദുർജ്ജയൻമാരുമായ ഗാന്ധാരൻ, മദ്രദേശക്കാരൻ , മത്സ്യൻ , ത്രിഗർത്തൻ , അംഗം , ശകൻ , പാഞ്ചാലൻ , വിദേഹൻ , കുളിന്ദൻ ,കാശിരാജാവ് , കോസലൻ , സുഹ്‌മാൻ , പുണ്ഡ്രൺ , നിഷാദൻ , വംഗരാജാവ് , കീചകൻ , വത്സൻ , കലിംഗം , അശമാകൻ , ഋഷിക രാജ്യം തുടങ്ങിയ രാജ്യങ്ങളെ വീര്യം കൊണ്ട് ജയിച്ചു നമുക്ക് നൽകിയിട്ടുണ്ട് . ധൃതരാഷ്ട്രരുടെ കർണ്ണദിഗ്‌വിജയത്തെ കുറിച്ചുള്ള ഈ വർണ്ണനയും BORI ഒഴിവാക്കിയിട്ടില്ല .

(3) ദുര്യോധനസ്യ വൃദ്ധ്യർത്ഥം പൃഥ്വീം യോ ജയത്പ്രഭുഃ

സ ജിത പാണ്ഡവൈ ശൂരൈ സമർത്ഥവീര്യ്ര്യാലിഭി BORI Critical Edition Mahabharatha-പ്രകാരം , കർണ്ണപർവ്വം , അദ്ധ്യായം 5 , ശ്ളോകങ്ങൾ 57

(ഭാഷാ അർത്ഥം )ദുര്യോധനന്റെ അഭിവൃദ്ധിക്കായി , ഭൂമി മുഴുവൻ ജയിച്ച ആ പ്രഭുവായ കർണ്ണൻ , ശൂരന്മാരായ പാണ്ഡവരാൽ എങ്ങനെ ജയിക്കപ്പെട്ടു ?ധൃതരാഷ്ട്രരുടെ കർണ്ണദിഗ്‌വിജയത്തെ കുറിച്ചുള്ള ഈ വർണ്ണനയും BORI ഒഴിവാക്കിയിട്ടില്ല .

ഇന്ദ്രന്റെ ചതി

[തിരുത്തുക]

മഹാഭാരതയുദ്ധം ആസന്നമായ നാളുകളിൽ ഒരു ദിവസം ദേവന്മാരുടെ രാജാവായ ഇന്ദ്രൻ വിചാരിക്കുകയുണ്ടായി, യുദ്ധത്തിൽ തന്റെ പുത്രനായ അർജ്ജുനന്റെ പ്രധാന എതിരാളി കർണ്ണനായിരിക്കും. അവന്റെ ശരീരത്തിൽ കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം അവനെ ആർക്കും വധിക്കുവാൻ സാധ്യമല്ല. അതിനാൽ ദാനശീലനായ കർണ്ണന്റെ കയ്യിൽ നിന്നും അത് എങ്ങനെയെങ്കിലും ചോദിച്ചുവാങ്ങണം. ഇന്ദ്രന്റെ ഇപ്രകാരമുള്ള വിചാരം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞ സൂര്യഭഗവാൻ ഒരുദിവസം രാത്രിയിൽ കർണ്ണൻ ഉറങ്ങുന്ന വേളയിൽ, അദ്ദേഹത്തിൻറെ സ്വപ്നത്തിൽ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഉപചാരപൂർവ്വം വന്ദിച്ച കർണ്ണനോട് സൂര്യൻ അദ്ദേഹത്തിന്റെ ജന്മരഹസ്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ജനിച്ചപ്പോൾ കർണ്ണന്റെ ശരീരത്തിൽ താൻ അണിയിച്ച കവചകുണ്ഡലങ്ങൾ ഒരിക്കലും കൈവെടിയരുതെന്നും അവ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നെ ആർക്കും വധിക്കുവാൻ സാധ്യമല്ലെന്നും സൂര്യഭഗവാൻ അറിയിച്ചു. എന്നാൽ താൻ ഒരിക്കലും സത്യം ലംഘിക്കുകയില്ലെന്നും തന്റെ ദാനവ്രതം താനൊരിക്കലും തെറ്റിക്കുകയില്ലെന്നും കർണ്ണൻ പിതാവായ സൂര്യദേവനോട്‌ പറഞ്ഞു. അങ്ങനെയെങ്കിൽ, കവചകുണ്ഡലങ്ങൾക്ക് പകരമായി ഇന്ദ്രന്റെ പക്കലുള്ള ഏകപുരുഷഘാതിനി എന്ന വേല് ചോദിച്ചു വാങ്ങണമെന്നും, അർജ്ജുനനല്ലാതെ മറ്റാരിലും അത് പ്രയോഗിക്കരുതെന്നും, എന്നാൽ അർജ്ജുനനിൽ "പ്രയോഗിക്കാതിരിക്കരുത്" എന്നും സൂര്യദേവൻ പ്രത്യേകം ഓർമ്മിപ്പിച്ചു. സൂര്യദേവൻ മുൻപറഞ്ഞതുപോലെ ഇന്ദ്രൻ ബ്രാഹ്മണവേഷധാരിയായി വന്നു. തന്റെ ജീവരക്ഷയായ കവചകുണ്ഡലങ്ങൾ ചോദിച്ചെത്തിയ ഇന്ദ്രനോട് കർണ്ണൻ സൂര്യദേവന്റെ നിർദ്ദേശമനുസരിച്ചു ഇന്ദ്രദത്തമായ ഏകപുരുഷഘാതിനി വേല് ആവശ്യപ്പെട്ടു . എന്നിട്ടു പറഞ്ഞു . " ഈ കവചകുണ്ഡലങ്ങൾ എനിക്ക് ജന്മസിദ്ധമാണ് . എന്റെ പിതാവ് നൽകിയ ഇവയെ ത്വജിച്ചാൽ ഞാൻ മൃത്യുവിന് വശഗനായിപ്പോകും . എന്നാലും അങ്ങ് നൽകുന്ന വേലുണ്ടെങ്കിൽ , എന്റെ മൃത്യുവായിരിക്കുന്ന ഒരു ആജന്മശത്രുവുണ്ട് , അവനെ വധിച്ചു ഞാൻ അകാലമൃത്യുവിൽ നിന്നും രക്ഷ നേടുന്നതാണ് ". ഇന്ദ്രൻ ക്രൂരമായി ചിരിച്ചുകൊണ്ട് കൊണ്ട് ഇങ്ങനെ പറഞ്ഞു ." വേല് ഞാൻ തരാം . പക്ഷെ നീ ഉദ്ദേശിക്കുന്ന ആ ശത്രുവിനെ രക്ഷിക്കുന്നത് ലോകനാഥനായ കൃഷ്ണനാണ് എന്നത് ഓർത്തുകൊള്ളൂ". ഇന്ദ്രൻ തുടർന്ന് കര്ണ്ണന് ഏകപുരുഷഘാതിനി വേലു നൽകുകയും , പകരം കർണ്ണൻ വിലമതിക്കാനാകാത്ത തന്റെ കവച - കുണ്ഡലങ്ങൾ നൽകുവാൻ സന്നദ്ധനാകുകയും ചെയ്തു . അതിതീവ്രമായ വേദന വകവയ്ക്കാതെ, ശരീരത്തിൽ നിന്നും കവചകുണ്ഡലം മുറിച്ചു കൊടുക്കുന്ന കർണ്ണനെ കണ്ടു, ഇന്ദ്രനും ദേവന്മാരും സിംഹനാദം മുഴക്കി. അതിധീരമായ ഈ പ്രവൃത്തി കണ്ട് ദേവന്മാരും ഋഷികളും വൈകർത്തന: എന്ന് കർണ്ണനെ ബഹുമാനപുരസരം സംബോധന ചെയ്തു. വൈകർത്തനൻ എന്നാൽ, "ശരീരം മുറിച്ചവൻ" എന്നർഥം. അതോടെ വൈകർത്തന: കർണ്ണൻ എന്ന പേരും കർണ്ണന് സിദ്ധിച്ചു. ദാനാനന്തരം, നിനക്ക് എന്ത് വരം വേണം എന്ന് സന്തുഷ്ടനായ ഇന്ദ്രൻ ചോദിച്ചപ്പോൾ തനിക്കു വടുക്കളില്ലാത്ത ശോഭയുള്ള ശരീരം വേണമെന്നു കർണ്ണൻ ആവശ്യപ്പെടുന്നു. ഇന്ദ്രൻ പ്രസ്തുത വരം നല്കിയിട്ട് ഗൂഢമായ ഒരു ചിരിയോടെ മറഞ്ഞു . ഇത്തരത്തിൽ ഇന്ദ്രന്റെ ദുഷ്ടബുദ്ധി ഫലിച്ചെങ്കിലും , കർണ്ണന്റെ യശസ്സ് സർവ്വലോകങ്ങളിലും വ്യാപിക്കുകയാണ് ചെയ്തത് .

കുന്തിയും കർണ്ണനും

[തിരുത്തുക]

യുദ്ധം ആസന്നമായ വേളയിൽ, ഒരു ദിവസം കുന്തീദേവി കർണ്ണനു മുൻപിൽ വന്ന് കർണ്ണൻ അവരുടെ മകനാണെന്നും പാണ്ഡവരുടെ ജ്യേഷ്ഠനാണെന്നും വെളിപ്പെടുത്തി. എന്നാൽ സൃഹൃത്തായ ദുര്യോധനനെ കൈവിടാൻ തയ്യാറല്ലെന്നും മാതാവിനു വേണ്ടി അർജുനൻ ഒഴിച്ചുള്ള ബാക്കി നാല് പാണ്ഡവരെ താൻ വധിക്കില്ലെന്നും കർണ്ണൻ കുന്തിയെ അറിയിച്ചു.അർജ്ജുനൻ മരിച്ചാൽ സകർണ്ണന്മാരായ അഞ്ചു മക്കൾ കുന്തിക്കുണ്ടാകും . മറിച്ചു താനാണ് മരിക്കുന്നതെങ്കിൽ സവ്യസാചിയുൾപ്പെട്ട അഞ്ചു പുത്രന്മാർ ഭവതിക്കുണ്ടാകുമെന്നു കർണ്ണൻ കുന്തിയോട് പറഞ്ഞു . വാസ്തവത്തിൽ കർണ്ണന്റെ ജീവിതത്തിലെ സകല ദുരിതങ്ങൾക്കും കാരണക്കാരി മാതാവായ കുന്തിയാണെന്നതാണ് വസ്തുത . കുന്തി ഉപേക്ഷിക്കയാലാണ് കർണ്ണനു ദുര്യോധനന്റെ സഖിയാകേണ്ടി വന്നത് . അല്ലായിരുന്നെങ്കിൽ കർണ്ണൻ അടുത്ത രാജ്യാവകാശിയാകുമായിരുന്നു . ആയുധാഭ്യാസപ്രകടനസമയത്ത് കുന്തിക്ക് കർണ്ണനെ മനസ്സിലായിരുന്നു . കർണ്ണൻ ജാതീയമായി പാണ്ഡവരാൽ അധിക്ഷേപിക്കപ്പെട്ടിട്ടും കുന്തി സത്യം വെളിപ്പെടുത്തിയില്ലെന്നത് പ്രത്യേകം ചിന്തനീയമാണ് .

കൃഷ്ണനും കർണ്ണനും

[തിരുത്തുക]

യുദ്ധത്തിനു മുൻപ് ശ്രീകൃഷ്ണൻ പാണ്ഡവരുടെ ദൂതനായി കൗരവസദസ്സിലേക്ക് പോവുകയുണ്ടായി. അവിടെ വച്ചു അദ്ദേഹം കർണ്ണനെ കാണുന്നു. തന്റെ കൂടെ ഹസ്തിനപുരിയിലേക്ക് വരുവാനും, കർണ്ണനെ താൻ രാജാവായി വാഴിക്കാമെന്നും, പാണ്ഡവരും അഭിമന്യുവും ഇതറിഞ്ഞാൽ കർണ്ണന്റെ കാൽക്കൽ വീണു വണങ്ങുമെന്നും ശ്രീകൃഷ്ണൻ കർണ്ണനോട് പറഞ്ഞു അദ്ദേഹത്തെ മോഹിപ്പിക്കുവാൻ ഒരു ശ്രമം നടത്തി. എന്നാൽ ആപത്തുകാലത്ത് സുഹൃത്തായ ദുര്യോധനനെ കൈവിടുന്നത് ശരിയല്ലെന്നും, അത് കൊടിയ അധർമ്മമാണെന്നും കർണ്ണൻ വാദിച്ചു . പാണ്ഡവരെ അരക്കില്ലത്തിൽ വച്ച് തീയിട്ടു കൊല്ലാൻ കൂട്ടുനിന്നതിൽ നിന്നും ഉള്ളത് പാപമോചനത്തിന് ആണ് കർണൻ ദാനകർമം ചെയ്യാൻ തുടങ്ങിയത്. ഭഗവാൻ കൃഷ്ണൻ ഇപ��രകാരം കർണ്ണനോട് പറയുന്നു .

ഉപാസിതാസ്തേ രാധേയ ബ്രാഹ്മണ വേദപാരഗഃ

തത്വാർത്ഥം പരിപൃഷ്ഠാശ്ച നിയതേനാസൂയയാ (6)

ത്വമേവ കർണ്ണ ജാനാസി വേദവാദാൻ സനാതനാൻ

ത്വമേവ ധർമ്മശാസ്ത്രേഷു സൂക്ഷ്മേഷു പരിനിഷ്ഠിത (7)

[ഉദ്യോഗപർവ്വം അദ്ധ്യായം 140 ശ്ളോകങ്ങൾ 6 ,7]

(ഭാഷാ അർത്ഥം) അല്ലയോ കർണ്ണാ , നീ വേദപാരഗന്മാരായ ബ്രാഹ്മണരെ ഉപാസിച്ച് സകലവേദതത്വാർത്ഥങ്ങളും പരിപൂർണ്ണമായി അസൂയയില്ലാതെ ഗ്രഹിച്ചവനാണ് . നിനക്ക് സനാതനങ്ങളായ വേദാദികളും ധർമ്മശാസ്ത്രങ്ങളും സൂക്ഷ്മമായി അറിയാവുന്നതാണ് .

കർണ്ണന്റെ ഗുണങ്ങളാണ് ഭഗവാൻ കൃഷ്ണൻ സ്വയം ഇവിടെ വർണ്ണിച്ചത് . "ഹേ കർണ്ണാ .നീ ജ്ഞാനിയാണ് .കന്യകയിൽ ജനിച്ച രണ്ടു പേരുണ്ട് . ഒന്ന് കാനീനൻ , രണ്ടു സഹോഢൻ .സഹോഢൻ വിവാഹകാലത്തു ഗര്ഭിണിയായിരുന്നവളുടെ പുത്രനാണ്. ഇവരുടെയൊക്കെ അച്ഛനായി കരുതുക മാതാവ് വിവാഹം ചെയ്ത പുരുഷനെയാണ്. ഇങ്ങനെയാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത് . അല്ലയോ കർണ്ണാ , നീ അത്തരത്തിലുള്ള ഒരുത്തനാണ് .ധർമ്മമനുസരിച്ചു നീ പാണ്ഡുവിന്റെ പുത്രനാകുന്നു . ധർമ്മശാസ്ത്രം അനുസരിച്ചു നീ എന്നോടൊപ്പം പോരിക .നിന്റെ അച്ഛന്റെ പക്ഷത്തു പാണ്ഡവരും , അമ്മയുടെ പക്ഷത്തു വൃഷ്ണികളുമുണ്ടാകും. നീ എന്നോടൊപ്പം പോന്നാൽ നീ രാജാവാകും. പഞ്ചപാണ്ഡവരും പാഞ്ചാലീ പുത്രന്മാരും അഭിമന്യുവും നിന്റെ പാദത്തിൽ വീണു നമസ്ക്കരികും .ശാസ്ത്രാനുസാരമുള്ള യജ്ഞത്തോടെ നീ രാജാവായി അഭിഷേകം ചെയ്യപ്പെടും. യുധിഷ്ഠിരൻ നിന്റെ യുവരാജാവാകും. സകല വൃഷ്ണികളും രാജാക്കന്മാരും നിന്നെ ബഹുമാനിക്കും" [ മഹാഭാരതം , ഉദ്യോഗപർവ്വം , അദ്ധ്യായം 140 , ശ്ളോകങ്ങൾ 7 മുതൽ 25 വരെ: ( സംക്ഷിപ്തം ) ]. ഇത്തരത്തിൽ ഭഗവാൻ കൃഷ്ണൻ തന്നെ കർണ്ണൻ അടുത്ത കുരുരാജാവെന്നു സമര്ഥിക്കുന്നുണ്ട് . എന്നാൽ "വിനാശകാലേ വിപരീതബുദ്ധി"- എന്നതുപോലെ കൃഷ്ണന്റെ ഉപദേശം കർണ്ണൻ സ്വീകരിക്കുകയുണ്ടായില്ല . ദുര്യോധനന് വേണ്ടി മരിച്ചതായി വിചാരിച്ചു കൊള്ളുവാൻ കർണ്ണൻ കൃഷ്ണനോട് പറയുന്നു . യുദ്ധഭൂമിയിൽ വച്ചും ഒരിക്കൽ കൃഷ്ണൻ കർണ്ണനെ പാണ്ഡവപക്ഷത്തേക്കു ക്ഷണിക്കുകയുണ്ടായി . ഭീഷ്മർ യുദ്ധം ചെയ്യുന്ന കാലത്തോളം പാണ്ഡവരുടെ പക്ഷം ചേർന്നു യുദ്ധം ചെയ്യുവാൻ കൃഷ്ണൻ ഉപദേശിച്ചു . എന്നാൽ ദുര്യോധനന് അപ്രീതികരമായി താൻ ഒന്നും ചെയ്യില്ലെന്ന് കർണ്ണൻ തീർത്തു പറഞ്ഞു . ഭഗവാൻ നിരാശനായി മടങ്ങിപ്പോന്നു . ഇത്തരത്തിൽ ചിന്തിച്ചാൽ കർണ്ണനെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ ഭഗവാൻ കൃഷ്ണൻ ശ്രമിച്ചിരുന്നതായി മനസ്സിലാകുന്നതാണ് . എന്നാൽ ദുര്യോധനനെ കൈവിട്ടിരുന്നെങ്കിൽ കർണ്ണൻ കൊടുംപാപിയാകുമായിരുന്നു . തന്നെ ഊണിലും ഉറക്കത്തിലും വിശ്വസിക്കുന്ന സുഹൃത്തായ ദുര്യോധനനു വേണ്ടി മരിക്കുകയെന്നത് കർണ്ണന്റെ ധർമ്മമായിരുന്നു . അവിടെ ദുര്യോധനന്റെ അധാർമ്മികതയൊന്നും ചിന്തനീയമല്ല .

കർണ്ണന്റെ മനഃസ്ഥിതി

[തിരുത്തുക]

കർണ്ണന്റെ മനഃസ്ഥിതി നോക്കുക .കൃഷ്ണനോട് അദ്ദേഹം പറയുന്നു.

യദ്ബ്രൂവമഹം കൃഷ്ണ കടുകാനി സ്മ പാണ്ഡവാൻ

പ്രിയാർത്ഥം ധാർത്തരാഷ്ട്രസ്യ തേന തപ്യേ ഹ്യകർമ്മണാ

[ഉദ്യോഗപർവ്വം അദ്ധ്യായം 141 ശ്ളോകം 45]

(ഭാഷാ അർത്ഥം) അല്ലയോ കൃഷ്ണാ, ധാർത്തരാഷ്ട്രന്റെ ( ദുര്യോധനന്റെ ) പ്രീതിക്കായി ഞാൻ പാണ്ഡവരോട് പറഞ്ഞ ക്രൂരവാക്കുകളോർത്ത് ഞാനിന്ന് തപിച്ചു നീറുകയാണ് . അത്യന്തം ഖേദിക്കുകയാണ് .(തേന തപ്യേ ഹ്യകർമ്മണാ).

സ ഏവ രാജാ ധർമ്മാത്മാ ശാശ്വതോസ്തു യുധിഷ്ഠിരഃ

നേതാ യസ്യ ഹൃഷീകേശോ യോദ്ധാ യസ്യ ധനഞ്ജയഃ

[ഉദ്യോഗപർവ്വം , അദ്ധ്യായം 141 , ശ്ളോകം 23]

(ഭാഷാ അർത്ഥം) ഹൃഷീകേശൻ (കൃഷ്ണൻ ) നേതാവായും , ധനഞ്ജയൻ (അർജ്ജുനൻ) യോദ്ധാവായും ഉള്ള ധർമ്മാത്മാവായ യുധിഷ്ഠിരൻ എക്കാലത്തേക്കും രാജാവായി ഭവിക്കട്ടെ .

പാണ്ഡവരെ ദ്രോഹിക്കാൻ കൂട്ട് നിന്നതിൽ കർണ്ണനു എപ്പോഴും മനഃസ്താപമുണ്ടായിരുന്നു എന്നാണിത് വ്യക്തമാക്കുന്നത് . പക്ഷെ തന്നെ സഹോദരനെപ്പോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ദുര്യോധനനെ ആപത്തിൽ കൈവിടുവാൻ കർണ്ണന്റെ ധാർമ്മികത അനുവദിക്കുന്നില്ല . കൂടാതെ അതിവിശാലമായ കുരുരാജ്യം കൃഷ്ണൻ വച്ച് നീട്ടിയിട്ടും കർണ്ണൻ അത് സ്വീകരിക്കുന്നില്ല .

കൃഷ്ണന്റെ വാക്കുകൾ നോക്കുക .

അപി ത്വാം ന ലഭേത് കർണ്ണ രാജ്യലംഭോപപാദനം

മയാ ദത്താം ഹി പൃഥ്‌വീം ന പ്രശാസിതുമിച്ഛസി

[ഉദ്യോഗപർവ്വം , അദ്ധ്യായം 142 , ശ്ളോകം 2]

(ഭാഷാ അർത്ഥം) രാജ്യ സംപ്രാപ്തിക്കുള്ള ഉപായങ്ങൾ ഞാൻ പറഞ്ഞു തന്നിട്ടും നീ അത് സ്വീകരിക്കുന്നില്ലെന്നോ ? ഞാൻ നിനക്ക് നല്കുന്നതായ ഈ ഭൂമിയെ (മയാ ദത്താം ഹി പൃഥ്‌വീം) പരിപാലിക്കുവാൻ നീ ഇച്ഛിക്കുന്നില്ലെന്നോ ?

ഇവ ചോദ്യരൂപേണയുള്ള ഭഗവാന്റെ വാക്കുകളാണ് . ഇതിനുത്തരമായി താൻ ദുര്യോധനന് വേണ്ടി മരിച്ചതായി കരുതിക്കൊള്ളാനും കർണ്ണൻ കൃഷ്ണനോട് പറയുന്നുണ്ട് .

കുരുക്ഷേത്രയുദ്ധം

[തിരുത്തുക]

കൗരവരും പാണ്ഡവരും തമ്മിലുള്ള സ്പർദ്ധ കാലക്രമേണ വളർന്ന് അതിന്റെ മൂർദ്ധന്ന്യാവസ്ഥയിലെത്തുകയും ഒടുവിൽ കുരുക്ഷേത്രഭൂമിയിൽ നടന്ന ഭയങ്കരമായ ഭാരതയുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. കുരുക്ഷേത്രയുദ്ധത്തിൽകൗരവപക്ഷം ചേർന്നാണു കർണ്ണൻ പോരാടിയത്. കവചകുണ്ഡലങ്ങൾക്കു പകരമായി കർണ്ണൻ ഇന്ദ്രന്റെ കയ്യിൽ നിന്നും 'വൈജയന്തി (അഥവാ ഏകപുരുഷഘാതിനി) എന്ന ഒരു വേൽ വാങ്ങിയിരുന്നു. അർജുനനു നേരെ പ്രയോഗിക്കാൻ കർണ്ണൻ ഇത് സൂക്ഷിച്ചു. എന്നാൽ ഇതറിയാവുന്ന കൃഷ്ണൻ ഭീമപുത്രനായ ഘടോൽകചനെ യുദ്ധത്തിന്റെ പതിനാലാം ദിവസം കർണ്ണനു നേരെ അയക്കുകയും അവനെ വധിക്കുവാൻ മറ്റൊരു മാർഗ്ഗവുമില്ലാതെ വന്നപ്പോൾ ഏകപുരുഷഘാതിനി വേലുപയോഗിച്ച് കർണ്ണൻ ഘടോൽകചനെ വധിക്കുകയും ചെയ്തു. ഈ വേല് ഒരാൾക്ക്‌ ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന ഒന്നായിരുന്നു. ഉപയോഗശേഷം ഇത് ഇന്ദ്രന്റെ പക്കലേക്ക് മടങ്ങിപ്പോയി. യുദ്ധത്തിന്റെ പതിനാറാം ദിവസം കർണ്ണൻ സർവ്വസൈന്യാധിപനായി നിയമിതനായി.

കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്. അർജ്ജുനനുമായി നേരിട്ടേറ്റു മുട്ടിയ കർണ്ണൻ സ്തുത്യർഹമായ രീതിയിൽ പോരാടുന്നു. കർണ്ണന്റെ സർപ്പമുഖ ബാണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ശ്രീകൃഷ്ണഭഗവാൻ അർജ്ജുനനെ രക്ഷിക്കുന്നത്. തുടർന്ന് മുൻപ് ഏറ്റിരുന്ന ബ്രാഹ്മണശാപത്താൽ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ അർജ്ജുനനോടാവശ്യപ്പെടുന്നു. അർജുനൻ യുദ്ധം നിറുത്തുന്നു. കൃഷ്ണൻ ഉടൻ തന്നെ കർണന് കിട്ടിയ ബ്രാഹ്മണ ശാപത്തെ ഓർക്കുന്നു. ''രഥം ഉയർത്തുന്ന നിസഹനായ സമയത്ത് നിൻ്റെ ശത്രു നിന്നെ വധിക്കും '' കൃഷ്ണൻ ഉടൻ തന്നെ അർജുനനെ ഉപദേശിക്കുന്നു. തുടർന്ന് നടന്ന യുദ്ധത്തിൽ, അർജ്ജുനനെ വജ്രസമാനമായ ഒരസ്ത്രത്താൽ മോഹാലസ്യപ്പെടുത്തിയ ശേഷം കർണ്ണൻ താണുപോയ തന്റെ രഥചക്രം ഉയർത്താനായി വിജയമെന്ന വില്ല് താഴെ വച്ചിട്ട് ഉദ്യമിക്കുന്നു. ഈ സമയം സാരഥിയായ ശ്രീകൃഷ്ണൻ അർജുനനെ കർണൻ ചെയ്ത തെറ്റുകൾ ഒന്നൊന്നായി പറഞ്ഞ് ഉത്സാകമേകി ദിവ്യാസ്ത്രം എടുപ്പിക്കുന്നു. തേരുയർത്തുന്ന കർണ്ണനെ വധിക്കുവാൻ ഉപദേശിക്കുകയും ചെയ്യുന്നു. തുടർന്ന് അർജുനൻ ആഞ്ജലികം എന്ന അസ്ത്രത്താൽ നിരായുധനായ കർണ്ണന്റെ ശിരസ്സറുക്കുന്നു.

കർണ്ണന്റെ മരണശേഷം പാണ്ഡവർ അദ്ദേഹത്തിന്റെ നിജസ്ഥിതി മാതാവിൽ നിന്നും മനസ്സിലാക്കുകയും, കർണ്ണനെയോർത്തു അതീവമായി ഖേദിക്കുകയും ചെയ്തു . മരണശേഷം കർണ്ണപുത്രനായ വൃഷകേതുവിനെ പാണ്ഡവർ കണ്ടെത്തുകയും, അദ്ദേഹത്തിനെ വളരെയധികം സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. ഇളയച്ഛനായ അർജ്ജുനന്റെ ശിഷ്യനായിരുന്നു വൃഷകേതു. പരശുരാമന്റെ ശാപം തന്നെ ഇങ്ങനെയാണ്. "ചതിച്ചു പഠിച്ച വിദ്യ, മരണസമയമടുക്കുമ്പോൾ, നിനക്ക് തുല്യനായ എതിരാളിയോട് ഏറ്റു പൊരുതുമ്പോൾ ഓർമ്മയിൽ വരില്ല". ഈ ശാപമാണ് പിന്നീട് ഫലിക്കുന്നത്. കർണ്ണൻ എന്തുകൊണ്ടും അർജ്ജുനന് തുല്യനായിരുന്നു. ഇല്ലായിരുന്നെങ്കിൽ പരശുരാമന്റെ ശാപം ഫലിക്കുകയില്ലായിരുന്നു.

മഹാഭയാനകമായ കുരുക്ഷേത്രയുദ്ധത്തിന്റെ 17 - ആമത്തെ ദിവസം ഉച്ചയോടെ അർജുനൻ കർണ്ണപുത്രനായ വൃഷസേനനെ , അദ്ദേഹത്തിന്റെ കണ്മുന്നിലിട്ടു വധിക്കുന്നു . ഇതുകണ്ട് കരളുരുകിയ കർണ്ണൻ അര്ജുനനോട് തന്റെ അന്തിമയുദ്ധം പ്രഖ്യാപിച്ചു . ആ സമയം പ്രകൃതിയിൽ ചില ദുർന്നിമിത്തങ്ങൾ കാണപ്പെട്ടു . പ്രകൃതിയിലെ ശക്തികൾ തന്നെ രണ്ടായി പിരിഞ്ഞു , ഒരു വിഭാഗം അര്ജുനനെയും , മറു വിഭാഗം കർണ്ണനേയും പിന്താങ്ങി . വിഷ്ണുവും , ബ്രഹ്‌മാവും , ശിവനും , ഇന്ദ്രനും, ദേവന്മാരും , ഋഷിമാരും, ബ്രാഹ്മണരും , ക്ഷത്രിയരും , ഭൂമിയും , ഗോക്കളും [ സസ്യഭുക്കുകളായ മൃഗങ്ങൾ ], പാലുള്ള വൃക്ഷങ്ങളും, സോമനും , പഞ്ചഭൂതങ്ങളിൽ ഭൂമി - അഗ്നി - വായു - ജലം എന്നീ നാലു ഭൂതങ്ങളും , ഋഗ് -യജുര് -സാമ വേദങ്ങളും , ത്രിസന്ധ്യകളും, ഉത്തമ നാഗങ്ങളും അർജുനപക്ഷം സ്വീകരിച്ചു . സൂര്യദേവനും , 12 ആദിത്യന്മാരും , അസുരന്മാരും , പഞ്ചഭൂതങ്ങളിൽ ആകാശവും , നക്ഷത്രങ്ങളും , മുള്ളുള്ള ശമീ വൃക്ഷങ്ങളും , ഭൂത - പ്രേത - പിശാചുക്കളും , കുറുനരി - സിംഹം തുടങ്ങിയ മാംസഭുക്കുകൾ , വേദങ്ങളിൽ നാലാം വേദമായ അഥർവ്വണവും , ജാതികളിൽ ക്ഷത്രിയർക്കു തൊട്ടു താഴെയുള്ള വൈശ്യ - ശൂദ്ര - കീഴാള ജാതിക്കാരും - മ്ളേച്ഛരും , അർദ്ധരാത്രിയും , നീച സർപ്പങ്ങളും കർണ്ണനോട് ചേർന്നു നിന്നു.

ആദ്യമായി അർജ്ജുനൻ ഗാണ്ഡീവവും കൈകളും തുടച്ചു കര്ണ്ണന് നേരെ നാരാചം ,നാളീകം, വരാഹ കർണ്ണം , അർദ്ധചന്ദ്രം , ക്ഷുരപ്രം ,അഞ്ജലികം തുടങ്ങിയ അസ്ത്രങ്ങളയയ്ച്ചു . കർണ്ണൻ ഈ അസ്ത്രങ്ങളെയൊക്കെ അടക്കിയപ്പോൾ , അർജ്ജുനൻ ആഗ്നേയാസ്ത്രം പ്രയോഗിക്കുന്നു . ഈ ആഗ്നേയാസ്ത്രത്തിനു നേരെ കർണ്ണൻ വരുണാസ്ത്രം പ്രയോഗിച്ചു തീയണച്ചു . തുടർന്ന് , വായവ്യാസ്ത്രത്താൽ കർണ്ണൻ സൃഷ്ടിച്ച മേഘജാലങ്ങളെ തകർത്ത അർജ്ജുനൻ , മഹേന്ദ്രാസ്ത്രം പ്രയോഗിച്ചു , ശത്രുനിരയെ കൂട്ടക്കൊല ചെയ്തു . കർണ്ണൻ അർജ്ജുനന്റെ അസ്ത്രങ്ങളെയെല്ലാം തടുത്തു ഭാർഗ്ഗവാസ്ത്രത്തിന്റെ ശക്തിയാൽ എതിര്പക്ഷത്തു വലുതായ നാശനഷ്ടങ്ങൾ വരുത്തി . അർജ്ജുനനെ സംരക്ഷിച്ചു നിന്നിരുന്ന സോമകന്മാരെല്ലാം ചത്തൊടുങ്ങി . ആ സമയത്തു കൗരവ സൈന്യം " കർണ്ണൻ ജയിച്ചു , കർണ്ണൻ ജയിച്ചു " എന്ന് ആർത്തു വിളിക്കുവാൻ തുടങ്ങി . കർണ്ണന്റെ വിജയം കണ്ടു , ഭീമസേനൻ കോപത്തോടെ അർജ്ജുനനോട് പറഞ്ഞു . " നിന്റെ മുന്നിലിട്ട് സോമകരെ കർണ്ണൻ കൊന്നത് കണ്ടില്ലേ ? .ഇനി മടിക്കരുത് .അവനെ വധിക്കുക." തുടർന്ന് കൃഷ്ണനും ഇതുപോലെ തന്നെ അർജുനനെ ഉപദേശിച്ചു . ഇതുകേട്ടുണർന്ന അർജ്ജുനൻ, അനേകമനേകം ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചു , കൗരവസേനയെ ക്ഷോഭിപ്പിച്ചു . കർണ്ണന്റെ സൈന്യം ഓടാൻ തുടങ്ങി . കർണ്ണന്റെ രഥം തകർന്നു പൊളിയുന്നു . ദേഹമാസകലം മുറിവേറ്റെങ്കിലും ഭയങ്കരമായ അസ്ത്രങ്ങൾ പ്രയോഗിച്ചു കർണ്ണൻ അർജ്ജുനന്റെ അസ്ത്രങ്ങളെ തടയുകയും , പാണ്ഡവ സൈന്യത്തെയും പരവശമാക്കുകയും ചെയ്തു . അർജ്ജുനനും വിട്ടു കൊടുത്തില്ല . കർണ്ണനെ വീണ്ടും ദിവ്യാസ്ത്രങ്ങൾ കൊണ്ട് പ്രഹരിച്ചു .ഇത്തരത്തിൽ തുല്യനിലയിൽ യുദ്ധം പുരോഗമിച്ചുകൊണ്ടിരുന്നു .

യുദ്ധത്തിലെ ഒരു ഘട്ടത്തിൽ അർജ്ജുനനോളം ഉയരുവാൻ സാധിക്കാതെ വന്നപ്പോൾ കർണ്ണൻ , അർജ്ജുനനെ കൊല്ലുവാനായി ഒറ്റയ്ക്കുള്ള അസ്ത്രങ്ങളിൽ ഭയാനകമായ ഉരഗാസ്യാ എന്ന സർപ്പമുഖബാണം കയ്യിലെടുത്തു . ആ അസ്ത്രത്തിൽ നാഗാസ്ത്രമന്ത്രം ജപിച്ചപ്പോൾ അർജ്ജുനന്റെ പൂർവ്വശത്രുവായ അശ്വസേനനാഗമാണ് പ്രകടമായത് . ഖാണ്ഡവ ദാഹത്തിൽ തന്റെ മാതാവിനെ വധിച്ച അർജ്ജുനനോട് അശ്വസേനന് തീരാത്ത പകയുണ്ടായിരുന്നു . കർണ്ണന്റെ അസ്ത്രത്തോടൊപ്പം നാഗവും അർജ്ജുനന്റെ കഴുത്തറുക്കാനായി പാഞ്ഞു കയറി . നാഗാസ്ത്രം പ്രയോഗിച്ചപ്പോൾ ദിക്കൊക്കെയും ശോഭിച്ചു . വാനത്തിൽ കൊള്ളിമീൻ പോലെ എരിഞ്ഞുകൊണ്ട് കർണ്ണന്റെ നാഗാസ്ത്രം മുന്നേറി . അസ്ത്രത്തിന്റെ തീക്ഷ്ണത കണ്ട് " അർജ്ജുനാ നീ മരിച്ചു കഴിഞ്ഞു " എന്ന് കർണ്ണൻ വെമ്പലോടെ പറഞ്ഞുപോയി . എന്നാൽ ഭഗവാൻ കൃഷ്ണൻ സമയോചിതമായി പ്രവർത്തിച്ചു . ഭയാനകമായ നാഗാസ്ത്രം വരുന്നതുകൊണ്ട് ഭഗവാൻ കൃഷ്ണൻ അർജ്ജുനന്റെ തേർത്തട്ടിനെ നാലംഗുലം ചവുട്ടി താഴ്ത്തിക്കളഞ്ഞു . കുതിരകൾ മുട്ടുകുത്തുകയും പാഞ്ഞുവന്ന നാഗാസ്ത്രം അർജ്ജുനന്റെ കിരീടത്തെ തകർത്തുകൊണ്ട് കടന്നുപോകുകയും ചെയ്തു . ദേവേന്ദ്രൻ അണിയിച്ച ഈ കിരീടത്തിന്റെ മഹത്ത്വത്താലാണ് അർജ്ജുനന് കിരീടി എന്ന് പേരുണ്ടായത് . ദിവ്യാസ്ത്രങ്ങൾക്കു പോലും അപ്രതിരോധ്യമായ ആ കിരീടത്തെ കർണ്ണന്റെ സർപ്പമുഖബാണം തകർത്തുകളഞ്ഞു . കിരീടം കത്തിക്കരിഞ്ഞു പൊടിയായി നിലംപതിച്ചു . അതിനു ശേഷം അശ്വസേന നാഗം കിരീടം വീണ സ്ഥാനത്തുനിന്നും ഉയർന്നുവന്നു കർണ്ണനോട് തന്നെ വീണ്ടും ഒരസ്ത്രത്തോടൊപ്പം അയയ്ക്കുവാനും കര്ണ്ണന് വേണ്ടി താൻ അർജ്ജുനനെ വധിക്കുമെന്നും അറിയിച്ചു . എന്നാൽ കർണ്ണൻ അത് സ്വീകരിക്കുകയുണ്ടായില്ല . തുടർന്ന് അർജ്ജുനനെ വധിക്കുവാനായി സ്വയം അസ്ത്രരൂപമെടുത്തു കുതിച്ചു പാഞ്ഞ നാഗത്തെ കൃഷ്ണൻ അർജ്ജുനനു കാണിച്ചു കൊടുക്കുകയും ആറ് മഹാസ്ത്രങ്ങളാൽ അർജ്ജുനൻ ആ നാഗത്തെ കഷ്ണങ്ങളായി നുറുക്കുകയും ചെയ്തു . തുടർന്നു നടന്ന യുദ്ധത്തിൽ അർജ്ജുനൻ ബാണങ്ങളാൽ കർണ്ണനെ തീർത്തും പരവശനാക്കുകയുണ്ടായി . ആ സമയത്തു അർജ്ജുനൻ കർണ്ണനെ വധിക്കുകയുണ്ടായില്ല . അതുകണ്ടു കൃഷ്ണൻ അർജ്ജുനനെ ശാസിച്ചു . തുടർന്ന് കർണ്ണൻ വീണ്ടും ഉന്മേഷവാനായി യുദ്ധം തുടങ്ങിയെങ്കിലും പണ്ട് കിട്ടിയ ബ്രാഹ്മണശാപത്താൽ കർണ്ണന്റെ തേരിന്റെ ഇടത്തേചക്രം ഭൂമിയിൽ താണുപോയി . തേര് ഇളകുകയുണ്ടായില്ല . കൂടാതെ പരശുരാമന്റെ ശാപത്താൽ ബ്രഹ്‌മാസ്‌ത്രം വേണ്ടവിധം തോന്നുകയുണ്ടായില്ല . കർണ്ണൻ ആകപ്പാടെ പരിഭ്രമിച്ചു നടുങ്ങിപ്പോയി . തന്റെ വധകാലം അടുത്തെന്നോർത്തു അദ്ദേഹം സഹിക്കാനാകാതെ ധർമ്മത്തെ അധിക്ഷേപിച്ചു . തുടർന്ന് അർജ്ജുനന്റെ അസ്ത്രങ്ങളേറ്റുകൊണ്ടു തേരിൽ നിന്നും ചാടിയിറങ്ങിയ കർണ്ണൻ തന്റെ രണ്ടു കയ്യുംകൊണ്ടു രഥചക്രത്ത�� പിടിച്ചു പൊക്കിനോക്കി . ഫലമുണ്ടായില്ല . രഥചക്രം അണുമാത്രം പോലുമിളകിയില്ല .ആ തത്രപ്പാടിൽ കർണ്ണൻ ദിവ്യമായ തന്റെ രഥചക്രങ്ങളെ വലിക്കവേ ഭൂമണ്ഡലത്തെയാകെ നാലംഗുലം വലിച്ചുയർത്തിക്കളഞ്ഞു . എന്നിട്ടും രഥചക്രം ഇളകിയില്ല .

തുടർന്ന് അയാൾ കൃഷ്ണനും അർജ്ജുനനും നേരെ അസ്ത്രവര്ഷം ചെയ്തു തുടങ്ങി .പിന്നീട് നടന്ന സംഭവങ്ങളെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു .

അസ്ത്രൈരസ്ത്രാണിരാധേയ പ്രത്യഹന്സവ്യസാചിന

ചക്രേ ചാഭ്യാധികം പാർത്ഥസ്ത്വ വീര്യം പ്രതി ദർശയൻ

തതഃ കൃഷ്ണോർജ്ജുനം ദൃഷ്ട്വാ കർണ്ണാസ്ത്രേണാഭിപീഡിതം

അഭ്യസ്യേത്യബ്രവീത് പാർത്ഥമാധിഷ്ഠാസ്ത്രമനുത്തമം

[BORI Critical Edition പ്രകാരം കർണ്ണപർവ്വം , അദ്ധ്യായം 66 , ശ്ളോകങ്ങൾ 56 , 57 ]

(ഭാഷാ അർത്ഥം ) സവ്യസാചിയായ അർജ്ജുനന്റെ അസ്ത്രങ്ങളെ തന്റെ അസ്ത്രങ്ങൾ കൊണ്ട് അടക്കി അർജ്ജുനനെക്കാൾ മേലെയാണ് തന്റെ വീര്യമെന്നു കർണ്ണൻ കാണിച്ചു . കർണ്ണന്റെ അസ്ത്രങ്ങളാൽ പീഡിതനായ അർജ്ജുനനോട് ഉത്തമമായ ഏതെങ്കിലും അസ്ത്രമെടുത്തു പ്രയോഗിക്കാൻ കൃഷ്ണൻ ആവശ്യപ്പെടുന്നു .

അതിനു ശേഷം കർണ്ണന്റെ രഥം വീണ്ടും കുറേക്കൂടി താഴ്ന്നു പോകുന്നതാണ് അടുത്ത സന്ദർഭം . ഉത്തമാസ്ത്രങ്ങളിൽ ഏതെങ്കിലും കൊണ്ട് കർണ്ണനെ വധിക്കുവാൻ കൃഷ്ണൻ അർജ്ജുനനോട് ആവശ്യപ്പെട്ടു . അതുകേട്ടു അർജ്ജുനൻ ഭയാനകമായ രൗദ്രാസ്ത്രം ജപിച്ചുവിടാൻ തുടങ്ങവേ കർണ്ണന്റെ തേർചക്രം വീണ്ടും കുറേക്കൂടി താണു പോയി . അതുകണ്ടു അർജ്ജുനൻ ആ അസ്ത്രം കര്ണ്ണന് നേരെ പ്രയോഗിച്ചില്ല.

തുടർന്ന് കലങ്ങിയ കണ്ണുകളോടെ കർണ്ണൻ അർജ്ജുനനോട് താൻ തേർചക്രം ഉയർത്തുന്നതുവരെ തന്റെ മേല് ബാണം പ്രയോഗിക്കരുതെന്നും , ധർമ്മത്തെയോർത്തു അർജ്ജുനൻ കുറച്ചു ക്ഷമിക്കണമെന്നും കെഞ്ചി . എന്നാൽ കൃഷ്ണൻ അതിനു ചുട്ട മറുപടി നൽകി . " ധർമ്മത്തെക്കുറിച്ചു പറയാൻ കർണ്ണനെന്തവകാശം ? ഭീമനെ വിഷച്ചോറൂട്ടിയപ്പോഴും, ദുര്യോധനനോട് ചേർന്ന് അരക്കില്ലത്തിലിട്ടു പാണ്ഡവരെ കത്തിക്കാൻ ശ്രമിച്ചപ്പോഴും, രജസ്വലയായ കൃഷ്ണയെ സഭയിലിട്ടു വസ്ത്രാക്ഷേപം ചെയ്തപ്പോഴും , ശകുനിയോടൊപ്പം ചതിച്ചൂതു നടത്തിയപ്പോഴും കർണ്ണന്റെ ധർമ്മം എവിടെപ്പോയിരുന്നു , പതിമൂന്നുവര്ഷം കഴിഞ്ഞു പാണ്ഡവർ തിരികെ വന്നപ്പോൾ അവർക്കുള്ള രാജ്യം കൊടുക്കാൻ നീ വിസമ്മതിച്ചിലേ, അന്നൊക്കെ നിന്റെ ധർമ്മം എവിടെപ്പോയിരുന്നു ? അപ്പോഴൊന്നുമില്ലാത്ത ധർമ്മത്തിന് വേണ്ടി ഇപ്പോഴെന്തിനാണ് വ്യര്ഥമായി പുലമ്പുന്നത് ? എന്തായാലും നിന്നെ വിടുകയില്ല " കൃഷ്ണൻ പറഞ്ഞു . കർണ്ണൻ അതുകേട്ടു ലജ്ജിച്ചു തലകുനിച്ചു നിന്നുപോയി . തുടർന്നു ലജ്ജിതനായ കർണ്ണൻ വീണ്ടും യുദ്ധമാരംഭിച്ചു . ആഗ്നേയം , വാരുണം , വായ്വയം തുടങ്ങിയ ദിവ്യാസ്ത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പ്രയോഗിച്ചശേഷം , വജ്രാഭമായി തീ പോലെ എരിയുന്ന ഒരു ശരം അര്ജ്ജുനന് നേരെ കർണ്ണൻ പ്രയോഗിക്കുകയും ചെയ്തു .ആ അസ്ത്രം നെഞ്ചിൽ ആഞ്ഞു തറയ്ക്കുകയാൽ അർജ്ജുനൻ ബോധമറ്റു വീണുപോയി . ഗാണ്ഡീവം കയ്യിൽ നിന്നും വീണു .എന്നിട്ടും കർണൻ അർജുനനെ വധിയ്ക്കാതെ ആ തക്കത്തിന് കർണ്ണൻ തേരിൽ നിന്നും താഴെയിറങ്ങി തേർത്തട്ടുയർത്താൻ കിണഞ്ഞു ശ്രമിച്ചു . പക്ഷെ വിജയിച്ചില്ല . ആ സമയം അര്ജ്ജുനന് ബോധം വന്നു . കൃഷ്ണന്റെ ഉപദേശമനുസരിച്ചു , തീക്ഷ്ണമായ ഒരസ്ത്രത്താൽ അദ്ദേഹം കർണ്ണന്റെ ആനച്ചങ്ങല ചിഹ്നത്തോട് കൂടിയ ധ്വജത്തെ അറുത്തു വീഴ്ത്തി . അതോടെ കർണ്ണന്റെ യശസ്സ് തീർന്നു . തുടർന്ന് യമദണ്ഡം പോലെ ഭയങ്കരവും , വജ്രം പോലെ ശോഭിക്കുന്നതും നാരായണാസ്ത്രം പോലെ ഭയങ്കരവും ആയ ആഞ്ജലികം എന്ന അസ്ത്രത്തെ വില്ലിൽ ചേർത്തു . അപ്പോൾ മഹർഷിമാരും ദേവന്മാരും ലോകത്തിനു "സ്വസ്തി,സ്വസ്തി " എന്ന് ആശംസിച്ചു . " ഞാൻ ചെയ്ത തപസ്സിനു ഫലമുണ്ടെങ്കിൽ , ഗുരുപ്രസാദം എന്നലുണ്ടെങ്കിൽ ഞാൻ പൂജിക്കുന്ന ഈ ശരം കർണ്ണനെ വധിക്കും "- എന്ന് പറഞ്ഞുകൊണ്ട് അർജ്ജുനൻ അസ്ത്രം പ്രയോഗിച്ചു . ആ അസ്ത്രം രഥമുയർത്തുന്ന കർണ്ണന്റെ ശിരസ്സറുത്തു വീഴ്ത്തി . മരിച്ചുവീണ കർണ്ണന്റെ ശരീരത്തിൽ നിന്നും തീക്ഷ്ണമായ ഒരു തേജസ്സുയർന്നു സൂര്യദേവനിൽ പോയി ലയിക്കുന്നതു സകലരും അത്ഭുതത്തോടെ കണ്ടുനിന്നു . [1] [2]

ബോറിയും(BORI) കർണ്ണവധവും

[തിരുത്തുക]

കർണ്ണൻ വാസ്തവത്തിൽ അർജ്ജുനനാൽ ചതിക്കപ്പെട്ടു തന്നെയാണ് കൊല്ലപ്പെടുന്നത് . എന്നാൽ BORI Critical Edition Mahabharatha-ത്തിൽ , എപ്പോഴും അർജ്ജുനനെ അനുകൂലിച്ചും കർണ്ണനെ പ്രതികൂലിച്ചുമാണ് വർണ്ണിച്ചിരിക്കുന്നത് . അർജ്ജുനന്റെ ചതിയാൽ കൊല്ലപ്പെടുന്നതിന് മുൻപ് തന്നെ , കർണ്ണൻ അർജ്ജുനനെ മോഹാലസ്യപ്പെടുത്തുകയും പലപ്രാവശ്യം അടിയറവു പറയിക്കുകയും ചെയ്യുന്നുണ്ട് . കർണ്ണൻ അർജ്ജുനനെ വജ്രാഭമായ ഒരു അസ്ത്രത്താൽ മോഹാലസ്യപ്പെടുത്തിയതിനു ശേഷം രഥചക്രം ഉയർത്താൻ ശ്രമിക്കുന്ന കാര്യം BORI Critical Edition Mahabharatham അവരുടെ കർണ്ണർജ്ജുന യുദ്ധത്തിലെ കർണ്ണവധഭാഗത്തു ഉൾപ്പെടുത്തിയിട്ടില്ല . എന്നാൽ BORI Critical Edition Mahabharatham തന്നെ പരിശോധിച്ചാൽ ഈ ഒഴിവാക്കൽ തെറ്റാണെന്ന് ബോധ്യമാകും . അതിനുള്ള തെളിവുകൾ താഴെ പറയുന്നു .

(1) BORI Critical Edition Mahabharatham പ്രകാരം ശല്യപർവ്വം , അദ്ധ്യായം 60 , ഗദായുദ്ധപർവ്വം , ശ്ളോകം 36 (ഭഗവാൻ ശ്രീകൃഷ്ണനോട് ദുര്യോധനരാജാവ് തന്നെ നേരിട്ട് ചോദിക്കുന്നതാണ് സന്ദർഭം)

പുനശ്ച പതിതേ ചക്രേ വ്യസനാർത്ത പരാജിതഃ

പാതിതഃ സമരേ കർണ്ണശ്ചക്ര വ്യഗ്രോ അഗ്രണീർ നൃണാം

(ഭാഷാ അർത്ഥം ) പിന്നീട് രഥചക്രം വീണ് വിഷമിച്ചവനും ആർത്തനും , ആയ സമയത്ത് , നരാഗ്ര്യനായ കർണ്ണനെ, അദ്ദേഹം രഥചക്രം ഉയർത്തുന്ന സമയത്തല്ലേ നീ കൊല്ലിച്ചത് ?

ഇത് ശെരിയാണെന്ന് സമ്മതിച്ചുകൊണ്ടു കൃഷ്ണൻ ദുര്യോധനന്റെ അധർമ്മം കൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്ന് അതേ അദ്ധ്യായത്തിലെ തുടർന്നുള്ള ശ്ളോകങ്ങളിൽ പറയുന്നുണ്ട് .

(2) BORI Critical Edition Mahabharatham പ്രകാരം സൗപ്തികപർവ്വം , അദ്ധ്യായം 5 , ശ്ളോകം 18. (പാണ്ഡവർ അധർമ്മികളാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടു അശ്വത്ഥാമാവ് കൃപേരോടു പറയുന്നതാണ് സന്ദർഭം)

കർണ്ണശ്ച പതിതേ ചക്രേ രഥസ്യ രഥിനാം വരഃ

ഉത്തമേ വ്യസനേ സന്നൗ ഹതോ ഗാണ്ഡീവ ധന്വനാ

(ഭാഷാ അർത്ഥം ) രഥികളിൽ മഹാരഥിയായ കർണ്ണന്റെ രഥചക്രം വീണ സമയം നോക്കി ആ മഹാവ്യസനം അദ്ദേഹത്തെ ബാധിച്ചപ്പോഴല്ലേ ഗാണ്ഡീവധാരി ( അർജ്ജുനൻ ) അദ്ദേഹത്തെ വധിച്ചത് ?

(3) BORI Critical Edition Mahabharatham പ്രകാരം സ്ത്രീ പർവ്വം , അദ്ധ്യായം 21 , ശ്ളോകം 11 (യുദ്ധഭൂമി സന്ദർശിച്ച ഗാന്ധാരി ദേവി കർണ്ണന്റെ മൃതദേഹം കണ്ടു വിലപിക്കുന്നതാണ് സന്ദർഭം . വ്യാസമുനി കൊടുത്ത ദിവ്യദൃഷ്ടിയാൽ , കണ്ണുകൾ മൂടിക്കെട്ടിയിട്ടും ഗാന്ധാരി കാണുന്നു .)

ആചാര്യശാപോ അനുഗതോ ധ്രുവം ത്വാം യദഗ്രസച്ചക്രമിദം ധരാ തേ

തതഃ ശരേണാപഹ്യതം ശിരസ്തേ ധനഞ്ജയേനാഹവേ ശത്രുമധ്യേ

(ഭാഷാ അർത്ഥം ) ആചാര്യന്റെ ശാപം നിനക്കേറ്റുവല്ലോ. നിന്റെ ചക്രം ഭൂമി ഗ്രസിച്ചപ്പോഴാണല്ലോ ധനഞ്ജയൻ ശത്രുമധ്യത്തിൽ വച്ച് ശരത്താൽ നിന്റെ തലയറുത്തു വീഴ്ത്തിയത് ?

വേറെയും അഞ്ചിടത്തുകൂടി ഇതുപോലുള്ള തെളിവുകൾ BORI Critical Edition Mahabharatha-യിൽ കാണപ്പെടുന്നുണ്ട് . അപ്പോൾ ഇതിൽ നിന്നും മനസ്സിലാകുന്നത് , കർണ്ണൻ നിരായുധനായി രഥമുയർത്തുന്ന സമയത്ത് തന്നെയാണ് കൃഷ്ണന്റെ നിർദ്ദേശം അനുസരിച്ചു അർജ്ജുനൻ കർണ്ണന്റെ ശിരസ്സറുത്ത് വീഴ്ത്തുന്നതെന്നാണ് . അപ്പ��ൾ കർണ്ണവധഭാഗത്തു BORI വരുത്തിയ ഈ മാറ്റം അധികാരികമല്ലെന്നു കരുതാവുന്നതാണ് . കാരണം BORI തന്നെ പ്രസ്തുത സംഭവം നടന്നതാണെന്നു സമ്മതിക്കുന്നു . അപ്പോൾ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും , Kisori Mohan Ganguly-യുടേയും , വിദ്വാൻ .കെ.പ്രകാശത്തിന്റെയും വിവർത്തനങ്ങളിൽ കാണുന്നതാണ് കൂടുതൽ സ്വീകാര്യമെന്നു തോന്നുന്നു . കൂടാതെ അവർ അവലംബിച്ച മഹാഭാരതം മൂലമാകാം കൂടുതൽ ആധികാരികം .

ശാപങ്ങൾ

[തിരുത്തുക]

കർണ്ണന്റെ വധത്തിനു നിരവധി ശാപങ്ങൾ കാരണമായിട്ടുണ്ട്. ക്ഷത്രിയനായ കർണ്ണൻ ഒരു ബ്രാഹ്മണനെന്ന വ്യാജേനയാണ് ക്ഷത്രിയവിദ്വേഷിയായ പരശുരാമന്റെ അടുക്കലേയ്ക്ക് ആയുധവിദ്യ അഭ്യസിക്കാൻ പോകുന്നത്. ഒരിക്കൽ കർണ്ണന്റെ മടിയിൽ പരശുരാമൻ ഉറങ്ങിക്കിടക്കുമ്പോൾ, ഭയങ്കരനായ ഒരു ഷഡ്പദം(വണ്ട്‌) വന്ന് കർണ്ണന്റെ തുടകൾ തുളക്കുന്നു. ആ വണ്ടിന്റെ പേര് അളർക്ക൯ എന്നായിരുന്നു. ഗുരുവിന്റെ നിദ്രക്കു ഭംഗം വരാതിരിക്കുവാൻ കർണ്ണൻ ആ വണ്ടിന്റെ ശല്യം സഹിക്കുകയും ചെയ്യുന്നു. തന്റെ തുടകളെ വണ്ട്‌ തുളച്ചു രക്തം കിനിയുമ്പോൾ, കർണ്ണൻ ഒരു ഭാവഭേദവുമില്ലാതെ പുഞ്ചിരിച്ചുകൊണ്ട് ഇരുന്നു. രക്തം വീണു നനഞ്ഞു , ഗുരുവായ പരശുരാമൻ ഉണർന്നു. ഉണർന്നെണീറ്റ ഗുരു കാണുന്നത് ചോരയൊലിപ്പിച്ചിരിക്കുന്ന കർണ്ണനെ ആണ്. ആ വണ്ട്‌ വാസ്തവത്തിൽ ദംശൻ എന്ന അസുരനായിരുന്നു. പരശുരാമന്റെ പൂർവ്വ പിതാമഹനായ ഭൃഗുവിന്റെ ശാപത്താലാണ് വണ്ടായിത്തീർന്നത്‌. കൃതയുഗത്തിലാണ് ഇത് സംഭവിക്കുന്നത്‌. ദ്വാപരയുഗത്തിൽ, പരശുരാമനിൽ നിന്നും ശാപമോക്ഷം ലഭിക്കുമെന്ന ശാപമോക്ഷമാണ് അപ്പോൾ സംഭവിച്ചത്. പരശുരാമൻ നോക്കിയയുടനെ വണ്ട്‌ ചത്തുപോയി. ആ വണ്ടിന്റെ ശരീരത്തിൽ നിന്നും, ഭയാനകനായ അസുരൻ ആകാശത്തിൽ ഉയർന്നുപൊങ്ങി, പരശുരാമനോട് നന്ദി പറഞ്ഞു അദൃശനായി. അതിനു ശേഷം പരശുരാമൻ കർണ്ണനു നേരെ തിരിഞ്ഞു. അദ്ദേഹം ക്രോധിച്ചുകൊണ്ടു കർണ്ണനോട് ഇങ്ങനെ പറഞ്ഞു. "വിഡ്ഢീ, ഇത്രയും കഠിനമായ വേദന സഹിക്കുവാൻ ബ്രാഹ്മണന് സാധ്യമല്ല. നിന്റെ ഈ വീര്യം, നീ തികഞ്ഞ ക്ഷത്രിയനാണെന്ന് വിളിച്ചറിയിക്കുന്നു. പറയൂ, ഏതു രാജവംശത്തിൽ പിറന്നവനാണ് നീ? സത്യം പറഞ്ഞില്ലെങ്കിൽ നിന്നെ നാം ശപിക്കുന്നതാണ്". അപ്പോൾ കർണ്ണൻ, താൻ സൂതപുത്രനാണെന്നും വിദ്യ പഠിക്കുവാനുള്ള തീവ്രമായ അഭിലാഷം കൊണ്ട് ബ്രാഹ്മണനെന്നു വ്യാജം പറഞ്ഞതാണെന്നും പറയുന്നു.തുടർന്ന് ഗുരുവിനോട് തന്നെ ശപിക്കരുതെന്നു ദയനീയമായി അപേക്ഷിക്കുകയും ചെയ്തു .കർണ്ണൻ പരശുരാമനോട് വിലപിച്ചു . " ഗുരു പിതൃതുല്യനാണ് . ആപത്തിൽ രക്ഷിക്കേണ്ടവനാണ് . അതിനാൽ എന്നോട് പൊറുക്കേണമേ " എന്നാൽ അതുകൊണ്ടൊന്നും മനസ്സലിയാത്ത പരശുരാമൻ , പഠിച്ച വിദ്യ അത്യാവശ്യ സമയത്തു നീ മറന്നു പോകുന്നതാണെന്നും അങ്ങനെ നീ തരിച്ചു നിൽക്കുമ്പോൾ , നിന്റെ ആജന്മശത്രു നിന്നെ എയ്തു കൊല്ലുമെന്നും കർണ്ണനെ ശപിക്കുന്നു.എന്നാലും ഇങ്ങനെ അനുഗ്രഹിച്ചു . നിനക്ക് തുല്യനായ ഒരു ക്ഷത്രിയൻ ഈ ഭൂമിയിലുണ്ടാകില്ല . ഇനിയൊട്ടു ഉണ്ടാകാൻ പോകുന്നുമില്ല .

കൂടാതെ , ഈ പഠനത്തിനിടയ്ക്ക് കർണ്ണൻ ഒരു ബ്രാഹ്മണന്റെ പശുവിനെ കൊല്ലുകയും ബ്രാഹ്മണൻ കർണ്ണനെ ശപിക്കുകയും ചെയ്തു. മറ്റൊരിക്കൽ ഭൂമിദേവിയും കർണ്ണനെ ശപിക്കുന്നു. ഈ ശാപങ്ങൾ കാരണമാണ് കർണ്ണന്റെ രഥം യുദ്ധത്തിനിടെ ചളിയിലാണ്ട് പോകുന്നത്.

അഗ്നിഹോത്രിയായ ബ്രാഹ്മണന്റെ ശാപം, ഗുരു പരശുരാമന്റെ ശാപം, ഭൂമീ ശാപം, ശല്യരുടെ തേജോവധം, ഇന്ദ്രന്റെ ചതി, കൃഷ്ണന്റെ സാമർത്ഥ്യം ഇത്രയും ചേർന്നപ്പോഴാണ്‌ കർണ്ണൻ മരിക്കുന്നത് .

കർണ്ണന്റെ ജന്മരഹസ്യം

[തിരുത്തുക]

മഹാഭാരതം , ആശ്രമവാസിക പർവ്വം , അദ്ധ്യായം 31 , പുത്രദര്ശന ഉപപർവ്വം , ശ്ളോകങ്ങൾ 12 ,14 -വ്യാസവാക്യം സാക്ഷാൽ സൂര്യദേവൻ തന്നെയാണ് കർണ്ണനായി ജനിച്ചതെന്നും , സൂര്യദേവന് ദേവമാതാവായ അദിതി കൊടുത്ത കവചകുണ്ഡലങ്ങളാണ് കര്ണ്ണന് ഉണ്ടായിരുന്നതെന്നുമാണ് വ്യാസന്റെ അഭിപ്രായം .

തം കർണ്ണം വിദ്ധി കല്യാണീ ഭാസ്കരം ശുഭദർശനേ (12 )

ദ്വിധാ കൃത്വാ വാത്മനോ ദേഹമാദിത്യം തപതാം വരം (14 )

ലോകാംശ്ച താപയാനം വൈ വിദ്ധി : കർണ്ണം ച ശോഭനേ

(ഭാഷാ അർത്ഥം ): ഭാസ്കരനാണ് കർണ്ണനായി ജനിച്ചത് ശുഭദർശനേ .ലോകത്തിലെ സകലതിനേയും തപിപ്പിക്കുന്നവനായ ആദിത്യദേവൻ തന്റെ ആത്മാവിനെ രണ്ടാക്കി മാറ്റി (ദ്വിധാ കൃത്വാ വാത്മനോ), ഒരംശം കൊണ്ട് ലോകത്തെ തപിപ്പിക്കുകയും( ചൂട്, വെളിച്ചം എന്നിവ നൽകുകയും ) മറ്റേ അംശം കൊണ്ട് ഭൂമിയിൽ കർണ്ണനായിരിക്കുകയും ചെയ്തു ശുഭേ (വൈ വിദ്ധി : കർണ്ണം ച ശോഭനേ)

സാക്ഷാൽ വ്യാസമുനി കുന്തിയോട് പറയുന്നതാണ് കർണ്ണന്റെ ജന്മരഹസ്യം.

ജരാസന്ധയുദ്ധം

[തിരുത്തുക]

കർണ്ണൻ ഒരിക്കൽ ജരാസന്ധനുമായി വലിയൊരു മല്ലയുദ്ധത്തിലേർപ്പെടുകയും ജരാസന്ധനെ തോൽപ്പിച്ചു വധിക്കുവാൻ തുണിയുകയും ചെയ്തു . ഭയചകിതനായ ജരാസന്ധൻ കർണ്ണനോട് സൗഹൃദം സ്ഥാപിക്കുകയും മാലിനീപുരം എന്ന രാജ്യം സംഭാവനയായി നൽകുകയും ചെയ്തു . ഇത്തരത്തിൽ കർണ്ണൻ ദുര്യോധനൻ നൽകിയ അംഗരാജ്യത്തിന്റേയും , ജരാസന്ധദത്തമായ മാലിനീപുരത്തിന്റെയും , താൻ തന്നെ യുദ്ധംചെയ്തു നേടിയെടുത്ത ചമ്പാപുരിയുടെയും അധിപനായി വാണു .അവലംബം : [മഹാഭാരതം ശാന്തിപർവ്വം , അദ്ധ്യായങ്ങൾ 4 ,5 ]. വിശദമായ കഥയ്ക്ക് ജരാസന്ധൻ എന്ന പദം നോക്കുക.

കർണ്ണന്റെ പിന്ഗാമികൾ

[തിരുത്തുക]

കർണ്ണപുത്രനായ വൃഷകേതുവിനെ അർജ്ജുനൻ ഏറ്റെടുത്തു വളർത്തുകയുണ്ടായി. സ്വന്തം മക്കളെക്കാളും അധികമായി അർജ്ജുനൻ വൃഷകേതുവിനെ സ്നേഹിച്ചു. യുധിഷ്ഠിരന്റെ അശ്വമേധത്തിനു ശേഷം വൃഷകേതു തന്റെ പിതാവിന്റെ രാജ്യത്തേക്ക് തിരിച്ചുപോവുകയും മാലിനിയുടെയും, ചംബാപുരിയുടെയും, അംഗരാജ്യത്തിന്റെയും രാജാവായിത്തീരുകയും ചെയ്തു. പ്രഭദ്ര ആയിരുന്നു അദ്ദേഹത്തിൻറെ ഭാര്യ. അതിനു ശേഷം അദ്ദേഹത്തിന് ധിലു(ധർമ്മരാജ രുദ്രൻ) എന്ന മകനുണ്ടായി. ഈ ധിലുവാണ് കർണ്ണന്റെ വംശം പിന്നീട് നിലനിർത്തിയത്. ധിലുവിന്റെ പിന്ഗാമികളാണ് ധില്ലന്മാർ [DHILLONS]. ഇവരെ ശ്രേഷ്ഠ ക്ഷത്രിയരായി കരുതുന്നു. ഹരിയാനയിലും, പഞ്ചാബിലും ഇവരുടെ വംശം ഇന്നും നിലനിൽക്കുന്നു. കൂടാതെ ബംഗാളിലും, ഒറീസയിലും ഇവരുണ്ട്. ഇവരാണ് കർണ്ണന്റെ പിൻഗാമികളായ ക്ഷത്രിയർ. സൂര്യനാരായണനാണ് ഇവരുടെ കുലദേവത. മഹാധീരന്മാരായ ഇവർ ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായിരുന്നു. വാണിജ്യം ചെയ്യുന്നതും, സേവ ചെയ്യുന്നതും ഒരു കുറഞ്ഞ പ്രവൃത്തിയായി ഇവർ ഗണിക്കുന്നു.

ബോറിയിലെ(BORI) വൈരുദ്ധ്യം

[തിരുത്തുക]

ബോറിയുടെ കർണ്ണവിരോധം പ്രസിദ്ധമാണ്. കർണ്ണന്റെ വീരകഥകളെല്ലാം തിരഞ്ഞു പിടിച്ചു ഒഴിവാക്കിയിരിക്കുന്നതുപോലെയാണ് BORI Critical Edition വായിച്ചാൽ തോന്നുക . അർജ്ജുനന്റെ വീരതകളെ ബോറി തൊട്ടിട്ടുമില്ല . ദ്രൗപദിയുടെ കർണ്ണ ഭർത്സനവും, സ്വയംവരവേദിയിലെ കർണ്ണന്റെ രംഗപ്രവേശവും , അർജ്ജുനനു മേലുള്ള കർണ്ണന്റെ ചില വിജയങ്ങളേയും BORI Critical Edition നീക്കം ചെയ്തിരിക്കുന്നു . BORI-യുടെ ഒരു പ്രസിദ്ധീകരണത്തിൽ (Annal ) , പാണ്ഡവരെ ന്യായീകരിക്കാൻ BORI വക്താക്കൾ ശ്രമിച്ചിരിക്കുന്നതും BORI-യുടെ കൗരവ -കർണ്ണ വിരോധം വ്യക്തമാക്കുന്നുണ്ട് . Bhandarkar Oriental Research Institute(BORI)ഇറക്കിയിട്ടുള്ള Critical Edition മഹാഭാരതത്തിൽ കർണ്ണപർവ്വത്തിൽ വളരെയധികം വ്യതിയാനങ്ങൾ വരുത്തിയിരിക്കുന്നത് കാണാവുന്നതാണ് . ആദിപർവ്വം , അദ്ധ്യായം 2 , പർവ്വസംഗ്രഹപർവ്വത്തിലെ , ശ്ലോകങ്ങൾ 276 , 277 എന്നിവകളിൽ കർണ്ണപർവ്വത്തിൽ മൊത്തം 4,964 ശ്ലോകങ്ങളും 69 അദ്ധ്യായങ്ങളുമുള്ളതായിട്ടാണ് പറഞ്ഞിരിക്കുന്നത് .ഈ പർവ്വസംഗ്രഹപർവ്വത്തെ BORI ഒഴിവാക്കിയിട്ടുമില്ല .എന്നാൽ വാസ്തവത്തിൽ മഹാഭാരതത്തിലെ കർണ്ണപർവ്വത്തിൽ 96 അദ്ധ്യായങ്ങളാണുള്ളത് . എന്നാൽ ശ്ലോകസംഖ്യ ഏതാണ്ട് 4,964 തന്നെയാണ് . 96 അദ്ധ്യായങ്ങളിലായി 4,964 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു (അനുബന്ധവണ്ണനകൾ ഉൾപ്പെടെ 5,027) . ചില പർവ്വങ്ങളെ ദക്ഷിണാത്യപാഠത്തിൽ എഴുതിയപ്പോൾ, 69 എന്നത് പിരിഞ്ഞു 96 ആയതാകാം . പക്ഷെ ശ്ലോകസംഖ്യ കൃത്യമാണ് .കുഞ്ഞിക്കുട്ടൻ തമ്പുരാനും , വിദ്വാൻ .കെ . പ്രകാശവും , Kisori Mohan Ganguly-യും തർജ്ജിമ ചെയ്തത് ഇത്തരത്തിലുള്ള 96 അദ്ധ്യായങ്ങളും 4,964 ശ്ലോകങ്ങളുമുള്ള കർണ്ണപർവ്വമാണ് .കർണ്ണപർവ്വത്തിലെ 96 അദ്ധ്യായങ്ങളിലെ രണ്ടും മൂന്നും അദ്ധ്യായങ്ങളെ വീതം ഒന്നിച്ചു ചേർത്താണ് BORI Critical Edition Mahabharatha-ത്തിൽ 69 അദ്ധ്യായങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഈ 96 അദ്ധ്യായങ്ങളിലെ തുടക്കം മുതൽ ഒടുക്കം വരെയുള്ള പദ്യങ്ങളെ BORI സ്പർശിച്ചിട്ടുള്ളതും , എന്നാൽ കർണ്ണന്റെ വിജയങ്ങളെ മാത്രം ഒഴിവാക്കിയുമുള്ള രീതി 69 പിരിഞ്ഞു 96 ആയതെന്ന സത്യം വെളിപ്പെടുത്തുന്നു . എന്നാൽ Bhandarkar Oriental Research Institute-ന്റെ Critical Edition മഹാഭാരതത്തിൽ, അദ്ധ്യായങ്ങൾ 69 തന്നെയാണെങ്കിലും ശ്ളോകങ്ങൾ വെറും 3,872 മാത്രമേയുള്ളൂ . അതായത് 1,092 ശ്ലോകങ്ങളെ BORI വെട്ടിക്കുറച്ചിരിക്കുന്നു . ഇത്തരത്തിൽ വെട്ടിക്കുറച്ചിട്ടുള്ള ശ്ലോകങ്ങളിലെ സംഭവങ്ങളെല്ലാം BORI Critical Edition മഹാഭാരതത്തിലെ പിന്നീടുള്ള അദ്ധ്യായങ്ങളിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളതും കാണാവുന്നതാണ് . കർണ്ണപർവ്വത്തിൽ BORI വരുത്തിയ മാറ്റം ഇത്തരത്തിൽ പൊരുത്തക്കേടുള്ളതാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു . BORI ഒഴിവാക്കിയ സംഭവങ്ങൾ , വാസ്തവത്തിൽ സംഭവിച്ചത് തന്നെയാണെന്ന് BORI Critical Edition Mahabharatha തന്നെ പരിശോധിച്ചാൽ ആർക്കും മനസ്സിലാകുന്നതാണ് .കൂടാതെ BORI മറ്റു പല അദ്ധ്യായങ്ങളിലും കർണ്ണനെ തിരഞ്ഞു പിടിച്ചു ഒഴിവാക്കിയിട്ടുള്ളതും കാണാം .

കർണനും അർജ്ജുനനും-ഒരു താരതമ്യ പഠനം

[തിരുത്തുക]

വ്യാസമഹാഭാരതം വായിച്ചാൽ നമുക്ക് കാണാൻ കഴിയുക  അർജ്ജുനന് എപ്പോഴും തുല്യനായ എതിരാളിയായി കർണ്ണനും ഉണ്ടായിരുന്നു എന്നാണ് . ആയുധാഭ്യാസം പ്രദർശന വേളയിൽ അർജ്ജുനന് സാധിച്ചതെല്ലാം കർണ്ണനും സാധിച്ചു . പാഞ്ചാലീ സ്വയംവരത്തിൽ കർണ്ണനും അർജ്ജുനനെപ്പോലെ ലക്ഷ്യം ഭേദിക്കുമായിരുന്നു. താൽക്കാലികമായുണ്ടായ ചില ഏറ്റുമുട്ടലുകളിൽ അർജ്ജുനൻ കർണ്ണനെ ജയിച്ചിട്ടുണ്ട് . ദേവന്മാരെല്ലാം അർജ്ജുനന് അതിശക്തമായ ദിവ്യാസ്ത്രങ്ങൾ നല്കിയിട്ടുണ്ടായിരുന്നു . ശിവന്റെ 'പാശുപതാസ്ത്രം' പോലും അർജ്ജുനനുണ്ടായിരുന്നു . എല്ലാത്തിനുമുപരിയായി ലോകനാഥനായ ഭഗവാൻ ശ്രീകൃഷ്ണന്റെ സഹായവും അർജ്ജുനനുണ്ടായിരുന്നു . ഇത്രയൊക്കെയുണ്ടായിട്ടും ദേവന്മാർ കർണ്ണനെ ഭയന്നിരുന്നു . സ്വപുത്രനായ അർജുനന്റെ ജീവരക്ഷയെ കരുതി ഇന്ദ്രദേവൻ കർണ്ണനെ ചതിക്കുന്നതും അദ്ദേഹത്തിൻറെ കുണ്ഡലങ്ങൾ നേടിയെടുക്കുന്നതും ഇതിനു തെളിവാണ് .ഭഗവാൻ ശ്രീകൃഷ്ണന് പോലും കർണ്ണൻ അർജ്ജുനനെക്കാൾ ശക്തനാണ് എന്ന അഭിപ്രായമാണുണ്ടായിരുന്നത്. നാലുസന്ദർഭങ്ങളിൽ അത് അദ്ദേഹം അർജ്ജുനനോട് പറയുന്നുമുണ്ട് . മുൻപ് നടന്നിട്ടുള്ള ചില ഏറ്റുമുട്ടലുകളിൽ അർജ്ജുനൻ കർണ്ണനെ ജയിച്ചിട്ടും എന്തുകൊണ്ടായിരിക്കും കർണ്ണനെ ഇത്തരത്തിൽ ദേവന്മാർ ഭയന്നിരുന്നത് ? ഭഗവാൻ ശ്രീകൃഷ്ണൻ പോലും ഇത്തരത്തിൽ പറഞ്ഞുകൊണ്ടിരുന്നത് ? നമുക്ക് പരിശോധിക്കാം.

  • കർണ്ണന്റെ വിജയചാപവും അന്തിമയുദ്ധവും

കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസം കർണ്ണൻ അത്യന്തം പരാക്രമിയായി കാണപ്പെട്ടു . അതിനു കാരണവുമുണ്ട്. കർണ്ണനു വിജയം എന്ന പേരിലൊരു ധനുസ്സുണ്ടായിരുന്നു . ഈ ധനുസ്സു അർജ്ജുനന്റെ ഗാണ്ഡീവത്തിനു കിടപിടിക്കുന്ന ഒന്നായിരുന്നു . പരശുരാമൻ നൽകിയ ഈ ധനുസ്സു കർണ്ണൻ യുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് ഉപയോഗിക്കുന്നത് . അതുകൊണ്ടാകണം യുദ്ധത്തിന്റെ 17 -ആം ദിവസം കർണ്ണൻ കൂടുതൽ പരാക്രമിയായി കാണപ്പെട്ടത് . പാണ്ഡവരിൽ നാല് പേരെയും സാത്യകിയെയും കർണ്ണൻ തോൽപ്പിക്കുന്നതും 17മത്തെ ദിവസമാണ് .

പതിനേഴാം നാൾ നടന്ന യുദ്ധത്തിൽ കർണ്ണൻ സാത്യകിയുമായി പൊരിഞ്ഞ പോരാണ് നടത്തിയത് .അതിന്റെ അന്തിമഫലം മാത്രം പറയുന്നു . [BORI Critical Edition Mahabharatha പ്രകാരം , കർണ്ണപർവ്വം അദ്ധ്യായം 40 , ശ്ലോകം 39]

കർണ്ണസ്തു സാത്യകിം ജിത്വാ രാജഗൃദ്ധി മഹാബലഃ

ദ്രോണഹന്താരമുഗ്രേഷും സസാരാഭിമുഖം രണേ(39)

(ഭാഷാ അർത്ഥം) രാജ്യകാംക്ഷിയും, മഹാബലവാനുമായ കർണ്ണൻ സാത്യകിയെ തോൽപ്പിച്ചിട്ട് ദ്രോണഹന്താവായ ധൃഷ്ടദ്യുമ്നനുമായി പരസ്പരം അഭിമുഖമായ രണത്തിൽ പ്രവേശിച്ചു . [3]

ഇതുകൂടാതെ ഭീമസേനന്റെ തേരിനെ തകർത്ത് പൊടിയാക്കി അദ്ദേഹത്തെ തോൽപ്പിച്ചു വിടുകയും ചെയ്യുന്നുണ്ട് . വ്യാസവർണ്ണന ഇപ്രകാരമാണ് .

തതഃ കർണ്ണ മഹാരാജൻ രോഷാമർഷ സമന്വിതഃ (39)

പാണ്ഡവം പഞ്ചവിംശത്യാ നാരാചാനാം സമാർപ്യത

ആജഘ്നേ ബഹുഭിർബാണൗധ്വജമേകേഷുണാഹനത് (40)

സാരഥിർ ചാസ്യ ഭല്ലേന പ്രേഷയാമാസ മൃത്യവേ

ഛിത്വാ ച കാർമ്മുകം തൂർണ്ണ പാണ്ഡവസ്യാശുപത്രിണാ(41)

തതോ മുഹൂർത്താത് രാജേന്ദ്ര നാതികൃച്ഛാദ്ധസന്നിവ

വിരഥം ഭീമകർമ്മാണാം ഭീമം കർണ്ണശ്ചകാര ഹ (42)

കർണ്ണപർവ്വം, അദ്ധ്യായം 51, ശ്ലോകങ്ങൾ 39 ,40 ,41 ,42 [4]

(ഭാഷാ അർത്ഥം) [സഞ്ജയന്റെ ധൃതരാഷ്ട്ര മഹാരാജാവിനോടുള്ള യുദ്ധവർണ്ണനയാണ് സന്ദർഭം ] --"എന്നിട്ട് കർണ്ണൻ രോഷാമർഷങ്ങളോട് കൂടി പാണ്ഡവനായ ഭീമസേനനിൽ ഇരുപത്തഞ്ചു നാരാചങ്ങൾ എയ്തു . വീണ്ടും വളരെയേറെ ബാണങ്ങൾ പ്രയോഗിച്ച് കൊടിയെ ഒരു ശരം കൊണ്ട് വീഴ്ത്തി . ഭീമന്റെ സൂതനെ ഒരമ്പെയ്ത് അന്തകനു നൽകി . അദ്ദേഹത്തിൻറെ വില്ല് ഒരമ്പെയ്തു മുറിച്ചു . ഇതെല്ലാം മുഹൂർത്ത നേരം കൊണ്ട് കഴിഞ്ഞു രാജാവേ .പിന്നീട് ഭീമകർമ്മാവായ ഭീമന്റെ തേരിനെ തകർത്തു വിടുകയും ചെയ്തു" .

BORI Critical Edition Mahabharatha പ്രകാരം , അദ്ധ്യായം 35 , ശ്ലോകം 23

തതോ മുഹൂർത്താത് രാജേന്ദ്ര നാതികൃച്ഛാദ്ധസന്നിവ

വിരഥം ഭീമകർമ്മാണാം ഭീമം കർണ്ണശ്ചകാര ഹ (23)

(ഭാഷാ അർത്ഥം) "ഇതെല്ലാം മുഹൂർത്ത നേരം കൊണ്ട് കഴിഞ്ഞു രാജാവേ .വില്ല് ഒരമ്പെയ്തു മുറിച്ചു .പിന്നീട് കർണ്ണൻ; ഭീമകർമ്മാവായ ഭീമന്റെ തേരിനെ തകർത്തു വിടുകയും ചെയ്തു" . ഭീമനുമായുള്ള പ്രധാന യുദ്ധരംഗങ്ങളെ "BORI' ഒഴിവാക്കിയെങ്കിലും , കർണ്ണൻ ഭീമന്റെ തേരിനെ തകർത്തു തോൽപ്പിച്ചു വിടുന്ന ശ്ലോകം ഒഴിവാക്കിയിട്ടില്ല .

പതിനേഴാം ദിവസമുള്ള ആ യുദ്ധത്തിൽ കർണ്ണനെ അതിക്രമിച്ചു കടക്കുവാൻ ഭീമനോ, സാത്യകിക്കോ ആർക്കും സാധിക്കുന്നില്ല . അവർ എത്രയൊക്കെ കിണഞ്ഞു പൊരുതിയിട്ടും , കർണ്ണൻ സേനാനായകനായ ധൃഷ്ടദ്യുമ്നനെയും, സാത്യകിയേയും, ഭീമനെയും തടുത്തുകൊണ്ടു കേകയ -പാഞ്ചാല -സൃഞ്ജയൻമാരെ കൊന്നു വീഴ്ത്തിക്കൊണ്ടിരുന്നു . ഭാർഗ്ഗവസ്ത്രത്താൽ ഒരു അക്ഷൗഹിണിക്കു തുല്യമായ പടയെ സംഹരിച്ചു . മൊത്തത്തിൽ രണ്ടോളം അക്ഷൗഹിണിയെ നശിപ്പിച്ചു .കർണ്ണന്റെ അന്നത്തെ പരാക്രമത്തെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു .

നൈവം ഭീഷ്മോ ന ച ദ്രോണോ നാന്യോ യുധി ച താവകാ

ചക്രു സ്മ താദൃശം സമ്ര യാദൃശം വൈ കൃതം രണേ [കർണ്ണപർവ്വം അദ്ധ്യായം 56 , ശ്ളോകം 54]

(ഭാഷാ അർത്ഥം ) ഭീഷ്മരോ ദ്രോണരോ അങ്ങയുടെ പക്ഷത്തുള്ള മറ്റു യോദ്ധാക്കളിലാരുമോ കർണ്ണൻ യുദ്ധത്തിൽ ചെയ്തതുപോലെയുള്ള ഉഗ്രകൃത്യം കാഴ്ചവച്ചിട്ടില്ല രാജാവേ.[3]

ഇതുകൂടാതെ അർജ്ജുനനുമായുള്ള അന്തിമയുദ്ധത്തിലും വാസ്തവത്തിൽ വിജയിച്ചത് കർണ്ണനായിരുന്നു . കർണ്ണന്റെ നാഗാസ്ത്രം(സർപ്പമുഖ ബാണം ) അർജ്ജുനന്റെ ശിരസ്സെടുക്കാതെ കാത്തത് ഭഗവാൻ കൃഷ്ണനായിരുന്നു [5]. നാഗാസ്ത്രത്തിന്റെ വിഫലതയ്ക്കു ശേഷം , അർജ്ജുനൻ കർണ്ണനെ ഒന്ന് തളർത്തിയെങ്കിലും , വീണ്ടും കർണ്ണൻ പൂർവ്വാധികം ശക്തിയോടെ യുദ്ധം തുടർന്നു . പിന്നീട് നടന്ന സംഭവങ്ങളെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു .

അസ്ത്രൈരസ്ത്രാണിരാധേയ പ്രത്യഹന്സവ്യസാചിന

ചക്രേ ചാഭ്യാധികം പാർത്ഥസ്ത്വ വീര്യം പ്രതി ദർശയൻ

തതഃ കൃഷ്ണോർജ്ജുനം ദൃഷ്ട്വാ കർണ്ണാസ്ത്രേണാഭിപീഡിതം

അഭ്യസ്യേത്യബ്രവീത് പാർത്ഥമാധിഷ്ഠാസ്ത്രമനുത്തമം

[BORI Critical Edition പ്രകാരം കർണ്ണപർവ്വം , അദ്ധ്യായം 66 , ശ്ലോകങ്ങൾ 56 , 57 ]

(ഭാഷാ അർത്ഥം ) സവ്യസാചിയായ അർജ്ജുനന്റെ അസ്ത്രങ്ങളെ തന്റെ അസ്ത്രങ്ങൾ കൊണ്ട് അടക്കി അർജ്ജുനനെക്കാൾ മേലെയാണ് തന്റെ വീര്യമെന്നു കർണ്ണൻ കാണിച്ചു . കർണ്ണന്റെ അസ്ത്രങ്ങളാൽ പീഡിതനായ അർജ്ജുനനെ കണ്ടിട്ട് (കൃഷ്ണോർജ്ജുനം ദൃഷ്ട്വാ കർണ്ണാസ്ത്രേണാഭിപീഡിതം); അർജ്ജുനനോട് ഉത്തമമായ ഏതെങ്കിലും അസ്ത്രമെടുത്തു പ്രയോഗിക്കാൻ കൃഷ്ണൻ ആവശ്യപ്പെടുന്നു .

അതിനു ശേഷം കർണ്ണന്റെ രഥം വീണ്ടും കുറേക്കൂടി താഴ്ന്നു പോകുന്നതാണ് അടുത്ത സന്ദർഭം. രഥം ആ സമയത്തു താഴ്ന്നില്ലായിരുനെങ്കിൽ അർജ്ജുനൻ കുറേക്കൂടെ വിഷമിക്കുമായിരുന്നു .

കൂടാതെ യുദ്ധത്തിന്റെ അന്തിമദിവസമായ 18 ആം നാൾ , ദുര്യോധനനെ ചതിവിൽ ഭീമൻ വീഴ്ത്തിയ ശേഷം , കുരുരാജാവിന്റെ ശിബിരത്തിനകത്തു കടന്നു പാണ്ഡവർ തേരിൽ നിന്നിറങ്ങി . അപ്പോൾ നിത്യവും പാണ്ഡവരുടെ ഹിതകാംക്ഷിയായ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു . "ഹേ അർജ്ജുനാ. ഗാണ്ഡീവവും അക്ഷയമായ ആവനാഴിയും ഇറക്കുക. പിന്നെ ഞാനും ഇറങ്ങുന്നതാണ് . നീയും ഇറങ്ങുക. അതാണ് ശ്രേയസ്കരം ." കൃഷ്ണൻ പറഞ്ഞതുപോലെ അർജ്ജുനൻ പ്രവർത്തിച്ചു . പിന്നീട് കൃഷ്ണൻ കുതിരകളുടെ കടിഞ്ഞാണ് വിട്ടു ഗാണ്ഡീവിയുടെ തേരിൽ നിന്നുമിറങ്ങി . പിന്നീട് നടന്ന സംഭവങ്ങളെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു .

അഥാവതീർണ്ണേ ഭൂതാനാമീശ്വരേ സുമഹാത്മനി

കപിരന്തർദ്ധേ ദിവ്യോ ധ്വജോ ഗാണ്ടീവധന്വന (12)

സ ദഗ്ദ്ധോ ദ്രോണ കർണ്ണാഭ്യാം ദിവ്യൈരസ്ത്രൈർ മഹാരഥ:

അഥ ദീപ്‌തോരഗ്നിനാ ഹ്യാശു പ്രജ്വല മഹീപതേ(13) [മഹാഭാരതം ശല്യപർവ്വം , ഗദായുദ്ധപർവ്വം,BORI CRITICAL EDITION MAHABHARATHA---പ്രകാരം , അദ്ധ്യായം 61  ; ശ്ലോകങ്ങൾ 12 ,13 ]

(ഭാഷാ അർത്ഥം) " മഹാത്മാവായ ആ സർവ്വഭൂതേശ്വരൻ [ കൃഷ്ണൻ ] ഇറങ്ങിയപ്പോൾ , ഗാണ്ഡീവധന്വാവിന്റെ ദിവ്യമായ കപിധ്വജം മറഞ്ഞു . അപ്പോൾ മഹാരഥന്മാരായ ദ്രോണകർണ്ണന്മാരുടെ (ദ്രോണ കർണ്ണാഭ്യാം) ദിവ്യാസ്ത്രമേറ്റു ചുട്ട ആ രഥം , അതിൽ ലീനമായ ദീപ്തമായ അഗ്നിയാൽ കത്തിയെരിഞ്ഞു ചാരമായി രാജാവേ ". [6]

ഇവിടെ ദിവ്യദൃഷ്ടിയായ സഞ്ജയൻ ധൃതരാഷ്ട്ര മഹാരാജാവിനു അർജ്ജുനന്റെ രഥത്തിന്റെ അവസ്ഥ വിവരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് . സർവ്വഭൂതങ്ങൾക്കും ഈശ്വരനായ കൃഷ്ണൻ രഥത്തിൽ നിന്നും ഇറങ്ങിയപ്പോൾ , അർജ്ജുനന്റെ കപിധ്വജം മായുകയും , അതോടെ കർണ്ണന്റെയും ദ്രോണരുടെയും അസ്ത്രങ്ങൾ ഏറ്റിരുന്ന ആ രഥം അപ്പോൾ കത്തിക്കരിഞ്ഞു ചാമ്പലായിത്തീർന്നു . അതുവരെ ആ അഗ്നി മറഞ്ഞാണ് നിന്നിരുന്നത് .അര്ജ്ജുനന് ഇത് മനസ്സിലായിരുന്നില്ല .

രഥം കത്തിയത് കണ്ടു ഭയന്നുപോയ അർജ്ജുനൻ അതിന്റെ കാരണം ഭഗവാൻ കൃഷ്ണനോട് ആരായുന്നതും , കൃഷ്ണന്റെ മറുപടിയുമാണ് അടുത്ത രംഗം . കൃഷ്ണൻ പറഞ്ഞു ; "ഈ രഥം ശത്രുക്കൾ അയച്ച അനേകം ദിവ്യാസ്ത്രങ്ങളേറ്റു നേരത്തെ കത്തിക്കരിഞ്ഞു പോയിരുന്നു . ഞാൻ ഇരുന്നതുകൊണ്ടു മാത്രമാണ് അത് തകര്ന്നു തരിപ്പണമാകാതിരുന്നത്. ഞാൻ അത് ഉപേക്ഷിച്ചപ്പോൾ അത് കരിഞ്ഞു ചാമ്പലായി."

യുധിഷ്ഠിരൻ രോമാഞ്ചത്തോടെ പറഞ്ഞു . " ദ്രോണരും കർണ്ണനും അയച്ച ബ്രഹ്മാസ്ത്രം കൃഷ്ണനല്ലാതെ ആര്ക്കും തടുക്കുവാൻ സാധിക്കുകയില്ല . സംശപ്തകപ്പടയെ ജയിച്ചതും മറ്റാരുടെയും കഴിവ് കൊണ്ടല്ല . ഭാരതയുദ്ധത്തില് അര്ജ്ജുനൻ പിന്തിരിയാതിരുന്നതും ജനാര്ദ്ദനന്റെ അനുഗ്രഹം കൊണ്ട് തന്നെയാണ് . അതുപോലെ അങ്ങയുടെ മഹത്വങ്ങൾ ഞാൻ പലതും ഓര്ക്കുന്നു . കര്മ്മങ്ങളുടെ ഫലവും തേജസ്സിന്റെ ഗതിയും ശുഭം തന്നെയാണ് . വ്യാസമുനി ഉപപ്ളാവ്യത്തില് വച്ച് " ധര്മ്മം എവിടെയുണ്ടോ അവിടെ കൃഷ്ണനുമുണ്ട്...കൃഷ്ണൻ എവിടെയുണ്ടോ , അവിടെ ജയവും ഉണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു ..."[മഹാഭാരതം ശല്യപർവ്വം , ഗദായുദ്ധപർവ്വം,BORI CRITICAL EDITION MAHABHARATHA---പ്രകാരം , അദ്ധ്യായം 61 ]

ഇത്തരത്തിൽ ചിന്തിക്കുമ്പോൾ കൃഷ്ണന്റെ സ്ഥാനത്തു മറ്റൊരു തേരാളിയായിരുന്നെങ്കിൽ കർണ്ണനുമായുള്ള അന്തിമയുദ്ധത്തിൽ അർജ്ജുനൻ തീർച്ചയായും വധിക്കപെടുമായിരുന്നെന്നു സാരം . കർണ്ണന്റെ സർപ്പമുഖ ബാണത്താലോ , കർണ്ണന്റെ ബ്രഹ്‌മാസ്‌ത്രത്താലോ അർജ്ജുനന് മരണം സംഭവിക്കുമായിരുന്നു . ബ്രഹ്‌മാസ്‌ത്രം കൊണ്ട് തേര് കത്തിയതിനു ശേഷമാണല്ലോ പ്രസ്തുത സംഭവം അർജ്ജുനൻ അറിയുന്നത് തന്നെ . അതുവരെ കൃഷ്ണന്റെ മാഹാത്മ്യത്താൽ കർണ്ണന്റെ ബ്രഹ്‌മാസ്‌ത്രം അടങ്ങി നിൽക്കുകയായിരുന്നു . [6].

ഘടോൽക്കച വധസമയത്തു ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് ഇങ്ങനെ പറയുകയുണ്ടായി .ദ്രോണപര്വ്വം 180 [ ഘടോൽക്കച വധ പര്വ്വത്തില് നിന്നും ]

"വശിയായ കർണ്ണന് , മൂന്നുലോകങ്ങളും ജയിക്കുവാൻ സാധിക്കും . ഇന്ദ്രനും വൈശ്രവണനും, വരുണനും , യമനുപോലും , കർണ്ണനോട് പൊരുതി ജയിക്കുവാൻ കഴിയില്ലായിരുന്നു . നീ ഗാണ്ഡീവത്താലും ഞാൻ സുദർശനത്താലും എതിർത്താൽ പോലും, കർണ്ണനെ ജയിക്കുവാൻ സാധ്യമല്ല . ഇന്ദ്രൻ ഭവാന്റെ ക്ഷേമത്തിനാണ് മായാരൂപത്തിൽ അവന്റെ കവച കുണ്ഡലങ്ങൾ നേടിയത്. സ്വന്തം ശരീരത്തിൽ ജന്മനായുള്ള കവച കുണ്ഡലങ്ങൾ മുറിച്ചു ഇന്ദ്രന് ദാനം നല്കിയതിനാലാണ് " വൈകര്ത്തനൻ " എന്ന കര്ണ്ണൻ വിളിക്കപ്പെട്ടത്‌ . നിനക്ക് കർണ്ണവധത്തിന് ഒരു യോഗമുള്ളതുകൊണ്ട് ഞാൻ വഴി പറഞ്ഞു തരാം . അപ്രമത്തൻ പ്രമത്തനായവനെ പഴുത് നോക്കി ഹനിക്കണം . അവന���റെ രഥചക്രം ഭൂമിയിൽ താഴ്ന്ന സമയം ഞാൻ നിനക്കു സൂചന തരുന്നതാണ്. അതനുസരിച്ചു ശ്രദ്ധയോടെ നീ മുൻപ് ചെയ്ത ശപഥം ഒര്മ്മിച്ചു കർണ്ണനെ വധിച്ചു വീഴ്ത്തണം".( ഭഗവാൻ കൃഷ്ണന്റെ ഈ വാക്കുകളും BORI ഒഴിവാക്കിയിട്ടില്ല ).[7]

മുൻപ് നടന്നിട്ടുള്ള യുദ്ധങ്ങളിൽ കർണ്ണൻ തന്റെ ശക്തി പൂർണ്ണമായി ഉപയോഗിച്ചിരുന്നില്ല എന്നതാണ് വാസ്തവം എന്ന് കരുതാം . എന്നാൽ സർവ്വജ്ഞനായ ഭഗവാൻ കൃഷ്ണനും , ജ്ഞാനികളായ ദേവന്മാരും കർണ്ണന്റെ വീര്യം ശരിക്കറിഞ്ഞിരുന്നു . അന്തിമയുദ്ധത്തിലെ സംഭവങ്ങൾ അവരുടെ നിഗമനം ശെ ശരിവയ്ക്കുന്നുമുണ്ട് . കൂടാതെ ഭഗവാൻ കൃഷ്ണൻ എപ്പോഴും കർണ്ണനെ തന്റെ ദിവ്യശക്തിയാൽ മയക്കിക്കൊണ്ടിരുന്നതായി അദ്ദേഹം തന്നെ ഘടോൽക്കചനെ കർണ്ണൻ വധിച്ച സമയത്തു അർജ്ജുനനോട് പറയുന്നുമുണ്ട് . കർണ്ണന്റെ വേൽ നഷ്ടപ്പെടുത്താനായി ഇന്ദ്രനാൽ സൃഷ്ടിക്കപ്പെട്ട രാക്ഷസനാണ് ഘടോൽക്കചൻ . ഘടോൽക്കചനെ വധിക്കാൻ കർണ്ണൻ വേൽ ഉപയോഗിച്ചതോടെ അർജ്ജുനൻ മരണത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടതായി കൃഷ്ണനും വ്യാസനും ആശ്വാസത്തോടെ കരുതി . യാതൊരു പ്രധാനപ്പെട്ട ദിവ്യാസ്ത്രങ്ങളും ഇല്ലാതിരുന്നിട്ടും , നിലത്തുനിന്നു പൊരുതിയിട്ടു പോലും കർണ്ണനു അർജ്ജുനനെ കീഴ്പ്പെടുത്താനും മോഹാലസ്യപ്പെടുത്തുവാനും സാധിച്ചു . സർപ്പമുഖ ബാണം , ബ്രഹ്‌മാസ്‌ത്രം എന്നിവയിൽ നിന്നും അർജ്ജുനനെ കാത്തു രക്ഷിച്ചത് സ്വയം ഭഗവാൻ കൃഷ്ണൻ തന്നെയായിരുന്നു . അപ്പോൾ അന്തിമയുദ്ധത്തിൽ യഥാർത്ഥ വിജയി കർണ്ണനാണെന്ന സൂചനയും ഇത് നൽകുന്നു .

ഇത്തരത്തിലുള്ള കർണ്ണന്റെ വീര്യം അറിയാവുന്നതു കൊണ്ടാകണം ഇന്ദ്രനുൾപ്പെടെയുള്ള ദേവന്മാർ പോലും കർണ്ണനെ ഇത്രയധികം ഭയന്നതും കർണ്ണന്റെ കവചകുണ്ഡലങ്ങൾ ഇരന്നു വാങ്ങിയും മറ്റും അദ്ദേഹത്തെ ചതിക്കുവാൻ വളരെയേറെ ശ്രമിച്ചതും . കൂടാതെ കർണ്ണനെ ഭയന്ന് യുധിഷ്ഠിരൻ പതിമൂന്നു കൊല്ലം ശരിക്കുറങ്ങിയിരുന്നില്ലെന്ന് അദ്ദേഹം തന്നെ കർണ്ണവധം നടന്ന ദിവസം പറയുന്നുണ്ട് .

അവലംബം

[തിരുത്തുക]
  1. KMG Mahabharathaകർണ്ണപർവ്വം , അദ്ധ്യായം 90,കർണാർജ്ജുനയുദ്ധം
  2. KMG Mahabharathaകർണ്ണപർവ്വം , അദ്ധ്യായം 91 , കർണ്ണൻ അർജ്ജുനനെ ബോധം കെടുത്തുന്നു .തുടർന്ന് അർജ്ജുനന്റെ ചതിയാലുള്ള കർണ്ണവധം
  3. 3.0 3.1 KMG Translation of Mahabharatha Karna Parva Chapter 56
  4. KMG Translation of Mahabharatha Karna Parva Chapter 51, Karna defeats Bhima
  5. KMG Translation of Mahabharatha Karna Parva Chapter 90
  6. 6.0 6.1 KMG Translation of Mahabharatha Shalya Parva Chapter 62
  7. KMG Translation of Mahabharatha Drona Parva Chapter 180

[1]

[2]

[3]

[4]

[5]

[6]

[7]


  1. Read history of Dhillons read history of dhillons.
  2. Read history of Dhillons 2 read history of dhillons2
  3. History of Jats and DhillonsHistory of Jats and dhillons
  4. History of Dhillons and Jats History of dhillons and Jats
  5. ബോറി(BORI) ഭാരതം , സംസ്കൃതം
  6. "വിദ്വാൻ കെ പ്രകാശം ചെയ്ത മഹാഭാരതം വിവർത്തനം".
  7. "Kisori Mohan Ganguly-യുടെ ആംഗലേയ മഹാഭാരതം വിവർത്തനം".
"https://ml.wikipedia.org/w/index.php?title=കർണ്ണൻ&oldid=4117306" എന്ന താളിൽനിന്ന് ശേഖരിച്ചത്