പശുയാഗം
പശുവിനെ അഥവാ ആരോഗ്യവാനായ ഒരു മൃഗത്തെ ബലികൊടുത്തു��ൊണ്ടുള്ള ഒരു യാഗമാണ് പശുയാഗം . രാജസൂയം , അശ്വമേധം തുടങ്ങിയ യാഗങ്ങളുടെ ഭാഗമായും ഇത് നടത്തപ്പെടുന്നു . പശു എന്നാൽ മൃഗം എന്നേ അർത്ഥമുള്ളൂ . അഗ്ന്യാധാനം ചെയ്ത ഒരു ആചാര്യൻ പ്രതിവർഷം അനുഷ്ഠിക്കേണ്ടതായ ഒരു യാഗമാണിത് .
യാഗരീതി
[തിരുത്തുക]അഗ്ന്യാധാനം ചെയ്ത ഒരു ആചാര്യൻ നിർബന്ധമായും പ്രതിവർഷം ഒരെണ്ണം ചെയ്തിരിക്കണമെന്നു വിധിയുണ്ട് . ഒന്നിലധികമായാലും കുഴപ്പമില്ല . അധികസ്യ അധികം ഫലം . വർഷത്തിൽ ഒരു പശുയാഗം മാത്രമെങ്കിൽ അത് മഴക്കാലത്തും , രണ്ടു പ്രാവശ്യമാണെങ്കിൽ അതിൽ ഒരെണ്ണം ഉത്തരായണത്തിലും , മറ്റേതു ദക്ഷിണായനത്തിലും ആകാം . ആറു പ്രാവശ്യമെങ്കിൽ ആറു ഋതുക്കളിലായി ചെയ്യണം . ഒരു ഋതു എന്നത് രണ്ടു മാസം .
ഈ യാഗത്തിന്റെ പ്രകൃതി; പ്രാജാപത്യ രീതിയാണ് . ആടാണ് പ്രാജാപത്യ പശുയാഗത്തിലെ ബലിമൃഗം . ആടിന്റെ ഹൃദയം , കരള് തുടങ്ങിയ അവയവങ്ങൾ ഹോമിക്കപ്പെടുന്നു . ഈ യാഗത്തിന്റെ ദേവതകളിൽ പ്രധാനപ്പെട്ടവർ - പ്രജാപതി , സൂര്യൻ , അഗ്നി , ഇന്ദ്രൻ എന്നിവരാകുന്നു . പ്രാജാപത്യ രീതിയിലുള്ള പശുയാഗത്തിന് ആറ് പുരോഹിതന്മാർ വേണമെന്നാണ് വേദവിധി . അധ്വര്യൂ , പ്രതിപ്രസ്ഥാതൻ , ഹോതൻ , മൈത്രാവരുണൻ, അഗ്നീത് , ബ്രഹ്മൻ എന്നിവരാണ് ആ പുരോഹിതന്മാർ(ഋതിക്കുകൽ).
ഇഷ്ടിയാഗങ്ങളിൽ അനുവാക്യങ്ങളും യാജ്യകളും ഹോതാവ് എന്ന ഋതിക്ക് തന്നെയാണ് ചൊല്ലുക . എന്നാൽ പശുയാഗങ്ങളിൽ യാജ്യകൾ ഹോതാവും , അനുവാക്യങ്ങൾ മൈത്രാവരുണനും ചൊല്ലുന്നു . പ്രൈഷ മന്ത്രങ്ങളും മൈത്രാവരുണൻ ചൊല്ലണം .
പശുയാഗത്തിൽ മൃഗത്തെ ബന്ധിക്കുവാൻ യൂപം(തറ കുറ്റി) വേണം . നാലുതരം വൃക്ഷങ്ങൾ കൊണ്ട് മാത്രമേ യൂപം നിർമ്മിക്കാവൂ . പ്ളാവ് , ഖാദിരം , കൂവളം , രോഹിതകം എന്നിവയാണവ . സ്വർഗ്ഗവാസമാണ് യാഗത്തിന്റെ ഉദ്ദേശമെങ്കിൽ ഖാദിരമരവും , അന്നവും പുഷ്ടിയും ആഗ്രഹിച്ചുള്ള യാഗമെങ്കിൽ കൂവളവും , മനഃശക്തിയും ആത്മീയ ഉന്നതിയുമാണ് യാഗത്തിന്റെ ലക്ഷ്യമെങ്കിൽ , പ്ളാവും തറകുറ്റിയാക്കണം . യാഗവേദിയുടെ കിഴക്കുഭാഗത്ത് യൂപം അടിച്ചു കയറ്റണം . അതിൽ കെട്ടിയിരിക്കുന്ന മൃഗത്തെ അഗ്നയേ ത്വാ ജുഷ്ടമുപാകരോമി- എന്ന മന്ത്രം കൊണ്ട് സ്പർശിക്കുക .ഇതിനെ ഉപാകരണം എന്നറിയപ്പെടുന്നു .
യാതൊരു കുറവുകളുമില്ലാത്ത ആരോഗ്യവാനായ കോലാട് ആണ് മൃഗം . മൃഗത്തിന് യാതൊരു ദന്തവൈകൃതവും പാടില്ല . നല്ല പല്ലുകളുണ്ടാകണം . ശേഷം ആ മൃഗത്തെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു . ശമിതാവ് എന്ന ഋതിക്കാണ് ബലിമൃഗത്തിന്റെ അവയവങ്ങൾ മുറിച്ചെടുത്തു വേവിക്കുന്നതു . ഇങ്ങനെ ബലിമാംസം ഒരുക്കുന്ന യാഗവേദിയിലെ സ്ഥലം ശാമിത്രം എന്നറിയപ്പെടുന്നു . മൃഗത്തിന്റെ ഹൃദയഭാഗത്തെ പ്രത്യേകമായി എടുത്ത് അധ്വര്യു ആവഹനീയാഗ്നിയിൽ ഹോമിക്കുന്നു . അതിനു ശേഷം മൃഗത്തിന്റെ ചില പ്രത്യേക അവയവങ്ങൾ മുറിച്ചെടുത്ത് ശാമിത്രത്തിലെ അഗ്നിയിൽ വേവിക്കണം . ഇതും ശമിതാവ് ചെയ്യണം .
ഈ അവയവങ്ങൾ വേവിച്ചെടുക്കുന്ന സമയത്ത് പുരോഡാശം കൊണ്ട് ഒരു ഹോമമുണ്ട് . അതിനു ശേഷം പ്രതിപ്രസ്ഥാവു ഒഴികെ മറ്റുള്ള ഋതിക്കുകൽ യജമാനനോടൊപ്പം(യാഗം ചെയ്യിക്കുന്ന ബ്രാഹ്മണൻ) അവ ( ഹോമശേഷം ബാക്കിയുള്ള മാംസം ) ഭക്ഷിക്കുന്നു . ഇഡാ ഭക്ഷണം എന്നാണു അതിനെ പറയുക . തുടർന്ന് വേവിച്ചെടുത്ത ബാക്കി വരുന്ന മാംസം ചെറുതായി നുറുക്കി , ആവഹനീയാഗ്നിയിൽ ഹോമിക്കുന്നു .ദ്രവരൂപത്തിലുള്ള മൃഗത്തിന്റെ വസയും ഹോമിക്കുന്നു . 11 അനുയാജങ്ങളോടും പത്നീസംയാജത്തോടും ചടങ്ങു അവസാനിക്കുന്നു . [1] [2]