Jump to content

സെന്റാറസ് നക്ഷത്രഗണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Centaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹിഷാസുരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മഹിഷാസുരൻ (വിവക്ഷകൾ) എന്ന താൾ കാണുക. മഹിഷാസുരൻ (വിവക്ഷകൾ)
മഹിഷാസുരൻ (Centaurus)
മഹിഷാസുരൻ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മഹിഷാസുരൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cen
Genitive: Centauri
ഖഗോളരേഖാംശം: 13 h
അവനമനം: −50°
വിസ്തീർണ്ണം: 1060 ചതുരശ്ര ഡിഗ്രി.
 (9-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
11
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
69
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
8
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
9
സമീപ നക്ഷത്രങ്ങൾ: 15
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ആൽഫ സെന്റോറി
(റിജിൽ കെന്റ്)

(α Cen)
 (−0.01m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
പ്രോക്സിമ സെന്റോറി (α Cen C)

 (4.22 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Alpha Centaurids
Omicron Centaurids
Theta Centaurids
സമീപമുള്ള
നക്ഷത്രരാശികൾ:
ശലഭശുണ്ഡം (Antlia)
ഓരായം (Carina)
ചുരുളൻ (Circinus)
ത്രിശങ്കു (Crux)
ആയില്യൻ (Hydra)
വൃകം (Lupus)
മഷികം (Musca)
കപ്പൽ‌പായ (Vela)
അക്ഷാംശം +25° നും −90° നും ഇടയിൽ ദൃശ്യമാണ്‌
മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രഗണമാണ് സെന്റാറസ് (Centaurus). മലയാളത്തിൽ മഹിഷാസുരൻ എന്ന് പറയുന്നു. ഇത് വളരെ വലുതും പ്രകാശമാനം കൂടിയ നക്ഷത്രങ്ങളുള്ളതിനാൽ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നതുമാണ്‌. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റോറി ഈ നക്ഷത്രരാശിയിലാണ്‌. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 ഗണങ്ങളുള്ള നക്ഷത്രപട്ടികയിലും 88 ഗണങ്ങളുള്ള ആധുനിക ഗണങ്ങളുടെ പട്ടികയിലും ഇത് ഉൾപ്പെടുന്നു. ഗ്രീക്ക് പുരാണങ്ങളിലെ പകുതി മനുഷ്യന്റെയും പകുതി കുതിരയുടെയും രൂപമുള്ള സെന്റോറുകളിൽ നിന്നാണ് ഈ പേരു സ്വീകരിച്ചത്. വലിയ നക്ഷത്രങ്ങളിലൊന്നായ HR 5171, ആകാശഗംഗയിലെ ഏറ്റവും തിളക്കം കൂടിയ ഗോളീയ താരവ്യൂഹമായ ഒമേഗ സെന്റൗറിയും ഇതിലാണുള്ളത്.

ഐതിഹ്യം, ചരിത്രം

[തിരുത്തുക]
1602ലെ ഒരു ചിത്രീകരണം

ഇപ്പോൾ തെക്കേ ചക്രവാളരേഖയിൽ നിന്നും കുറെ ഉയർന്നാണ് സെന്റാറസിനെ കാണുക. എന്നാൽ സംസ്കാരങ്ങൾ ഉദയം കൊള്ളുന്ന കാലത്ത് ഇതൊരു മദ്ധ്യരേഖാ നക്ഷത്രരാശിയായിരുന്നു. സഹസ്രാബ്ദങ്ങളിലൂടെയുള്ള പുരസ്സരണത്തിന്റെ ഫലമായാണ് അത് ഇന്നത്തെ സ്ഥാനത്തെത്തിയത്. ഏതാണ്ട് 7000 വർഷങ്ങൾ കൂടി കഴിയുമ്പോൾ ഇത് വടക്കെ അക്ഷാംശത്തിലുള്ളവർക്ക് കാണാൻ കഴിയുന്നതിന്റെ പരമാവധി ഉയരത്തിലെത്തും.

ബാബിലോണിയക്കാർ ഇതിന് ഒരു കാട്ടുപോത്തും മനുഷ്യനും ചേർന്ന രൂപമാണ് നൽകിയത്. പുരാതനകാലത്ത് ബാബിലോണിയക്കാർ ആരാധിച്ചിരുന്ന ഉത്തു-ഷമാഷ് എന്ന സൂര്യദേവന്റെ രൂപമാണിത്.[1] ഗ്രീക്കുകാർ അവരുടെ ഐതിഹ്യങ്ങളിലുള്ള സെന്റോറുകളുടെ രൂപമാണ് ഈ നക്ഷത്രരാശിക്കു നൽകിയത്. മുകളിൽ മനുഷ്യശരീരവും താഴെ കുതിരയുടെ ശരീരവും ചേർന്ന രൂപമാണിതിന്. ബി.സി.ഇ നാലാം നൂറ്റാണ്ടിൽ പ്രസിദ്ധ യവന ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന യൂഡോക്സസും ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ ഗ്രീക്കു കവിയായിരുന്ന അരാറ്റസും സെന്റാറസ്സിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. സി.ഇ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമി അദ്ദേഹത്തിന്റെ കാറ്റലോഗിലും സെന്റാറസ്സിനെ ചേർത്തിട്ടുണ്ട്. അന്ന് ഇന്നത്തേക്കാൾ വലിയതായിരുന്നു സെന്റാറസ്. വൃകം രാശിയും ഇതോടു ചേർത്താണ് അന്ന് ചിത്രീകരിച്ചിരുന്നത്. സെന്റാറസിന്റെ കുന്തത്തിൽ കോർത്��� ഒരു മൃഗമായാണ് അക്കാലത്ത് സെന്റാറസിനെ അവതരിപ്പിച്ചത്.[2] ഇപ്പോൾ പ്രത്യേക നക്ഷത്രരാശിയായി കണക്കാക്കുന്ന തൃശങ്കു രാശിയെ സെന്റാറസിന്റെ കാലായാണ് അടയാളപ്പെടുത്തിയിരുന്നത്. ഇപ്പോൾ ചെറിയൊരു രാശിയായി കണക്കാക്കുന്ന ചുരുളൻ സെന്റാറസിന്റെ മുന്നിലെ കുളമ്പിനു താഴെയായി പ്രത്യേകം രൂപമൊന്നുമില്ലാത്ത കുറച്ചു നക്ഷത്രങ്ങളായാണ് ചിത്രീകരിച്ചത്.

റോമൻ കവിയായിരുന്ന ഓവിഡ് സെന്റാറസിനെ സെന്റോറുകളിലെ ഏറ്റവും സമർത്ഥനായ കൈരൻ ആയാണ് അവതരിപ്പിച്ചത്. ഗ്രീക്ക് ഇതിഹാസനായകൻമാരായ ഹെരാക്ലീസ്, തീസ്യൂസ്, ജാസൺ എന്നിവരുടെ അദ്ധ്യാപകനാണ് കൈരൻ. ധനു രാശിയേയും സെന്റോറിന്റെ രൂപത്തിലാണ് ഗ്രീക്കുകാർ ചിത്രീകരിച്ചത്. ഇവ രണ്ടും വ്യത്യസ്തമായി തന്നെ തിരിച്ചറിയേണ്ടതുണ്ട്. കൈരൻ ഹെർക്കുലീന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ കൈവിട്ടു പോയ അമ്പേറ്റാണ് മരിക്കുന്നത്. പിന്നീട് കൈരനെ ആകാശത്ത് പ്രതിഷ്ഠിച്ചു എന്നാണ് കഥ.[3]

ചൈനീസ് ജ്യോതിഃശാസ്ത്രജ്ഞർ സെന്റാറസിനെ തെക്കിന്റെ അസൂർ ഡ്രാഗൺ, തെക്കിന്റെ വെർമീല്യൻ പക്ഷി, തെക്കൻ ആസ്റ്ററിസം എന്നീ കൂട്ടങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലെ കുറെ നക്ഷത്രങ്ങളെ ചൈനയിൽ നിന്നും കാണാൻ കഴിയുമായിരുന്നില്ല. ഇവയെയാണ് സൂ ക്വാങ്ജി തെക്കൻ ആസ്റ്ററിസം എന്ന കൂട്ടത്തിൽ ഉൾപ്പെടുത്തിയത്. ഇവയെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന് ലഭിച്ചത് യൂറോപ്യൻ നക്ഷത്ര കാറ്റലോഗുകളിൽ നിന്നാണ്. എങ്കിലും ഈ രാശിയിലെ തിളക്കമുള്ള പല നക്ഷത്രങ്ങളും ചൈനയിൽ ദൃശ്യമായിരുന്നു.

നക്ഷത്രങ്ങൾ

[തിരുത്തുക]

തിളക്കം കൂടിയ ധാരാളം നക്ഷത്രങ്ങളുള്ള ഒരു രാശിയാണ് സെന്റാറസ്. ഇതിലെ ആൽഫ, ബീറ്റ നക്ഷത്രങ്ങൾ തൃശങ്കുവിലേക്കുള്ള ചൂണ്ടുകോൽ നക്ഷത്രങ്ങളാണ്. കാന്തിമാനം 6.5നു മുകളിലുള്ള 281 നക്ഷത്രങ്ങളാണ് ഇതിലുള്ളത്. നഗ്നനേത്രങ്ങൾ കണാൻ കഴിയുന്ന ഇത്രയും നക്ഷത്രങ്ങൾ മറ്റൊരു രാശിയിലും കാണില്ല. വളരെ ഉയർന്ന സ്വാഭാവിക ചലനം രേഖപ്പെടുത്തിയിട്ടുള്ള നക്ഷത്രമാണ് ആൽഫ സെന്റൗറി. ഏകദേശം 4000 വർഷം കൊണ്ട് ബീറ്റ സെന്റൗറിയിൽ നിന്ന് അര ഡിഗ്രി സ്ഥാനവ്യത്യാസമാണ് ഇതിനുണ്ടാവുന്നത്.[3]

സൗരയൂഥത്തിനടുത്തുള്ള നക്ഷത്രവ്യവസ്ഥയാണ് ആൽഫാ സെന്റൗറി. ആൽഫ സെന്റൗറി എ, ബി എന്നിവയടങ്ങിയ ദ്വന്ദ്വനക്ഷത്രവും പ്രോക്സിമ സെന്റോറിയും എന്നിവയും ചേർന്ന ത്രിനക്ഷത്രവ്യവസ്ഥയാണിത്. ആൽഫ സെന്റൗറി എയുടെ ഔദ്യോഗിക നാമം റിജിൽ കെന്റോറസ് എന്നും ആൽഫ സെന്റൗറി ബിയുടെ ഔദ്യോഗിക നാമം ടോളിമാൻ എന്നുമാണ്. ഭൂമിയിൽ നിന്നും 4.4 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഈ നക്ഷത്രവ്യവസ്ഥയുടെ കാന്തിമാനം -0.28 ആണ്. ആൽഫ സെന്റൗറി എ, ബി എന്നിവ മഞ്ഞനക്ഷത്രങ്ങളാണ്. പ്രോക്സിമാ സെന്റൗറി ചുവപ്പുകുള്ളൻ നക്ഷത്രവുമാണ്. പ്രോക്സിമാ സെന്റൗറി ഒരു ജ്വാലാനക്ഷത്രം കൂടിയായതു കൊണ്ട് ഇതിൽ നിന്നുയരുന്ന ജ്വാലകൾ ഏതാനം മിനിറ്റു നേരത്തേക്ക് ഇതിന്റെ തിളക്കം വർദ്ധിപ്പിക്കാറുണ്ട്. ആൽഫ സെന്റൗറിയും പ്രോക്സിമാ സെന്റൗറിയും ഒരു ഭ്രമണം പൂർത്തയാക്കാൻ ഏകദേശം 80 വർഷമാണ് എടുക്കുന്നത്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിൽ മൂന്നാം സ്ഥാനമാണ് ആൽഫാ സെന്റൗറിക്കുള്ളത്. [3]

ഹെയ്ഡാർ എന്നു പേരുള്ള ബീറ്റ സെന്റൗറി ഭൂമിയിൽ നിന്നും 525 പ്രകാശവർഷം അകലെ കിടക്കുന്നു. ഇതൊരു ഇരട്ടനക്ഷത്രമാണ്. പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 0.6ഉം ദിദീയനക്ഷത്രത്തിന്റേത് 4ഉം ആണ്. ഗാമ സെന്റൗറിയും ഒരു ഇരട്ട നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 2.2 ആണ്. ഒരു ഭ്രമണം പൂർത്തിയാക്കാനെടുക്കുന്ന കാലയളവ് 84 വർഷങ്ങളാണ്.[3] മറ്റൊരു ഇരട്ടനക്ഷത്രം 3 സെന്റൗറി ആണ��. ഭൂമിയിൽ നിന്ന് 344 പ്രകാശവർഷം അകലെ കിടക്കുന്ന പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 4.5ഉം ദ്വിദീയ നക്ഷത്രത്തിന്റേത് 6ഉം ആണ്.[3]

നിരവധി ചരനക്ഷത്രങ്ങളെ കൂടി ഉൾക്കൊള്ളുന്ന ഗണമാണ് സെന്റോറസ്. ആർ സെന്റൗറി ഒരു മിറാ ചരനക്ഷത്രം ആണ്. ഇതിന്റെ കുറഞ്ഞ കാന്തിമാനം 11.8ഉം കൂടിയത് 5.3ഉം ആണ്. ഒരു പരിക്രമണം പൂർത്തിയാക്കാൻ 18 മാസങ്ങൾ എടുക്കുന്ന ഈ നക്ഷത്രം ഭൂമിയിൽ നിന്ന് 1250 പ്രകാശവർഷം അകലെയാണ്.[3] വി 810 സെന്റൗറി ഒരു അർദ്ധചരനക്ഷത്രമാണ്.

ബി പി എം 37093 ഒരു വെളുത്ത കുള്ളൻ നക്ഷത്രമാണ്. കാർബണിന്റെ പരൽരൂപമായ വജ്രം ഇതിലെ ഒരു പ്രധാന ഘടകം ആണ് എന്നു കരുതുന്നു. ലൂസി ഇൻ ദ സ്കൈ വിത്ത് ഡയമണ്ട് എന്ന ഗാനത്തെ സ്മരിച്ചുകൊണ്ട് ലൂസി എന്ന പേരിലും ഈ നക്ഷത്രം അറിയപ്പെടുന്നു.[4]

സെന്റാറസ് നക്ഷത്രഗണം രാത്രികാഴ്ച

ജ്യോതിശാസ്ത്രവസ്തുക്കൾ

[തിരുത്തുക]

നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന ഒരു ഗോളീയ താരവ്യൂഹമാണ് ഒമേഗ സെന്റൗറി. 17,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ വ്യാസം 150 പ്രകാശവർഷമാണ്. ഇത് ആകാശഗംഗയിലെ ഏറ്റവും വലിയതും തിളക്കം കൂടിയതുമായ താരവ്യൂഹമാണ്. വലിപ്പത്തിൽ ഇതിന്റ തൊട്ടു താഴെയുള്ളതിന്റെ പത്തു മടങ്ങാണ് ഇതിന്റെ വലിപ്പം.[5] ഇതിന്റെ കാന്തിമാനം 3.7 ആണ്. സൂര്യന്റെ പത്തു ലക്ഷം മടങ്ങ് തിളക്കമുണ്ട് ഇതിന്.[3] ഒമെഗ സെന്റൗറി താരവ്യൂഹങ്ങളുടെ വർഗ്ഗീകരണത്തിൽ ക്ലാസ് VIII വിഭാഗത്തിലാണ് വരുന്നത്. ഇതിനർത്ഥം ഇതിന്റെ മദ്ധ്യഭാഗത്ത് നക്ഷത്രസാന്ദ്രത കുറവാണ് എന്നാണ്. ബെയറുടെ നാമകരണ സമ്പ്രദായം അനുസരിച്ച് പേര് നൽകിയ ഏക ഗോളീയ താരവ്യൂഹവും ഇതു തന്നെയാണ്. ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം അനുസരിച്ച് പേരു നൽകിയ എക ഗോളീയ താരവ്യൂഹമാണ് 47 ടുകാന.[6] ഒമേഗ സെന്റൗറിയിൽ ലക്ഷക്കണക്കിന് നക്ഷത്രങ്ങളുണ്ട്. ഇതിൽ ഭൂരിഭാഗവും മഞ്ഞക്കുള്ളൻ നക്ഷത്രങ്ങളാണ്. ചുവപ്പുഭീമൻ നക്ഷത്രങ്ങളും നീല നക്ഷത്രങ്ങളും ഇതിൽ ഉൾക്കൊണ്ടിട്ടുണ്ട്. നക്ഷത്രങ്ങളും ശരാശരി പ്രായം 1200 കോടി വർഷങ്ങളാണ്. ഇത് ആകാശഗംഗയുമായി സംയോജിച്ച മറ്റൊരു താരാപഥത്തിന്റെ കേന്ദ്രഭാഗം ആകാമെന്ന സന്ദേഹം ജ്യോതിഃശാസ്ത്രജ്ഞരിലുണ്ട്. 1677ൽ ഇംഗ്ലീഷ് ജ്യോതിഃശാസ്ത്രജ്ഞനായ എഡ്മണ്ട് ഹാലി ആണ് ഇതൊരു നക്ഷത്രമല്ല എന്നു തിരിച്ചറിഞ്ഞത്.[5] അതു വരെ ഒമേഗ സെന്റൗറിയെ ഒരു നക്ഷത്രമായാണ് കണക്കാക്കിയിരുന്നത്. ഇതൊരു ഗോളീയ താരവ്യൂഹമാണ് എന്നു തിരിച്ചറിഞ്ഞത് 1827ൽ ജെയിംസ് ഡൺലപ് ആണ്.[7] നഗ്നനേത്രങ്ങൾ കൊണ്ടു നോക്കുമ്പോൾ ഒമേഗ സെന്റൗറി അവ്യക്തമായ വൃത്തരൂപത്തിലാണ് കാണുക. ഏകദേശം അര ഡിഗ്രി വ്യാസമാണ് ഇതിനുള്ളത്. അതായത് പൂർണ്ണചന്ദ്രന്റെ വലിപ്പം.[3]

ഗോളീയ താരവ്യൂഹമായ ഒമേഗ സെന്റോറി

സെന്റാറസിൽ തുറന്ന താരവ്യൂഹങ്ങളുമുണ്ട്. ഭൂമിയിൽ നിന്നും 6300 പ്രകാശവർഷം അകലെ കിടക്കുന്ന എൻ ജി സി 3766 അതിലൊന്നാണ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവുന്ന ഇതിൽ ഏകദേശം 100 നക്ഷത്രങ്ങളുണ്ട്. ഇതിന്റെ കാന്തിമാനം 7 ആണ്. എൻ ജി സി 5460 നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന മറ്റൊരു തുറന്ന താരവ്യൂഹം. ഭൂമിയിൽ നിന്ന് 2300 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിൽ ഏകദേശം 40 നക്ഷത്രങ്ങൾ ഉണ്ട്. കാന്തിമാനം 6 ആണ്.[3]

സെന്റാറസ്സിലെ തിളക്കമുള്ള ഗ്രഹ നീഹാരികയാണ് എൻ ജി സി 3918. ഇതിനെ ബ്ലൂ പ്ലാനറ്ററി എന്നും അറിയപ്പെടുന്നു. ഇതിന്റെ ആകെ കാന്തിമാനം 8ഉം കേന്ദ്രനക്ഷത്രത്തിന്റെ കാന്തിമാനം 11ഉം ആണ്. ഭൂമിയിൽ നിന്നും 2600 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ജോൺ ഹെർഷെൽ ആണ് ഇത് കണ്ടെത്തിയത്. യുറാനസിന്റെ നിറത്തോട് സാമ്യമുള്ളതിനാലാണ് അദ്ദേഹം ഇതിനെ ബ്ലൂ പ്ലാനറ്ററി എന്നു വിളിച്ചത്.[3]

സെന്റാറസ് കുറെ താരാപഥങ്ങളെ കൂടി ഉൾക്കൊള്ളുന്ന നക്ഷത്രരാശിയാണ്. ഇതിലെ സവിശേഷമായ ഒരു സർപ്പിള താരാപഥമാണ് എൻ ജി സി 4622. സാധാരണ താരാപഥങ്ങളിൽ അതിന്റെ ഡിസ്കിന്റെ ഭ്രമണത്തിന്റെ ദിശയിൽ തന്നെയായിരിക്കും സർപ്പിള കരങ്ങളുടെ ചലനവും. എന്നാൽ ഇതിൽ ഇരുവശങ്ങളിലേക്കും ചലിക്കുന്ന സർപ്പിളകരങ്ങളാണുള്ളത്. രണ്ടു താരാപഥങ്ങൾ കൂട്ടിയിടിച്ചതിന്റെ ഫലമാകാം ഇത്തരമൊരു അസാധാരാണ ഘടന എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.[5] ഇത് സ്ഥിതി ചെയ്യുന്നത് ഭൂമിയിൽ നിന്നും 20 കോടി പ്രകാശവർഷം അകലെയാണ്. എൻ ജി സി 5253 ഒരു ക്രമരഹിത താരാപഥമാണ്. എം 83നടുത്തായാണ് ഇതിനെ കാണാൻ കഴിയുക. ഇതിൽ വലിയ ഒരു നെബുലയും പന്ത്രണ്ടോളം താരവ്യൂഹങ്ങളും ഉണ്ട്.[8] എൻ ജി സി 4945 ഭൂമിയിൽ നിന്നും 130 ലക്ഷം പ്രകാശവർഷം അകലെ കിടക്കുന്ന സർപ്പിള താരാപഥമാണ്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഇതിന്റെ വക്കാണ് കാണാൻ കഴിയുക. ഒരു ചെറിയ ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിച്ചു നോക്കിയാൽ ഒരു ദീപനാളം പോലെ ഇതിനെ കാണാൻ കഴിയും. മറ്റൊന്ന് എൻ ജി സി 5102 ആണ്. ഇതൊരു ദീർഘവൃത്താകാര താരാപഥമാണ്.[9]

ഭൂമിയോടടുത്തു കിടക്കുന്ന സജീവ താരാപഥങ്ങളിൽ ഒന്നാണ് സെന്റാറസ് എ താരാപഥം. എൻ ജി സി 5128 എന്നും ഇത് അറിയപ്പെടുന്നു. ഇതിന്റെ കേന്ദ്രത്തിൽ വളരെ കൂടിയ പിണ്ഡമുള്ള ഒരു തമോദ്വാരം ഉണ്ട്. ഇവിടെ നിന്ന് വളരെ ഉയർന്ന തോതിലുള്ള റേഡിയോ ഉൽസർജ്ജനം നടക്കുന്നുണ്ട്. ഇതിലെ ധൂളീരേഖകൾ പരിഗണിക്കുമ്പോൾ ഇതൊരു സാധാരണ ദീർഘവൃത്താകാര താരാപഥം അല്ല ശാസ്ത്രജ്ഞരുടെ നിഗമനം. മറ്റൊരു സർപ്പിളഗാലക്സിയുമായി സംഗമിച്ചുണ്ടായതാവാം ഇത് എന്നാണ് കരുതുന്നത്.[3] ഈ താരാപഥത്തിന്റെ കാന്തിമാനം 7 ആണ്. ഒരു 12 ഇഞ്ച് അപ്പർച്ചർ ഉള്ള ദൂരദർശിനി ഉപയോഗിച്ചു നോക്കുകയാണെങ്കിൽ ഇതിന്റെ ധൂളീരേഖകൾ നന്നായി കാണാൻ കഴിയും.

ഭൂമിയിൽ നിന്നും 1360 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന പോളാർ-റിങ്ഗാലക്സിയാണ് എൻ ജി സി 4650എ. ഇതിന്റെ ഉൾഭാഗത്ത് ഒരു ദീർഘവൃത്താകാര താരാപഥത്തിലേതു പോലെ പ്രായം കൂടിയ നക്ഷത്രങ്ങളാണ് ഉള്ളത്. എന്നാൽ പുറത്ത് കേന്ദ്രത്തെ ചുറ്റുന്ന നക്ഷത്രങ്ങൾ താരതമ്യേന പ്രായം കുറഞ്ഞവയാണ്. അപഭ്രംശം വന്ന പുറംപാളിയിൽ നിന്നും മനസ്സിലാക്കാവുന്നത് ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഇത് മറ്റൊരു താരാപഥവുമായി കൂട്ടിയിടിച്ചു കാണുമെന്നാണ്. തമോദ്രവ്യത്തെ കുറിച്ചുള്ള പഠനത്തിലും ഈ താരാപഥത്തിനു പ്രാധാന്യമുണ്ട്. കാരണം ഇതിന്റ പുറംപാളിയുടെ ഭ്രമണവേഗത ഈ ഭാഗത്തിന്റെ ആകെ പിണ്ഡത്തിന്റെ അളവുമായി പൊരുത്തപ്പെടുന്നില്ല. എന്നാൽ ഇതിനു ചുറ്റും ഒരു തമോദ്രവ്യവലയം ഉണ്ടെങ്കിൽ ഈ പ്രശ്നം പരിഹരിക്കപ്പെടും.[5]

ഭൂമിയോടടുത്തു കിടക്കുന്ന ഗ്യാലക്സി ക്ലസ്റ്റർ ആണ് സെന്റാറസ് ക്ലസ്റ്റർ. ഭൂമിയിൽ നിന്ന് 1600 ലക്ഷം പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഇതിന് താപനില കുറഞ്ഞതും സാന്ദ്രത കൂടിയതുമായ കേന്ദ്രവും താപനില കൂടിയതും വ്യാപിച്ചു കിടക്കുന്നതുമായ പുറംഭാഗവുമാണുള്ളത്. സൂപ്പർനോവകൾ ധാരാളമുള്ളതിനാൽ സെന്റാറസ് ക്ലസ്റ്ററിലെ ഇൻട്രാക്ലസ്റ്റർ മാദ്ധ്യമത്തിൽ ലോഹസാന്നിദ്ധ്യം വളരെ ഉയർന്ന തോതിലുണ്ട്. ധാരാളമായി കാണുന്ന വാതകത്തിന്റെ ഉത്ഭവം എവിടെ നിന്നാണ് എന്ന കാര്യം അജ്ഞാതമാണ്.[5]

അവലംബം

[തിരുത്തുക]
  1. Babylonian Star-lore by Gavin White, Solaria Pubs, 2008, page 57ff
  2. Allen, Richard Hinckley (1963). Star Names: Their Lore and Meaning. Dover. p. 279. ISBN 978-0-486-21079-7.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 Ridpath & Tirion 2017, pp. 110–113.
  4. "Discovery of largest known diamond". AZoM. February 15, 2004. Retrieved 2008-12-04.
  5. 5.0 5.1 5.2 5.3 5.4 Wilkins, Jamie; Dunn, Robert (2006). 300 Astronomical Objects: A Visual Reference to the Universe (1st ed.). Buffalo, New York: Firefly Books. ISBN 978-1-55407-175-3.
  6. Levy 2005, p. 161.
  7. Levy 2005, p. 163.
  8. Dalrymple 2013, p. 40.
  9. Dalrymple 2013, p. 41.


"https://ml.wikipedia.org/w/index.php?title=സെന്റാറസ്_നക്ഷത്രഗണം&oldid=3778333" എന്ന താളിൽനിന്ന് ശേഖരിച്ചത്