Jump to content

സ്മാർത്തവിചാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ നമ്പൂതിരി സമുദായത്തിൽ നിലനിന്ന ഒരു കുറ്റപരിശോധനാ രീതിയാണ് സ്മാർത്ത വിചാരം. നമ്പൂതിരിസ്ത്രീകൾക്ക് ചാരിത്ര്യദോഷം അഥവാ പരപുരുഷന്മാരുമായി ലൈംഗിക ബന്ധം ആരോപിക്കപ്പെട്ടാൽ അവരെ വിചാരണ ചെയ്യുകയും തീർപ്പ് കല്പിക്കുകയും ചെയ്യുന്നതിനാണ് ഈ രീതി അനുവർത്തിച്ചു പോന്നത്. കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയെ ഒറ്റയ്ക്കു പാർപ്പിക്കുകയും ശേഷം രാജാവിന്റെ സാന്നിദ്ധ്യത്തിൽ വിചാരണ നടത്തുകയുമായിരുന്നു ആദ്യകാലത്തെ രീതി. കുറ്റം ആരോപിക്കപ്പെട്ട സ്ത്രീക്കും അതിൽ പങ്കുള്ള പുരുഷൻ (പുരുഷന്മാർ) എന്നിവർക്കും ചേർന്ന് ഭ്രഷ്ട് കല്പിക്കപ്പെടുന്നതാണ് ഈ വിചാരണയുടെ അവസാനം. അന്തർജ്ജനങ്ങൾക്ക് അടുക്കള ദോഷം സംഭവിക്കുക എന്നാണ്‌ കുറ്റത്തെപ്പറ്റി പറയുക. രാജാവിന്റെ പ്രതിനിധിയുടെ സന്നിധ്യത്തിലാണ്‌ കുറ്റവിചാരണ നടത്തുന്നത്. ഇത്തരം കുറ്റവിചാരണ നടന്നതിൽ ഏറ്റവും പ്രസിദ്ധമായത് കുറിയേടത്ത് താത്രിയുടെ വിചാരണയാണ്‌.( ക്രി.വ.1905) അത് അന്തർജ്ജന സമൂഹത്തിന്റെ ഉള്ളിലെ സംഘർഷങ്ങളുടെ ബഹിർഗമനമായി, നമ്പൂതിരിമാർ ഒഴികെയുള്ള സമൂഹത്തിൽ കോളിളക്കം ഉണ്ടാക്കി. ഇത് കണ്ടു നിരവധി പത്രങ്ങൾ വിമർശിച്ചു. വിവിധ ഘട്ടങ്ങളിലായാണ്‌ സ്മാർത്തവിചാരം നടക്കുന്നത്. എന്നാൽ ഇന്ന് ഇത്തരം ആചാരങ്ങൾ അശേഷം ഇല്ലാതായിരിക്കുന്നു.

കുറ്റാരോപിതരായ സ്ത്രീയുടെ കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ അവരെ ഇല്ലത്തു നിന്നും ദേശത്തുനിന��നും രാജ്യത്തുനിന്നും പുറത്താക്കുന്നു. ഇതിനു മാറ്റമൊന്നുമില്ല. എന്നാൽ പ്രതി ചൂണ്ടിക്കാണിക്കുന്ന തെറ്റുകാരായ പ്രതികൾക്ക് അവർ കുറ്റക്കാരല്ല എന്ന് തെളിയിക്കാൽ അപ്പീൽ പോകാവുന്നതാണ്. ഇതിന് പ്രത്യേകം പമ്പ് അഥവാ സ്മാർത്തന്റെ കല്പന ആവശ്യമാണ്. ഇതുമായി ശുചീന്ദ്രത്ത് കൈമുക്കൽ ചടങ്ങ് നടത്തി അതിൽ വിജയിച്ചാൽ അവരെ കുറ്റാരോപണത്തിൽ നിന്ന് വിമുക്തമാക്കിയിരുന്നു.

കേരളീയസമൂഹം അതിന്റെ അപരിഷ്കൃതത്വത്തിൽനിന്നു നവോത്ഥാനത്തിലേക്കു കുതിച്ചുകൊണ്ടിരുന്ന ഒരു കാലത്താണ് താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം നടന്നത്. 1903-ൽ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി.-യും 1905-ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സാധുജന പരിപാലന സംഘവും രൂപവത്കരിച്ചു കഴിഞ്ഞിരുന്നു.

ഇന്നത്തെ ചുറ്റുപാ��ിൽ ചിന്തിക്കുമ്പോൾ വിചിത്രം എന്നു തോന്നുന്ന പല രീതികളോടെയുമാണ് സ്മാർത്തവിചാരത്തിൽ വിചാരണ നടന്നിരുന്നത്. അഞ്ചാം പുരയിലെ കതകിനു മറവിൽ നിൽ‌ക്കുന്ന ‘സാധനത്തോട്’ സ്മാർത്തൻ ചോദ്യങ്ങൾ ചോദിക്കുകയും അതിനു ദാസി വഴി മറുപടി നൽകുകയുമാണ് രീതി. ‘പട്ടശ്ശൻ‌മാർ’ എന്നു വിളിക്കപ്പെട്ട സ്മാർത്തൻ‌മാർ പാരമ്പര്യമായിത്തന്നെ ഇത്തരം കുറ്റവിചാരണകളിൽ പരിശീ‍ലനം നേടിയവരായിരുന്നു. എന്നാൽ പലപ്പൊഴും ‘സാധനത്തെക്കൊണ്ട്‘ കുറ്റം സമ്മതിപ്പിക്കുന്നതുവരെയേ വിചാരണ നീണ്ടിരുന്നുള്ളൂ. ചിലപ്പോൾ ദിവസങ്ങളും മാസങ്ങളോളവും വേണ്ടി വന്നേയ്ക്കാം. കുറ്റം സമ്മതിപ്പിക്കാൻ ദണ്ഡനമുറകൾ സ്വീകരിച്ചിരുന്നതിനെക്കുറിച്ച് വില്യം ലോഗന്റെ മലബാർ മാന്വലിൽ വിവരിക്കുന്നുണ്ട്. ആരോപണവിധേയ കുറ്റം സമ്മതിക്കുകയും കൂട്ടുപ്രതികളെക്കുറിച്ച് തെളിവുസഹിതം വിളിച്ചുപറയുകയും ചെയ്താൽ തെളിവുകൾ വിശകലനം ചെയ്ത് ‘സാധന’ത്തോടൊപ്പം പ്രതികളെയും സമുദായത്തിൽനിന്ന് ഭ്രഷ്ട് കൽപ്പിച്ചു പുറത്താക്കും.


ചരിത്ര പശ്ചാത്തലം

[തിരുത്തുക]

നവോത്ഥാന കാലത്തിനു മുമ്പുതന്നെ കേരളത്തിലെ കീഴാളസമുദായങ്ങൾ മിക്കതും സ്ത്രീക്കു കൂടി പ്രാമുഖ്യമുള്ള കുടുംബവ്യവസ്ഥകളെ സ്വീകരിച്ചിരുന്നെങ്കിലും സവർണ്ണ സമുദായങ്ങളിൽ പുരുഷാധിപത്യം ശക്തമായിരുന്നു. ഓരോ ഇല്ലത്തും മൂസ്സാംബൂരി എന്നറിയപ്പെടുന്ന മൂത്ത നമ്പൂതിരിക്കു മാത്രമേ വിവാഹത്തിനു അനുവാദമുണ്ടായിരുന്നുള്ളൂ. അനുജന്മാർ അമ്പലവാസി ഭവനങ്ങളിലും നായർ തറവാടുകളിലും സംബന്ധവുമായി കഴിഞ്ഞു. മൂസാമ്പൂരിമാർ പ്രായവും അവശതയും വകവെക്കാതെ എട്ടും പത്തും വേട്ടു. തൊണ്ണൂറ് കഴിഞ്ഞ വൃദ്ധന് 15 കഴിയാത്ത വധു എന്നതു അക്കാലത്ത് ഒരു പുതിയ കാര്യമായിരുന്നില്ല. [1] നമ്പൂതിരി സമുദായത്തിലെ ഈ കീഴ്വഴക്കം മൂലം വൈവാഹികമോ ലൈംഗികമോ ആയ ജീവിതാനുഭവങ്ങളെ സംബന്ധിച്ചിടത്തോളം അവരിലെ പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിൽ ഭീമമായ അന്തരം നിലനിന്നിരുന്നു. പല അന്തർജ്ജനങ്ങളും ആജീവനാന്തം കന്യകകളായിത്തന്നെ തുടരുവാനും നിർബന്ധിതരായിരുന്നു.

ഘട്ടങ്ങൾ

[തിരുത്തുക]
  1. ദാസീവിചാരം
  2. സാധനത്തെ അഞ്ചാം‌പുരയിലാക്കൽ
  3. സ്മാർത്തവിചാരം
  4. സ്വരൂപം ചൊല്ലൽ
  5. ഉദകവിച്ഛേദനം
  6. ശുദ്ധഭോജനം

എന്നീ ആറുഘട്ടങ്ങളും കുറ്റക്കാരിൽ പുരു‍ഷന്മാർ കുറ്റം നിഷേധിക്കുന്ന പക്ഷം ശുചീന്ദ്രത്ത് കൈമുക്കൽ (തിളച്ച നെയ്യിൽ) അതിൽ ദോഷം ഇല്ലെന്ന് കണ്ടാൽ ശുദ്ധിപത്രം കൊടുക്കുകയും ചെയ്യുമായിരുന്നു.

ദാസീവിചാരം

[തിരുത്തുക]

ദാസീവിചാരം എന്നത് കളങ്കമുണ്ടെന്ന് ശങ്കിക്കുന്ന അന്തർജ്ജനത്തിന്റെ പരിചാരികയെ ചോദ്യം ചെയ്യലാണ്. ഇതിനായി ശങ്കയും തുമ്പും അഥവാ തെളിവ് ആദ്യം ഉണ്ടായിരിക്കണം. ദാസി വൃഷലി എന്നും അറിയപ്പെടുന്നു. സ്മാർത്തവിചാര‍ വിധിയനുസരിച്ച് ഒരു അന്തർജനം കളങ്കപ്പെട്ടു എന്ന് പരാതിയുണ്ടായാൽ ‘ദാസീവിചാരം’ നിശ്ചയിക്കാ‍ൻ ഗ്രാമസഭയിലെ പ്രാമാണിക നമ്പൂതിരിമാർക്കു അധികാരമുണ്ട്. ദാസീവിചാരണയിൽ തന്റെ തമ്പുരാട്ടി പിഴച്ചുപോയി എന്ന് ദാസി ബോധിപ്പിച്ചാൽ പിന്നെ ഗ്രാമസഭയുടെ പ്രതിനിധി മഹാരാജാവിനെ നേരിട്ടുകണ്ട് വിവരം ധരിപ്പിക്കണം. തുടർന്ന് രാ‍ജാവ് ഗ്രാമസഭ ‍‍‍‍‍‍വിളിച്ചുകൂട്ടാൻ പ്രാദേശിക സ്മാർത്തന് രേഖാമൂലം നിർദ്ദേശം നൽ‌കും. അതോടെ സംശയിക്കപ്പെടുന്ന സ്ത്രീ സാധനം എന്നാണറിയപ്പെടുന്നത്, കൂടാതെ അവരെ സ്വന്തം വീട്ടിൽ നിന്നും മാറ്റിപാർപ്പിക്കുകയും ചെയ്യുന്നു.[2]

സാധനത്തെ അഞ്ചാംപുരയിലാക്കൽ

[തിരുത്തുക]

വിചാരം നേരിടുന്ന പെണ്ണ് സാധനം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുറ്റം നടന്നുവെന്ന് ദാസീവിചാരത്തിൽ ഉറപ്പായാൽ ‘സാധനത്തെ’ സ്വന്തം വീട്ടിൽനിന്ന് രാജഭടന്മാരുടെ കാവലുള്ള സുരക്ഷിതമായ ഒരിടത്തേക്കു മാറ്റും. ഈ സ്ഥലം അഞ്ചാംപുര എന്നറിയപ്പെടുന്നു. സാധനത്തിനെ മാനസികമായി തളർത്താനും പുറത്തു നിന്നുള്ള ഉപദേശങ്ങൾ തടയാനുമാണ് ഇത് ചെയ്യുന്നത്. തുടർന്നുള്ള വിചാരണകൾ നടക്കുന്നത് അഞ്ചാംപുരയിൽ വെച്ചാണ്. സ്മാർത്തവിചാരത്തിന്റെ വിചാരണക്കോടതിയായ ഇവിടെ വിചാരണയിൽ താല്പര്യമുള്ളവരെല്ലാം എത്തിച്ചേരും. സ്മാർത്തൻ പുറത്തുനിന്ന് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ദാസി വഴിയാണ് കതകിന്റെ മറവിൽ നിൽക്കുന്ന സ്ത്രീ (സാധനം) ഉത്തരം നൽകുക.

സ്മാർത്തവിചാരം

[തിരുത്തുക]

പ്രതി താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു ക്ഷേത്രത്തിലായിരിക്കും സഭ ചേരുന്നത്. നാടുവാഴി നിയമിച്ചയക്കുന്ന ഒരാളായിരിക്കും നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നത്. വിചാരണക്ക് സ്മാർത്തനും, മീമാംസകർക്കും പുറമെ അകക്കോയ്മ എന്നറിയപ്പെടുന്നൊരു നമ്പൂതിരി കൂടിയുണ്ടായിരിക്കും. പ്രതി താമസിക്കുന്ന വീട്ടിലേക്കു കയറുന്ന സ്മാർത്തനേയും കൂട്ടരേയും വൃഷലി അഥവാ ദാസി വിലക്കുന്നു, ഇതിന്റെ കാരണമന്വേഷിക്കുന്ന സ്മാർത്തനോട് അകത്ത് ഒരാൾ ഉള്ളതുകൊണ്ടാണ് ഇതെന്നു വിശദീകരിക്കുന്നു. കൃതൃമമായ ആശ്ചര്യത്തോടെ ഈ സ്ത്രീ ഇവിടെ എങ്ങനെ വന്നു എന്ന് സ്മാർത്തൻ വൃഷലിയോടു ചോദിക്കുന്നതോടെ, ദാസി കാരണം പറയുന്നു. ഇവിടം മുതൽ സ്മാർത്തവിചാരം ആരംഭിക്കുന്നു.

സ്മാർത്തൻ

[തിരുത്തുക]

കുറ്റവിചാരണക്കു അവിടുത്തെ ഭരണാധിപന്റെ അനുമതി തേടിയിരിക്കണം. നമ്പൂതിരി കുടുംബത്തിൽ നിന്നാണ് വിചാരണയുടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. ഇദ്ദേഹമാണ് സ്മാർത്തൻ എന്നറിയപ്പെടുന്നത്. പ്രതി താമസിക്കുന്ന വീട്ടിൽ എത്തുന്ന സ്മാർത്തൻ വിചാരണ ആരംഭിക്കുന്നു. വാതിലിനു പിന്നിൽ മറഞ്ഞുനിന്ന്, മുഖം തുണിയാൽ മറച്ച് വേണം പ്രതി സ്മാർത്തന്റെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത്. പ്രതി സ്മാർത്തനോട് നേരിട്ടു സംസാരിക്കാൻ പാടില്ല, പകരം പ്രതിയുടെ ഉത്തരങ്ങൾ വൃഷലിയുടെ ചെവിയിൽ വേണം പറയാൻ.[3]

കേരളത്തിൽ നടന്ന സ്മാർത്തവിചാരങ്ങളിൽ ഏറ്റവും വിവാദമായ ഒന്നായിരുന്നു നമ്പൂതിരി കുറിയേടത്ത് താത്രി അഥവാ കുറിയേടത്ത് സാവിത്രിയുടെ വിചാരം. അതിനു മുൻപും പിൻപും സ്മാർത്തവിചാരങ്ങൾ പലതും ഉണ്ടായിട്ടുണ്ട് [4]എങ്കിലും കേരളത്തിൽ വളരെ അധികം കോളിളക്കങ്ങൾ സൃഷ്‌ടിക്കുകയും, ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുകയും ചെയ്ത സ്മാർത്തവിചാരമായിരുന്നു കുറിയേടത്തു താത്രിയുടെത്. സ്മാർത്ത വിചാരണക്കൊടുവിലായി താത്രിയെ കുറ്റക്കാരിയെന്നു കണ്ടെത്തുകയും ഭ്രഷ്ട് കൽപ്പിച്ച് നാടുകടത്തുകയും ചെയ്തു. ഇന്നത്തെ തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ കൽപ്പകശേരി ഇല്ലത്തിലാണ് താത്രി ജനിച്ചത്. പതിമൂന്നാം വയസ്സിൽ തലപ്പള്ളിയിലെ തന്നെ കുന്നംകുളം സമീപമായ ചെമ്മന്തിട്ടെ കുറിയേടത്തില്ലത്തിലെ രാമൻ നമ്പൂതിരിയുമായി വിവാഹിതയായി [5]. 1905-ന്റെ ആദ്യ പകുതിയിലാണ് കുറിയേടത്തു താത്രിയുടെ സ്മാർത്ത വിചാരം ആരംഭിച്ച് പൂർത്തീകരിച്ചത്. താത്രിയുടെ സ്മാർത്ത വിചാരത്തിനൊടുവിൽ താത്രിയും ഭർത്താവും അടക്കം 66 പേർക്ക് ഭ്രഷ്ടുണ്ടായി.ഇവരിൽ ഒരാൾ മാത്രം- പ്രശസ്തനായ കഥകളി കലാകാരൻ കാവുങ്ങൽ പണിക്കർ- ഭ്രഷ്ട് നീക്കി നാട്ടിൽ തിരിച്ചെത്തി. എം ടി വാസുദേവൻ നായരുടെപരിണയം’, മാടമ്പ് കുഞ്ഞുക്കുട്ടന്റെ ‘ഭ്രഷ്ട്’, ഷാജി എൻ കരുണിന്റെവാനപ്രസ്ഥം’, അരവിന്ദന്റെ ‘മാറാട്ടം’ തുടങ്ങി നിരവധി ഉദാത്ത സൃഷ്ടികൾ താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം പ്രമേയമാക്കി. എസ്. രാജേന്ദു രചിച്ച 'വള്ളുവനാട് ഗ്രന്ഥവരി'യിൽ [6] വള്ളുവക്കോനാതിരിമാരുടെ സ്മാർത്തവിചാരാധികാരത്തെക്കുറിച്ചും നിളാതീരത്തെ അനേകം വിചാരങ്ങളെക്കുറിച്ചും പഠനവിധേയമാക്കിയിരിക്കുന്നു. കരിക്കാട് ഗ്രാമക്കാർക്കായിരുന്നു വള്ളുവനാട്ടിലെ സ്മാർത്തവിചാരാധികാരം.

അവലംബം

[തിരുത്തുക]
  1. ആലങ്കോട്, ലീലാകൃഷ്ണൻ. ‘താത്രിക്കുട്ടിയുടെ സ്മാർത്ത വിചാരം’-:. മാതൃഭൂമി ബുക്സ്. {{cite book}}: Cite has empty unknown parameter: |1= (help)
  2. വില്ല്യം, ലോഗൻ (2012-പുനപ്രസിദ്ധീകരണം). മലബാർ മാന്വൽ. മാതൃഭൂമി ബുക്സ്. p. 103. ISBN 978-81-8265-429-7. സ്മാർത്തവിചാരം {{cite book}}: Check date values in: |year= (help)CS1 maint: year (link)
  3. വില്ല്യം, ലോഗൻ (2012-പുനപ്രസിദ്ധീകരണം). മലബാർ മാന്വൽ. മാതൃഭൂമി ബുക്സ്. p. 104. ISBN 978-81-8265-429-7. സ്മാർത്തൻ {{cite book}}: Check date values in: |year= (help)CS1 maint: year (link)
  4. എ.എം.എൻ., ചാക്യാർ. ‘അവസാനത്തെ സ്മാർത്ത വിചാരം’-:. സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് : തിരുവനന്തപുരം. {{cite book}}: Cite has empty unknown parameter: |1= (help)
  5. ഭാസ്കരനുണ്ണി, പി. ‘സ്മാർത്ത വിചാരം’-:. സാഹിത്യ പ്രവർത്തക സഹകരണ സംഘം: കോട്ടയം. {{cite book}}: Cite has empty unknown parameter: |1= (help)
  6. എസ്. രാജേന്ദു (2015). വള്ളുവനാട് ഗ്രന്ഥവരി, കൊല്ലം 990 മുതൽ 1094 വരെ, ഓല 326, 327, 392, 418, 420, 422, 423, 424, 425’. പെരിന്തൽമണ്ണ. {{cite book}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=സ്മാർത്തവിചാരം&oldid=3123344" എന്ന താളിൽനിന്ന് ശേഖരിച്ചത്