Jump to content

വിശുദ്ധ ജോൺ ഡി ബ്രിട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Saint John de Britto
Martyr
ജനനം1 March 1647
Lisbon, Portugal
മരണം11 February 1693
Oriyur, Tamil Nadu, India
വണങ്ങുന്നത്Catholic Church
വാഴ്ത്തപ്പെട്ടത്21 August 1853, Rome by Pope Pius IX
നാമകരണം22 June 1947, Rome by Pope Pius XII
ഓർമ്മത്തിരുന്നാൾ4 February
മദ്ധ്യസ്ഥംPortugal, Roman Catholic Diocese of Sivagangai


ആഗോള കത്തോലിക്ക സഭയിലെ ഒരു വിശുദ്ധനാണ് ജോൺ ഡി ബ്രിട്ടോ (English: John de Britto / John de Brito, Portuguese: João de Brito.) പ്രേഷിതവഴിയിൽ ഭാരതത്തിൽവച്ചു രക്തസാക്ഷിത്വം വരിച്ച ചുരുക്കം വിശുദ്ധരിൽ ഒരാളാണ് ജോൺ ഡി ബ്രിട്ടോ. ജോണിന്റെ സഹോദരൻ ഫെർണാണ്ടോ പെരേര 1722 -ൽ പോർച്ചുഗീസ് ഭാഷയിൽ പ്രസിദ്ധീകരിച്ച "ഡി ബ്രിട്ടോ" എന്ന ഗ്രന്ഥം ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ ഈ വിശുദ്ധന്റെ ജീവചരിത്രം പരിചയപ്പെടുത്തുന്നു. ജോൺ ഡി ബ്രിട്ടോ തന്റെ കുടുംബാംഗങ്ങൾക്കും ഈശോ സഭയിലെ സുപ്പീരിയർക്കും അയച്ച കത്തുകളിൽ നിന്നാണ് അദ്ദേഹത്തിന്റെ സഹോദരൻ ആദ്യ പുസ്തകരചന സാധ്യമാക്കിയത്.[1]

ഡോൺ സാൽവദോർ ഡി ബ്രിട്ടോയുടെയും ഡോണ ബിയാട്രിക് പെരേരയുടെയും മകനായി പോർച്ചുഗലിലെ ലിസ്‌ബണിൽ 1647 മാർച്ച് 1 ന് ജനിച്ചു. ജോൺ ഹെക്ടർ ഡി ബ്രിട്ടോ (John Hector De Britto) എന്നായിരുന്നു മുഴുവൻ പേര്. പിതാവ് ബ്രഗാൻസയിലെ പ്രഭുവിന്റെ അശ്വസൈന്യമേധാവിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഡൊൺ സാൽവദോർ ഡി ബ്രിട്ടോ ബ്രഗാൻസ രാജകുമാരിയുടെ അംഗാരക്ഷാസൈനിക തലവൻ ആയിരുന്നു. പിന്നീട് അദ്ദേഹം ബ്രസീലിലെ വൈസ്രോയ് ആയി നിയമിതനായി. ജോണിനെ ക്രിസ്തീയ വിശ്വാസത്തിൽ എല്ലാ ധ്യാനങ്ങളോടും കൂടെ കൊണ്ടുവരുക എന്നത് ജോണിൻറെ അമ്മ ഡോണ ബേർമിക് പെരേരയുടെ ഒരു പ്രതിജ്ഞയായിരുന്നു. അവന്റെ നേരായ വീക്ഷണത്തെക്കുറിച്ചു പരിചിന്തനം ചെയ്തുകൊണ്ട് കിരീടാവകാശിയുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ അവർ കൊട്ടാരത്തിൽ ജീവിച്ചുപോന്നു.

ക്രിസ്റ്റബോൾ ഹെക്ടർ, ഫെർണാണ്ടോ പെരേര എന്നിവർ സഹോദരന്മാർ. ഈശോസഭ വൈദികർ നടത്തിയിരുന്ന  ലിസ്ബണിലെ വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള സർവകലാശാലയിലായിരുന്നു പഠനം പൂർത്തിയാക്കിയത്. രാജകുമാരന്മാർ ഉൾപ്പെടെ നിരവധി രാജകുടുംബാംഗങ്ങൾ സഹപാഠികളായിരുന്നു. ഈശോസഭയിലെ വൈദികപട്ടം ലഭിക്കുന്ന കാലയളവിൽ സെന്റ് ആന്റണീസ് കോളേജിൽ തത്ത്വശാസ്ത്ര അധ്യാപകനായിരുന്നു. വൈദികനായി പട്ടം കിട്ടിയതിനുശേഷം ഒരു മിഷനറിയാവുക എന്ന തന്റെ അഭിലാഷം ഈശോസഭയിലെ സുപ്പീരിയറിനെ അറിയിക്കുകയായിരുന്നു. തന്റെ പ്രവർത്തന മേഖല ഭാരതമായിരിക്കണം എന്നും അതിയായി ആഗ്രഹിച്ചിരുന്നു ജോൺ.[2]

തുടക്കത്തിൽ ഗോവയിലും കേരളത്തിന്റെ തീരദേശങ്ങളിലും മിഷനറിയായി എത്തിയിരുന്നുവെങ്കിലും തമിഴ് നാട്ടിലെ മധുര മിഷൻ സ്ഥിര പ്രവർത്തനമണ്ഡലമായി തെരഞ്ഞെടുത്തു. കന്യാകുമാരി മുതൽ മദ്രാസ് പ്രസിഡൻസി ഉൾപ്പെടുന്ന പ്രദേശങ്ങൾ വരെ മധുര മിഷൻ പ്രവർത്തന മേഖലയായിരുന്നു. അക്കാലത്തെ ക്രിസ്തുമത പ്രചാരകരിൽ നിന്ന് വ്യത്യസ്തനായി ഹൈന്ദവ സന്യാസിമാരെ അനുകരിച്ചാണ്‌ ജോൺ ഡി ബ്രിട്ടോ പ്രവർത്തിച്ചത്. കാഷായ വേഷം ധരിക്കുകയും സസ്യഭുക്കാകുകയും ചെയ്തു അദ്ദേഹം. "അരുൾ ആനന്ദർ" എന്ന പേരു സ്വീകരിക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിൽ തിരസ്‌കൃതരായിപ്പോയ നിരവധിയാളുകളെ അദ്ദേഹത്തിന് ആകർഷിക്കാനായി. യാഥാസ്ഥിതിക ജാതിസമ്പ്രദായം നിലനിന്നിരുന്ന സമൂഹത്തിൽ എല്ലാ തട്ടുകളിലുമുള്ള ജനവിഭാഗങ്ങളെ സമീപിക്കാനും അത് തുണയായി. അങ്ങനെ രാമനാട്ടുരാജ്യത്തു നിന്ന് നിഷ്കാസിതരായ ഏതാനും രാജകുടുംബാംഗങ്ങളും ക്രിസ്തുമതാനുയായികളായിത്തീർന്നു. ഗ്രാമവും വനവും ഇടകലർന്ന പശ്ചാത്തലത്തിൽ ഒരു ആശ്രമം നിർമിക്കാൻ അദ്ദേഹത്തിനായി. 'പണ്ടാരസ്വാമി' എന്ന ഗ്രാമീണ തമിഴ് സ്ഥാനപ്പേരിനും ജോൺ അങ്ങനെ അർഹനായി.[3]

ഇതേസമയം ഈശോസഭയുടെ മധുര മിഷൻ സുപ്പീരിയറായി അദ്ദേഹം നിയമിതനാവുകയും ചെയ്തു. എങ്കിലും സവർണ വിഭാഗത്തിൻറെ അപ്രീതി അദ്ദേഹത്തിൻറെ മിഷൻ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. അതേസമയം രാമനാട്ടുകര രാജകുമാരനായ തദേയ തേവരെ ആശയപരമായി സ്വാധീനിക്കാനും അദ്ദേഹത്തിനു സാധിച്ചു. ബഹുഭാര്യാത്വം പുലർത്തിയിരുന്ന രാജകുമാരൻ ഏകപത്നീവൃതം സ്വീകരിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിൻറെ ഭാര്യാപദവി അലങ്കരിച്ചിരുന്ന മറവരാജകുടുംബാംഗം ഇതിൽ കോപിഷ്ഠയായി. ഇതിനെത്തുടർന്ന് ജോൺ ഡി ബ്രിട്ടോ തടവിലാക്കപ്പെടുകയും വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു. തലവെട്ടാൻ മടിച്ചുനിന്ന ആരാച്ചാരോട് "ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു കഴിഞ്ഞു, ഇനി താങ്കൾ താങ്കളുടെ ജോലി ധൈര്യപൂർവം നിർവഹിച്ചുകൊള്ളുക" എന്ന് ജോൺ ഡി ബ്രിട്ടോ പറഞ്ഞതായി ചില ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ1693 ഫെബ്രുവരി 4-ന് ഓരിയൂരിൽ സഭയ്ക്കുവേണ്ടി രക്തസാക്ഷിയായി.[4] അദ്ദേഹത്തിന്റെ പേരിൽ അതേ സ്ഥലത്തുതന്നെ ഒരു ദേവാലയം നിർമ്മിക്കപ്പെട്ടു. ഓരിയൂരിലെ മണ്ണിന്റെ ചുവന്ന നിറം ജോൺ ഡി ബ്രിട്ടോയുടെ രക്‌തംചിന്തി വന്നതാണെന്ന് ഒരു പ്രബലമായ വിശ്വാസം അന്നാട്ടുകാർക്കുണ്ട്. അതിനാൽ ചുവന്ന മണ്ണിന്റെ വിശുദ്ധൻ എന്നും അറിയപ്പെടുന്നു.

സെൻറ് ജോൺ ഡി ബ്രിട്ടോ ഷ്റൈൻ അഥവാ അരുളാനന്ദർ ദേവാലയം എന്നാണ് ഓരിയൂരിലെ വിശുദ്ധൻറെ ദേവാലയം അറിയപ്പെടുന്നത്. [5]

1853 ഓഗസ്റ്റ് 21-നു പിയൂസ് ഒൻപതാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ജോൺ ഡി ബ്രിട്ടോയെ 1947 ജൂൺ 22-നു പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്കുയർത്തി.[6]

വിശുദ്ധന്റെ പേരിൽ കേരളത്തിലുള്ള ഏറ്റവും വലിയ ദേവാലയമാണ് കൊല്ലം ജില്ലയിലെ ശക്തികുളങ്ങര വിശുദ്ധ ജോൺ ഡി ബ്രിട്ടോ ദേവാലയം. എല്ലാ വർഷവും ഫെബ്രുവരി മാസം ഈ ദേവാലയത്തിൽ ആഘോഷമായി വിശുദ്ധൻറെ പെരുന്നാൾ കൊണ്ടാടുന്നു. പെരുന്നാൾ തലേന്നു നാടുചുറ്റി നടത്തുന്ന വർണാഭമായ ഇടവകപ്രദക്ഷിണം അനേകം വിശ്വാസികളെ ആകർഷിക്കുന്ന ഒരു വിരുന്നാണ്. 'പാതുകാവലിന്റെ നാടുകാണൽ' എന്നും ഇത് അറിയപ്പെടുന്നു.[7]

ജീവിത രേഖ

[തിരുത്തുക]

1647 മാർച്ച് 1 - പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ചു.

1662 ഡിസംബർ 17 - ഈശോസഭയിൽ ചേർന്നു.

1673 ജനുവരി 20 - വൈദികപട്ടം ലഭിച്ചു.

1673 സെപ്റ്റംബർ 4 - ഭാരതത്തിലെ ഗോവയിലെത്തി.

1674 മുതൽ 1686 വരെ - തമിഴ് നാട്ടിലെ വിവിധ സ്ഥലങ്ങളിൽ

1686 ഡിസംബർ 15 - ഗോവയിലൂടെ ലിസ്ബണിലേക്കു മടക്കം.

1690 ഏപ്രിൽ 7 - വീണ്ടും ഗോവയിലെത്തി.

1692 മേയ് 27 മുതൽ 1693 ഫെബ്രുവരി 4-നു രക്തസാക്ഷിത്വം വരിക്കുന്നതുവരെ തമിഴ് നാട്ടിലെ മറവ ദേശം, രാമനാട്, ഓരിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ.[8]

അവലംബം

[തിരുത്തുക]
  1. Perera, Fernando (1722). De Brito. Lisbon, Portugal.
  2. Mampra S.J, Fr Xavier. St John De Britto Missionary and Martyr in India. Oriyur, Tamil Nadu: Ananda Publications.
  3. [https://www.jesuits.global/saint-blessed/saint-john-de-brito/ / Jesuits] John de Brito
  4. [https://www.jesuit.org.sg/feb-4th-john-de-britto-sj//saint-blessed/saint-john-de-brito/ / The Jesuits Prayer Ministry] Saint John de Britto, SJ
  5. St. John de Britto Church, Oriyur Archived 2022-12-21 at the Wayback Machine Home Page
  6. സ്വാമി എസ്. ജെ, ഫാദർ സി. കെ. ഓരിയൂർ ഒളിവിളക്ക്.
  7. St. John de Britto Church, Oriyur Archived 2022-12-21 at the Wayback Machine About Church
  8. മോൺ: ഫാദർ സ്റ്റാൻസിലാസ് എൽ., ഫെർണാണ്ടസ്. (1939). വിശുദ്ധ ജോൺ ഡി ബ്രിട്ടോ ജീവചരിത്രം. republication(2013), Kollam ,Kerala: Rex Harold.{{cite book}}: CS1 maint: location (link)
"https://ml.wikipedia.org/w/index.php?title=വിശുദ്ധ_ജോൺ_ഡി_ബ്രിട്ടോ&oldid=3969121" എന്ന താളിൽനിന്ന് ശേഖരിച്ചത്