റോബർട്ട് ബ്രിസ്റ്റോ
റോബർട്ട് ചാൾസ് ബ്രിസ്റ്റോ | |
---|---|
ജനനം | 1880, ഡിസംബർ 13 |
മരണം | 1966, സെപ്റ്റംബർ 3 |
വിദ്യാഭ്യാസം | എഞ്ചിനീയറിങ്ങ് ബിരുദം |
തൊഴിൽ | നിർമ്മാണ വിദഗ്ദ്ധൻ |
തൊഴിലുടമ | ഈസ്റ്റ് ഇന്ത്യാ കമ്പനി |
അറിയപ്പെടുന്നത് | കൊച്ചിയെ തുറമുഖമാക്കി വികസിപ്പിച്ചു |
സ്ഥാനപ്പേര് | സർ |
മാതാപിതാക്ക(ൾ) | ആൽഫ്രഡ് ബ്രിസ്റ്റോ ലോറ വെബ്ബ് |
കൊച്ചിയെ ഇന്നത്തെ കൊച്ചിയായും തുറമുഖമായും വികസിപ്പിച്ചതിന്റെ കർത്താവ് അല്ലെങ്കിൽ ആധുനിക കൊച്ചിയുടെ ശില്പി എന്നെല്ലാം വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് റോബർട്ട് ചാൾസ് ബ്രിസ്റ്റോ ഇംഗ്ലീഷ്: Robert Charles Bristo. ആൽഫ്രഡ് ബ്രിസ്റ്റോയുടെയും ലോറ വെബ്ബിന്റെയും മകനായി 1880 -ൽ ലണ്ടനിൽ ജനിച്ചു. ലണ്ടനിലെ സിറ്റി കോളേജിൽ നിന്നും നിർമ്മാണ ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി.
ജീവിത രേഖ
[തിരുത്തുക]- 1880 ജനനം
- 1917 ലണ്ടൻ വൈറ്റ് ഹാളിൽ ചീഫ് എൻജിനീയർ ഓഫീസിൽ
- 1920 തുറമുഖ നവീകരണത്തിനായി കൊച്ചിയിലെത്തി
- 1925 കൊച്ചി തുറമുഖ നിർമ്മാണത്തിന് "ഫോർ പാർട്ടി എഗ്രിമെന്റ്"
- 1928 തുറമുഖ നിർമ്മാണം പൂർണമായി
- 1933 പുതിയ 'വാർക്കത്തുരുത്തി'ന് വില്ലിങ്ടൺ ദ്വീപ് എന്ന് പേരു നൽകി
- 1936 കൊച്ചി മേജർ തുറമുഖമായി
- 1941 ലണ്ടനിലേക്കു മടങ്ങി
- 1966 മരണം
ചരിത്രം
[തിരുത്തുക]പ്രധാന വാണിജ്യകേന്ദ്രമായിരുന്ന മുസിരിസ്സിന്റെ( ഇന്നത്തെ കൊടുങ്ങല്ലൂർ അധ:പതിക്കുകയുണ്ടായി. 1341 കളിൽ പെരിയാറിൽ വെള്ളപ്പൊക്കമുണ്ടായി മുസിരിസ്സിലേക്ക് കപ്പലുകൾ അടുക്കാൻ പറ്റാത്ത വിധം ചളി വന്നടിഞ്ഞ് തടസ്സം രൂപമെടുത്തു.[1] ഏതാണ്ട് വെള്ളപ്പൊക്കത്തിന്റെ ഫലമായാണ് കൊച്ചി അഴിമുഖത്തിന്റെ ജനനവും.[2] പിന്നീട്കോഴിക്കോട്ഒരു തുറമുഖമെന്നനിലയിൽ ശക്തി പ്രാപിക്കുകയും സാമൂതിരി അതു കൈവശപ്പെടുത്തിവയ്ക്കുകയും മുസ്ലീങ്ങൾക്കും അറബി കൾക്കും മാത്രമായി തുറന്നു കൊടുക്കുകയും ചെയ്തു വന്നു. കോഴിക്കോട് തുറമുഖത്തോളം വരില്ലെങ്കിലും കൊച്ചിയിലെ അഴിയിലൂടെ മറ്റു വിദേശീയർ വ്യാപാരം നടത്തി വന്നു. കേരളത്തിന്റെ തീരപ്രദേശങ്ങളുടെ വാണിജ്യവ്യാപരങ്ങളുടെ കുത്തക കൈയടക്കാൻ യൂറോപ്യൻ ശക്തികൾ സ്ഥിരം യുദ്ധങ്ങളിലും ഏർപ്പെട്ടു. കൊച്ചി നിരന്തരം ഇതിനു സാക്ഷ്യം വഹിച്ചു. 1500-ൽ കബ്രാൾ ഇവിടം സ്വന്തമാക്കി.[3] പിന്നീട് 1663-ൽ ഡച്ചുകാർ യുദ്ധം ചെയ്തു ഇതു കീഴ്പ്പെടുത്തി.പിന്നീട് 1795-ൽ ബ്രിട്ടിഷുകാർ ഇത് അവരുടേതാക്കി മാറ്റി. എന്നാൽ ആദ്യകാല ബ്രീട്ടീഷ് ഭരണം പഴയകാലത്തെ ഭരണനേട്ടങ്ങളെ ഇല്ലായ്മ ചെയ്യാൻ മാത്രമായിരുന്നു. കൊച്ചിയിലെ നിരവധി കെട്ടിടങ്ങൾ തകർക്കപ്പെടുകയും പട്ടണം നാശത്തിന്റെ വക്കിൽ എത്തുകയും ചെയ്തു.
എന്നൽ തുറമുഖം എന്ന നിലയിൽ കൊച്ചിയുടെ പ്രാധാന്യം വളരെ വൈകിയാണ് ബ്രീട്ടീഷുകാർ മനസ്സിലാക്കിയത്. വളരെ കാലത്തേയ്ക്ക് വള്ളങ്ങളും ചെറുകപ്പലുകളും മാത്രം പോയിരുന്നതും കടലിൽ നംങ്കൂരമിടുന്ന കപ്പലിൽ നിന്ന് ചരക്ക് കൈമാറ്റം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ളതുമായ ചാലു മാത്രമായിരുനു കൊച്ചി. 1869 -ൽ സൂയസ്സ് കനാൽ തുറന്നതോടെ അതേ നാണയത്തിൽ കൊച്ചിയേയും വികസിപ്പിക്കാം എന്നും കപ്പലുകൾക്ക് ഇടത്താവളമാക്കി മാറ്റാമെന്നുമുള്ള നിർദ്ദേശങ്ങൾ വന്നു. എങ്കിലും വർഷങ്ങൾ (ഏകദേശം 70) പിന്നിട്ടിട്ടും എല്ലാവർക്കും സ്വീകാര്യമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. 1920-ൽ കൊച്ചി തുറമുഖത്തിന്റെ അധികാരം കൈയാളിയിരുന്ന മദ്രാസ് ഗവർണ്മെൻറ് കൊച്ചിയെ ഒരു തുറമുഖമായി വികസിപ്പിക്കാൻ തീരുമനം കൈക്കൊണ്ടപ്പോഴാണ് ആ സ്വപ്നം യാഥാർത്ഥ്യമായത്. തൂത്തുക്കുടി, വിശാഖപട്ടണം, കടല്ലൂർ എന്നീ തുറമുഖങ്ങൾ പ്രവർത്തന രഹിതമായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണം എന്നു കരുതുന്നു. പ്രധാനമായും ചെയ്യേണ്ടിയിരുന്നത് കായലിൽ അടിഞ്ഞു കൂടിയിട്ടുള്ള മണ്ണിനെ മാറ്റി അതിന്റെ ആഴം വർദ്ധിപ്പിക്കുകയായിരുന്നു. ഇതിനായിട്ടാണ് റോബർട്ട് ബ്രിസ്റ്റൊവിനെ ഇംഗ്ലണ്ടിൽ നിന്ന് വരുത്തിയത്. [4]
കൊച്ചിയിൽ
[തിരുത്തുക]1920 നാണ് കൊച്ചിയിൽ എത്തിയത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ എഞ്ചിനീയറായിട്ടായിരുന്നു ആദ്യത്തെ തസ്തിക. അന്ന് 40 വയസ്സുണ്ടായിരുന്ന ബ്രീസ്റ്റോയുടെ പൂർവ്വ ജോലി ചരിത്രം ബ്രീട്ടീഷ് ഗവർണ്മെൻറിനെ ഇതിനു പ്രേരിപ്പിക്കുകയായിരുന്നു. മാൾട്ടാ, പോർട്ട് സ്മിത്ത് എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ കഴിവു തെളിയിച്ചിരുന്നു. 1920 ഏപ്രിൽ 13 ന് അദ്ദേഹം കൊച്ചിയിൽ എത്തിച്ചേർന്നു. മാർഗ്ഗമദ്ധ്യേ മദ്രാസിൽ തങ്ങി കൊച്ചിയെ പറ്റി കിട്ടാവുന്നത്രയും രേഖകൾ പഠിച്ചു. സ്വന്തമായി ഒരു വീക്ഷണം രൂപപ്പെടുത്തി. പ്രവേശനകവാടത്തിൽ തടസ്സമായി നിലകൊള്ളുന്ന പാറപോലെ ഉറച്ച മണ്ണിനെ നീക്കം ചെയ്താൽ പ്രശ്നങ്ങൾ മാറും എന്നദ്ദേഹം മനസ്സിലാക്കി. [5]
കൊച്ചി തുറമുഖത്തിന്റെ വികാസം
[തിരുത്തുക]കൊച്ചിയിൽ നിലവിലുണ്ടായിരുന്ന പൗരസമിതികളോടും സംഘടനകളോടും ചർച്ച ചെയ്തും മേലാധികാരികളോടു അലോചിക്കുകയും ചെയ്ത ശേഷം തന്റെ കരടു പദ്ധതിക്ക് അംഗീകാരം ലഭിച്ചശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കടലിലെ തിരകളെയും വേലിയേറ്റ/ഇറക്കങ്ങളെയും പഠിച്ച ബ്രിസ്റ്റോ പലവിധ പരീക്ഷണങ്ങളും നടത്തി. ഇതിനുശേഷം പദ്ധതി ഫലപ്രദമാണെന്ന അനുമാനത്തിലെത്തി, അത് മദ്രാസ് ഗവർണർ ലോർഡ് വെല്ലിങ്ങടണെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കൊച്ചി ലോകത്തിലേയ്ക്കും വച്ചു തന്നെ ഏറ്റവും സുരക്ഷിതമായ തുറമുഖം ആവും എന്നായിരുന്നു. ഇതിനായി കപ്പലുകൾ ഉൾത്തടങ്ങളിലേയ്ക്ക് പ്രവേശിക്കേണ്ടി വരും എന്നു മാത്രം. ഇതിനുള്ള പ്രധാന പ്രതിബന്ധം കൊച്ചിക്കായലിന്റെ അഴിമുഖത്ത് കാലങ്ങൾ കൊണ്ട് രൂപമെടുത്ത മൺ പാറയായിരുന്നു. ഇത് ഭീമാകാരമായ വലിപ്പത്തിൽ വെള്ളത്തിനടിയിൽ എട്ടടിക്കുമേൽ വെള്ളം ആവശ്യമായ കപ്പലുകൾക്ക് ഒരു പേടിസ്വപ്നമായി നിലകൊണ്ടിരുന്നു. ചെറിയ കപ്പലുകളാവട്ടെ വേലിയേറ്റം പ്രതീക്ഷിക്കേണ്ടതായും വന്നു. ഇതിനു മുന്നുണ്ടായിരുന്ന എഞ്ചിനീയർമാരെല്ലാം ഇതിന്റെ നീക്കം ബുദ്ധിമുട്ടേറിയതാണ് എന്നാണ് വിലയിരുത്തിയിരുന്നത്. മാത്രവുമല്ല ഇതു നീക്കം ചെയ്താൽ പാരിസ്ഥിതികമായി ഉണ്ടാകാവുന്ന പ്രശനങ്ങളെപറ്റി ഒരു ഊഹവുമില്ലായിരുന്നു. വേമ്പനാട്ടുകായലിന്റെ നാശം മുതൽ വൈപ്പിൻ തീരത്തിന്റെ തകർച്ചവരെ പ്രതീക്ഷിച്ചിരുന്നു.
പഠനശേഷം ബ്രിസ്റ്റോ ഇതെല്ലാം പഴങ്കഥകളാണെന്ന് സമർത്ഥിച്ചു. വൈപ്പിൻ തീരം ഒലിച്ചു പൊകാതിരിക്കാൻ അദ്ദേഹം വലിയ കരിങ്കൽ പാറകൾ നിരത്തി തിരകളുടെ ശക്തികുറയ്ക്കാം എന്നും മാന്തിയെടുക്കുന്ന മണ്ണ് പരിസ്ഥിതിക്ക് പ്രശ്നമല്ലാത്ത രീതിയിൽ വിനിയോഗിക്കാം എന്നും അദ്ദേഹം കാട്ടിക്കൊടുത്തു. അതിൽ പ്രധാനമായും
- 1) മാന്തിയെടുക്കുന്ന മണ്ണ് വെണ്ടുരുത്തി ദ്വീപിനോട് ചേർക്കുക, ഇതിനായി കായലിന്റെ ഒരു ഭാഗം തന്നെ നികത്തുക.
- 2) പുതിയ പലങ്ങൾ പണിത് പുതിയ ദ്വീപിനെ ഒരു വശത്ത് കരയോടും മട്ടാഞ്ചേരിയോടും ബന്ധിപ്പിക്കുക.
- 3) മണ്ണു മാന്തൽ, ജട്ടികളുടെയും ബർത്തുകളുടെയും പണി ഏകോപിപ്പിക്കുക എന്നിവയായിരുന്നു.
മദ്രാസ് ഗവർണ്മെൻറ്, മലബാർ ജില്ലാ കളക്റ്റർ അദ്ധ്യക്ഷനായി രൂപം കൊടുത്ത സമിതി എന്നിവരുടെ അംഗീകാരം ഉണ്ടായെങ്കിലും തൂത്തുക്കുടിയുടെ അവകാശസംരക്ഷണത്തിനായി മദ്രാസിലെ ചില തല്പര കക്ഷികൾ പ്രവർത്തിച്ചതു മൂലം വളരെ വൈകിയാണ് നിർമ്മാണം തുടങ്ങിയത്.
ആദ്യഘട്ടത്തിൽ പ്രധാനമായും സമയബന്ധിതമായ പരിപടികൾ തയ്യാറാക്കുകയായിരുന്നു. അദ്യഘട്ടമായ മണ്ണുമാന്തലും മറ്റും പരീക്ഷണാടിസ്ഥാനത്തിൽ ബ്രിസ്റ്റോ രംഗത്തു വരുന്നതിനു മുന്നേ നടന്നിരുന്നു. ബ്രിസ്റ്റോ വന്നതിനു ശേഷം ഈ പ്രവർത്തനങ്ങൾ ത്വരിതമായി നടന്നു. ‘ലേഡി വെല്ലിങ്ടൻ‘ എന്ന മണ്ണു മാന്തികപ്പലാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ഈ കപ്പൽ പ്രവർത്തനക്ഷമതയിലും കാലയളവിലും ഒരു ലോക റിക്കാർഡ് തന്നെ സൃഷ്ടിച്ചുവത്രെ. രണ്ടാം ഘട്ടത്തിൽ പ്രധാനമായും മണ്ണുമാന്തൽ മാത്രമായിരുന്നു. മാറ്റിയ മണ്ണ് ഒരു മതിൽ കെട്ടി ഒരു പുതിയ ദ്വീപു സൃഷ്ടിച്ചുകൊണ്ടിരുന്നു. മൂന്നാം ഘട്ടത്തിൽ മണ്ണുമാന്തലിനോടൊപ്പം ആവാസകേന്ദ്രങ്ങൾ പണിയുക, ഡ്രൈ ഡോക്ക്, പാലങ്ങൾ എന്നിവയും ഉൾപ്പെടുത്തി.
വെറും മൂന്നുഘട്ടങ്ങൾ കൊണ്ട്, 450 അടി വീതിയും മൂന്നര മൈൽ വീതിയുമുള്ള ഒരഴിമുഖം ആഴക്കടലിനേയും കൊച്ചിക്കായലിനേയും ബന്ധിപ്പിച്ചുകൊണ്ട് രൂപം കൊണ്ടു. മണ്ണുപയോഗിച്ച് 780 എക്കർ സ്ഥലം കായലിൽ നിന്ന് വികസിപ്പിച്ചെടുത്തു. വെല്ലിംഗ്ടൺ എന്ന് ഈ ദ്വീപിന് നാമകരണവും ചെയ്യപ്പെട്ടു. 1928 മാർച്ച് 30 ന് അവസാനത്തെ മൺപാറയും നീക്കം ചെയ്യപ്പെട്ടു. ബോംബേയിൽ നിന്നും വരികയായിരുന്ന പദ്മ എന്ന കപ്പൽ ഉൾഭാഗം കപ്പലുകൾക്ക് തുറന്നുകൊടുക്കുന്നതിനു മുന്നേതന്നെ ഒരു പരീക്ഷണമെന്നോണം ഉള്ളിൽ കയറിയിരുന്നു.
നാലാം ഘട്ടത്തിലാണ് കൊച്ചിയെ ലോകോത്തര തുറമുഖമാക്കി മാറ്റിയത്. പാലങ്ങൾ, റൊഡുകൾ, വാർഫുകൾ, ജട്ടികൾ, ക്രെയിനുകൾ, വെയർ ഹൗസുകൾ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉണ്ടാക്കപ്പെട്ടു. വിദ്യുച്ഛക്തി നിലയം, ആവാസ കേന്ദ്രങ്ങൾ റെയിൽവേ എന്നിവയും ഇക്കൂട്ടത്തിൽ പെടുന്നു. 1936 ൽ ഇന്ത്യാ ഗവർൺമന്റ് കൊച്ചിയെ ഒരു വൻകിട തുറമുഖമായി പ്രഖ്യാപിച്ചു. 1939 ജൂൺ രണ്ടാം തിയ്യതി ആദ്യമായി ഔദ്യോഗിക ചരക്കു കടത്തലിനായി കപ്പൽ വാർഫിൽ അടുക്കുകയുണ്ടായി.
വെല്ലിംഗടൺ ദ്വീപിൽ വ്യോമ ആവശ്യങ്ങൾക്കായി തന്ത്രപ്രാധാന്യമുള്ള ഒരു കേന്ദ്രം നിർമ്മിക്കുവാനും അവർക്ക് അന്നു കഴിഞ്ഞു. ഒന്നാം ലോക മഹായുദ്ധകാലത്ത് ശ്രീലങ്ക ജപ്പാൻകാർ ആക്രമിച്ചപ്പോൾ ഇവിടെനിന്നു പോയ വിമാനങ്ങളാണ് അതു തടഞ്ഞത്.
പിൽക്കാലം
[തിരുത്തുക]1941 മാർച്ച് 13ന് അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക് പോയി. നാട്ടുകാരും ഉദ്യോഗസ്ഥരും അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പു നൽകി. കുറേക്കാലം മാഞ്ചസ്റ്റർ യൂണിവേർസിറ്റിയിൽ അദ്ദേഹം ജോലിനോക്കി. 1966 സെപ്റ്റംബർ മാസത്തിൽ തന്റെ എൺപത്തഞ്ചാം വയസ്സിൽ ദിവംഗതനായി.
അദ്ദേഹത്തിന്റെ സംഭാവനകൾ
[തിരുത്തുക]- കൊച്ചിക്കായലിനെ ലോകോത്തര തുറമുഖമാക്കിയതിനു പിന്നിൽ അദ്ദേഹം വഹിച്ച നിസ്സ്വാർത്ഥമായ സേവനം ആണ് അദ്ദ്യത്തേത്.
- തന്റെ തന്നെ ഭാവനയിൽ നിന്ന് ഉയർത്തിയെടുത്ത ഒരു ദ്വീപ് അതും തുറമുഖത്തിന്റെ ആവശ്യങ്ങൾക്കുപരി മറ്റാവശ്യങ്ങൾക്ക് വരെ സഹായകമായി വരുത്തി.
- വൈപ്പിൻ തീരത്തെ കടലാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹം വിഭാവനം ചെയ്ത കടൽഭിത്തി കാലത്തെ വെല്ലുന്ന സംരംഭമാണ്
- ലോട്ടസ് ക്ല്ബ്ബ്- അന്നാളുകളിൽ വെള്ളക്കാരനു മാത്രം പോകാൻ കഴിയുമായിരുന്ന തരം കൂട്ടായ്മകളുള്ളപ്പോൾ ലോട്ടസ് ക്ലബ്ബ് എന്ന പേരിൽ നാട്ടുകാരായ മലയാളികൾക്കും മറ്റു വ്യാപാരികൾക്കു വിഹരിക്കാൻ തക്ക ഒരു കൂട്ടായ്മ സംഘടി��്പിക്കുന്നതിൽ അദ്ദേഹവും ഭാര്യയും മുഖ്യ പങ്കു വഹിച്ചു.
- കൊച്ചിൻ സാഗ എന്നൊരു ആത്മകാഥാംശമുള്ള പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ കൊച്ചിയെപറ്റിയുള്ള ടൂറിസ്റ്റ് സൈറ്റ്, കൊച്ചിക്കായലിന്റെ ജനനം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ സെയ്തുമുഹമ്മദ്, പി.എ. (1992). സഞ്ചാരികൾ കണ്ട കേരളം. കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 205-210 നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.
- ↑ "സി. ഉണ്ണികൃഷ്ണൻ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനം". Archived from the original on 2011-05-14. Retrieved 2006-12-12.