Jump to content

മുത്തപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muthappan
Muthappan Theyyam
പദവിHindu Folk Deity
നിവാസംKunnathurpadi
മന്ത്രംMuthappaa Saranam
ആയുധങ്ങൾSpear, Bow and Arrow
വാഹനംDog

മുത്തപ്പൻ എന്ന ദൈവം പലരീതിയിൽ ആണ് കേരളത്തിൽ ആചരിക്കുന്നത്. സാധാരണയായി മുത്തപ്പൻ കുടുംബദൈവമായി (ഗുരു ദൈവം)ആണ് കുടുംബ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നത്. പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പനും മറ്റ് മുത്തപ്പനും വേറെ ആണ്. കേരളത്തിലെ മിക്കവാറും ഹൈന്ദവ കുടുംബങ്ങളിൽ ഇത് വരുന്നത് അവരുടെ കുടുംബദൈവങ്ങളെ ആദ്യമായി കൊണ്ട് വന്ന് പൂജിച്ച വ്യക്തി എന്നർത്ഥം. സംഹാര മൂർത്തിയായ പരമശിവന്റെ ഭൂത ഗണത്തിൽ ഒന്നാണ് മുത്തപ്പൻ എന്നാണു പറയപ്പെടുന്നത്. മഹാദേവന്റെ അവതാരമായ ഭൈരവനാണ് മുത്തപ്പൻ എന്നും വിശ്വസിക്കപ്പെടുന്നു. ഉത്തരകേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മുത്തപ്പൻ ഒരു തെയ്യക്കോലമാണ്. എന്നാൽ കണ്ണൂരിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ശൈവ- വൈഷ്ണവ മൂർത്തിയാണ് എന്നാണ് സങ്കൽപ്പം. തെയ്യക്കോലത്തിൽ വരുന്ന പറശ്ശിനിക്കടവ് മുത്തപ്പൻ ഒരേ പരമാത്മാവായ ഭഗവാന്റെ രണ്ട് പ്രധാനപ്പെട്ട ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്; ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് ശ്രീ മഹാവിഷ്ണുവിനേയും. തങ്ങളുടെ സങ്കടങ്ങൾ തെയ്യക്കോലത്തിൽ വരുന്ന മുത്തപ്പനോട് നേരിട്ട് പറഞ്ഞു ആശ്വാസം നേടാം എന്ന വിശ്വാസമാണ് ഭക്തരെ പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്കു ആകർഷിക്കുന്നത്. മക്കളില്ലാതെ വിഷമിച്ച അടിയുറച്ച ശിവഭക്തയായ പാടിക്കുറ്റിയമ്മയ്ക്കും നമ്പൂതിരിക്കും മഹാദേവന്റെ അനുഗ്രഹത്താൽ ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് പറശ്ശിനിക്കടവ് മുത്തപ്പൻ എന്ന പേരിൽ അറിയപ്പെട്ടതെന്ന് കഥ.

മുത്തപ്പൻ തെയ്യത്തിന്റെ വെള്ളാട്ടം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ വളരെ പ്രധാനപ്പെട്ട തെയ്യമാണ്‌ മുത്തപ്പൻ തെയ്യം. പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം കെട്ടിയാടുന്നു. കൂടാതെ മുത്തപ്പന്റെ ആരൂഢ സ്ഥാനമായി കണക്കാക്കപ്പെടുന്ന കുന്നത്തൂർ പാടി, പുരളിമല എന്നിവിടങ്ങളുമാണ് പ്രധാന സങ്കേതങ്ങൾ. ഐതിഹ്യപ്രകാരം പറയപ്പെടുന്ന മുത്തപ്പന്റെ ജന്മസ്ഥാനം അയ്യങ്കര ഇല്ലവും ചരിത്രപരമായി തെറ്റാണ് എന്ന് പല ചരിത്രകാരന്മാർ വാദിക്കുന്നു. കുന്നത്തൂർ പാടിയുടെ അധികാരികളായി ഇവിടെ ഉണ്ടായിരുന്ന അഞ്ചരമനക്കൽ മന്നനാർ രാജവംശം തന്നെ ആണ് അയ്യങ്കര വാഴുന്നവർ എന്നാണ് ഇവരുടെ അഭിപ്രായം.[1][2][3][4]പറശ്ശിനിക്കടവ് മുത്തപ്പൻ തെയ്യക്കോലത്തിൽ പരമാത്മാവായ ഭഗവാന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു; ചന്ദ്രക്കലയുള്ള കിരീടം വച്ച് പരമശിവനായും, മത്സ്യരൂപമുള്ള കിരീടം വച്ചു ശ്രീ മഹാവിഷ്ണുവായും. ഇക്കാരണത്താൽ പറശ്ശിനിക്കടവ് മുത്തപ്പനെ ശൈവ- വൈഷ്ണവ മൂർത്തിയായ ഭഗവാനായി സങ്കൽപ്പിക്കുന്നു.

മുത്തപ്പൻ തെയ്യത്തിൻ്റെ ചരിത്രം

[തിരുത്തുക]

മുത്തപ്പനെ കുറിച്ചുള്ള ഐതിഹ്യങ്ങളും കേട്ടുകേൾവികളും

[തിരുത്തുക]
ക്ഷേത്രത്തിനു വലം വെക്കുന്ന മുത്തപ്പൻ തെയ്യം (വെള്ളാട്ടം)

തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവിക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പൻ എന്നാണ് വിശ്വാസം. തിരുവപ്പന, വെള്ളാട്ടം എന്നീ ദ്വന്ദ ദൈവിക രൂപങ്ങൾക്ക് മലബാറിലെ തെയ്യംകാളിയാട്ടവുമായി സാമ്യമുണ്ട്. ശ്രീ മുത്തപ്പൻ ഒരു ദൈവമാണെങ്കിലും രണ്ട് ദൈവിക രൂപങ്ങളെയാണ് പ്രതിനിധാനം ചെയ്യുക - മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനെയും ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനെയും.

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം വർഷം മുഴുവനും കെട്ടിയാടപ്പെടുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മറ്റ് തെയ്യങ്ങൾ കാലികമാണ് (സാധാരണയായി ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ).

മുത്തപ്പനും തിരുവപ്പനയും

[തിരുത്തുക]

ഈ രണ്ട് ദൈവക്കോലങ്ങളെക്കുറിച്ചും വ്യത്യസ്തമായ വിശദീകരണങ്ങൾ ലഭ്യമാണ്.പൊതുവായി കണക്കാക്കപ്പെടുന്ന വിശ്വാസം അയ്യങ്കര ഇല്ലത്ത് വാഴുന്നവർ വളർത്തിയ കുട്ടി തിരുവപ്പന എന്നും അദ്ദേഹത്തിന്റെ യാത്രക്കിടയിൽ ലഭിച്ച ശൈവാംശമുള്ള ചങ്ങാതിയാണ് മുത്തപ്പൻ എന്നുമാണ്.തിരുവപ്പൻ വെള്ളാട്ടത്തെ പുരളിമലയിൽ വെച്ച് കണ്ടെത്തിയപ്പോൾ "വാചെറുക്കാ" എന്നു മൊഴിഞ്ഞു സഖ്യത്തിലാക്കി എന്നാണു പുരാവൃത്തം. അതിനാൽ കുന്നത്തൂർ പാടിയിൽ ഇവ രണ്ടും ഒന്നിച്ച് കെട്ടിയാടിക്കുന്നില്ല.പക്ഷെ തിരുവപ്പനെയും മുത്തപ്പൻ എന്നു വിളിക്കാറുണ്ട്. തിരുവപ്പന്റെ ചെറുപ്പം പുതിയ മുത്തപ്പൻ എന്ന കോലരൂപത്തിലും, കൊഉമാരം പുറങ്കാല മുത്തപ്പൻ എന്ന രൂപത്തിലും, യുവരൂപം നാടു വാഴിശ്ശൻ തെയ്യം ആയും പിന്നീടുള്ള രൂപം തിരുവപ്പന ആയും കെട്ടിയാടിക്കുന്നു.കൂട്ടുകാരനായി കിട്ടിയ മുത്തപ്പനെ (അത് ഒരു വിളിപ്പേരാകാം) ചെറുക്കൻ എന്നാണു വിളിക്കുക.നരച്ച മീശയും വൈക്കോൽ കൊണ്ടുണ്ടാക്കിയ മുടിയും ഉള്ള ഈ രൂപമാണ് ശരിക്കുമുള്ള മുത്തപ്പൻ തെയ്യം..ഈ തെയ്യത്തിന്റെ വെള്ളാട്ടം ഏതു സ്ഥലങ്ങളിലും കെട്ടിയാടിക്കാം.പക്ഷെ തെയ്യം ആരൂഢസ്ഥാനങ്ങളിലും മടപ്പുരകളിലും,പൊടിക്കലങ്ങളിലും മാത്രം കെട്ടിയാടിക്കും. ഇതു കെട്ടാനുള്ള അവകാശം പെരുവണ്ണാൻ സമുദായക്കാർക്ക് മാത്രം. എന്നാൽ തിരുവപ്പന എന്ന വലിയ മുടിയും പൊയ്ക്കണ്ണുമുള്ള തെയ്യക്കോലം കെട്ടുന്നത് അഞ്ഞൂറ്റാൻ എന്ന സമുദായക്കാരാണ്.മുത്തപ്പൻ ഈ കോലത്തെ നായനാർ എന്നാണ് സംബൊധന ചെയ്യുക.തിരുവപ്പന് ഇരുന്നു വാഴ്ചയും മുത്തപ്പനും വെള്ളാട്ടത്തിനും നടന്നു വാഴ്ചയുമാണ് പഥ്യം.വൈഷ്ണവ അംശവും ശൈവാംശവും ഉള്ള തിരുവപ്പനെ മുത്തപ്പൻ എന്നു വിളിക്കുന്നതിന്നാൽ ഈ തെയ്യക്കോലങ്ങളുടെ പേരുകൾ വലിയ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്.തിരുവപ്പൻ എന്ന യദാത്ഥ ശക്തി രൂപത്തിനു വെള്ളാട്ടം സാധാരണമല്ല.പറശ്ശിനിക്കടവിൽ മുത്തപ്പനെന്ന ...പേർ വെള്ളാട്ടത്തെയാണു കുറിക്കുന്നത്. ഇത് ശൈവാംശമാണ്. പക്ഷെ കുന്നത്തൂരിൽ മുത്തപ്പനെന്ന പേര് തിരുവപ്പനാണ്. മുത്തപ്പൻ എന്ന സഹായിയെ എല്ലാ കാര്യത്തിനും ജോലി ഏൽപ്പിക്കുന്നതിനാൽ തിരുവപ്പനു പകർമായാണു മുത്തപ്പൻ വെള്ളാട്ടത്തേ കെട്ടിയാടിക്കുന്നത്

പറശ്ശിനിക്കടവ് മുത്തപ്പന്റെ കഥ

[തിരുത്തുക]
മുത്തപ്പൻ തെയ്യം വിഷ്ണുവായും & ശിവനായും

അയ്യങ്കര ഇല്ലത്ത് വാഴുന്നവർ (സൂചിപ്പിക്കുന്നത് അഞ്ചരമനയ്ക്കൽ വാഴുന്നവർ അഥവ മന്നനാർ രാജവംശം) എന്ന നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു.[5] അദ്ദേഹത്തിന്റെ പത്നിയായ പാടിക്കുറ്റി അമ്മയും ശിവഭക്തയായിരുന്നു. ശിവന് ബലിയായി അവർ പലതും അർപ്പിച്ചു. ഒരുദിവസം സ്വപ്നത്തിൽ അന്തർജ്ജനം ശിവനെ കണ്ടു. പിറ്റേദിവസം അടുത്തുള്ള ഒരു അരുവിയിൽ കുളിച്ച് കയറി വരവേ അവർ ഒരു കുഞ്ഞ് പൂമെത്തയിൽ കിടക്കുന്നതു കണ്ടു. കുട്ടിയെ എടുത്ത് വീട്ടിലേക്കു കൊണ്ടുവന്ന് അവർ സ്വന്തം മകനെപ്പോലെ വളർത്തിത്തുടങ്ങി. ഈ കുട്ടി ഇവരുടെ മനയ്ക്ക് അടുത്തുള്ള കാട്ടിൽ അമ്പും വില്ലുമെടുത്ത് വേട്ടയ്ക്കു പോകുന്നത് പതിവായിരുന്നു. താഴ്ന്ന ജാതിക്കാരുമൊത്ത് ഈ കുട്ടി ഭക്ഷണം കഴിക്കുമായിരുന്നു. ഇതു രണ്ടും നമ്പൂ‍തിരി ആചാരങ്ങൾക്ക് എതിരായതിനാൽ മാതാപിതാക്കൾ കുട്ടിയോട് ഇവ നിറുത്തുവാൻ അഭ്യർത്ഥിച്ചു. പക്ഷേ ഈ അഭ്യർത്ഥന കുട്ടി ചെവിക്കൊണ്ടില്ല. അയ്യങ്കര വാഴുന്നവർ ഇതിൽ വളരെ നിരാ‍ശനായി. ഒരു ദിവസം കുട്ടി അവന്റെ മാതാപിതാക്കളുടെ അടുത്തെത്തി അമ്പും വില്ലുമെടുത്ത് തീക്കണ്ണുകളോടെ തന്റെ വിശ്വരൂപം കാണിച്ചു. മാതാപിതാക്കൾക്ക് ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവർ അവന്റെ മുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു. കുട്ടി അവരെ അനുഗ്രഹിച്ചു. ഇതിനു ശേഷം ദൈവം അയ്യങ്കരയിലേക്ക് യാത്രയായി. പക്ഷേ കുന്നത്തൂരിന്റെ പ്രകൃതി സൗന്ദര്യം കണ്ട് ദൈവം അവിടെ തങ്ങുവാൻ തീരുമാനിച്ചു. പനമരങ്ങളിലെ കള്ള് കണ്ട് ദൈവം ആകൃഷ്ടനായി.

നിരക്ഷരനായ ചന്ദൻ എന്ന കള്ള് ചെത്തുകാരൻ തന്റെ പനമരങ്ങളിൽ നിന്ന് എന്നും രാത്രി കള്ള് മോഷണം പോവുന്നതായി കണ്ടുപിടിച്ചു. അങ്ങനെ പനകൾക്ക് കാവൽ കിടക്കുവാൻ ചന്ദൻ തീരുമാനിച്ചു. അങ്ങനെ കാവൽ കിടക്കവേ ഒരു വൃദ്ധൻ പനയിൽ നിന്ന് തന്റെ കള്ള് മോഷ്ടിക്കുന്നതായി ചന്ദൻ കണ്ടുപിടിച്ചു. തന്റെ അമ്പും വില്ലുമെടുത്ത് ഈ വൃദ്ധനെ പനമരത്തിൽ നിന്ന് എയ്തിടാൻ ചന്ദൻ തീരുമാനിച്ചു. അമ്പു തൊടുക്കവേ ചന്ദൻ ബോധരഹിതനായി നിലത്തുവീണു. ഭർത്താവിനെ തിരക്കി വന്ന ചന്ദന്റെ ഭാര്യ അദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതു കണ്ട് നിലവിളിച്ചു. മുകളിലേക്കു നോക്കിയ അവർ മരത്തിനു മുകളിൽ ഒരു വൃദ്ധനെ കണ്ട് ഒരു അപ്പൂപ്പനെ എന്ന പോലെ മുത്തപ്പാ എന്ന് വിളിച്ചു. ദൈവത്തോട് തന്റെ ഭർത്താവിനെ രക്ഷിക്കാൻ അവർ പ്രാർത്ഥിച്ചു. പിന്നാലെ അവരുടെ ഭർത്താവിന് ബോധം തിരിച്ചുവന്നു.

അവർ മുത്തപ്പന് പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും ചുട്ട മീനും കള്ളും നൈവേദ്യമായി അർപ്പിച്ചു. മുത്തപ്പന്റെ അനുഗ്രഹം അവർ അഭ്യർത്ഥിച്ചു. ചന്ദന്റെ ആഗ്രഹം അനുസരിച്ച് മുത്തപ്പൻ കുന്നത്തൂർ തന്റെ ഭവനമായി തിരഞ്ഞെടുത്തു. ഇതാണ് പ്രശസ്തമായ കുന്നത്തൂർപാടി. ഇന്നും മുത്തപ്പൻ ക്ഷേത്രങ്ങളിൽ വിശ്വാസികൾ പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും നൈവേദ്യമായി അർപ്പിക്കുന്നു. കുന്നത്തൂരിൽ ഏതാനും വർഷങ്ങൾ താമസിച്ചതിനു ശേഷം മുത്തപ്പൻ തന്റെ അവതാരത്തിന്റെ ലക്ഷ്യ പൂർത്തീകരണത്തിനായി കൂടുതൽ അനുയോജ്യമായ ഒരിടത്തേക്കു മാറുവാൻ തീരുമാനിച്ചു. കുന്നത്തൂ പാടിയിൽ നിന്ന് ആകാശത്തേക്ക് മുത്തപ്പൻ ഒരു അമ്പ് തൊടുത്തുവിട്ടു. ഈ അമ്പ് പറശ്ശിനിക്കടവിൽ വന്നു വീണു. ഇവിടെയാണ് പ്രശസ്റ്റമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തുള്ള തീർത്ഥത്തിൽ നിന്ന് പ്രകാശം ചൊരിഞ്ഞ ഈ അമ്പ് ഇന്ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ഒരു അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനുശേഷം മുത്തപ്പൻ പറശ്ശിനിക്കടവിൽ വസിക്കുന്നു എന്നാണ് വിശ്വാസം.

മറ്റൊരു കഥ

[തിരുത്തുക]

ഒരു കുട്ടിയായിരിക്കേ മുത്തപ്പൻ മുതിർന്നവരുടെ വരുതിക്കു നിൽക്കാത്തവൻ ആയിരുന്നു. ഒരു വലിയ വേട്ടക്കാരനായിരുന്ന മുത്തപ്പൻ താൻ കൊന്ന കാട്ടുമൃഗങ്ങളുടെ തോലുരിഞ്ഞ് വസ്ത്രമായി ഉടുക്കുമായിരുന്നു. ഒരു ദിവസം മുത്തപ്പൻ കള്ള് കുടം കമഴ്ത്തിവെച്ച ഒരു തെങ്ങ് കണ്ടു. മുത്തപ്പൻ തെങ്ങിൽ കയറി കള്ളെടുത്ത് കുടിച്ചുകൊണ്ടിരിക്കവേ ചെത്തുകാരൻ തിരിച്ചുവരികയും മുത്തപ്പനെ കാണുകയും ചെയ്തു. മുത്തപ്പനെ വഴക്കുപറഞ്ഞ ചെത്തുകാരനെ മുത്തപ്പൻ ഒരു കൽ പ്രതിമയാക്കി മാറ്റി. മുത്തപ്പൻ തെയ്യം ആടുമ്പോൾ തെയ്യം ആടുന്നയാൾ കള്ളുകുടിക്കുകയും കാണികൾക്ക് കള്ള് കൈമാറുകയും ചെയ്യുന്നു. അങ്ങനെ ക്ഷേത്ര വളപ്പിൽ മദ്യം കൊണ്ടുവന്ന് മുത്തപ്പൻ ക്ഷേത്ര നിയമങ്ങൾ തെറ്റിക്കുന്നു.

മുത്തപ്പനും നായകളും

[തിരുത്തുക]

മുത്തപ്പനെ എപ്പോഴും ഒരു നായ അനുഗമിക്കുന്നു. ഈ ക്ഷേത്രത്തിൽ നായയെ പാവനമായി കരുതുന്നു. ക്ഷേത്ര പരിസരത്ത് ധാരാളം നായ്കളെ കാണാം. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്.മുത്തപ്പന്റെ അംഗരക്ഷകരായ നായ്ക്കളുടെ വിശ്വാസ്യത ഈ പ്രതിമകൾ കാണിക്കുന്നു..

ക്ഷേത്രത്തിൽ പ്രസാദം തയ്യാറാകുമ്പോൾ ആദ്യം എപ്പോഴും നൽകുക ക്ഷേത്രത്തിനുള്ളിൽ ഉള്ള ഒരു നായക്കാണ്..

മുത്തപ്പനു മുൻപിൽ നായ്ക്കളുടെ പ്രാധാന്യത്തെ കുറിച്ച്‍ പല കഥകളും പ്രചാരത്തിലുണ്ട്. ഇതിൽ ഒരു കഥ ഇങ്ങനെയാണ്. : ഏതാനും വർഷങ്ങൾക്കു മുൻപ് ക്ഷേത്ര അധികാരികൾ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാൻ തീരുമാനിച്ചു. അവർ കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തിൽ നിന്നും പുറത്താക്കി. പക്ഷേ അന്നത്തെ ദിവസം മുതൽ മുത്തപ്പൻ തെയ്യം അവതരിപ്പിക്കുന്ന ആൾക്ക് തെയ്യം ആടുവാൻ കഴിഞ്ഞില്ല. (മുത്തപ്പന്റെ ശക്തി തെയ്യം ആടുന്ന ആളുടെ ശരീരത്തിൽ പ്രവേശിച്ചാണ് തെയ്യം തുള്ളുന്നത്. തെയ്യം തീരുന്നതു വരെ തെയ്യം തുള്ളുന്ന ആൾ മുത്തപ്പൻ ആയി മാറുന്നു എന്നാണ് വിശ്വാസം)..

നായ്ക്കളെ ക്ഷേത്രത്തിൽ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പൻ തെയ്യം തുള്ളുന്ന ആളുടെ ശരീരത്തിൽ പ്രവേശിക്കാത്തത് എന്ന് മനസ്സിലാ‍ക്കിയ ക്ഷേത്രാധികാരികൾ നായ്ക്കളെ ക്ഷേത്രത്തിൽ തിരിച്ചുകൊണ്ടുവന്നു. അന്നുമുതൽ തെയ്യം വീണ്ടും സാധാരണ ഗതിയിലായി എന്നുമാണ്‌ കഥ.

ക്ഷേത്രോത്സവ ഘോഷയാത്ര

[തിരുത്തുക]

പറശ്ശിനിക്കടവ് മുത്തപ്പന്റെ എല്ലാ വർഷവും നടക്കുന്ന ഉത്സവം തുടങ്ങുന്നത് തയ്യിൽ കുടുംബത്തിൽ നിന്നുള്ള ഒരു അംഗം കണ്ണൂരിലെ തങ്ങളുടെ കുടുംബ വീട്ടിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിലെത്തി ദൈവങ്ങൾക്ക് പൂജ നടത്തുന്ന ചടങ്ങോടെ ആണ്.

മാർച്ചമയം - ചുരികക്കുറി

മുഖത്തെഴുത്ത് - തേപ്പ് (ചന്ദ്രക്കല)

തിരുമുടി - കൊടുമുടി

ഇതും കാണുക

[തിരുത്തുക]

ചിത്രസഞ്ചയം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. MA Rajeev Kumar (6 April 2022). "Neglected and forgotten: Remains of Mannanar dynasty crumbling". The New Indian Express.
  2. വി.ലിസ്സി മാത്യു. "കതിവന്നൂർ വീരൻ" (in ഇംഗ്ലീഷ്). p. 90-91. Retrieved 2020-11-07.
  3. M.V Vishnu Nambutiri, (2001) Life and Culture of Thiyyas in the extreme North of Kerala, sree sankaracharya university, page-68,69
  4. ഒ.സി.മോഹൻരാജ് (2022). "മന്നനാർ തീയ്യ രാജവംശ ശേഷിപ്പ് മണ്ണടിയുന്നു". Kerala Koumudi.
  5. വി.ലിസ്സി മാത്യു. "കതിവനൂർ വീരൻ" (in ഇംഗ്ലീഷ്). p. 90-91. Retrieved 2020-11-07.

കുറിപ്പുകൾ

[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുത്തപ്പൻ&oldid=4113308" എന്ന താളിൽനിന്ന് ശേഖരിച്ചത്