പിഞ്ഞാണത്തപ്പം
ചെറിയ പെരുന്നാളിനു് (റംസാൻ) ഒരുക്കുന്ന ഒരു വിഭവമാണു് പിഞ്ഞാണത്തപ്പം. താറാവുമുട്ടയും, ഏലയ്ക്കാപൊടിയും ചേർത്താണിതുണ്ടാക്കുന്നതു്[1].
ചേരുവകൾ
[തിരുത്തുക]- താറാവുമുട്ട - 15
- പഞ്ചസാര - അര കിലോ
- വെള്ളം - 3 കപ്പ്
- ഏലയ്ക്കാപൊടി - ആവശ്യത്തിന്
- നെയ്യ് - ആവശ്യത്തിന്
- നിറം - ആവശ്യമെങ്കിൽ മഞ്ഞ, ചുവപ്പ്, പച്ച മുട്ടയുടെ മഞ്ഞ മുട്ടമാലയ്ക്ക്, മുട്ടയുടെ വെള്ള പിഞ്ഞാണപ്പത്തിന്.
പാകം ചെയ്യുന്ന വിധം
[തിരുത്തുക]മുട്ടയുടെ മഞ്ഞയും വെള്ളയും തീരെ യോജിക്കാതെ വേർതിരിക്കുക. നന്നായി ഉണങ്ങിയ ഒരു ഉരുളി അടുപ്പിൽവെച്ച് പഞ്ചസാരയും ഒരു മുട്ടയുടെ വെള്ളയും രണ്ട് കപ്പ് വെള്ളവും ചേർത്ത് ചൂടാക്കുക. തിളച്ച് പത പൊങ്ങി വരുമ്പോൾ അത് മാറ്റിക്കൊണ്ടിരിക്കണം. പതകളഞ്ഞ പാവ് തെളിഞ്ഞശേഷം ഉരുളി ഇറക്കിവെച്ച് പഞ്ചസാരപ്പാവ് തുണിയിൽ അരിച്ചെടുക്കുക. ഉരുളി കഴുകി വീണ്ടും പഞ്ചസാരപ്പാവ് ചൂടാക്കി. ഏകദേശം ഒരു നൂൽപ്പാകമാവുമ്പോൾ ഒരു മുട്ടത്തോടിൽ ഇടിയപ്പത്തിന്റെ അച്ചിനേക്കാളും കുറച്ച് വലിപ്പത്തിൽ ദ്വാരമുണ്ടാക്കി, അതിലൂടെ മുട്ടയുടെ മഞ്ഞ തിളക്കുന്ന പാവിലേക്ക് വട്ടത്തിൽ മാല പോലെ നിറുത്താതെ ചുറ്റിച്ച് ഒഴിക്കുക. മുട്ടത്തോടിലുള്ള ഉണ്ണി മുഴുവൻ തീരുന്നതുവരെ ഇങ്ങനെ ചെയ്യുക. തീർന്നാൽ തീ കുറച്ച് പാവിൽ അൽപം വെള്ളം കുടയുക. അപ്പോഴേക്കും മുട്ടമാല വെന്തിരിക്കും. വെന്ത മുട്ടമാല പൊട്ടിപ്പോകാതെ അരിപ്പക്കയിലുപയോഗിച്ച് കോരി ഒരു വലിയ പാത്രത്തിൽ വെക്കുക. പാത്രം അൽപം ചെരിച്ച് വെക്കണം. ഇങ്ങനെ ചെയ്താൽ അധികമുള്ള പാവ് ഊർന്ന്പോവും. മുട്ടമാല ഈർക്കിൾ കഷ്ണം കൊണ്ട് വിടർത്തി കുടഞ്ഞിടുക. ബാക്കിയുള്ള മുട്ടയുടെ ഉണ്ണിയും ഇതുപോലെ മുട്ടമാല ഉണ്ടാക്കണം പാവ് കട്ടികൂടുമ്പോൾ വെള്ളം കുടഞ്ഞ് നൂൽ പാകത്തിലാക്കണം.
പിഞ്ഞാണത്തപ്പം ഉണ്ടാക്കാൻ മുട്ടയുടെ വെള്ള അടിച്ച് മാല ഉണ്ടാക്കാൻ ഉപയോഗിച്ച പഞ്ചസാരപ്പാവ് തണുപ്പിച്ച് ഇതിൽ ഒഴിച്ച് ഏലക്കാപ്പൊടിയു��� ചേർക്കുക. ഒരു ആവിച്ചെമ്പ് അടുപ്പിൽവെച്ച് വെള്ളം ചൂടാകുമ്പോൾ ഒരു പരന്ന അലുമിനിയപാത്രത്തിൽ നെയ്യ് തടവി ഈ കൂട്ട് ഇതിലേക്ക് ഒഴിച്ച് ആവിയിൽ വേവിക്കുക. ആവശ്യമെങ്കിൽ അലങ്കാരത്തിൽ കളർ ചേർക്കാം. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഒരു പാത്രത്തിലിട്ട് അതിനുമുകളിൽ മുട്ടമാല വിതറി ഉപയോഗിക്കുക
അവലംബം
[തിരുത്തുക]- ↑ പിഞ്ഞാണത്തപ്പം - കെ പി കുഞ്ഞാമിന, ദേശാഭിമാനി ആഗസ്റ്റ് 30, 2011 ശേഖരിച്ചത് ആഗസ്റ്റ് 30, 2011