നിരണം
നിരണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Pathanamthitta |
സമയമേഖല | IST (UTC+5:30) |
9°21′04″N 76°30′59″E / 9.351163°N 76.516353°E
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ തെക്ക് പമ്പ ആറിനും വടക്ക് അരീത്തോടിനും മദ്ധ്യേയുള്ള ഒരു സമതലപ്രദേശമാണ് നിരണം . പ്രാചീനതയിലും സാംസ്കാരികമഹിമയിലും മുൻപന്തിയിൽ നിൽക്കുന്ന കേരളഗ്രാമങ്ങളിലൊന്നാണ് നിരണം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിലൊന്നായ നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രവും AD 52ൽ സെന്റ് തോമസ് സ്ഥാപിച്ച നിരണം സെന്റ് മേരിസ് വലിയ പള്ളിയും ഇസ്ളാം മത പ്രചാരകനായ മാലിക്ക് ദിനാർ നിർമ്മിച്ച മാലിക് ദിനാർ മോസ്കും നിരണത്ത് സ്ഥിതി ചെയ്യുന്നു. നിരണം കവികൾ എന്നറിയപ്പെടുന്ന കണ്ണശ്ശന്മാരുടെ ജന്മസ്ഥലം എന്ന നിലയിലും നിരണം പ്രശസ്തമാണ്. പത്തനംതിട്ട ജില്ലയിലെ ഏക കുട്ടനാടൻ ചുണ്ടൻ വള്ളമാണ് നിരണം ചുണ്ടൻ.
ചരിത്രം
[തിരുത്തുക]ക്രിസ്തുവർഷാരംഭത്തിൽ ഇപ്പോഴത്തെ കുട്ടനാടൻ പ്രദേശങ്ങൾ അറബിക്കടലിൽ മുങ്ങിക്കിടന്നിരുന്നു. കടൽ പിൻവാങ്ങിയ ശേഷം തീരപ്രദേശം ദൃശ്യമായിവന്നപ്പോൾ ആദ്യം രൂപംകൊണ്ട ജനപഥങ്ങളിലൊന്നാണ് നിരണം.[1] പ്രാചീനഭാരതത്തിലെ അതിപ്രധാനമായ രണ്ടു അന്തർദ്ദേശീയ വ്യാപാരകേന്ദ്രങ്ങളായിരുന്നു മുസ്സരീസ്സ് എന്ന കൊടുങ്ങല്ലൂരും നെൽക്കണ്ടി അഥവാ നെൽക്കിണ്ട എന്ന നിരണവും.നിരണത്തെ നിയാസണ്ടി എന്ന് പ്ളീനിയും, മേൽക്കണ്ടി എന്ന് ടോളമിയും തങ്ങളുടെ സഞ്ചാരരേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. സമ്പൽസമൃദ്ധമായ വാണിജ്യകേന്ദ്രമായിട്ടാണ് ഈ പ്രദേശത്തെ ടോളമിയും,പ്ളീനിയും, പെരിക്ലിപ്പസും വിശേഷിപ്പിച്ചിരിക്കുന്നത് . നിരണം പ്രദേശത്തെ കോട്ടച്ചാൽ,കുതിരച്ചാൽ മുതലായ പ്രമുഖ തോടുകൾ കപ്പൽ ചാലുകളായിരുന്നു എന്നും പുറംരാജ്യങ്ങളിലേക്കുള്ള ചരക്കുകൾ കൊണ്ടുപോയിക്കൊണ്ടിരുന്ന പായ്ക്കപ്പലുകൾ ഈ ചാലുകളിലൂടെ പ്രയാണം ചെയ്തിരുന്നു എന്നും കരുതപ്പെടുന്നു. നിരണത്തു നിന്നും കണ്ടെടുത്തിട്ടുള്ള അഗസ്റ്റസ് സീസറുടെ കാലത്തെ നാണയങ്ങൾ ഈ വിദേശബന്ധത്തിന് തെളിവാണ്. ക്രി.വ 52-ൽ കൊടുങ്ങല്ലൂരെത്തിയ തോമാശ്ലീഹ നിരണത്തും എത്തിച്ചേർന്നതായും ക്രി.വ 54-ൽ ദേവാലയം സ്ഥാപിച്ചതായും വിശ്വസിക്കുന്നു.ഇസ്ളാം ഫക്കീറായിരുന്ന മാലിക് ദിനാറും കപ്പൽമാർഗ്ഗം നിരണത്തെത്തിച്ചേർന്നുവെന്നും നിരണം ചാലയുടെ അൽപം വടക്കായുള്ള മുസ്ളീംപള്ളി ഇദ്ദേഹം സ്ഥാപിച്ചതായും കരുതപ്പെടുന്നു . ആദ്യനൂറ്റാണ്ടുകളിൽ തന്നെ നിരണം ഒരു ഹൈന്ദവ, ക്രൈസ്തവ,ഇസ്ലാമിക സാംസ്കാരികകേന്ദ്രമായിരുന്നു എന്നും തുറുമുഖപട്ടണമെന്ന നിലയിൽ സമ്പൽസമൃദ്ധവുമായിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്.ക്രി.വ 400 വരെ ബുദ്ധമതത്തിന്റെ സാന്നിധ്യവും ഇവിടെ നിലനിന്നിരുന്നു. കൊല്ലവർഷം 550-ന് മുൻപ് രചിക്കപ്പെട്ട ഉണ്ണുനീലിസന്ദേശത്തിൽ നിരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. "വെൺമാടങ്ങൾ കൊണ്ട് ചന്ദ്രക്കലയെ ധരിച്ച് പരമശിവനാകാൻ ശ്രമിക്കുന്നതായ മണിമന്ദിരങ്ങൾ" ഉള്ള ദേശമായിട്ടാണ് ഈ കൃതിയിൽ നിരണത്തെ വർണ്ണിച്ചിരിക്കുന്നത്.
പേരിന് പിന്നിൽ
[തിരുത്തുക]ഈ പ്രദേശത്തിന്റെ ആദ്യകാലനാമം നീർമ്മണ്ണ് എന്നായിരുന്നു എന്നാണ് പല ചരിത്രകാരന്മാരുടെയും അഭിപ്രായം.[2] നീരുറവകൾ ധാരാളമായുള്ള ഫലഭൂയിഷ്ടമായ പ്രദേശമായതിനാലാണ് ആ പേർ വന്നതെന്നും നീർമ്മണ്ണ് കാലാന്തരത്തിൽ നിരണം ആയിത്തീരുകയായിരുന്നു എന്നും അവർ അവകാശപ്പെടുന്നു. രണം (യുദ്ധം) ഇല്ലാതെ, പരസ്പരം മൈത്രിയോടെ കഴിയുന്ന ശാന്തഭൂമി എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന്ന് നിരണം എന്ന പേരുണ്ടായത്[1] എന്നൊരു അഭിപ്രായവുമുണ്ട്. ആയിരത്തിലേറെ വർഷങ്ങളായി ഇവിടെ നിലനിന്നു പോരുന്ന മതസൗഹാർദ്ദം വിദേശിയരെപ്പോലും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്നത് ഈ വാദത്തിന് ഒരു കാരണമാവാം. "നിരണം പള്ളി ഒരു ഹൈന്ദവക്ഷേത്രത്തിന് വളരെ സമീപത്തായി നിർബ്ബാധമായ ഒരു പ്രാചീന സിറിയൻ പള്ളിയാണെന്നുള്ളത് സഹിഷ്ണുതയോടെ വീക്ഷിക്കേണ്ടതാണ്." എന്ന് ലെഫ്റ്റനന്റ് കോർണർ എഴുതിയ 'സർവെ ഓഫ് ദി ട്രാവൻകൂർ കൊച്ചിൻ സ്റ്റേറ്റ്സ്' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.[3]
ചിത്രശാല
[തിരുത്തുക]-
താറാവ് വളർത്തൽ കേന്ദ്രം - നി���ണം
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "നിരണം ഗ്രാമപഞ്ചായത്ത് വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2011-03-26.
- ↑ "നിരണം പള്ളിയുടെ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2011-03-26.
- ↑ അഡ്വ.പി.സി മാത്യു , നിരണം പള്ളി ചരിത്രം, ഇലഞ്ഞിക്കൽ പബ്ലീഷേർസ് ,2006 ഫെബ്രുവരി