ധാർവാഡ് പേഡ
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | ഇന്ത്യ |
പ്രദേശം/രാജ്യം | ധാർവാഡ്, കർണ്ണാടക |
വിഭവത്തിന്റെ വിവരണം | |
Course | മധുരപലഹാരം |
പ്രധാന ചേരുവ(കൾ) | പാൽ, പഞ്ചസാര |
മറ്റ് വിവരങ്ങൾ | GI number: 85 |
കർണാടക സംസ്ഥാനത്ത് ധാർവാഡ് ജില്ലയിൽ നിർമ്മിക്കപ്പെടുന്ന ഒരു മധുരപലഹാരമാണ് ധാർവാഡ് പേഡ. മറ്റ് പേഡകളിൽ നിന്ന് വ്യത്യസ്തമായി കടുത്ത ബ്രൗൺ നിറത്തിലുള്ള ഈ പേഡകളിൽ പഞ്ചസാരയുടെ ചെറുതരികളാലുള്ള ആവരണമുണ്ട്. പരമ്പരാഗത മധുര പേഡകളുടെ ഒരു പരിഷ്കരിച്ച രൂപമാണ് ധാർവാഡ് പേഡയെന്നും അഭിപ്രായമുണ്ട്.[1] ഭൗമസൂചികയിൽ ഇടം നേടിയിട്ടുള്ള ഭക്ഷണ വിഭവങ്ങളിലൊന്നാണിത്.
ചരിത്രം
[തിരുത്തുക]19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉത്തർപ്രദേശിൽ നിന്നും രാം രത്തൻ സിംഗ് താക്കൂറും കുടുംബവും ധാർവാഡിലെത്തുന്നതോടെയാണ് ധാർവാഡ് പേഡയുടെ ചരിത്രം ആരംഭിക്കുന്നത്. ജീവനോപാധിയായി താക്കൂർ കുടുംബം പേഡകൾ നിർമ്മിച്ച് വിൽക്കുവാൻ തുടങ്ങി. ഈ പേഡ ക്രമേണ പ്രശസ്തമാവുകയും ധാർവാഡ് പേഡ എന്ന പേരിലറിയപ്പെടുവാൻ തുടങ്ങുകയും ചെയ്തു. രത്തൻ സിംഗ് താക്കൂറിന്റെ ചെറുമകൻ ബാബു സിംഗ് താക്കൂർ ധാർവാഡിലെ ലൈൻ ബസാറിൽ താക്കൂർ കുടുംബം ആരംഭിച്ച പേഡ നിർമ്മാണ കേന്ദ്രം ഇപ്പോഴും പ്രസിദ്ധമായി തന്നെ തുടരുന്നു.1913-ൽ അക്കാലത്ത് ബോംബെ പ്രവിശ്യയുടെ ഭാഗമായിരുന്ന ധാർവാഡ് സന്ദർശിച്ച ബോംബേ ഗവർണ്ണർ ഈ പേഡയുടെ രുചിയിൽ ഏറെ സന്തുഷ്ടി പ്രകടിപ്പിക്കുകയും ഒരു മെഡൽ സമ്മാനിക്കുകയുമുണ്ടായി.[2] താക്കൂർ പേഡകൾ എന്നു കൂടി അറിയപ്പെടുന്ന ഈ പേഡകളുടെ ഗുണവും രുചിയും തലമുറകളായി നിലനിർത്തുന്ന താക്കൂർ കുടുംബം പേഡയുടെ നിർമ്മാണ രീതി രഹസ്യമായി സൂക്ഷിക്കുന്നു. രണ്ടു മാസത്തോളം ഈ പേഡകൾ കേടു കൂടാതെ സൂക്ഷിക്കാനാവും.[3]
��ാർവാഡ പേഡകളിലെ മറ്റൊരിനമാണ് മിശ്ര പേഡ. അവധ്ബിഹാറി മിശ്ര 1933-ൽ ധാർവാഡിലെ ലൈൻബസാറിലെത്തി ചെറിയ രീതിയിൽ പേഡ വ്യാപാരം തുടങ്ങുന്നതോ���െയാണ് ധാർവാഡ് മിശ്ര പേഡകൾക്ക് തുടക്കമാകുന്നത്. അദ്ദേഹത്തിന് ശേഷം മകൻ ഗണേശ് മിശ്ര വ്യാപാരം വിപുലപ്പെടുത്തുകയും ഹുബ്ലി ബസ് സ്റ്റാൻഡിൽ ഒരു കട കൂടി തുടങ്ങുകയും ചെയ്തു. ഇന്ന് കർണ്ണാടകയിലെ വിവിധ ഭാഗങ്ങളിലും പൂനയിലും ഇവർക്ക് ശാഖകളുണ്ട്.
ഇന്ന് താക്കൂർ-മിശ്ര കുടുംബങ്ങൾക്ക് പുറമേ മറ്റനവധി വ്യാപാരികൾ കൂടി ധാർവാഡ് പേഡ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നു. ഇതിനു പുറമേ കർണ്ണാടക ക്ഷീരോത്പാദന സഹകരണ സംഘവും ധാർവാഡ് പേഡ നിർമ്മിച്ച് വിതരണം ചെയ്യുന്നുണ്ട്.
നിർമ്മാണ രീതി
[തിരുത്തുക]ശുദ്ധമായ പാലിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കോവയോടൊപ്പം ചെറിയ അളവിൽ പഞ്ചസാര ചേർത്ത് ഉരുളിയിൽ വെച്ച് ചെറിയ തീയിൽ ചൂടാക്കുക. ബ്രൗൺ നിറം എത്തുന്നത് വരെ ഈ മിശ്രിതം ഇളക്കിക്കൊണ്ടിരിക്കണം. ഈ 'നിറം കടുപ്പിക്കൽ' പ്രക്രിയയാണ് ധാർവാഡ് പേഡയെ മറ്റിനം പേഡകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന മുഖ്യഘടകം. വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോൾ ഒന്നര മണിക്കൂറോളം നീളുന്ന ഒരു പ്രക്രിയയാണിത്. ഈ ഘട്ടത്തിന് ശേഷം ഇതിലേക്ക് വലിയ അളവിൽ പഞ്ചസാര ചേർത്ത് ഇളക്കി ലയിപ്പിച്ചെടുക്കുന്നു. ഈ മിശ്രിതം തണുപ്പിച്ച് ചെറു കഷണങ്ങളായി മുറിച്ചെടുക്കുന്നു. ഈ ചെറുകഷണങ്ങൾ പഞ്ചസാരപ്പൊടിയിലൂടെ ഉരുട്ടിയെടുക്കുന്നതാണതിന്റെ നിർമ്മാണത്തിന്റെ അവസാന ഘട്ടം.[4]
അവലംബം
[തിരുത്തുക]- ↑ Dharwad Peda: A Regional Favourite from Karnataka's Sweet Repertoire, എൻ.ഡി.ടി.വി.കോം എന്ന വെബ്‌സൈറ്റ്, 2016 ജനുവരി 26
- ↑ Centurian pedha faces growth pangs, ബിസിനസ് സ്റ്റാൻഡേർഡ്, 2015 ജനുവരി 13
- ↑ "ധാർവാഡ് ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ്". Archived from the original on 2016-02-07. Retrieved 2016-01-30.
- ↑ In search of Dharwad Pedha, , ദ ഹിന്ദു, 2012 സെപ്റ്റംബർ 1