തൃപ്പെരുന്തുറ മഹാദേവക്ഷേത്രം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര-തിരുവല്ല റൂട്ടിൽ -തൃപ്പെരുന്തുറ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് തൃപ്പെരുന്തുറ മഹാദേവക്ഷേത്രം . തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അധീനതയിലാണ് ഈ ക്ഷേത്രം. ശിവനും പാർവ്വതിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. ഓണാട്ടുകരയിൽ ധാരാളം കാണാൻ കഴിയുന്ന പഴക്കവും വലിപ്പവും തികഞ്ഞ മഹാദേവക്ഷേത്രങ്ങൾക്ക് നല്ല ഒരു ഉദാഹരണമാണ് ഈ ക്ഷേത്രം. എന്നാൽ എന്തുകൊണ്ടോ, ക്ഷേത്രം അത്ര പ്രസിദ്ധമായില്ല.
ഐതിഹ്യം
[തിരുത്തുക]ഈ ക്ഷേത്രത്തിൽ കുടിയിരിയ്ക്കുന്ന ശിവലിംഗം ത്രേതായുഗത്തിൽ ഖരമഹർഷി പ്രതിഷ്ഠിച്ചതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും തമിഴ് ഭക്തിസാഹിത്യത്തിലെ അതുല്യപ്രതിഭയായിരുന്ന മാണിക്യവാചകരുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ. മാണിക്യവാചകരുടെ യഥാർത്ഥ നാമം വടവുരാർ എന്നായിരുന്നു. തഞ്ചാവൂരിലെ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ച അദ്ദേഹം തികഞ്ഞ ശിവഭക്തനായിരുന്നു. പാണ്ഡ്യരാജാവായിരുന്ന അരിമർദ്ദനന്റെ പ്രധാനമന്ത്രിയായിരുന്നു വടവുരാർ. ഒരിയ്ക്കൽ രാജാവിന് ഏതാനും പടക്കുതിരകളെ ആവശ്യമായി വന്നപ്പോൾ അദ്ദേഹം ആ കുതിരകളെ കൊണ്ടുവരാനായി വടവുരാരെ അയച്ചു. അന്ന് തൃപ്പെരുന്തുറ ഒരു കടൽത്തീരമായിരുന്നു. പേര് സൂചിപ്പിയ്ക്കുന്നതുപോലെ അവിടെ വലിയൊരു തുറമുഖവുമുണ്ടായിരുന്നു. അറബികൾ അടക്കമുള്ള വ്യാപാരികൾ അവിടെ കപ്പൽ വഴി പടക്കുതിരകളെ കൊണ്ടുവന്നിരുന്നു. അവയെ വാങ്ങാനാണ് വടവുരാർ പുറപ്പെട്ടത്. എന്നാൽ, മാർഗ്ഗമധ്യേ ഒരു ശിവലിംഗം കണ്ട അദ്ദേഹം ഉടനെ അടുത്തുകണ്ട കുളത്തിലിറങ്ങി കുളിയും തേവാരവും കഴിച്ച് ശിവപൂജയ്ക്കായി ഇരുന്നു. പൂജാവസനവേളയിൽ സാക്ഷാൽ പരമശിവൻ പ്രത്യക്ഷപ്പെട്ട് വടവുരാർക്ക് ബോധോദയം ഉണ്ടാക്കുകയും 'മാണിക്യവാചകർ' എന്ന നാമം നൽകുകയും ചെയ്തു. പിന്നീട് കുതിരകളെ വാങ്ങാൻ നൽകിയ പണം കൊണ്ട് മാണിക്യവാചകർ ഒരു ശിവക്ഷേത്രം നിർമ്മിച്ചു. ആ ക്ഷേത്രമാണ് തൃപ്പെരുന്തുറ മഹാദേവക്ഷേത്രം.
ക്ഷേത്രവർണ്ണന
[തിരുത്തുക]ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റൂട്ടിൽ മാവേലിക്കരയിൽ നിന്ന് 7 കിലോമീറ്ററും തിരുവല്ലയിൽ നിന്ന് 14 കിലോമീറ്ററും സഞ്ചരിച്ചാൽ ക്ഷേത്രത്തിന് മുന്നിലെത്താം. പുണ്യനദികളായ പമ്പാനദിയ്ക്കും അച്ചൻകോവിലാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലം രണ്ട് നദികളിൽ നിന്നും ഏകദേശം ഒരേ ദൂരത്താണ്. പ്രധാന വഴിയിൽത്തന്നെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ അന്തരീക്ഷമാണിവിടെയുള്ളത്. ഓലമേഞ്ഞ ബസ് സ്റ്റോപ്പും ഓട്ടോറിക്ഷാ സ്റ്റാൻഡും വളരെ കുറച്ച് കടകളും ഇവിടെ കാണാം. പ്രധാന വഴിയ്ക്കടുത്ത് വലിയ ഒരു ആൽത്തറയുണ്ട്. അവിടെ ചെറിയൊരു ഗണപതിക്ഷേത്രം കാണാം. തൃശ്ശൂർ നഗരത്തിലെ പ്രസിദ്ധമായ വടക്കുംനാഥക്ഷേത്രത്തിന് മുന്നിലെ നടുവിലാൽ ഗണപതിക്ഷേത്രത്തെ ഓർമ്മിപ്പിയ്ക്കും വിധത്തിലാണ് ഈ ക്ഷേത്രത്തിന്റെ ഘടന. ഐശ്വര്യഗണപതി സങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. സാധാരണ ഗണപതിവിഗ്രഹങ്ങളിൽ നിന്ന് യാതൊരു വ്യത്യാസവും ഇവിടത്തെ വിഗ്രഹത്തിനില്ല. പ്രധാന ക്ഷേത്രവുമായി നോക്കുമ്പോൾ പഴക്കവും കുറവാണ്. വളരെ അടുത്ത കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഇന്ന് ഭക്തർ ഇവിടെ തൊഴുതശേഷമാണ് ശിവനെ തൊഴാൻ പോകുന്നത്.
ഗണപതിക്ഷേത്രം കഴിഞ്ഞാൽ ഒരു 300 മീറ്റർ നടന്നാണ് ക്ഷേത്രത്തിലെത്തുക. ക്ഷേത്രത്തിലേയ്ക്കുള്ള വഴി മണൽ പാകിയതാണ്. ചുറ്റും ഒരുപാട് മരങ്ങൾ കാണാം. ക്ഷേത്രത്തിന് നാലുവശത്തും ഗോപുരങ്ങളില്ല. എന്നാൽ വലിയ ആനപ്പള്ളമതിൽ തീർത്തിട്ടുണ്ട്. ഇവിടെ ചെരുപ്പ് കൗണ്ടറും ക്ലോക്ക് റൂമുമില്ല. അതിനാൽ ഭക്തർ വഴിയിൽത്തന്നെയാണ് ചെരുപ്പുകൾ ഇടുന്നത്. ഇത് ചെരുപ്പ് നഷ്ടമാകുന്നതടക്കം ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. മതിൽക്കെട്ടിനകത്തേയ്ക്ക് കടന്നാൽ തെക്കുഭാഗത്ത് ഒരു ആൽമരം കാണാം. അതിന്റെ ചുവട്ടിൽ രക്ഷസ്സിന്റെ പ്രതിഷ്ഠയാണ്. വടക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. വളരെ വലിപ്പമുള്ള ക്ഷേത്രക്കുളമാണിത്. മാണിക്യവാചകർക്ക് ഭഗവാൻ ദർശനം നൽകിയത് ഇവിടെവച്ചാണെന്ന് പറയപ്പെടുന്നു. കുളത്തിന്റെ ഒത്ത നടുക്ക് ഒരു കരിങ്കൽത്തറയുണ്ട്. ആറാട്ട് നടക്കുന്നത് ഇവിടെ വച്ചാണ്. കുളത്തിൽ ധാരാളം മത്സ്യങ്ങളുണ്ട്. അവയ്ക്ക് അന്നം നൽകുന്നത് (മീനൂട്ട്) വളരെ പ്രധാനപ്പെട്ട ഒരു വഴിപാടായി കണക്കാക്കപ്പെടുന്നു. വളരെ പഴയതും മനോഹരവുമായ ഒരു കുളപ്പുരയും ഇതിനോട് ചേർന്നുതന്നെ കാണാം. ഇവിടെയാണ് ദേവസ്വം ഓഫീസ് പ്രവർത്തിയ്ക്കുന്നത്.
വലിയ ആനക്കൊട്ടിലും കൊടിമരവും ബലിക്കൽപ്പുരയുമെല്ലാം ഈ ക്ഷേത്രത്തിനുണ്ട്. ആനക്കൊട്ടിലിൽ നാല് ആനകൾക്ക് നിൽക്കാനുള്ള സൗകര്യമുണ്ട്. ഇവിടെവച്ചുതന്നെയാണ് ചോറൂണ്, തുലാഭാരം, വിവാഹം, അടിമ കിടത്തൽ, ഭജന തുടങ്ങിയവ നടത്തുന്നത്. വെള്ളിക്കൊടിമരമാണ് ഇവിടെയുള്ളത്. 1970 മേയ് 10നാണ് ഈ കൊടിമരം പ്രതിഷ്ഠിച്ചത്. 100 അടി ഉയരം വരുന്ന ഈ കൊടിമരത്തിന് മുകളിൽ ഭഗവദ്വാഹനമായ നന്ദിയുടെ ഒരു രൂപമുണ്ട്. കൊടിമരത്തിനപ്പുറത്താണ് ബലിക്കൽപ്പുര. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ബലിക്���ൽപ്പുര രണ്ട് ഭാഗങ്ങളായിട്ടാണ്. പുറത്തുള്ള ഭാഗത്താണ് വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്നത്. അകത്തെ ഭാഗം മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ്. ഇവിടെ മച്ചിൽ അഷ്ടദിക്പാലകരുടെയും ബ്രഹ്മാവിന്റെയും രൂപങ്ങൾ കാണാം. സമീപത്ത് യുദ്ധരംഗങ്ങളും പല്ലിയെ വിഴുങ്ങുന്ന പാമ്പിന്റെ രൂപവുമൊക്കെ കൊത്തിവച്ചിട്ടുണ്ട്. ഒരു കെടാവിളക്ക് ഇവിടെ കത്തിച്ചുവച്ചിട്ടുണ്ട്. ഇവിടെ നാല് കരിങ്കൽത്തൂണുകളുണ്ട്. അവയിൽ ദീപലക്ഷ്മീരൂപങ്ങൾ കാണാം. ബലിക്കൽപ്പുര കടന്നാൽ വലിയമ്പലത്തിലെത്താം. ഇവിടെ ഇരുവശത്തുമായി നാലുവീതം കരിങ്കൽത്തൂണുകൾ കാണാം. വാരാണസിയ്ക്കടുത്ത് സാരാനാഥിലെ അശോകസ്തംഭത്തെ ഓർമ്മിപ്പിയ്ക്കും വിധത്തിലാണ് ഇവയുടെയൊക്കെ നിർമ്മിതി. വലിയമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് മുകളിൽ ഗജലക്ഷ്മീരൂപം കാണാം. വലിയമ്പലത്തിലെ തൂണുകളിലുള്ള ശില്പങ്ങൾക്ക് കണക്കില്ല. ഗണപതി, സുബ്രഹ്മണ്യൻ, ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണൻ, കാളിയമർദ്ദനം, ശിവലിംഗത്തെ കെട്ടിപ്പിടിച്ചിരിയ്ക്കുന്ന മാർക്കണ്ഡേയൻ, ശ്രീരാമപട്ടാഭിഷേകം - അങ്ങനെ വിവിധ രൂപങ്ങൾ ഇവിടെയുണ്ട്. മറ്റ് തൂണുകളിൽ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് പ്രത്യേകമായൊരു തിളക്കമുണ്ട്. അത് ആരെയും ആകർഷിയ്ക്കും. ഇവ രണ്ടും കടന്നാൽ നാലമ്പലത്തിലെത്താം. സാമാന്യം വലിപ്പമുള്ള നാലമ്പലത്തിൽ ഒത്ത മധ്യത്തിലായി വൃത്താകൃതിയിൽ ഒരുനിലയിൽ തീർത്ത ശ്രീകോവിൽ സ്ഥിതിചെയ്യുന്നു. വളരെ വലിയ ശ്രീകോവിലാണിത്. ഏകദേശം 170 അടി ചുറ്റളവ് വരുന്ന ഈ ശ്രീകോവിലിന്റെ നിർമ്മാണശൈലി വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. ചങ്ങനാശ്ശേരിയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന വാഴപ്പള്ളി ക്ഷേത്രത്തിലെ ശ്രീകോവിലുമായി നല്ല സാദൃശ്യം ഈ ശ്രീകോവിലിനുണ്ട്. ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടുകൂടി പരിശോഭിയ്ക്കുന്ന ഈ ശ്രീകോവിലിലാണ് പ്രധാന പ്രതിഷ്ഠകളായ ശിവനും പാർവ്വതിയും കുടിയിരിയ്ക്കുന്നത്.
കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിനകത്ത് മൂന്ന് മുറികൾ കാണാം. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദ്വാരപാലകർ അകത്തെ അറയിലാണ്. പുറത്തുള്ളത് മര അഴിക്കൂട് മാത്രമാണ്. സോപാനത്തിൽ ആറ് പടികളുണ്ട്. അവയിൽ തെക്കുഭാഗത്ത് നടരാജശിവനെയും വടക്കുഭാഗത്ത് കാളിയമർദ്ദനരൂപത്തിലുള്ള ശ്രീകൃഷ്ണനെയും കാണാം. അകത്ത് കടന്നാൽ വീണ്ടും രണ്ട് മുറികൾ കാണാം. അവയിൽ രണ്ടാമത്തെ മുറിയാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന ഗർഭഗൃഹം. ഏകദേശം ആറടി ഉയരം വരുന്ന അതിഭീമാകാരമായ ശിവലിംഗമാണിവിടെ. കിഴക്കോട്ട് ദർശനമായി സദാശിവഭാവത്തിലാണ് ഭഗവാൻ ഇവിടെ കുടികൊള്ളുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ മൂന്നാമത്തെ ശിവലിംഗമാണിതെന്ന് പറയപ്പെടുന്നു. സർവ്വമംഗളകാരകനായ സദാശിവന് അനഭിമുഖമായി പടിഞ്ഞാട്ട് ദർശനം നൽകി പാർവ്വതീദേവി വാഴുന്നു. ഇവിടെ ദേവിയ്ക്ക് ശിലാവിഗ്രഹമാണ്. ഒരുകയ്യിൽ താമരപ്പുവ് കാണാം. പാർവ്വതീപ്രതിഷ്ഠ പിൽക്കാലത്ത് പണികഴിപ്പിച്ചതാണ്. അതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. ഒരുകാലത്ത് ഇവിടെ ശിവൻ അത്യുഗ്രമൂർത്തിയായിരുന്നു. അതുകാരണം സന്ധ്യയ്ക്കുതന്നെ ക്ഷേത്രനട അടയ്ക്കുമായിരുന്നു. സന്ധ്യകഴിഞ്ഞാൽ ആരും ക്ഷേത്രപരിസരത്തുകൂടെ നടന്നുപോയിരുന്നില്ല. എന്തിനേറെ, തൃപ്പെരുന്തുറ ക്ഷേത്രം എന്ന് ആരും ഉച്ചരിച്ചിരുന്നതുപോലുമില്ല! അഘോരരുദ്രഭാവത്തിൽ വാഴുന്ന ഭഗവാന് സന്ധ്യ കഴിഞ്ഞാൽ രൗദ്രഭാവം കൂടും എന്ന വിശ്വാസമായിരുന്നു അതിന് കാരണമായി പറഞ്ഞിരുന്നത്. അങ്ങനെയിരിയ്ക്കേ ഒരു ദിവസം സന്ധ്യയ്ക്ക് ഇവിടെവന്ന പരമഭക്തനായ വില്വമംഗലം സ്വാമിയാർ ശാന്തിക്കാരൻ നടയടച്ചുപോകുന്നത് കണ്ടു. തന്റെ ദിവ്യദൃഷ്ടി കൊണ്ട് കാര്യം മനസ്സിലാക്കിയ അദ്ദേഹം ഉടനെ ശിവന് അനഭിമുഖമായി പാർവ്വതീപ്രതിഷ്ഠ നടത്തി. അങ്ങനെ അഘോരരൂപത്തിൽനിന്ന് ഭഗവാൻ സദാശിവരൂപത്തിലേയ്ക്ക് മാറി. അനഭിമുഖമായ പ്രതിഷ്ഠകൾ അർദ്ധനാരീശ്വരഭാവം സൃഷ്ടിയ്ക്കുന്നു. മാണിക്യവാചകർക്ക് ജ്ഞാനം ഉപദേശിച്ച സങ്കല്പമുള്ളതിനാൽ ദക്ഷിണാമൂർത്തീഭാവവും ഇവിടെ ഭഗവാനിൽ ഒത്തുചേരുന്നു.
ശ്രീകോവിലിന് മുന്നിൽ ചതുരാകൃതിയിൽ വലിയ നമസ്കാരമണ്ഡപം കാണാം. 16 കാലുകളോടുകൂടിയ ഈ ഭീമൻ മണ്ഡപത്തിലെ കാഴ്ചകൾ അതിമനോഹരമാണ്. ബലിക്കൽപ്പുരയിലുള്ളതുപോലെത്തന്നെയുള്ള ശില്പങ്ങളാണ് ഇവിടെയും. ഇവിടെ ദിവസവും മന്ത്രങ്ങൾ ജപിയ്ക്കുന്ന ബ്രാഹ്മണരെ കാണാം. 1001 കലശം വച്ചുപൂജിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഇതിന്റെ പടിഞ്ഞാറേ അറ്റത്ത് നന്ദിയുടെ ഒരു വിഗ്രഹമുണ്ട്. പതിവിൽനിന്ന് വ്യത്യസ്തമായി നടയിൽനിന്ന് ഒരല്പം മാറിയാണ് നന്തിവിഗ്രഹം കിടക്കുന്നത്. ഇത് ഭഗവാന്റെ രൗദ്രഭാവത്തിന്റെ സൂചനയായി കണ്ടുവരുന്നുണ്ട്. ശ്രീകോവിലിന്റെ തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും കാണാം. ശ്രീകോവിലിന്റെ തെക്കേ നടയിൽ ദക്ഷിണാമൂർത്തിയും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. വടക്കുഭാഗത്ത് പ്രതിഷ്ഠകളൊന്നുമില്ല.
ശ്രീകോവിലിന്റെ ഭിത്തികൾ അതിമനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിയ്ക്കുന്നു. വളരെ ശ്രദ്ധേയമായ കാഴ്ചയാണിത്. പാശുപതാസ്ത്രകഥ, വിവിധ ദേവീരൂപങ്ങൾ, ശ്രീകൃഷ്ണലീല, നരസിംഹമൂർത്തി - അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദൃശ്യവിസ്മയങ്ങൾ തീർക്കുന്ന ഈ ശില്പങ്ങൾ ആരും കാണാൻ ആഗ്രഹിയ്ക്കും. ശ്രീകോവിലിന്റെ ഭിത്തി കാണാനേ സാദ്ധ്യമല്ല. മുഴുവൻ ശില്പങ്ങൾ കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്. ശിവന്റെ നടയിലെത്തുമ്പോൾ പ്രധാനമായും ശൈവരൂപങ്ങളാണ് കാണുന്നതെങ്കിൽ ദേവീനടയിലെത്തുമ്പോൾ പ്രധാനമായും വൈഷ്ണവകഥകൾ, അവയിൽത്തന്നെ ശ്രീകൃഷ്ണലീലകളാണ് കാണുന്നത്. ശ്രീകോവിലിന് ചുറ്റും നിറയെ ബലിക്കല്ലുകൾ കാണാം. അഷ്ടദിക്പാലകർ (ഇന്ദ്രൻ, അഗ്നി, യമൻ, നിര്യതി, വരുണൻ, വായു, കുബേരൻ, ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, കൗമാരി, വരാഹി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, ദുർഗ്ഗ, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ദേവന്റെ വിവിധ വികാരങ്ങളെ സൂചിപ്പിയ്ക്കുന്നു. ശീവേലിസമയത്ത് ഇവയിൽ ബലി തൂകുന്നു. ഇവയിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.
മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഒരു രൂപം ഈ ക്ഷേത്രത്തിലുണ്ട്. ഒരു ചെറിയ ശിവലിംഗവും അതിന് ചുറ്റുമിരിയ്ക്കുന്ന നാഗരൂപങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ അത്ഭുതരൂപം. നാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിൽ കിണറിനടുത്താണ് ഈ രൂപം. നാലമ്പലത്തിനകത്ത് നാഗപ്രതിഷ്ഠ അത്യപൂർവ്വമാണ്. അതിൽത്തന്നെ ഇത്തരത്തിലൊന്ന് ഇവിടെ മാത്രമേ കാണാൻ കഴിയൂ. ഈ രൂപത്തിന്റെ സങ്കല്പം ഇങ്ങനെയാണ്: ലോകഗുരുവായ ദക്ഷിണാമൂർത്തിയായി വാഴുന്ന ഭഗവാനിൽ നിന്ന് ജ്ഞാനം ലഭിയ്ക്കുന്നതിന് നാഗങ്ങൾ പോലും കൂടിയിരിയ്ക്കുന്നു. ഈ രൂപം അങ്ങനെ ഒരേ സമയം വിദ്യാഭിവൃദ്ധിയുടെയും നാഗദോഷപരിഹാരത്തിന്റെയും ആരാധനകൾ ഏറ്റുവാങ്ങി നിൽക്കുന്നു.
നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കേമൂലയിൽ ബ്രഹ്മരക്ഷസ്സിനും യക്ഷിയ്ക്കും സാന്നിദ്ധ്യമുണ്ട്. പ്രത്യേകമായൊരു ശ്രീകോവിലിലാണ് ഇവർക്ക് പ്രതിഷ്ഠ. ദിവസവും ഇവിടെ പൂജകൾ നടക്കാറുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ നാഗദൈവങ്ങൾ സാന്നിദ്ധ്യമരുളുന്നു. നാഗങ്ങൾക്ക് നാലമ്പലത്തിനകത്തും പുറത്തുമായി പ്രതിഷ്ഠകളുള്ള ഏക ക്ഷേത്രം ഇതാണ്! നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗചാമുണ്ഡിയും ഭൂതഗണങ്ങളും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. മതിൽക്കെട്ടിന് പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് ഒരു ചെറിയ ശാസ്താക്ഷേത്രമുണ്ട്. പ്രധാനക്ഷേത്രത്തിന്റെ കീഴേടമാണ് ഇവിടം. "ഇരുകുളങ്ങര ക്ഷേത്രം" എന്നാണ് ഇതിന്റെ പേര്. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഇവിടെ രണ്ട് കുളങ്ങൾ കാണാം. അവയുടെ കരയിലാണ് ഈ ക്ഷേത്രം. വളരെ ചെറിയൊരു ക്ഷേത്രമാണിത്. മുമ്പ് ഇതൊരു കാവായിരുന്നു. അതിന്റെ ലക്ഷണങ്ങൾ ഇന്നും കാണാം. നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം വീഴാത്ത തരത്തിൽ മരങ്ങൾ വളർന്നുനിൽക്കുന്നു. ഈയടുത്തുമാത്രമാണ് ഇവിടെ ക്ഷേത്രം പണിതത്. പ്രധാനമൂർത്തിയായ ശാസ്താവ് കിഴക്കോട്ട് ദർശനമായി വാഴുന്നു. ഉപദേവതകളായി ഗണപതിയും മാളികപ്പുറത്തമ്മയും സാന്നിദ്ധ്യമരുളുന്നു.
നിത്യപൂജകളും വഴിപാടുകളും
[തിരുത്തുക]നിത്യേന അഞ്ച് പൂജകളും മൂന്ന് ശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൃപ്പെരുന്തുറ മഹാദേവക്ഷേത്രം. രാവിലെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം നിർമ്മാല്യദർശനമാണ്. അതിനുശേഷം വിഗ്രഹത്തിൽ അഭിഷേകവും മലർ നിവേദ്യവും നടത്തുന്നു. പിന്നീട് അഞ്ചരയ്ക്ക് ഉഷഃപൂജയും തുടർന്ന് എതൃത്തപൂജയും ഗണപതിഹോമവും നടത്തുന്നു. ആറരയ്ക്ക് ഉഷഃശീവേലി. ഏഴരയ്ക്ക് രണ്ടാമത്തെ അഭിഷേകം (ധാര, നവകാഭിഷേകം). തുടർന്ന് പന്തീരടി പൂജ നടത്തുന്നു. പത്തരയ്ക്ക് ഉച്ചപൂജയും പിന്നീട് ഉച്ചശീവേലിയും കഴിഞ്ഞ് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. പ്രദോഷദിവസങ്ങളിൽ സന്ധ്യയ്ക്ക് അഭിഷേകവുമുണ്ടാകും. തുടർന്ന് ഏഴരയോടെ അത്താഴപ്പൂജയും എട്ടരമണിയോടെ അത്താഴശീവേലിയും കഴിഞ്ഞ് ഒമ്പതുമണിയ്ക്ക് നടയടയ്ക്കുന്നു.
വിശേഷദിവസങ്ങളിൽ (ഉദാഹരണം: ഉത്സവം, ഓണം, തിരുവാതിര, ശിവരാത്രി) മേല്പറഞ്ഞ പൂജാക്രമത്തിന് മാറ്റമുണ്ടാകും. ഗ്രഹണദിവസങ്ങളിലും മാറ്റമുണ്ടാകും. എല്ലാ മാസവും തിരുവാതിര നാളിൽ ക്ഷേത്രക്കമ്മിറ്റി വക അഖണ്ഡനാമജപമുണ്ടാകും.
സാധാരണ ശിവക്ഷേത്രങ്ങളിൽ കണ്ടുവരാറുള്ള എല്ലാ വഴിപാടുകളും ഇവിടെയുമുണ്ട്. ധാര, ശംഖാഭിഷേകം, കൂവളമാല തുടങ്ങിയവ ഉദാഹരണം. എങ്കിലും ശിവപാർവ്വതീസാന്നിദ്ധ്യമുള്ള ക്ഷേത്രമായതിനാൽ മംഗല്യപൂജ, ഉമാമഹേശ്വരപൂജ തുടങ്ങിയവയ്ക്കാണ് കൂടുതൽ പ്രാധാന്യം. പാർവ്വതീദേവിയ്ക്ക് പട്ടും താലിയും ചാർത്തുന്നതും പ്രധാനമാണ്.
ക്ഷേത്രത്തിലെ തന്ത്രാധികാരം ശബരിമലയിലും തന്ത്രാധികാരമുള്ള ചെങ്ങന്നൂർ താഴമൺ മഠത്തിനും പുത്തില്ലത്ത് കുടുംബത്തിനും ഒരുപോലെ വീതിച്ചിരിയ്ക്കുന്നു. പ്രധാന കാര്യങ്ങൾക്ക് ഇരുവരും ചേർന്നാണ് കർമ്മങ്ങൾ അനുഷ്ഠിയ്ക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
ചിത്രശാല
[തിരുത്തുക]-
തൃപ്പെരുന്തുറ ക്ഷേത്രം
-
ക്ഷേത്രക്കുളപ്പുര
-
ക്ഷേത്രക്കുളം
-
ക്ഷേത്രക്കുളം