തകായുകി യമമോട്ടോ
തകായുകി യമമോട്ടോ | |
---|---|
ജനനം | തകായുകി യമമോട്ടോ |
ദേശീയത | ജാപ്പനീസ് |
തൊഴിൽ | ശില്പി, കലാകാരൻ |
ജപ്പാൻ ചിത്രകാരനും ശിൽപ്പിയുമാണ് തകായുകി യമമോട്ടോ. നിരവധി അന്തർദേശീയ കലാ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]ജപ്പാനിലെ ടൊയോട്ട കമ്പനി സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമായ നഗോയയിൽ ജനിച്ചു. ഐച്ചി വിദ്യാഭ്യാസ സർവകലാശാലയിലും ലണ്ടനിലെ ചെൽസിയ കോളേജ് ഓഫ് ആർട്ട് ആൻഡ് ഡിസൈനിലും പഠിച്ചു. പിന്നീട് ജീവിതത്തിന്റെ ഏറിയ പങ്കും ദക്ഷിണ കൊറിയയിലാണ് യമമോട്ടോ ചെലവഴിച്ചത്. കുറച്ചു കാലം പ്രാഥമിക വിദ്യാഭ്യസ രംഗത്തു പ്രവർത്തിച്ച തകായുകി, 2001 മുതൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നു. കുട്ടികൾക്കായി നിരവധി കലാ ശിൽപ്പശാലകൾ നടത്തുകയും 'ഏതു നരകത്തിലേക്കാണ് നാം പോവുക' എന്ന പേരിൽ കുട്ടികളുമായി ചേർന്ന് കലാപരിപാടിയ്ക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട്. നരകം ഭാവനയിൽ കണ്ട് അത് കലാരൂപങ്ങളായി സൃഷ്ടിക്കാനാണ് അദ്ദേഹം കുട്ടികളോടാവശ്യപ്പെട്ടത്. അതിൽ ഒരു കുട്ടി ഐസ്‌ക്രീം കൊണ്ട് നരകം ഉണ്ടാക്കി. കുട്ടികളിൽ പോലും അത്യാഗ്രഹമുണ്ടെന്നതിന് തെളിവായി യമമോട്ടോ ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.[1]
കൊച്ചി-മുസിരിസ് ബിനാലെ 2016
[തിരുത്തുക]സ്വന്തം പ്രതിച്ഛായയിലുള്ള പ്രതിമയിലൂടെ മനുഷ്യന്റെ അത്യാഗ്രഹത്തെ കാഴ്ചക്കാർക്കുമുന്നിൽ അവതരിപ്പിക്കുന്ന ശിൽപ്പമായിരുന്നു തകായുകി ബിനാലെയിൽ അവതരിപ്പിച്ചത്. മലർന്നുകിടക്കുന്ന ചാരനിറത്തിലുള്ള മനുഷ്യന്റെ പ്രതിമയ്ക്ക് സ്വന്തം പ്രതിച്ഛായയാണ് യമമോട്ടോ നൽകിയിരിക്കുന്നത്. അതിന്റെ പൊക്കിളിൽനിന്ന് പൊഴിയുന്ന സ്വർണധാന്യം മുത്തുകളായി നിലത്തും മറ്റും കിടക്കുന്നു. വടക്കു കിഴക്കൻ ജാപ്പനീസ് ഗ്രാമത്തിലെ ഒരു നാടൻ കഥയാണ് തകായുക്കിയുടെ ഈ സൃഷ്ടിക്കാധാരം. പൊന്മുട്ടയിടുന്ന താറാവിന്റെ കഥയ്ക്ക് സമാനമായ ആ കഥ ഇങ്ങനെയാണ്. [2]
വാർദ്ധക്യത്തിലേക്ക് കടക്കുന്ന അത്യാഗ്രഹികളായ ദമ്പതിമാർക്ക് മക്കളുണ്ടായിരുന്നില്ല. അവർ ഓമനത്തമുള്ളൊരു ആൺകുഞ്ഞിനെ ദത്തെടുത്തു വളർത്തി. എന്നാൽ അവൻ വിരൂപനായാണ് വളർന്നു വന്നത്. അതിൽ ദമ്പതികൾ വളരെയധികം അസ്വസ്ഥരായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോളാണ് കുട്ടി അവന്റെ പൊക്കിൾക്കൊടിയിൽ നിന്ന് സ്വർണധാന്യം പറിച്ചെടുത്തത്. അത്ഭുതപ്പെട്ട ദമ്പതികൾ ��ുരാഗ്രഹം നിമിത്തം കുട്ടിയുടെ പൊക്കിളിൽ നിരന്തരമായി വിരൽ കൊണ്ടമർത്തി സ്വർണധാന്യം പുറത്തെടുത്തു. ഈ പീഡനങ്ങൾ സഹിക്കാനാവാതെ കുട്ടി മരിച്ചു. ചെയ്ത തെറ്റിലെ കുറ്റബോധമോർത്ത് നീറിക്കഴിഞ്ഞ ദമ്പതിമാർ മരത്തിൽ അവന്റെ വിരൂപമായ രൂപം കൊത്തിയെടുത്ത് അടുക്കളയിലെ നെരിപ്പോടിൽ വച്ചു. കമഗാമി എന്ന് പേരുള്ള ഈ രൂപം ഇന്ന് ജപ്പാനിലെ അടുക്കളകളിൽ സർവസാധാരണമാണ്. തകായുകി യമമോട്ടോ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന സൃഷ്ടിയും ഈ നാടോടിക്കഥയുമായി ബന്ധപ്പെട്ടതാണ്. മലർന്നുകിടക്കുന്ന ചാര നിറത്തിലുള്ള മനുഷ്യന്റെ പ്രതിമയാണ് സൃഷ്ടി. സ്വന്തം മുഖച്ഛായയാണ് അദ്ദേഹം ആ പ്രതിമയ്ക്ക് നൽകിയിരിക്കുന്നത്. അതിന്റെ പൊക്കിളിൽ നിന്ന് സ്വർണധാന്യം പൊഴിഞ്ഞു വീഴുന്നു. അത് മുത്തുകളായി നിലത്തും മറ്റും കിടക്കുന്നത് യമമോട്ടോ അവതരിപ്പിച്ചിരിക്കുന്നു. സ്വന്തം മുഖച്ഛായയിലുള്ള പ്രതിമയിലൂടെ മനുഷ്യന്റെ അത്യാഗ്രഹത്തെ കാഴ്ചക്കാർക്കുമുമ്പിൽ അവതരിപ്പിക്കുകയാണ് യമമോട്ടോ. [3]
പുരസ്കാരങ്ങൾ
[തിരുത്തുക]- ഏഷ്യൻ കൾച്ചറൽ കൗൺസിൽ ഫെല്ലോഷിപ്പ് ഗ്രാന്റ് (2013)
- ടോക്യോ വണ്ടർ സൈറ്റ് റെസിഡൻസി
- 15 ആമത് ഇഷിദ ഫൗണ്ടേഷൻ എൻകറേജിംഗ് പ്രൈസ് (2009)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-01-03.
- ↑ http://www.deshabhimani.com/news/kerala/news-ernakulamkerala-24-12-2016/612417
- ↑ http://anweshanam.com/index.php/kerala/news/japanese-folk-story-artwork-relay-cautionary-tale[പ്രവർത്തിക്കാത്ത കണ്ണി]