ടാക്കിയോൺ
പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന കണത്തെ ടാക്കിയോൺ എന്നു വിളിക്കുന്നു. ഇ. സി. ജി. സുദർശനാണ് ഈ പരികല്പനയുടെ ഉപജ്ഞാതാവ്. അസ്തിത്വം സൈദ്ധാന്തികമായി പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഇതിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ടാക്കിയോൺ എന്ന പേര് ശീഘ്രഗാമി എന്നർഥം വരുന്ന ടാക്കിസ് (tachys) എന്ന ഗ്രീക്കുപദത്തിൽ നിന്നു രൂപം കൊണ്ടതാണ്.
ശൂന്യതയിലെ പ്രകാശവേഗത
[തിരുത്തുക]ശൂന്യതയിലെ പ്രകാശവേഗത 3,00,000 കി. മീ./സെ. ആണ്. ഇതിലധികം വേഗതയിൽ സഞ്ചരിക്കുന്ന യാതൊന്നിനേയും ഇന്നോളം രേഖപ്പെടുത്തിയിട്ടില്ല. ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തപ്രകാരം ശൂന്യതയിലെ പ്രകാശവേഗതയാണ് വേഗതയുടെ പരമമായ പരിധി; ഭൗതിക പ്രപഞ്ചത്തിലെ ഒരു വസ്തുവിനോ വികിരണത്തിനോ ഈ പരിധി ലംഘിക്കാൻ കഴിയില്ല. ഈ സിദ്ധാന്തമനുസരിച്ച് ഒരു വസ്തുവിന്റെ ദ്രവ്യമാനം വേഗതയ്ക്കൊപ്പം വർദ്ധിക്കണം. വേഗത പ്രകാശവേഗതയെ സമീപിക്കുമ്പോൾ ദ്രവ്യമാനം അനന്തമായി വർദ്ധിക്കുന്നു. വേഗത പ്രകാശവേഗതയെ മറികടന്നാൽ ദ്രവ്യമാനം അയഥാർഥം (imaginary) ആയിത്തീരും. ദ്രവ്യമാനം മാത്രമല്ല, ഊർജവും സംവേഗവും (momentum) വലിപ്പവുമെല്ലാം ഈ നിയമത്തിനു വിധേയമാണ്. ഈ പ്രതിഭാസം തീർത്തും അലൗകികം അഥവാ അഭൗതികം ആയതിനാൽ ഭൗതിക പ്രപഞ്ചത്തിൽ സംഭവ്യമല്ല.
എന്നാൽ ആപേക്ഷികതാസിദ്ധാന്തത്തെ നിഷേധിക്കാതെതന്നെ ഈ നിഗമനം ശരിയല്ലെന്ന് ലോകപ്രശസ്ത മലയാളി ശാസ്ത്രജ്ഞനായ ജോർജ് സുദർശൻ (E.C.G.Sudarshan)[1] വാദിക്കുന്നു. പ്രകാശവേഗതയുടെ അതിർവരമ്പിനപ്പുറമുള്ള ലോകത്തു സഞ്ചരിക്കുന്ന കണങ്ങളുണ്ടായിക്കൂടെന്നില്ല എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. അവയുടെ ഏറ്റവും കുറഞ്ഞ വേഗത പ്രകാശവേഗതയായിരിക്കും; ഏറ്റവും കൂടിയത് അനന്തവും.
1956-ലാണ് ഇ. സി. ജി. സുദർശൻ തന്റെ സിദ്ധാന്തമവതരിപ്പിച്ചത്. 1967-ൽ ഫെയ് ൻബെർഗും (Feinberg), 1974-ൽ റികാമി (Recami), മിഗ്നാനി (Mignani) എന്നിവരും ഈ സങ്കല്പത്തെ സാധൂകരിക്കുന്ന പഠനങ്ങൾ നടത്തുകയുണ്ടായി. തുടർന്ന് പല സൈദ്ധാന്തിക പഠനങ്ങളും ഈ വിഷയത്തിലുണ്ടായി.
കണത്തിന്റെ സവിശേഷതകൾ
[തിരുത്തുക]ഈ കണത്തിന്റെ സവിശേഷ ഗുണങ്ങൾ താഴെപ്പറയുന്നു:
- ഭൗതികലോകത്തിലെ വസ്തുക്കൾക്കും പ്രതിഭാസങ്ങൾക്കും ബാധകമായ കാര്യകാരണബന്ധം (causality) ടാക്കിയോണിനു ബാധകമല്ല.
- ഈ കണത്തിന് സമയത്തിൽ പുറകോട്ടു സഞ്ചരിക്കാൻ കഴിയും. 10 മണിക്കു പുറപ്പെട്ട് ഒരു മണിക്കൂർ സഞ്ചരിച്ച് 9 മണിക്കു ലക്ഷ്യസ്ഥാനത്തെത്തുമെന്നാണിതിനർഥം. ഇതിന്റെ ഏറ്റവും കുറഞ്ഞ വേഗത പ്രകാശവേഗതയ്ക്കു തുല്യമായതിനാൽ ഇതിന് വിരാമാവസ്ഥയേ ഇല്ല.
- സാധാരണഗതിയിൽ ഒരു വസ്തുവിന്റെ വേഗത വർധിപ്പിച്ച് പ്രകാശവേഗതയ്ക്കു മുകളിലെത്തിക്കാൻ കഴിയില്ലെന്നാണ് ആപേക്ഷികതാസിദ്ധാന്തം അനുശാസിക്കുന്നത്. ടാക്കിയോൺ എല്ലായ് പ്പോഴും പ്രകാശവേഗതയ്ക്കു മുകളിലാണ് സഞ്ചരിക്കുന്നത്. അതിനാൽ വേഗതയുടെ പരിധി ലംഘിക്കുന്ന അവസ്ഥ ഉണ്ടാകുന്നില്ല.
- ഗതികോർജം കൂടുമ്പോൾ ചലനവേഗത കുറയുകയും ഊർജ്ജം കുറയുമ്പോൾ ഗതിവേഗം വർധിക്കുകയും ചെയ്യുന്നു എന്നത് ഈ കണത്തിന്റെ അസാധാരണ സ്വഭാവങ്ങളിലൊന്നാണ്. സാധാരണ കണങ്ങളിൽനിന്നു വ്യത്യസ്തമായി ടാക്കിയോണിന്റെ വേഗത ഊർജപ്രസരണത്തെത്തു���ർന്ന് വർധിച്ചുകൊണ്ടിരിക്കണം. ഊർജ്ജം നിശ്ശേഷം ഇല്ലാതാകുന്നതോടെ വേഗത അനന്തമായി ഉയരും. പുറമേനിന്ന് ഊർജ്ജം ലഭിച്ചാൽ കണത്തിന്റെ വേഗത കുറയും. കുറഞ്ഞു കുറഞ്ഞ് പ്രകാശവേഗതയോളമെത്തും. അതിനേക്കാൾ കുറയുകയില്ല.
- ടാക്കിയോണിന് അസ്തിത്വമുണ്ടെങ്കിൽ, അതിന്റെ ദ്രവ്യമാനം, സംവേഗം തുടങ്ങിയ ഗുണധർമങ്ങൾ അളക്കാൻ കഴിയണം. സാധാരണ കണങ്ങളുമായുള്ള പ്രതിപ്രവർത്തനങ്ങളിലൂടെ അതിനെ സൃഷ്ടിക്കാനും കഴിയണം. പ്രകാശത്തേക്കാൾ കൂടിയ വേഗതയിൽ ഒരു പദാർഥത്തിലൂടെ കടന്നു പോകുന്ന കണം ചെരങ്കോഫ് വികിരണം[2] (Cherenkov radiation) എന്ന പ്രത്യേകതരം വികിരണം പുറപ്പെടുവിക്കണം. ഈ നിഗമനങ്ങളെ അടിസ്ഥാനമാക്കി ടാക്കിയോണിനെ കണ്ടെത്താൻ നടത്തിയിട്ടുള്ള പരീക്ഷണങ്ങളൊന്നും തന്നെ വിജയിച്ചിട്ടില്ല.
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- http://www.desy.de/user/projects/Physics/ParticleAndNuclear/tachyons.html
- http://scienceworld.wolfram.com/physics/Tachyon.html
- http://safalra.com/science/relativity/tachyon-theory/[പ്രവർത്തിക്കാത്ത കണ്ണി]
- http://www.macrobiotic.org/health11.html
- Images for tachyon
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാക്കിയോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |