Jump to content

ജ്ഞാനവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്ത്വബ്ദം ആദ്യനൂറ്റാണ്ടുകളിൽ പ്രചാരത്തിലിരുന്ന ഒരു മതവിശ്വാസവും തത്ത്വചിന്താവ്യവസ്ഥയുമാണ് ജ്ഞാനവാദം അഥവാ നോസ്റ്റിസിസം. മനുഷ്യന് രക്ഷയിലേക്കുള്ള വഴി ഒരു പ്രത്യേകതരം രഹസ്യജ്ഞാനത്തിലൂടെയാണന്ന വിശ്വാസമായിരുന്നു ഇതിന്റെ അടിസ്ഥാനം. Gnosticism എന്ന പേര് അറിവിനെ സൂചിപ്പിക്കുന്ന Gnosis (നോസിസ്) എന്ന വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രി.പി. രൺടും മൂന്നും നൂറ്റാണ്ടുകളിലണ് ജ്ഞാനവാദം ഏറെ പ്രചാരം നേടിയത്.

തുടക്കം

[തിരുത്തുക]

ജ്ഞാനവാദത്തിന്റെ ഉല്പത്തിയെപ്പറ്റി പൺഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. ക്രൈസ്തവവിശ്വാസവുമായി ഇതു പങ്കിട്ട സമാനതകളും, ക്രിസ്തുവിനു നൽകിയ പ്രാധാന്യവും, ക്രിസ്തീയ പദാവലികളുടെ ഉപയോഗവും എല്ലാം കണക്കിലെടുക്കുമ്പോൾ, ക്രിസ്തുമതത്തിലെ ഒരു വിഭാഗമായി ഇതു പരിഗണിക്കപ്പെട്ടേക്കാം. എന്നാൽ ക്രിസ്തുമതത്തിനും മുൻപേ ജ്ഞാനവാദം ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[1] ക്രിസ്തുമതത്തിൽ നിന്നു ഭിന്നമായി, ജ്ഞാനവാദത്തിന്റെ വിശ്വാസസംഹിത ദ്വൈതചിന്തയിൽ അധിഷ്ഠിതമായിരുന്നു. പുതിയ നിയമത്തിലെ അപ്പസ്തോലന്മാരുടെ നടപടികളുടെ പുസ്തകത്തിൽ പറയുന്ന ജാലവിദ്യക്കാരൻ ശിമയോൻ(Simon Magus) ആണ് ജ്ഞാനവാദം തുടങ്ങിയത് എന്ന് ആദ്യകാല ക്രൈസ്തവർ വിശ്വസിച്ചിരുന്നു. [2]

വിശ്വാസങ്ങൾ

[തിരുത്തുക]

ജ്ഞാനവാദികളുടെ ദൈവം അറിയപ്പെടാത്തവനും, ശുദ്ധനും, സൃഷ്ടികൾക്കപ്പുറത്തുള്ളവനും, സൃഷ്ടികർമ്മത്തിൽ ഏർപ്പെടാത്തവനുമാണ്. ആ ദൈവത്തെ ജ്ഞാനവാദികൾ പ്ലെരോമ (Pleroma) എന്നു വിളിച്ചു. പൂർണത, നിറവ് എന്നൊക്കെയാണ് ഈ ഗ്രീക്ക് വാക്കിനർഥം. പദാർഥപ്രഞ്ചം തിന്മായാണെന്നും അതിന്റെ സ്രഷ്ടാവ് നേരിട്ടല്ലാതെയാണെങ്കിലും പ്ലെരോമയിൽ നിന്നുതന്നെ ഉത്‍ഭവിച്ച ഡെമിയർജ് (Demiurge)എന്നു പേരായ ദുഷ്ടദൈവം ആണെന്നും ജ്ഞാനവാദികൾ കരുതി. പ്ലെരോമയുടെ സ്ഫുലിംഗങ്ങളായ മനുഷ്യാത്മാക്കളെ ദുഷ്ടദൈവമായ ഡെമിയർജ് പദാർഥത്തിൽ ബന്ധനസ്ഥരാക്കിയിരിക്കുകയാണ്. പദാർഥബന്ധനത്തിന്റെ നഷ്ടാവസ്ഥയിൽനിന്നുള്ള മോചനത്തിന് ജ്ഞാനവാദികൾ കൺട വഴി, തെരഞ്ഞെടുക്കപ്പെട്ട ചിലർക്കുമാത്രം വിധിച്ചിട്ടുള്ള രഹസ്യജ്ഞാനം പ്രാപിക്കുക എന്നതാണ്. പഴയനിയമത്തിലെ യഹോവയെ ഡെമിയർജ് തന്നെ ആയാണ് ജ്ഞാനവാദികൾ കണ്ടത്. മനുഷ്യനെ മോചനമാർഗ്ഗമായ രഹസ്യജ്ഞാനത്തിൽ നിന്ന് അകറ്റിനിർത്താൻ പാടുപെടുന്ന ദുഷ്ടദൈവമാണ് പഴയനിയമത്തിലെ വിലക്കപ്പെട്ട കനിയുടെ കഥയിലും മറ്റും പ്രത്യക്ഷപ്പെടുന്നത് എന്നായിരുന്നു വാദം.

ജ്ഞാനവദികൾക്കിടയിൽ തന്നെ വിശ്വാസത്തിന്റെ വിശദാംശങ്ങളിൽ ഏറെ വൈവിദ്ധ്യം ഉണ്ട് എന്നും ഓർക്കേണ്ടതുണ്ട്.

ജ്ഞാനവാദികളും ബൈബിളും

[തിരുത്തുക]

പൗലോസ് അപ്പസ്തോലന്റെ ലേഖനങ്ങൾ ആദ്യമായി സമാഹരിച്ചതും ക്രൈസ്തവ ലിഖിതങ്ങളുടെ ഒരു 'കാനൻ' എന്ന ആശയം അവതരിപ്പിച്ചതും രണ്ടാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന പ്രമുഖ ജ്ഞാനവാദി മാർഷൻ ആണെന്നു പറയപ്പെടുന്നു. അദ്ദേഹം, ബൈബിളിലെ പഴയനിയമത്തിലെ ഗ്രന്ഥങ്ങളെ ഒന്നോടെ തിരസ്കരിച്ചു. പുതിയനിയമത്തിലെ ഗ്രന്ഥങ്ങളിൽ തന്നെ, ലൂക്കായുടെ സുവിശേഷവും പൗലോസിന്റെ പത്തു ലേഖനങ്ങളും മാത്രമാണ് ജ്ഞാനവാദികൾക്കു സ്വീകാര്യമായിരുന്നത്. അവയെ തന്നെയും സ്വീകരിച്ചത് സംശോധിത രൂപത്തിലാണ്. ക്രിസ്തുമതത്തിന്റെ യഹൂദപാരമ്പര്യം പരാമർശിക്കപ്പെടുന്ന ഭാഗങ്ങളാണ് സംശോധനയിൽ നീക്കപ്പെട്ടത്. [3]

ക്രൈസ്തവദൃഷ്ടിയിൽ

[തിരുത്തുക]

ജ്ഞാനവാദികളിൽ മിക്കവരും സ്വയം ക്രിസ്ത്യാനികളായി കരുതി. അതേസമയം ക്രിസ്തുമതത്തിനു വലിയ വെല്ലിവിളിയായി വളർന്നു വന്ന ഈ പ്രസ്ഥാനത്തെ, ക്രൈസ്തവസഭയുടെ മുഖ്യധാരയിലുള്ളവർ വെറുപ്പോടെയാണ് നോക്കിക്കണ്ടത്. ആദ്യകാലസഭാപിതാക്കന്മാരായ ഐറേനിയസ്, തെർ‍ത്തുല്യൻ, പോളികാർപ്പ് എന്നിവരുടെ രചനകളിൽ ഒരു വലിയ ഭാഗം, ജ്ഞാനവാദത്തിന്റെ വിമർശനമാണ്. ജ്ഞാനവാദത്തെ വിവരണവും വിമർശനവുമായ ഒരു ദീർഘരചന ഐറേനിയസ് എഴുതിയിട്ടുണ്ട്. പദാർത്ഥപ്രപഞ്ചത്തേയും, യേശുവിന്റെ വ്യക്തിത്വത്തേയും, എബ്രായബൈബിളിനേയും മറ്റും സംബന്ധിച്ച ജ്ഞാനവാദികളുടെ നിലപാടുകളെ അതിൽ അദ്ദേഹം വിമർശിച്ചു.[4]

ക്രൈസ്തവചിന്തകർ ജ്ഞാനവാദികളെ സാത്താന്റെ ആദ്യജാതന്മാർ എന്നുവരെ വിളിച്ചു. സുവിശേഷകനും അപ്പസ്തോലനുമായ യോഹന്നാന്റെ ശിഷ്യനും സ്മിർനായിലെ മെത്രാനുമായിരുന്ന പോളികാർപ്പും പ്രമുഖ ജ്ഞാനവാദി മാർഷനും തമ്മിൽ റോമിലെ ഒരു തെരുവിൽ വച്ച് നടന്ന മുഖാമുഖത്തിന്റെ കഥ രസകരമാണ്. തന്നെ കൺടിട്ട് അഭിവാദ്യം ചെയ്യാതെ കടന്നുപോയ പോളികാർപ്പിനോട്, "എന്നെ മനസ്സിലായില്ലേ?" എന്നു ചോദിച്ച മാർഷന് പോളികാർപ്പ് കൊടുത്ത മറുപടി "സാത്താന്റെ ആദ്യജാതനായ നിന്നെ എനിക്കു നന്നായി അറിയാം" എന്നായിരുന്നത്രെ.[5]


ജ്ഞാനവാദത്തോടുള്ള ക്രൈസ്തവസഭകളുടെ നിലപാടിന് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ജ്ഞാനവാദത്തിന്റെ വേരുകൾ ക്രൈസ്തവമല്ലെന്നും, ക്രിസ്തുമതത്തിനും മുൻപേ അതുണ്ടായിരുന്നെന്നും വാദിക്കുന്ന കത്തോലിക്കാവിജ്ഞാനകോശം തുടർന്നു ഇങ്ങനെ പറയുന്നു:-[6]

"ക്രിസ്തുമതം ഉണ്ടായി താമസിയാതെ തന്നെ അതിനോടടുത്ത ജ്ഞാനവാദം അതിശീഘ്രം സ്വന്തം ചിന്താശൈലിയെ ക്രൈസ്തവീകരിച്ചു; ക്രൈസ്തവപദാവലികൾ കടമെടുത്തു; ക്രിസ്തുവിനെ ലോകരക്ഷകനെന്ന് അംഗീകരിച്ചു; കൂദാശകൾക്ക് അനുകരണങ്ങൾ ചമച്ചു; ക്രിസ്തുവിന്റേയും അവന്റെ അപ്പസ്തോലന്മാരുടേയും ഉന്നതമായ വെളിപാടാണ് അതെന്ന് നടിച്ചു; അതിനൊക്കെ പുറമെ, ആ നാട്യത്തിന് തെളിവു നൽകാനായി വ്യാജസുവിശേഷങ്ങളുടേയും, നടപടിഗ്രന്ഥങ്ങളുടേയും, വെളിപാടുകളുടേയും പ്രളയത്തിൽ ലോകത്തെ മുക്കുകയും ചെയ്തു. ക്രിസ്തുമതം റോമാസാമ്രാജ്യത്തിനകത്തും പുറത്തും പരന്നുകൊണ്ടിരിക്കെ, ജ്ഞാനവാദം അതിന്റെ വേരിൽ പൂപ്പൽ കണക്കെ അള്ളിപ്പിടിച്ചു; തങ്ങളുടേത് സാധാരണക്കാർക്കുവേണ്ടിയല്ലാതെ ബുദ്ധിമാന്മാർക്കും തെരഞ്ഞെടുക്കപ്പെട്ടവർക്കും മാത്രം വേണ്ടിയുള്ള മതമാണെന്നും അത് മാത്രമാണ് യഥാർഥ ക്രിസ്തുമതം എന്നും ജ്ഞാനവാദികൾ അവകാശപ്പെട്ടു. ജ്ഞാനവാദത്തിന്റെ വിഷമയമായ വളർച്ച ക്രിസ്തുമത്തെ ഞെക്കിക്കൊല്ലുമോയെന്നു ഭയന്ന ആദിമസഭാപിതാക്കന്മാർ തങ്ങളുടെ ശക്തിയത്രയും അതിനെ ഉന്മൂലനം ചെയ്യുന്നതിന് മാറ്റിവച്ചു."

ജ്ഞാനവാദസാഹിത്യം

[തിരുത്തുക]

ജ്ഞാനവാദത്തിന്റെ സ്വീകാര്യതകുറഞ്ഞ് അത് പുറന്തള്ളപ്പെട്ടതിനെത്തുടർന്ന് ജ്ഞാനവാദികളുടെ രചനകളും ഒന്നൊന്നായി നശിപ്പിക്കപ്പെടുകയോ, വിസ്മൃതിയിലാവുകയോ ചെയ്തു. ഇരുപതാം നൂറ്റാൺടിന്റെ ആദ്യപകുതിവരെ, ജ്ഞാനവാദ സാഹിത്യത്തെക്കുറിച്ചറിയാൻ ജ്ഞാനവാദത്തിന്റെ ക്രൈസ്തവവിമർശകരുടെ രചനകളിലെ ഉദ്ധരണികളെ ആശ്രയിക്കുകയേ വഴിയുണ്ടായിരുന്നുള്ളു. എന്നാൽ 1945-ൽ ഈജിപ്തിലെ നാഗ് ഹമ്മാദിയിൽ കണ്ടുകിട്ടിയ ജ്ഞ��നവാദഗ്രന്ഥശേഖരം ഈ സ്ഥിതി പാടെ മാറ്റി. പുരാതന ഈജിപ്തിലെ കോപ്റ്റിക് ഭാഷയിലുള്ള അൻപതോളം ജ്ഞാനവാദഗ്രന്ഥങ്ങളാണ് അവിടെ കണ്ടുകിട്ടിയത്. അവയിൽ ജ്ഞാനവാദവീക്ഷണം വച്ച് എഴുതപ്പെട്ട സുവിശേഷങ്ങളും, വെളിപാടുകളും, സംവാദങ്ങളും, പ്രാർഥനകളും ഉണ്ടായിരുന്നു. തോമസിന്റെ സുവിശേഷമാണ് ഒരു പക്ഷേ ആ ഗ്രന്ഥങ്ങളിൽ പിന്നീട് ഏറ്റവും പ്രസിദ്ധമായത്. ജ്ഞാനവാദികളുടെ നിലപാടുകളോടു ചായ്‌വുകാട്ടുന്നു എന്നു പറയാവുന്ന ക്രിസ്തുവിന്റെ 114 വചനങ്ങളാണ് അതിന്റെ ഉള്ളടക്കം. തോമസ് രേഖപ്പെടുത്തിയ യേശുവിന്റെ രഹസ്യവചനങ്ങളാണിവ എന്നു പറഞ്ഞാണ് ആ സുവിശേഷത്തിന്റെ തുടക്കം.[7]

പിൽക്കാലങ്ങളിൽ

[തിരുത്തുക]

സംഘടിതമായ മതപ്രസ്ഥാനമെന്ന നിലയിൽ ജ്ഞാനവാദം അപ്രത്യക്ഷമായിട്ട് നൂറ്റാണ്ടുകളായെങ്കിലും ഒരു ദർശനമെന്ന നിലയിൽ അതിന്റെ സ്വാധീനം ഒരിക്കലും ഇല്ലാതായിട്ടില്ല. രണ്ടും മൂന്നും നൂറ്റാൺടുകളിലെ ജ്ഞാനവാദത്തിന്റെ വസന്തത്തിനുശേഷം ക്രിസ്തുമതത്തിനു വെല്ലുവിളി ഉയർത്തി മുന്നോട്ടുവന്ന മറ്റൊരു പ്രസ്ഥാനമായ മനിക്കേയിസവും ജ്ഞാനവാദത്തെപ്പോലെതന്നെ ദ്വൈതചിന്തയിൽ വേരൂന്നിയതായിരുന്നു. മനിക്കേയിസം ജ്ഞാനവാദം തന്നെയായിരുന്നുവെന്നു കരുതുന്നവരുണ്ട്. ആദ്യസഹസ്രാബ്ദത്തിലെ ക്രൈസ്തവചിന്തകരിൽ ഏറ്റവും പ്രധാനിയായ ഹിപ്പോയിലെ‍ അഗസ്റ്റിൻ പോലും ഇടക്കാലത്ത് മനിക്കേയിസത്തിന്റെ സ്വാധീനത്തിൽ പെട്ടുപോയിരുന്നു.


ആധുനികകാലത്തും ജ്ഞാനവാദം തത്ത്വചിന്തയേയും സംസ്കാരത്തേയും പലവിധത്തിൽ സ്വാധീനിച്ചിട്ടുണ്ട്. പ്രഖ്യത ഇംഗ്ലീഷ് കവി വില്യം ബ്ലേക്കിനെ (1757-1827)ജ്ഞാനവാദി ആയി കരുതുന്നവരുണ്ട്. ഇരുപതാം നൂറ്റാൺടിലെ മനോവിജ്ഞാനികളിൾ മുമ്പനായിരുന്ന കാൾ യുങ് (Carl Jung - 1875-1961) പോലും ജ്ഞാനവാദത്തിന്റെ ആകർഷണത്തിൽ പെട്ടിരുന്നു. യുങ്ങിന്റെ മനഃശാസ്ത്രസിദ്ധാന്തങ്ങളിൽ ജ്ഞാനവാദത്തിന്റെ നിഴൽ വീണിരുന്നു എന്നു പറയപ്പെടുന്നു. പ്ലെരോമയിൽ നിന്നു ഡെമിയർജ് ഉയിരെടുത്തതും അബോധമനസ്സിൽ നിന്നു 'ഈഗോ' ഉയർന്നുവരുന്നതും തമ്മിലുള്ള സമാനതകൾ യുങ്ങ് മനസ്സിലാക്കിയിരുന്നു. നാഗ് ഹമ്മാദിയിൽ കണ്ടു കിട്ടിയ ജ്ഞാനവാദ ഗ്രന്ഥശേഖരം പരക്കെ ശ്രദ്ധിക്കപ്പെട്ടതിന്റെ കാരണക്കാരിൽ യുങ്ങും ഉൾപ്പെടുന്നു. [8] ആ ശേഖരത്തിലെ ഗ്രന്ഥങ്ങളിലൊന്ന് ഒരു ഘട്ടത്തിൽ സ്വിറ്റ്സർലൻഡിലെ യുങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് വിലക്കുവാങ്ങി യുങ്ങിന് ജന്മദിനസമ്മാനമായി നൽകിയിരുന്നു. അത് ഇപ്പോൾ അറിയപ്പെടുന്നതു തന്നെ അദ്ദേഹത്തിന്റെ പേരിൽ യുങ്ങ് കോഡക്സ് എന്നാണ്.

അവലംബം

[തിരുത്തുക]
  1. Catholic Encyclopedia-യിൽ ജ്ഞാനവാദത്തെക്കുറിച്ചുള്ള ലേഖനം
  2. നടപടി പുസ്തകം 8: 9-24. അപ്പസ്തോലന്മാരുടെ അത്ഭുതപ്രവർത്തികൾ കണ്ട ശിമയോൻ അവ്ര്ക്കുണ്ടെന്നു അയാൾ കരുതിയ രഹസ്യജ്ഞാനം വിലകൊടുത്തുവാങ്ങാൻ ശ്രമിക്കുന്നതായാണ് നടപടി പുസ്തകം ചിത്രീകരിച്ചിരിക്കുന്നത്. ആത്മീയശക്തികളുടെയും കൂദാശകളുടേയും ക്രയവിക്രയം എന്ന അർത്ഥമുള്ള 'സിമോണി' (Simony) എന്ന വാക്കിന്റെ ഉല്പത്തി ഇയാളുടെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു
  3. http://cameltranslations.blogspot.com/2005/03/marcions-canon-bible-1.html
  4. Jonathan Hill, Zondervan Handbook of History of Christianity (പുറം 65)
  5. Brockhampton Reference Dictionary of Saints : "I recognize thee as the first-born of Satan"
  6. Catholic Encyclopedia-യിലെ മുകളിൽ സൂചിപ്പിച്ച ലേഖനം
  7. Text of the Gospel of Thomas from the Scholars version Translation - http://www.westarinstitute.org/Polebridge/Title/Complete/Thomas/thomas.html Archived 2008-01-09 at the Wayback Machine.
  8. Stephen A. Hoeller - The Gnostic World View: A Brief Summary of Gnosticism https://web.archive.org/web/20000919061706/http://www.webcom.com/gnosis/gnintro.htm
"https://ml.wikipedia.org/w/index.php?title=ജ്ഞാനവാദം&oldid=3804638" എന്ന താളിൽനിന്ന് ശേഖരിച്ചത്