ചെറെപനോവ് സ്റ്റീം ലോക്കോമോട്ടീവ്
റഷ്യയിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ ആവി തീവണ്ടിയന്ത്രമാണ് ആണ് ചെറെപനോവ് സ്റ്റീം ലോക്കോമോട്ടീവ് . യെഫിം ചെറെപനോവും മകൻ മിറോൺ ചെറെപനോവും ചേർന്ന് 1834 ലാണ് റഷ്യയിലെ ആദ്യ ആവി തീവണ്ടിയന്ത്രം നിർമ്മിച്ചത്. നിസ്നി ടാഗിലിലെ ഒരു ഫാക്ടറിയിൽ നിന്ന് അടുത്തുള്ള ഒരു ഖനിയിലേക്ക് ഈ ആവിയന്ത്രം അവർ ഓടിച്ചു. ഈ ആവിയന്ത്രം ഓടിക്കാനായി നിർമ്മിച്ച ട്രാക്ക് റഷ്യയിലെ ആദ്യത്തെ സ്റ്റീം റെയിൽവേ ട്രാക്ക് ആണെന്ന് കരുതപ്പെടുന്നു. 1835-ൽ അവർ നിർമ്മിച്ച രണ്ടാമത്തെ മാതൃക സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് സമ്മാനമായി അയച്ചു.[1]
ആ കാലഘട്ടത്തിൽ റഷ്യയിൽ ചരക്ക് നീക്കം നടത്തുന്നതിന് പ്രധാനമായി കുതിരകളെ ഉപയോഗിച്ചുള്ള ഗതാഗത സംവിധാനമായിരുന്നു നിലനിന്നിരുന്നത്. എങ്കിലും, റഷ്യയിലെ റെയിൽ ഗതാഗതത്തിന്റെ വളർച്ചയിൽ ഈ ആവി തീവണ്ടിയന്ത്ര നിർമ്മാണം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പശ്ചാത്തലം
[തിരുത്തുക]യെഫിം ചെറെപനോവും മകൻ മിറോണും ദെമിഡോവ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയുടെ ഭാഗിക അടിമകളായിരുന്നു (സെർഫ്). അവർ ഇവിടെവച്ച് അനേകം പുതിയ യന്ത്രങ്ങൾ നിർമ്മിച്ചിരുന്നു. ഖനികളിൽ വെള്ളം പമ്പ് ചെയ്യുന്നതിനായി ഇവർ വർഷങ്ങളായി ആവിയന്ത്രങ്ങൾ നിർമ്മിച്ചിരുന്നു [2] ഇരുവരും ഒറ്റക്ക് ഒറ്റക്ക് ഇംഗ്ലണ്ടിലേക്ക് യാത്ര നടത്തി. മിറോൺ 1833 ൽ ഇംഗ്ലണ്ട് സന്ദർശിച്ചു. അദ്ദേഹം ഇംഗ്ലണ്ടിലായിരുന്നപ്പോൾ, അവിടെയുള്ള ആവി തീവണ്ടിയന്ത്രങ്ങൾ പരിശോധിച്ചിരുന്നു. എന്നിരുന്നാലും, സോവിയറ്റ് പണ്ഡിതന്മാർ വാദിക്കുന്നത് അവർ നിർമ്മിച്ച ആവി തീവണ്ടിയന്ത്രങ്ങൾ ചെറെപനോവിന്റെ സ്വന്തം കണ്ടുപിടുത്തമാണെന്നും ഇംഗ്ലീഷ് മോഡലിന്റെ പകർപ്പല്ലെന്നുമാണ്.[3]
നിർമ്മാണവും വിവരണവും
[തിരുത്തുക]ഒഴിവുസമയങ്ങളിൽ ഇവർ ആവിയന്ത്രം നിർമ്മിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ആറുമാസത്തെ ജോലിക്ക് ശേഷം 1834 ൽ ആവിയന്ത്രത്തിന്റെ ആദ്യ മോഡൽ പൂർത്തിയായി. ആ വർഷം ഓഗസ്റ്റ് മാസത്തിൽ 854 മീറ്ററോളം നീളമുള്ള ട്രാക്കിൽ സഞ്ചരിക്കുന്ന ആവിയന്ത്രത്തിന്റെ പ്രദർശനം കാണാൻ ആളുകൾ തടിച്ചുകൂടി. മണിക്കൂറിൽ ഏകദേശം 15 കിലോമീറ്റർ വേഗതയിൽ 3.2 ടൺ ചരക്ക് നീക്കാൻ ഈ ആവിയന്ത്രത്തിന് കഴിഞ്ഞിരുന്നു. മുമ്പ് 50 മുതൽ 60 വരെ തൊഴിലാളികൾ 30 മിനിറ്റോളം ജോലിയെടുത്താണ് ഇത്രയും ഭാരം നീക്കിയിരുന്നത്. എന്നാൽ നാല് മിനിറ്റിനുള്ളിൽ ആവിയന്ത്രത്തിന് ഇത് ചെയ്യാൻ കഴിഞ്ഞു. ഈ യന്ത്രത്തിന് മുപ്പത് കുതിരശക്തിയുണ്ടായിരുന്നു. അവരുടെ രണ്ടാമത്തെ മോഡൽ 1835 മാർച്ചിൽ നിർമ്മിച്ച് സെന്റ് പീറ്റേഴ്‌സ്ബർഗിന് സമ്മാനമായി നൽകി. രണ്ടാമത്തെ മോഡൽ മണിക്കൂറിൽ 16.4 കിലോമീറ്റർ വേഗതയിൽ ആയിരത്തോളം പൂഡുകൾ വഹിച്ചു.[4] [5] [6] ആദ്യത്തെ മോഡൽ ഫാക്ടറിയിൽനിന്ന് രണ്ടുകിലോമീറ്റർ അകലെയുള്ള ഖനിയിലേക്കുള്ള ട്രാക്കിൽ ഉപയോഗിച്ചു. റഷ്യയിലെ ആദ്യത്തെ സ്റ്റീം റെയിൽവേയായിരുന്നു ഈ ട്രാക്ക്. [2] [7]
സ്വീകരണവും പരിണതഫലവും
[തിരുത്തുക]ആവിയന്ത്രത്തിന്റെ നിർമ്മാണം യെഫിമിന് സ്വാതന്ത്ര്യം നൽകി. മൂന്ന് വർഷത്തിന് ശേഷം മിറോണും സെർഫ് ജോലിയിൽനിന്നും മോചിപ്പിക്കപ്പെട്ടു.[6] അവരുടെ കണ്ടുപിടുത്തത്തിന് പേറ്റന്റ് നിഷേധിക്കപ്പെടുകയും അധികം താമസിയാതെ ഇരുവരും മരണമടയുകയും ചെയ്തു. 1842 ൽ യെഫിമും 1849 ൽ മിറോണും മരിച്ചു.[5] റഷ്യയിലെ ആദ്യത്തെ സ്റ്റേറ്റ് സ്പോൺസർ ചെയ്ത റെയിൽവേ യഥാർത്ഥത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് തീവണ്ടിയന്ത്രങ്ങൾ ഇറക്കുമതി ചെയ്ത് നിർമ്മിച്ചതാണ്. 1857 വരെ ഫാക്ടറിക്ക് പുറത്ത് റഷ്യൻ നിർമ്മിത ലോക്കോമോട്ടീവ് ഉപയോഗിച്ചിരുന്നില്ല. [2]
ആധുനിക ചരിത്രത്തിൽ ഈ ആവിയന്ത്രങ്ങൾ പ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്നു. ദി നിസ്നി ടാഗിൽ മ്യൂസിയം ഓഫ് റീജിയണൽ ഹിസ്റ്ററി[8], പോളിടെക്നിക് മ്യൂസിയം എന്നീ മ്യൂസിയങ്ങളുടെ പ്രദർശനത്തിൽ ഇതിന്റെ ചരിത്രം വിവരിക്കുന്ന പ്രദർശനങ്ങളുണ്ട്.[9] നിരവധി തപാൽ സ്റ്റാമ്പുകളിലും ഈ ആവിയന്ത്രം പ്രത്യക്ഷപ്പെട്ടു.[10]
പരാമർശങ്ങൾ
[തിരുത്തുക]- ↑ "First Steps | History | Russian Railways". eng.rzd.ru (in ഇംഗ്ലീഷ്). Russian Railways.
- ↑ 2.0 2.1 2.2 Fink, Kevin. "The Beginnings of Railways in Russia". Fink.com. Retrieved 13 November 2020.
- ↑ Esper, Thomas (October 1982). "Industrial Serfdom and Metallurgical Technology in 19th-Century Russia". Technology and Culture. 23 (4): 583–608. doi:10.2307/3104809. Retrieved 13 November 2020.
- ↑ "ИСТОРИЯ РОССИЙСКОГО ПАРОВОЗА". RZD Expo (in റഷ്യൻ). Russian Railways. Archived from the original on 2020-12-09. Retrieved 13 November 2020.
- ↑ 5.0 5.1 "Yefim and Miron are cranked. Cherepanov brothers". NT-CSM. Retrieved 13 November 2020.
- ↑ 6.0 6.1 "Паровоз Черепановых". Runivers (in റഷ്യൻ). Retrieved 13 November 2020.
- ↑ "Feature: Russia's Early Rails". Lonely Planet. Retrieved 13 November 2020.
- ↑ "СОБРАННАЯ ВИРТУАЛЬНАЯ ЭКСКУРСИЯ: ПАРОВОЗНАЯ ИСТОРИЯ МЕХАНИКОВ ЧЕРЕПАНОВЫХ". The Nizhny Tagil Museum of Regional History (in റഷ്യൻ). Retrieved 13 November 2020.
- ↑ "The Moscow Polytechnical Museum, 2012". International Steam. Retrieved 13 November 2020.
- ↑ "Почтовые марки СССР 1978 года". Stamprus. Archived from the original on 2018-04-23. Retrieved 13 November 2020.