Jump to content

അഷ്ടപദിയാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ കൃഷ്ണനാട്ടത്തിനും രാമനാട്ടത്തിനും മാർഗദർശമായിത്തീർന്ന കലയാണ് അഷ്ടപദിയാട്ടം. കൂത്തിനും കൂടിയാട്ടത്തിനും ശേഷം കഥകളിയുടെ ആവിർഭാവത്തിൻ മുമ്പായി കേരളത്തിൽ പ്രചാരത്തിലിരുന്ന അഷ്ടപദിയാട്ടത്തിനും അഭിനയം നിർവഹിച്ചു പോന്നിരുന്നത് നാട്യകലയിൽ വിദഗ്ദ്ധന്മാരായ ചാക്യാന്മാരായിരുന്നു. അഷ്ടപദിയാട്ടം സംസ്കൃതകാവ്യമായ ഗീതഗോവിന്ദത്തെ മാത്രം അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് കാലക്രമേണ അഷ്ടപദിയാട്ടം ലുപ്തപ്രചാരമായി തീർന്നു.

ജയദേവകൃതിയായ ഗീതഗോവിന്ദം അവലംബമാക്കിയുള്ള ഒരു കേരളീയ നൃത്ത്യവിശേഷം. ഗീതഗോവിന്ദം കേരളത്തിൽ പരക്കെ അഷ്ടപദി എന്ന പേരിലറിയപ്പെട്ടിരുന്നതുകൊണ്ട് അത് 'ആടുക' എന്ന അർഥത്തിലാണ് ഈ നൃത്യവിശേഷത്തിന് അഷ്ടപദിയാട്ടം എന്ന പേര് ലഭിച്ചത്. ഈ ജയദേവകൃതി അതിന്റെ ജൻമനാടായ ബംഗാളിൽ പ്രചാരത്തിൽ വന്ന കാലത്തോടടുത്തുതന്നെ കേരളത്തിലും വിപുലമായ പ്രചാരവും ആദരവും നേടി. കേരളത്തിലെ പല ക്ഷേത്രങ്ങളിലും മാരാന്മാർ 'കൊട്ടിപ്പാടിസേവയ്ക്ക്' ഇന്നും പാടിവരുന്നത് അഷ്ടപദിയാട്ടം തന്നെയാണ്. ദൃശ്യവേദിയിലേക്കുള്ള അഷ്ടപദിയുടെ രംഗപ്രവേശനത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചും കാലത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളാണ് നിലവിലുള്ളത്.

കഥകളിക്കു പ്രേരകമായി ഭവിച്ച കൃഷ്ണനാട്ടം രചിക്കുവാൻ കൊ.വ. 1013-ൽ ചരമമടഞ്ഞ മാനവേദൻ സാമൂതിരിക്കു കെല്പുണ്ടായത് ഗുരുവായൂർ അമ്പലത്തിൽ പതിവായി അഷ്ടപദിയാട്ടം കാണുവാൻ ഇടയായതുകൊണ്ടാണെന്ന് ഒരു പക്ഷമുണ്ട്. അങ്ങനെ വരുമ്പോൾ കഥകളിക്കും കൃഷ്ണനാട്ടത്തിനും മുൻപ് അഷ്ടപദിയാട്ടം പ്രചാരത്തിലെത്തിയിരിക്കണം. എന്നാൽ അങ്ങനെയല്ല, കഥകളിയുടെ രീതി പിടിച്ചാണ് അഷ്ടപദിയാട്ടത്തിനു രൂപം നല്കിയതെന്നും, കഷ്ടിച്ച് ഒരു നൂറ്റിമുപ്പതു വർഷത്തെ പഴക്കമേ അതിനുള്ളുവെന്നും മറ്റൊരു പക്ഷമുണ്ട്. ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കുവാനുള്ള ഒരു ന്യായം ഇടപ്പള്ളി രാജാവിന്റെ കല്പനപ്രകാരം അഷ്ടപദിയാട്ടം നിർമിച്ച ഒരു രാമവർമൻ തിരുമുല്പാടിന്റെ തന്നെ കൃതിയായി ഒരു അഷ്ടപദി ആട്ടപ്രകാരം പ്രചാരത്തിലുണ്ടെന്ന വസ്തുതയാണ്. തിരുമുല്പാടിന്റെ അഷ്ടപദിയാട്ടം കൊ.വ. 1019-ാമാണ്ടിലാണ് ആദ്യമായി അരങ്ങേറിയതെന്നും കരുതപ്പെടുന്നു. അതുകൊണ്ട് അതിനു മുൻപ് മറ്റ് അഷ്ടപദിയാട്ടങ്ങൾ ഉണ്ടായിക്കൂടെന്നില്ല. തന്നെയുമല്ല തിരുമുല്പാടിന്റെ കൃതിയായി പറയപ്പെടുന്ന അഷ്ടപദിയാട്ടത്തിന് ഇടപ്പള്ളിക്കു പുറത്ത് പ്രചാരമുണ്ടായിട്ടുള്ളതായും പരാമർശങ്ങളില്ല. ആ നിലയ്ക്ക് അദ്ദേഹത്തിന്റെ അഷ്ടപദിയാട്ടത്തെ ആസ്പദമാക്കി രചിച്ചതായിക്കൂടായ്കയില്ല.

തിരുമുല്പാടിന്റെ അഷ്ടപദിയാട്ടപ്രകാരത്തിൽ ഗീതഗോവിന്ദപ്രബന്ധത്തെ കഥകളിയുടെ ചുവടുപിടിച്ച് നാട്യാനുഗുണമായി മൂന്നു ദിവസത്തെ ആട്ടത്തിനു പാകമായവിധം വിഭജിച്ചിട്ടുണ്ട്. ഒന്നാം ദിവസം രാധാവിരഹവും രണ്ടാം ദിവസം രാധാസന്ദേശവും മൂന്നാം ദിവസം രാധാസമാഗമവുമായിട്ടാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. പ്രധാനവേഷങ്ങൾ ശ്രീകൃഷ്ണനും രാധയുൾപ്പെടെ നാലു ഗോപസ്ത്രീകളുമാണ്. ശ്രീകൃഷ്ണന് ഓടക്കുഴലും വനമാലയും സ്ത്രീവേഷങ്ങൾക്കു ഹ്രസ്വോത്തരീയവും ചാമരവുമാണ് വിധിക്കപ്പെട്ടിരിക്കുന്നത്. മേളങ്ങൾ കഥകളിയുടേതുപോലെതന്നെ. പ്രസവസംബന്ധമായ വാലായ്മ ഉള്ള കാലത്ത് കൃഷ്ണന്റെ വേഷം കെട്ടരുതെന്നു വിലക്കുണ്ട്. മുടിതൊടുവാൻ ശരീരശുദ്ധിയും ആവശ്യമാണ്. തിരുമുല്പാടിന്റെ ആട്ടപ്രകാരത്തിൽ പഴയ അഷ്ടപദിയാട്ടം രംഗത്തു കൂടുതൽ ശോഭിക്കുന്നതിനുള്ള ചില പരിഷ്കാരങ്ങൾ നിർദ്ദേശിച്ചിരിക്കുന്നതിൽനിന്നുതന്നെ ഈ ആട്ടപ്രകാരം തിരുമുല്പാട് രചിച്ചത് പഴയ അഷ്ടപദിയാട്ടത്തെ ആസ്പദമാക്കിയാണെന്നു വ്യക്തം.

അഷ്ടപദിയാട്ടത്തിൽ ഉപയോഗിക്കുന്ന മുദ്രയ്ക്ക് അടിസ്ഥാനം ചാക്യാന്മാരുടെ അഭിനയസമ്പ്രദായമാണെന്നതുകൊണ്ടും, സംസ്കൃതനാടകകൃതികൾ അവലംബമാക്കിയുള്ള ദൃശ്യപ്രബന്ധങ്ങൾ ചാക്യാൻമാർ രംഗത്തവതരിപ്പിച്ചു വന്നിരുന്നതുകൊണ്ടും, ആ പതിവനുസരിച്ച് ഗീതഗോവിന്ദവും അവർ തന്നെ രംഗപ്രയോഗക്ഷമമാക്കിയതാണ് അഷ്ടപദിയാട്ടം എന്ന അഭ്രിപായത്തിനു പ്രസക്തിയുണ്ട്. അഷ്ടപദിയാട്ടത്തിനു ചെണ്ട ഉപയോഗിക്കാറില്ല; മദ്ദളം, ഇടയ്ക്ക മുതലായവയാണ് ഉപയോഗിക്കുക. ഈ വക കാര്യങ്ങൾ വച്ചുനോക്കുമ്പോൾ ഏതാണ്ട് ഒരു നാനൂറു കൊല്ലത്തെ പഴക്കമെങ്കിലും ഇതിന് അവകാശപ്പെടാം. ഗീതഗോവിന്ദത്തിന്, തുടക്കത്തിലേ അഖിലഭാരതപ്രചാരം ആർജിക്കുവാൻ കഴിഞ്ഞു. അതിന്റെ ഉള്ളടക്കത്തിന്റെയും രചനയുടെയും ആകർഷകത അതിനെ ദൃശ്യവേദിയിൽ കൊണ്ടെത്തിച്ചു. അസം, മണിപ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ രാധാ-കൃഷ്ണ-ഗോപീജനവേഷങ്ങളണിഞ്ഞ് ഗീതഗോവിന്ദ ചരണങ്ങൾ യഥാക്രമം ആലപിച്ച് ഭവനങ്ങൾതോറും കയറിയിറങ്ങി നടക്കുന്ന ഒരു പതിവ് വളരെക്കാലമായി ചില വൈഷ്ണവോത്സവ വേളകളിൽ നടന്നുവരുന്നുണ്ടെങ്കിലും ചിട്ടപ്പെട്ട ഒരു ദൃശ്യകലാരൂപമായി ഗീതഗോവിന്ദം രംഗവേദിയിലേക്കു കടക്കുന്നത് അഷ്ടപദിയാട്ടം എന്ന നൃത്യവിശേഷമായി കേരളത്തിൽ മാത്രമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഷ്ടപദിയാട്ടം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഷ്ടപദിയാട്ടം&oldid=2280437" എന്ന താളിൽനിന്ന് ശേഖരിച്ചത്