അറവുകാട് ശ്രീദേവി ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ പുന്നപ്ര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദേവി ക്ഷേത്രമാണ് അറവുകാട് ശ്രീദേവി ക്ഷേത്രം. ചക്രവർത്തിനി ഭാവത്തിലുള്ള ഭദ്രകാളിയുടെ പ്രതിഷ്‌ഠയാണ് ഇവിടുത്തേത്. സാധുജനങ്ങൾക്കു ഉപദ്രവം ചെയ്തുകൊണ്ടിരുന്ന അസുരനെ കൊന്ന് സാധുജനസംരക്ഷകയായി പുന്നപ്ര ഗ്രാമത്തിൽ അറവുകാടമ്മ വസിക്കുന്നുവെന്നാണ് വിശ്വാസം. ദേവി അസുരനെ കൊന്ന ശേഷം പള്ളിവാൾ കഴുകി എന്ന് വിശ്വസിക്കപ്പെടുന്ന കുളം ഇന്നും ക്ഷേത്രത്തിൽ പവിത്രമായി സൂക്ഷിക്കുന്നു. മീനമാസത്തിലെ ഭരണി നാളിൽ കൊടിയേറി പൂരം നാളിൽ ആറാട്ടോടുകൂടി സമാപിക്കുന്ന പൂരമഹോത്സവം ആണ് ഇവിടുത്തെ പ്രധാന ഉത്സവം. പുന്നപ്ര ഗ്രാമത്തിലുള്ളവരുടെ പ്രധാന ആഘോഷമാണ് അറവുകാട് പൂരം. പൂരം നാളിലെ തിരിപ്പിടുത്തം വഴിപാട് പ്രസിദ്ധമാണ്. അന്യ ദേശങ്ങളിൽ നിന്നു പോലും ആളുകൾ തിരിപിടിക്കാൻ അറവുകാട് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. കൂടാതെ മകര മാസത്തിലെ പൊങ്കാല, നവരാത്രി, മണ്ഡലമഹോത്സവം, എന്നിവയും ഭംഗിയായി ആഘോഷിക്കുന്നു. സരസ്വതി ദേവിക്ക് പ്രത്യേകം പ്രതിഷ്ഠ ഉള്ള ഈ ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാനെത്തുന്നത് നൂറു നൂറുകണക്കിന് കുട്ടികളാണ്. ആലപ്പുഴ പട്ടണത്തിൽ നിന്നും 8 കി മി തെക്ക് മാറിയാണ് പുന്നപ്രക്കാരുടെ ദേശ ദേവതയായ അറവുകാടമ്മയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2018-12-29 at the Wayback Machine