Jump to content

അപ്പോസ്തലപിതാക്കന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ക്രൈസ്തവസഭാസംബന്ധമായ കാര്യങ്ങളെക്കുറിച്ച് എ.ഡി. 100-നും 150-നും ഇടയ്ക്ക് പ്രതിപാദിച്ചിട്ടുള്ള എഴുത്തുകാരാണ് അപ്പോസ്തലപിതാക്കന്മാർ. ഇവരുടെ ലിഖിതങ്ങളും അപ്പോസ്തലപിതാക്കൻമാർ എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. ഇവർ ക്രിസ്തുശിഷ്യന്മാരുടെ സമകാലികരായ അനുയായികളോ അവരെ നേരിട്ടറിയാവുന്നവരോ ആണ്.

ചരിത്രം

[തിരുത്തുക]

ജെ.ബി. കെടേലിയർ, ആദ്യമായി 1672-ൽ ഈ പേര് ഉപയോഗിക്കുകയും ബർന്നബാസ്, റോമിലെ ക്ലൈമെന്റ്, അന്ത്യോഖ്യയിലെ ഇഗ്നേഷ്യസ്, സ്മിർണയിലെ പോളിക്കാർപ്പ്, ഹെർമാസ് എന്നിങ്ങനെ അഞ്ചുപേരെ ഈ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇവരെ കൂടാതെ ഡിഡാക്കെ(Didache)യും ക്ളെമെന്റിന്റെ രണ്ടാം ലേഖനവും പപ്പിയാസും അപ്പോസ്തലൻമാരുടെ വിശ്വാസപ്രമാണവും അപ്പോസ്തലപിതാക്കൻമാർ എന്ന പേരിൽ അറിയപ്പെടുന്നു.

പൌരാണികത്വമാണ് ഇവരുടെ പ്രത്യേകത. അപ്പോസ്തലൻമാരുമായി നേരിട്ടുള്ള ബന്ധംമൂലം അവരുടെ പഠനം സുവിശേഷങ്ങളുടേയും മറ്റു പുതിയനിയമ ഗ്രന്ഥങ്ങളുടേയും തുടർച്ചതന്നെയാണ് എന്നു പറയാം. ആദിമക്രിസ്ത്യാനികൾ എങ്ങനെയാണ് വിശ്വാസ സത്യങ്ങൾ മനസ്സിലാക്കിയിരുന്നത് എന്നതിന് അസന്ദിഗ്ധമായ തെളിവുകൾ ഇവിടെനിന്നും കിട്ടുന്നു. അബദ്ധസിദ്ധാന്തങ്ങളോടുള്ള വെല്ലുവിളികളോ യുക്തിപരമായ വ്യാഖ്യാനങ്ങളോ ഇതിലില്ല. ദൈവശാസ്ത്രപരമായ വിശകലനങ്ങളും ക്ലിപ്തമായ വിവരണങ്ങളും ഇതിൽ കാണുന്നില്ല. അവ പിൽക്കാലങ്ങളിലെ പ്രത്യേകതയാണ്. സാഹിത്യപരമായും താർക്കികമായും അവ അപ്പോളജറ്റിക്സുക(apologetics)ളുടേയും അംഗീകൃത ലിഖിതങ്ങ(canonical writings)ളുടേയും പിന്നിലാണ്. സത്യവിശ്വാസം കാത്തുസൂക്ഷിക്കുക എന്ന ശ്രമസാധ്യമായ ജോലി അവ പ്രാവർത്തികമാക്കുകയായിരുന്നു. അതിനായി വിശുദ്ധഗ്രന്ഥത്തിലെ ഉദ്ധരണികൾ അവ നിർലോപം ഉപയോഗിക്കുന്നതായി കാണാം.

പ്രബോധനങ്ങളും പഠനങ്ങളും

[തിരുത്തുക]

പഠനങ്ങൾ

[തിരുത്തുക]

അപ്പോസ്തലപിതാക്കൻമാരുടെ പഠനങ്ങൾ വളരെ ക്രമീകൃതമല്ലെങ്കിലും താഴെകാണുന്നവിധം വ്യവഹരിക്കാവുന്നതാകുന്നു. ദൈവത്തിന്റെ ഏകത്വവും ത്രിത്വവും ക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും (മനുഷ്യാവതാരം), ക്രിസ്തു സഥാപിച്ച സഭ, ആ സഭയ്ക്ക് ഉള്ള അധികാരം, വിശുദ്ധീകരണത്തിനുള്ള ഉപാധികൾ, സാൻമാർഗിക നിയമസംഹിത എന്നിവയാണ് അവയിൽ പ്രതിപാദിച്ചിരിക്കുന്ന അടിസ്ഥാന ആശയങ്ങൾ.

ജ്ഞാനസ്നാന വിശ്വാസപ്രമാണം

[തിരുത്തുക]

ജ്ഞാനസ്നാന വിശ്വാസപ്രമാണവും ത്രിത്വാത്മക പ്രബോധനവും ഏതാണ്ടൊന്നുതന്നെയാണ്; ഈ ജ്ഞാനസ്നാന വിശ്വാസപ്രമാണമാണ് നിഖ്യാവിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനം. ഇഗ്നേഷ്യസും ക്ലെമെന്റും പോളിക്കാർപ്പുമെല്ലാം ഈ വിശ്വാസപ്രമാണം ആവർത്തിക്കുന്നുണ്ട്.

ക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും

[തിരുത്തുക]

ക്രിസ്തുവിന്റെ ദൈവത്വത്തെയും മനുഷ്യത്വത്തെയുംപറ്റി അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ് ശക്തമായ ഭാഷയിലാണ് സംസാരിക്കുന്നത്. ദൈവം, എന്റെ ദൈവം, നമ്മുടെ ദൈവം എന്നിങ്ങനെ അദ്ദേഹം ക്രിസ്തുവിനെ സംബോധന ചെയ്യുന്നു. അതോടൊപ്പം ക്രിസ്തുവിന്റെ മനുഷ്യത്വവും ഇഗ്നേഷ്യസ് സ്പഷ്ടമാക്കുന്നു. മറിയത്തിന്റെ ദൈവമാതൃത്വവും കന്യാത്വപൂർണമായ ഗർഭധാരണവും ഇഗ്നേഷ്യസിന്റെ പഠനങ്ങളിൽ പ്രധാനങ്ങളാണ്. ബർന്നബാസിന്റെ ലേഖനത്തിലും ഇതേ സത്യങ്ങൾ ആവർത്തിച്ചിരിക്കുന്നു.

ക്രിസ്തു സ്ഥാപിച്ച സഭ

[തിരുത്തുക]

ക്രിസ്തു സ്ഥാപിച്ച സഭ, അതിന്റെ ഘടന, ആന്തരിക ജീവിതം എന്നിവയെപ്പറ്റി സമഗ്രമായ അറിവ് അപ്പോസ്തലപിതാക്കൻമാരിൽനിന്നും ലഭിക്കുന്നു. അധികാരത്തോടുകൂടിയ സഭയാണ് ക്രിസ്തു സ്ഥാപിച്ചത്. എല്ലാ അധികാരത്തിന്റേയും ഉറവിടം ദൈവമാണ്. സഭയിൽ മൂന്ന് അധികാരപദവികളുണ്ട്: മെത്രാൻ‍, വൈദികൻ, ശുശ്രൂഷകൻ. ചിലയിടത്ത് രണ്ടു പദവികളെപ്പറ്റിയേ പരാമർശിക്കുന്നുള്ളു.

വിശുദ്ധീകരമാർഗങ്ങൾ

[തിരുത്തുക]

വിശുദ്ധീകരണമാർഗങ്ങളിൽ പ്രധാനം ജ്ഞാനസ്നാനം, പാപമോചനം, കുർബാന എന്നിവയാണ്.

സാന്മാർഗിക നിയമങ്ങൾ

[തിരുത്തുക]

സാൻമാർഗികനിയമങ്ങളെ സംബന്ധിച്ച് അപ്പോസ്തല പിതാക്കൻമാരുടെ പഠനം വിശുദ്ധ ഗ്രന്ഥത്തേക്കാൾ ലളിതമാണ്. ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ മകുടമാണ് സൻമാർഗജീവിതം. ക്രിസ്തുവുമായുള്ള ഐക്യമാണ് പ്രധാനം. തുടർച്ചയായ ആയോധനമാണ് ക്രിസ്തീയ ജീവിതം (ഹെർമസ്, II ക്ലെമെന്റ്).

വിശുദ്ധ ബർന്നബാസിന്റേതെന്നു പറയുന്ന ലേഖനത്തിൽ (100-131) പ്രകാശത്തിന്റേയും അന്ധകാരത്തിന്റേയും രണ്ടു വഴികളാണ് പ്രതിപാദ്യം. എന്നാൽ പ്രസ്തുത കൃതി ബർന്നബാസിന്റേതല്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം. ക്ലെമെന്റിന്റെ രണ്ടാം ലേഖനത��തെപ്പറ്റിയുള്ള അഭിജ്ഞമതവും ഇതുതന്നെ. ആ ലേഖനവും കൃത്രിമമാണത്രെ.

വ്യക്തികളെപ്പറ്റി

[തിരുത്തുക]

വിശുദ്ധ പത്രോസിന്റെ 3-ആമത്തെ പിൻഗാമിയായിരുന്നു റോമിലെ ക്ലെമെന്റ്. 92 മുതൽ 101 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം. കൊരിന്തിലെ സഭയിൽ അസ്വസ്ഥതകളുണ്ടായതായി അറിഞ്ഞ് ക്ലെമെന്റ് ആധികാരികമായി അവിടെ ഇടപെടുന്നതായി അദ്ദേഹത്തിന്റെ ലേഖനത്തിൽനിന്ന് മനസ്സിലാകുന്നു. മറ്റു സഭകളിൽ റോമാ സിംഹാസനത്തിനുള്ള ആദ്യ നൂറ്റാണ്ടിലെ തെളിവ് എന്ന നിലയിൽ ക്ലെമെന്റിന്റെ ലേഖനം അമൂല്യമാണ്. എ.ഡി. 110-നോടുകൂടിയാണ് വിശുദ്ധ ഇഗ്നേഷ്യസ് റോമിൽ വച്ച് രക്തസാക്ഷിയായത്.സഭാ ജീവിതത്തിന്റെ കേന്ദ്രബിന്ദു മെത്രാനായിരിക്കണം എന്നതാണ് അദ്ദേഹത്തിന്റെ പ്രബോധനം. ക്രിസ്തുവുമായുള്ള ഐക്യത്തിന് അതാവശ്യമാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇഗ്നേഷ്യസിന്റെ സമകാലികനും വിശുദ്ധ യോഹന്നാന്റെ ശിഷ്യനുമായിരുന്ന പോളിക്കാർപ്പ് പാരമ്പര്യത്തെ പുകഴ്ത്തി പറയുന്നു. 156-ൽ ഇദ്ദേഹം രക്തസാക്ഷിയായി. പപിയാസ് ഫ്രജിയായിൽ മെത്രാനായിരുന്നുവെന്നും പോളിക്കാർപ്പിന്റെ സ്നേഹിതനായിരുന്നുവെന്നും രക്ഷകന്റെ വാക്കുകളുടെ അർഥം (120-140) എന്നൊരു ഗ്രന്ഥം രചിച്ചുവെന്നും വിശുദ്ധ ഇരണേവൂസ് രേഖപ്പെടുത്തിയിരിക്കുന്നു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോസ്തല പിതാക്കൻമാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പോസ്തലപിതാക്കന്മാർ&oldid=3623237" എന്ന താളിൽനിന്ന് ശേഖരിച്ചത്