അഗ്‌ലബി സാമ്രാജ്യം
എ.ഡി. 9-ം ശതകത്തിന്റെ ആരംഭത്തോടുകൂടി ആഫ്രിക്കയുടെ വടക്കു ഭാഗത്ത്, ഇഫ്രിക്കയിൽ (ആധുനിക ടുണീഷ്യ, അൾജീരിയ) ഖൈറുവാൻ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മുസ്ലീം രാജവംശം അഗ്‌ലബിദുകൾ എന്ന പേരിൽ അറിയപ്പെടുന്നു. ഏകദേശം ഒരു ശതാബ്ദത്തോളം നിലനിന്ന ഈ രാജവംശത്തിന്റെ സ്ഥാപകൻ ഇബ്രാഹിം അൽ അഗ്‌ലബായിരുന്നു.
രാഷ്ട്രീയ സംഘർഷം
[തിരുത്തുക]അബ്ബാസിയ ഖലീഫ ആയിരുന്ന ഹാരുൺ അൽ റ���ീദിന്റെ (ഹാറുനൂർറഷീദ്) കാലത്ത് (766-809) വടക്കു പടിഞ്ഞാറൻ ആഫ്രിക്കയിൽ രാഷ്ട്രീയ സംഘർഷം തുടങ്ങി. റഷീദ് നിയോഗിച്ച ഗവർണർക്ക് അവിടെ സമാധാനം സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇബ്രാഹിം അഗ്‌ലബ്, തനിക്കും തന്റെ കുടുംബത്തിനും ഗവർണർ സ്ഥാനം ശാശ്വതമായി നൽകുന്നതായാൽ കൊല്ലംതോറും 40,000 ദിനാർ കപ്പമായി നൽകാമെന്ന് ഹാരുൺഅൽ റഷീദിനോട് വാഗ്ദാനം ചെയ്തു. അദ്ദേഹം ഈ വാഗ്ദാനം സ്വീകരിച്ചു. അതനുസരിച്ച് ഇബ്രാഹിം ഇഫ്രിക്കയുടെ ഗവർണറായി നിയമിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ സിസിലി, മാൾട്ട, ആൽപ്സിന്റെ വടക്കൻ ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ അറബികൾ കുടിയേറി പാർക്കാനും മുസ്ലീം സംസ്കാരം ഈ പ്രദേശങ്ങളിൽ പ്രചരിക്കാനും തുടങ്ങിയിരുന്നു.
അബ്ബാസിയ സ്ഥാപിച്ചു
[തിരുത്തുക]അഗ്‌ലബ് വംശസ്ഥാപകനായ ഇബ്രാഹിം (800-812) ഖൈറുവാൻ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് അബ്ബാസിയാ എന്ന പട്ടണം സ്ഥാപിച്ചു. ഇബ്രാഹിമിന്റെ കാലശേഷം പുത്രനായ അബുൽ അബ്ബാസ് അബ്ദുല്ലാ (812-817) ഭരണാധികാരിയായി. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്തു സമാധാനം നിലനിന്നു. അബ്ദുല്ലായുടെ മരണാനന്തരം സഹോദരനായ അബു മുഹമ്മദ് സിയാദത്തുല്ല (817-838) ഭരണം ഏറ്റെടുത്തു. കർമകുശലനും ഭരണനിപുണനുമായിരുന്ന അദ്ദേഹം വിജ്ഞാനവർധനവിനും കലകളുടെ പുരോഗതിക്കും പ്രോത്സാഹനം നല്കി. സിയാദത്തുല്ലയുടെ കാലത്തെ പ്രധാനസംഭവം സിസിലി ആക്രമണമായിരുന്നു.
സിയാദത്തുല്ലയുടെ മരണാനന്തരം സഹോദരനായിരുന്ന അബു ഇക്കാൽ അഗ്‌ലബ് (838-841) ഭരണം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് അറബികൾ തെക്കൻ ഇറ്റലിയിൽ പ്രവേശിക്കുകയും അവിടത്തെ പല പട്ടണങ്ങളും കൈവശപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ അബുൽ അബ്ബാസ് മുഹമ്മദ് (841-856) ഭരണാധികാരിയായി. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. അദ്ദേഹത്തിന്റെ കാലത്ത് സിസിലി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ വിജയകരമായ ആക്രമണങ്ങൾ നടത്തിയിരുന്നു.
രാജ്യം പുരോഗതിയിലേക്ക്
[തിരുത്തുക]ഇഫ്രിക്കയിലെ സുൽത്താനായിരുന്ന അബുൽ അബ്ബാസ് മുഹമ്മദ് മരിച്ചപ്പോൾ (856) അബു ഇബ്രാഹിം അഹമ്മദ് ഭരണാധികാരിയായി (856-863). അദ്ദേഹം രാജ്യത്ത് സമാധാനം സ്ഥാപിക്കുകയും രാജ്യരക്ഷയ്ക്കായി ധാരാളം കോട്ടകളും കാവൽസ്ഥലങ്ങളും പണിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ അബു മുഹമ്മദു സിയാദത്തുല്ല (863-864) പിതാവിന്റെ പാരമ്പര്യം നിലനിർത്തി. പതിനെട്ടുമാസം മാത്രം ഭരിച്ചശേഷം അദ്ദേഹം നിര്യാതനായപ്പോൾ സഹോദരനായ അബുൽ ഖറാനിക് മുഹമ്മദ് (864-875) ഭരണാധികാരിയായി. അദ്ദേഹത്തിന്റെ ഭരണകാലത്ത് ബൈസാന്തിയൻ ഭരണാധികാരികൾ സിസിലിയിലെ ചില ഭാഗങ്ങൾ പിടിച്ചടക്കി.
വിദേശീയാക്രമണങ്ങൾ തടയുവാൻ കോട്ടകളും കാവൽസ്ഥലങ്ങളും അദ്ദേഹം നിർമിച്ചു. അദ്ദേഹത്തെത്തുടർന്ന് സഹോദരനായ അബു ഇസ്ഹാക്ക് ഇബ്രാഹിം (875-902) ഭരണാധികാരിയായി. ബാഗ്ദാദിലെ അബ്ബാസിയാ ഖലിഫയായ അൽ മുത്താദിദ് (892-902) അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും ഇബ്രാഹിമിന്റെ പുത്രനായ അബുൽ അബ്ബാസ് അബ്ദുല്ലയെ (902-903) ഇഫ്രിക്കയിലെ ഭരണാധിപനാക്കുകയും ചെയ്തു. അബുൽ അബ്ബാസ് അബ്ദുല്ല ഉറങ്ങിക്കിടക്കുമ്പോൾ ഒരടിമയാൽ വധിക്കപ്പെട്ടു. തുടർന്നു പുത്രനായ അബു മുദർസിയാദത്തുല്ല ഭരണാധിപനായി (903-909). അദ്ദേഹമായിരുന്നു, ഇഫ്രിക്കയിലെ അവസാനത്തെ അഗ്‌ലബ് ഭരണാധികാരി. തന്റെ രാജ്യം ആക്രമണവിധേയമായപ്പോൾ, കൈവശപ്പെടുത്താവുന്നത്ര സ്വത്തു സംഭരിച്ചുകൊണ്ട് അദ്ദേഹം ഈജിപ്തിലേക്ക് പലായനം ചെയ്തു; ജറുസലേമിൽവച്ച് നിര്യാതനായി.
അഗ്‌ലബി അമീറന്മാരുടെ ഭരണകാലം
[തിരുത്തുക]അഗ്‌ലബിദു അമീറൻമാരുടെ ഭരണകാലം പലതുകൊണ്ടും പ്രാധാന്യം അർഹിക്കുന്നു. അക്കാലത്തു പണികഴിപ്പിച്ചിട്ടുള്ള കോട്ടകളും ഹർമ്മ്യങ്ങളും വാസ്തുശില്പവിദ്യയ്ക്ക് അവർ നല്കിയ പ്രോത്സാഹനത്തിന് തെളിവുകളാണ്. ശില്പസൌകുമാര്യത്തിൽ പ്രസിദ്ധി നേടിയ സുസായിലെ പള്ളി പണികഴിപ്പിച്ചത് അബു ഇക്കാൽ അഗ്‌ലബ് ആയിരുന്നു. അബു ഇബ്രാഹിം അഹമ്മദു പണികഴിപ്പിച്ചിട്ടുള്ള പ്രശസ്തങ്ങളായ പതിനായിരം കോട്ടകളെപ്പറ്റി ഇബ്നുഖാൽ ദൂൻ എന്ന ചരിത്രകാരൻ പരാമർശിച്ചിട്ടുണ്ട്. ജലവിതരണത്തിന് അഗ്‌ലബ് ഭരണാധികാരികൾ പരിഷ്കൃത സമ്പ്രദായങ്ങളാണ് സ്വീകരിച്ചിരുന്നത്. അന്നു ശാസ്ത്രത്തിനും സാഹിത്യത്തിനും കലകൾക്കും പ്രത്യേകം പ്രാധാന്യം നല്കപ്പെട്ടിരുന്നു. മെക്ക, മദീന, കെയ്റോ എന്നീ നഗരങ്ങളെപ്പോലെ, അഗ്‌ലബിദുകൾ പണികഴിപ്പിച്ചിരുന്ന നഗരങ്ങൾക്കും അക്കാലത്ത് പ്രാധാന്യമുണ്ടായിരുന്നു.
അവലംബം
[തിരുത്തുക]- Aghlabids Archived 2012-10-26 at the Wayback Machine
- Aghlabid dynasty
- North Africa :: The Aghlabids
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഗ്‌ലബി സാമ്രാജ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |