ന്യൂറംബർഗ് നിയമങ്ങൾ
നാസി ജർമ്മനി ഉണ്ടാക്കിയ ജൂതവിരുദ്ധനിയമങ്ങളാണ് ന്യൂറംബർഗ് നിയമങ്ങൾ (Nuremberg Laws). (ജർമ്മൻ: Nürnberger Gesetze) നാസിപ്പാർട്ടിയുടെ വാർഷികറാലിയിൽ 1935 സെപ്തംബർ 15-നാണ് ഇത് പുറത്തിറക്കിയത്. രണ്ടു നിയമങ്ങളിൽ ആദ്യത്തേതിൽ ജർമ്മൻ രക്തവും ജർമ്മൻ അഭിമാനവും സംരക്ഷിക്കുന്നതിനായി ഉണ്ടാക്കിയ നിയമങ്ങളിൽ ജൂതന്മാരും ജർമ്മൻകാരുമായുള്ള വിവാഹവും ലൈംഗികബന്ധങ്ങളും നിയമവിരുദ്ധമാക്കുന്നു. കൂടാതെ 45 വയസ്സിൽ താഴെയുള്ള ജർമ്മൻ സ്ത്രീകളെ ജൂതഭവനങ്ങളിൽ വീട്ടുജോലികൾ ചെയ്യുന്നതിൽനിന്നും തടയുന്നു. രണ്ടാമത്തെ ജർമ്മൻ പൗരത്വനിയമത്തിൽ ജർമ്മനോ അല്ലെങ്കിൽ അതുമായി രക്തബന്ധമുള്ളവർക്കുമാത്രമാണ് പൗരത്വത്തിനുള്ള അവകാശം. ശേഷിച്ചവർ വെറും അധീനതയിൽ ഉള്ള പ്രജകൾ മാത്രം. നവംബർ 14-ന് ആരൊക്കെയാണ് ജൂതന്മാർ എന്ന കാര്യവും കൂട്ടിച്ചേർത്ത് പിറ്റേന്നുമുതൽ ഇതു നിയമമായി. നവംബർ 26-ന് ജിപ്സികളെയും ആഫ്രിക്കൻ വംശജരായ ജർമ്മൻകാരെയും പൗരത്വത്തിൽ നിന്നും ഒഴിവാക്കി നിയമം കൊണ്ടുവന്നു. അന്താരാഷ്ട്രനടപടികൾ ഭയന്ന് 1936 -ലെ മ്യൂണിക് ഒളിമ്പിക്സ് കഴിയുന്നതുവരെ ശിക്ഷാനടപടികൾ ഒന്നും എടുത്തില്ല.
1933-ൽ അധികാരം പിടിച്ചെടുക്കുന്നതു മുതൽ തങ്ങളുടെ ആശയങ്ങൾ നടപ്പിലാക്കാൻ നാസികളും ഹിറ്റ്‌ലറും പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. 1933 ഏപ്രിൽ 1-ന് ജൂതന്മാരുമായുള്ള ഇടപാടുകൾ ബഹിഷ്കരിക്കാൻ ഹിറ്റ്‌ലർ ആഹ്വാനം ചെയ്തു. പിന്നീട് ഉണ്ടാക്കിയ നിയമങ്ങൾ പ്രകാരം ജൂതരെ പൊതുസമൂഹത്തിൽ നിന്നും സർക്കാർ ജോലികളിൽ നിന്നും അകറ്റി നിർത്തി. ജൂതന്മാർ എഴുതിയ പുസ്തകങ്ങൾ അടക്കം ജർമ്മൻ അല്ലാത്തതെന്നു കരുതപ്പെടുന്ന പുസ്തകങ്ങൾ എല്ലാം രാജ്യവ്യാപകമായി മെയ് 10-ന് കത്തിച്ചു. ജൂതജനതയെ പീഡിപ്പിക്കുകയും വ്യാപകമായ ആക്രമണങ്ങൾ അവർക്കെതിരെ അഴിച്ചുവിടുകയും ചെയ്തു. അവർക്കുള്ള അവകാശങ്ങളും പൗരത്വവും അടിച്ചമർത്തുകയും ജർമ്മൻ സമൂഹത്തിൽ നിന്നും അവരെ പുറംതള്ളുകയും ചെയ്തു.
ന്യൂറംബർഗ് നിയമങ്ങൾ വന്നതോടെ സാമൂഹികമായും സാമ്പത്തികമായും ജൂതരുടെ ജീവിതം പരുങ്ങലിലായി. വിവാഹനിയമങ്ങൾ തെറ്റിച്ചവരെ തടങ്കലിലാക്കി, അവിടുന്നു പുറത്തുവരുമ്പോൾ വീണ്ടും ഗസ്റ്റപ���പോ അറസ്റ്റ് ചെയ്ത് പീഡനക്യാമ്പുകളിലേക്ക് അയച്ചു. ജൂതരല്ലാത്തവർ ജൂതരുടെ കച്ചവടങ്ങൾ ബഹിഷ്കരിക്കാനും സാമൂഹ്യമായി പുറംതള്ളാനും തുടങ്ങിയതോടെ നഷ്ടം വന്ന കടകൾ എല്ലാം അടച്ചു. സർക്കാർ ജോലികളിൽ നിന്നെല്ലാം പുറംതള്ളപ്പെട്ടവർ ചെറിയതരം പണികൾ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കുടിയേറ്റവും വലിയ പ്രശ്നമായിരുന്നു, കാരണം രാജ്യം വിടണമെന്നുള്ളവർ അവരുടെ സമ്പത്തിന്റെ 90 ശതമാനം നികുതിയായി നൽകണമായിരുന്നു. മാത്രമല്ല 1938 ആയപ്പോഴേക്കും ജൂതരെ സ്വീകരിക്കാൻ രാജ്യങ്ങൾ ഒന്നുംതന്നെ തയ്യാറുമല്ലായിരുന്നു. കൂട്ടമായി നാടുകടത്താനുള്ള മഡഗാസ്കർ പദ്ധതി പോലെയുള്ളവ ഒന്നും നടപ്പിലായതുമില്ല. അങ്ങനെ 1941 ഡിസംബർ ആയപ്പോഴേക്കും ഈ പ്രശ്നം പരിഹരിക്കാനായി ഹിറ്റ്‌ലർ ജൂതന്മാരെയെല്ലാം കൂട്ടക്കൊല ചെയ്യാൻ തീരുമാനിച്ചു. ഹോളോകോസ്റ്റ് എന്നറിയപ്പെടുന്ന ഈ കൂട്ടക്കൊലകളിൽ 55 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിൽ ജുതന്മാരും ഒന്നര ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ ജിപ്സികളും കൊല്ലപ്പെട്ടു.
പിന്നാമ്പുറം
തിരുത്തുകഒന്നാം ലോകമഹായുദ്ധാനന്തരം ജർമ്മനിയിൽ സജീവമായ നിരവധി തീവ്രവലതുപക്ഷപാർട്ടികളിൽ ഒന്നായിരുന്നു നാസിപ്പാർട്ടി (National Socialist German Workers' Party) (NSDAP; Nazi Party).[1] ഇവരുടെയൊക്കെ പൊതുവായ അജണ്ടയിൽ വയ്മർ റിപ്പബ്ലിക് പുറത്താക്കുക, വെർസാലിസ് ഉടമ്പടിയിലെ വ്യവസ്ഥകൾ തള്ളിക്കളയുക, കനത്ത ജൂതവിരുദ്ധത, ബോൾഷെവിസം വിരുദ്ധത എന്നിവയൊക്കെയായിരുന്നു ഉണ്ടായിരുന്നത്.[2] ശക്തമായ ഒരു കേന്ദ്രഭരണം അവർ വാഗ്ദാനം ചെയ്തു, ജർമ്മൻ ജനതയ്ക്ക് കൂടുതൽ ജീവിക്കാനുള്ള ഇടങ്ങൾ ലഭ്യമാക്കൽ, വർഗ്ഗാടിസ്ഥാനത്തിൽ ജനങ്ങളുടെ സമൂഹം ഉണ്ടാക്കൽ, ജൂതരെ അടിച്ചമർത്തി വർഗ്ഗശുദ്ധീകരണം നടത്തൽ, അവരുടെ പൗരത്വവും അവകാശങ്ങളും എടുത്തുകളയൽ എന്നിവയൊക്കെയായിരുന്ന അവരുടെ ആശയങ്ങൾ.[3]
1924-ലെ പരാജയപ്പെട്ട ബിയർ ഹാൾ പുസ്തിനുശേഷം തടവിലാക്കപ്പെട്ട ഹിറ്റ്‌ലർ തന്റെ അനുചരനായ റുഡോൾഫ് ഹെസ്സിന് മെഇൻ കാംഫ് പറഞ്ഞുകൊടുത്ത് എഴുതിച്ചു.[4] എങ്ങനെ വർഗ്ഗാടിസ്ഥാനത്തിൽ ജർമ്മനിയെ മാറ്റിത്തീർക്കാം എന്നുവിവരിച്ച ഈ ഗ്രന്ഥം ഹിറ്റ്‌ലറുടെ ആത്മകഥയായിത്തന്നെയാണ് അറിയപ്പെടുന്നത്. ഇതിൽ ലോകത്തെ ജൂതന്മാരും ബോൾഷെവിക്കുകളും കൂടി ലോകത്തിന്റെ ആധിപത്യത്തിനായി നടത്തുന്ന ശ്രമങ്ങളെപ്പറ്റി ഗൂഢാലോചന ഉണ്ടെന്നും അവർ ജർമ്മൻ ജനതയുടെ ശത്രുക്കളാണെന്നുമെല്ലാം ആരോപിക്കുന്നു. മെഇൻ കാംഫിലെ വാദങ്ങളിൽ നിന്നും ഹിറ്റ്‌ലർ തന്റെ ജീവിതകാലത്തൊരിക്കലും വ്യതിചലിച്ചിരുന്നില്ല.[5] ജർമ്മൻ ജനതയെ ഒരുമിപ്പിച്ച് ഒരു സമൂഹം ഉണ്ടാക്കാനും അതിൽനിന്നും യോഗ്യമല്ലാത്ത എല്ലാവരെയും വൈദേശികവർഗ്ഗമായി (Fremdvölkische) മുദ്രകുത്തി ഇല്ലാതാക്കണമെന്നുമായിരുന്നു നാസിപ്പാർട്ടിയുടെ മുഖ്യ അജണ്ട.[6]
നാസി ജർമ്മനി
തിരുത്തുകനാസിപ്പാർട്ടി ഭരണം പിടിച്ചതോടെ ജൂതരോടുള്ള വിവേചനം വർദ്ധിച്ചുവന്നു. 1933 ഏപ്രിൽ 1-ന് ഹിറ്റ്‌ലർ ജൂതരുടെ കച്ചവടങ്ങൾ ദേശീയവ്യാപകമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. ജൂതരുടെ കച്ചവടകേന്ദ്രങ്ങൾക്കുനേരെയും ജൂതപ്പള്ളികൾക്കുനേരെയും നിയമമേഖലയിൽ ജോലിചെയ്യുന്നവർക്കുനേരെയും എസ് എ (Sturmabteilung) (SA; നാസിപാർട്ടിയുടെ സമാന്തരസൈനികവിഭാഗം) ഒരു മാസം നീണ്ടുനിന്ന ആക്രമണം നടത്തി.[7] 1933 ആയപ്പോഴേക്കും നാസിപ്പാർട്ടി അംഗങ്ങളല്ലാത്തവരോടും ജൂതരെ ജർമ്മനിയിലെ മറ്റു വിഭാഗം ജനങ്ങളിൽ നിന്നും വേർതിരിച്ചുനിർത്താൻ ആഹ്വാനം ചെയ്തു.[8] 1933 ഏപ്രിൽ 7-ന് പാസ്സാക്കിയ ലോ ഓഫ് റിസ്റ്ററേഷൻ ഓഫ് ദ പ്രൊഫഷണൽ സിവിൽ സർവീസ് പ്രകാരം ആര്യവംശജരല്ലാത്ത എല്ലാവരെയും സർക്കാർ ജോലികളിൽ നിന്നും നിയമജോലികളിൽനിന്നും നിർബന്ധിതമായി പുറത്താക്കി.[9] തുടർന്നുവന്ന സമാനനിയമങ്ങൾ ജൂതരെ മറ്റുതരം ജോലികളും ചെയ്യുന്നതിൽനിന്നും വിലക്കി.[9] 1934-ൽ നാസിപ്പാർട്ടി ഇറക്കിയ "Warum Arierparagraph?" ("എന്തുകൊണ്ട് ആര്യൻ നിയമങ്ങൾ?") എന്ന നോട്ടീസിൽ ഇത്തരം നിയമങ്ങളെപ്പറ്റിയും അതിന്റെ ആവശ്യകതകളെപ്പറ്റിയും വ്യക്തമാക്കുന്നു.[10] ജർമ്മൻ സാംസ്കാരികമേഖലകളിലെ ജൂതസ്വാധീനം ഇല്ലായ്മ ചെയ്യാൻ നാസികളുടെ വിദ്യാർത്ഥിസംഘടനകൾ ലൈബ്രറികളിൽ നിന്നും ജർമ്മൻ-അല്ലാത്തത് എന്നുതോന്നിയ എല്ലാ പുസ്തകങ്ങളും എടുത്തുമാറ്റുകയും രാജ്യമൊട്ടാകെ മെയ് 10-ന് പുസ്തകങ്ങൾ കത്തിക്കുകയും ചെയ്തു.[11] ജൂതരെ രാജ്യത്തുനിന്നും ഓടിക്കാൻ അക്രമവും സാമ്പത്തികസമ്മർദ്ദവും ഏർപ്പെടുത്തി.[12] 1933 ജൂലൈയിൽ ഉണ്ടാക്കിയ നിയമപ്രകാരം (മറ്റിടങ്ങളിൽ നിന്നും വന്ന്) ജർമ്മൻ പൗരത്വം നേടിയ ജൂതരുടെ പൗരത്വം എടുത്തുകളഞ്ഞു. അതുപ്രകാരം അടുത്തകാലത്ത് മറ്റിടങ്ങളിൽ നിന്നും, പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിൽ നിന്നും വന്ന ജൂതരെ തിരിച്ചയയ്ക്കാൻ നിയമം ഉണ്ടായി. [9] പലനഗരങ്ങളിലും ജൂതർക്ക് പ്രവേശനം തടഞ്ഞുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.[13] 1933-34 കാലം മുഴുവൻ ജൂതരുടെ കച്ചവടങ്ങൾക്ക് മാർക്കറ്റുകൾ നിഷേധിച്ചു, പത്രപരസ്യങ്ങൾ കൊടുക്കുന്നത് നിയമവിരുദ്ധമാക്കി, സർക്കാർ കരാറുകൾ നൽകാതെയാക്കി. പൗരന്മാരെ നിരന്തരമായി ബുദ്ധിമുട്ടിക്കുകയും അവർക്കെതിരെ കടുത്ത ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്തു.[14]
ഇതിനൊപ്പം പദ്ധതിയിട്ട മറ്റുനിയമങ്ങളിൽ ഒന്നാണ് പാരമ്പര്യരോഗമുള്ള കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നത് തടയാനുള്ള നിയമം (Law for the Prevention of Hereditarily Diseased Offspring) (1933 ജൂലൈ 14-ന് പാസാക്കി). പലതരം പാരമ്പര്യരോഗമുള്ളവരെയും ശരീരവൈകല്യമുള്ളവരെയും മാനസികരോഗമുള്ളവരെയും നിർബന്ധിതമായി വന്ധ്യംകരിക്കാനുള്ളതായിരുന്നു ഈ നിയമം.[15] മറ്റൊന്നായിരുന്നു സ്ഥിരമായി കുറ്റം ചെയ്യുന്നവരെ നിർബന്ധമായി വന്ധ്യംകരിക്കാനുള്ള നിയമം (ഇത് 1935 നവംബർ 24-ന് പാസാക്കി).[16] ഈ നിയമം ഉപയോഗിച്ച് സാമൂഹ്യമായി യോഗ്യരല്ലാത്തവർ എന്നഗണത്തിൽപ്പെടുത്തി തൊഴിലില്ല്ലാത്തവരെയും ലൈംഗികത്തൊഴി��ാളികളെയും യാചകരെയും മദ്യപന്മാരെയും വീടില്ലാതെ അലഞ്ഞുനടക്കുന്നവരെയും ജിപ്സികളെയുമെല്ലാം നിർബന്ധിതമായി നാസി പീഡനകേന്ദ്രങ്ങളിലേക്ക് അയച്ചു.[17]
നാസികളുടെ ജിപ്സികൾക്കായുള്ള നിയമം
തിരുത്തുകജിപ്സികളെ നേരിടാനുള്ള പ്രധാന ഓഫീസ് 1929-ൽ തുറന്നു.[18] 1938-ൽ റീക്ഫ്യൂറർ -എസ് എസ്സ് ഹെയ്ൻറിക് ഹിംലർ ജിപ്സിശല്യത്തെ നേരിടാനുള്ള ഉത്തരവ് പുറത്തിറക്കി. ജിപ്സികളെ ഇപ്പോൾ അവർ "ഏതുസമൂഹികവിരുദ്ധമാർഗങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നതിലുപരി" അവരുടെ വർഗ്ഗീയപാരമ്പര്യമനുസരിച്ചായിരുന്നു വേർതിരിക്കേണ്ടിയിരുന്നത്.[19] ഈ പ്രവൃത്തി ആരോഗ്യമന്ത്രാലയത്തിലെ വർഗ്ഗാരോഗ്യവും ജനസംഖ്യയും കൈകാര്യം ചെയ്യുന്ന യൂണിറ്റിലെ ഡോ. റോബർട്ട് റിറ്റർ മുന്നോട്ടുകൊണ്ടുപോയി. 1942 ആയപ്പോഴേക്കും ഇയാൾ ജിപ്സികളുടെ വർഗ്ഗം പാരമ്പര്യവും വർഗ്ഗവും നിശ്ചയിക്കാനായി ZM+, ZM, ZM- എന്നിങ്ങനെയെല്ലാം അളവുകോലുകൾ ഉണ്ടാക്കി.[20] മുതുമുത്തച്ഛന്മാരിലെ ജിപ്സികളുടെ എണ്ണമെല്ലാം അനുസരിച്ചായിരുന്നു ഓരോരുത്തരുടെയും ജിപ്സിത്തം അളന്നിരുന്നത്.[21] ന്യൂറംബർഗ് നിയമങ്ങൾക്ക് അനുബന്ധമായി ആഭ്യന്തരമന്ത്രാലയത്തിലെ ഡോ. സിന്റൽ ഒരു ജിപ്സി നിയമം തന്നെ ഉണ്ടാക്കി. ഇയാളുടെ അഭിപ്രായത്തിൽ ജിപ്സികളെ ജർമ്മനിക്കുള്ളിൽത്തന്നെ മാറ്റിപ്പാർപ്പിച്ചോ ജയിലിലിട്ടോ പരിഹരിക്കാവുന്ന പ്രശ്നമായിരുന്നില്ല അത്. എല്ലാ ജിപ്സികളെയും കണ്ടുപിടിച്ച് രജിസ്റ്റർ ചെയ്ത് വന്ധ്യംകരിച്ച് നാടുകടത്തുകയായിരുന്നു വേണ്ടിയിരുന്നത്. 1938-ൽ ആരോഗ്യപ്രവർത്തകരോട് എല്ലാ ജിപ്സികളെയും അവരുടെ സങ്കരയിനങ്ങളെയും കണ്ടുപിടിച്ച് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു.[22] ഇത്തരം ഒരു നിയമം വഴി ഇനിയങ്ങോട്ട് ജിപ്സികളുടെ അശുദ്ധരക്തം ജർമ്മൻകാർക്ക് ജീവിക്കാനുള്ള സമൂഹത്തിൽ ഉണ്ടാവാൻ പാടില്ലെന്ന് ഹിംലർക്ക് വലിയതാല്പര്യം ഉണ്ടായിരുന്നെങ്കിലും ജിപ്സി നിയമം നാസികൾ നടപ്പിലാക്കിയില്ല.[23] [24] 1942 ഡിസംബറിൽ എല്ലാ ജിപ്സികളെയും പീഡനകേന്ദ്രങ്ങളിലേക്ക് അയയ്ക്കാൻ ഹിംലർ ഉത്തരവിട്ടു.[19]
"ജൂതപ്രശ്നം"
തിരുത്തുകജർമ്മൻ സമൂഹത്തിൽ നിന്നും ജൂതന്മാരെ പുറംതള്ളുമെന്നുള്ള ഉറപ്പ് നാസിപ്പാർട്ടി പാലിക്കാത്തതിനാൽ അക്ഷമരായ പാർട്ടിയിലെ അംഗങ്ങളുടെ വിദ്വേഷം മറികടക്കാൻ SA അംഗങ്ങൾ ന്യൂനപക്ഷമായ ജൂതർക്കെതിരെ ആഞ്ഞടിക്കാൻ തുടങ്ങി. 1935 -ലെ ഒരു ഗെസ്റ്റപ്പോ റിപ്പോർട്ട് പ്രകാരം നാസിപ്പാർട്ടിയിലെ സകലരും "ജൂതപ്രശ്നത്തിന്റെ പരിഹാരത്തിനായി താഴെനിലയിൽനിന്നും തന്നെ പ്രവർത്തനം തുടങ്ങുമെന്നും പിന്നീട് അത് സർക്കാർ ഏറ്റെടുക്കുമെന്നും ആയിരുന്നു".[26] 1934 വരെ താൽക്കാലികമായി തടയപ്പെട്ടിരുന്ന ആക്രമങ്ങൾ, തല്ലിപ്പൊളിക്കൽ, ജൂതർക്കെതിരെയുള്ള ബഹിഷ്കരണം എന്നിവയെല്ലാം 1935 ആയപ്പോഴേക്കും ഉന്നതതലത്തിലുള്ള സർക്കാർ സഹായത്തോടെ പൂർവ്വാധികം ശക്തിപ്രാപിച്ചു.[26] തങ്ങളുടെ സുരക്ഷയെക്കരുതി പാർട്ടി അംഗങ്ങളല്ലാത്ത ഭൂരിഭാഗവും ബഹിഷ്കരണങ്ങളെ തള്ളിക്കളയുകയും അക്രമങ്ങളെ എതിർക്കുകയും ചെയ്തിരുന്നു.[27] ദീർഘകാലപാർട്ടിപ്രവർത്തകരും പൊതുജനങ്ങളും തമ്മിൽ കാഴ്ചപ്പാടിൽ വ്യത്യാസമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയത്തിൽ സജീവമായിട്ടല്ലാത്തവരും 1935 ആയപ്പോഴേക്കും കടുത്ത ജൂതവിരുദ്ധനിയമങ്ങൾ കൊണ്ടുവരണമെന്ന പക്ഷക്കാരായി മാറിയിരുന്നുവെന്നാണ് ഇസ്രായേലി ചരിത്രകാരനായ ഒട്ടോ ഡോവ് കുൽക്ക അഭിപ്രായപ്പെടുന്നത്.[28] ജൂതവിരുദ്ധസമരങ്ങളിൽ ഈ കാര്യം പ്രധാന അജണ്ടയായി മാറിയിരുന്നു.[29]
ജൂതരും അല്ലാത്തവരും തമ്മിലുള്ള വിവാഹം തടയുന്ന നിയമം ഉടൻതന്നെ നിലവിൽ വരുമെന്നും അതുവരെ റെജിസ്ട്രാർമാരോട് അത്തരം വിവാഹങ്ങൾക്ക് ലൈസൻസ് നൽകരുതെന്നും ജൂലൈ 25-ന് ആഭ്യന്തരമന്ത്രിയായിരുന്ന വില്യം ഫ്രിക് ആവശ്യപ്പെട്ടു. ഈ നിയമപ്രകാരം പാരമ്പര്യരോഗമുള്ളവരെയും വിവാഹം കഴിക്കുന്നതിൽനിന്നും തടഞ്ഞിരുന്നു.[30]
സാമ്പത്തികരംഗത്ത് തിരിച്ചടിയുണ്ടാവുമെന്ന കാര്യം പറഞ്ഞ് സാമ്പത്തികകാര്യ മന്ത്രിയായ ഡോ. ജാൽമർ ഷാക്റ്റും സെൻട്രൽ ബാങ്കിന്റെ പ്രസിഡണ്ടും ദീർഘകാലപാർട്ടി അംഗങ്ങളുടെയും എസ് എ-യുടെയും അക്രമമാർഗങ്ങളെ വിമർശിച്ചിരുന്നു.[29] അന്താരാഷ്ട്രസമൂഹങ്ങളിൽ ഇത്തരം ആക്രമണങ്ങൾ ജർമ്മനിയുടെ മുഖച്ഛായയ്ക്ക് ഇടിവ് വരുത്തിയിരുന്നു.[31] ഇക്കാരണങ്ങളാൽ ജർമ്മൻ ജൂതർക്കെതിരായ വ്യക്തിപരമായ അക്രമങ്ങൾ നിർത്തണമെന്ന് 1935 ജൂലൈ 8-ന് ഹിറ്റ്‌ലർ ആവശ്യപ്പെട്ടു. ഈ ആജ്ഞ ധിക്കരിക്കുന്ന പാർട്ടിപ്രവർത്തകർക്കെതിരെ നടപടിയുണ്ടാവുമെന്ന് വില്യം ഫ്രിക്കും ഭീഷണിപ്പെടുത്തി.[29] ജൂതരെ ജർമ്മൻ സമൂഹത്തിൽ നിന്നും ഇല്ലായ്മ ചെയ്യുന്ന കാര്യത്തിൽ അക്ഷമരായി അക്രമത്തിലേക്കുതിരിഞ്ഞ നാസിപ്പാർട്ടി അംഗങ്ങളെ തൃപ്തിപ്പെടുത്താൻ പെട്ടെന്ന് പുതിയ ജൂതവിരുദ്ധനിയമങ്ങൾ കൊണ്ടുവരണമെന്നായിരുന്നു ഹിറ്റ്‌ലറുടെ അഭിപ്രായം.[31] ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാൻ 1935 ആഗസ്റ്റ് 20-ന് മന്ത്രിമാരുടെ യോഗം വിളിച്ചു. സാമ്പത്തികരംഗത്ത് പ്രത്യാഘാതമുണ്ടാകുമെന്നതിനാൽ അക്രമമാർഗ്ഗങ്ങളിൽക്കൂടിയല്ലാതെ, നിയമമുണ്ടാക്കിവേണം ഈ പ്രശ്നത്തെ നേരിടാൻ എന്നായിരുന്നു ഹിറ്റ്‌ലർ പറഞ്ഞത്.[32] ഈ നിയമങ്ങളുടെ ലക്ഷ്യം വംശശുദ്ധി പോകാതിരിക്കാനുള്ള വിവാഹനിയമനിർമ്മാണങ്ങളും ജൂതന്മാരുടെ ജർമ്മൻ പൗരത്വം പിൻവലിക്കലും സ്വതന്ത്രമായി ജർമ്മൻ സാമ്പത്തികരംഗത്ത് ജൂതന്മാർ ഇടപെടുന്നത് തടയലും ആയിരുന്നു.[33]
ന്യൂറംബർഗിലെ സംഭവങ്ങൾ
തിരുത്തുക1935 സെപ്തംബർ 10 മുതൽ 16 വരെ തിയതികളിൽ നടന്ന ഏഴാമത് വാർഷിക നാസിപ്പാർട്ടിയുടെ റാലി നാസിഭരണക്കാലത്ത് ബെർളിന് പുറത്തുനടന്ന ഏക പാർട്ടിറാലിയായിരുന്നു.[34] കാലങ്ങളായി കാത്തിരിക്കുന്ന ജൂതവിരുദ്ധനിയമങ്ങൾ അവതരിപ്പിക്കാൻ ഇതൊരു സുവർണ്ണാവസരമായി ഹിറ്റ്‌ലർ കണ്ടു.[35] ജർമ്മൻ രക്തം സംരക്ഷിക്കാനുള്ള ഒരു നിയമം ഉടൻതന്നെ സർക്കാർ കൊണ്ടുവരുമെന്ന് സെപ്തംബർ 12-ന് നടത്തിയ പ്രസംഗത്തിൽ നാസി ഡോക്ടറായ ഗെർഹാർഡ് വാഗ്നർ പ്രഖ്യാപിച്ചു.[36] റാലിയുടെ അവസാനദിവസമായ സെപ്തംബർ 15-ന് ന്യൂറംബർഗിൽ മന്ത്രിസഭയുടെ യോഗം ഉണ്ടാകുമെന്ന് അടുത്തദിവസം ഹിറ്റ്‌ലർ അറിയിച്ചു.[35] ആഭ്യന്തമന്ത്രാലയത്തിലെ ഫ്രാൻസ് ആൽബ്രെക്ട് മെഡിക്കസിനെയും ബെൺഹാഡ് ലൂസനറെയും ന്യൂറംബർഗിലേക്ക് വിളിപ്പിച്ച് ജൂതരും മറ്റുള്ളവരും തമ്മിൽ ലൈംഗികബന്ധമോ വിവാഹമോ പാടില്ലെന്ന നിയമത്തിന്റെ നക്കൽ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. രണ്ടുപേരും സെപ്തംബർ 14-ന് ന്യൂറംബർഗിൽ എത്തി.[37] അന്നുവൈകീട്ട് പിറ്റേന്നേക്ക് പൗരത്വനിയമത്തിന്റെ നക്കലും തയ്യാറാക്കിക്കൊണ്ടുവരണമെന്ന് ഹിറ്റ്‌ലർ അവരോട് ആവശ്യപ്പെട്ടു.[33] ജർമ്മൻ രക്തബന്ധനിയമത്തിലെ വകുപ്പുകൾ തീരെ കാർക്കശ്യമില്ലാത്തതാണെന്നു ഹിറ്റ്‌ലർ പറഞ്ഞതിനാൽ പാതിരാത്രിയായപ്പോഴേക്കും ലഭിക്കാവുന്ന ശിക്ഷകൾ വളരെ വർദ്ധിപ്പിച്ചുകൊണ്ട് ഫ്രിക്ക് പുതിയ നാല് നക്കലുകൾ തയ്യാറാക്കിക്കൊണ്ടുവന്നു. എന്നാൽ അതിൽ ആരാണ് ജൂതൻ എന്നതിൽ വ്യക്തത തീരെക്കുറവായിരുന്നു. കാർക്കശ്യം ഏറ്റവും കുറഞ്ഞ പ്രതി ഹിറ്റ്‌ലർ തെരഞ്ഞെടുത്തുവെങ്കിലും ആരാണ് ജൂതൻ എന്നതിൽ അതിൽ വ്യക്തത തീരെ ഉണ്ടായിരുന്നില്ല.[38] റാലിയിൽ ഹിറ്റ്‌ലർ പറഞ്ഞു ഈ നിയമങ്ങൾ "ഒരു വലിയ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണ്, എങ്ങാൻ സർക്കാർ തലത്തിൽ ഇതു നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടാൽ ഇതിനു പരിഹാരമുണ്ടാക്കാൻ നാസിപ്പാർട്ടിയെ നിയമപരമായിത്തന്നെ ഇക്കാര്യം ഏൽപ്പിക്കേണ്ടിവരും".[39] നാസി പ്രൊപഗണ്ടമന്ത്രിയായ ജോസഫ് ഗീബൽസ് നൽകിയ റേഡിയോ സന്ദേശത്തിൽ നിയമം പാസാക്കുന്ന പരിപാടി നിർത്തിവച്ചിരിക്കുകയാണെന്നും ജർമ്മൻ മാധ്യമങ്ങളോട് ഇവ എങ്ങനെ നടപ്പിലാക്കുമെന്ന് തീരുമാനമാവുന്നതുവരെ ഇതേക്കുറിച്ച് പരാമശിക്കരുതെന്നും ആവശ്യപ്പെട്ടു.[40]
നിയമത്തിന്റെ ഉള്ളടക്കം
തിരുത്തുക1935 സെപതംബർ 15-ന് രണ്ട് ന്യൂറംബർഗ് നിയമങ്ങൾ നാസിഭരണകൂടം ഐക്യകണ്ഠേന പാസാക്കി.[41] ജർമ്മൻ രക്തവും ജർമ്മൻ അഭിമാനവും സംരക്ഷിക്കാനുള്ള നിയമപ്രകാരം ജർമ്മൻകാരും ജൂതന്മാരും തമ്മിലുള്ള വിവാഹങ്ങളോ വിവാഹേതര ലൈംഗികബന്ധങ്ങളോ നിരോധിച്ചു. 45 വയസ്സിൽത്താഴെയുള്ള ജൂതസ്ത്രീകളെ ജർമ്മൻ ഭവനങ്ങളിൽ ജോലിക്കുനിർത്തുന്നത് തടഞ്ഞു. ജർമ്മൻ രക്തമുള്ളവർക്കോ അതുമായി ബന്ധമുള്ള രക്തമുള്ളവർക്കോ മാത്രമേ ജർമ്മൻ പൗരത്വത്തിന് അവകാശമുണ്ടായിരിക്കുകയുള്ളൂ. ബാക്കിയുള്ളവർ രാജ്യത്തിലെ പ്രജകൾ ആയിരിക്കും, പൗരത്വത്തിന് അവകാശമുണ്ടായിരിക്കില്ല.[42] പൗരത്വനിയമത്തിൽ വാക്കുകൾ പ്രകാരം ഏതൊരുവ്യക്തിയും "തന്റെ പ്രവർത്തനങ്ങളിൽക്കൂടി താൻ ജർമ്മൻ ജനതയെയും നാസി സർക്കാരിനെയും വിശ്വസ്തനായി സേവിച്ചുകൊള്ളാം" എന്നു തെളിയിക്കേണ്ടതുകൊണ്ട് രാഷ്ട്രീയ എതിരാളികളുടെപോലും പൗരത്വം എടുത്തുമാറ്റാനാകുമായിരുന്നു.[41] ഈ നിയമപ്രകാരം ജൂതരുടെയും ജിപ്സികളുടെയും മറ്റു അനഭിമതരുടെയും പൗരത്വം എടുത്തുകളയാൻ നാസികൾക്ക് ആവുമായിരുന്നു.[43]
വരും വർഷങ്ങളിൽ ഇതിനൊപ്പം അനുബന്ധമായിച്ചേർത്ത 13 ആർട്ടിക്കിളുകൾ ജർമ്മനിയിലെ ജൂതസമൂഹത്തെ വീണ്ടും പരിതാപകരമായ രീതിയിൽ പാർശ്വവൽക്കരിച്ചുകളഞ്ഞു.[13] ഉദാഹരണത്തിന് വലിയ കുടുംബത്തിനു ലഭ്യമായ സബ്‌സിഡികൾക്ക് അപേക്ഷിക്കാൻ ജൂതകുടുംബങ്ങൾക്ക് അർഹതയുണ്ടായിരുന്നില്ല, കൂടാതെ ജൂതർക്ക് ആര്യന്മാരുമായി കച്ചവടം നടത്താനും അവകാശമുണ്ടായിരുന്നില്ല.[44]
ജർമ്മൻ രക്തവും ജർമ്മൻ അഭിമാനവും സംരക്ഷിക്കാനുള്ള നിയമങ്ങൾ
തിരുത്തുകജർമ്മൻ ജനതയുടെ തുടർച്ചയായ നിലനിൽപ്പിന് ജർമ്മൻ രക്തത്തിന്റെ ശുദ്ധി അത്യന്താപേക്ഷിതമാണെന്നും എക്കാലത്തും ജർമ്മൻ രാജ്യത്തിന്റെ നിലനിൽപ്പിന്റെ തുടർച്ച ഉറപ്പാക്കണമെന്ന മാറ്റമില്ലാത്ത നിശ്ചയദാർഢ്യത്തിൻ നിന്നുമാണ് സർക്കാർ ഐക്യകണ്ഠേന താഴെപ്പറയുന്ന നിയമം കൊണ്ടുവന്നത്:
- ആർട്ടിക്കിൾ 1
- ജർമ്മനിയിലെ പൗരന്മാരും ജൂതന്മാരും തമ്മിലുള്ള വിവാഹം നിരോധിച്ചിരിക്കുന്നു. നടന്നുകഴിഞ്ഞവിവാഹങ്ങളും അസാധുവാണ്, വിദേശങ്ങളിലെ നിയമപ്രകാരം നിലനിൽക്കുന്നതാണെങ്കിലും അവയും അസാധുവാണ്.
- സംസ്ഥാന പ്രോസിക്യൂട്ടർക്ക് അവ അസാധുവാക്കാനുള്ള അധികാരമുണ്ട് .[45]
- ആർട്ടിക്കിൾ 2
ജൂതന്മാരും ജർമ്മൻ പൗരന്മാരും അല്ലെങ്കിൽ ജർമ്മൻ രക്തബന്ധമുള്ളവർ തമ്മിലോ ഉള്ള വിവാഹേതരബന്ധം നിരോധിച്ചു.[45]
- ആർട്ടിക്കിൾ 3
45 വയസ്സിനുതാഴെയുള്ള ജർമ്മൻ പൗരകളെയോ അല്ലെങ്കിൽ ജർമ്മൻ രക്തബന്ധമുള്ള സ്ത്രീകളെയോ വീട്ടുജോലിക്കു ജൂതന്മാർ നിർത്തുന്നത് നിയമവിരുദ്ധമാണ്.[45]
- ആർട്ടിക്കിൾ 4
- സാമ്രാജ്യത്തിന്റെ പതാക പറപ്പിക്കാനോ സാമ്രാജ്യത്തിന്റെ നിറങ്ങൾ പ്രദർശിപ്പിക്കാനോ ജൂതർക്ക് അവകാശമില്ലായിരുന്നു.
- എന്നാൽ അവർക്ക് ജൂതനിറങ്ങൾ പ്രദർശിപ്പിക്കാൻ അവകാശമുണ്ട്, അതിനുള്ള അവകാശം രാജ്യം നൽകുന്നുമുണ്ട്.[45]
- ആർട്ടിക്കിൾ 5
- ആർട്ടിക്കിൾ 1 ലംഘിക്കുന്നവർക്ക് തടവും കഠിനജോലിയുമായിരിക്കും ശിക്ഷ[Zuchthaus].
- ആർട്ടിക്കിൾ 2 ലംഘിക്കുന്ന പുരുഷന് ജയിലോ [Gefängnis] തടവും കഠിനജോലിയുമായിരിക്കും ശിക്ഷ.
- ആർട്ടിക്കിൾ 3 -ഓ 4 -ഓ ലംഘിക്കുന്നവർക്ക് ഒരു വർഷം വരെയുള്ള തടവും കഠിനജോലിയുമായിരിക്കും ശിക്ഷ അല്ലെങ്കിൽ ഇതിലെ തടവോ കഠിനജോലിയുമാകാം ശിക്ഷ.[45]
- ആർട്ടിക്കിൾ 6
സാമ്രാജ്യത്തിന്റെ നീതിമന്ത്രിയും ഉപപ്രസിഡണ്ടും ആഭ്യന്തരമന്ത്രിയുമായിച്ചേർന്ന് ഈ നിയമങ്ങൾ നടപ്പിലാക്കാനുള്ള നിയമപരവും ഭരണപരവുമായ കാര്യങ്ങൾ ചെയ്യും.[45]
- ആർട്ടിക്കിൾ 7
ആർട്ടിക്കിൾ 3 ഒഴികെയുള്ള നിയമങ്ങൾ 1936 ജനുവരി 1-ന് പ്രാബല്യത്തിൽ വരും.[45]
ജർമ്മൻ പൗരത്വനിയമം
തിരുത്തുകതാഴെപ്പറയുന്ന നിയമങ്ങൾ മന്ത്രിസഭ ഐക്യകണ്ഠേന അംഗീകരിച്ചതാണ്:
- ആർട്ടിക്കിൾ 1
- രാഷ്ട്രത്തിന്റെ പ്രജയ്ക്ക് സാമ്രാജ്യത്തിന്റെ സംരക്ഷണമുണ്ടായിരിക്കും അതിനാൽത്തന്നെ രാജ്യത്തോട് അയാൾക്ക് ബാദ്ധ്യതയും ഉണ്ടായിരിക്കും.
- സാമ്രാജ്യത്തിന്റെയും അതിന്റെ പൗരത്വനിയമവും അനുസരിച്ചായിരിക്കും പ്രജകളുടെ പദവി.[45]
- ആർട്ടിക്കിൾ 2
- സാമ്രാജ്യത്തിന്റെ പൗരൻ ആയിരിക്കുന്ന ആൾ ജർമ്മനോ അല്ലെങ്കിൽ ജർമ്മൻ രക്തബന്ധമുള്ളവനോ ആയിരിക്കും, കൂടാതെ തന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും കൂടി ജർമ്മൻ രാഷ്ട്രത്തെയും ജനങ്ങളെയും സേവിക്കാൻ തയ്യാറയിരിക്കുകയും വേണം.
- സാമ്രാജ്യത്തിന്റെ പൗരത്വം എന്നത് സാമ്രാജ്യപൗരത്വസർട്ടിഫിക്കറ്റിൽ കൂടിയാണ് ലഭ്യമാവുന്നത്.
- നിയമപ്രകാരം സാമ്രാജ്യത്തിന്റെ പൗരന്മാർ സമ്പൂർണ്ണ രാഷ്ട്രീയസ്വാതന്ത്ര്യമുള്ളവരും അതിന്റെ അവകാശികളും ആയിരിക്കും.[45]
- ആർട്ടിക്കിൾ 3
സാമ്രാജ്യത്തിന്റെ ഉപപ്രസിഡണ്ടും ആഭ്യന്തരമന്ത്രിയുമായിച്ചേർന്ന് ഈ നിയമങ്ങൾ നടപ്പിലാക്കാനുള്ള നിയമപരവും ഭരണപരവുമായ കാര്യങ്ങൾ ചെയ്യും.[45]
ഈ നിയമമനുസരിച്ചുള്ള വർഗ്ഗീകരണം
തിരുത്തുകവർഗ്ഗീകരണം | അർത്ഥം | പാരമ്പര്യം | വിശദീകരണം |
---|---|---|---|
Deutschblütiger | ജർമ്മൻ രക്തം | ജർമ്മൻ | ജർമ്മൻ വംശത്തിലും രാഷ്ട്രത്തിലും ഉള്ളയാൾ; സാമ്രാജ്യപൗരത്വത്തിനു യോഗ്യം |
Deutschblütiger | ജർമ്മൻ രക്തം | 1⁄8 ജ്യൂവിഷ് | ജർമ്മൻ വംശത്തിലും രാഷ്ട്രത്തിലും ഉള്ളയാൾ എന്നു കരുതാം; സാമ്രാജ്യപൗരത്വത്തിനു യോഗ്യം |
Mischling zweiten Grades | സങ്കരവംശം (രണ്ടാം ഡിഗ്രി) | 1⁄4 ജ്യൂവിഷ് | ജർമ്മൻ വംശത്തിലും രാഷ്ട്രത്തിലും ഭാഗികമായി മാത്രം ഉൾപ്പെടുന്നു; സാമ്രാജ്യപൗരത്വത്തിനു യോഗ്യം |
Mischling ersten Grades | സങ്കരവംശം (ഒന്നാം ഡിഗ്രി) | 3⁄8 അല്ലെങ്കിൽ 1⁄2 ജ്യൂവിഷ് | ജർമ്മൻ വംശത്തിലും രാഷ്ട്രത്തിലും ഭാഗികമായി മാത്രം ഉൾപ്പെടുന്നു; സാമ്രാജ്യപൗരത്വത്തിനു യോഗ്യം |
Jude | ജൂതൻ | 3⁄4 ജ്യൂവിഷ് | ജൂതവംശത്തിലും സമൂഹത്തിലും ഉൾപ്പെടുന്നു; സാമ്രാജ്യപൗരത്വത്തിനു അയോഗ്യം |
Jude | ജൂതൻ | ജ്യൂവിഷ് | ജൂതവംശത്തിലും സമൂഹത്തിലും ഉൾപ്പെടുന്നു; സാമ്രാജ്യപൗരത്വത്തിനു അയോഗ്യം |
തിയതി | വിധി |
---|---|
1935 സെപ്തംബർ 15 | ജൂതമതസമൂഹത്തിലെ അംഗമാണെങ്കിൽ ഒരു സങ്കരവംശത്തെ ജൂതനായി കരുതും |
1935 സെപ്തംബർ 15 | ഒരു സങ്കരവംശം ജൂതനെയാണ് വിവാഹം കഴിച്ചതെങ്കിൽ അയാളെ ജൂതനായി കരുതും, അവരുടെ മക്കളെയും ജൂതരായി കരുതും. |
1935 സെപ്തംബർ 17 | 1935 സെപ്തംബർ 17-നുശേഷം ജൂതനുമായുള്ള വിവാഹത്തിൽ ഒരു സങ്കരവംശം കുട്ടി ജനിച്ചാൽ ആ കുട്ടിയെ ജൂതനായി കരുതും. 1935 സെപ്തംബർ 17-നു മുമ്പ് നിയമമായ വിവാഹത്തിൽ ഉണ്ടാകുന്ന കുട്ടികളെ സങ്കരവംശമായി കരുതും. |
1936 ജൂലൈ 31 | നിരോധിക്കപ്പെട്ടിട്ടുള്ളരീതിയിലുള്ള ജൂതനുമായുള്ള വിവാഹേതരബന്ധത്തിൽ 1936 ജൂലൈ 31-നു ശേഷം ജനിക്കുന്ന കുട്ടികളെ ജൂതരായി കരുതും. |
അനന്തരഫലം
തിരുത്തുകമൂന്നോ അതിലധികമോ ജൂത-മുത്തച്ഛന്മാരുള്ളവരെ ജൂതരായിത്തന്നെ കണക്കാക്കാമെന്നും ഒരേയൊരു ജൂത-മുത്തച്ഛൻ ഉള്ളയാളെ (രണ്ടാം ഡിഗ്രി സങ്കരവംശം) ജൂതനായി കണക്കാക്കേണ്ടെന്നും ആഭ്യന്തമന്���്രാലയവും നാസിപ്പാർട്ടിയും യോജിപ്പിലെത്തിയെങ്കിലും രണ്ടു ജൂത-മുത്തച്ഛന്മാരുള്ളവരെ (രണ്ടാം ഡിഗ്രി സങ്കരയിനം) ഏതുരീതിയിൽ ആണ് കണക്കാക്കേണ്ടതെന്നകാര്യത്തിൽ സംവാദം നടന്നു.[47] കൂടുതൽ കർക്കശനിലപാടുള്ള നാസിപ്പാർട്ടി ഈ നിയമം ഒന്നും രണ്ടും ഡിഗ്രി സങ്കരവംശത്തെ ഇതിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.[48] ഇക്കാരണത്താൽ ഒരു തീരുമാനമെടുക്കുന്നത് ഹിറ്റ്‌ലർ 1935 നവംബർ വരെ വൈകിച്ചു. മൂന്നു ജൂത-മുത്തച്ഛന്മാരുള്ളവർ ജൂതന്മാരാണെന്നും രണ്ടുമുത്തച്ഛന്മാരുള്ളവരെ ജൂതമതരീതിയിൽ ജീവിക്കുന്നുണ്ടെങ്കിലോ അല്ലെങ്കിൽ ജൂതമതത്തിൽപ്പെട്ടവരെ വിവാഹം കഴിച്ചെങ്കിലോ മാത്രം ജൂതരായി കരുതിയാൽ മതിയെന്നും ഹിറ്റ്‌ലർ അന്തിമമായി തീരുമാനമെടുത്തു.[49] ആരാണ് ജൂതനെന്നുള്ള ഈ അനുബന്ധപ്പട്ടികയടക്കം നവംബർ 14-ന് നിയമമാവുകയും സാമ്രാജ്യപൗരത്വനിയമം അന്നുതന്നെ പ്രാബല്യത്തിൽ വരികയും ചെയ്തു. ജൂതർ അന്നുമുതൽ ജർമ്മൻ പൗരന്മാർ അല്ലാതാവുകയും വോട്ടവകാശം ഇല്ലാത്തവരായിത്തീരുകയും ചെയ്തു.[50] ജൂതരും ജിപ്സികളും അങ്ങനെ ഗവണ്മെന്റിലോ പുതുതായി കയ്യേറിയ രാജ്യങ്ങളിലോ വോട്ടവകാശമില്ലാത്തവരായിമാറി.[51] പഴയ യുദ്ധപ്പോരാളികൾ എന്നനിലയിൽ സർക്കാർ ജോലികളിൽ പ്രാതിനിധ്യം ഉണ്ടായിരുന്നവരും ആ ദിവസം മുതൽ അവരുടെ ജോലികളിൽ നിന്നും പുറത്താക്കപ്പെട്ടു.[50] ഡിസംബർ 21-ന് അനുബന്ധമായിച്ചേർത്ത ഉത്തരവുപ്രകാരം പഴയ ജൂതയുദ്ധപ്പോരാളികളെ വൈദ്യവും വിദ്യാഭ്യാസവുമടക്കം സർക്കാർ പ്രാതിനിധ്യമുള്ള എല്ലാ തൊഴിലുകളിൽനിന്നും പുറത്താക്കാൻ ഉത്തരവായി.[50]
ഒരു പൗരത്വ ട്രൈബ്യൂണലിനുമുന്നിൽ ഓരോ ജർമ്മൻകാരനും തങ്ങൾ ആര്യന്മാരാണെന്ന് തെളിയിക്കപ്പെട്ടില്ലെങ്കിൽ നിരന്തരം തങ്ങളുടെ വംശശുദ്ധി ഓരോരുത്തരും തെളിയിക്കേണ്ടി വരുമെന്ന് ഫ്രിക്ക് അഭിപ്രായപ്പെട്ടു.[48][52] സർക്കാരിതര സ്ഥാപനങ്ങൾ തങ്ങൾ ജോലിയ്ക്കുവയ്ക്കുന്നവരിൽ സങ്കരവംശജരോ ജൂതന്മാരോ ഇല്ലെന്നുള്ള ആര്യൻ വാചകങ്ങൾ അവരുടെ നിയമാവലിയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു.[53] ആര്യൻ വംശശുദ്ധിതെളിയിക്കാൻ ഒരു ആര്യൻ സർട്ടിഫിക്കറ്റ് ലഭ്യമായിരുന്നു. അതിനുള്ള ഒരുവഴി നാലുമുത്തച്ഛന്മാരും ആര്യൻ വംശജരാണെന്നുള്ള ജനന മാമോദീസാ സർട്ടിഫിക്കറ്റുകൾ കൊടുത്തുകൊണ്ടുള്ള ആര്യൻപാസ് കരസ്ഥമാക്കലായിരുന്നു.[54] ജർമ്മൻ അല്ലെങ്കിൽ ജർമ്മൻ ബന്ധുത്തമുള്ള മറ്റുരാജ്യങ്ങളിലെ ആൾക്കാർക്കും ആര്യൻപാസ് സ്വന്തമാക്കാമായിരുന്നു.[55]
1935 സെപ്തംബർ 15-നു പാസ്സാക്കിയ ജർമ്മൻ രക്തവും ജർമ്മൻ അഭിമാനവും സംരക്ഷിക്കാനുള്ള നിയമങ്ങൾ പ്രകാരം ജൂതന്മാരും ജർമ്മൻകാരും തമ്മിലും, ഒന്നാം ഡിഗ്രി സങ്കരവംശജരും ജർമ്മൻകാർ തമ്മിലും, ജൂതന്മാരും രണ്ടാം ഡിഗ്രി സങ്കരവംശജരും തമ്മിലും, രണ്ട് രണ്ടാം ഡിഗ്രി സങ്കരവംശജരും തമ്മിലുള്ള വിവാഹം വിലക്കപ്പെട്ടിരുന്നു. ഒന്നാം ഡിഗ്രി സങ്കരവംശജർ ജൂതന്മാരെ വിവാഹം ചെയ്യുന്നതിനുവിലക്കുണ്ടായിരുന്നില്ല, പക്ഷേ അങ്ങനെ വിവാഹം ചെയ്യുന്നപക്ഷം അന്നുമുതൽ അവരെയും ജൂതരായി മാത്രമേ പരിഗണിക്കപ്പെടുകയുണ്ടായിരുന്നുള്ളൂ. അർദ്ധ-ജൂതരും ജർമ്മൻകാരും തമ്മിലുള്ള എല്ലാ വിവാഹങ്ങളും ജർമ്മൻ വംശശുദ്ധിസംരക്ഷണക്കമ്മറ്റി���ുടെ അനുമതിയോടെ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അത്തരം അനുമതികളൊന്നും പക്ഷേ നൽകിയിരുന്നില്ല.[53] 1935 നവംബർ 26-ന് ഇറങ്ങിയ ഒരു അനുബന്ധപ്പട്ടികയിൽ ഈ നിയമത്തിൽ "ജിപ്സികളെയും, നീഗ്രോകളെയും, പിന്നെ അവരുടെ തന്തയില്ലാത്തവന്മാരെയും" ഉൾപ്പെടുത്തി."[56]
അനാര്യന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നു സംശയിക്കുന്നവരെ സമൂഹഭ്രഷ്ടരാക്കി കോടതികളിൽ വിചാരണ ചെയ്തിരുന്നു. അയൽക്കാരെപ്പോലെയുള്ള സാധാരണ പൗരന്മാരും സഹപ്രവർത്തകരും മറ്റുതരത്തിൽ വിവരങ്ങൾ നൽകുന്നവരുമൊക്കെയായിരുന്നു ഗെസ്റ്റപ്പോയ്ക്ക് തെളിവുകൾ നൽകിയിരുന്നത്.[58] ഭ്രഷ്ടരാക്കിയവരെ കഴുത്തിൽ അവരുടെ കുറ്റങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള കാർഡുകളും തൂക്കി സമൂഹമധ്യത്തിൽ കളിയാക്കിക്കൊണ്ട് നടത്തിയിരുന്നു.[59] ശിക്ഷിക്കപ്പെട്ടവർക്ക് സാധാരണ ജയിൽവാസവും (1938 മാർച്ച് 8 മുതൽ) ശിക്ഷാകാലാവധിക്കു ശേഷം ഗസ്റ്റപ്പോ അവരെ വീണ്ടും അറസ്റ്റ് ചെയ്ത് പീഡനകേന്ദ്രങ്ങളിലേക്കും അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്[58] വംശശുദ്ധിയ്ക്ക് കളങ്കമേൽപ്പിക്കുന്ന പരിപാടികൾക്ക് മരണശിക്ഷ വിധിക്കാൻ നിയമം ഇല്ലാതിരുന്നതുകൊണ്ട് പ്രത്യേകകോടതികൾ വിളിച്ചുചേർത്ത് ചില അവസരങ്ങളിൽ മരണശിക്ഷയും വിധിച്ചിട്ടുണ്ട്.[60]1935 മുതൽ 1940 വരെയുള്ള കാലത്ത് 1911 പേരെ ഇങ്ങനെ സമൂഹഭ്രഷ്ടരാക്കിയിട്ടുണ്ട്. സമയംപോകെ ഈ നിയമത്തിൽ ലൈംഗികരീതിയിൽ അല്ലാതെപോലും ആരെയെങ്കിലും ചുംബിക്കുന്നതോ ആലിംഗനം ചെയ്യുന്നതോ കുറ്റകരമായി കണക്കാക്കിയിരുന്നു.[58]
നാസിഭരണകാലത്തെ മിക്കവാറും സമയങ്ങളിൽ ജർമ്മൻ ജനത ന്യൂറംബർഗ് നിയമങ്ങൾ അംഗീകരിച്ചിരുന്നു. രണ്ടുകാരണങ്ങളാണ് ഇതിനുണ്ടായിരുന്നത്. ജൂതന്മാർ ഒരു പ്രത്യേകവംശമാണെന്നുള്ള നാസി പ്രൊപഗണ്ട പൊതുജനാഭിപ്രായത്തെ ആ രീതിയിൽ ചിന്തിക്കാൻ, അതു ശരിയാണെന്നു ചിന്തിപ്പിക്കാൻ പോലും പര്യാപ്തമായിരുന്നു. രണ്ടാമതായി, നാസിഭരണകൂടത്തെ എതിർക്കുക എന്നത് ഗസ്റ്റപ്പോയാൽ നിരീക്ഷിക്കപ്പെടാനും അറസ്റ്റുചെയ്യപ്പെടാനും കഠിനമായി ശിക്ഷിക്കപ്പെടാനും സാധ്യത വളരെയേറെയായതിനാൽ ആരുംതന്നെ തുറന്ന് എതിർത്തുമില്ല.[61][62] ഈ നിയമങ്ങൾ നിലവിൽവന്നതോടെ ജൂതവിരുദ്ധഅക്രമങ്ങളിൽ അയവുവന്നതിൽ ജർമ്മൻകാർക്ക് ആശ്വാസമായി.[63] ജൂതരല്ലാത്തവർ ജൂതരോട് ഇടപെടുന്നത് നിർത്തി, അവരുടെ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതുപോലും ഇല്ലാതെയായി.[64] ജൂതന്മാർക്ക് സാധനങ്ങൾ കൊടുക്കുന്ന മൊത്തവിതരണക്കാരെ കഴുത്തിൽ രാജ്യദ്രോഹികളാണെന്ന ബോർഡ് കെട്ടിത്തൂക്കി തെരുവിൽക്കൂടി നടത്തി.[65] കമ്മ്യൂണിസ്റ്റ് പാർട്ടിയും കത്തോലിൿ ചർച്ചിലെ ചില വിഭാഗവും ഈ നിയമങ്ങളെപ്പറ്റി ആശങ്കാകുലരായിരുന്നു.[56] അന്താരാഷ്ട്ര അഭിപ്രായം എതിരാകുമെന്ന് ഭയന്ന് ബെർളിനിൽ ആ ആഗസ്റ്റിൽ നടന്ന ഒളിപിക്സ് വരെ ഈ നിയമങ്ങൾ ആഭ്യന്തരമന്ത്രാലയം വലിയതോതിൽ നടപ്പിലാക്കിയില്ല.[31][61]
ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുപ്രകാരം സങ്കരവംശത്തിലുള്ള അംഗങ്ങളുടെ എണ്ണം 1935 ഏപ്രിലെ കണക്കനുസരിച്ച് ഏതാണ്ട് 750000 വരുമായിരുന്നു (യുദ്ധാനന്തരം നടത്തിയ പഠനങ്ങളിൽ ഇത് ഏതാണ്ട് 200000 ആയിരുന്നു.)[56] പൊതുസമൂഹത്തിൽ നിന്നും കൂടുതൽ കൂടുതൽ ഒഴിവാക്കപ്പെട്ടതോടെ ജൂതന്മാർ സ്വന്തമായിത്തന്നെ സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുകയും സ്കൂളുകൾ നടത്തുകയും ചെയ്തു.[66] സാമ്പത്തികപ്രശ്നങ്ങൾ എളുപ്പമൊന്നും പരിഹരിക്കപ്പെട്ടില്ലെന്നുമാത്രമല്ല, പല ജൂതസംരംഭങ്ങൾക്കും ഇടപാടുകാരുടെ അഭാവത്താൽ കച്ചവടമില്ലാതായി. 1933-ൽ നാസികൾ തുടങ്ങിയ ആര്യവൽക്കരണത്തിന്റെ (സ്ഥാപനങ്ങൾ ജൂതരല്ലാത്തവർക്ക് മാർക്കറ്റ് വിലയെക്കാൾ ഏറെ വിലകുറച്ച് കൈമാറുന്ന പരിപാടി) ഭാഗമായിരുന്നു ഇതും. ന്യൂറംബർഗ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഇത് ശക്തിപ്രാപിച്ചു.[67] മുൻപ് ധനികരായിരുന്നവരും സമൂഹത്തിൽ നല്ലരീതിയിൽ ജീവിച്ചിരുന്നവരും കുടുംബം നിലനിർത്താൻ തരംതാണ ജോലികൾ ചെയ്യേണ്ടിവരികയും പലർക്കും തൊഴിലുകൾ ഒന്നുംതന്നെ കണ്ടുപിടിക്കാൻ പോലും സാധിക്കാതെ വരികയും ചെയ്തു.[68]
ജൂതന്മാർ മുഴുവൻ നാടുവിടണമെന്നതായിരുന്നു നാസികളുടെ പ്രഖ്യാപിതലക്ഷ്യമെങ്കിലും കുടിയേറ്റനിയമങ്ങൾ കർക്കശമായിരുന്നു. രാജ്യം വിടണമെങ്കിൽ ജൂതർ തങ്ങളുടെ സമ്പത്തിന്റെ 90 ശതമാനം വരെ നികുതിയായി നൽകേണ്ടിയിരുന്നു.[69] രാജ്യത്തിനു പുറത്തേക്ക് ആരെങ്കിലും പണം കൈമാറുന്നത് കണ്ടെത്തിയാൽ അവരെ സാമ്പത്തികക്കുറ്റവാളികളായി പ്രഖ്യാപിച്ച് നീണ്ടകാലം തടവിൽ ഇട്ടിരുന്നു.[70] ഇതിനാകെ അപവാദം ആയിരുന്നത് ഹാവന കരാർ അനുസരിച്ച് ജൂതർക്ക് അവരുടെ സമ്പത്തിന്റെ ഒരു ഭാഗം പാലസ്തീനിലേക്ക് അയയ്ക്കുകയും അങ്ങോട്ട് കുടിയേറാൻ കഴിഞ്ഞിരുന്നു എന്നതുമാണ്. 1933 -39 കാലത്ത് ഏതാണ്ട് 52000 ജൂതന്മാർ ഈ കരാർ പ്രകാരം പാലസ്തീനിലേക്ക് കുടിയേറി.[71]
1939-ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നകാലമായപ്പോഴേക്കും ജർമ്മനിയിലെ 437000 ജൂതന്മാരിൽ 250000 പേരും അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും പാലസ്തീനിലേക്കും മറ്റുരാജ്യങ്ങളിലേക്കും കുടിയേറിയിരുന്നു.[72][73] 1938 ആയപ്പോഴേക്കും ജൂതർക്ക് തങ്ങളെ കുടിയേറാൻ അനുവദിക്കുന്ന ഒരു രാജ്യത്തെപ്പോലും കണ്ടുപിടിക്കാൻ ആവുമായിരുന്നില്ല.[74] 1936–39 ലെ അറബ് കലാപത്തിനുശേഷം ബ്രിട്ടീഷുകാർ മേഖല കൂടുതൽ അസ്ഥിരമാക്കുമെന്ന് ഭയന്ന് പാലസ്തീനിലേക്കും കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിക്കാൻ വിമുഖത കാണിച്ചു.[75] ദേശീയവാദികളും മറ്റുരാജ്യത്തെ ജനങ്ങളെ വെറുക്കുന്നവരും ആയ മറ്റു പലരാജ്യങ്ങളിലെ പൗരന്മാരും തങ്ങളുടെ രാജ്യത്തേക്ക് വലിയതോതിലുള്ള ജൂതകുടിയേറ്റത്തെ, പ്രത്യേകിച്ചും ദരിദ്രരായവർ കുടിയേറുന്നത് തടയാൻ സമ്മർദ്ദം ചെലുത്തി.[76] യൂറോപ്പിലെ ജൂതന്മാരെ മൊത്തം മഡഗാസ്കറിലേക്ക് നാടുകടത്താനുള്ള മഡഗാസ്കർ പദ്ധതിയും നടപ്പിലാക്കാൻ സാധിച്ചില്ല.[77] 1941 -മധ്യത്തോടെ ജർമ്മൻ സർക്കാർ യൂറോപ്പിലെ ജൂതരെ കൂട്ടക്കൊല ചെയ്യാൻ തുടങ്ങി.[78] തുടർന്നുണ്ടായ ഹോളോകോസ്റ്റിൽ കൊല്ലപ്പെട്ട ആകെ ജൂതരുടെ എണ്ണം ഏകദേശം 55 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിൽ ആയിരുന്നു.[79] പൊരജ്മോസിൽ കൊല്ലപ്പെട്ട ജിപ്സികളുടെ എണ്ണം ഒന്നരലക്ഷത്തിനും പതിനഞ്ചുലക്ഷത്തിനും ഇടയിലാണെന്നു കരുതുന്നു.[80]
മറ്റു രാജ്യങ്ങളിൽ ഉണ്ടാക്കിയ നിയമങ്ങൾ
തിരുത്തുകപല അച്ചുതണ്ട് ശക്തികളും ന്യൂറംബർഗ് നിയമത്തിനുസമാനമായി അവരവരുടെ രീതിയിലുള്ള നിയമങ്ങൾ കൊണ്ടുവന്നിരുന്നു.
- 1938-ൽ ഫാസിസ്റ്റ് ഇറ്റലി ഇറ്റാലിയൻ വംശീയ നിയമങ്ങളും മാനിഫെസ്റ്റോ ഓഫ് റെയ്സും പാസാക്കുകയും ജൂതരുടെ പൗരത്വം എടുത്തുകളയുകയും ജൂതരും ജൂതരല്ലാത്തവരും തമ്മിലുള്ള ലൈംഗികബന്ധങ്ങളും വിവാഹങ്ങളും നിയമവിരുദ്ധമാക്കുകയും ചെയ്തു.[81]
- 1938 മെയ് 28-നും 1939 മെയ് 5-നും ഹംഗറി പാസാക്കിയ വിവിധനിയമങ്ങൾ അനുസരിച്ച് ജൂതന്മാരെ പലജോലികളും ചെയ്യുന്നതിൽ നിന്നും തടഞ്ഞു. 1941 ആഗസ്റ്റിൽ കൂട്ടിച്ചേർത്ത പുതിയ വകുപ്പുപ്രകാരം രണ്ടുജൂതമുത്തച്ഛന്മാർ എങ്കിലും ഉള്ള ഏവരും ജൂതരായി കരുതപ്പെടുമായിരുന്നു. കൂടാതെ ജൂതരും ജൂതരല്ലാത്തവരും തമ്മിലുള്ള ലൈംഗികബന്ധവും വിവാഹങ്ങളും നിരോധിക്കുകയും ചെയ്തു.[82]
- 1940-ൽ റുമേനിയ ഭരിക്കുന്ന അയൺ ഗാർഡ് റുമേനിയയിലെ ജൂതരുടെ പദവി നിർവ്വചിച്ചുകൊണ്ടുള്ള നിയമം പാസാക്കി.[83]
- 1941-ൽ സ്ലൊവാക്യയിൽ നിയമവ്യവസ്ഥകൾ നടപ്പിൽ വരുത്തി.[84]
- 1941-ൽ ബൾഗേറിയ രാഷ്ട്രസംരക്ഷണനിയമം നടപ്പിലാക്കി.[85]
- 1941-ൽ ക്രൊയേഷ്യയിൽ ഉസ്റ്റാഷെ പാസാക്കിയ നിയമപ്രകാരം ആരാണ് ജൂതരെന്നു നിർവചിക്കുകയും അവരോടുള്ള അടുപ്പം പരിമിതപ്പെടുത്തുകയും ചെയ്തു.[86]
- എന്നാൽ ജപ്പാൻ സാമ്രാജ്യം ഇത്തരത്തിൽ ഒരു നിയമവും കൊണ്ടുവന്നില്ല.
കുറിപ്പ്
തിരുത്തുകഹിറ്റ്ലർ തന്നെ ഒപ്പിട്ട ന്യൂറംബർഗ് നിയമങ്ങളുടെ ഒറിജിനൽ 1945-ൽ അമേരിക്കൻ പട്ടാളം കണ്ടെത്തുകയുണ്ടായി. നിയമവിരുദ്ധമായി അതു കൈവശം വച്ച ജനറൽ പാറ്റൻ അതു ലോസ് ആഞ്ചൽസിലെ ഹണ്ടിംഗ്ടൺ ലൈബ്രറിയ്ക്കു നൽകുകയും അതവിടെ ബോംബ് സ്ഫോടനമേൽക്കാത്ത കൂട്ടിൽ സൂക്ഷിക്കുകയും ചെയ്തു. ആഗസ്റ്റ് 2010 മുതൽ അത് വാഷിംഗ്ടണിലെ നാഷണൽ ആർക്കൈവ്സിൽ ഈ പ്രതി സൂക്ഷിച്ചിരിക്കുന്നു.[87][88]
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തു���- ↑ Evans 2003, pp. 170–171.
- ↑ Goldhagen 1996, p. 85.
- ↑ Evans 2003, pp. 179–180.
- ↑ Bullock 1962, p. 121.
- ↑ Kershaw 2008, pp. 148–150.
- ↑ Wildt 2012, pp. 96–97.
- ↑ Shirer 1960, p. 203.
- ↑ Evans 2005, p. 539.
- ↑ 9.0 9.1 9.2 Longerich 2010, p. 40.
- ↑ Schulz & Frercks 1934.
- ↑ Longerich 2010, p. 39.
- ↑ Longerich 2010, pp. 67–69.
- ↑ 13.0 13.1 Shirer 1960, p. 233.
- ↑ Longerich 2010, p. 41.
- ↑ Evans 2005, p. 507.
- ↑ Evans 2005, p. 511.
- ↑ Longerich 2010, p. 49.
- ↑ Hilberg 2003, p. 1070.
- ↑ 19.0 19.1 McGarry 2010, p. 21.
- ↑ Hilberg 2003, pp. 1070–1071.
- ↑ Wolfe 2014, p. 96.
- ↑ Grenville 2002, p. 320.
- ↑ Burleigh & Wippermann 1991, p. 121.
- ↑ USHMM, "Sinti and Roma".
- ↑ Evans 2005, p. 22.
- ↑ 26.0 26.1 Kershaw 2008, p. 340.
- ↑ Kershaw 2008, p. 341.
- ↑ Marrus 2000, pp. 92–93.
- ↑ 29.0 29.1 29.2 Kershaw 2008, p. 342.
- ↑ Longerich 2010, pp. 57–58.
- ↑ 31.0 31.1 31.2 Gordon 1984, p. 122.
- ↑ Kershaw 2008, p. 343.
- ↑ 33.0 33.1 Longerich 2010, p. 59.
- ↑ Friedländer 2009, p. 45.
- ↑ 35.0 35.1 Evans 2005, p. 543.
- ↑ Kershaw 2008, p. 344.
- ↑ Kershaw 2008, pp. 344–345.
- ↑ Kershaw 2008, pp. 345–346.
- ↑ Longerich 2010, p. 60.
- ↑ Mommsen 1989, p. 225.
- ↑ 41.0 41.1 Evans 2005, p. 544.
- ↑ Kershaw 2008, p. 345.
- ↑ Wolfe 2014, p. 94.
- ↑ Burleigh & Wippermann 1991, p. 84.
- ↑ 45.00 45.01 45.02 45.03 45.04 45.05 45.06 45.07 45.08 45.09 US Holocaust Memorial Museum.
- ↑ 46.0 46.1 Nuremberg Laws 1935.
- ↑ Friedländer 2009, p. 49.
- ↑ 48.0 48.1 Mommsen 1989, p. 224.
- ↑ Kershaw 2008, p. 347.
- ↑ 50.0 50.1 50.2 Friedländer 2009, p. 50.
- ↑ Milton 2001, p. 216.
- ↑ Friedländer 2009, p. 52.
- ↑ 53.0 53.1 Evans 2005, p. 547.
- ↑ Ehrenreich 2007, p. 68.
- ↑ Scheil 2012.
- ↑ 56.0 56.1 56.2 Friedländer 2009, p. 51.
- ↑ Longerich 2010, p. 217.
- ↑ 58.0 58.1 58.2 Evans 2005, p. 551.
- ↑ Evans 2005, p. 540.
- ↑ Majer 2003, pp. 331–332.
- ↑ 61.0 61.1 Evans 2005, p. 548.
- ↑ Gordon 1984, p. 180.
- ↑ Gordon 1984, p. 172.
- ↑ Evans 2005, pp. 548, 553.
- ↑ Gellately 1991, p. 105.
- ↑ Friedländer 2009, p. 55.
- ↑ Longerich 2010, pp. 65–66.
- ↑ Longerich 2010, p. 86.
- ↑ Longerich 2010, pp. 64, 66.
- ↑ Longerich 2010, p. 66.
- ↑ Evans 2005, pp. 556–557.
- ↑ Longerich 2010, p. 127.
- ↑ Evans 2005, p. 555.
- ↑ Longerich 2010, p. 67.
- ↑ Friedländer 2009, p. 57.
- ↑ Evans 2005, pp. 560, 601.
- ↑ Longerich 2010, pp. 162–164.
- ↑ Rhodes 2003, pp. 159–160.
- ↑ Evans 2008, p. 318.
- ↑ Hancock 2012, p. 381.
- ↑ Rodogno 2006, p. 65.
- ↑ Frojimovics 2012, pp. 250–251.
- ↑ Fischer 2012, p. 279.
- ↑ Matić 2002, p. 174.
- ↑ Dikovski 2000.
- ↑ Cohen 1999, p. 90.
- ↑ Allen 2010.
- ↑ Bradsher 2010.
സഹായക ഗ്രന്ഥങ്ങൾ
തിരുത്തുക- Allen, Nick (26 August 2010). "Nuremberg Laws handed over to US National Archives". Daily Telegraph. Archived from the original on 2010-09-01. Retrieved 7 March 2015.
{{cite journal}}
: Invalid|ref=harv
(help) - Bradsher, Greg (Winter 2010). "The Nuremberg Laws: Archives Receives Original Nazi Documents That "Legalized" Persecution of Jews". Prologue Magazine. 42 (4). National Archives and Records Administration. Retrieved 7 March 2015.
{{cite journal}}
: Invalid|ref=harv
(help) - Bullock, Alan (1962) [1952]. Hitler: A Study in Tyranny. London: Penguin Books. ISBN 978-0-14-013564-0.
{{cite book}}
: Invalid|ref=harv
(help) - Burleigh, Michael; Wippermann, Wolfgang (1991). The Racial State: Germany 1933–1945. Cambridge; New York: Cambridge University Press. ISBN 978-0-521-39802-2.
{{cite book}}
: Invalid|ref=harv
(help) - Cohen, Philip J. (1999) [1996]. Serbia's Secret War: Propaganda and the Deceit of History. College Station: Texas A&M University Press. ISBN 0-89096-688-5.
{{cite book}}
: Invalid|ref=harv
(help) - Dikovski, Antoinette (19 July 2000). "България само администрираше "новите земи"". Демокрация (in Bulgarian). Archived from the original on 18 July 2011. Retrieved 11 March 2015.
{{cite journal}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Ehrenreich, Eric (2007). The Nazi Ancestral Proof: Genealogy, Racial Science, and the Final Solution. Indiana University Press. ISBN 978-0-253-11687-1.
{{cite book}}
: Invalid|ref=harv
(help) - Evans, Richard J. (2003). The Coming of the Third Reich. New York: Penguin. ISBN 978-0-14-303469-8.
{{cite book}}
: Invalid|ref=harv
(help) - Evans, Richard J. (2005). The Third Reich in Power. New York: Penguin. ISBN 978-0-14-303790-3.
{{cite book}}
: Invalid|ref=harv
(help) - Evans, Richard J. (2008). The Third Reich at War. New York: Penguin. ISBN 978-0-14-311671-4.
{{cite book}}
: Invalid|ref=harv
(help) - Fischer, Ronit (2012) [2011]. "Transnistria: The Holocaust in Romania". In Friedman, Jonathan C (ed.). Routledge History of the Holocaust. Abingdon; New York: Routledge. pp. 277–290. ISBN 978-0-415-52087-4.
{{cite book}}
: Invalid|ref=harv
(help) - Friedländer, Saul (2009). Nazi Germany and the Jews, 1933–1945. New York: HarperCollins. ISBN 978-0-06-1350276.
{{cite book}}
: Invalid|ref=harv
(help) - Frojimovics, Kinga (2012) [2011]. "Special Characteristics of the Holocaust in Hungary, 1938–45". In Friedman, Jonathan C (ed.). Routledge History of the Holocaust. Abingdon; New York: Routledge. pp. 248–263. ISBN 978-0-415-52087-4.
{{cite book}}
: Invalid|ref=harv
(help) - Gellately, Robert (1991). The Gestapo and German Society: Enforcing Racial Policy, 1933–1945. Oxford: Clarendon Press. ISBN 0-19-820297-0.
{{cite book}}
: Invalid|ref=harv
(help) - Goldhagen, Daniel (1996). Hitler's Willing Executioners: Ordinary Germans and the Holocaust. New York: Knopf. ISBN 978-0-679-44695-8.
{{cite book}}
: Invalid|ref=harv
(help) - Gordon, Sarah (1984). Hitler, Germans, and the 'Jewish Question'. Princeton, NJ: Princeton University Press. ISBN 0-691-05412-6.
{{cite book}}
: Invalid|ref=harv
(help) - Grenville, John (2002) [1998]. "Neglected Holocaust victims: the Mischlinge, the Judischversippte, and the Gypsies". In Berenbaum, Michael; Peck, Abraham J. (eds.). The Holocaust and History: The Known, the Unknown, the Disputed, and the Reexamined. Bloomington, IN: Indiana University Press. pp. 314–326. ISBN 0-253-33374-1.
{{cite book}}
: Invalid|ref=harv
(help) - Hancock, Ian (2012). "The Neglected Memory of the Romanies". In Friedman, Jonathan C. (ed.). The Routledge History of the Holocaust. New York: Taylor & Francis. pp. 375–384. ISBN 978-0-415-52087-4.
{{cite book}}
: Invalid|ref=harv
(help) - Hilberg, Raul (2003) [1961]. The Destruction of the European Jews. Vol. III. New Haven; London: Yale University Press. ISBN 978-0-300-09592-0.
{{cite book}}
: Invalid|ref=harv
(help) - Kershaw, Ian (2008). Hitler: A Biography. New York: W. W. Norton & Company. ISBN 978-0-393-06757-6.
{{cite book}}
: Invalid|ref=harv
(help) - Longerich, Peter (2010). Holocaust: The Nazi Persecution and Murder of the Jews. Oxford; New York: Oxford University Press. ISBN 978-0-19-280436-5.
{{cite book}}
: Invalid|ref=harv
(help) - Majer, Diemut (2003). "Non-Germans" under the Third Reich: The Nazi Judicial and Administrative System in Germany and Occupied Eastern Europe, with Special Regard to Occupied Poland, 1939–1945. Baltimore; London: Johns Hopkins University Press. ISBN 0-8018-6493-3.
{{cite book}}
: Invalid|ref=harv
(help) - Marrus, Michael (2000). The Holocaust and History: The Known, the Unknown, the Disputed, and the Reexamined. Toronto: Key Porter.
{{cite book}}
: Invalid|ref=harv
(help) - Matić, Igor-Philip (2002). Edmund Veesenmayer: Agent und Diplomat der nationalsozialistischen Expansionspolitik (in German). München: Oldenbourg Verlag. ISBN 978-3-486-56677-2.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - McGarry, Aidan (2010). Who Speaks for Roma?: Political Representation of a Transnational Minority Community. New York; London: Bloomsbury. ISBN 978-0-8264-2880-6.
{{cite book}}
: Invalid|ref=harv
(help) - Milton, Sybil H. (2001). ""Gypsies" as social outsiders in Nazi Germany". In Gellately, Robert; Stoltzfus, Nathan (eds.). Social Outsiders in Nazi Germany. Princeton: Princeton University Press. ISBN 0-691-08684-2.
{{cite book}}
: Invalid|ref=harv
(help) - Mommsen, Hans (1989). "The Realization of the Unthinkable: The 'Final Solution of the Jewish Question'". In Marrus, Michael (ed.). The "Final Solution": The Implementation of Mass Murder. The Nazi Holocaust, Part 3. Vol. 1. Westport, CT: Meckler. pp. 217–264. ISBN 0-88736-255-9.
{{cite book}}
: Invalid|ref=harv
(help) - "Reichsbürgergesetz und Gesetz zum Schutze des deutschen Blutes und der deutschen Ehre ["Nürnberger Gesetze"]" (in German). Friedrich-Alexander Universität Erlangen-Nürnberg. 14 November 1935.
{{cite web}}
: CS1 maint: unrecognized language (link) - Rhodes, Richard (2003). Masters of Death: The SS-Einsatzgruppen and the Invention of the Holocaust. New York: Vintage. ISBN 978-0-375-70822-0.
{{cite book}}
: Invalid|ref=harv
(help) - Rodogno, David (2006). Fascism's European Empire: Italian Occupation During the Second World War. Cambridge University Press. ISBN 978-0-521-84515-1.
{{cite book}}
: Invalid|ref=harv
(help) - Scheil, Stefan (11 March 2012). "Arier". Junge Freiheit (in German). Retrieved 11 March 2015.
{{cite journal}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Schulz, Edgar Hans; Frercks, Rudolf (1934). Warum Arierparagraph? Ein Beitrag zur Judenfrage [Why the Aryan Law? A Contribution to the Jewish Question] (in German). Berlin: NSDAP Office of Racial Policy. OCLC 802537.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Shirer, William L. (1960). The Rise and Fall of the Third Reich. New York: Simon & Schuster. ISBN 978-0-671-62420-0.
{{cite book}}
: Invalid|ref=harv
(help) - "Sinti and Roma: Victims of the Nazi Era" (PDF). United States Holocaust Memorial Museum. Retrieved 6 September 2016.
- "Translation: Nuremberg Race Laws". Holocaust Encyclopedia. United States Holocaust Memorial Museum. Retrieved 6 March 2015.
- Wildt, Michael (2012). Hitler's Volksgemeinschaftand the Dynamics of Racial Exclusion: Violence Against Jews in Provincial Germany, 1919–1939. Berghahn Books. ISBN 085745322X.
{{cite book}}
: Invalid|ref=harv
(help) - Wolfe, Stephanie (2014). The Politics of Reparations and Apologies. New York: Springer. ISBN 978-1-4614-9184-2.
{{cite book}}
: Invalid|ref=harv
(help)