സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസ് (315)

ഒരു ക്രൈസ്തവ മതനേതൃസമ്മേളനം

കിഴക്കിന്റെ സഭയുടെ ആദ്യത്തെ സൂനഹദോസ് ആയിരുന്നു ക്രി. വ. 315ൽ സെലൂക്യാ-ക്ടെസിഫോണിൽ നടന്ന സൂനഹദോസ്. സസ്സാനിദ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തയ്ക്ക് സഭയിലുള്ള സ്ഥാനവും അധികാരവും സംബന്ധിച്ചുള്ള തർക്കം ആയിരുന്നു ഈ സൂനഹദോസിന്റെ പ്രധാന ചർച്ചാവിഷയം. സെലൂക്യാ-ക്ടെസിഫോൺ പാത്രിയർക്കാസനത്തിന്റെ രൂപീകരണത്തിനും സഭയുടെ ദേശീയവത്കരണത്തിനും നാന്ദി കുറിച്ച സമ്മേളനമായിരുന്നു ഇത്.

സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസ്
കാലഘട്ടംക്രി. വ. 315
അംഗീകരിക്കുന്നത്കിഴക്കിന്റെ സഭ
അടുത്ത സൂനഹദോസ്
സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസ് (410)
അദ്ധ്യക്ഷൻപാപ്പാ ബർ അഗ്ഗായി
ചർച്ചാവിഷയങ്ങൾസെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തയുടെ അധികാരം

കിഴക്കിന്റെ സഭയുടെ ചരിത്രത്തിൽ അതീവ പ്രാധാന്യമർഹിക്കുന്ന ഈ സൂനഹദോസിന്റെ രേഖകൾ ഒന്നും നിലവിലില്ല. 424ലെ മർകബ്താ സൂനഹദോസിന്റെ രേഖകളിൽ നിന്നാണ് പ്രധാനമായും ഈ സൂനഹദോസിനേക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.[1]

ചരിത്രപശ്ചാത്തലം

തിരുത്തുക

റോമാ സാമ്രാജ്യത്തിന് പുറത്ത് രൂപപ്പെട്ട ക്രൈസ്തവ സഭ, പ്രത്യേകിച്ച് പാർഥ്യൻ, സസ്സാനിദ് സാമ്രാജ്യങ്ങളിലെ സഭ, അതിന്റെ ആദ്യ നൂറ്റാണ്ടുകളിൽ വികേന്ദ്രീകൃതമായ സ്വതന്ത്ര സമൂഹങ്ങളായി ആണ് നിലനിന്നത്. സസ്സാനിദ് കാലഘട്ടത്തിൽ സെലൂക്യാ-ക്ടെസിഫോൺ സാമ്രാജ്യ തലസ്ഥാനം ആയതോടെ അവിടത്തെ മെത്രാപ്പോലീത്ത ചക്രവർത്തിയുടെ മുമ്പിൽ സഭയുടെ പ്രതിനിധിയായി. ���തുകൊണ്ട് മറ്റ് ബിഷപ്പുമാർക്കും അദ്ദേഹത്തിന്റെ സഹായവും സഹകരണവും ആവശ്യമായി. ഇത് മറ്റ് ബിഷപ്പുമാരുടെമേൽ സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തയുടെ മേൽക്കോയ്മ ആയി പരിണമിച്ചു. പാപ്പാ ബർ അഗ്ഗായി സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്ത ആയതോടെ ഈ മേൽക്കോയ്മ പൂർണമായും അംഗീകരിക്കാൻ മറ്റ് ബിഷപ്പുമാരുടെമേൽ സമ്മർദ്ദം വർദ്ധിച്ചു. ഇത് സഭയിലെ അധികാരികളുടെ ഇടയിൽ വലിയ തർക്കത്തിന് കാരണമായി. സെലൂക്യാ-ക്ടെസിഫോണിലേതിനേക്കാൾ പുരാതനമായ സഭാസമൂഹങ്ങൾ ഉള്ള പ്രദേശങ്ങളിലെ മേൽപ്പട്ടക്കാർ ഉൾപ്പെടെയുള്ളവർ ഈ തർക്കത്തിൽ പാപ്പയ്ക്കെതിരെ നിലപാടെടുത്തു. പ്രത്യേകിച്ച് സാമ്രാജ്യത്തിന്റെ ഇടക്കാല തലസ്ഥാനമായ സൂസയിലെ മെത്രാപ്പോലീത്ത ആയിരുന്ന മാർ മീലെസ് പാപ്പയുടെ നിലപാടിനെ ശക്തമായി എതിർത്തു. എന്നാൽ ചക്രവർത്തിയുടെ മുമ്പിൽ തലസ്ഥാനത്തെ സഭാമേലദ്ധ്യക്ഷന്റെ സ്ഥാനം സാമ്രാജ്യത്തിലെ സഭയുടെ പൊതുപ്രതിനിധി എന്നനിലയിൽ തുടർന്നു. ഈ സാഹചര്യത്തിൽ സഭാനേതൃത്വത്തെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് 315ൽ സെലൂക്യാ-ക്ടെസിഫോണിൽ സൂനഹദോസ് ചേർന്നത്.[2]

നടപടികൾ

തിരുത്തുക

സസ്സാനിദ് സാമ്രാജ്യതലസ്ഥാനമായ സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തയ്ക്ക് സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയുടെ മുഴുവൻ നേതൃസ്ഥാനം അംഗീകരിച്ച് ലഭിക്കാനും അങ്ങനെ കിഴക്കിന്റെ സഭയ്ക്ക് പൊതുവായ കേന്ദീകൃത ഭരണസംവിധാനം കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് ഈ സൂനഹദോസ് വിളിച്ചുചേർക്കപ്പെട്ടത്. എന്നാൽ ഇത് യാഥാർത്ഥ്യമായില്ല. സൂനഹദോസിൽ സമ്മേളിച്ച മേൽപ്പട്ടക്കാരിൽ ഭൂരിഭാഗം പേരും ഇതിനെ എതിർക്കുകയും പാപ്പാ ബർ അഗ്ഗായിയുടെ അവകാശവാദങ്ങളെ തള്ളിക്കളയും ചെയ്തു. സാമ്രാജ്യത്തിന്റെ പ്രധാന നഗരങ്ങളിൽ ഒന്നായ സൂസയിലെ മെത്രാപ്പോലീത്ത മീലെസ് ആയിരുന്നു അവരുടെ പ്രധാന വാക്താവ്.

ഈ സംഭവത്തെ കുറിച്ച് 424ൽ നടന്ന മർകബ്താ സൂനഹദോസിൽ വെച്ച് ബേഥ് ലാപ്പതിലെ മെത്രാപ്പോലീത്ത മാർ അഗാപീത്തോസ് നൽകിയ വിവരണം ഇപ്രകാരമാണ്:

നീതി സൂനഹദോസിനെ ഉപേക്ഷിച്ചതായി പാപ്പാ കണ്ടപ്പോൾ, സമർത്ഥർക്കും നീതിരഹതർക്കും ഇടയിൽ ഒരുപോലെ അനീതി അഭിവൃദ്ധി പ്രാപിക്കുകയും ഉന്നതരുടെയും തിരഞ്ഞെടുക്കപ്പെട്ടവരുടെയും ഇടയിൽ നിന്ന് സത്യം അകന്നുപോവുകയും ചെയ്തപ്പോൾ, തനിക്കും സൂനഹദോസിനും ഇടയിൽ ന്യായ വിധി ഇല്ലാതിരുന്നപ്പോൾ സുവിശേഷം മദ്ധ്യേ പ്രതിഷ്ഠിച്ചിരിക്കുന്നത് കണ്ട്, അദ്ദേഹം അഭിനിവേശത്തോടെ രോഷാകുലനായി. പാപ്പ കോപത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സുവിശേഷത്തെ പ്രഹരിച്ചുകൊണ്ട് അതിനോട് പറഞ്ഞു സംസാരിക്കൂ! സുവിശേഷമേ സംസാരിക്കൂ! ‘നിങ്ങളെ എന്തിനാണ് നടുവിൽ ന്യായാധിപൻ ആക്കിയത്, സത്യസന്ധരും കളങ്കിതരുമായ മേൽപ്പട്ടക്കാരിൽ നിന്ന് ഒരുപോലെ സത്യം അകന്നുപോകുന്നത് നിരീക്ഷിച്ചിട്ടും നീ ന്യായമായ വിധി പറയാതെ നിശബ്ദത പാലിക്കുന്നു?' എന്ന് പറയുന്നതുപോലെ. എന്നാൽ അദ്ദേഹം തിരുവചനത്തെ അടിച്ച ഉടനെ അദ്ദേഹം പക്ഷാഘാതം ഏറ്റ് തളർന്നു വീണു. മേൽപ്പട്ടക്കാരുടെ സൂനഹദോസ് ഇത് കണ്ടപ്പോൾ, അവർ മാർ പാപ്പയ്‌ക്കെതിരെ ധിക്കാരികളായ മേൽപ്പട്ടക്കാർ എഴുതിയ അനീതി, അടിച്ചമർത്തൽ, വിശ്വാസവഞ്ചന എന്നിവയുടെ എല്ലാ വാദങ്ങളും ആരോപണങ്ങളും വിശ്വസിക്കുകയും ഉടൻ തന്നെ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അർക്കദിയാക്കോനായ ശെമയോൻ ബർ സമ്പായെ അദ്ദേഹത്തിന് പകരം മേൽപ്പട്ടക്കാരനായി നിയമിച്ചു.[3]

സൂനഹദോസിൽ പാപ്പയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ അടക്കം തീരുമാനം ഉണ്ടാവുകയും പകരം സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തയായി പാപ്പയുടെ അർക്കദിയാക്കോൻ ശിമെയോൻ ബർ സമ്പായെ നിയോഗിക്കുകയും ചെയ്തു. ഇതിൽ തികച്ചും അസംതൃപ്തനായ പാപ്പ പടിഞ്ഞാറിന്റെ സഭയിലെ (അഥവാ റോമാ സാമ്രാജ്യത്തിലെ സഭയിലെ) നേതാക്കന്മാരുടെ ഇടപെടലും പിന്തുണയും ആവശ്യപ്പെട്ട് കത്തുകൾ എഴുതി. പ്രധാനമായും എദേസ്സയിലെ മെത്രാപ്പോലീത്തയുടെ ഇടപെടലാണ് അദ്ദേഹം തേടിയത്. പടിഞ്ഞാറൻ സഭാ നേതാക്കൾ പാപ്പയെ പിന്തുണച്ചു. ഇതോടെ സ്ഥാനഭൃഷ്ടനാക്കപ്പെടുന്നത് തടയാൻ പാപ്പയ്ക്ക് സാധിച്ചു. എദേസ്സയിലെ സഭയ്ക്ക് കിഴക്കിന്റെ സഭയിൽ അക്കാലത്ത് ഉണ്ടായിരുന്ന വലിയ ആദരവിന്റെയും സ്വീകാര്യതയുടെയും തെളിവായി ഈ സംഭവം. സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തയുടെ അധികാരം ക്രമേണ സഭയിൽ അംഗീകരിക്കപ്പെട്ടു തുടങ്ങുകയും 410ലെ സൂനഹദോസ് ആയപ്പോഴേക്കും വ്യവസ്ഥാപിതമായി അംഗീകരിക്കപ്പെടുകയും ചെയ്തു.[4]

സ്രോതസ്സുകൾ

തിരുത്തുക
  • അറവക്കൽ, റോസ്ലിൻ (2014). The Historical Evolution of the Patriarchate In the Church of The East Over Its First Four National Synods. Asian Horizons.
  • Rienzo, N. Di (2017). Resemanticizing Memory: the Conflict between Papa bar Aggai and Miles of Susa from the Perspective of the catholicos of Seleucia. Cristianesimo nella Storia. Vol. 38(3). pp. 637–654. doi:10.17395/88831.