വടക്ക്-പടിഞ്ഞാറൻ മെസപ്പൊട്ടാമിയയിലെ ഒരു പുരാതന നഗരമാണ് എദേസ്സ (/ɪˈdɛsə/; ഗ്രീക്ക്: Ἔδεσσα). ഒറഹായെന്നും ഈ നഗരം അറിയപ്പെടുന്നു (സുറിയാനി: ܐܘܪܗܝ). യവന കാലഘട്ടത്തിൽ സെലൂസിഡ് സാമ്രാജ്യത്തിന്റെ സ്ഥാപകനായ സെലൂക്കസ് നിക്കേറ്റർ (ക്രി. മു. 305-281) രാജാവ് സ്ഥാപിച്ചതാണീ നഗരം. പിന്നീട് ഇത് ഓസ്‌റോയിൻ രാജ്യത്തിന്റെ തലസ്ഥാനമായി മാറി. റോമൻ പ്രവിശ്യയായ ഓസ്‌റോയിന്റെ തലസ്ഥാനമായി പിന്നീട് തുടർന്നു. പുരാതന കാലഘട്ടത്തിൽ, ഇത് ക്രിസ്തീയതയുടെ ഒരു പ്രധാന ദൈവശാസ്ത്രകേന്ദ്രമായും മാറി. ക്രിസ്തീയ സഭാപരമ്പര്യങ്ങളിൽ പ്രമുഖമായ എദേസ്സൻ സഭാപാരമ്പര്യം പ്രാഥമികവികാസം പ്രാപിച്ചത് ഇവിടെയാണ്. കൂടാതെ സുറിയാനിഭാഷയുടെ പിള്ളത്തൊട്ടിലായും എദേസ്സ അറിയപ്പെടുന്നു. സുറിയാനി ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസത്തിന് എദേസ്സ വഹിച്ച പങ്ക് വളരെ വലുതാണ്. ചരിത്രപരമായ കിഴക്കിന്റെ സഭ രൂപമെടുത്തതും എദേസ്സയിലാണ്. എദേസ്സയിലെ വേദശാസ്ത്രകേന്ദ്രം ക്രിസ്തീയചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിക്കുന്നു. പിൽക്കാലത്ത് ഇത് റാഷിദുൻ ഖിലാഫത്തിന്റെ നിയന്ത്രണത്തിൽ എത്തി. കുരിശുയുദ്ധകാലത്ത്, എദേസ്സ കൗണ്ടിയുടെ തലസ്ഥാനമായിരുന്നു ഈ നഗരം.

എദേസ്സയും വടക്കൻ മെസപ്പൊട്ടാമിയ മേഖലയും, ക്രി. വ ഒന്നാം നൂറ്റാണ്ട്

യൂഫ്രട്ടീസ് നദിയുടെ പോഷകനദികളിൽ ഒന്നായ ഖാബൂറിന്റെ പോഷകനദിയായ ഡെയ്‌സൻ നദിയുടെ (ലത്തീൻ: Scirtus; തുർക്കിഷ്: Kara Koyun) തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

വിശദവിവരങ്ങൾ

തിരുത്തുക

പുരാതന എദേസ്സാനഗരം തുർക്കിയിലെ സാൻലൂർഫ പ്രവിശ്യയിലെ ആധുനിക ഉർഫയുടെ മുൻഗാമിയാണ് (തുർക്കിഷ്: Şanlıurfa; കുർദിഷ്: Riha; അറബി: الرُّهَا; Armenian: Ուռհա). നഗരത്തിന്റെ ആധുനികനാമങ്ങൾ ഉരുത്തിരിഞ്ഞിരിക്കുന്നത് സെലൂക്കസ് നിക്കേറ്റർ സ്ഥലത്ത് ആവാസകേന്ദ്രം പുനഃസ്ഥാപിക്കുന്നതിനുമുമ്പുള്ള സ്ഥലത്തിന്റെ അരമായ ഭാഷയിലെ ഒർ‌ഹായ് അല്ലെങ്കിൽ‌ ഉർ‌ഹോയ് (സുറിയാനി: ܐܘܪܗܝ) എന്ന പഴയ പേരിൽ നിന്നുമാണ്. സെലൂസിഡ്-പാർത്തിയൻ യുദ്ധങ്ങളിൽ സെല്യൂസിഡുകൾ പരാജയപ്പെട്ടശേഷം ശേഷം, എദേസ്സ ഓസ്‌റോയിൻ രാജ്യത്തിന്റെ തലസ്ഥാനമായി. സമ്മിശ്ര യവന-സെമിറ്റിക് നാഗരികതയാണ് അപ്പോൾ എദേസ്സയിൽ നിലനിന്നത്. ഓസ്‌റോയിൻ എന്ന പേരിന്റെ ഉത്ഭവം ഒരുപക്ഷേ ഒറഹായുമായി ബന്ധപ്പെട്ടതാകാം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ക്രി.മു. 69 മുതൽ റോമൻ റിപ്പബ്ലിക് ഓസ്‌റോയിൻ രാജ്യത്തിനും തലസ്ഥാനമായ എഡെസ്സയ്ക്കും മേൽ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ തുടങ്ങി. കി. വ. 243 അല്ലെങ്കിൽ 248 വരെ ഓസ്‌റോയിനിൽ പ്രാദേശിക രാജാക്കന്മാർ തുടർന്നെങ്കിലും 212ലോ അല്ലെങ്കിൽ 213ലോ ഇത് ഒരു റോമൻ പ്രവിശ്യയായി മാറി. ഇക്കാലഘട്ടത്തിലാണ് പൗരാണികമായ കിഴക്കിന്റെ സഭയുടെ കേന്ദ്രം എദേസ്സയിൽനിന്ന് സെലൂക്യാ-ടെസിഫോണിലേക്ക് മാറാൻ ആരംഭിക്കുന്നത്. അതിനുമുമ്പ്, സസാനിയൻ സാമ്രാജ്യവുമായുള്ള റോമൻ-പേർഷ്യൻ അതിർത്തിയിലെ ഒരു പ്രധാന നഗരമായിരുന്നു എദേസ്സ. ഷാപോർ ഒന്നാമന്റെ (ക്രി. വ. 240-270) റോമൻ പ്രദേശത്തേക്കുള്ള മൂന്നാമത്തെ ആക്രമണത്തെ ചെറുത്തെങ്കിലും 260 ലെ എദേസ്സായുദ്ധത്തിൽ ഷാപോർ റോമൻ ചക്രവർത്തിയായ വലേറിയനെ (ക്രി. വ. 253-260) പരാജയപ്പെടുത്തുകയും ജീവനോടെ പിടികൂടുകയും ചെയ്തു. ഇത് റോമൻ ഭരണകൂടത്തിനേറ്റ അഭൂതപൂർവമായ ദുരന്തമായിരുന്നു. റോമൻ പ്രവിശ്യയായ ഓസ്‌റോയിന്റെ തലസ്ഥാനമായിട്ടാണ് എദേസ്സയെ പുരാതനരേഖയായ ലത്തീൻ: Laterculus Veronensis (ലാറ്റെർകുലസ് വെറോനെൻസിസ്) വിളിക്കുന്നത്. റോമൻ സൈനികനും ലത്തീൻ ചരിത്രകാരനുമായ അമ്മിയാനസ് മാർസെല്ലിനസ് നഗരത്തിന്റെ ശക്തമായ കോട്ടകളെക്കുറിച്ചും 359 ൽ ഷാപോർ രണ്ടാമന്റെ (ക്രി. വ. 309-379) ആക്രമണത്തെ എങ്ങനെ നഗരം വിജയകരമായി പ്രതിരോധിച്ചുവെന്നും വിവരിക്കുന്നുണ്ട്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

യവന, അരാമായ (സുറിയാനി) ദൈവശാസ്ത്ര-ദാർശനിക ചിന്തകളുടെ കേന്ദ്രമായിരുന്നു ഈ നഗരം പ്രശസ്തമായ എദേസ്സൻ ദൈവശാസ്ത്രകേന്ദ്രത്തിന്റെ ആസ്ഥാനമായി. 609ൽ നടന്നുവെന്ന് ഗ്രീക്ക് Chronicon Paschale (ക്രോണിക്കോൺ പാസ്ചേൽ) രേഖപ്പെടുത്തിയിട്ടുള്ള 602-628 ലെ ബൈസാന്തിയൻ-സസാനിയൻ യുദ്ധത്തിൽ പേർഷ്യക്കാർ പിടിച്ചെടുക്കുന്നതുവരെ എദേസ്സ റോമൻ നിയന്ത്രണത്തിൽ തുടർന്നു. ബൈസാന്തിയൻ-സസാനിയൻ യുദ്ധത്തിൽ ഹെറാക്ലിയസ് (ക്രി. വ. 610-641) 627ലും 628ലും നേടിയ വിജയങ്ങളേത്തുടർന്ന് ബൈസാന്തിയൻ നിയന്ത്രണം ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും 638-ലെ ഇസ്ലാമിക ഖിലാഫത്ത് യുദ്ധകാലത്ത് റാഷിദുൻ ഖിലാഫത്ത് എദേസ്സ കീഴടക്കി. പിന്നീട് 1031ൽ നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് ബൈസാന്ത്യൻ സാമ്രാജ്യം എദേസ്സ തിരിച്ചുപിടിച്ചത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

"https://ml.wikipedia.org/w/index.php?title=എദേസ്സ&oldid=3902002" എന്ന താളിൽനിന്ന് ശേഖരിച്ചത്