കേരളത്തിലെ പ്രശസ്തനായ വാദ്യകലാകാരനാണ് മട്ടന്നൂർ ശങ്കരൻകുട്ടി. തായമ്പകയിലൂടെയാണ് ഇദ്ദേഹത്തിന് കൂടുതൽ പ്രശസ്തിയെങ്കിലും ഇതിനു പുറമേ മറ്റു ചെണ്ടമേളങ്ങളിലും പഞ്ചവാദ്യത്തിലും അതീവനിപുണനാണ്.

മട്ടന്നൂർ ശങ്കരൻ‌കുട്ടി മാരാർ, 2010ലെ തൃശ്ശൂർപൂരത്തിൽ നിന്ന് ഒരു ചിത്രം.

വാദ്യകലയിലെ മികവിന്റെ അംഗീകാരമായി 2009-ൽ ഭാരതസർക്കാറിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1] ഇതിനുപുറമേ കേരള സംഗീതനാടക അക്കാദമി, കേരള കലാമണ്ഡലം, കേന്ദ്ര സംഗീത നാടക അക്കാദമി[2] എന്നിവയുടേയും പുരസ്കാരങ്ങൾ മട്ടന്നൂർ ശങ്കരൻകുട്ടിക്ക് ലഭിച്ചിട്ടുണ്ട്.[3] കേരളത്തിലെ വാദ്യമേളക്കാരുടെ ഉന്നതസ്ഥാനമായി കണക്കാക്കുന്ന തൃശ്ശൂർ പൂരത്തിൽ, എട്ടുവർഷം തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണക്കാരനായിരുന്നു. നിലവിൽ കേരള സംഗീത നാടക അക്കാദമി ചെയർമാനാണ്.

ആദ്യകാലം

തിരുത്തുക

1954 ഓഗസ്റ്റ് 25-ന് ചിങ്ങമാസത്തിലെ പുണർതം നക്ഷത്രത്തിൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലാണ് ശങ്കരൻകുട്ടി ജനിച്ചത്. വാദ്യകലാകാരനും മട്ടന്നൂർ സഹകരണ ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന കുഞ്ഞികൃഷ്ണമാരാരും കാർത്ത്യായനി മാരസ്യാരുമായിരുന്നു മാതാപിതാക്കൾ. കുഞ്ഞികൃഷ്ണമാരാരുടെയും കാർത്ത്യായനി മാരസ്യാരുടെയും ആറുമക്കളിൽ മൂന്നാമനും ആണ്മക്കളിൽ മൂത്തവനുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പൂർവികന്മാർ മട്ടന്നൂർ ക്ഷേത്രത്തിലെ ചെണ്ടക്കാരായിരുന്നു.

സോപാനസംഗീതത്തിന്റെയും ക്ഷേത്രാരാധനകളുടെയും അന്തരീക്ഷത്തിലാണ് മട്ടന്നൂർ ശങ്കരൻ കുട്ടി വളർന്നത്. വീട്ടിൽ നിന്നു തന്നെ അദ്ദേഹം ബാല്യത്തിലേ ചെണ്ടയും ഇടയ്ക്കയും അഭ്യസിച്ചു. പിന്നീട് പേരൂർ ഗാന്ധി സേവാ സദനത്തിൽ നിന്ന് അദ്ദേഹം കഥകളി ചെണ്ടയിൽ പാഠങ്ങൾ അഭ്യസിച്ചു. ഈ വിദ്യാലയത്തിലെ ഗുരുക്കളായിരുന്ന പല്ലശ്ശന ചന്ദ്ര മന്നടിയാരിൽ നിന്നും സദനം വാസുവിൽ നിന്നുമായിരുന്നു അദ്ദേഹം തായമ്പകയും കഥകളി ചെണ്ടയും പഠിച്ചത്. തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ അടിയന്തരക്കാരനായിരുന്ന പട്ടരാത്ത് ശങ്കരമാരാരിൽ നിന്നും അദ്ദേഹം ഇടക്കയും അഭ്യസിച്ചു. സദനത്തിൽ നിന്ന് കഥകളി ചെണ്ടയിൽ ഡിസ്റ്റിംഗ്ഷനോടെ പഠനം പൂർത്തിയാക്കുമ്പോൾ അദ്ദേഹം തായമ്പക, കഥകളി ചെണ്ട, എന്നിവയ്ക്കു പുറമേ സോപാന സംഗീതം, പാണി എന്നിവയിലും നിപുണനായി മാറിയിരുന്നു[അവലംബം ആവശ്യമാണ്].

മോഹൻലാലിനെ നായകനാക്കി ഷാജി എൻ. കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം (ചലച്ചിത്രം) എന്ന മലയാളം ചലച്ചിത്രത്തിൽ അഭിനയി��്കുകയുണ്ടായി

വെള്ളിനേഴി ഗവ.ഹൈസ്ക്കൂളിൽ കഥകളി വിഭാഗം ചെണ്ട അദ്ധ്യാപകനായും ഇദ്ദേഹം ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷവും വെള്ളിനേഴിയിൽ തന്നെയാണ് താമസിച്ചുവരുന്നത്.

മലപ്പുറം ജില്ലയിലെ താനൂർ വടക്കേ മാരാത്ത് കുടുംബാംഗമായ ഭാരതിയാണ് ശങ്കരൻകുട്ടിയുടെ ഭാര്യ. 1977-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ശ്രീകാന്ത്, ശ്രീരാജ് എന്നീ രണ്ട് ആണ്മക്കളും ശരണ്യ എന്നൊരു മകളുമുണ്ട്. മൂന്ന് മക്കളും വിവാഹിതരാണ്. ശ്രീകാന്തും ശ്രീരാജും പ്രസിദ്ധരായ ചെണ്ട കലാകാരന്മാർ കൂടിയാണ്. അച്ഛനും മക്കളും ചേർന്നുള്ള ട്രിപ്പിൾ തായമ്പകകൾ ശ്രദ്ധേയമാണ്.

തായമ്പകക്കാരൻ

തിരുത്തുക

ഒരു തായമ്പക വാദ്യക്കാരനായി ഉള്ള ശങ്കരൻ കുട്ടിയുടെ തുടക്കം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ആലിപ്പറമ്പിൽ ശിവരാമപ്പൊതുവാൾ, പല്ലാവൂർ അപ്പുമാരാർ എന്നീ ഇരട്ടത്തായമ്പകക്കാരുടെ പങ്കാളിയായതോടെ കേരളത്തിലെ സാംസ്കാരികലോകം ശങ്കരൻകുട്ടിയെ ശ്രദ്ധിച്ചു തുടങ്ങി.[3]

യുവാവായിരിക്കെത്തന്നെ ഏറ്റവും കഴിവുറ്റ തായമ്പകക്കാരനായി പേരെടുത്തു. താളസ്ഥിതി, സാധകം, ശബ്ദഭംഗി, കാലപ്രമാണം, ഭാവം, സംഗീതം എന്നിങ്ങനെ വാദ്യകലാകാരന് വേണ്ട സിദ്ധികൾ മട്ടന്നൂരിൽ സജ്ജമാണ്. പഴമ നിലനിർത്തിക്കൊണ്ടുതന്നെ ട്രിപ്പിൾ തായമ്പകയിൽ സ്വന്തമായി ശൈലിയുണ്ടാക്കി. പഞ്ചാരി, പഞ്ചവാദ്യം, വാദ്യമഞ്ജരി, ശ്രുതി മേളം എന്നീ പരീക്ഷണ സമ്പ്രദായങ്ങൾക്ക് നേതൃത്വം നല്കി. പാണ്ടിമേളവും പഞ്ചാരിയും കഥകളിമേളവും പ്രയോഗിച്ചു ഫലിപ്പിക്കാനും നവീനാർത്ഥതലങ്ങൾ വിന്യസിപ്പിക്കാനും മട്ടന്നൂരിന് സാധിച്ചു.[അവലംബം ആവശ്യമാണ്]

പരീക്ഷണങ്ങൾ

തിരുത്തുക
 
മട്ടന്നൂർ ശങ്കരൻ കുട്ടിയും മക്കളും അവതരിപ്പിച്ച ട്രിപ്പിൾ തായമ്പക

ഇന്ത്യയിലെമ്പാടും സഞ്ചരിച്ച് ചെണ്ടമേളങ്ങൾ നടത്തുകയും കിഴക്കിന്റെയും പടിഞ്ഞാറിന്റെയും വാദ്യസംഗീതങ്ങൾ കേൾക്കുകയും ചെയ്ത ശങ്കരൻകുട്ടി ചെണ്ടവായനയിൽ കാലാനുസൃതമായ മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തുന്നതിൽ താല്പര്യം കാണിച്ചു. ഫ്യുഷൻ മ്യൂസിക്കിൽ പങ്കെടുത്ത് പാശ്ചാത്യ-പൗരസ്ത്യവാദ്യങ്ങളുമായി ചെണ്ടവാദ്യത്തെ ഇണക്കി. കേരളീയവാദ്യമായ ചെണ്ടക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്ത ഇദ്ദേഹം നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചു. മട്ടന്നൂരിന്റെ തായമ്പക ചെണ്ടയുടെ പാരമ്പര്യമായുള്ള മേളങ്ങളിൽ നിന്നും വ്യതിചലിച്ചവയായിരുന്നു. ഇവ ഒരേ സമയം പ്രശംസയ്ക്കും വിമർശനത്തിനും വഴിവച്ചിട്ടുണ്ട്.

പരമ്പരാഗതമായ പഞ്ചവാദ്യത്തെ അടന്തതാളത്തിനു പകരം പഞ്ചാരിയിൽ ചിട്ടപ്പെടുത്തിയും മട്ടന്നൂർ പരീക്ഷണം നടത്തിയിട്ടുണ്ട്.[3] പഞ്ചാരി പഞ്ചവാദ്യം എന്നാണിതറിയപ്പെടുന്നത്.

പ്രശസ്ത മൃദംഗം വായനക്കാരനായ ഉമയാൾപുരം ശിവരാമനുമൊത്ത് പലതവണ ജുഗൽബന്ദികളും മട്ടന്നൂർ ശങ്കരൻ കുട്ടി നടത്തിയിട്ടുണ്ട്. ഇവ വളരെ ജനപ്രിയമാണ്.

തൃശൂർ പൂരത്തിൽ

തിരുത്തുക
 
പത്മശ്രീ ബഹുമതി ലഭിച്ചതിനുശേഷം ആദ്യം നടന്ന ട്രിപ്പിൾ തായമ്പകയിൽനിന്ന് (കുട്ടങ്ങുളങ്ങര ക്ഷേത്രം,പൂങ്കുന്നം,ത്യശ്ശൂർ)

30 വർഷത്തോളം തൃശൂർ പൂരത്തിന്റെ മേളസംഘത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടി പങ്കാളിയായിരുന്നിട്ടുണ്ട്. 2003 മുതൽ തിരുവമ്പാടി വിഭാത്തിന്റെ പ്രമാണക്കാരനായിരുന്നു. എട്ടു വർഷങ്ങൾക്കു ശേഷം 2011-ൽ പ്രമാണസ്ഥാനത്തുനിന്ന് ഒഴിഞ്ഞു.[4]. ആ സ്ഥാനം കിഴക്കൂട്ട്‌ അനിയൻ മാരാർക്ക്‌ നൽകപ്പെട്ടു.

1999-ൽ പുറത്തിറങ്ങിയ വാനപ്രസ്ഥം എന്ന മലയാള ചലച്ചിത്രത്തിൽ ഇദേഹം ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്. രാമൻ എന്ന പക്കമേളക്കാരന്റെ വേഷം അദ്ദേഹം അവതരിപ്പിച്ചു.

  1. http://pib.nic.in/release/release.asp?relid=46983
  2. "Ilayaraja gets Sangeet Natak Akademi award". the hindu. December 24, 2012. Retrieved 2013 ഓഗസ്റ്റ് 12. {{cite news}}: Check date values in: |accessdate= (help)
  3. 3.0 3.1 3.2 വി. കലാധരൻ (2005 നവംബർ 4). "Heir to a proud musical legacy". ദ ഹിന്ദു (in ഇംഗ്ലീഷ്). Archived from the original (html) on 2007-07-12. Retrieved 24 സെപ്റ്റംബർ 2011. {{cite news}}: Check date values in: |date= (help)
  4. http://www.thehindu.com/todays-paper/tp-national/tp-kerala/article1763365.ece