കണ്ണൂർ ജില്ല
കണ്ണൂർ ജില്ല | |
അപരനാമം: തറികളുടേയും തിറകളുടേയും നാട് | |
11°52′08″N 75°21′20″E / 11.8689°N 75.35546°E | |
{{{ബാഹ്യ ഭൂപടം}}} | |
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | ജില്ലാ പഞ്ചായത്ത് ജില്ലാ കലക്ട്രേറ്റ് |
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ കലക്ടർ |
പി.പി. ദിവ്യ[1] എസ്. ചന്ദ്രശേഖർ[2] |
വിസ്തീർണ്ണം | 2,996ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ (2011) പുരുഷൻമാർ സ്ത്രീകൾ സ്ത്രീ പുരുഷ അനുപാതം |
25,25,637 [3] 11,84,012 [3] 13,41,625[3] 1133 |
ജനസാന്ദ്രത | 852/ച.കി.മീ |
സാക്ഷരത | 95.41 [3] % |
കോഡുകൾ • തപാൽ • ടെലിഫോൺ |
670-xxx +91-497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | സെന്റ് ആഞ്ജലോ കോട്ട• തലശ്ശേരി കോട്ട• മുഴപ്പിലങ്ങാട് ബീച്ച്• പയ്യാമ്പലം• ഏഴിമല• മലയാള കലാഗ്രാമം• പഴശ്ശി അണക്കെട്ട്• പൈതൽ മല• ഗുണ്ടർട്ട് ബംഗ്ലാവ്• പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം• മാപ്പിള ബേ• കൊട്ടിയൂർ•മീൻകുന്ന് കടപ്പുറം• ധർമ്മടം തുരുത്ത് |
കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂർ ജില്ലയിൽ ആണ്. കണ്ണൂർ കണ്ണന്നൂർ, കണ്ണനൂർ, കേനന്നൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. തറികളുടെയും തിറകളുടെയും നാട് എന്നാണു കണ്ണൂർ അറിയപ്പെടുന്നത്
പേരിനുപിന്നിൽ
തിരുത്തുകകാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമമാണ് പിന്നീട് കണ്ണൂർ എന്ന പേരിൽ അറിയപ്പെട്ടതെന്നാണ് ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.[4] ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറൻ തീര തുറമുഖങ്ങളെ പരാമർശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം പതിനാലാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ഫ്രിയർ ജോർഡാനസ് ആണ് കാനനൂർ എന്ന് ആദ്യം രേഖപ്പെടുത്തിയത്.
ചരിത്രം
തിരുത്തുകഭാഷയുടെയും ഭൂഘടനയുടെയും അടിസ്ഥാനത്തിലുള്ള അതിർവരമ്പുകൾ ആവിർഭവിക്കുന്നതിനും ഏറെ മുമ്പു തന്നെ പുരാതന തമിഴകത്തിലെ ഒരു പ്രധാന ആവാസകേന്ദ്രമായി ഇപ്പോഴത്തെ കണ്ണൂർ അറിയപ്പെട്ടിരുന്നു. വടക്ക് വെങ്കിട മലനിരകൾ മുതൽ തെക്ക് കന്യാകുമാരി വരെ ഇരു കടലുകളും അതിർത്തി തീർക്കുന്ന വിശാലമായ ഭൂപ്രദേശമാണ് പുരാതന തമിഴകം.
1819- ൽ ജെ.ബബിങ്ങ്ടൺ, പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിലുള്ള 'ബംങ്കാള മൊട്ടപ്പറമ്പിൽ' നിന്നും ആദ്യമായി മഹാശിലായുഗ കാലത്തെ രണ്ട് കല്ലറ കണ്ടെത്തുകയുണ്ടായി. ഇതിനെ ആസ്പദമാക്കി അദ്ദേഹം 1823- ൽ 'മലബാറിലെ പാണ്ഡൂകൂലികളെക്കുറിച്ചുള്ള വിവരണം'(Discription of the pandoo coolies in malabar) എന്നൊരു ലേഖനം, ബോംബെ ആസ്ഥാനമായുള്ള ലിറ്ററി സൊസൈറ്റിയുടെ ഒരു വാരികയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ബബിങ്ങ്ടനെത്തുടർന്ന് വില്യം ലോഗൻ, എ.റിയ, എ.അയ്യപ്പൻ, എം.ഡി.രാഘവൻ തുടങ്ങിയവരും ഈ വിഷയത്തിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്. [5] കണ്ണൂർ ജില്ലയിലെ ചെറുകുന്ന്,മാതമംഗലം, പെരിങ്ങോം, കല്ല്യാട്, കരിവെള്ളൂർ, കാവായി, വെള്ളൂർ, കുറ്റ്യാട്ടൂർ, മലപ്പട്ടം, തൃച്ഛംബരം, നടുവിൽ, തളിപ്പറമ്പ്, ആലക്കോട്, വായാട്ടുപറമ്പ്, തലവിൽ, ഇരിക്കൂർ,പുത്തൂർ, മാങ്ങാട്, നടുവപ്പുറം, ചിറ്റാരിപ്പറമ്പ്, കുഞ്ഞിമംഗലം, കാഞ്ഞിലേരി, ചെടിക്കുളം, കരപ്പാറ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടികൾ, മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പലതരം ശവക്കല്ലറകൾ കിട്ടിയിട്ടുണ്ട്[5]
കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പല വലിപ്പത്തിലും രൂപങ്ങളിലുമുള്ള മൺപാത്രങ്ങൾ, നാലുകാലുകളുള്ള ചിത്രപ്പണികളോടു കൂടിയ ജാറുകൾ, ഇരുമ്പു കൊണ്ടുണ്ടാക്കിയ കുന്തങ്ങൾ, തൃശൂലാകൃതിയിലുള്ള ആയുധങ്ങൾ, അരിവാളുകൾ, കത്തികൾ, ഉളികൾ, ചാട്ടുളികൾ, മണികൾ തുടങ്ങിയവയും വെങ്കല നിർമ്മിതമായ കൊത്തുപണികളുള്ള ചെറിയ പാത്രങ്ങൾ,മുത്തുമണികൾ, അസ്തികൾ തുടങ്ങിയവയുമാണ് കല്ലറകളിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ആയുധങ്ങളുടെ വൈവിധ്യം ശ്രദ്ധേയമാണ്. ഇരുമ്പായുധങ്ങൾ അവരുടെ ജീവിതത്തിൽ നിർണായകമായ പങ്കുവഹിച്ചിരുന്നവെന്ന് അനുമാനിക്കാം. ആയുധ നിർമ്മാണത്തിലുള്ള അവരുടെ വൈദഗ്ദ്ധ്യം എടുത്തുപറയത്തക്കതാണ്. കാർഷികാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വളരെ പരിമിതവും പ്രാകൃതവുമായിരുന്നു. അതേ സമയം വേട്ടയാടലിന് ഉപയുക്തമാകുന്ന ആയുധങ്ങളാകട്ടെ, വളരെ വൈവിധ്യമാർന്നവയും വ്യത്യസ്ത ഉപയോഗങ്ങൾ സൂചിപ്പിക്കുന്നവയും എണ്ണത്തിൽ കൂടുതലും ആയിരുന്നു. ഈ കാലഘട്ടത്തിൽ മനുഷ്യരുടെ മുഖ്യ ഉപജവ്രന മാർഗ്ഗം മൃഗങ്ങളെ വേട്ടയാടിപ്പിടിക്കലായിരുന്നുവെന്ന് നിസ്സംശയം പറയാം. വെങ്കല ഉപകരണങ്ങളും പാത്രങ്ങളും ഒരു പക്ഷെ മറ്റ് എവിടെ നിന്നെങ്കിലും കൊണ്ടു വന്നതാകാം.[5]
പ്ലിനി (എഡി.147) ടോളമി (സി.140 എ.ഡി.) തുടങ്ങിയ ആദ്യകാല ഗ്രീക്ക്-റോമൻ സഞ്ചാരികൾ ആധുനിക കണ്ണൂരിന്റെ ആദ്യകാലത്തെക്കുറിച്ച് വളരെ വിശദമായി അവരുടെ യാത്രവിവരണങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. മുഖ്യമായും വർണ്ണിച്ചിരിക്കുന്നത് സമകാലിക വ്യാപാരങ്ങളെക്കുറിച്ചാണ്. പ്രധാനപ്പെട്ട തുറമുഖങ്ങൾ, കച്ചവട ക്ന്ദങ്ങൾ, ചന്തകൾ, പ്രധാന കയറ്റുമതി-ഇറക്കുമതി സാമഗ്രികൾ, അന്നത്തെ രാഷ്ട്രീയ- സാമൂഹ്യക്രമസാഹചര്യങ്ങൾ എന്നിവയും വർണിച്ചിട്ടുണ്ട്. കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, ചന്ദനം, ആനക്കൊമ്പ്, വെറ്റില തുടങ്ങിയ വനവിഭവങ്ങളും വൈരക്കല്ലുകളുമായിരുന്നു കയറ്റുമതി വസ്തുക്കളിൽപ്രധാനം. തുണിത്തരങ്ങൾ, റോമൻ വൈൻ, സ്വർണ്ണ-വെള്ളി നാണയങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്തു. ധമരിക(ധമലിക അഥവാ തമിഴകം) യിലെ പ്രധാന കച്ചവട കേന്ദ്രങ്ങളാണ് നൗറയും ടിന്റിസും മുസിരിസും നെൽസിഡയും എന്ന് 'പെരിപ്ലസ് ഓഫ് എറിത്രിയൻ സീ (സി.എ.ഡി.70) സാക്ഷ്യപ്പെടുത്തുന്നു[5] ചരിത്രകാരന്മാർ പൊതുവിൽ അഭിപ്രായപെടുന്നത് 'നൗറ' വടക്കെ മലബാറിലെ കണ്ണൂർ എന്ന സ്ഥലമാണെന്നാണ്. ഡോ: ബാർണൽ, ഈ വ്യാപാര കേന്ദ്രങ്ങൾ കണ്ണൂരും തലശ്ശേരിയുമാണെന്ന് സമർത്ഥിക്കുന്നു. മേൽ പ്രസ്താവിച്ച പരാമർശങ്ങളിൽ നിന്നും നൗറ വളരെ തിരക്കേറിയ ഒരു തുറമുഖ നഗരമായിരുന്നെന്നും ധാരാളം യവനന്മാർ കച്ചവടത്തിനും മറ്റു പല ആവശ്യങ്ങൾക്കും ഈ പ്രദേശത്ത് എത്തിയിരുന്നുവെന്നും അനുമാനിക്കാം. ഈ അനുമാനങ്ങൾക്ക് ഉപോത്ബലകമാകുന്ന ധാരാളം തെളിവുകൾ നമുക്കു ലഭിച്ചിട്ടുണ്ട്. കണ്ണൂരിന്റെ പല ഭാഗങ്ങളിൽ നിന്നുമായി വിവിധ തരത്തിലുള്ള റോമൻ നാണയങ്ങളും 'പഞ്ച്-മാർക്ക്ഡ്' നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെ പഴയ കോട്ടയം താലൂക്കിൽ ഇരിട്ടിക്കടുത്ത് നിന്നാണ് കേരളത്തിലാദ്യമായി റോമൻ സ്വർണ്ണ നാണയശേഖരം കണ്ടെത്തിയിട്ടുള്ളത്. ക്രിസ്തുവർഷത്തിന്റെ ആരംഭ കാലങ്ങളിൽ, അതായത്, ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം ഭരിച്ചിരുന്ന അഗസ്റ്റസ് ചക്രവർത്തി പുറത്തിറക്കിയ നാണയങ്ങൾ മുതൽ എ.ഡി.നാലാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനസ് ചക്രവർത്തിയുടെ നാണയങ്ങൾ വരെ കോട്ടയം ശേഖരത്തിലുണ്ട്. ഇവ പുരാതന കാലഘട്ടത്തിലെ കണ്ണൂരിന്റെ പ്രാധാന്യം എത്രമാത്രം പ്രസക്തമാണ് എന്നു സൂചിപ്പിക്കുന്നു. കോസ്മോസ് ഇൻഡികോപ്ലിസ്റ്റസിന്റെ ടോപോഗ്രാഫിയ ക്രിസ്റ്റ്യാന എന്ന ഗ്രന്ഥത്തിലും അറബ് സഞ്ചാരികളുടെ വിവരണങ്ങളിലും ഹിലി, മറാഹി, ബാഡ്ഫാട്ടൺ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഇവ യഥാക്രമം ഏഴിമല, മാടായി, വളപട്ടണം എന്നീസ്ഥലങ്ങളാണെന്ന് അനുമാനിക്കപ്പെടുന്നു. [5]
കോഴിക്കോട് കപ്പലിറങ്ങിയ വാസ്കോ ഡ ഗാമ കണ്ണൂരിലും വന്നിട്ടുള്ളതായി ചരിത്ര രേഖകളിൽ കാണാം[അവലംബം ആവശ്യമാണ്].
സാംസ്കാരിക സവിശേഷതകൾ
തിരുത്തുകപഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യക്കോലങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യക്കോലങ്ങളായി കെട്ടിയാടപ്പെടുന്നു. തെയ്യക്കോലങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്.
കോലത്തുനാട്ടിൽ തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന് കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ തെയ്യത്തിൻറെ വരവോടുകൂടിയാണ് .തെയ്യക്കാലം ഇവിടെ ആരംഭിക്കുന്നു
ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്.അണ്ടലൂർകാവ്,കാപ്പാട്ടുകാവ്,മാവിലാക്കാവ്,പടുവിലാക്കാവ്, കൂടാളി എന്നിവടങ്ങളിലെ ദൈവത്താരുകൾ,പാലോട്ട് തെയ്യം ,കണ്ണപുരം,കല്ലൂരി എന്നിവിടങ്ങളിലെ കാരൻതെയ്യം, തിരുവപ്പന/വെള്ളാട്ടം , വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട്ട്കുലവൻ, മുച്ചിലോട്ട് ഭഗവതി വിഷകണ്ഠൻ എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കൊട്ടിയൂർ ക്ഷേത്രം,അണ്ടലൂർകാവ്, ,കാപ്പാട്ടുകാവ്,മാവിലാക്കാവ്,പടുവിലാക്കാവ്, പാലോട്ട് കാവുകൾ,മുഴപ്പിലങ്ങാട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം,നീർവേലി ശ്രീരാമസ്വാമിക്ഷേത്രം തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം, തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, ആലക്കോട് അരങ്ങം ശിവക്ഷേത്രം, മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രം, വയത്തൂർ വയനാട് കുലവൻ ക്ഷേത്രം, കുന്നത്തൂർപാടി മുത്തപ്പൻ ക്ഷേത്രം, പയ്യാവൂർ ശിവക്ഷേത്രം,മാമാനിക്കുന്നു മഹാദേവി ക്ഷേത്രം , തിരുവില്ലംകുന്ന് ശിവക്ഷേത്രം (പയ്യന്നൂർ) എന്നിവ വളരെ പ്രശസ്തങ്ങളായ ഹൈന്ദവ ആരാധനാലയങ്ങളാണ്. ഇതിൽ അരങ്ങം ക്ഷേത്രവും മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രവും തികച്ചും തിരുവിതാംകൂർ ശൈലി പിന്തുടരുന്ന ക്ഷേത്രങ്ങളാണ്.ചുമർ ചിത്രകല കൊണ്ടു പ്രശസ്തമായ തൊടീക്കളം ക്ഷേത്രം കണ്ണൂർ ജില്ലയിൽ ആണ്. കുടിയേറ്റ മേഖലയായ ആലക്കോട്ട് സ്ഥിതി ചെയ്യുന്ന അരങ്ങം ക്ഷേത്രം കണ്ടെടുത്ത് പുനരുദ്ധരിച്ചത്, പൂഞ്ഞാർ കോവിലകത്തു നിന്നും ആലക്കോട്ടേയ്ക്ക് കുടിയേറിയ പി. ആർ. രാമവർമ്മ രാജ ആണ്.
ജില്ലയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ അധികവും കുടിയേറ്റ മേഖലയാണ്. കുടിയേറ്റക്കാരിൽ ബഹുഭൂരിപക്ഷവും ഹൈന്ദവരും ക്രൈസ്തവരും ആണ്. കാടുപിടിച്ച് കിടന്ന മലമ്പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കപ്പയും റബ്ബറും, ഇഞ്ചിയുമെല്ലാം നട്ട് പിടിപ്പിച്ച് ഒരു തികഞ്ഞ കാർഷിക മേഖലയാക്കിയത് ഈ കുടിയേറ്റക്കാർ ആയിരുന്നു.[അവലംബം ആവശ്യമാണ്]
ധാരാളം ക്രൈസ്തവ ആരാധനാലായങ്ങൾ ഈ മലയോര മേഖലയിൽ കാണാം. പേരാവൂർ പള്ളി(തൊണ്ടിയിൽ), ആലക്കോട് പള്ളി, ചെമ്പേരി പള്ളി, മേരിഗിരി പള്ളി ചെറുപുഴ പള്ളി ഇവയെല്ലാം വളരെ പ്രശസ്തങ്ങളാണ്. മുസ്ലീങ്ങൾ കൂടുതൽ ഉള്ള ഒരു ജില്ലയാണ് കണ്ണൂർ. അധികവും കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇവർ ജീവിക്കുന്നത്. ഇപ്പോൾ കാർഷിക രംഗത്തും സജീവമാണ്. പല ഔലിയാക്കളുടെയും ഖബറുകൾ ജില്ലയിൽ പലയിടത്തും കാണാം. ഇവിടെ ആണ്ടുതോറും “ഉറ���സ്” നടക്കാറുണ്ട്.
തൊഴിൽ മേഖല
തിരുത്തുകപ്രധാന തൊഴിൽ മേഖല കൃഷി തന്നെയാണ്. റബ്ബർ, തെങ്ങ്, കുരുമുളക്, ഇഞ്ചി, വാനില, കപ്പ ,കശുവണ്ടി ഇവയെല്ലാം ഇവിടെ കൃഷി ചെയ്യപ്പെടുന്നു, എങ്കിലും കാർഷിക മേഖലയുടെ നട്ടെല്ല് റബറും തെങ്ങും തന്നെയാണ്.
കണ്ണൂർ കൈത്തറിയുടെയും ബീഡിയുടെയും, ചെങ്കല്ലിന്റെയും നാട് കൂടിയാണ്. കണ്ണൂരിന്റെ പരമ്പരാഗത മേഖലയിലാണ് ഇവ കേന്ദ്രീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ കൈത്തറി ലോകപ്രശസ്തമാണ്. കേരള ദിനേശ് ബീഡി കണ്ണൂരിന്റെ തൊഴിൽ മേഖലയിൽ മാത്രമല്ല രാഷ്ട്രീയ രംഗത്തും വലിയ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ്. ബീഡി തൊഴിൽ മേഖല ഇന്ന് വലിയ തിരിച്ചടികൾ നേരിടുകയാണ്.ഒരുകാലത്തു അനേകംപേർ തൊഴിൽ ചെയ്തിരുന്ന ഈ രണ്ടു തൊഴിൽമേഖലകൾ ഇന്ന് അന്യം നിന്ന്പോകുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു.കൂടാതെ ധാരാളം പേർ ഗൾഫിലും മറ്റ് വിദേശങ്ങളിലും തൊഴിൽ ചെയ്യുന്നുണ്ട്.
പ്രത്യേകതകൾ
തിരുത്തുകവിശേഷണങ്ങൾ
തിരുത്തുക- കേരളത്തിന്റെ മാഞ്ചസ്റ്റർ
- 3 "C" കളുടെ നാട് (Cake, Circus, Cricket) (തലശ്ശേരി)
- ചരിത്രത്തിൽ നോറ എന്നറിയപ്പെടുന്ന പ്രദേശം
- കേരളത്തിൽ ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാർക്ക് ജന്മം നൽകിയ നാട്
- കണ്ടലുകളുടെ നാട്
ഭൂമിശാസ്ത്രം
തിരുത്തുകകണ്ണൂർ ജില്ലയിലെ നദികൾ
തിരുത്തുക- വളപട്ടണം പുഴ
- ഒളവറ പുഴ
- കുപ്പം പുഴ
- പെരുമ്പ പുഴ
- അഞ്ചരക്കണ്ടി പുഴ
- കുറ്റിക്കോൽ പുഴ
- രാമപുരം പുഴ
- മയ്യഴിപ്പുഴ
- തലശ്ശേരി പുഴ
അതിരുകൾ
തിരുത്തുകവടക്ക് കാസർഗോഡ് ജില്ല, കിഴക്ക് കുടക് ജില്ല, തെക്ക് പുതുച്ചേരി പ്രദേശത്തിന്റെ ഭാഗമായ മയ്യഴി ജില്ല, വയനാട്, കോഴിക്കോട് എന്നീ ജില്ലകൾ, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് കണ്ണൂർ ജില്ലയുടെ അതിർത്തികൾ.
വിദ്യാഭ്യാസം
തിരുത്തുകകണ്ണൂർ യൂണിവേഴ്സിറ്റി ആണ് ജില്ലയിലെ ഏക സർവ്വകലാശാല. ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, പരിയാരം മെഡിക്കൽ കോളേജ്, ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളേജ്, കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി, കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളേജ്, തലശ്ശേരി ഗവ. കോളേജ് എന്നിവയാണ് ജില്ലയിലെ സർക്കാർ മേഖലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, പയ്യന്നൂർ കോളേജ്, നിർമ്മലഗിരി കോളേജ്ജ് സർ സയ്യിദ് കോളേജ്, എസ്. എൻ. കോളേജ് കണ്ണൂർ, എന്നിവ എയ്ഡഡ് മേഖലയിലെ പ്രമുഖ കോളേജുകളാണ്. നിഫ്റ്റിന്റെ (National Institute of Fashion Technology) ഒരു ക്യാമ്പസ് മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്നു. നവോദയ വിദ്യാലയം ചെണ്ടയാടും സ്ഥിതി ചെയ്യുന്നു. കാർഷിക സർവ്വകലാശാലയുടെ കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂരും, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ “ഡയറ്റ്” പാലയാടും പ്രവർത്തിക്കുന്നു. കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്.
ആരോഗ്യ മേഖല
തിരുത്തുകആരോഗ്യ രംഗത്തെ പ്രധാന സ്ഥാപനങ്ങൾ ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കണ്ണൂർ (പരിയാരം മെഡിക്കൽ കോളേജ്), പരിയാരം ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, പയ്യന്നൂർ താലൂക്ക് ആശുപത്രി എന്നിവയാണ്. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും നിരവധി ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെ സ്വകാര്യ സ്വാശ്രയ സ്ഥാപനമായ കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയിലെ പാളയത്തിൽ പ്രവർത്തിക്കുന്നു.
ഭരണ സംവിധാനം
തിരുത്തുകജില്ലാ ഭരണ കേന്ദ്രം കണ്ണൂർ നഗരത്തിലെ താവക്കരയിൽ സ്ഥിതിചെയ്യുന്നു. ജില്ലാ ഭരണകൂടത്തിന് നേതൃതം നൽകുന്നത് ജില്ലാ കലക്ടർ ആണ്. ജില്ലയുടെ റവന്യൂ ഭരണം, പൊതു ഭരണം, ക്രമസമാധാനം തുടങ്ങിയവ നിർവഹിക്കുന്നത് ജില്ലാ ഭരണകൂടം ആണ്. ഭരണ സൗര്യത്തിനായി ജില്ലയെ റവന്യൂ ഡിവിഷനുകൾ ആയും താലൂക്കുകൾ ആയും വില്ലേജുകൾ ആയും തിരിച്ചിരിക്കുന്നു. റവന്യൂ ഡിവിഷണൽ ഓഫീസർമാരുടെ (ആർഡിഒ) നേതൃത്വത്തിൽ റവന്യൂ ഡിവിഷൻ കാര്യാലയവും തഹസിൽദാർ മാരുടെ നേത്രത്തിൽ താലൂക്ക് ഓഫീസുകളും പ്രവർത്തിക്കുന്നു.
ക്രമസമാധാന പാലനത്തിനായി കണ്ണൂർ ജില്ലയെ രണ്ടു പോലീസ് ജില്ലകൾ ആയി തിരിച്ചിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ് ജില്ലയെ നയിക്കുന്നത് പോലീസ് കമ്മീഷണറും കണ്ണൂർ റൂറൽ പോലീസ് ജില്ലയേ നയിക്കുന്നത് പോലീസ് സൂപ്രണ്ട് റാങ്കിൽ ഉള്ള ജില്ലാ പോലീസ് മേധാവി ആണ്. നഗരവും സമീപ പ്രദേശങ്ങളുമാണ് സിറ്റി പോലീസിൻ്റെ അധികാര പരിധി. നഗരത്തിന് പുറത്തുള്ള ഗ്രാമീണ പ്രദേശങ്ങൾ ആണ് കണ്ണൂർ റൂറൽ പോലീസിൻ്റെ അധികാര പരിധി.
പ്രാദേശിക ഭരണം
തിരുത്തുകകണ്ണൂർ നഗരം കോർപ്പറേഷൻ ഭരണത്തിലാണ്. കോർപ്പറേഷൻ ഭരണാധികാരി മേയർ ആണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി മേഖലകൾ ഒഴികെയുള്ള മറ്റ് പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്. ജില്ലാപഞ്ചായത്തിന് കീഴിൽ ബ്ലോക്ക് പഞ്ചായത്തുകളും മറ്റ് എല്ലാ പഞ്ചായത്തുകളും ഉൾപ്പെടുന്നു.
രാഷ്ട്രീയം
തിരുത്തുകകണ്ണൂർ എന്നും കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ്. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി.-യുടെ ജന്മനാടാണ് കണ്ണൂർ. കൂടാതെ കേരള മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാർ, കെ കരുണാകരൻ, പിണറായി വിജയൻ എന്നിവർക്കും ജന്മം നൽകിയ നാടാണിത്. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ സ്ഥാപിതമായത് കണ്ണൂരിലെ പിണറായി, പാറപ്രം എന്ന സ്ഥലത്താണ്. ബ്രിട്ടീഷ്, ജന്മി വാഴ്ചക്കെതിരെ രക്തദൂഷിതമായ ഒട്ടനവധി കർഷക സമരങ്ങൾ ഈ മണ്ണിൽ നടന്നിട്ടുണ്ട്. കയ്യൂർ, മോറാഴ, പാടിക്കുന്ന്, കാവുമ്പായി, കരിവെള്ളൂർ തുടങ്ങി അനേകം സമരങ്ങൾ ഇന്നും ഈ മണ്ണിനെ കോരിത്തരിപ്പിക്കുന്നു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹകാലത്ത് പയ്യന്നൂരിലും ഉപ്പു കുറുക്കൽ സമരം നടക്കുകയുണ്ടായി. ജില്ലയിൽ പതിനൊന്നു നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. കണ്ണൂർ, അഴീക്കോട്, ധർമടം, കൂത്തുപറമ്പ്, തളിപ്പറമ്പ്, തലശേരി, മട്ടന്നൂർ, പേരാവൂർ, ഇരിക്കൂർ, പയ്യന്നൂർ, കല്യാശേരി എന്നിവ. ഈ ജില്ല കണ്ണൂർ പാർലമെൻറ് മണ്ഡലത്തിലും വടകര മണ്ഡലത്തിലും ഉൾപ്പെടുന്നു.
ഗതാഗതം
തിരുത്തുകറോഡ് ഗതാഗതം
തിരുത്തുക77 കിലോമീറ്റർ ദേശീയപാതയും 245 കിലോമീറ്റർ സംസ്ഥാനപാതയും 1453 കിലോമീറ്റർ ജില്ലാ റോഡുകളും കണ്ണൂർ ജില്ലയിലൂടെ കടന്നു പോകുന്നുണ്ട്.
തീവണ്ടി ഗതാഗതം
തിരുത്തുക13 തീവണ്ടിനിലയങ്ങൾ കണ്ണൂർ ജില്ലയിൽ ഉണ്ട്.
- പയ്യന്നൂർ തീവണ്ടിനിലയം
- ഏഴിമല തീവണ്ടിനില
- പഴയങ്ങാടി തീവണ്ടിനിലയം
- കണ്ണപുരം തീവണ്ടിനിലയം
- പാപ്പിനിശ്ശേരി തീവണ്ടിനിലയം
- വളപട്ടണം തീവണ്ടിനിലയം
- ചിറക്കൽ തീവണ്ടിനിലയം
- കണ്ണൂർ മെയിൻ തീവണ്ടിനിലയം
- കണ്ണൂർ സൗത്ത് തീവണ്ടിനിലയം
- എടക്കാട് തീവണ്ടിനിലയം
- ധർമടം തീവണ്ടിനിലയം
- തലശ്ശേരി തീവണ്ടിനിലയം
- ജഗന്നാഥ ടെമ്പിൾ ഗേറ്റ്
വ്യോമ ഗതാഗതം
തിരുത്തുകകണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ സ്ഥിതി ചെയ്യുന്നു.
ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
തിരുത്തുകഅതിരുകൾ
തിരുത്തുകനഗരസഭകൾ
തിരുത്തുകക്രമ സംഖ്യ | നഗരസഭ | വാർഡുകളുടെ എണ്ണം[9] | വിസ്തീർണം (ച.കി.മീ.) | ജനസംഖ്യ (2011) [10] | താലൂക്ക് | ജില്ല |
---|---|---|---|---|---|---|
1 | കണ്ണൂർ കോർപ്പറേഷൻ | 55 | 78.35 | 232,486 | കണ്ണൂർ | കണ്ണൂർ |
2 | തലശ്ശേരി നഗരസഭ | 52 | 23.96 | 92,558 | തലശ്ശേരി | കണ്ണൂർ |
3 | പയ്യന്നൂർ നഗരസഭ | 44 | 54.63 | 72,111 | പയ്യന്നൂർ | കണ്ണൂർ |
4 | മട്ടന്നൂർ നഗരസഭ | 35 | 54.32 | 47,078 | ഇരിട്ടി | കണ്ണൂർ |
5 | കൂത്തുപറമ്പ് നഗരസഭ | 28 | 16.76 | 29,619 | തലശ്ശേരി | കണ്ണൂർ |
6 | തളിപ്പറമ്പ് നഗരസഭ | 34 | 18.96 | 44,247 | തളിപ്പറമ്പ് | കണ്ണൂർ |
7 | ഇരിട്ടി നഗരസഭ | 33 | 45.84 | 40,369 | ഇരിട്ടി | കണ്ണൂർ |
8 | ശ്രീകണ്ഠാപുരം നഗരസഭ | 30 | 69 | 33,489 | തളിപ്പറമ്പ് | കണ്ണൂർ |
9 | ആന്തൂർ നഗരസഭ | 28 | 24.12 | 28,218 | തളിപ്പറമ്പ് | കണ്ണൂർ |
10 | പാനൂർ നഗരസഭ | 40 | 28.53 | 55,216 | തലശ്ശേരി | കണ്ണൂർ |
വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രധാന സ്ഥലങ്ങൾ
തിരുത്തുക- പയ്യാമ്പലം കടപ്പുറം
- കണ്ണൂർ കോട്ട
- അറക്കൽ മ്യൂസിയം
- പാലക്കയംതട്ട്
- പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം
- മീൻ��ുന്ന് കടപ്പുറം
- തലശ്ശേരി കോട്ട
- മുഴപ്പിലങ്ങാട് ബീച്ച്
- ഏഴിമല നാവിക അക്കാദമി
- മലയാള കലാഗ്രാമം
- പഴശ്ശി അണക്കെട്ട്
- മാപ്പിള ബേ
- ഗുണ്ടർട്ട് ബംഗ്ലാവ്
- പൈതൽ മല
- ഏലപ്പീടിക
- കാഞ്ഞിരക്കൊല്ലി
- മാടായിപ്പാറ
- ആറളം വന്യജീവി സംരക്ഷണകേന്ദ്രം
- കൊട്ടിയൂർ വന്യജീവി സങ്കേതം
- ധർമ്മടം തുരുത്ത്
- പാച്ചേരിഹിൽസ് പൊതുവാച്ചേരി
- വാഴമല
- കവ്വായി കായൽ
പ്രധാന ആരാധനാലയങ്ങൾ
തിരുത്തുകഹൈന്ദവ ക്ഷേത്രങ്ങൾ
തിരുത്തുക- പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം
- കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ
- മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം
- തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം
- തലശ്ശേരി ജഗന്നാഥക്ഷേത്രം
- ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം
- പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
- മാടായിക്കാവ് ഭഗവതിക്ഷേത്രം
- മാമാനിക്കുന്നു മഹാദേവി ക്ഷേത്രം
- തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം
- ചിറയ്ക്കൽ ധന്വന്തരി ക്ഷേത്രം
- കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
- വേളം മഹാഗണപതി ക്ഷേത്രം, മയ്യിൽ
- കതിരൂർ സൂര്യനാരായണ ക്ഷേത്രം
മസ്ജിദുകൾ
തിരുത്തുകഅൽ മഖർ. നാടുകാണി, തളിപ്പറമ്പ
ക്രിസ്ത്യൻ പള്ളികൾ
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://www.thehindu.com/news/national/kerala/pp-divya-is-kannur-district-panchayat-president/article33457605.ece
- ↑ [1]
- ↑ 3.0 3.1 3.2 3.3 സെൻസസ് ഇന്ത്യ വെബ്സൈറ്റ് സെൻസസ് വിവരങ്ങൾ ഇവിടെ കാണാം
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-04-01. Retrieved 2009-05-28.
- ↑ 5.0 5.1 5.2 5.3 5.4 ഡോ: ടി.എം.വിജയൻ. "കണ്ണൂർ-ബി.സി. 3 മുതൽ എ.ഡി. 8-ം നൂറ്റാണ്ടു വരെ". Retrieved ജൂൺ 22, 2008.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Religion – Kerala, Districts and Sub-districts". Census of India 2011. Office of the Registrar General.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-18. Retrieved 2017-08-27.
- ↑ 2001 ലെ സെൻസസ് പ്രകാരം
- ↑ https://lsgkerala.gov.in/electionupdates/deStatusLB.php?distID=13
- ↑ 2001 ലെ സെൻസസ് പ്രകാരം