പരിശുദ്ധ ഖുർആൻ/അബസ
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
2 അദ്ദേഹത്തിൻറെ ( നബിയുടെ ) അടുത്ത് ആ അന്ധൻ വന്നതിനാൽ.
3 ( നബിയേ, ) നിനക്ക് എന്തറിയാം? അയാൾ ( അന്ധൻ ) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
4 അല്ലെങ്കിൽ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാൾക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
5 എന്നാൽ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
6 നീ അവൻറെ നേരെ ശ്രദ്ധതിരിക്കുന്നു.
7 അവൻ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാൽ നിനക്കെന്താണ് കുറ്റം?
8 എന്നാൽ നിൻറെ അടുക്കൽ ഓടിവന്നവനാകട്ടെ,
9 ( അല്ലാഹുവെ ) അവൻ ഭയപ്പെടുന്നവനായിക്കൊണ്ട്
10 അവൻറെ കാര്യത്തിൽ നീ അശ്രദ്ധകാണിക്കുന്നു.
11 നിസ്സംശയം ഇത് ( ഖുർആൻ ) ഒരു ഉൽബോധനമാകുന്നു; തീർച്ച.
12 അതിനാൽ ആർ ഉദ്ദേശിക്കുന്നുവോ അവനത് ഓർമിച്ച് കൊള്ളട്ടെ.
13 ആദരണീയമായ ചില ഏടുകളിലാണത്.
14 ഔന്നത്യം നൽകപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളിൽ)
15 ചില സന്ദേശവാഹകരുടെ കൈകളിലാണത്.
16 മാന്യൻമാരും പുണ്യവാൻമാരും ആയിട്ടുള്ളവരുടെ.
17 മനുഷ്യൻ നാശമടയട്ടെ. എന്താണവൻ ഇത്ര നന്ദികെട്ടവനാകാൻ?
18 ഏതൊരു വസ്തുവിൽ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്?
19 ഒരു ബീജത്തിൽ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ ( അവൻറെ കാര്യം ) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
20 പിന്നീട് അവൻ മാർഗം എളുപ്പമാക്കുകയും ചെയ്തു.
21 അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റിൽ മറയ്ക്കുകയും ചെയ്തു.
22 പിന്നീട് അവൻ ഉദ്ദേശിക്കുമ്പോൾ അവനെ ഉയിർത്തെഴുന്നേൽപിക്കുന്നതാണ്.
23 നിസ്സംശയം, അവനോട് അല്ലാഹു കൽപിച്ചത് അവൻ നിർവഹിച്ചില്ല.
24 എന്നാൽ മനുഷ്യൻ തൻറെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
25 നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
26 പിന്നീട് നാം ഭൂമിയെ ഒരു തരത്തിൽ പിളർത്തി,
27 എന്നിട്ട് അതിൽ നാം ധാന്യം മുളപ്പിച്ചു.
28 മുന്തിരിയും പച��ചക്കറികളും
29 ഒലീവും ഈന്തപ്പനയും
30 ഇടതൂർന്നു നിൽക്കുന്ന തോട്ടങ്ങളും.
31 പഴവർഗവും പുല്ലും.
32 നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപയോഗത്തിനായിട്ട്.
33 എന്നാൽ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാൽ.
34 അതായത് മനുഷ്യൻ തൻറെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
35 തൻറെ മാതാവിനെയും പിതാവിനെയും.
36 തൻറെ ഭാര്യയെയും മക്കളെയും.
37 അവരിൽപ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.
38 അന്ന് ചില മുഖങ്ങൾ പ്രസന്നതയുള്ളവയായിരിക്കും
39 ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
40 വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.
41 അവയെ കൂരിരുട്ട് മൂടിയിരിക്കും.
42 അക്കൂട്ടരാകുന്നു അവിശ്വാസികളും അധർമ്മകാരികളുമായിട്ടുള്ളവർ.