പുഴയ്ക്കൽ ധർമ്മശാസ്താക്ഷേത്രം
പുഴയ്ക്കൽ ശ്രീ ധർമ്മശാസ്താക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | തൃശ്ശൂർ |
രാജ്യം | ഇന്ത്യ |
വാസ്തുവിദ്യാ തരം | കേരളീയ ക്ഷേത്രനിർമ്മാണശൈലി |
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പുഴയ്ക്കൽ ധർമ്മശാസ്താക്ഷേത്രം. തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ - കുന്നംകുളം - കോഴിക്കോട് റൂട്ടിൽ അടാട്ട് ഗ്രാമപഞ്ചായത്തിന്റെയും തൃശ്ശൂർ കോർപ്പറേഷന്റെയും അതിർത്തിയിൽ പുഴയ്ക്കൽ എന്ന സ്ഥലത്ത് പുഴയ്ക്കൽപ്പുഴയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. താരകബ്രഹ്മമൂർത്തിയായ ധർമ്മശാസ്താവ് പ്രധാനമൂർത്തിയായി കുടികൊള്ളുന്ന ഈ ക്ഷേത്രം നിരവധി ഭക്തജനങ്ങളെ ആകർഷിച്ചുവരുന്നുണ്ട്. ക്ഷേത്രത്തോട് ചേർന്നുള്ള പുഴയിൽ നടത്തിവരുന്ന ബലിതർപ്പണം വിശേഷമാണ്. ശബരിമല തീർത്ഥാടനക്കാലത്ത് ഗുരുവായൂർ ക്ഷേത്രദർശനത്തിനുപോകുന്ന ഭക്തരിൽ ചിലർ ഇവിടെയും വരാറുണ്ട്. പ്രഭാസത്യകസമേതനായ [1] ശാസ്താവിനെക്കൂടാതെ ഗണപതി, ദുർഗ്ഗ, ഭദ്രകാളി, രക്തേശ്വരി നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് (ദമ്പതീരക്ഷസ്സ് സങ്കല്പത്തിൽ) എന്നിവരും പ്രതിഷ്ഠകളായുണ്ട്. മീനമാസത്തിലെ ഉത്രം നാളിൽ നടത്തപ്പെടുന്ന പൈങ്കുനി ഉത്രം വിളക്കാണ് ക്ഷേത്രത്തിലെ മുഖ്യ ആഘോഷം. കൂടാതെ, മണ്ഡലകാലം, കർക്കടകവാവ്, തുലാവാവ്, ശിവരാത്രി തുടങ്ങിയവയും അതിവിശേഷമാണ്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു സമിതിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.
ഐതിഹ്യം
[തിരുത്തുക]ക്ഷേത്രനിർമ്മിതി
[തിരുത്തുക]പുഴയ്ക്കൽ ഗ്രാമത്തിന്റെ ഒത്ത നടുക്ക് പുഴയ്ക്കൽപ്പുഴയുടെ വടക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിനടുത്ത് പുഴയുടെ മറുകരയിൽ ശോഭാ സിറ്റിയും അടുത്തുതന്നെ അടാട്ട് ഗ്രാമപഞ്ചായത്ത് വക ടൂറിസം കേന്ദ്രവുമുണ്ട്. ക്ഷേത്രത്തിന്റെ നേരെമുന്നിൽ ഒരു വലിയ പറമ്പാണ്. ഇവിടെയാണ് വാഹനപാർക്കിങ് സൗകര്യവും മറ്റുമുള്ളത്. തെക്കുഭാഗത്ത് ബലിതർപ്പണക്കൗണ്ടറും ദേവസ്വം വക ഊട്ടുപുരയും സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ മുന്നിൽ വലിയൊരു അരയാൽ കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. അരയാലിന് തൊട്ടടുത്ത് ക്ഷേത്രത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാനുള്ള പടികൾ കാണാം. ഈ പടികൾ ഇറങ്ങിച്ചെന്നാൽ ക്ഷേത്രമുറ്റത്തെത്താം.
സാധാരണ ഒരു ഗ്രാമക്ഷേത്രത്തിന്റെ പകിട്ടുകൾ മാത്രമേ പുഴയ്ക്കൽ ക്ഷേത്രത്തിനുള്ളൂ. എങ്കിലും, ഈയടുത്ത കാലത്ത് നടത്തിയ ചില വികസനപ്രവർത്തനങ്ങൾ, ക്ഷേത്രത്തിന്റെ മുഖച്ഛായ മാറ്റിയിട്ടുണ്ട്. പടിഞ്ഞാറേ നടയിലെ പടികളിറങ്ങി ക്ഷേത്രത്തിലെത്തുന്ന ഭക്തർ ആദ്യമെത്തുന്നത് നടപ്പുരയിലാണ്. സാമാന്യം വലുപ്പമുള്ള ഈ നടപ്പുര, 2008-ൽ പുതുക്കിപ്പണിതു. നാല് വെള്ളിത്തൂണുകൾ ഇതിനെ താങ്ങിനിർത്തുന്നു. ഇവിടെ വച്ചാണ് ചോറൂൺ, തുലാഭാരം, ഭജന തുടങ്ങിയ വിശേഷച്ചടങ്ങുകൾ നടത്തുന്നത്. ശബരിമല തീർത്ഥാടകർ മാലയിടാനും കെട്ടുനിറയ്ക്കാനും തിരഞ്ഞെടുക്കുന്നതും ഇവിടം തന്നെയാണ്. ക്ഷേത്രത്തിൽ കൊടികയറി ഉത്സവമില്ലാത്തതിനാൽ കൊടിമരം പ്രതിഷ്ഠിച്ചിട്ടില്ല. കൂടാതെ, ബലിക്കൽപ്പുരയും പണിതിട്ടില്ല. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് വളരെ ചെറുതുമാണ്. അതിനാൽ, പുറമേ നിന്നുനോക്കിയാൽ തന്നെ വിഗ്രഹം കാണാം. നടപ്പുരയിൽ തന്നെ എള്ളുതിരി കത്തിയ്ക്കാനും നാളികേരമുടയ്ക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രണ്ടും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ പെടും. ഇവയ്ക്കടുത്താണ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും പണിതിരിയ്ക്കുന്നത്. എള്ളുതിരിയും നാളികേരമുടയ്ക്കലും കൂടാതെ നെയ്യഭിഷേകം, ഉദയാസ്തമനപൂജ, ശനിയാഴ്ചകളിൽ നടക്കുന്ന ശനീശ്വരപൂജ, മുപ്പെട്ട് ബുധനാഴ്ച നടക്കുന്ന കാര്യസാധ്യ പുഷ്പാഞ്ജലി തുടങ്ങിയവയും അതിവിശേഷ വഴിപാടുകളിൽ വരും.
ക്ഷേത്രം സ്ഥിതിചെയ്യുന്നത് നദീതീരത്താണെങ്കിലും ഇവിടെ പ്രത്യേകമായി കുളവും പണിതിട്ടുണ്ടെന്നത് രസകരമായ വസ്തുതയാണ്. ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് വടക്കുഭാഗത്താണ് ക്ഷേത്രക്കുളം പണിതിരിയ്ക്കുന്നത്. വളരെ ചെറിയ ഒരു കുളമാണ് ഇവിടെ. കുളത്തിന് സമീപം അല്പം മുകളിലായി സർപ്പക്കാവ് കാണാം. ആദ്യം ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറ് ചെറിയ തറയിലുണ്ടായിരുന്ന നാഗദൈവങ്ങളെ, 2015-ലാണ് ഇങ്ങോട്ട് മാറ്റുന്നത്. നാഗരാജാവായ വാസുകി പ്രധാനദേവതയായി നിൽക്കുന്ന ഇവിടെ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. ഇതിനടുത്തുള്ള തറയിലാണ് ദുർഗ്ഗാദേവിയുടെയും രക്തേശ്വരിയുടെയും പ്രതിഷ്ഠകൾ. വാൽക്കണ്ണാടിയുടെ രൂപത്തിലുള്ള ചെറിയ ശിലാവിഗ്രഹങ്ങളാണ് ഇരുവർക്കും. ഇവർക്കൊപ്പം തന്നെ ബ്രഹ്മരക്ഷസ്സും ഇവിടെയുണ്ട്. അപൂർവമായ ദമ്പതീരക്ഷസ്സിന്റെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. വടക്കേ നടയിൽ ഒരു ശീവേലിപ്പുരയും പണിതിട്ടുണ്ട്. ഇതും 2008-ൽ പണിതതാണ്. വിശേഷദിവസങ്ങളിലെ ശീവേലി നടത്തുന്നത് ഈ വഴിയിലൂടെയാണ്. കിഴക്കേ നടയിൽ എടുത്തുപറയത്തക്ക കാഴ്ചകളൊന്നും തന്നെയില്ല. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഭദ്രകാളിയുടെ പ്രതിഷ്ഠയുണ്ട്. നാന്ദകം എന്ന വാൾ, ത്രിശൂലം, ദാരികശിരസ്സ്, രക്തപാത്രം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയാണ് ഇവിടെ പ്രതിഷ്ഠ.
ശ്രീകോവിൽ
[തിരുത്തുക]ചതുരാകൃതിയിൽ തീർത്ത വളരെ ചെറിയൊരു ശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഒരുനിലയേയുള്ളൂ. ഇതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണം പൂശിവച്ചിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. കഷ്ടിച്ച് ഒരടി മാത്രം ഉയരം വരുന്ന സ്വയംഭൂവായ ശാസ്താവിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പ്രഭ എന്ന പത്നിയോടും സത്യകൻ എന്ന പുത്രനോടും കൂടിയ ഗൃഹസ്ഥശാസ്താവായാണ് പ്രതിഷ്ഠയുടെ സങ്കല്പം. അതിനാൽ, വിവാഹതടസ്സങ്ങളും കുടുംബപ്രശ്നങ്ങളും പരിഹരിയ്ക്കുന്നതിന് ഉത്തമമായി ഇവിടത്തെ ദർശനം കണക്കാക്കപ്പെടുന്നു. തറനിരപ്പിനോട് ചേർന്നാണ് ശ്രീകോവിലിലെ പ്രതിഷ്ഠ. സ്വയംഭൂവിഗ്രഹമായതിനാൽ ചെത്തിമിനുക്കലുകളൊന്നും നടത്തിയിട്ടില്ല. വിഗ്രഹത്തിന് സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. അമ്പും വില്ലും പിടിച്ചുനിൽക്കുന്ന ശാസ്താവിന്റെ രൂപമാണ് ഗോളകയ്ക്ക്. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീധർമ്മശാസ്താവ്, പ്രഭാസത്യകസമേതനായി പുഴയ്ക്കലിൽ കുടികൊള്ളുന്നു.
ശ്രീകോവിൽ തീർത്തും ലളിതമായ നിർമ്മിതിയാണ്. ഇതുവരെ ഇവിടെ ചുവർചിത്രങ്ങളോ ദാരുശില്പങ്ങളോ ഇവിടെ വന്നിട്ടില്ല. പ്രധാനപ്രതിഷ്ഠയായ ശാസ്താവിന്റെ വിഗ്രഹം തറനിരപ്പിനോട് ചേർന്നായതിനാൽ ഇവിടെ സോപാനത്തിൽ പടികൾ നിർമ്മിച്ചിട്ടില്ല. ശ്രീകോവിലിന്റെ വാതിൽ പൂർണ്ണമായും സ്വർണ്ണം പൂശിയിട്ടുണ്ട്. ഇതിന് ഇരുവശവുമായി രണ്ട് ദ്വാരപാലകരൂപങ്ങളും കാണാം. തെക്കുഭാഗത്ത് ചുരികാപാണിയും വടക്കുഭാഗത്ത് ഖഡ്ഗപാണിയുമാണ് ദ്വാരപാലകരായി കുടികൊള്ളുന്നത്. ഇവരുടെ അനുവാദം വാങ്ങിച്ചുവേണം ശ്രീകോവിലിനകത്തേയ്ക്ക് കടക്കാൻ എന്നാണ് സങ്കല്പം. വടക്കുവശത്ത് ഓവ് പണിതിട്ടുണ്ട്. ഭഗവാന് അഭിഷേകം ചെയ്യുന്ന ദ്രവ്യങ്ങൾ ഇതുവഴി ഒഴുകിപ്പോകുന്നു. സാധാരണയിൽ നിന്ന് താഴേയ്ക്കായാണ് ഇവിടെ ഓവും പണിതിരിയ്ക്കുന്നത്. ഇത് പ്രതിഷ്ഠയുടെ താഴ്ച സൂചിപ്പിയ്ക്കുന്നു.
നാലമ്പലം
[തിരുത്തുക]ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. വളരെ ചെറിയൊരു നാലമ്പലമാണ് ഇവിടെയുള്ളത്. എങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. നാലമ്പലത്തിനകത്തേയ്ക്ക് നാലുവശത്തുനിന്നും കവാടങ്ങളുണ്ട്. പ്രധാന നടയിലൂടെയുള്ള പ്രവേശനകവാടത്തിന് ഇരുവശവുമായി വാതിൽമാടങ്ങൾ പണിതിട്ടുണ്ട്. അവയിൽ വടക്കേ വാതിൽമാടത്തിലാണ് ഇവിടെ വിശേഷാൽ പൂജകളും ഹോമങ്ങളും നടക്കുന്നത്; തെക്കേ വാതിൽമാടത്തിൽ വാദ്യമേളങ്ങളും നാമജപവും. വടക്കേ വാതിൽമാടത്തിൽ സരസ്വതീദേവിയുടെയും ശ്രീചക്രത്തിന്റെയും ചിത്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. ഇവിടെ വച്ചാണ് നവരാത്രിക്കാലത്ത് ദേവീപൂജ നടത്തുന്നത്. പൂജാസമയമൊഴികെയുള്ളപ്പോൾ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങൾ തെക്കേ വാതിൽമാടത്തിൽ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും.
നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ഒരു മുറിയിൽ കിഴക്കോട്ട് ദർശനമായാണ് ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഏകദേശം രണ്ടടി ഉയരം വരുന്ന ചെറിയൊരു വിഗ്രഹമാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിൽ നടന്ന പുനർനിർമ്മാണത്തിനുശേഷം നവീകരിച്ച രീതിയിലാണ് ഈ നട ഇപ്പോൾ കാണുന്നത്. ഗണപതിപ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തിവരാറുണ്ട്.
അകത്തെ ബലിവട്ടം
[തിരുത്തുക]ശ്രീകോവിലിന് ചുറ്റും അകത്തെ ബലിവട്ടം കാണാം. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്��ിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗാദേവി (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ഘോഷാവതി) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ പറഞ്ഞ സ്ഥാനങ്ങളിലായി കാണാം. ക്ഷേത്രത്തിൽ നിത്യശീവേലിയില്ലാത്തതിനാൽ ഇവ പ്രതീകാത്മകമായി മാത്രമാണ് കാണപ്പെടുന്നത്.