Jump to content

ആഗ്ര കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഗ്ര കോട്ട
आगरा का क़िला
Amar Singh Gate, one of two entrances into Agra Fort
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ, മുഗൾ സാമ്രാജ്യം Edit this on Wikidata
മാനദണ്ഡംiii[1]
അവലംബം251
നിർദ്ദേശാങ്കം27°10′46″N 78°01′17″E / 27.179583°N 78.021297°E / 27.179583; 78.021297
രേഖപ്പെടുത്തിയത്1983 (7th വിഭാഗം)
വെബ്സൈറ്റ്www.tajmahal.gov.in/agrafort.aspx

മുഗൾ ചക്രവർത്തി അക്ബർ ആഗ്രയിൽ പണി കഴിപ്പിച്ച കോട്ടയാണ്‌ ആഗ്ര കോട്ട. ആഗ്രയിലെ ചെങ്കോട്ട എന്നും അറിയപ്പെടുന്ന ഈ കോട്ട 1983-ൽ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി. ലോകമഹാത്ഭുതമായ താജ്മഹലിന്‌ രണ്ടര കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ്‌ ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

മുഗൾ ഭരണത്തിനു കീഴിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോട്ടയായായിരുന്നു ഇത്. ബാബർ മുതൽ ഔറംഗസേബ് വരെയുള്ള മുഗൾ ചക്രവർത്തിമാർ ഇവിടെ നിന്നാണ്‌ സാമ്രാജ്യം ഭരിച്ചത്. സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ഖജനാവും ഇവിടെയായിരുന്നു.

ചരിത്രം

[തിരുത്തുക]
ആഗ്ര കോട്ടയുടെ രൂപരേഖ

ആദ്യകാലത്ത്, ചുടുകട്ട കൊണ്ട് നിർമ്മിക്കപ്പെട്ടിരുന്ന ഈ കോട്ട, സികർവാർ ഗോത്രത്തിന്റെ അധീനതയിലായിരുന്നു. 1080-ആമാണ്ടിൽ ഗസ്നവികൾ ഇത് പിടിച്ചെടുത്തു എന്നതാണ് കോട്ടയെക്കുറിച്ചുള്ള ആദ്യചരിത്രപരാമർശം. ദില്ലി സുൽത്താനായിരുന്ന സിക്കന്ദർ ലോധി (1487–1517), ആഗ്രയിലേക്ക് തലസ്ഥാനം മാറ്റുകയും ഈ കോട്ടയിൽ നിന്നും ഭരണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാലത്ത് ആഗ്രക്ക് ഒരു രണ്ടാംതലസ്ഥാനം എന്ന പദവി കൈവന്നു. 1517-ൽ സിക്കന്ദർ ലോധി മരണമടഞ്ഞതും ഈ കോട്ടയിൽ വച്ചായിരുന്നു. 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ തോൽപ്പിക്കപ്പെടുന്നവരെ സിക്കന്ദറിന്റെ പുത്രനായ ഇബ്രാഹിം ലോധി, കോട്ടയുടെ നിയന്ത്രണം നിലനിർത്തിയിരുന്നു. ഇക്കാലത്ത് നിരവധി കൊട്ടാരങ്ങളും, കുളങ്ങളും, പള്ളികളും അദ്ദേഹം ഈ കോട്ടക്കകത്ത് പണികഴിപ്പിച്ചിരുന്നു.

പാനിപ്പത്ത് യുദ്ധത്തിലെ വിജയത്തിനു ശേഷം, മുഗളർ ഈ കോട്ടയും ഇവിടത്തെ വൻസമ്പത്തും പിടിച്ചടക്കി. കോഹിനൂർ രത്നവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന് മുഗൾ ചക്രവർത്തി ബാബർ ഈ കോട്ടയിലായിരുന്നു വസിച്ചത്. ബാബറുടെ മരണശേഷം 1530-ൽ ഹുമയൂൺ ചക്രവർത്തിയായതും ഇതേ കോട്ടയിൽവച്ചാണ്. 1540-ൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ പഷ്തൂൺ നേതാവായ ഷേർഷാ സൂരി തുടർന്നുള്ള അഞ്ചു വർഷക്കാലം കോട്ട നിയന്ത്രണത്തിലാക്കി. 1556-ൽ ഹുമയൂൺ പഷ്തൂണുകളെ തോൽപ്പിച്ചതോടെ ആഗ്ര കോട്ട വീണ്ടും മുഗളരുടെ പക്കൽ തിരിച്ചെത്തി.

കോട്ടമതിലിലെ ഒരു കൊത്തളം
കോട്ടക്കത്ത് ഷാജഹാൻ നിർമ്മിച്ച ദിവാൻ ഇ ഖാസ് എന്ന മാളിക. അക്ബർ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി, ചുവന്ന മണൽക്കല്ലിനു പകരം വെണ്ണക്കല്ലാണ് ഷാജഹാന്റെ കാലത്തെ കെട്ടിടങ്ങൾക്ക് ഉപയോഗിച്ചത്

1558-ൽ അക്ബർ, ആഗ്രയെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും ഈ കോട്ടയിൽ വസിക്കാനാരംഭിക്കുകയും ചെയ്തു. ഇഷ്ടികയാൽ നിർമ്മിക്കപ്പെട്ടിരുന്ന ഈ കോട്ട, അന്ന് ബാദൽഗഢ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്ന് അക്ബറൂടെ കാലത്തെ ചരിത്രകാരനായിരുന്ന അബുൾ ഫസൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1565-ലാണ് അക്ബർ ഇവിടത്തെ പുതിയ കോട്ടയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. നാശോന്മുഖമായിരുന്ന ഈ കോട്ട, രാജസ്ഥാനിലെ ബറൗലിയിൽ നിന്നും എത്തിച്ച ചുവന്ന മണൽക്കല്ലുപയോഗിച്ച്, അക്ബർ പുതുക്കിപ്പണിഞ്ഞു. കോട്ടമതിലുകളുടെ ഉൾവശം, ഇഷ്ടികകൊണ്ടും, പുറംഭാഗം മണൽക്കലുകൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 2000 കൽ‌വെട്ടുകാരും, 2000 ചുണ്ണാമ്പുകൂട്ടുകാരും 8000-ത്തോളം മറ്റു തൊഴിലാളികളും ഈ കോട്ടയുടെ നിർമ്മാണത്തിൽ പങ്കാളികളായി.[2] എട്ടുവർഷത്തോളമെടുത്ത് 1573-ൽ ഈ കോട്ടയുടെ പണി പൂർത്തിയായി.

അക്ബറുടെ പൗത്രനായ ഷാജഹാന്റെ ഭരണകാലത്താണ് കോട്ടക്ക് ഇന്നത്തെ രൂപം കൈവരുന്നത്. തന്റെ മുത്തച്ഛനിൽ നിന്നും വ്യത്യസ്തമായി ഷാജഹാൻ, ഇവിടെ നിർമ്മിച്ച കെട്ടിടങ്ങളെല്ലാം വെണ്ണക്കല്ലുകൊണ്ടുള്ളതായിരുന്നു. കെട്ടിടങ്ങളിൽ സ്വർണ്ണത്തിന്റേയും ഇടത്തരം വിലപിടിപ്പുള്ള കല്ലുകളുടെയും ഉപയോഗം ഈ കാലഘട്ടത്തിലെ പ്രത്യേകതയാണ്. നിലവിലുണ്ടായിരുന്ന പല കെട്ടിടങ്ങളും ഇടിച്ചുനിരത്തിയാണ് ഷാജഹാൻ തന്റെ കെട്ടിടങ്ങൾ‌ പണിഞ്ഞത്. ഷാജഹാന്റെ ജീവിതാന്ത്യത്തിൽ, അദ്ദേഹത്തിന്റെ പുത്രനായ ഔറംഗസേബ് അദ്ദേഹത്തെ ഈ കോട്ടയിൽ തടവിലാക്കി. മുഗളർക്കു ശേഷം, കോട്ട ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഇന്ത്യയിലെ ഭരണത്തിന് അറുതി വരുത്തിയ ശിപായിലഹളസമയത്ത് ഈ കോട്ട ഒരു യുദ്ധവേദിയായിരുന്നു.

ഇന്ന് കോട്ടയുടെ കുറേ ഭാഗം ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മുഗൾകാല കെട്ടിടങ്ങൾ അടങ്ങുന്ന തെക്കുകിഴക്കേ മൂല, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കൈവശമാണ്. ഈ ഭാഗം സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുമുണ്ട്.

കോട്ടയുടെ ഭാഗങ്ങൾ

[തിരുത്തുക]
ഇരട്ടമതിലുകളുള്ള കോട്ടക്കു ചുറ്റും സുരക്ഷക്കായി കിടങ്ങും സജ്ജീകരിച്ചിരുന്നു

94-ഏക്കർ (380,000 m2) വിസ്തൃതിയുള്ള ആഗ്ര കോട്ട, ഏതാണ്ട് അർദ്ധവൃത്താകൃതിയിലാണ്. കിഴക്കുവശത്ത് അർദ്ധവൃത്തത്തിന്റെ ഞാൺ ഭാഗം, യമുനാനദിക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്നു. ഇരട്ടഭിത്തിയുള്ള കോട്ടയുടെ മതിലുകൾക് 70 അടി ഉയരമുണ്ട്. ഭിത്തിയിൽ ഇടക്കിടയായി വൃത്താകാരത്തിലുള്ള കൂറ്റൻ കൊത്തളങ്ങളുമുണ്ട്. സുരക്ഷക്കായി ഈ ഭിത്തികൾക്ക് പുറത്ത് കിടങ്ങും സജ്ജീകരിച്ചിട്ടുണ്ട്.

കോട്ടയുടെ നാലുവശങ്ങളിലുമായി നാല്[അവലംബം ആവശ്യമാണ്] കവാടങ്ങളുണ്ട്. ഇതിൽ കിഴക്കുവശത്തുള്ള ഖിസ്രി ഗേറ്റ്, യമുനാനദിയിലേക്കാണ് തുറക്കുന്നത്. പടിഞ്ഞാറുവശത്ത് നഗരത്തിനഭിമുഖമായി നിൽക്കുന്ന ഡെൽഹി ഗേറ്റ് ആണ് കോട്ടയുടെ പ്രധാനകവാടം. ചരിത്രപ്രാധാന്യമേറിയ ഈ കവാടം അക്ബർ കാലത്തെ ഒരു മഹാത്ഭുതമായി കണക്കാക്കുന്നു. ചക്രവർത്തിയുടെ പ്രധാന ഔപചാരികകവാടമായിരുന്ന ഡെൽഹി ഗേറ്റ് ഏതാണ്ട് 1568-ലാണ് പണിതീർന്നത്. കവാടത്തിലൂടെ കോട്ടക്ക് പുറത്തുനിന്ന് കിടങ്ങ് കടക്കുന്നതിന് മരം കൊണ്ടുള്ള മടക്കിവക്കാവുന്ന പാലം ഉപയോഗിച്ചിരുന്നു. ഈ കവാടത്തിന്റെ ഉള്ളിലുള്ള ഭാഗം ഹാത്തി പോൾ (ആന കവാടം) എന്നറിയപ്പെടുന്നു. പൂർണ്ണവലിപ്പത്തിലുള്ള രണ്ട് ആനകളുടെ പ്രതിമ ഇവിടെയുണ്ട്.

കോട്ടയുടെ തെക്കുഭാഗത്തെ കവാടത്തിലുള്ള (അക്ബർ ദർവാസ) ചിത്രപ്പണികൾ

ഡെൽഹി ഗേറ്റ് ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായതിനാൽ കോട്ടയുടെ തെക്കു ഭാഗത്തുള്ള അക്ബർ ദർവാസ, ലാഹോർ ഗേറ്റ് എന്നീ പേരുകളിലറിയപ്പെടുന്ന അമർസിങ് ഗേറ്റ്[൧] എന്ന പ്രവേശനകവാടത്തിലൂടെയാണ് സന്ദർശകർക്കുള്ള പ്രവേശനം. ഡെൽഹി ഗേറ്റു പോലെത്തന്നെ അമർസിങ് ഗേറ്റും ചുവന്ന മണൽക്കല്ലുകൊണ്ടുതന്നെ സമാനമായ ശൈലിയിൽ നിർമ്മിച്ചിട്ടുള്ളതാണ്.

ബംഗാളി ഗുജറാത്തി ശൈലികളിലുള്ള മനോഹരമായ അഞ്ഞൂറ് കെട്ടിടങ്ങൾ ഈ കോട്ടക്കകത്തുണ്ടായിരുന്നതായി അബുൾ ഫസൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ചിലത്, തന്റെ വെണ്ണക്കൽക്കെട്ടിടങ്ങളുടെ നിർമ്മിതിക്ക് ഷാജഹാനും, കുറേയേറെ 1803-നും 1862-നും ഇടയിൽ പട്ടാളബാരക്കുകൾ നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാരും പൊളിച്ചുമാറ്റി. ഇന്ന് ഏതാണ്ട് മുപ്പതോളം മുഗൾ കാല കെട്ടിടങ്ങൾ മാത്രമാണ്, കോട്ടയുടെ തെക്കുകിഴക്കൻ കോണിൽ യമുനാനദിയോട് ചേർന്ന് അവശേഷിച്ചിരിക്കുന്നത്. ഇവയിൽ ഡെൽഹി ഗേറ്റ്, അക്ബർ ഗേറ്റ് എന്നീ കവാടങ്ങളും, ബംഗാളി മഹൽ എന്ന കൊട്ടാരവും അക്ബർ കാലത്തേതാണ്. ബാംഗാളി മഹൽ, പിൽക്കാലത്ത് അക്ബരി മഹൽ, ജഹാംഗീരി മഹൽ എന്നിങ്ങനെ രണ്ടു മാളികകളാക്കി മാറ്റിയിട്ടുണ്ട്.

ഇസ്ലാമികവാസ്തുകലയുടേയും ഇന്ത്യൻ വാസ്തുകലയുടേയും മിശ്രണം ഈ കോട��ടയിൽ ചിലയിടത്ത് കാണാം. ഇസ്ലാമിക വാസ്തുകലയുടെ പ്രത്യേകതകളായ ജ്യാമിതീയരൂപങ്ങളും, അറബി എഴുത്തുകൾക്കും പുറമേ ഇസ്ലാമികരീതിക്ക് നിഷിദ്ധമായ ആന, പക്ഷികൾ തുടങ്ങിയ ജന്തുക്കളുടേയും രൂപങ്ങൾ ഇവിടെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

അക്ബരി മഹൽ

[തിരുത്തുക]
അക്ബരി മഹൽ

ആഗ്ര കോട്ടയുടെ തെക്കുകിഴക്കേ മൂലയിലുള്ള മാളികയാണ് അക്ബരി മഹൽ. അക്ബറിന്റെ കാലത്ത് പണികഴിപ്പിച്ച ഈ മാളികയും തൊട്ടുവടക്കുള്ള ജഹാംഗീരി മഹലും ഒന്നുചേർന്ന് ബംഗാളി മഹൽ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇപ്പോൾ നാശോന്മുഖമായിരിക്കുന്ന അക്ബരി മഹൽ, പാർപ്പിടമായാണ് പണ്ട് ഉപയോഗിക്കപ്പെട്ടിരുന്നത്. ആഗ്ര കോട്ടയുടെ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെയാണ് ഈ മാളിക നിർമ്മിക്കപ്പെട്ടത്. കല്ലുപാകിയ നടുമുറ്റമുള്ള അക്ബരി മഹലിന്റെ ചുറ്റും മുറികളാണ്.[3]

ജഹാംഗീരി മഹൽ

[തിരുത്തുക]
ജഹാംഗീരി മഹൽ

ആഗ്ര കോട്ടക്കകത്തെ കെട്ടിടങ്ങളിൽ അക്ബർ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട മാളികയാണ് ജഹാംഗീരി മഹൽ. ആദ്യകാലങ്ങളിൽ ജഹാംഗീരി മഹലും, അതിനു തെക്കുഭാഗത്തുള്ള അക്ബരി മഹലും ഒറ്റ കൊട്ടാരമായിരുന്നു (ബംഗാളി മഹൽ). പിൽക്കാലത്ത് ഇത് രണ്ടു മാളികകളാക്കി മാറ്റുകയായിരുന്നു.

ജഹാംഗീരി മഹൽ ആഗ്ര കോട്ടയിലെ പ്രധാന അന്തഃപുരമായിരുന്നു. പൊതുവേ അക്ബറിന്റെ രജപുത്രഭാര്യമാരായിരുന്നു ഇവിടെ വസിച്ചിരുന്നത്. തെക്കുവശത്തെ കവാടത്തിലൂടെ കോട്ടയിലേക്ക് പ്രവേശിക്കുമ്പോൾ വലതുവശത്ത് ആദ്യമായി കാണപ്പെടുന്ന മാളികയാണിത്. ചുവന്ന മണൽക്കല്ലുകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

അങ്കുരി ബാഗ് (മുന്തിരിത്തോട്ടം)

[തിരുത്തുക]
അങ്കുരി ബാഗ്

ആഗ്ര കോട്ടയിലെ പ്രധാനപ്പെട്ട ഒരു ആകർഷണമാണ് അങ്കുരി ബാഗ് എന്ന മുന്തിരിത്തോട്ടം. കോട്ടക്കകത്ത് ജഹാംഗീരി മഹലിന് വടക്കുഭാഗത്തായും ഖാസ് മഹലിന് പടിഞ്ഞാറുവശത്തായുമാണ് ഈ തോട്ടം സ്ഥിതി ചെയ്യുന്നത്. 1637-ൽ ഷാജഹാൻ ആണ് ഖാസ് മഹലിനൊപ്പം ഈ തോട്ടവും പണികഴിപ്പിച്ചത്. സമചതുരാകൃതിയിലുള്ള തോട്ടത്തിന്റെ കിഴക്കുവശത്ത് ഖാസ് മഹലും മറ്റു മൂന്നു വശത്തും സ്ത്രീകളുടെ അന്തഃപുരങ്ങളുമായിരുന്നു. ചാർ ബാഗ് രീതിയിലുള്ള തോട്ടത്തിന്റെ മദ്ധ്യഭാഗവും വിഭജിക്കുന്ന ചാലുകളും വെളുത്ത മാർബിൾ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.[4]

ഖാസ് മഹൽ

[തിരുത്തുക]
ഖാസ് മഹൽ - തൊട്ടുപടിഞ്ഞാറൂള്ള അങ്കുരി ബാഗിന്റെ ഭാഗങ്ങളും ചിത്രത്തിൽ കാണാം.

1631-40 കാലഘട്ടത്തിൽ ഷാജഹാൻ ആണ് ഖാസ് മഹൽ അഥവാ ആരാംഗാഹ്-ഇ-മുഖദ്ദർ എന്ന വെണ്ണക്കൽമന്ദിരം പണികഴിപ്പിച്ചത്. മുൻപ്, ഇവിടെ അക്ബർ പണികഴിപ്പിച്ച ചുവന്ന മണൽക്കല്ലുകൊണ്ടുള്ള കൊട്ടാരം നിലനിന്നിരുന്നു.[5]

ഖാസ് മഹലിന്റെ കിഴക്കുവശത്ത് യമുനാനദിയും പടിഞ്ഞാറ് അങ്കുരി ബാഗുമാണ്. ഷാജഹാന്റെ പ്രിയപ്പെട്ട രണ്ടു പെൺമക്കളായിരുന്ന ജഹാനാറക്കും റോഷനാറക്കും വേണ്ടിയായിരുന്നു ഈ മാളിക പണികഴിപ്പിച്ചത്. വെണ്ണക്കല്ലുകൊണ്ട് നിർമ്മിച്ചതും ജലധാരയോടുകൂടിയതുമായ മനോഹരമായ ഒരു കുളവും ഈ മാളികക്കു മുന്നിലായുണ്ട്.[6]

ദിവാൻ-ഇ ഖാസ്

[തിരുത്തുക]
ചിത്രത്തിൽ വലത്തേ അറ്റത്ത് കാണുന്ന മന്ദിരമാണ് ദിവാൻ ഇ ഖാസ്. ദിവാൻ ഇ ഖാസിനു മുറ്റത്ത്, ഇടത്തേ അറ്റത്ത് കറുത്ത നിറത്തിലുള്ള ജഹാംഗീറിന്റെ സിംഹാസനം കാണാം. മച്ചി ഭവന്റെ നടുമുറ്റമാണ് താഴെ കാണുന്നത്.

കോട്ടയിലെ ചക്രവർത്തിയുടേയും പ്രഭുക്കന്മാരുടേയും സ്വകാര്യസഭയാണ് ദിവാൻ-ഇ ഖാസ് എന്ന വെണ്ണക്കൽ മന്ദിരം. 1635-ൽ ചക്രവർത്തി ഷാജഹാൻ ആണ് ഈ മന്ദിരം പണികഴിപ്പിച്ചത്. രണ്ട് അറകളായി തിരിച്ചിരിക്കുന്ന ഈ മന്ദിരത്തിന്റെ മുന്നിലെ തുറന്ന ഭാഗം തൂണുകളോടു കൂടിയതാണ്. ഉള്ളിലെ അറ അഞ്ചു കമാനങ്ങളാൽ വേർതിരിച്ചിരിക്കുന്നു. [7] ഉള്ളിലെ ഈ അറ തമ്പി ഖാന എന്ന പേരിലാണ് അറിയപ്പെടുന്നത്. മരം കൊണ്ടൂള്ള പരന്ന മേൽക്കൂരയാണ് ഈ മന്ദിരത്തിനുള്ളത്. ഷാജഹാന്റെ കാലത്തെ മറ്റു കെട്ടിടങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ കെട്ടിടത്തിനു മുകളിൽ താഴികക്കുടങ്ങളില്ല.[8] ദിവാൻ ഇ ഖാസിനു മുന്നിൽ ഒരു വലിയ മുറ്റവുമുണ്ട്.

മൂസമ്മൻ ബുർജ്

[തിരുത്തുക]
മൂസമ്മൻ ബുർജ്

ദിവാൻ ഇ ഖാസിന് തൊട്ടുകിഴക്ക് സ്ഥിതി ചെയ്യുന്ന അഷ്ടഭുജാകൃതിയിലുള്ള മനോഹരമായ വെണ്ണക്കൽമന്ദിരമാണ് മൂസമ്മൻ ബുർജ്. സമാൻ ബുർജ്, ഷാ ബുർജ് എന്നീ പേരുകളിലും ഈ മന്ദിരം അറിയപ്പെടുന്നു. ഷാജഹാൻ, തന്റെ പ്രിയഭാര്യ മുംതാസ് മഹലിനു വേണ്ടി നിർമ്മിച്ചതാണ് ഈ മാളിക എന്ന് കരുതുന്നു. യമുനയുടെ തീരത്തുള്ള ഈ മാളികയിൽ നിന്നും നദിക്കപ്പുറത്തെ താജ് മഹൽ മനോഹരമായി വീക്ഷിക്കാനാകും.

പുത്രനായ ഔറംഗസീബ് തടവിലാക്കിയതിനെത്തുടർന്ന്, ഷാജഹാൻ തന്റെ ജീവിതത്തിന്റെ അവസാന ഏഴുവർഷം കഴിച്ചുകൂട്ടിയത്, ഈ മാളികയിൽ ആയിരുന്നു എന്നും കരുതപ്പെടുന്നു.

അക്ബറുടെ കാലത്ത് ചുവന്ന മണൽക്കല്ലുകൊണ്ട് നിർമ്മിച്ച ഒരു മാളിക ഇതേ സ്ഥാനത്ത് നിലനിന്നിരുന്നു. സൂര്യാരാധനക്കും, ഝരോഖയായുമാണ് അക്ബർ ഈ മാളിക ഉപയോഗപ്പെടുത്തിയിരുന്നത്. ഇതിന്റെ അഷ്ടഭുജാകൃതിയിലുള്ള രൂപഘടന മൂലമാണ് മൂസമ്മൻ ബുർജ് എന്ന പേരുവന്നത്.1632-40കാലയളവിൽ വെണ്ണക്കല്ലുപയോഗിച്ച് ഷാജഹാൻ ഈ മാളിക പുതുക്കിപ്പണിതു.[9]

ജഹാംഗീറിന്റെ സിംഹാസനം

[തിരുത്തുക]
ജഹാംഗീറിന്റെ സിംഹാസനം - പുറകിൽ യമുനാനദിക്കപ്പുറത്ത് താജ് മഹൽ കാണാം. പുറകിൽ വലത്തേ അറ്റത്ത് കാണുന്നത് മൂസമ്മൻ ബുർജ് ആണ്.

ദിവാൻ ഇ ഖാസിനു മുന്നിലെ മുറ്റത്ത്, കിഴക്കേ അറ്റത്ത് മദ്ധ്യത്തിലായി നിലകൊള്ളുന്ന കറുത്ത നിറത്തിലുള്ള പീഠമാണ് തഖ്ത് ഇ ജഹാംഗീർ അഥവാ ജഹാംഗീറിന്റെ സിംഹാസനം. 1602-ൽ തന്റെ പിതാവും ചക്രവർത്തിയുമായിരുന്ന അക്ബറുമായി എതിർപ്പിൽ കഴിഞ്ഞിരുന്ന ജഹാംഗീർ, അലഹബാദിൽ വച്ചാണ് തനിക്കായി ഈ സിംഹാസനം നിർമ്മിച്ചത്. അലഹബാദ് കോട്ടയിലായിരുന്നു ആദ്യം ഈ സിംഹാസനം സ്ഥാപിച്ചിരുന്നത്. 1605-ൽ അക്ബറിന്റെ മരണാനന്തരം, ജഹാംഗീർ ചക്രവർത്തിയായതിനു ശേഷവും കുറച്ചുവർഷങ്ങൾ ഇത് അലഹബാദിൽത്തന്നെ തുടർന്നു. 1610-ലാണ് ജഹാംഗീർ ഈ സിംഹാസനം, അലഹബാദിൽ നിന്നും ആഗ്രയിലേക്ക് കൊണ്ടുവന്നത്.[10]

ബെൽജിയത്തിൽ നിന്നും ഇറക്കുമതി ചെയ്ത ഒനിക്സ് എന്ന കല്ലുകൊണ്ടാണ് ജഹാംഗീർ ഈ സിംഹാസനം പണിയിച്ചിരിക്കുന്നത്. 10 അടി 7 ഇഞ്ച് നീളവും, 9 അടി 10 ഇഞ്ച് വീതിയും, 6 ഇഞ്ച് കനവും ഈ ഇരിപ്പിടത്തിനുണ്ട്. 1 അടി 4 ഇഞ്ച് ഉയരമുള്ള ഇതിന്റെ കാലുകൾ അഷ്ടഭുജാകൃതിയിലുള്ളതാണ്. ഒറ്റക്കല്ലുകൊണ്ടുള്ള ഇതിന്റെ മുകളിലെ പ്രതലം ഒരു ആമയുടെ പുറംതോടെന്ന പോലെ മദ്ധ്യഭാഗത്തുനിന്ന് വശങ്ങളിലേക്ക് അൽപം ചെരിവുനൽകി നിർമ്മിച്ചിട്ടുള്ളതാണ്.[10]

1803-ൽ ജനറൽ ജെറാഡ് ലേക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യം, ആഗ്ര കോട്ട ആദ്യമായി ആക്രമിച്ചപ്പോൾ പീരങ്കിയുണ്ട പതിച്ച് ഈ സിംഹാസനത്തിൽ ഒരു വലിയ വിള്ളൽ വീണു.

ദിവാൻ ഇ ആം

[തിരുത്തുക]
ദിവാൻ ഇ ആം

കോട്ടയിലെ പൊതുസഭയാണ് ദിവാൻ ഇ ആം (സാധാരണക്കാർക്കുള്ള സഭ) എന്ന മന്ദിരം. 1631-40 കാലയളവിൽ ഷാജഹാൻ ആണ് ഈ മന്ദിരം പണിതീർത്തത്. പരന്ന മേൽക്കൂരയുള്ള ഈ വൻ സഭാമണ്ഡപത്തിന് 201 അടി നീളവും 67 അടി വീതിയുമുണ്ട്. മന്ദിരത്തിനു മുന്നിൽ വലിയ ഒരു മുറ്റവുമുണ്ട്. ഈ മുറ്റത്തേക്ക് പ്രവേശിക്കുന്നതിന് വടക്കും തെക്കും വശങ്ങളിൽ നിന്നും ചുവന്ന മണൽക്കല്ലുകൊണ്ടുണ്ടാക്കിയ രണ്ടു കമാനാകൃതിയിലുള്ള കവാടങ്ങളുണ്ട്.[11]

മുഗൾ വാസ്ത്രുകലാരീതിയിൽ രാജസഭകൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന പ്രധാനപ്പെട്ട ശൈലിയായ ചിഹിൽ സുതുൻ ശൈലിയിലാണ് ഈ സഭ നിർമ്മിച്ചിരിക്കുന്നത്. നാൽപതു തൂണുകളാണ് ഈ വാസ്തു��ൈലിയുടെ പ്രത്യേകത. സഭക്കു നടുവിലെ ചക്രവർത്തിയുടെ ഇരിപ്പിടത്തിൽ നിന്നും വടക്കും തെക്കുമുള്ള കവാടങ്ങളിലേക്ക് വ്യക്തമായ വീക്ഷണം ലഭിക്കുന്ന രീതിയിലാണ് ഈ തൂണുകളുടെ ക്രമീകരണം.

ചക്രവർത്തിയുടെ ഇരിപ്പിടം (തഖ്ത് ഇ മുറാസ്സ)

ചുവന്ന മണൽക്കല്ലുകൊണ്ടാണ് ഈ മാളിക ��ിർമ്മിക്കപ്പെട്ടിരിക്കുന്നതെങ്കിലും വെണ്ണക്കല്ലിന്റെ പ്രതീതി നൽകുന്നതിന് പുറത്ത് വെളുത്ത ചുണ്ണാമ്പുകൂട്ട് തേച്ചുപിടിപ്പിച്ചിട്ടുണ്ട്. ദിവാൻ ഇ ആമിനുള്ളിൽ ചക്രവർത്തിക്ക് ഇരിക്കുന്നതിനുള്ള അറ വെണ്ണക്കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. തഖ്ത്-ഇ മുറാസ്സ (സിംഹാസനമുറീ) എന്നറിയപ്പെടുന്ന ഈ അറക്ക് മൂന്ന് കമാനങ്ങൾ കൊണ്ടലങ്കരിച്ച മുഖമാണുള്ളത്.[11]

ശിപായിലഹളക്കാലത്ത്, ഈ കോട്ടയിൽ വെച്ച് മരണപ്പെട്ട ബ്രിട്ടീഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയുടെ ലഫ്റ്റനന്റ് ഗവർണർ ആയിരുന്ന ജോൺ റസൽ കോൾവിന്റെ ശവകുടീരം ദിവാൻ ഇ ആമിന്റെ മുൻപിലായി നിലകൊള്ളുന്നുണ്ട്.

കുറിപ്പുകൾ

[തിരുത്തുക]

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://whc.unesco.org/en/list/251. {{cite web}}: Missing or empty |title= (help)
  2. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 61, ISBN 81 7450 724
  3. http://www.agraindia.org.uk/agra-fort/akbari-mahal.html
  4. "Anguri Bagh". Retrieved 2010 സെപ്റ്റംബർ 26. {{cite web}}: Check date values in: |accessdate= (help)
  5. ഖാസ് മഹലിന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന വിവരഫലകം
  6. "Khas Mahal". Retrieved 2010 ഒക്ടോബർ 2. {{cite web}}: Check date values in: |accessdate= (help)
  7. ദിവാൻ ഇ ഖാസിനു മുൻപിൽ സ്ഥാപിച്ചിട്ടുള്ള ഫലകത്തിലെ വിവരങ്ങൾ
  8. "Diwan-i-khas". Retrieved 20 ഒക്ടോബർ 2010.
  9. മൂസമ്മൻ ബുർജിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ഫലകത്തിൽ നിന്നുള്ള വിവരങ്ങൾ
  10. 10.0 10.1 ജഹാംഗീറിന്റെ സിംഹാസനത്തിനു മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ഫലകത്തിൽ നിന്നുള്ള വിവരങ്ങൾ
  11. 11.0 11.1 "Diwan-i Am". Retrieved 22 ഒക്ടോബർ 2010.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആഗ്ര_കോട്ട&oldid=3721667" എന്ന താളിൽനിന്ന് ശേഖരിച്ചത്