ഡയോജനസ്
ജനനം | c. 412 BCE Sinope |
---|---|
മരണം | 323 BCE Corinth |
കാലഘട്ടം | Ancient philosophy |
പ്രദേശം | Western Philosophy |
ചിന്താധാര | Greek philosophy, Cynicism |
പ്രധാന താത്പര്യങ്ങൾ | Asceticism, Cynicism |
ശ്രദ്ധേയമായ ആശയങ്ങൾ | Cynic philosophy |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ
|
ബി. സി. 4-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു യവന ചിന്തകനായിരുന്നു ഡയോജനസ്. സ്വന്തം നഗരത്തിൽ നിന്ന് നാടുകടത്തപ്പെട്ടതിനെ തുടർന്ന് ഏഥൻസിൽ എത്തിയ ഇദ്ദേഹം ആന്റിസ്തെനിസിന്റെ സിദ്ധാന്തങ്ങളിൽ ആകൃഷ്ടനായി. ദോഷദർശനസ്വഭാവത്തിന്റെ പ്രതീകമായ ഇദ്ദേഹത്തെ ചിത്തഭ്രമം ബാധിച്ച സോക്രട്ടീസ് എന്ന് പ്ലേറ്റോ വിശേഷിപ്പിച്ചിരുന്നു.
ഡയോജനസിന്റെ വ്യക്തിത്വം
[തിരുത്തുക]ഡയോജനസിന്റെ വ്യക്തിത്വത്തെക്കുറിച്ചു രണ്ടു വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. നിലവിലിരുന്ന സാമൂഹിക ജീവിത വ്യവസ്ഥിതിയെ അധിക്ഷേപിച്ചു കൊണ്ടു ഒരു ഭ്രാന്തനെപ്പോലെ ഏഥൻസിലും കൊരിന്തിലും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഒരു വ്യക്തിയായിട്ടാണ് ഉപാഖ്യാനങ്ങൾ ഇദ്ദേഹത്തെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ, ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ സാമൂഹിക അനീതികൾക്കെതിരേ ശക്തമായി പോരാടിയ ഒരു ചിന്തകൻ എന്നാണ് ഇദ്ദേഹത്തെ വിലയിരുത്തിയിട്ടുള്ളത്.
ഡയോജനസിന്റെ ആശയങ്ങൾ
[തിരുത്തുക]പരസ്പര വിദ്വേഷവും അഴിമതിയും നിറഞ്ഞ ലോകത്ത് സന്തോഷകരമായ ജീവിതം നയിക്കുന്നതിനുള്ള മാർഗ്ഗത്തെക്കുറിച്ചാണ് ഡയോജനസ് ഉദ്ബോധിപ്പിച്ചത്. ആത്മസാക്ഷാത്കാരവും ആത്മനിയന്ത്രണവുമാണ് ഇതിനുള്ള ഉപാധികൾ. ജീവിതം നിലനിർത്തുന്നതിന് അവശ്യം വേണ്ടതു മാത്രമേ ഒരാൾ ആഗ്രഹിക്കാവൂ. മറ്റെല്ലാ ആഗ്രഹങ്ങളെയും ത്യജിക്കുന്നതിലൂടെ ആത്മീയസ്വാതന്ത്ര്യം നേടാം. ഇതുവഴി ആത്മനിയന്ത്രണവും ആത്മസാക്ഷാത്കാരവും സ്വായത്തമാവും. തന്റെ ആശയങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തുന്നതിനു വേണ്ടി ശാരീരികവും മാനസികവുമായ കടുത്ത പീഡകൾ ഇദ്ദേഹം സഹിച്ചിരുന്നു.
പ്രവൃത്തികൾക്ക് പ്രാധാന്യം കല്പിച്ച വ്യക്തി
[തിരുത്തുക]വാക്കുകളേക്കാൾ പ്രവൃത്തികൾക്കാണ് ഡയോജനസ് പ്രാധാന്യം നൽകിയത്. സിദ്ധാന്തങ്ങളിലല്ല, പ്രവൃത്തികളിലാണ് നന്മ സ്ഥിതിചെയ്യുന്നതെന്ന് ഇദ്ദേഹം വിശ്വസിച്ചു, പ്രചരിപ്പിച്ചു. ഈ ആശയങ്ങളെ സാധൂകരിക്കുന്നതിനായി ശൈത്യകാലത്ത് ഇദ്ദേഹം പ്രതിമകളെ ആലിംഗനം ചെയ്യുകയും പകൽ സമയത്തു വിളക്കു കത്തിച്ചു പിടിച്ച് തെരുവീഥികളിലൂടെ മനുഷ്യനെ തിരഞ്ഞുനടക്കുകയും ചെയ്തിരുന്നു. അലക്സാണ്ടർ തുടങ്ങിയ ഉന്നതവ്യക്തികളുടെ ചെയ്തികളെയും ഇദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു.
മനുഷ്യന്റെ ശോചനീയാവസ്ഥയെ ചിത്രീകരിക്കുന്ന ദു:ഖപര്യവസായികളായ നാടകങ്ങൾ ഡയോജനസ് രചിച്ചിട്ടുണ്ട്. യാഥാസ്ഥിതികമാമൂലുകളെ വിമർശിക്കുന്ന റിപ്പബ്ലിക് ആണ് ഏറ്റവും പ്രധാനകൃതി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Diogenes The Dog from Millions of Mouths
- Diogenes of Sinope
- Teachings of Diogenes Archived 2015-05-22 at the Wayback Machine
- James Grout: Diogenes the Cynic, part of the Encyclopædia Romana
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയോജനസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |