Jump to content

രാജീവ് ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാജീവ്‌ ഗാന്ധി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജീവ് ഗാന്ധി
Rajiv Gandhi in 1987
Rajiv Gandhi
6th Prime Minister of India
ഓഫീസിൽ
31 October 1984 – 2 December 1989
രാഷ്ട്രപതിZail Singh
R. Venkataraman
മുൻഗാമിIndira Gandhi
പിൻഗാമിV. P. Singh
Leader of the Opposition
ഓഫീസിൽ
18 December 1989 – 23 December 1990
പ്രധാനമന്ത്രിV. P. Singh
മുൻഗാമിVacant
പിൻഗാമിL. K. Advani
President of the Indian National Congress
ഓഫീസിൽ
1985–1991
മുൻഗാമിIndira Gandhi
പിൻഗാമിP. V. Narasimha Rao
Member of Parliament
for Amethi
ഓഫീസിൽ
17 August 1981 – 21 May 1991
മുൻഗാമിSanjay Gandhi
പിൻഗാമിSatish Sharma
വ്യക്തിഗത വിവരങ്ങൾ
ജനനം
Rajiv Gandhi

20 August 1944
Bombay, Bombay Presidency, British India
(now Mumbai, Maharashtra, India)
മരണം21 May 1991 (aged 46)
Sriperumbudur, Tamil Nadu, India
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
പങ്കാളിസോണിയാ ഗാന്ധി
കുട്ടികൾരാഹുൽ ഗാന്ധി
പ്രിയങ്ക വാധ്ര
മാതാപിതാക്കൾ(s)ഫിറോസ് ഗാന്ധി
ഇന്ദിരാഗാന്ധി
അൽമ മേറ്റർTrinity College, Cambridge
Imperial College London

രാജീവ് രത്ന ഗാന്ധി (ഓഗസ്റ്റ് 20, 1944 - മേയ് 21,1991) ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു (1984–1989)[1]. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു[2]. മരണാനന്തരം 1991 ൽ രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചു[3] .

കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി പഠനം നടത്തിയെങ്കിലും ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല[4]. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയൻ വംശജയായ സോണിയാ മൈനോ എന്ന പെൺകുട്ടിയെ പിന്നീട് വിവാഹം കഴിച്ചു[5]. പിന്നീട് രാജീവ് ഇന്ത്യൻ എയർലൈൻസിൽ വൈമാനികനായി ഉദ്യോഗത്തിൽ ചേർന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തിൽ രാജീവ് തീരെ തൽപ്പരനായിരുന്നില്ല[2]. എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് വരികയുണ്ടായി[2]. ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു.

1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ രാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491 ൽ 404 സീറ്റുകൾ കരസ്ഥമാക്കിയാണ് അത്തവണ കോൺഗ്രസ്സ് വിജയിച്ചത്[6]. രാജീവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒട്ടനവധി നവീന പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങൾ നടപ്പിലാക്കി[7]. അമേരിക്കയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനും രാജീവ് ശ്രദ്ധിച്ചു[8]. അയൽരാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളിൽ ഇന്ത്യ സൈനികമായി ഇടപെട്ടത് രാജീവിന്റെ നേതൃത്വത്തിലാണ്. 1987 ബോഫോഴ്സ് വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.

1991 ലെ പൊതുതിരഞ്ഞെടുപ്പു വരെ രാജീവ് കോൺഗ്രസ്സ് പ്രസിഡന്റായി തുടർന്നു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെട്ടു[9].

ആദ്യകാല ജീവിതം

[തിരുത്തുക]

"ഇന്ദുവിന് ഇന്നൊരു ആൺകുട്ടി ജനിച്ചു,ഇരുവരും സുഖമായിരിക്കുന്നു. ഞാനൊരു മുത്തച്ഛനായി"

രാജീവ് ജനിച്ച ദിവസം ജവഹർലാൽ നെഹ്രു തന്റെ ഡയറിയിൽ രേഖപ്പെടുത്തിയത്. [10].

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ 1944 ഓഗസ്റ്റ് 20നു ബോംബെയിൽ രാജീവ് ഗാന്ധി ജനിച്ചു. അമ്മ ഇന്ദിരാഗാന്ധിയും അച്ഛൻ ഫിറോസ് ഗാന്ധിയും വേറിട്ടുജീവിച്ചിരുന്നതുമൂലം അമ്മയുടെ കൂടെ മുത്തച്ഛന്റെ അലഹബാദിലെ വീട്ടിലാണു രാജീവ് വളർന്നുവന്നത്[11]. എന്നിരിക്കിലും ഒരു പിതാവിന്റെ ചുമതലകൾ എല്ലാം തന്നെ ഫിറോസ് ഭംഗിയായി ചെയ്തിരുന്നു. കുട്ടികളുടെയൊപ്പം അവധിയാഘോഷിക്കാൻ തിരക്കുകൾക്കിടയിലും ഫിറോസ് ലക്നൗവിൽ നിന്നും പ്രയാഗിലേക്കോ,ഡെൽഹിയിലേക്കോ പറന്നെത്തുമായിരുന്നു. രാജീവിന് പതിനാറു വയസ്സുള്ളപ്പോൾ പിതാവ് ഫിറോസ്, ഹൃദയാഘാതം വന്ന് മരണമടഞ്ഞു[12].

ശൈശവകാലത്തെ ഒരു ചിത്രം

നഴ്സറി ക്ലാസ്സുകൾക്കായി രാജീവിനെ അടുത്തുള്ള ശിവനികേതൻ എന്ന സ്കൂളിലാണ് ചേർത്തത്. പിന്നീട് ഡെറാഡൂണിലുള്ള വെൽഹാം ബോയ് സ്കൂളിലും, ഡൂൺ സ്കൂളിലും ആയാണ് രാജീവ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1962 ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുവാനായി ലണ്ടൻ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളേജിൽ ചേർന്നു[13]. കേംബ്രിഡ്ജിൽനിന്ന് രാജീവിന് ബിരുദം പൂർത്തിയാക്കാനായില്ല. ലണ്ടനിൽ നിന്നും മടങ്ങി വന്ന രാജീവ് ഡെൽഹി ഫ്ലൈയിംഗ് ക്ലബിൽ ചേർന്നു[14]. ഒരു വൈമാനികനാവുക എന്നതായിരുന്നു രാജീവന്റെ ആഗ്രഹം. ലണ്ടൻ കാലഘട്ടത്ത് തന്നെ ഒരു വൈമാനികനാകാനുള്ള സ്വപ്നങ്ങൾ രാജീവിനുണ്ടായിരുന്നു എന്ന് സോണിയാ ഗാന്ധി ഓർമ്മിക്കുന്നു[15]. മികച്ച ഒരു വൈമാനികനായാണ് രാജീവ് തന്റെ പരിശീലനം പൂർത്തിയാക്കിയത്.


കേംബ്രിഡ്ജിലെ പഠനകാലത്ത് ലണ്ടനിൽ‌വെച്ചാണ് സോണിയ മൈനോ എന്ന ഇറ്റലിക്കാരിയായ യുവതിയുമായി പ്രണയത്തിലാവുന്നത്. അവർ 1969-ൽ വിവാഹിതരായി. സോണിയയുടെ കുടുംബത്തിനും ഇന്ദിരാഗാന്ധിക്കും ഈ വിവാഹത്തിൽ താല്പര്യമില്ലായിരുന്നു എന്നു പറയപ്പെടുന്നു. ഒരു പ്രബലമായ രാഷ്ട്രീയ കുടുംബവുമായി, പ്രത്യേകിച്ച് ഇന്ത്യയിലെ പ്രഥമ കുടുംബവുമായി, ഒരു ബന്ധം സോണിയയുടെ കുടുംബം ആഗ്രഹിച്ചില്ല. രാജീവ് ഒരു ഇന്ത്യൻ പെൺകുട്ടിയെ വിവാഹം ചെയ്യണം എന്നതായിരുന്നത്രെ ഇന്ദിരയുടെ ആഗ്രഹം. പക്ഷേ രാജീവിന്റേയും സോണിയയുടേയും വിവാഹനിശ്ചയ വാർത്ത വളരെ സന്തോഷത്തോടെയാണ് ഇന്ദിര തന്നെ വിളിച്ചറിയിച്ചതെന്ന് നെഹ്രുവിന്റെ സഹോദരിയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് ഓർമ്മിക്കുന്നു[16].

രാഷ്ട്രീയത്തിലേക്ക്

[തിരുത്തുക]

ഇന്ത്യയിൽ മടങ്ങിയെത്തിയ രാജീവ് ഗാന്ധി ഇന്ത്യൻ എയർലൈൻസിൽ ഒരു വൈമാനികനായി ജോലിയിൽ പ്രവേശിച്ചു. ശാന്തസ്വഭാവിയായ രാജീവ് രാഷ്ട്രീയത്തിൽ വലിയ താല്പര്യം കാട്ടിയില്ല. എന്നാൽ അനുജൻ സ‌ഞ്ജയ് ഗാന്ധി അമ്മയുടെ വലംകയ്യും അധികാരം ആസ്വദിക്കുന്ന പ്രകൃതക്കാരനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരു മന്ത്രിപോലുമല്ലായിരുന്ന സഞ്ജയ് ഗാന്ധിയുടെ വാഹനം കടന്നുപോകുമ്പോൾ ദില്ലിയിലെ റോഡുകൾ മണിക്കൂറുകളോളം ഒഴിച്ചിടുക പതിവായിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് സഞ്ജയ് ഇന്ദിരാ ഗാന്ധിയുടെ വലംകൈയ്യായി പ്രവർത്തിച്ചിരുന്നു [17]. ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയെ തന്റെ പിൻ‌ഗാമിയായി കരുതിയിരുന്നു. എന്നാൽ 1980-ൽ സ്വയം പറപ്പിച്ച സ്വകാര്യ വിമാനം തകർന്നു സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജീവ് ഗാന്ധിക്ക് വിമുഖമായിട്ടാണെങ്കിലും രാഷ്ട്രീയപ്രവേശനം നടത്തേണ്ടിവന്നു[18]. സഞ്ജയിന്റെ മരണത്തോടെ നെഹ്രു കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തു. സഞ്ജയിന്റെ ഭാര്യ മനേകാ ഗാന്ധി നമ്പർ 1 സഫ്ദർജംഗ് എന്നു പേരുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ നിന്നും താമസം മാറ്റുകയുണ്ടായി[19].

1981 ഫെബ്രുവരിയിൽ രാജീവ് ഗാന്ധി ഉത്തർപ്രദേശിലെ അമേഥി യിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു[20][21]. സഞ്ജയ് ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഥി. തൊട്ടുപിന്നാലെ തന്നെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ സോണിയയ്ക്കും രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ താല്പര്യം ഇല്ലായിരുന്നു. ഇതേ സമയത്ത് രാജീവ് 1982 ലെ ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയിലും അംഗമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും കായികവകുപ്പു മന്ത്രിയുമായിരുന്ന സർദാർ ഭൂട്ടാ സിങ് ആയിരുന്നു സമിതി ചെയർമാൻ. പത്രങ്ങൾക്കു നൽകിയ അഭിമുഖത്തിൽവരെ രാഷ്ട്രീയത്തിൽ മത്സരിക്കയില്ല എന്നു രാജീവ് പറഞ്ഞു. എങ്കിലും ഒടുവിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി രാജീവി മത്സരിക്കാൻ സമ്മതിക്കുകയായിരുന്നു[22]. ഈ തീരുമാനം നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയാധിപത്യമായി കണ്ടു പത്രങ്ങളും പ്രതിപക്ഷവും രൂക്ഷമായി വിമർശിച്ചു.

ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റുമരിച്ചപ്പോൾ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലേക്ക് നിർബന്ധിച്ചാനയിച്ചു[23]. നെഹ്രുവിന്റേയും,ഇന്ദിരയുടേയും പ്രതിച്ഛായയിലുപരി രാജീവിന്റെ വ്യക്തിത്വം കൂടിയുണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പിനു പിന്നിൽ, രാജീവിന് ഇന്ത്യയെ നയിക്കാനുള്ള കഴിവുണ്ടാവുമെന്ന് കോൺഗ്രസ്സ് പ്രവർത്തകർ വിശ്വസിച്���ു. ഇന്ദിരയുടെ മരണത്തിനും സിഖ് കൂട്ടക്കൊലകൾക്കും പിന്നാലെ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ (540 അംഗ സഭയിൽ 405 സീറ്റുകൾ) രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നു[24]. ഇന്ദിരയുടെ മരണം ഉണർത്തിവിട്ട ഞെട്ടലിലും രാജീവ് തരംഗത്തിലും നടന്ന ആ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് രണ്ടു സീറ്റുകൾ മാത്രമേ ലഭിച്ചുളളൂ[24]. അത്ര ശക്തമായിരുന്നു നെഹ്രു കുടുംബത്തിനുവേണ്ടിയുള്ള ജനഹിതം.

പ്രധാനമന്ത്രി

[തിരുത്തുക]

ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറീസ്സ യിലായിരുന്ന രാജീവിനെ കോൺഗ്രസ് നേതാക്കളും അന്നു രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയിൽ‌സിംഗും പ്രധാനമന്ത്രി പദത്തിലേറാൻ നിർബന്ധിച്ചു[25]. ഇന്ദിരയുടെ മരണം ഉണർത്തിവിട്ട സിഖ് വിരുദ്ധ കലാപം നിയന്ത്രിക്കാൻ രാജീവ് വേണ്ടതു ചെയ്തില്ല എന്ന് അപഖ്യാതിയുണ്ടായിരുന്നു,പക്ഷേ പുതിയതായി പ്രധാനമന്ത്രിക്കസേരയിലെത്തിയ രാജീവിന് ഈ കലാപം നിയന്ത്രിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ല എന്നു പറഞ്ഞ ഈ വാദത്തെ ചിലർ ഖണ്ഡിക്കുന്നു[26]. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് “വന്മരങ്ങൾ വീഴുമ്പോൾ ഭൂമി അല്പം കുലുങ്ങുന്നത് സ്വാഭാവികമാണ്” എന്ന് രാജീവ് ഗാന്ധി പറഞ്ഞത് സിഖു വിരുദ്ധ കലാപത്തിലെ ഇരകളുടെ ബന്ധുക്കൾക്കിടയിൽ വളരെ പ്രതിഷേധമുണ്ടാക്കി[27]. പ്രധാനമന്ത്രി പദം സ്വീകരിച്ച രാജീവ് കോൺഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയായ അദ്ദേഹം പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പു നടത്താൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ഇന്ദിരയുടെ മരണം ഉണർത്തിവിട്ട സഹതാപ തരംഗത്തിൽ, ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇന്ത്യൻ പാർലമെന്റിലെ എക്കാലത്തെയും വലിയ ഭൂരിപക്ഷം ലഭിച്ചു. രാജീവിന്റെ യുവത്വവും അഴിമതിക്കറ പുരളാത്ത പ്രതിച്ഛായയും കോൺഗ്രസ് ജയത്തിന് മാറ്റുകൂട്ടി. ഇന്ത്യൻ ജനത കോൺഗ്രസിനെ വീണ്ടും ഹൃദയത്തിലേറ്റിത്തുടങ്ങി.

ഒരു സമ്മാനവിതരണചടങ്ങിൽ രാജീവ്

വിദേശനയം

[തിരുത്തുക]

ഭരണരംഗത്ത് രാജീവ് ഗാന്ധിയുടെ പല നടപടികളും ഇന്ദിര തിരഞ്ഞെടുത്ത പാതയിൽനിന്നു വേറെയായിരുന്നു. രാജീവ് അമേരിക്കയുമായുള്ള ബന്ധം ഊഷ്മളമാക്കി. ഇന്ദിരയുടെ കാലത്ത് റഷ്യയുമായുള്ള അടുത്ത സൌഹൃദത്തിന്റെ പേരിലും സോഷ്യലിസ്റ്റ് ഭരണരീതികളുടെ പേരിലും ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം ഒട്ടുംതന്നെ സൌഹാർദ്ദപരമായിരുന്നില്ല. 1985 ജൂൺ 11 മുതൽ 15 വരെ രാജീവ് ഗാന്ധി അമേരിക്ക സന്ദർശിക്കുകയുണ്ടായി. ആസൂത്രിത തീവ്രവാദത്തിനെതിരേ ഒരുമിച്ചു പടപൊരുതാനുള്ള ഒരു കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പു വെച്ചു, കൂടാതെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഉഭയകക്ഷി സഹകരണവും ധാരണയായി[28]. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പകർച്ചവ്യാധികൾക്കെതിരേ പുതിയ ഒരു വാക്സിൻ വികസിപ്പിച്ച്, ഉൽപ്പാദിപ്പിച്ച ഇന്ത്യക്കു നൽകാനും ഈ കരാറിലൂടെ തീരുമാനമായി[29]. ഇന്ത്യയുടെ താൽപ്പര്യങ്ങളെ ഹനിക്കാതെ തന്നെ അമേരിക്കയുമായി ഒരു നല്ല നയതന്ത്ര ബന്ധം കെട്ടിപ്പടുക്കുന്നതിൽ രാജീവ് വിജയിച്ചു എന്നു പറയപ്പെടുന്നു[30]. നെഹ്രുവിനു ശേഷം ചൈന സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി ഇന്ത്യാ-ചൈന ബന്ധത്തിലെ സംശയങ്ങളും വിശ്വാസമില്ലായ്മയും ഒരളവുവരെ പരിഹരിച്ചു. രാജ്യത്തിന്റെ ദീർഘകാലമായി നിലനിൽക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കുവാൻ രാജീവ് ശ്രമിച്ചു. മീസ്സോ കരാർ, ആസ്സാം കരാർ, പഞ്ചാബ് കരാർ എന്നിവ രാജീവ് ഗാന്ധി ഒപ്പുവെച്ചു. അയൽ രാജ്യങ്ങളുമായി ഇന്ത്യയുടെ വിദേശനയം വളരെ സൗഹാർദ്ദപരമായിരുന്നു. അതുകൊണ്ട് തന്നെയാണ് മാലിയിൽ വിമതരുടെ ആക്രമണം നടന്നപ്പോൾ പ്രസിഡന്റ് അബ്ദുൾ ഗയ്യൂം സഹായത്തിനായി അമേരിക്കയെ ആശ്രയിക്കാതെ ഇന്ത്യയുടെ അടുത്തു വന്നത്. അതുപോലെ തന്നെ ശ്രീലങ്കയിലെ സിംഹളീസ് ആക്രമണം നേരിടാൻ, ശ്രീലങ്കൻ നേതൃത്വം രാജീവിനെ ബന്ധപ്പെടാൻ ഒട്ടും തന്നെ അമാന്തിച്ചിരുന്നില്ല.

മാലി പ്രസിഡന്റിനെ അധികാരസ്ഥാനത്തു നിന്നും പുറത്താക്കാൻ വിമതർ നടത്തിയ ശ്രമത്തിനെ പരാജയപ്പെടുത്താൻ ഇന്ത്യൻ സൈന്യം അവിടെ ഓപ്പറേഷൻ കാക്ടസ് എന്ന പേരിൽ ഒരു സൈനിക ഇടപെടൽ നടത്തിയിരുന്നു[31]. 1988 ൽ എൺപതോളം ആയുധധാരികളായ തീവ്രവാദികൾ മാലിയിൽ ബോട്ടുകളിലായി വന്നിറങ്ങി പ്രധാനപ്പെട്ട ഭരണസംവിധാനങ്ങളെല്ലാം പിടിച്ചെടുക്കുകയുണ്ടായി. ഇവരെ സഹായിക്കാൻ നേരത്തെ തന്നെ മാലിയിൽ സഹായികൾ വേഷം മാറി വന്നിറങ്ങിയിട്ടുണ്ടായിരുന്നു. എന്നാൽ ഇവർക്ക് പ്രസിഡന്റ് അബ്ദുൾ ഗയ്യൂമിനെ പിടികിട്ടിയില്ല, അദ്ദേഹം ഒരു രഹസ്യസങ്കേതത്തിൽ ഒളിവിൽ പോയി. ഈ പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാൻ അബ്ദൾ ഗയ്യൂം ഇന്ത്യയുടെ സൈനിക സഹായം അഭ്യർത്ഥിച്ചു[32]. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉടനെതന്നെ 1,600 ത്തോളം വരുന്ന സൈനികരെ മാലിയി���േക്കയച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം മാലിയുടെ നിയന്ത്രണം തിരികെ പിടിച്ചു[33]. തീവ്രവാദികളിൽ ചിലർ പിടിക്കപ്പെട്ടു, ചിലർ കൊല്ലപ്പെട്ടു. ജീവനോടെ സൈന്യം പിടിച്ചവരെ ഗയ്യൂം സർക്കാർ വധശിക്ഷക്കോ, ജീവപര്യന്തം തടവിനോ വിധിക്കുയും ചെയ്തു. ഈ സൈനിക നടപടിയോടെ ഇന്ത്യയും മാലിയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമായി.

വികസനം

[തിരുത്തുക]

ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വികസനത്തെ രാജീവ് അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു[34][35]. കമ്പ്യൂട്ടറുകൾ, വിമാനങ്ങൾ, പ്രതിരോധ-വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവയ്ക്ക് ഉൾപ്പെടെ സാങ്കേതിക വ്യവസായങ്ങൾക്കുള്ള ഇറക്കുമതി ചുങ്കം രാജീവ് ഗണ്യമായി കുറച്ചു. ഇന്ത്യയിൽ വളർന്നു വരുന്ന പുതിയ തലമുറ യാഥാസ്ഥിതികമായ പഠന, അറിവുസമ്പാദന രീതികളിൽ നിന്നും മാറി ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യാ ഇതിനായി ഉപയോഗിക്കണമെന്ന് രാജീവ് ആഗ്രഹിച്ചു. ഇതിന്റെ ഭാഗമായി ആശയവിനിമയ സാങ്കേതികാ വിദ്യ സാധാരണ ജനങ്ങളിലേക്കെത്തിക്കാൻ രാജീവ് ശ്രമം തുടങ്ങി. സി-ഡോട്ട് എന്ന സ്ഥാപനത്തെ സർക്കാരിന്റെ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമാക്കി. സി-ഡോട്ടിനെ സ്വന്തമായി ലക്ഷ്യങ്ങൾ നിർവചിക്കാനും,അത് നേടിയെടുക്കാനും തക്ക കഴിവുള്ള ഒരു ഗവേഷണവികസന സ്ഥാപനമാക്കുകയായിരുന്നു രാജീവിന്റെ ലക്ഷ്യം. ഇന്ത്യയിൽ ആശയവിനിമയരംഗത്ത് ഒരു നവ ആശയമായിരുന്ന പബ്ലിക് കോൾ ഓഫീസുകൾ നടപ്പിലാക്കിയത് സാങ്കതികവിദ്യ സാധാരണജനങ്ങളിലേക്കെത്തികണം എന്നുള്ള രാജീവിന്റെ ഇച്ഛാശക്തിയായിരുന്നു[36][37].

രാജ്യത്തിന്റെ ലൈസൻസ് രാജ് - പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള ചുവപ്പുനാട ഗണ്യമായി കുറക്കുവാനുള്ള നടപടികൾ രാജീവ് ഗാന്ധി സ്വീകരിച്ചു. 1986-ൽ രാജീവ് ഗാന്ധി ഇന്ത്യയിൽ ഒട്ടാകെ ശാസ്ത്ര സാങ്കേതിക ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. വേഗത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ആയിരുന്നു രാജീവിന്റെ മനസ്സിലുണ്ടായിരുന്നത്[38]. അത് പ്രാവർത്തികമാക്കാൻ ഉള്ള ഇച്ഛാശക്തിയും ഉണ്ടായിരുന്നു യുവാവായ രാജീവിന്. ഏഴാം പഞ്ചവത്സരപദ്ധതിയിൽ സാമ്പത്തിക വളർച്ച 5.6 ശതമാനമായി ഉയർന്നു. വ്യാവസായിക വളർച്ച 8 ശതമാനമായിരുന്നു[39]. ദാരിദ്ര്യരേഖാ ശതമാനം 38 ൽ നിന്നും 28 ലേക്കു താഴ്ന്നു[40]. സമ്പദ് വ്യവസ്ഥയിൽ ഒരു ഉണർവ് പ്രകടമായിരുന്നു[41].

ഇന്ത്യയിൽ നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചത് 1986 ഇൽ രാജീവ് ഗാന്ധിയാണ്. ഗ്രാമങ്ങളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ നൽകുന്നതിനായുള്ള സർക്കാർ പദ്ധതിയാണ് നവോദയ വിദ്യാലയ. 1985 ലാണു ആദ്യത്തെ നവോദയ രൂപം കൊണ്ടതു്. പി.വി നരസിംഹറാവുവിന്റെ ആശയമാണു നവോദയ.രാജിവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു നവോദയ വിദ്യാലയങ്ങളുടെ തുടക്കം.തുടക്കത്തിൽ നവോദയ വിദ്യാലയം എന്ന പേരായിരുന്നു.പിന്നീടു പണ്ഡിറ്റ് ജവഹർലാൽ നെഹ്രു വിന്റെ 100 ആം ജന്മദിന വർഷത്തിൽ ജവഹർ നവോദയ വിദ്യാലയ എന്ന പേരു സ്വീകരിച്ചു.

ദേശീയ സുരക്ഷ

[തിരുത്തുക]

പഞ്ചാബിലെ തീവ്രവാദത്തെ അടിച്ചമർത്തുന്നതിനായി രാജീവ് സൈന്യത്തിനും പൊലീസിനും വിശാലമായ അധികാരങ്ങൾ നൽകി. പഞ്ചാബിൽ മിക്കസമയത്തും കർഫ്യൂ നിലനിൽക്കുകയും പൌരാവകാശങ്ങളും വാണിജ്യ, വിനോദസഞ്ചാര വ്യവസായങ്ങൾ തകരാറിലാവുകയും ചെയ്തു. ഈ കാലയളവിൽ പഞ്ചാബ് നിയന്ത്രിച്ച കെ.പി.എസ്. ഗില്ലിന്റെ കീഴിലുള്ള പൊലീസിനെതിരെ ഒരുപാട് മനുഷ്യാവകാശ ലംഘന പരാതികൾ ആരോപിക്കപ്പെട്ടു. കസ്റ്റഡി മരണങ്ങളും ‘ഏറ്റുമുട്ടൽ മരണങ്ങളും’ യുവാക്കളെ കാണാതാവുന്നതും സാധാരണമായിരുന്നു.എങ്കിലും തീവ്രവാദം നിയന്ത്രണത്തിലാവുകയും ഒടുവിൽ പതിയെ കെട്ടടങ്ങുകയും ചെയ്തു[42].

1984 ലെ സിഖു-വിരുദ്ധ കലാപത്തെക്കുറിച്ചന്വേഷിക്കാനുള്ള അഭ്യർത്ഥനകളെല്ലാം തന്നെ രാജീവ് തള്ളിക്കളഞ്ഞു. ഹിന്ദു-സിഖ് സംഘർഷം വീണ്ടും പഞ്ചാബിൽ ഉണ്ടായിക്കാണാൻ രാജീവ് ഇഷ്ടപ്പെട്ടിരുന്നില്ല. 1985ൽ നെഹ്രു കുടുംബത്തോട് വളരെ അടുത്ത ബന്ധങ്ങൾ ഉള്ളതായി കരുതപ്പെടുന്ന അർജൻ സിങിനെ രാജീവ് പഞ്ചാബിലെ ഗവർണറായി നിയമിച്ചു[43]. പഞ്ചാബിലെ പ്രശ്നങ്ങൾ നിയമലംഘനം എന്നതിലുപരി രാഷ്ട്രീയമായി സമവായത്തിലെത്തിക്കാനായി രാജീവ് ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അർജൻ സിങ്ങിന്റെ നിയമനം. കൂടാതെ സുവർണ്ണക്ഷേത്ര കലാപത്തിൽ ജയിലില���യിരുന്ന അകാലിദൾ നേതാവായ ഹർചന്ദ് സിങ് ലോങ്കോവാളിനെ മോചിപ്പിക്കാനും രാജീവ് അനുവാദം നൽകി[43]. തുടർച്ചയായ അനുനയശ്രമങ്ങൾകൊണ്ടും,ചർച്ചകൾകൊണ്ടും അകാലിദളിനേയും, രാജീവ് സർക്കാരിനേയും ഒരേ മേശയിലെത്തിച്ച് ഒരു ഉടമ്പടിയിൽ ഒപ്പു വെപ്പിക്കാൻ അർജൻ സിങിനു സാധിച്ചു. അർജൻ സിങിനെ പഞ്ചാബിൽ നിയമിക്കാൻ രാജീവ് എടുത്ത തീരുമാനത്തെ ന്യായീകരിക്കുന്ന ഒന്നായിരുന്നു ഈ ഉടമ്പടി[43].

വിവാദങ്ങൾ

[തിരുത്തുക]

ശ്രീലങ്കയിലെ സൈനിക ഇടപെടൽ

[തിരുത്തുക]

ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിപ്പാർത്ത തമിഴ് വംശജരോടും അവരുടെ ആവശ്യങ്ങളോടും ഇന്ത്യ ചരിത്രപരമായും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദം മൂലവും സഹതാപവും ഒപ്പം ഐക്യദാർഢ്യവും പുലർത്തിയിരുന്നു. തമിഴ് പുലികൾക്ക് ഇന്ത്യ ആയുധവും പരിശീലനവും നൽകുന്നു എന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് ആന്റ് അനാലിസിസ് വിങ് (റോ) തമിഴ് തീവ്രവാദികഗ്രൂപ്പുകൾക്ക്, അവരുടെ അഭ്യർത്ഥന പ്രകാരം സൈനിക പരിശീലനവും നൽകിയിരുന്നു[44]. ശ്രീലങ്കയിലെ സിംഹള ജനതയ്ക്കിടയിൽ ഇത് ഇന്ത്യയോടുള്ള രോഷത്തിനു കാരണമായി. കൊളംബോയിൽ വെച്ച് രാജീവ് ഗാന്ധിയും ശ്രീലങ്കൻ രാഷ്ട്രപതിയായ ജെ.ആർ.ജയവർദ്ധനെയും തമ്മിൽ ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ 1987 ജൂലൈ 30-ന് ഒപ്പുവെച്ചു[45]. തൊട്ടടുത്ത ദിവസം ശ്രീലങ്കൻ നാവികസേനയുടെ ‘ഗാർഡ് ഓഫ് ഓണർ’ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ നിരയായി നിന്ന ശ്രീലങ്കൻ നാവികരിൽ വിജിത റൊഹാന എന്ന നാവികൻ തന്റെ തോക്കിന്റെ പാത്തികൊണ്ട് തലക്കടിച്ച് കൊല്ലുവാൻ ശ്രമിച്ചു[46][47]. രാജീവ് ഈ വധശ്രമത്തിൽ നിന്ന് ചെറിയ പരുക്കുകളോടെ കഷ്ടിച്ച് രക്ഷപെട്ടു.

സൈനിക ഉദ്യോഗസ്ഥരോടൊപ്പം രാജീവ്

ശ്രീലങ്കൻ പ്രസിഡന്റ് ജയവർധനെയുടെ ആവശ്യപ്രകാരമാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് സമാധാന സംരക്ഷണ സേനയെ അയക്കാൻ തയ്യാറായത്. ഇന്ത്യൻ സൈന്യത്തിന് ശ്രീലങ്കയിൽ നിസ്സാരമായ വിജയം നേടാനാവുമെന്ന് ഇന്റലിജൻസ് സംവിധാനം രാജീവിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. വേലുപ്പിള്ള പ്രഭാകരനെ 72 മണിക്കൂറിനുള്ളിൽ പിടികൂടാം എന്ന് അവർ രാജീവിന് ആത്മവിശ്വാസം നൽകി[48]. ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ അനുസരിച്ച് എൽ.ടി.ടി.ഇ. രാജീവ് അയച്ച ഇന്ത്യൻ സമാധാന സൈന്യത്തിനു മുൻപിൽ സമാധാനപരമായി ആയുധങ്ങൾ അടിയറവെയ്ക്കുമായിരുന്നു. എന്നാൽ ഈ നീക്കം തിരിച്ചടിക്കുകയും ഇത് ഒടുവിൽ ഇന്ത്യൻ സൈന്യവും എൽ.ടി.ടി.ഇ. യും തമ്മിൽ ഒരു തുറന്ന യുദ്ധത്തിന് വഴി തെളിക്കുകയും ചെയ്തു[49]. ഓപ്പറേഷൻ പവൻ എന്നു പേരിട്ടു വിളിച്ച ഈ യുദ്ധത്തിൽ ആയിരത്തോളം ഇന്ത്യൻ ഭടന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒട്ടേറെ തമിഴ് വംശജർ കൊല്ലപ്പെട്ടു. ഇന്ത്യൻ സമാധാന സേന എൽ.ടി.ടി.ഇ. യിൽ നിന്ന് പല പ്രദേശങ്ങളും തിരിച്ചുപിടിക്കുകയും എൽ.ടി.ടി.ഇ.യുടെ നിയന്ത്രണത്തിലുള്ള പ്രദേശം ജാഫ്നയിലെ വളരെ ചുരുക്കം ഭാഗങ്ങളായി ചുരുങ്ങുകയും ചെയ്തു[50]. എന്നാൽ ഈ സമയത്ത് ഇന്ത്യൻ സൈനിക നടപടിയോടുള്ള എതിർപ്പ് ശ്രീലങ്കയിൽ ശക്തമാവുകയും ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വവും സർക്കാരും ഇന്ത്യയോട് വെടിനിർത്താൻ ആവശ്യപ്പെടുകയും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഇന്ത്യയെ വിലക്കുകയും ചെയ്തു. ഇന്ത്യൻ രാജ്യതന്ത്രജ്ഞതയുടെയും സൈനിക തന്ത്രജ്ഞതയുടെയും പരാജയമായി കണക്കാക്കപ്പെട്ട ഈ ‘ശ്രീലങ്കൻ സാഹസ’ത്തിൽ നിന്ന് രാജീവ് ഗാന്ധി ഇന്ത്യൻ സൈന്യത്തെ പിൻ‌വലിച്ചു.

ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളിലെ ഇന്ത്യയുടെ ഇടപെടൽ ചേരിചേരാ നയത്തിന്റെ പരസ്യമായ ലംഘനമായി വ്യാഖ്യാനിക്കപ്പെട്ടു[51]. 1989 ൽ വി.പി.സിങ് സർക്കാർ ഇന്ത്യൻ സമാധാന സംരക്ഷണസേനയെ പിൻവലിക്കുന്നതുവരെ നിർണ്ണയിക്കപ്പെട്ട ലക്ഷ്യത്തിലേക്കെത്താനാകാതെ ഇന്ത്യൻ സൈന്യം അവിടെ പൊരുതുകയായിരുന്നു. ഇന്ത്യയിൽ ജനിച്ച തമിഴ് വംശജർക്കെതിരേ ഇന്ത്യൻ സർക്കാരും ശ്രീലങ്കൻ സർക്കാരും കൂടിച്ചേർന്നു നയിച്ച ഈ സൈനിക നീക്കം പരക്കെ വിമർശിക്കപ്പെട്ടു[52]. ശ്രീലങ്കയിൽ ഇന്ത്യൻ താൽപര്യങ്ങൾക്കെതിരേ ഇസ്രായേൽ-പാകിസ്താൻ സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും, അത് തടയേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും രാജീവ് ലോക സഭയിൽ ഒരു പ്രസ്താവന നടത്തുകയുണ്ടായി. ശ്രീലങ്കയിലെ ഇന്ത്യൻ സമാധാനസംരക്ഷണസേനയുടെ ഇടപെടലിനെ ന്യായീകരിക്കാനായിരുന്നു ഇതെന്നു പറയപ്പെടുന്നു[53].

ബോഫോഴ്സ് കോഴ ഇടപാട്

[തിരുത്തുക]

സ്വിറ്റ്സർലാന്റിലെ ബോഫോഴ്സ് എന്ന ആയുധ നിർമ്മാണ കമ്പനിയിൽ നിന്നും 400 എണ്ണം 155എം.എം ഫീൽഡ് ഹോവിറ്റ്സർ തോക്കുകൾ വാങ്ങാനുള്ള കരാർ ഒപ്പുവെക്കാൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും മറ്റു ചില പ്രമുഖരും കമ്പനിയിൽ നിന്നും 64 കോടി ഇന്ത്യൻ രൂപ കൈക്കൂലി കൈപ്പറ്റി എന്നതായിരുന്നു വിവാദം[54][55]. രാജീവ് ഗാന്ധി മന്ത്രിസഭയിൽ അല്പകാലം പ്രതിരോധമന്ത്രിയും ധനമന്ത്രിയുമായിരുന്ന വി.പി.സിംഗ് ആണ് കോടിക്കണക്കിനു ഡോളറുകൾ കൈമറിഞ്ഞ ബോഫോഴ്സ് അഴിമതി പുറത്തുകൊണ്ടുവന്നത്. ഗാന്ധി കുടുംബത്തിന്റെ സുഹൃത്തായ ഒട്ടാവിയോ ക്വത്റോച്ചി എന്ന ഇടനിലക്കാരൻ വഴിയാണ് കോൺഗ്രസ്സ് നേതാക്കൾ കൈക്കൂലി കൈപ്പറ്റിയതെന്ന് പറയപ്പെടുന്നു. ഈ വെളിപ്പെടുത്തലുകൾക്കുപിന്നാലെ വി.പി.സിംഗിനെ മന്ത്രിസഭയിൽ നിന്നും തുടർന്ന് കോൺഗ്രസ് അംഗത്വത്തിൽനിന്നും പുറത്താക്കി. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചായിരുന്നു പുറത്താക്കിയതെങ്കിലും വി.പി.സിംഗിനെതിരായ രേഖകൾ കെട്ടിച്ചമച്ചതാണെന്ന് പിന്നീടു കണ്ടെത്തി. രാജീവ് ഗാന്ധിയെ ഈ കേസിൽ പ്രതി ചേർത്തെങ്കിലും പിന്നീട് 17 വർഷങ്ങൾക്കു ശേഷം ദില്ലി ഹൈക്കോടതി രാജീവിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. ഹിന്ദു ദിനപത്രത്തിന്റെ പ്രധാന ലേഖകരായ നരസിംഹൻ റാമും ചിത്ര സുബ്രമണ്യവും നടത്തിയ അന്വേഷണാത്മക പത്രപ്രവർത്തനം രാജീവിനെ കുറ്റക്കാരനായി കണ്ടെത്തുകയും അഴിമതിരഹിതൻ എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കളങ്കം ഉണ്ടാവുകയും ചെയ്തു.

1987 ൽ ബോഫോഴ്സ് അഴിമതിയെക്കുറിച്ചന്വേഷിക്കാൻ സംയുക്ത പാർലിമെന്ററി സമിതി രൂപീകരിച്ചു[56]. കമ്മിറ്റി ഏതാണ്ട് 50 തവണ സിറ്റിങ്ങുകൾ നടത്തുകയുണ്ടായി. സംയുക്ത പാർലിമെന്ററി സമിതിയിൽ കോൺഗ്രസ്സ് അംഗങ്ങൾ മാത്രമെന്ന് ആരോപിച്ച് പ്രതിപക്ഷം ഈ സമിതിയെ ബഹിഷ്കരിച്ചു. രാജീവിനെ രക്ഷിക്കാനായി സമിതി പല പ്രധാനപ്പെട്ട തെളിവുകളും മറച്ചുവെച്ചു എന്ന് സമിതി അംഗവും, ഡി.എം.കെ നേതാവുമായ അലാദിൻ അരുണ പിന്നീട് മാദ്ധ്യമങ്ങളോട് പറയുകയുണ്ടായി[57]

വി.പി. സിംഗിന്റെ ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നയാൾ എന്ന പ്രതിച്ഛായ അദ്ദേഹത്തെ ജനങ്ങൾക്കു പ്രിയങ്കരനാക്കി[58]. 1989 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 197 സീറ്റുകൾ മാത്രമേ ലഭിച്ചുളളൂ. വി.പി. സിംഗിന്റെ നേതൃത്വത്തിൽ ജനതാദൾ-കൂട്ടുകക്ഷി മന്ത്രിസഭ നിലവിൽ‌വന്നു. ബി.ജെ.പി. ഈ മന്ത്രിസഭയെ പുറമേനിന്നു പിന്താങ്ങി. കോൺഗ്രസ് ജനതാദൾ അംഗമായ ചന്ദ്രശേഖറിന് പിന്തുണ വാഗ്ദാനം ചെയ്ത് പാർട്ടി പിളർത്തിയത് വി.പി. സിംഗ് മന്ത്രിസഭയുടെ പതനത്തിനു കാരണമായി.

ഷാബാനു കേസ്

[തിരുത്തുക]

ഭർത്താവ് വിവാഹമോചനം ചെയ്ത് വീടിനു പുറത്താക്കിയ ഷാബാനു എന്ന 62 വയസ്സുള്ള മുസ്ലിം സ്ത്രീ തനിക്കു ജീവിക്കാനുള്ള തുക ഭർത്താവായ മുഹമ്മദ് അഹമ്മദ് ഖാനിൽ നിന്നും ഈടാക്കിത്തരണം എന്ന് കോടതിയോട് അപേക്ഷിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ 1985 AIR 945, 1985 SCC (2) 556 നമ്പറായി സമർപ്പിച്ച കേസാണ് പിന്നീട് ഷാബാനു കേസ് എന്നറിയപ്പെടുന്നത്[59]. ക്രിമിനൽ പ്രൊസിഡ്യർ കോഡിലെ 125 വകുപ്പു പ്രകാരം തനിക്ക് 500 രൂപ ഭർത്താവ് തരാൻ അവകാശമുണ്ടെന്ന് കാണിച്ച് ഇൻഡോർ മജിസ്ട്രേറ്റ് കോടതിയിൽ അന്യായം സമർപ്പിച്ചു[59][60]. ഈ കേസിൽ സുപ്രീം കോടതി, ഷാബാനുവിനനുകൂലമായി വിധി പുറപ്പെടുവിക്കുകയും, അവരുടെ ഭർത്താവിനോട് പ്രതിമാസം 500 രൂപ നൽകാൻ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. മുസ്ലീം വ്യക്തി നിയമങ്ങളുടെ നേർക്കുള്ള ഒരു കടന്നാക്രമണമായാണ് ഇന്ത്യയിലെ മുസ്ലീം യാഥാസ്ഥിതികർ ഈ വിധിയെ കണ്ടത്. പാർലിമെന്റിൽ വ്യക്തമായ ഭൂരിപക്ഷമുള്ള കോൺഗ്രസ്സ് പാർട്ടി, യാഥാസ്ഥിതികരായ മുസ്ലീമുകളുടെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് സുപ്രീംകോടതിയുടെ വിധിയെ ദുർബ്ബലപ്പെടുത്തുന്ന ഒരു നിയമം പാസ്സാക്കി[61]. ഇത് ഇന്ത്യയൊട്ടാകെ വൻ പ്രതിഷേധത്തിനു കളമൊരുക്കി. രാജീവ് സർക്കാർ ന്യൂനപക്ഷ പ്രീണനത്തിനു കളമൊരുക്കുകയാണെന്ന് ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. മുസ്ലീം സ്ത്രീകൾ നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളുടെ വഴിയിലെ നാഴികക്കല്ലായി ഷാബാനു കേസ് കരുതപ്പെടുന്നു.

കള്ളപ്പണം വിവാദം

[തിരുത്തുക]

1991 നവംബറിൽ സ്വിസ്സ് ഇല്ലസ്ട്രേറ്റഡ് എന്ന മാസിക, സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ലോകത്തിലെ പ്രമുഖരുടെ ഒരു പട്ടിക പുറത്തു വിടുകയുണ്ടായി[62]. ഫിലിപ്പീൻസിലെ ഏകാധിപതിയായിരുന്ന ഫെർഡിനൻഡ് മാർക്കോസിന്റെ ഭാര്യ ഇമെൽഡ മാർക്കോസ് വരെ ഉൾപ്പെട്ട പട്ടികയിൽ രാജീവ് ഗാന്ധിയുടെ പേരും ഉണ്ടായിരുന്നു[63]. രാജീവ് ഗാന്ധിക്ക് സ്വിസ്സ് ബാങ്കിൽ 2.5 കോടി സ്വിസ്സ് ഫ്രാങ്ക് നിക്ഷേപം ഉണ്ടെന്ന് തെളിവുകൾ നിരത്തി അവർ ചൂണ്ടിക്കാട്ടുന്നു. നെഹ്രു-ഗാന്ധി കുടുംബത്തിന്റെ കയ്യിലുണ്ടെന്നു കരുതുന്ന കള്ളപ്പണത്തെക്കുറിച്ചന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജനതാപാർട്ടി നേതാവ് സുബ്രഹ്മണ്യംസ്വാമി സി.ബി.ഐ നേതൃത്വത്��ിനു കത്തെഴുതുകയുണ്ടായി[64].

കെ.ജി.ബി. വിവാദം

[തിരുത്തുക]

റഷ്യയുടെ സുരക്ഷാ സേനയായ കെ.ജി.ബിയിൽ നിന്നും രാജീവ് ഗാന്ധി അവിഹിതമായി പണം കൈപ്പറ്റി എന്ന ഒരു ആരോപണം അന്നത്തെ പ്രധാന മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും , ദ ഹിന്ദുവും ഉന്നയിക്കുകയുണ്ടായി. റഷ്യ ഈ ഇടപാട് സ്ഥിരീകരിക്കുകയും, എന്നാൽ ഇത് സോവിയറ്റ് താൽപര്യങ്ങളുടെ ചട്ടക്കൂടുകൾക്കകത്തുനിന്നുകൊണ്ടു മാത്രമാണെന്നും ന്യായീകരിക്കുകയുമുണ്ടായി[65]. കെ.ജി.ബിയുടെ നേതാവ് രാജീവിന് അയച്ച ഒരു കത്ത് രണ്ട് റഷ്യൻ പത്രപ്രവർത്തകർ തങ്ങളുടെ ഒരു പുസ്തകത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുകയുണ്ടായി. കെ.ജി.ബി. സോണിയാഗാന്ധിയുടേയും, രാഹുൽ ഗാന്ധിയുടേയും, സോണിയയുടെ മാതാവ് പൗലോ മൈനോയുടെ പേരിൽ പണം നൽകിയതിനുള്ള തെളിവുകളും ഈ അന്വേഷണാത്മകപത്രപ്രവർത്തകർ നിരത്തുന്നു[66]. ഈ ഇടപാടുകൾക്ക് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ പിന്തുണയും അംഗീകാരവും ഉണ്ടായിരുന്നു[66][65]

2013 വിക്കിലീക്സ് വെളിപ്പെടുത്തൽ

[തിരുത്തുക]

കിസ്സിൻജർ കേബിൾസ് എന്ന പേരിൽ 2013-ൽ വിക്കിലീക്‌സ് പുറത്തുവിട്ട അമേരിക്കൻ നയതന്ത്ര രേഖകൾ പ്രകാരം രാജീവ് ഗാന്ധി രാഷ്ട്രീയത്തിലിറങ്ങുന്നതിനുമുൻപ്, 1970-കളിൽ ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായിരുന്ന കാലഘട്ടത്തിൽ സ്വീഡിഷ് യുദ്ധവിമാന കമ്പനിയായിരുന്ന സാബ് സ്‌കാനിയയുടെ 'വിഗ്ഗൻ' യുദ്ധവിമാനം ഇന്ത്യൻ സായുധസേനയ്ക്ക് വില്ക്കാൻ സ്വന്തം കുടുംബ ബന്ധങ്ങൾ ഉപയോഗിച്ചു സ്വാധീനം ചെലുത്തിയതായി ആരോപണം ഉന്നയിക്കപ്പെടുന്നു.[67][68] ഈ ശ്രമം ഫലവത്തായില്ല എന്നും പുറത്തുവന്ന രേഖകൾ പറയുന്നതായി വാർത്തകൾ ചൂണ്ടിക്കാട്ടുന്നു. [67][68]

പ്രതിപക്ഷ നേതാവ്

[തിരുത്തുക]

1989 മുതൽ 1991 വരെ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായി തുടർന്നു. ഈ കാലയളവിൽ വി.പി.സിംഗിന്റെ നേതൃത്വത്തിലും ചന്ദ്രശേഖറിന്റെ നേതൃത്വത്തിലും രണ്ടു സർക്കാരുകൾ ഇന്ത്യ ഭരിച്ചു.വി.പി.സിംഗിന്റെ മണ്ഡൽ കമ്മീഷൻ പരിഷ്കാരങ്ങൾക്ക് തിരുത്തലുകൾ നിർദ്ദേശിച്ച് രാജീവ് ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം ഏറെ പ്രശംസ പിടിച്ചുപറ്റി. ചന്ദ്രശേഖർ മന്ത്രിസഭയ്ക്ക് അല്പകാലം നൽകിയ പിന്തുണ രാജീവ് ഗാന്ധി പിൻ‌വലിച്ചത് വീണ്ടും തിരഞ്ഞെടുപ്പിന് കാരണമായി.

പ്രധാന ലേഖനം: രാജീവ് ഗാന്ധി വധം
ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകം,ഏഴു മാനുഷികമൂല്യങ്ങളെ സൂചിപ്പിക്കുന്ന സ്തൂപങ്ങൾ

രാജീവിന്റെ അവസാനത്തെ പൊതുസമ്മേളനം തമിഴ്‌നാട്ടിലെ തിരുത്തണിയിലായിരുന്നു. രാജീവ് ഗാന്ധി മെയ് 21 1991-ഇൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി രാജരത്നം എന്നും തനു എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നം[69] എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്[70]. ശിവരശൻ എന്ന എൽ.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്[71]. രാജീവിനെ സ്വീകരിക്കാൻ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്[72]. എന്നാൽ രാജീവ് ഗാന്ധി വരുന്ന തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്കെത്തുകയായിരുന്നു. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ ഡെയ്സി ഏർണെസ്റ്റ് തള്ളിമാറ്റിയ���ങ്കിലും രാജീവ് കയ്യുയർത്തി അനസൂയയെ തടയുകയായിരുന്നു.[73][74] സമയം ഏകദേശം രാത്രി 10.20 ന് രാജീവിന്റെ കഴുത്തിൽ ഹാരം അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തുകയായിരുന്നു എന്നു പറയപ്പെടുന്നു[75]. ശക്തമായ സ്ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേർ മരിച്ചു[76]. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്[77].

"രാജീവിനെ അണിയിക്കാനായി കൈയ്യിൽ പൂമാലയുമായി ഒരു സ്ത്രീ അദ്ദേഹത്തിന്റെ മുന്നിൽ വന്നു കുമ്പിട്ടു. പിന്നീട് എല്ലാം കണ്ണടച്ചു തുറക്കുന്ന മാത്രയിൽ കഴിഞ്ഞു. ഒരു രാജ്യത്തിന്റെ പ്രതീക്ഷമുഴുവൻ കർണകഠോരമായ ശബ്ദത്തോടെ ഒരു തീഗോളമായി കത്തിയെരിഞ്ഞു"

രാജീവിന്റെ കൊലപാതകത്തെക്കുറിച്ച് ടൈം മാഗസിനിൽ വന്ന വാർത്ത. [78].

1991 ഏപ്രിൽ 7ന് ഒരു പ്രധാന തിരഞ്ഞെടുപ്പ് യോഗത്തിൽ തീവ്രവാദികൾ രാജീവിനെ വധിക്കേണ്ട പദ്ധതിയുടെ ഒരു പരിശീലനം നടത്തിനോക്കിയിരുന്നു. ഇത് ചിത്രങ്ങളിലാക്കി ശേഖരിച്ചുവെക്കാനായി ഹരിബാബു എന്ന ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറേയും തീവ്രവാദികൾ വാടകക്കെടുത്തിട്ടുണ്ടായിരുന്നു[79]. ശ്രീപെരുംപുത്തൂറിൽ ഹരിബാബുവിന്റെ ക്യാമറയിൽ നിന്നും കിട്ടിയ ചിത്രങ്ങളാണ് കൊലപാതകികളെ തിരിച്ചറിയാൻ സഹായിച്ചത്. ഹരിബാബു ഈ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നുവെങ്കിലും അയാളുടെ ക്യാമറക്കോ അതിനുള്ളിലെ ഫിലിമുകൾക്കോ യാതൊരു കേടും പറ്റിയിരുന്നില്ല[80].

2006 വരെ എൽ.ടി.ടി.ഇ. രാജീവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. 2006 ഇൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലശിങ്കം എൽ.ടി.ടി.ഇ.യുടെ പങ്ക് പരോക്ഷമായി സമ്മതിച്ചു. രാജീവിന്റെ മരണത്തിന് ഉത്തരവാദിയായി ശ്രീലങ്കൻ വംശജരായ എൽ.ടി.ടി.ഇ. അംഗങ്ങളും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളും അടക്കം 26 പേരെ ഒരു ഇന്ത്യൻ കോടതി കുറ്റക്കാരായി വിധിച്ചു. രാജീവ് ഗാന്ധിക്ക് മരണത്തിനുശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ചു. വീർഭൂമി എന്ന സ്മാരകം ഡെൽഹിയിൽ രാജീവിന്റെ സമാധി സ്ഥലത്ത് നിർമിച്ചിട്ടുണ്ട്. രാജീവിന്റെ മരണം ഉയർത്തിയ സഹതാപതരംഗത്തിൽ കോൺഗ്രസ് വീണ്ടും 1991 തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ അധികാരത്തിൽ വന്നു.

ഗ്രന്ഥസൂചി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. രാജീവ് ഗാന്ധി - മീന അഗർവാൾഅദ്ധ്യായം - രാജീവിന്റെ ജീവിതത്തിലെ നാഴികക്കല്ലുകൾ - പുറം. 11
  2. 2.0 2.1 2.2 രാജീവ് ഇന്ത്യ കണ്ട ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ് ഇടം
  3. ഭാരതരത്ന പുരസ്കാര ജേതാക്കൾ Archived 2013-02-03 at the Wayback Machineഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് ഇടം
  4. രാജീവ് ഗാന്ധി - മീന അഗർവാൾ പുറം. 59
  5. രാജീവും സോണിയയുംഎൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക
  6. 1984 ലെ പൊതുതിരഞ്ഞെടുപ്പ് - 78ആമത്തെ താൾ നോക്കുക Archived 2014-07-18 at the Wayback Machineകേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
  7. രാജീവ് ഗാന്ധി - മീന അഗർവാൾ പുറം. 65
  8. രാജീവിന്റെ അമേരിക്കയുമായുള്ള നയതന്ത്രബന്ധങ്ങൾ - റിവൈവ് പോളിസീസ് എന്ന ഭാഗം നോക്കുകകൾച്ചറൽഇന്ത്യ
  9. രാജീവ് ഗാന്ധി വധിക്കപ്പെട്ടുബി.ബി.സി വാർത്ത - ശേഖരിച്ചത് 21 മെയ് 1991
  10. രാജീവ് ഗാന്ധി - ഹിസ് മൈൻഡ് & ഐഡിയോളജിരാജീവ് ജനിച്ച ദിവസം,നെഹ്രു ഡയറിയിൽ കുറിച്ചത്- പുറം.284
  11. രാജീവ് ഗാന്ധി - മീന അഗർവാൾ പുറം. 14
  12. രാജീവ് ഗാന്ധി - മീന അഗർവാൾ സിൽവർ ലൈനിംഗ് എന്ന അദ്ധ്യായം - പുറം. 15-17
  13. രാജീവ് ഗാന്ധി - മീന അഗർവാൾ പുറം. 59
  14. രാജീവ് ഗാന്ധി - മീന അഗർവാൾ പുറം. 18
  15. എസ്., ഗജ്രാണി. സോണിയാ ഗാന്ധി. ISBN 81-7024-988-0.
  16. എസ്., ഗജ്രാണി. സോണിയാ ഗാന്ധി. ISBN 81-7024-988-0.
  17. രാജീവ് ഗാന്ധി - മീന അഗർവാൾ ഇന്ദിരാ സർക്കാരിൽ സഞ്ജയിന്റെ സ്വാധീനം. പുറം. 18
  18. രാജീവ് ഗാന്ധി - മീന അഗർവാൾസഞ്ജയ് ഗാന്ധിയുടെ മരണം. പുറം. 19
  19. രാജീവ് ഗാന്ധി - ഹിസ് മൈൻഡ് & ഐഡിയോളജി - അഥാർ ചന്ദ്നെഹ്രു കുടുംബത്തിലെ അസ്വാരസ്യങ്ങൾ. പുറം. 8
  20. രാജീവ് അമേഥിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നു Archived 2013-04-03 at the Wayback Machineഎ.ഐ.സി.സി വെബ് വിലാസം - രാജീവ് ഗാന്ധിയുടെ ജീവചരിത്രം
  21. രാജീവ് ഗാന്ധി - മീന അഗർവാൾരാജീവിന്റെ ജീവിതത്തിലെ നാഴികക്കല്ലുകൾ- പുറം.12
  22. രാജീവ് ഗാന്ധി - മീന അഗർവാൾരാജീവിന്റെ രാഷ്ട്രീയപ്രവേശം- പുറം.22-24
  23. രാജീവ് ഗാന്ധി - മീന അഗർവാൾപ്രധാനമന്ത്രിപദത്തിലേക്ക്- പുറം.28
  24. 24.0 24.1 1981 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് രണ്ട് സീറ്റ്കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ - 1981 പൊതു തിരഞ്ഞെടുപ്പ് ഫലം - പുറം 78 നോക്കുക
  25. കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ. പി.എച്ച്.ഐ. p. 150. ISBN 978-81-203-3246-1.
  26. രാജീവ് ഗാന്ധി - ഹിസ് മൈൻഡ് & ഐഡിയോളജിസിഖ് വിരുദ്ധകലാപത്തിലെ രാജീവിന്റെ നിഷ്ക്രിയത്വം- പുറം.292
  27. രാജീവിന്റെ പ്രതിഷേധാർഹമായ പ്രസ്താവനതെഹൽക്ക.കോം, മണിശങ്കർ അയ്യർ - ശേഖരിച്ചത് 20 മെയ് 2011
  28. ഇന്ത്യാസ് ഫോറിൻ പോളിസി - എൻ.ജയപാലൻഇന്ത്യാസ് ഫോറിൻ പോളിസി എന്ന അദ്ധ്യായം. പുറം. 145
  29. ഇന്ത്യാസ് ഫോറിൻ പോളിസി - എൻ.ജയപാലൻഇന്ത്യാസ് ഫോറിൻ പോളിസി എന്ന അദ്ധ്യായം. പുറം. 147
  30. ഇന്ത്യാസ് ഫോറിൻ പോളിസി - എൻ.ജയപാലൻഇന്ത്യാസ് ഫോറിൻ പോളിസി എന്ന അദ്ധ്യായം. പുറം. 151
  31. ഓപ്പറേഷൻ കാക്ടസ് Archived 2009-09-17 at the Wayback Machineഭാരത് രക്ഷക്
  32. മാലിയിലെ വിമതമുന്നേറ്റംഫോട്ടിയസ്
  33. ഓപ്പറേഷൻ കാക്ടസ്ഡെയിലി പയനിയർ പത്രം
  34. അസ്സാസ്സിനേഷൻ ഓഫ് രാജീവ് ഗാന്ധി - ശശി അലുവാലിയസാങ്കേതികാ വിദ്യ സാധാരണ ജനങ്ങളിലേക്ക് - പുറം.61
  35. രാജീവ് ഗാന്ധി - ഹിസ് മൈൻഡ് & ഐഡിയോളജി പുറം.281
  36. അസ്സാസ്സിനേഷൻ ഓഫ് രാജീവ് ഗാന്ധി - ശശി അലുവാലിയസാങ്കേതികാ വിദ്യ സാധാരണ ജനങ്ങളിലേക്ക് - പുറം.62
  37. രാജീവ് ഗാന്ധി - മീന അഗർവാൾ പുറം.65
  38. രാജീവ് ഗാന്ധി - ഹിസ് മൈൻഡ് & ഐഡിയോളജി - അഥാർ ചന്ദ് പുറം.361
  39. രാജീവ് ഗാന്ധി - ഹിസ് മൈൻഡ് & ഐഡിയോളജി - അഥാർ ചന്ദ് പുറം.361
  40. രാജീവ് ഗാന്ധി - ഹിസ് മൈൻഡ് & ഐഡിയോളജി - അഥാർ ചന്ദ് പുറം.361
  41. എൽ.എൻ, ഡാഷ്. വേൾഡ് ബാങ്ക് & ഇക്കണോമിക് ഡെവലപ്പ്മെന്റ് ഓഫ് ഇന്ത്യ. എ.പി.എച്ച്. p. 114-117. ISBN 81-7648-121-1.
  42. അതുൽ, കോഹ്ലി. ഡെമോക്രസി&ഡിസ്കണ്ടന്റ്:ഇന്ത്യാസ് ഗ്രോയിംഗ് ക്രൈസിസ് ഓഫ് ഗവേണബിലിറ്റി. കാനഡ: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 368. ISBN 0-521-39692-1.
  43. 43.0 43.1 43.2 പ്രീതം, സിങ് (2005). ഫെഡറലിസം,നാഷണലിസം ആന്റ് ഡെവലപ്പ്മെന്റ്:ഇന്ത്യാ & പഞ്ചാബ് ഇക്കോണമി. കാനഡ: റൗട്ട്ലെഡ്ജ്. pp. 46–48. ISBN 0-203-93020-7.
  44. തമിഴ് തീവ്രവാദികൾക്ക് ഇന്ത്യയുടെ സൈനിക പരിശീലനം Archived 2002-12-03 at the Wayback Machineഏഷ്യാടൈംസ് - ശ്രീലങ്ക ദ അൺടോൾഡ് സ്റ്റോറി - ശേഖരിച്ചത് 9 മാർച്ച് 2002
  45. എം.എൽ., മരസിംഹ (1998). ദ ഇൻഡോ ശ്രീലങ്കൻ അക്കോഡ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. pp. 551–587.
  46. ശ്രീലങ്കയിൽ വെച്ച് രാജീവിനെതിരേ വധശ്രമംലോസ് ഏഞ്ചൽസ് ടൈംസ് - ശേഖരിച്ചത് 30 ജൂലൈ 1987
  47. ദിലീപ്, ഗാംഗുലി (1987,ജൂലൈ,30). ഇന്ത്യൻ പ്രൈംമിനിസ്റ്റർ ഹിറ്റ് ബൈ ഗാർഡ്. അസ്സോസ്സിയേറ്റ് പ്രസ്സ്. {{cite book}}: Check date values in: |year= (help)CS1 maint: year (link)
  48. ശ്രീലങ്ക, ഇന്ത്യയുടെ വിയറ്റ്നാംറിഡിഫ്.കോം
  49. ശ്രീലങ്കയിലെ ഇന്ത്യയുടെ സൈനിക ഇടപെടൽയൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സ് ശ്രീലങ്ക
  50. പി.എ, ഘോഷ്. എത്നിക് കോൺഫ്ലിക്ട് ഇൻ ശ്രീലങ്ക & ഐ.പി.കെ.എഫ്. എപി.എച്ച്. ISBN 81-7648-107-6.
  51. ദ മേക്കിംങ് ഓഫ് ഇന്ത്യാസ് ഫോറിൻ പോളിസി -ജെ.ബന്ദ്യോപാദ്ധ്യായ ദ പേഴ്സണാലിറ്റി ഫാക്ടർ എന്ന അദ്ധ്യായം. പുറം. 273
  52. ദ മേക്കിംങ് ഓഫ് ഇന്ത്യാസ് ഫോറിൻ പോളിസി -ജെ.ബന്ദ്യോപാദ്ധ്യായ ദ പേഴ്സണാലിറ്റി ഫാക്ടർ എന്ന അദ്ധ്യായം. പുറം. 274
  53. ദ മേക്കിംങ് ഓഫ് ഇന്ത്യാസ് ഫോറിൻ പോളിസി -ജെ.ബന്ദ്യോപാദ്ധ്യായ ദ പേഴ്സണാലിറ്റി ഫാക്ടർ എന്ന അദ്ധ്യായം. പുറം. 274
  54. ബോഫോഴ്സ് കോഴ കേസ് Archived 2012-08-28 at the Wayback Machineഐ.ബി.എൻ ലൈവ് - ശേഖരിച്ചത് 26 ഏപ്രിൽ 2012
  55. ബോഫോഴ്സ് കോഴ കേസിലെ പ്രമുഖർഇന്ത്യടുഡേ - ശേഖരിച്ചത് 28 ഏപ്രിൽ 2009
  56. ബോഫോഴ്സ് കോഴ കേസ് അന്വേഷിക്കാൻ സംയുക്ത പാർലിമെന്ററി കമ്മിറ്റി Archived 2012-04-13 at the Wayback Machineകൊളംബിയ സർവ്വകലാശാല,ജേണലിസം വിഭാഗം
  57. സംയുക്ത പാർലിമെന്ററി സമിതി രാജീവിനെ രക്ഷിക്കാൻ ശ്രമിച്ചു റിഡിഫ് വാർത്ത - അഭിമുഖം
  58. ശന്തനു, ഗുഹാ റേ (2009(ഒക്ടോബർ 17)). ഡെത്ത് ഓഫ് എ സ്കാൻഡൽ. തെഹൽക്ക. {{cite book}}: Check date values in: |date= (help)
  59. 59.0 59.1 ഷാബാനു കേസ് Archived 2012-11-11 at the Wayback Machineദ ഹിന്ദു ദിനപത്രം - ഓഗസ്റ്റ് 10, 2003
  60. ഷാബാനു കേസ് ഒരു തിരിഞ്ഞുനോട്ടംദ ഇൻഡ്യൻ എക്സ്പ്രസ്സ് - ശേഖരിച്ചത് 23 സെപ്തംബർ 2009
  61. "ഷാബാനു മുസ്ലീം വിമൻസ് റൈറ്റ്സ്". സിൻസിനാറ്റി സർവ്വകലാശാല(മോർഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ്. Archived from the original on 2013-10-09. Retrieved 2013-02-06. {{cite journal}}: Cite journal requires |journal= (help)
  62. ജിസ്ലർ, ഡാനിയേല (11 നവംബർ 1991). "ഫ്ലൈറ്റ് ക്യാപിറ്റൽ – ദ സ്വിസ്സ് അക്കൗണ്ട്സ് ഓഫ് ദ ഡിക്ടേക്ടേഴ്സ്" (PDF). സ്വിസ്സ് ഇല്ലസ്ട്രേറ്റഡ് (in ജെർമ്മൻ) (46). സൂറിച്ച്, സ്വിറ്റ്സർലണ്ട്: റിംഗിയർ: 38–41. Archived from the original (PDF) on 2012-10-17. Retrieved 30 ഡിസംബർ 2011.{{cite journal}}: CS1 maint: unrecognized language (link)
  63. രാജീവ് ഗാന്ധിക്ക് സ്വിസ്സ് ബാങ്കിൽ നിക്ഷേപംഇന്ത്യാടുഡേ - ശേഖരിച്ചത് 17 ഡിസംബർ 2010
  64. മണിലൈഫ്, ഡിജിറ്റൽ ടീം. "സുബ്രഹ്മണ്യംസ്വാമി ആസ്ക് ഫോർ സി.ബി.ഐ എൻക്വയറി". മണിലൈഫ്. Archived from the original on 2013-10-08. Retrieved 2013-02-17.
  65. 65.0 65.1 പുരി, രാജീന്ദർ (15-8-2006). "ഹൗ ഫ്രീ ഈസ് ഇന്ത്യ". ഔട്ട്ലുക്ക്ഇന്ത്യ. {{cite news}}: Check date values in: |date= (help)
  66. 66.0 66.1 എസ്., ഗുരുമൂർത്തി (02-01-2011). "സീറോ ടോളറൻസ്,സീക്രട്ട് ബില്ല്യൻസ്". ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്. Archived from the original on 2013-09-26. Retrieved 2013-02-17. {{cite news}}: Check date values in: |date= (help)
  67. 67.0 67.1 "രാജീവ് വിദേശ കമ്പനിയുടെ ഇടനിലക്കാരൻ : വിക്കിലീക്‌സ്‌". മാതൃഭൂമി. 2013-04-08. Archived from the original on 2013 ഏപ്രിൽ 08 09:08:14. Retrieved 2013-04-08. {{cite web}}: Check date values in: |archivedate= (help)
  68. 68.0 68.1 "രാജീവ് ഗാന്ധി വിമാന കരാറിൽ ഇടനിലക്കാരനായെന്നു രേഖകൾ". മനോരമ ഓൺലൈൻ. 2013-04-08. Archived from the original on 2013-07-29. Retrieved 2013-04-08.
  69. https://books.google.co.in/books?id=ZCnjCQAAQBAJ
  70. തനു എന്ന തേന്മൊഴി രാജരത്നം - ആത്മഹത്യാ ബോംബർഡെയിലിസ്റ്റാർ
  71. മൈക്കിൾ റോബർട്ട്സ്. സൗത്ത് ഏഷ്യൻ ഹിസ്റ്ററി & കൾച്ചർ. റൗട്ട്ലെഡ്ജ്. pp. 1–18.
  72. ട്രയംഫ് ഓഫ് ട്രൂത്ത് - കാർത്തികേയൻ;രാധാ വിനോദ് രാജുഅദ്ധ്യായം 21 മെയ് 1991- പുറം.13
  73. https://www.thehindu.com/news/national/tamil-nadu/dont-free-rajiv-case-convicts-says-former-policewoman/article24950213.ece
  74. https://www.thehindu.com/features/downtown/women-power-living-with-grit-and-painful-memories/article3421265.ece
  75. ട്രയംഫ് ഓഫ് ട്രൂത്ത് - കാർത്തികേയൻ;രാധാ വിനോദ് രാജുഅദ്ധ്യായം 21 മെയ് 1991- പുറം.15
  76. അസ്സാസ്സിനേഷൻ ഓഫ് രാജീവ് ഗാന്ധി - ശശി അലുവാലിയഅസ്സാസ്സിനേഷൻ - പുറം.4
  77. ട്രയംഫ് ഓഫ് ട്രൂത്ത് - കാർത്തികേയൻ;രാധാ വിനോദ് രാജുഅദ്ധ്യായം 21 മെയ് 1991- പുറം.17
  78. ജെയിംസ് വാൽഷ്. ദ ഡെത്ത് ഓഫ് എ ഫേമസ് സൺ. ദ ടൈം. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help)
  79. മൈക്കിൾ റോബർട്ട്സ്. സൗത്ത് ഏഷ്യൻ ഹിസ്റ്ററി & കൾച്ചർ. റൗട്ട്ലെഡ്ജ്. p. 4.
  80. മൈക്കിൾ റോബർട്ട്സ്. സൗത്ത് ഏഷ്യൻ ഹിസ്റ്ററി & കൾച്ചർ. റൗട്ട്ലെഡ്ജ്. p. 5.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

അനുബ��്ധം

[തിരുത്തുക]
പദവികൾ
Preceded by ഇന്ത്യൻ പ്രധാനമന്ത്രി
1984–1989
Succeeded by
ചെയർപേഴ്സൺ ആസൂത്രണ കമ്മീഷൻ
1984–1989
വിദേശകാര്യ വകുപ്പ് മന്ത്രി
1984–1985
Succeeded by
ബാലി റാം ഭഗത്
Preceded by പ്രതിരോധ വകുപ്പു മന്ത്രി
1985–1987
Succeeded by
Preceded by ധനകാര്യ വകുപ്പു മന്ത്രി
1987
Succeeded by
നാരായൺ ദത്ത് തിവാരി
Preceded by
നാരായൺ ദത്ത് തിവാരി
വിദേശകാര്യ വകുപ്പ് മന്ത്രി
1987–1988
Succeeded by


"https://ml.wikipedia.org/w/index.php?title=രാജീവ്_ഗാന്ധി&oldid=4081978" എന്ന താളിൽനിന്ന് ശേഖരിച്ചത്