കുറുവ
കുറുവ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cypriniformes |
Family: | Cyprinidae |
Subfamily: | Barbinae |
Genus: | Systomus |
Species: | S. sarana
|
Binomial name | |
Systomus sarana (F. Hamilton, 1822)
| |
Synonyms | |
Cyprinus sarana Hamilton, 1822 |
ഒരിനം ശുദ്ധജലമത്സ്യമാണു് കുറുവഅഥവാ മുണ്ടത്തി. (Olive Barb - Puntius Sarana [2] മിന്നോ കുടുംബത്തിലെ പുണ്ടിയസ് ജനുസ്സിൽ പെടുന്ന ഭക്ഷ്യയോഗ്യമായ ഈ മത്സ്യം മുണ്ടത്തി, പരൽ, കുറുക എന്നീ പേരുകളിലും കേരളത്തിൽ അറിയപ്പെടുന്നുണ്ടു്. (പരൽ എന്ന പേരിൽ അറിയപ്പെടുന്ന മറ്റു മത്സ്യങ്ങളുമുണ്ടു്.).
ആകൃതി
[തിരുത്തുക]പൂർണ്ണവളർച്ചയെത്തിയാൽ ഏകദേശം 30 സെന്റിമീറ്റർ വരെ നീളവും അര കിലോഗ്രാമിൽ മുകളിൽ ഭാരവും ഉണ്ടാകുന്ന കുറുവയ്ക്കു് ആഴം കൂടിയ തടിച്ചു് താരതമ്യേന നീളം കുറഞ്ഞ ആകൃതിയാണുള്ളതു് (deep and moderately compressed). ഇരുണ്ട വെള്ളിനിറമുള്ള ശൽക്കങ്ങൾ (ചെതുമ്പലുകൾ) വാലറ്റം വരെ വ്യക്തമായി വിന്യസിച്ചിരിക്കുന്നു. വയറിനും അടിഭാഗത്തിനും മഞ്ഞയും സ്വർണ്ണനിറവും കലർന്ന വെള്ളനിറമാണു്. ഉരുണ്ട ശിരോഭാഗത്തിന്റെ പൂർവ്വാർദ്ധത്തിലാണു് ശരാശരിയിലും വലിപ്പമുള്ള കണ്ണുകൾ. വിസ്താരമുള്ള വായും ഒരു ജോടി നാസാപുടങ്ങളുമല്ലാതെ തലയിൽ മറ്റു സുഷിരങ്ങളില്ല. വളരെ അവ്യക്തമായി കാണാവുന്ന നീളം കുറഞ്ഞ രണ്ടു ജോടി സ്പർശിനികൾ (Barbels) വായ്ക്കുള്ളിൽ നിന്നും പുറത്തേക്കായി ഇരുവശത്തും കാണാം.
ആവാസമേഖല
[തിരുത്തുക]ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ കുറുവ വ്യാപകമായി കാണപ്പെടുന്നു. കേരളത്തിലെ കായലുകളിലും കോൾ നിലങ്ങളിലും തണ്ണീർത്തടങ്ങളിലും ഇപ്പോഴും ധാരാളമായി വളരുന്നു. എങ്കിലും പരിസ്ഥിതിയിൽ വന്ന മാറ്റങ്ങൾ മൂലം ഉയർന്ന പ്രദേശങ്ങളിലുള്ള ജലാശയങ്ങളിൽ (പുഴകളിലും പാടശേഖരങ്ങളിലും മറ്റും) ഇവയെ മുമ്പുണ്ടായിരുന്നത്ര കാണപ്പെടുന്നില്ല. ചെളി കലർന്ന മണൽത്തിട്ടകളും സാമാന്യം നല്ല ഒഴുക്കുമുള്ള ജലാശയങ്ങളാണു് ഇവയ്ക്കു് ജീവിക്കാൻ ഏറ്റവും അനുകൂലമായ ഇടങ്ങൾ. സാധാരണ നാലോ അഞ്ചോ ചിലപ്പോൾ ഏതാനും ഡസൻ വരെയും എണ്ണം ഒരൊറ്റ കൂട്ടമായി ജീവിക്കുന്നു.
മിശ്രഭുക്കായ കുറുവ ജലകീടങ്ങളും ചെറുമത്സ്യങ്ങളും പായൽ തുടങ്ങിയ ജലസസ്യങ്ങളും ചെറിയ ഇനം ചെമ്മീനുകളും ആഹരിക്കുന്നു. 27% പായൽ, 45% മറ്റുസസ്യങ്ങൾ, 20% പ്രോട്ടോസോവകൾ, 8% മണലും ചെളിയും എന്നിങ്ങനെയാണു് ഇവയുടെ ഭക്ഷണഘടന എന്നു് 1946 ലെ ഒരു പഠനത്തിൽ [3] പരാമർശിച്ചിരിക്കുന്നു.
ആഗോളതലത്തിൽ വംശനാശഭീഷണിയുള്ളതായി കുറുവയെ ഇതുവരെ പരിഗണിച്ചിട്ടില്ലെങ്കിലും ഭക്ഷ്യപ്രാധാന്യമുള്ള ഈ ഇനത്തെ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മത്സ്യ ഇനമായാണു് ബംഗ്ലാദേശിലെ മത്സ്യശാസ്ത്രജ്ഞർ കണക്കിലെടുക്കുന്നതു്.[4]
പ്രജനനം
[തിരുത്തുക]മൺസൂൺ കാലത്ത് നീരൊഴുക്കുകൂടിയ ജലപ്രവാഹങ്ങൾക്കുസമീപവും വെള്ളം പൊങ്ങിക്കിടക്കുന്ന ആഴം കുറഞ്ഞ പരപ്പുകളിലും സ്ഥിതിചെയ്യുന്ന കല്ലുകൾക്കടിയിലും സസ്യങ്ങൾക്കു കീഴ���യുമാണു് ഇത്തരം മത്സ്യങ്ങൾ പ്രജനനം നടത്തുന്നതു്. മേയ് മുതൽ തുടങ്ങി ജൂണിൽ മൂർദ്ധന്യാവസ്ഥ പ്രാപിക്കുന്ന ഇടവേളയാണു് മുഖ്യപ്രജനനകാലം. ആഗസ്റ്റിൽ തുടങ്ങി സെപ്റ്റംബറിൽ അവസാനിക്കുന്ന സമയത്തും ഇവ പ്രത്യുല്പാദനം നടത്താറുണ്ടു്.[5]
സാമ്പത്തികപ്രാധാന്യം
[തിരുത്തുക]ഭക്ഷ്യയോഗ്യമായ മത്സ്യ ഇനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കുറുവ അവയുടെ ശൽക്കഭംഗിയും വർണ്ണവൈവിദ്ധ്യവും മൂലം അലങ്കാരമത്സ്യമായും ഉപയോഗപ്പെടുന്നുണ്ടു്. മത്സ്യം വളർത്തുന്ന ടാങ്കുകളിലും അക്വേറിയങ്ങളിലും പായലും മറ്റു കളകളും ഇല്ലാതാക്കാൻ കുറുവയെ വളർത്താം. [6]
അടുക്കിവെച്ച വരികളായി മുള്ളുകളുണ്ടെങ്കിലും വെളുത്തു മൃദുവായ ഈ മത്സ്യം ഉയർന്ന പോഷണമൂല്യമുള്ള ശുദ്ധജലമത്സ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു. 17.5% അസംസ്കൃത മാംസ്യം (പ്രോട്ടീൻ), 2% കൊഴുപ്പു്, 74% ജലാംശം എന്നിവയാണു് ഈ മത്സ്യത്തിന്റെ ഭക്ഷണയോഗ്യമായ ഭാഗങ്ങളുടെ ശരീര ഘടന.[7]
മീൻ വളർത്തുകേന്ദ്രങ്ങൾക്കു് അനുയോജ്യമായ ഒരിനമായി കുറുവയെ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടു്. [8]
അവലംബം
[തിരുത്തുക]- ↑ Dahanukar, N. 2010. Systomus sarana. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. <www.iucnredlist.org>.
- ↑ Rahman, A. K. A. and Chowdhury G. W.; 2007. Puntius sarana (Hamilton, 1822). In: Encyclopedia of Flora and Fauna of Bangladesh, Vol. 23 (Siddiqui, K. U., Islam, M. A., Kabir, S. M. H., Ahmed, M., Ahmed, A. T. A., Rahman, A. K. A., Haque, E. U., Ahmed, Z. U., Begum, Z. N. T., Hasan, M. A., Khondker, M., and Rahman, M. M. eds.). Published by Asiatic Society of Bangladesh, Dhaka. p. 81
- ↑ Mookerjee, H. K., Sen Gupta, S. N. and Roy Choudhury, D. N., 1946. Food and its percentage composition of the common adult food fishes of Bengal. Sci. & Cult. Calcutta. 12 (7): 247
- ↑ Chakraborty, B. K., Mirza, Z. A., Miah, M. I., Habib, M. A. B. and Chakraborty, A., 2007. Reproductive cycle of the endangered sarpunti, Puntius sarana (Hamilton, 1822) in Bangladesh. Asian Fisheries Science. 20: 145-164.
- ↑ Chakraborty, B. K., Mirza, Z. A., Miah, M. I., Habib, M. A. B. and Chakraborty, A., 2007. Reproductive cycle of the endangered sarpunti, Puntius sarana (Hamilton, 1822) in Bangladesh. Asian Fisheries Science. 20: 145-164
- ↑ http://aquafind.com/articles/Puntius-sarana-sarana.php
- ↑ http://aquafind.com/articles/Puntius-sarana-sarana.php
- ↑ http://aquafind.com/articles/Puntius-sarana-sarana.php