യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്
കാലിക്കറ്റ് സർവ്വകലാശാല | |
തരം | പബ്ലിക്ക് |
---|---|
സ്ഥാപിതം | 1968 |
ചാൻസലർ | ആരിഫ് മുഹമ്മദ് ഖാൻ |
വൈസ്-ചാൻസലർ | പ്രൊഫ. എം. കെ ജയരാജ് |
സ്ഥലം | തേഞ്ഞിപ്പലം, മലപ്പുറം, കേരളം, ഇന്ത്യ |
ക്യാമ്പസ് | Rural |
അഫിലിയേഷനുകൾ | UGC |
വെബ്‌സൈറ്റ് | uoc.ac.in |
കേരളത്തിലെ രണ്ടാമത്തെ സർവകലാശാലയാണ് കാലിക്കറ്റ് സർവകലാശാല. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സർവകലാശാലാ ആസ്ഥാനം. നിർമ്മായ കർമ്മണാ ശ്രീ എന്നതാണ് സർവകലാശാലയുടെ ആദർശവാക്യം. ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ സി. എച്ച്. മുഹമ്മദ് കോയയാണ് സർവകലാശാല തറക്കല്ലിടലും ഉദ്ഘാടനവും നടത്തിയത്. സി. എച്ച്. മുഹമ്മദ് കോയയാണ് സർവകലാശാല സ്ഥാപിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി അതിനാൽ ബഹുമാന സൂചകമായി സർവകലാശാലയുടെ വായനശാലക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നത്. നിലവിൽ ഡോക്ടർ പി രവീന്ദ്രൻ ആണ് വൈസ് ചാൻസലർ .
ഉത്ഭവം
[തിരുത്തുക]ഉത്തരകേരളത്തിൽ ഉന്നതവിദ്യാഭ്യാസം വ്യാപിപ്പിക്കാനും ഗവേഷണം പ്രോത്സാഹിപ്പിക്കാനുമായി 1968 ലാണ് കേരള സർക്കാരിന്റെ ഉത്തരവിലൂടെ സർവകലാശാല നിലവിൽ വന്നത്. ശാസ്ത്ര-സാങ്കേതികവിദ്യയും കേരളത്തിന്റെ കലാസംസ്കാരങ്ങളും സർവകലാശാലയുടെ മുഖ്യപരിഗണനയായിരിക്കണമെന്നും നിശ്ചയിക്കപ്പെട്ടു. കേരള സർവകലാശാലയുടെ കീഴിൽ കോഴിക്കോട്ടുണ്ടായിരുന്ന നാല് ബിരുദാനതര പഠന വകുപ്പുകളും ഉത്തരകേരളത്തിലെ വിവിധ ജില്ലകളിലായുള്ള 54 കോളേജുകളും അധികാരപരിധിയിൽ കൊണ്ടുവന്നുകൊണ്ടാണ് സർവകലാശാല നിലവിൽ വന്നത്. ഇന്ന് 25 ബിരുദാനന്തര പഠന വകുപ്പുകളും 262 കോളേജുകളുമായി കേരളത്തിലെ ഏറ്റവും വലിയ സർവകലാശാലയായി ഇത് വളർന്നിരിക്കുന്നു.
പഠനവകുപ്പുകൾ
[തിരുത്തുക]കോഴിക്കോട് നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സർവകലാശാലയുടെ ആസ്ഥാനവും മുഖ്യ പഠനകേന്ദ്രവും. സർവകലാശാലയുടെ 25 കിലോമീറ്റർ പരിധിയിൽ കോഴിക്കോട് സിറ്റിയും എട്ട് മുനിസിപ്പാലിറ്റികളും (ഫറോക്, രാമനാട്ടുകര, തിരൂർ, താനൂർ, കോട്ടക്കൽ, പരപ്പനങ്ങാടി, കൊണ്ടോട്ടി, തിരൂരങ്ങാടി) ഉണ്ട് സർവകലാശാലയുടെ ഭരണവിഭാഗവും പരീക്ഷാവിഭാഗവും വിദൂരപഠനവിഭാഗവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇവയ്ക്കു പുറമെ സർവകലാശാല കേന്ദ്ര ലൈബ്രറി, അക്കാദമിൿ സ്റ്റാഫ് കോളേജ്, ഹോസ്റ്റലുകൾ എന്നിവയും ഇവിടെയാണ്.
- ഭൗതികശാസ്ത്രം
- രസതന്ത്രം
- നാനോ സയൻസ്
- വാണിജ്യശാസ്ത്രം
- സസ്യശാസ്ത്രം
- ജന്തുശാസ്ത്രം
- ജൈവസാങ്കേതികത
- വിദ്യാഭ്യാസം
- അറബിൿ
- ഇംഗ്ലീഷ്
- ഹിന്ദി
- മലയാളം
- റഷ്യൻ
- സംസ്കൃതം
- ചരിത്രം
- പത്രപ്രവർത്തനം
- ഗ്രന്ഥപ്പുരശാസ്ത്രം
- ഗണിതശാസ്ത്രം
- സ്ഥിതിവിവരശാസ്ത്രം
- വിവരസാങ്കേതികത
- മന:ശാസ്ത്രം
- നാട്ടറിവ് പഠനകേന്ദ്രം
- തത്ത്വചിന്ത
- കായികവിദ്യ
ബൊട്ടാണിക്കൽ ഗാർഡൻ
[തിരുത്തുക]സർവകലാശാലയുടെ കീഴിൽ 45 ഏക്കർ സ്ഥലത്ത് ഒരു ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നു. പതിനായിരത്തോളം സസ്യ വകഭേദങ്ങൾ ഗാർഡനിലുണ്ട്. മുളകളും ഔഷധ സസ്യങ്ങളും ജലസസ്യങ്ങളുമെല്ലാം പ്രത്യേകമായി ഇവിടെ സംരക്ഷിക്കുന്നു. ഇവിടുത്തെ ശേഖരത്തിൽ ഇഞ്ചിവർഗത്തിലെ ഇരുനൂറോളം സ്പീഷീസുകളാണ് ഉള്ളത്. ആൻഡമാൻ നിക്കോബാറിലെ വംശനാശ ഭീഷണി നേരിടുന്ന ഇഞ്ചി വർഗ്ഗം ഉൾപ്പെടെ 140 എണ്ണം ഇന്ത്യയിൽ നിന്നുള്ള വർഗങ്ങളാണ്. തായ്‌ലൻഡ്, ശ്രീലങ്ക, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഇഞ്ചിവർഗങ്ങളും ഇവിടെയുണ്ട്.
അഫിലിയേറ്റഡ് കോളേജുകൾ
[തിരുത്തുക]കോഴിക്കോട് ജില്ലയിലെ 70, തൃശ്ശൂർ ജില്ലയിലെ 68, മലപ്പുറം ജില്ലയിലെ 70, പാലക്കാട് ജില്ലയിലെ 43, വയനാട് ജില്ലയിലെ 11 കോളേജുകൾ ചേർന്ന് മൊത്തം 262 കോളേജുകൾ സർവകലാശാലയോട് അഫിലിയേറ്റു ചെയ്തിരിക്കുന്നു. അവയിൽ 115 അർട്സ് ആന്റ് സയൻസ് കോളേജുകൾ, 53 ട്രെയ്‍നിംഗ് കോളേജുകൾ, 1എഞ്ജിനിയറിംഗ് കോളേജുകൾ, 5 മെഡിക്കൽ കോളേജുകൾ, 4 ആയുർവേദ കോളേജുകൾ, 2 ലോ കോളേജുകൾ, 23 അറബി കോളേജുകൾ, ഒരു ഫൈൻ ആർട്സ് കോളേജ് ,16 നേഴ്സിംഗ് കോളേജുകൾ എന്നിവ ഉൾപ്പെടുന്നു.
Image gallery
[തിരുത്തുക]-
Employees Union Office
കണ്ണി
[തിരുത്തുക]- ഔദ്യോഗിക വെബ് വിലാസം Archived 2018-01-11 at the Wayback Machine
- മലയാളം വാരിക, 2012 മെയ് 11 Archived 2016-03-06 at the Wayback Machine