നഞ്ചൻഗുഡ് വാഴപ്പഴം
Nanjanagud banana | |
---|---|
മറ്റു പേരുകൾ | Nanjangud rasabalehannu |
പ്രദേശം | Mysore & Chamrajnagar |
രാജ്യം | India |
രജിസ്റ്റർ ചെയ്‌തത് | 2005 |
ഔദ്യോഗിക വെബ്സൈറ്റ് | ipindia |
കർണ്ണാടകയിലെ നഞ്ചൻഗുഡ് പ്രദേശത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഒരിനം വാഴയാണ് നഞ്ചൻഗുഡ് വാഴപ്പഴം (ഇംഗ്ലീഷ്: Nanjangud Banana) അഥവാ നഞ്ചൻഗുഡ് രസബാളെ (കന്നഡ: ನಂಜನಗೂಡು ರಸಬಾಳೆ). ഏറെ മധുരമുള്ള ഈ പഴത്തിന് രോഗപ്രതിരോധശേഷിയുള്ളതായും കരുതപ്പെടുന്നു.[1] ഒരു പ്രത്യേക മേഖലയിൽ മാത്രം കാണപ്പെടുന്ന ഒരു കാർഷികോത്പന്നം എന്ന നിലയിൽ നഞ്ചൻഗുഡ് രസബാളെക്ക് 2005-ൽ ഭൂപ്രദേശസൂചിക പദവി (ജി. ഐ ടാഗ്: 29) ലഭിക്കയുണ്ടായി
പ്രശസ്തി
നഞ്ചൻഗുഡിലെ ഗ്രാമങ്ങളിലെ പരമ്പരാഗത കൃഷിയാണിത്. 1980-കളിൽ നഞ്ചൻഗുഡ് താലൂക്കിലെ ദേവരസനഹള്ളിയിലും സമീപപ്രദേശങ്ങളിലുമായി ആയിരക്കണക്കിന് ഏക്കർ പ്രദേശത്ത് ഈ വാഴയിനം കൃഷി ചെയ്യപ്പെട്ടിരുന്നു.[2] ഒരു കാലത്ത് മൈസൂരിലെ വാഴപ്പഴവിപണികളിലെ പ്രമുഖസ്ഥാനം നഞ്ചൻഗുഡ് രസബാളെയ്ക്കായിരുന്നു. കേരളത്തിലെ ചില മേഖലകളിലും ഈ പഴവർഗ്ഗം പ്രശസ്തമായിരുന്നു.
ഉത്പാദനം ക്ഷയിക്കുന്നു
2007 മുതൽ ഈ വാഴകളെ ബാധിച്ച പനാമ എന്ന പൂപ്പൽ ബാധ ഉത്പാദനം കുറക്കാനിടയാക്കി. തുടർച്ചയായുണ്ടായ നഷ്ടം പച്ചബാളെ, റോബസ്റ്റ് തുടങ്ങിയ വാഴയിനങ്ങളുടെ കൃഷിയിലേക്ക് തിരിയുവാൻ ഈ പ്രദേശത്തെ കർഷകരെ പ്രേരിപ്പിച്ചു. ഇന്ന് വെറും മുപ്പത് ഏക്കർ സ്ഥലത്ത് മാത്രമാണ് നഞ്ചൻഗുഡ് പ്രദേശത്ത് ഈ വാഴയിനം കൃഷി ചെയ്യുന്നത്. ഗുണ്ടൽപേട്ടിലെ ചില ഗ്രാമങ്ങളിലും കേരളഅതിർത്തിയോട് ചേർന്നുള്ള മേഖലകളിലും ഇപ്പോൾ രസബാളെ കൃഷിയുണ്ടെങ്കിലും പഴത്തിന് രുചിവ്യത്യാസം പ്രകടമാണ്.[1] ഉത്ഭവസ്ഥാനമായ നഞ്ചൻഗുഡ് പ്രദേശം രസബാളെ കൃഷിയെ കൈവിടുന്നത് ഈ വാഴയിനത്തിന്റെ ഭൂമിശാസ്ത്രസൂചികാ പദവി നിലനിർത്തുന്നതിന് ഭീഷണി ഉയർത്തിയിരുന്നു.
ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ
പൂപ്പലിനെ പ്രതിരോധിക്കാൻ കഴിവുള്ള വിത്തിനങ്ങൾ ബാംഗ്ലൂരിലെ ഹോർട്ടികൾച്ചറൽ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല. നഞ്ചൻഗുഡ് രസബാളെയെ രക്ഷിച്ചെടുക്കാൻ സർക്കാർ കോടിക്കണക്കിന് രൂപയുടെ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം നഞ്ചൻഗുഡിലെ വിവിധ ഗ്രാമങ്ങളിലെ കർഷകരുടെ കൂട്ടായ്മ ഈ വാഴയിനത്തിന്റെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക വിജ്ഞാനം പങ്കുവെക്കുന്നതിനും മുന്നോട്ട് വരുന്നുണ്ട്.[3]
അവലംബം
- ↑ 1.0 1.1 നഞ്ചൻഗുഡ് രസബലയുടെ ഉത്പാദനം നിലയ്ക്കുന്നു, മാതൃഭൂമി, 2012 ഏപ്രിൽ 06
- ↑ Nanjangud banana on slippery ground, ഡെക്കാൻ ഹെറാൾഡ്, 2016 ജനുവരി 30
- ↑ "Farmers Come Together to Save Nanjangud Rasabale, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, 2015 ഏപ്രിൽ 29". Archived from the original on 2016-02-02. Retrieved 2016-01-30.