തടാതക
ഒ��ു പുരാണകഥാപാത്രമാണ് തടാതക. മധുരയിലെ മീനാക്ഷീ ക്ഷേത്രത്തിലെ ദേവിയുടെ അവതാരം എന്ന സങ്കല്പവും നിലവിലുണ്ട്. ശ്രീപാർവതിയെ മീനാക്ഷീദേവിയായും ശ്രീപരമേശ്വരനെ സുന്ദരേശനായും മീനാക്ഷീ ക്ഷേത്രത്തിൽ ആരാധിക്കുന്നു. ശിവഭക്തനും പാണ്ഡ്യ രാജാവുമായിരുന്ന മലയധ്വജപാണ്ഡ്യന്റെ പുത്രിയായി തടാതക എന്ന പേരിൽ മീനാക്ഷീദേവി അവതരിച്ച കഥ ഹാലാസ്യ മാഹാത്മ്യത്തിൽ വർണിക്കുന്നുണ്ട്.
മധുരാനഗരം സ്ഥാപിച്ച കുലശേഖര പാണ്ഡ്യന്റെ മകനാണ് മലയധ്വജപാണ്ഡ്യൻ. സൂര്യവംശരാജാവായ ശൂരസേനന്റെ പുത്രി കാഞ്ചനമാലയായിരുന്നു മലയധ്വജപാണ്ഡ്യന്റെ പത്നി. ദീർഘ കാലം സന്താനസൗഭാഗ്യമുണ്ടാകാതിരുന്നതിനാൽ രാജാവ് പുത്ര കാമേഷ്ടി യാഗം നടത്തി. യജ്ഞവേദിയിൽ മൂന്ന് വയസ്സു മാത്രം പ്രായമുള്ള ഒരു ബാലിക പ്രത്യക്ഷയാകുകയും രാജ്ഞിയുടെ സമീപത്തെത്തി മടിയിൽ ഇരിക്കുകയും ചെയ്തു. ഈ ബാലികയെ രാജാവും രാജ്ഞിയും പുത്രിയായി സ്വീകരിച്ചു. പുത്രിക്ക് ജന്മനാ നെഞ്ചിൽ മൂന്ന് സ്തനമുള്ളതായിക്കണ്ടപ്പോൾ പുത്രിയുടെ ഭാവിയെപ്പറ്റി അവർ ആശങ്കാകുലരായി. എന്നാൽ അപ്പോൾ ഒരു അശരീരി കേട്ടു. ഈ ബാലിക സാക്ഷാൽ മധുര മീനാക്ഷീദേവി തന്നെയാണെന്നും ഭർത്താവാകുന്ന പുരുഷനെ കാണുമ്പോൾ മൂന്നാമത്തെ സ്തനം അപ്രത്യക്ഷമാകുമെന്നും ബാലികയ്ക്ക് 'തടാതക' എന്നു പേരിടണം എന്നുമായിരുന്നു അശരീരി.
തടാതക യൗവ്വനയുക്തയായപ്പോൾ രാജാവ് തന്റെ പിൻഗാമിയായി അഭിഷേകം ചെയ്തു. വാർധക്യം മൂലം രാജാവ് ചരമഗതി പ്രാപിച്ചു. തന്റെ മൂന്നാമത്തെ സ്തനത്തിന്റെ രഹസ്യം മാതാവിൽ നിന്ന് അറിഞ്ഞിരുന്ന തടാതക തന്റെ വരനെ കണ്ടെത്തുന്നതിന് ഉപായമാലോചിച്ചു. ദിഗ്വിജയ യാത്രയ്ക്കു പുറപ്പെട്ട് ഇന്ദ്രനേയും മറ്റു ദേവന്മാരേയും പരാജിതരാക്കി ജൈത്രയാത്ര തുടർന്നു. കൈലാസത്തിലെത്തിയ തടാതകയെ ദ്വാരപാലകർ തടഞ്ഞു. നന്ദികേശ്വരനിൽ നിന്നു വിവരമറിഞ്ഞ പരമശിവൻ പതിനാറ് വയസ്സുള്ള സുന്ദരരൂപനായി ഗോപുര കവാടത്തിലെത്തി. പരമശിവനെ കണ്ട മാത്രയിൽ തടാതകയുടെ മൂന്നാമത്തെ സ്തനം അപ്രത്യക്ഷമായി. പരമശിവൻ സുന്ദരേശരൂപനായിത്തന്നെ സപരിവാരം മധുരാപുരിയിലെത്തി. സുന്ദരേശന്റേയും തടാതകയുടേയും വിവാഹം മംഗളമായി നടന്നു. ഇവർ മധുരമീനാക്ഷീ ക്ഷേത്രത്തിൽ മീനാക്ഷീദേവിയും സുന്ദരേശ പാണ്ഡ്യനുമായി ആരാധിക്കപ്പെട്ടു.
ഒരിക്കൽ കാഞ്ചനമാല സമുദ്രസ്നാനത്തിനുള്ള തന്റെ ആഗ്രഹം തടാതകയെ അറിയിച്ചു. സ്ത്രീകൾ ഭർത്താവിനോടൊപ്പമോ പുത്രനോടൊപ്പമോ മാത്രമേ സമുദ്രത്തിൽ ഇറങ്ങാവൂ എന്നു വിധിയുണ്ടായിരുന്നു. പരമശിവനായ സുന്ദരേശൻ സ്മരണ മാത്രയിൽ മലയധ്വജപാണ്ഡ്യനെ സ്വർഗത്തുനിന്ന് ഭൂമിയിൽ വരുത്തി. കാഞ്ചനമാലയുമൊത്തുള്ള സമുദ്രസ്നാനത്തിനുശേഷം മലയധ്വജപാണ്ഡ്യനും കാഞ്ചനമാലയും ആകാശമാർഗം സ്വർഗത്തിലെത്തിച്ചേർന്നു.
മധുരാനഗരിക്ക് ഹാലാസ്യം എന്നും പേരുണ്ട്. മധുരമീനാക്ഷീ ക്ഷേത്രത്തെ പ്രകീർത്തിക്കുന്ന ഹാലാസ്യമാഹാത്മ്യം എന്ന കാവ്യത്തിൽ 'തടാതക'യുടെ കഥ വിസ്തരിച്ച് പ്രതിപാദിക്കുന്നു. ശങ്കര സുബ്രഹ്മണ്യൻ, ഗണപതിശാസ്ത്രി എന്നിവർ സംസ്കൃത ത്തിൽ തടാതകാപരിണയം എന്ന പേരിൽ കാവ്യം രചിച്ചിട്ടുണ്ട്. അനന്തനാരായണ ശാസ്ത്രിയുടെ വ്യാഖ്യാനത്തോടുകൂടി എട്ട് സർഗങ്ങളിലുള്ള തടാതകാപരിണയം കാവ്യം 1903-ൽ പാലക്കാട്ടു നിന്ന് പ്രസിദ്ധീകൃതമായി. മലയാളത്തിലും തമിഴിലും ഈ കഥ പ്രതിപാദിക്കുന്ന അനേകം ഗ്രന്ഥങ്ങളുണ്ട്. മാടാവിൽ വലിയ കുഞ്ഞിരാമൻ വൈദ്യൻ തടാതകാസ്വയംവരം എന്ന പേരിൽ ഓട്ടൻ തുള്ളലും ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ തടാതകാപരി ണയം എന്ന കൈകൊട്ടിക്കളിപ്പാട്ടും രചിച്ചു. ഈ കഥ നാല് ദിവസം കൊണ്ട് അവതരിപ്പിക്കുന്ന വിധത്തിൽ അജ്ഞാതകർ തൃകമായ മീനാക്ഷീസ്വയംവരം ആട്ടക്കഥ പ്രസിദ്ധീകൃതമായിട്ടുണ്ട്.
കുളക്കട നമ്പിമഠത്തിൽ ഭാനുഭാനു പണ്ടാരത്തിൽ രചിച്ച തടാതകാപരിണയം ആട്ടക്കഥ (1998) രംഗാവതരണത്തിന് മിക വുറ്റതാണ്. നായികാപ്രധാനമായ ഇതിൽ ധീരോദാത്തപ്രഭാവങ്ങ ളോടുകൂടിയ നായിക ദിഗ്വിജയത്തിനു പുറപ്പെടുന്നതും നായിക യുടെ യുദ്ധനൈപുണിയും സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തടാതക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |