ചെറായി
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ചെറിയ തീരദേശ പട്ടണമാണ് ചെറായി. എറണാകുളത്തുനിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ചെറായി. ഗ്രേറ്റര്‍ വൈപ്പിന്‍ ദ്വീപിന്റെ ഭാഗമാണ് ചെറായി. 1341-ലെ വലിയ പ്രളയത്തില്‍ കടലില്‍ നിന്ന് പൊങ്ങിവന്നതാണ് ഈ ദ്വീപ് എന്നു വിശ്വസിക്കപ്പെടുന്നു. അതിമനോഹരമായ ചെറായി ബീച്ച് ഇവിടെയാണ്.
പേരിനു പിന്നില്‍
ആധുനിക കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിലെ രണ്ടു നായകന്മാരുടെ ജന്മദേശമാണ് ചെറായി. സഹോദരന്‍ അയ്യപ്പനും മത്തായി മഞ്ഞൂരാനും ഇവി��െയാണ് ജനിച്ചത്.1341ലെ പ്രളയത്തെ തുടര്‍ന്ന് രൂപം കൊണ്ട വൈപ്പിന്‍ ദ്വീപിലെ ചെറിയ പട്ടണമാണ് ചെറായി. 25 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന വൈപ്പിന്‍കരയുടെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറം പഞ്ചായത്തിലാണ് ചെറായി. ഇന്ത്യാ ചരിത്രവുമായി പള്ളിപ്പുറം ബന്ധപ്പെട്ടുകിടക്കുന്നു. പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ച കോട്ട ഇതിനുദാഹരണമായി പള്ളിപ്പുറത്ത് തലയുയര്‍ത്തിനില്‍ക്കുന്നു. നിരവധി വിദേശ ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് പള്ളിപ്പുറത്തിന്.
ആരാധനാലയങ്ങള്‍
ഇവിടത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ചെറായി ഗൗരീശ്വര ക്ഷേത്രം. വിജ്ഞാന വര്‍ദ്ധിനി സഭ (വി.വി. സഭ) ആണ് ഈ ക്ഷേത്രം നോക്കിനടത്തുന്നത്. ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നിര്‍വഹിച്ച ഈ ക്ഷേത്രം മലയാളപളനി എന്നും അറിയപ്പെടുന്നു. 1912-ലാണ് ചെറായി ഗൌരീശ്വര ക്ഷേത്രം സ്ഥാപിതമായത്. ഈ ക്ഷേത്രത്തിലെ ഉത്സവം എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രോത്സവമാണ്[അവലംബം ആവശ്യമാണ്].
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആനകളെ എഴുന്നള്ളിച്ചു നടത്തുന്ന ഇവിടത്തെ ഉത്സവം വിദേശീയരെ പോലും ആകര്‍ഷിക്കാറുണ്ട്. ഇരു ചേരുവാരങ്ങളായി തിരിഞ്ഞ് മത്സരിച്ചാണ് ഇവിടെ പൊതുജനങ്ങളുടെ സഹകരണത്തോടെ ഉത്സവം നടത്തുന്നത്. വാശിയേറിയ വര്‍ണശബളമായ കുടമാറ്റവും മേളങ്ങളും വെടിക്കെട്ടും പ്രത്യേകതയാണ്. ഉത്സവം ദിവസം രാവിലെ നടക്കുന്ന ആനകളുടെ തലപ്പൊക്കമത്സരം വളരെ ശ്രദ്ധേയമാണ്. മത്സരത്തിനുവേണ്ടി ഇരുചേരുവാരങ്ങളും കേരളത്തിലെതന്നെ തലയെടുപ്പുള്ള കരിവീരന്‍മാരെ അണിനിരത്തും. ഈ മത്സരത്തില്‍ ജയിക്കുന്ന ആനക്കാണ് ഭഗവാന്റെ തിടമ്പ് വഹിക്കാനുള്ള അര്‍ഹത ലഭിക്കുക. ഇതു കാണാന്‍ തന്നെ ആയിരങ്ങളാണ് ഉത്സവപ്പറമ്പിലേക്കെത്തുക. കൊടി കയറി പത്താം നാളാണ് ആറാട്ട് മഹോത്സവം. ശ്രീ സുബ്രഹ്മണ്യനാണ് മുഖ്യ പ്രതിഷ്ഠയെങ്കിലും ശിവനും പാര്‍വതിയും ഗണപതിയും അയ്യപ്പനും നവഗ്രഹങ്ങളുടേയും പ്രതിഷ്ഠകളുണ്ട്. മീഡിയ:STA40065n.ogg