അഗ്നിവേശൻ
പ്രാചീന ആയുർവേദ ഗ്രന്ഥമായ ചരകസംഹിതയുടെ മൂലപാഠത്തിന്റെ കർത്താവ്. അനാദിയായ ആയുർവേദ ശാസ്ത്രം ബ്രഹ്മസ്മൃതം ആണെന്നും ബ്രഹ്മാവ് ദക്ഷപ്രജാപതിക്കും ദക്ഷൻ അശ്വിനീദേവന്മാർക്കും അശ്വിനീദേവന്മാർ ഇന്ദ്രനും ആയുർവേദം ഉപദേശിച്ചുവെന്നും ഇന്ദ്രൻ അത്രേയൻ മുതലായ മഹർഷിമാരേയും അവർ അഗ്നിവേശൻ തുടങ്ങിയ ആറു ശിഷ്യന്മാരേയും പഠിപ്പിച്ചു എന്നുമാണ് ഐതിഹ്യം. ഈ ആറു ശിഷ്യന്മാരും പ്രത്യേകം പ്രത്യേകം ശാസ്ത്രഗ്രന്ഥങ്ങൾ നിർമിച്ചു. അഗ്നിവേശനാണ് ആയുർവേദത്തെപ്പറ്റി സമഗ്രമായ ഒരു ഗ്രന്ഥം ആദ്യമായി നിർമിച്ചത് എന്നാണ് കരുതപ്പെടുന്നത്. അഗ്നിവേശസംഹിത വളരെക്കാലങ്ങൾക്കു ശേഷം ചരകമഹർഷി സംസ്കരണം ചെയ്തതാണ് ഇന്നു ലഭിക്കുന്ന ചരകസംഹിത.
ഉപനിഷത്തുകളിൽ അഗ്നിവേശനെക്കുറിച്ച് പരാമർശിച്ചിട്ടുള്ളതിൽനിന്നും ഇദ്ദേഹം അക്കാലത്തിനുമുൻപ് ജീവിച്ചിരുന്നു എന്നു അനുമാനിക്കാം. ചരകസംഹിതയിൽ ലഭ്യമല്ലാത്ത പല ഭാഗങ്ങളും 11-ഉം 12-ഉം ശതകങ്ങളിലെ വ്യാഖ്യാതാക്കൾ ഉദ്ധരിച്ചു കാണുന്നതിൽ നിന്ന് അഗ്നിവേശസംഹിത ഈ കാലഘട്ടം വരെ പ്രചാരത്തിലുണ്ടായിരുന്നു എന്ന് കരുതാവുന്നതാണ്. ഹസ്തിശാസ്ത്രം, അഞ്ജന നിദാനം എന്നു രണ്ടു ഗ്രന്ഥങ്ങൾ കൂടി അഗ്നിവേശൻ എഴുതിയിട്ടുള്ളതായി ���റയപ്പെടുന്നു.
ദ്രോണദ്രുപദന്മാരുടെ ആദിഗുരുവായ ഒരു അഗ്നിവേശനെ കുറിച്ച് മഹാഭാരതത്തിൽ പരാമർശമുണ്ട്.
പുറംകണ്ണികൾ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഗ്നിവേശൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |