പഞ്ചരത്നകൃതികൾ
ത്യാഗരാജ സ്വാമികൾ അഞ്ചുകൃതികളായി രചിച്ചിട്ടുള്ള നിരവധി കീർത്തനങ്ങളുടെ കൂട്ടങ്ങളെ പൊതുവേ പഞ്ചരത്നകൃതികൾ എന്നു വിളിക്കുന്നു. ഇവയിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്ന അഞ്ചെണ്ണമാണു് ഘനരാഗപഞ്ചരത്നകീർത്തനങ്ങൾ അഥവാ പഞ്ചരത്നകൃതികൾ അഥവാ ത്യാഗരാജപഞ്ചരത്നകൃതികൾ എന്നു് അറിയപ്പെടുന്നത്. ഈ പഞ്ചരത്നകൃതികൾക്കായി ഉപയോഗിച്ചിരിക്കുന്ന അഞ്ച് രാഗങ്ങളും ഘനരാഗങ്ങളാണ്. അതു കൊണ്ടു തന്നെ ഈ പഞ്ചരത്നകൃതികളെ 'ഘനരാഗപഞ്ചരത്നകൃതികൾ' എന്നും പറയാറുണ്ട്. ഇവകൂടാതെ ത്യാഗരാജ സ്വാമികൾ രചിച്ചിട്ടുള്ള കോവൂർ പഞ്ചരത്നം, തിരുവൊട്ടിയൂർ പഞ്ചരത്നം, നാഗപുരി പഞ്ചരത്നം, ശ്രീരംഗ പഞ്ചരത്നം എന്നീ പഞ്ചരത്നകീർത്തനങ്ങൾ ഘനരാഗപഞ്ചരത്നകൃതികളിൽ നിന്ന് വ്യത്യസ്തങ്ങളാണ്. അവയും അദ്ദേഹത്തിന്റെ ശ്രുതിമധുരവും ഭക്തി നിർഭരമായവുമായ രചനകൾ തന്നെയാണ്. എങ്കിലും ഘനരാഗത്തിൽ രചിച്ച ഘനരാഗ പഞ്ചരത്നകൃതികൾ ആണ് ഏറെ പ്രസിദ്ധം. സംഗീതസദസ്സുകളിൽ ഏറെയും പാടുന്നത് ഘനരാഗ പഞ്ചരത്നകൃതികൾ ആണ്. അതുകൊണ്ടായിരിക്കാം കാലക്രമേണ ഘനരാഗ പഞ്ചരത്നകൃതികൾ മാത്രം പഞ്ചരത്നകീർത്തനങ്ങൾ എന്നറിയപ്പെടാൻ തുടങ്ങിയത്. ഘനരാഗ പഞ്ചരത്നകൃതികൾ മാത്രം ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ എന്നറിയപ്പെടാൻ തുടങ്ങി. എന്നാൽ ത്യാഗരാജ സ്വാമികളുടെ ശിഷ്യനായിരുന്ന വീണകുപ്പയ്യരും കാളഹസ്തീശ പഞ്ചരത്നം, വെങ്കെടേശ പഞ്ചരത്നം എന്നീ രണ്ടുകൃതി സമുച്ചയങ്ങൾ രചിച്ചിട്ടുണ്ട്. അവയും ഘനരാഗ പഞ്ചരത്നകൃതികളിൽ നിന്ന് വ്യത്യസ്തമാണ്. [1]
1953-ലാണ് ആലത്തൂർ വെങ്കടേശ അയ്യർ പഞ്ചരത്നകൃതികൾ ആദ്യം പ്രകാശനം ചെയ്യുന്നത്. തുടർന്ന് പലരും വ്യത്യസ്ത പാഠക്രമത്തിലും പല ഭാഷകളിലും പഞ്ചരത്നകൃതികൾ സ്വരപ്പെടുത്തി പ്രകാശനം ചെയ്തു.
ഘനരാഗ പഞ്ചരത്നകൃതികൾ
[തിരുത്തുക]ത്യാഗരാജ സ്വാമികളുടെ ഇഷ്ടദൈവമ��യ ശ്രീരാമചന്ദ്രനെ സ്തുതിച്ചു കൊണ്ടുള്ള, അസാധാരണനൈപുണ്യം പ്രകടിപ്പിക്കുന്ന കീർത്തനങ്ങളാണിവ. എല്ലാ കീർത്തനങ്ങളും ആദി താളത്തിലാണു് ക്രമപ്പെടുത്തിയിട്ടുള്ളതു്. ഓരോന്നിലെയും സാഹിത്യത്തിനു് അനുയോജ്യമായ വിധത്തിൽ വ്യത്യസ്ത ഭാവങ്ങളിലുള്ള രാഗങ്ങളാണു് ഈ കീർത്തനങ്ങളിൽ തെരഞ്ഞെടുത്തിട്ടുള്ളതു്. തിരുവൈയാറിലെ ത്യാഗരാജ ആരാധനയിൽ ഉൾപ്പെട്ട ശിഷ്യസംഘങ്ങളുടെ അനൈക്യം ഒഴിവാക്കാനായി ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ, പങ്കെടുക്കുന്ന എല്ലാവർക്കും ഒരുമിച്ച് ഭജനപോലെ പാടാൻ പറ്റുന്ന ഏറ്റവും ലക്ഷണമൊത്ത അഞ്ചു കീർത്തനങ്ങളായി 1941-ൽ ഇവയെ തെരഞ്ഞെടുത്തതിനുശേഷം പഞ്ചരത്നകൃതികളുടെ പ്രചാരം കർണ്ണാടകസംഗീതലോകത്തിൽ ഗണ്യമായി ഉയർന്നു.
എല്ലാവർഷവും ജനുവരി മാസത്തിൽ തിരുവൈയാറിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന ത്യാഗരാജ ആരാധനയിൽ സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഒരുമിച്ചിരുന്ന് പഞ്ചരത്ന കീർത്തനങ്ങൾ പാടുന്ന പതിവ് ഉണ്ട്.
താഴെ പറയുന്നവയാണ് പഞ്ചരത്ന കീർത്തനങ്ങൾ:
- ജഗദാനന്ദകാരക ജയ ജാനകി പ്രാണനായകാ (രാഗം: നാട്ട)
- ദുഡുകു, ഗല, നന്നേ, ദൊരേ, കൊഡുകു, ബ്രോചുരാ എന്തോ (രാഗം: ഗൗള)
- സാധിംചെനെ ഓ മനസാ (രാഗം: ആരഭി)
- കനകന രുചിരാ; കനക വസന! നിന്നു (രാഗം: വരാളി)
- എന്ദരോ മഹാനു ഭാവ-ലു അന്ദരികി വന്ദനമു (രാഗം: ശ്രീ)
ത്യാഗരാജ സ്വാമികൾ സമാധിയടഞ്ഞ പുഷ്യബഹുളപഞ്ചമി ദിവസത്തിൽ തിരുവൈയാറിൽ നടക്കുന്ന ത്യാഗരാജ ഉത്സവത്തിൽ, കൂട്ടമായി പാടുന്ന ഘനരാഗപഞ്ചരത്നകൃതികളാണ്, ഏറ്റവും ജനശ്രദ്ധ ആകർഷിക്കുന്നത്. തിരുവൈയാറിൽ ഇന്നു നിലവിലുള്ള രീതിയിൽ പഞ്ചരത്നകീർത്തനങ്ങൾ കൂട്ടത്തോടെ ആലപിക്കുന്ന രീതി തുടങ്ങുന്നത്, 1941-ൽ ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ ഒരുമിച്ചു പാടാൻ ഏറ്റവും യുക്തമായ അഞ്ചുകീർത്തനങ്ങളായി ഇവയെ തെരഞ്ഞെടുത്തതിനുശേഷമാണു്. സംഘഭേദമില്ലാതെ, പങ്കെടുക്കുന്ന എല്ലാ സംഗീതകാരന്മാർക്കും ഒരുമിച്ച് ഒരു ഭജന പോലെ പാടുവാൻ ഇതു സൗകര്യപ്രദമായി. ത്യാഗരാജ സ്വാമികളുടെ മറ്റുകൃതികളെ അപേക്ഷിച്ച് ഈ കൃതികൾ ദൈർഘ്യമേറിയതാണ്.
കോവൂർ പഞ്ചരത്നകൃതികൾ
[തിരുത്തുക]കോവൂർ പഞ്ചരത്നകൃതികൾ, ത്യാഗരാജ സ്വാമികൾ കോവൂർ സന്ദർശിച്ച് കോവൂർ സുന്ദര മുതലിയാരുടെ കൂടെ താമസിക്കുമ്പോൾ രചിച്ചതാണ്. ഭക്തനും ദാനശീലനുമായിരുന്ന കോവൂർ സുന്ദരമുതലിയാരുടെ ആതിഥ്യം സ്വീകരിച്ച് അദ്ദേഹത്തിന്റെ മുമ്പിൽ ത്യാഗരാജൻ പാടി. മടക്കയാത്രയിൽ മുതലിയാർ ആയിരം പൊൻനാണയം കിഴിയാക്കി ത്യാഗരാജന് സമ്മാനിച്ചു. സ്വാമികൾ അത് നിരസിച്ചെങ്കിലും മുതലിയാർ നാണയക്കിഴി അദ്ദേഹമറിയാതെ പല്ലക്കുമെത്തയ്ക്കടിയിൽ തിരുകിവച്ചു. കൂടെയുള്ളവരോട് വിവരവും പറഞ്ഞു. തിരുപ്പതിയിലേക്കുള്ള യാത്രാമദ്ധ്യേ ഒരു കാട്ടിൽവച്ച് കള്ളന്മാർ അവരെ ആക്രമിച്ചു. തന്റെ കയ്യിൽ പണമൊന്നുമില്ലെന്ന സത്യാവസ്ഥ ആക്രമികളോട് പറഞ്ഞ് അവരെ പിന്തിരിപ്പിക്കാൻ സ്വാമികൾ ശ്രമിച്ചപ്പോൾ മാത്രമാണ് മറ്റുള്ളവർ പണക്കിഴിയുടെ കാര്യം സ്വാമികളോട് പറഞ്ഞത്. പണം രാമനവമി ഉത്സവത്തിലേക്കായി മുതലിയാർ തന്നതാണെന്നുമറിഞ്ഞപ്പോൾ "രാമന്റെ മുതൽ രാമൻതന്നെ രക്ഷിച്ചുകൊള്ളും" എന്നു പറഞ്ഞ് ധ്യാനത്തിൽ മുഴുകി. പൊടുന്നനെ തങ്ങളെ ലക്ഷ്യം വച്ച് ശരവർഷം നടത്തുന്നതായും അവയെല്ലാം ദേഹംതുളക്കുന്നതായും തോന്നുകയാൽ കള്ളന്മാർ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടു. കുറെ കഴിഞ്ഞപ്പോൾ മാനസാന്തരം വന്ന കള്ളന്മാർ ത്യാഗരാജന്റെയടുക്കൽ ക്ഷമാപണം ചോദിച്ചുവന്നു. അപ്പോൾ സ്വാമികൾ "കള്ളന്മാരായ നിങ്ങളെ തുരത്തിയത് സാക്ഷാൽ ശ്രീരാമലക്ഷ്മണന്മാരാണെന്നും അവരെ ദർശിക്കാനവസരം ലഭിച്ചതുതന്നെ നിങ്ങളുടെ പൂർവ്വജന്മസുകൃതം കൊണ്ടുമാത്രമാണെന്നും ഇതു പോലുള്ള ഹീനകൃത്യങ്ങളുപേക്ഷിച്ച് ഭഗവാനിൽ മനസ്സുറപ്പിച്ച് ശിഷ്ട ജീവിതം നയിക്കയാണ് വേണ്ടതെന്നും, അങ്ങനെയായാൽ അനായാസേന മോക്ഷം ലഭിക്കുമെന്നും ഉപദേശിച്ചയച്ചു.[3]
തിരുവെട്രിയൂർ പഞ്ചരത്നകൃതികൾ
[തിരുത്തുക]തിരുവെട്രിയൂർ പഞ്ചരത്നകൃതികൾ ത്യാഗരാജ സ്വാമികൾ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന വീണകുപ്പയ്യരുടെ കൂടെ താമസിക്കുമ്പോൾ രചിച്ചതാണ്.
ലാൽഗുഡി പഞ്ചരത്നകൃതികൾ
[തിരുത്തുക]ലാൽഗുഡി പഞ്ചരത്നകൃതികൾ ത്യാഗരാജ സ്വാമികൾ ശിഷ്യനായ ലാൽഗുഡി രാമയ്യയുടെ ക്ഷണപ്രകാരം അവിടെ താമസിക്കുമ്പോഴുമാണ് രചിച്ചത്.
ശ്രീരംഗ പഞ്ചരത്നകൃതികൾ
[തിരുത്തുക]ത്യാഗരാജ സ്വാമികൾ രചിച്ച പഞ്ചരത്നകൃതികളിലൊന്നാണിത്.
കാളഹസ്തീശ പഞ്ചരത്നകൃതികൾ
[തിരുത്തുക]ത്യാഗരാജ സ്വാമികളുടെ ശിഷ്യനായിരുന്ന വീണകുപ്പയ്യർ രചിച്ച പഞ്ചരത്നകൃതികളിലൊന്നാണിത്.
വെങ്കെടേശ പഞ്ചരത്നകൃതികൾ
[തിരുത്തുക]ത്യാഗരാജ സ്വാമികളുടെ ശിഷ്യനായിരുന്ന വീണകുപ്പയ്യർ രചിച്ച പഞ്ചരത്നകൃതികളിലൊന്നാണിത്.
ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഡോ. ബാലമുരളീകൃഷ്ണ പാടിയ പഞ്ചരത്നകീർത്തനങ്ങൾ Archived 2006-07-18 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1
- ↑
{{cite news}}
: Empty citation (help) - ↑ http://www.jayakeralam.com/kerala_news/magazine/story/jayakeralam-old-magazine-content-1825.html[പ്രവർത്തിക്കാത്ത കണ്ണി]