അക്കിനേനി നാഗേശ്വരറാവു
നടൻ നാഗേശ് | |
---|---|
ജനനം | നടൻ നാഗേശ്വര റാവു 20 സെപ്റ്റംബർ 1924 |
മരണം | 22 ജനുവരി 2014 ഹൈദരാബാദ് | (പ്രായം 89)
മറ്റ് പേരുകൾ | ANR, Natasamrat |
തൊഴിൽ | അഭിനേതാവ്, നിർമ്മാതാവ്, സ്റ്റുഡിയോ |
ജീവിതപങ്കാളി(കൾ) | അന്നപൂർണ്ണ |
കുട്ടികൾ | അക്കിനേനി നാഗാർജുന Akkineni Venkat Sathyavathi |
പ്രശസ്തനായ ഒരു തെലുഗു ചലച്ചിത്രനടനാണ് അക്കിനേനി നാഗേശ്വരറാവു (തെലുഗു:అక్కినేని నాగేశ్వరరావు). എ. എൻ. ആർ. (A. N. R.) എന്ന ചുരുക്കപ്പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. പത്മവിഭൂഷൺ, പത്മഭൂഷൻ, പത്മശ്രീ, ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.[1] 69 വർഷത്തെ അഭിനയജീവിതത്തിൽ ഇദ്ദേഹം പുരാണം, സാമൂഹികം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ പ്രതിപാദ്യമായ ധാരാളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ആരാധകർ റാവുവിനെ നടന സാമ്രാട്ട് എന്നു പുകഴ്ത്തുന്നു. ആന്ധ്രാ സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്റെ ഉപദേഷ്ടാവായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ആന്ധ്രാസർക്കാർ ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം അക്കിനേനി നാഗേശ്വരറാവു അവാർഡ് എന്ന പേരിൽ ഒരു പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ തെലുഗു ചലച്ചിത്രതാരങ്ങളിലൊരാളായ നാഗാർജുന ഇദ്ദേഹത്തിന്റെ മകനാണ്. സാമൂഹ്യ സേവനത്തിലും ഇദ്ദേഹം തൽപ്പരനായിരുന്നു.
ജീവിതരേഖ
[തിരുത്തുക]1924 സെപ്റ്റംബർ 20-ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ രാമപുരത്ത് കർഷക ദമ്പതികളായ വെങ്കടരത്നത്തിന്റേയും പുന്നമ്മയുടേയും അഞ്ചു മക്കളിൽ ഇളയവനായി ജനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം കർഷകനായി. പത്താമത്തെ വയസിൽ തന്നെ നാടക നടനായി അരങ്ങേറി. സ്ത്രീവേഷങ്ങളിൽ തിളങ്ങി. 1940 ൽബാലരാമയ്യ എന്ന സിനിമാനിർമ്മാതാവിൻ്റെ സഹായത്തോടെ സീതാരാമജനനത്തിൽ രാമനായി വേഷമിട്ട് ചലച്ചിത്രലോകത്തേക്ക് രംഗപ്രവേശം ചെയ്തു .ക്രമേണ ഇദ്ദേഹം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി. കാളിദാസൻ, ജയദേവൻ, ദേവദാസ്, തെനാലി രാമൻ തുടങ്ങിയ പുരാണ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ പ്രശസ്തി പിന്നീട് മറാഠിയിലേയ്ക്കും ബംഗാളിയിലേക്കുമെല്ലാം വ്യാപിച്ചു. അവിടെയെല്ലാം പ്രദർശന വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
പല്ലെടുരി പിള്ള, പ്രാണമിത്രലു ചക്രധാരി, ആന്തമാൻ അമ്മായി, പൂലാ രാഗസു, ദേവദാസു, ആദർശകുടുംബം, ഇഡരു അമ്മായിലു, മായാബസാർ, സമീന്ദാർ,വേലുഡു നീഡലു,വാടിന, റോജുലുമാറായി ,ഭക്തജയദേവ, ശ്രീരാമരാജ്യം മഹാകവി കാളിദാസ്, മൂകമനസലു ,ഇല്ലാരികം, വാഗ്ദാനം, സുവർണ്ണ സുന്ദരി, വിപ്രനാരായണ, സുഡിഗുണ്ടലു, പ്രേമാഭിഷേകം, സീതാരാമജനന, ഭൂ കൈലാസ്, പ്രേമനഗർ, ശാന്തിനിവാസം, മാനം (അവസാന സിനിമ) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. ഇതിൽ 'പ്രേമാഭിഷേകം' തുടർച്ചയായി 500 ദിവസത്തോളം ഹൈദരാബാദിലെ ഒരു തിയേറ്ററിൽ പ്രദർശിപ്പിക്കുകയുണ്ടായി. സൗദാമിനി, ചാണക്യചന്ദ്രഗുപ്ത എന്നിവ ഹൊറർ സിനിമകളാണ്. ആന്ധ്രാപ്രദേശിൽ ചലച്ചിത്രത്തെ ഒരു വ്യവസായമായി വളർത്തുന്നതിൽ നാഗേശ്വരറാവു വഹിച്ച പങ്ക് നിസ്തുലമാണ്. ആദ്യകാലങ്ങളിൽ മദിരാശിയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തെന്നിന്ത്യൻ ചലച്ചിത്രനിർമ്മാണത്തെ ഹൈദരാബാദ് നഗരത്തിലേക്കുകൂടി ഇദ്ദേഹം വ്യാപിപ്പിച്ചു.[2] ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂർണ സ്റ്റുഡിയോ നിർമിച്ചത് ഇദ്ദേഹമാണ്. തുടർന്നാണ് തെലുഗുഭാഷയിൽ കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത്. 1963-ൽ തെലുഗു ഭാഷാചിത്രങ്ങളുടെ നിർമ്മാണവും നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഒരു പദ്ധതി (Fire point plan) ഇദ്ദേഹം ആന്ധ്രാസർക്കാരിന് സമർപ്പിച്ചു. അന്നപൂർണ്ണയാണ് ഭാര്യ. നടൻ നാഗാർജുനയടക്കം അഞ്ചുമക്കൾ.
നേനുനാ ജീവിതം, നേനു ചൂസിനാ അമേരിക്ക എന്നിങ്ങനെ ആത്മകഥാ സ്വഭാവമുള്ള ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്
2014 ജനുവരി 22-ന് പുലർച്ചെ 2.12-ന് ഹൈദ്രാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കാൻസർ മൂലം മരണമടഞ്ഞു.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മവിഭൂഷൺ (2011)
- പത്മഭൂഷൻ (1991)
- പത്മശ്രീ (1968)
- ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം - ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതി (1990)
- രഘുപതി വെങ്കയ്യ അവാർഡ് - ആന്ധ്രാസർക്കാർ (1990)
- അണ്ണാ അവാർഡ് - തമിഴ്നാട് സർക്കാർ (1995)
- കാളിദാസ പുരസ്കാരം- മധ്യപ്രദേശ് സർക്കാർ (1996)
അവലംബം
[തിരുത്തുക]- ↑ Padma Awards to ANR, SPB, Sify Movies, 2011 January 27
- ↑ http://www.ndtv.com/article/south/legendary-telugu-actor-akkineni-nageswara-rao-dies-at-91-473915
- ↑ "Akkineni Nageswara Rao passes away" (in ഇംഗ്ലീഷ്). The Hindu. 22 Jan 2014. Retrieved 22 Jan 2014.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്കിനേനി നാഗേശ്വരറാവു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റ���്ങൾ വന്നിട്ടുണ്ടാകാം. |
- Pages using the JsonConfig extension
- Pages using infobox person with unknown empty parameters
- 1924-ൽ ജനിച്ചവർ
- സെപ്റ്റംബർ 20-ന് ജനിച്ചവർ
- തെലുഗു ചലച്ചിത്രനടന്മാർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ
- പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ
- 2014-ൽ മരിച്ചവർ
- ജനുവരി 22-ന് മരിച്ചവർ