നട്ടെല്ല്
ശരീരത്തിന് നിശ്ചിത ആകൃതിയും ഉറപ്പും നല്കുകയും ശരീരത്തെ നിവർന്നു നില്ക്കുന്നതിനും ചലിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്ന അസ്ഥികളുടെ ഒരു നിരയെ നട്ടെല്ല് എന്ന് പറയുന്നു. കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗമായ സുഷുമ്നാ നാഡിയുടെ സംരക്ഷണകവചം കൂടിയാണ് നട്ടെല്ല്.
താണതരം കശേരുകികളായ ആംഫിയോക്സസ്, ലാംപ്രേ തുടങ്ങിയവയുടെ നട്ടെല്ല് നോട്ടോകോഡ് എന്നറിയപ്പെടുന്നു. ഇത് മധ്യജനസ്തരമായ കലകൾ (Mesodermal tissue) കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഉയർന്നതരം കശേരുകികളിൽ കശേരുക്കൾ (vertebrae) എന്നറിയപ്പെടുന്ന അസ്ഥികൾ കൊണ്ടാണ് നട്ടെല്ല് നിർമിച്ചിരിക്കുന്നത്. മുതല, പല്ലി, പക്ഷികൾ, സസ്തനികൾ തുടങ്ങിയ കശേരുകികളുടെ നട്ടെല്ലിൽ കശേരുക്കൾ കഴുത്ത്, നെഞ്ചിന്റെ പിൻഭാഗം, ഇടുപ്പ്, നിതംബം, ത്രികം എന്നീ അഞ്ച് ഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ഉയർന്ന തരം കശേരുകികളിലും ഭ്രൂണാവസ്ഥയിൽ നോട്ടോകോഡുകളാണ് ഉള്ളതെങ്കിലും, ഭ്രൂണം വളരുന്നതനുസരിച്ച് അത് നട്ടെല്ലായി വികസിക്കുന്നു.
മനുഷ്യന്റെ നട്ടെല്ലിൽ 33 കശേരുക്കളാണുള്ളത്. എന്നാൽ പ്രായപൂർത്തിയാകുന്നതോടെ ഇവയിൽ ചിലത് ഒരുമിച്ചു ചേർന്നു കാണപ്പെടുന്നു. പ്രായപൂർത്തിയായ പുരുഷന്റെ നട്ടെല്ലിന് ശരാശരി 71 സെ.മീ. നീളവും സ്ത്രീയുടേതിന് ശരാശരി 61 സെ.മീ. നീളവും ഉണ്ടായിരിക്കും. നട്ടെല്ലിലെ ഓരോ കശേരുവിനും തനതായ സ്വഭാവവിശേഷങ്ങളാണുള്ളത്. കാർട്ടിലേജുകളും നാരുകലകളുംകൊണ്ട് നിർമിതമായ ഇന്റർവെർട്ടിബ്രൽ ഡിസ്കുകൾ കശേരുക്കളെ തമ്മിൽ വേർതിരിക്കുന്നു. നട്ടെല്ലിനുണ്ടാകുന്ന ആഘാതങ്ങളെ കുറയ്ക്കാനും നട്ടെല്ലിന്റെ ചലനത്തിനും ഇവ സഹായിക്കുന്നു. ലിഗമെന്റുകൾ (ligaments) എന്ന ശക്തിയേറിയ സമ്പർക്ക കലകളും പേശികളും കൊണ്ടാണ് കശേരുക്കളെ യഥാസ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നത്. ശ്രോണീചക്രം (pelvicgirdle), അംശചക്രം (pectoral girdle) തുടങ്ങിയവയും നട്ടെല്ലിനോട് ഘടിപ്പിച്ചിരിക്കുന്നു. മനുഷ്യന്റെ നട്ടെല്ലിലെ 33 കശേരുക്കളിൽ കഴുത്തിന്റെ ഭാഗത്തുള്ള ഏഴ് കശേരുക്കളെ ഗ്രൈവ കശേരുക്കൾ (cervical vertebrae) എന്നു പറയുന്നു. ഗ്രൈവ കശേരുക്കൾക്കെല്ലാംകൂടി ഏകദേശം 12.5 സെ.മീ. നീളം ഉണ്ടായിരിക്കും. ഇവയിൽ ആദ്യത്തെ രണ്ട് കശേരുക്കൾ ബാക്കിയുള്ളവയിൽനിന്നു വ്യത്യസ്തമാണ്. ഇതിൽ ഒന്നാമത്തെ കശേരുവായ അറ്റ്ലസ് ഒരു അസ്ഥിവലയം മാത്രമാണ്. അതിനു മുകളിൽ തലയോടിന് സ്ഥിതിചെയ്യാൻ അനുയോജ്യമായ വിധത്തിൽ രണ്ട് ഉപരിതലങ്ങളുണ്ട്. രണ്ടാമത്തെ കശേരുവായ ആക്സിസിന് മുകളിലേക്ക് ഉന്തിനില്ക്കുന്ന ഒരു ഭാഗം ഉണ്ട്. ഈ ഭാഗം അറ്റ്ലസ്സിന്റെ വലയത്തിലൂടെ മുകളിലേക്കു തള്ളി, തലയോടിനെ ചലിക്കുവാൻ സഹായിക്കുന്ന ഒരു തൂണുപോലെ പ്രവർത്തിക്കുന്നു. ഗ്രൈവ കശേരുക്കൾ പൊതുവേ പരന്ന അടുക്കുകൾപോലെ സംവിധാനം ചെയ്യപ്പെട്ടവയും വളരെ ചെറിയ ചലനങ്ങൾ മാത്രം അനുവദിക്കുന്നവയും ആണ്. നെഞ്ചിന്റെ പിൻഭാഗത്തായുള്ള 12 കശേരുക്കൾ വക്ഷീയ കശേരുക്കൾ (thoracic vertebrae) എന്ന് അറിയപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 28 സെ.മീ. നീളമുണ്ടായിരിക്കും. ഓരോ വക്ഷീയ കശേരുവിനോടും ഒപ്പം ഓരോ ജോഡി വാരിയെല്ലുകൾ ബന്ധിപ്പിച്ചിരിക്കുന്നു. വക്ഷീയ കശേരുക്കളെത്തുടർന്ന് വരുന്നവയാണ് ഇടുപ്പ് കശേരുക്കൾ (lumbar vertebrae). ഇവയിൽ അഞ്ച് കശേരുക്കളാണുള്ളത്. ഇവയ്ക്ക് ഏകദേശം 18 സെ.മീ. നീളമുണ്ടായിരിക്കും. ഗ്രൈവ കശേരുക്കൾ, വക്ഷീയ കശേരുക്കൾ, ഇടുപ്പ് കശേരുക്കൾ എന്നിവയ്ക്ക് പൊതുവേ വൃത്താകാരമാണുള്ളത്. ഇവയ്ക്ക് പിന്നിലേക്കു തിരിഞ്ഞിരിക്കുന്ന മുഴകൾപോലെയുള്ള ഭാഗങ്ങളുണ്ട്. ഇവ സ്പൈനൽ പ്രോസസ് എന്നറിയപ്പെടുന്നു. ഇവയാണ് മനുഷ്യന്റെ മുതുകിൽ തഴുകുമ്പോൾ അനുഭവപ്പെടുന്ന മുഴകൾ. മുതിർന്നവരിൽ നിതംബഭാഗത്തുള്ള അഞ്ച് ത്രിക കശേരുക്കൾ (sacral vertebrae) ഒന്നിച്ചുചേർന്ന് ത്രികം (sacrum) എന്നു പേരുള്ള ഒറ്റ അസ്ഥിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇവയ്ക്ക് ഏകദേശം 12.5 സെ.മീ. നീളമുണ്ടായിരിക്കും. നട്ടെല്ലിന്റെ ഏറ്റവും ഒടുവിലായുള്ള നാല് അനുത്രക കശേരുക്കൾ (coccygeal vertebrae) ഒന്നിച്ചുചേർന്ന് അനുത്രികം (coccyx) എന്ന ഒറ്റ അസ്ഥിയായി കാണപ്പെടുന്നു. ത്രികവും അനുത്രികവും ഏകദേശം ത്രികോണാകൃതിയുള്ളവയാണ്. ത്രികം, അനുത്രികം, അരക്കെട്ടിലെ മറ്റ് അസ്ഥികൾ എന്നിവ ചേർന്നാണ് ഉപസ്ഥാവയവം (pelvis) രൂപപ്പെട്ടിരിക്കുന്നത്.
വിവിധ ജീവികളിൽ
[തിരുത്തുക]- ഇതും കാണുക : നട്ടെല്ലുള്ള ജീവികൾ
നട്ടെല്ലിന്റെ ഓരോ ഭാഗത്തുമുള്ള കശേരുക്കളുടെ എണ്ണവും അവയുടെ ആകെ എണ്ണവും ഓരോ ജീവിവിഭാഗങ്ങളിലും വ്യത്യസ്തമായിരിക്കും. ഏറ്റവും കൂടുതൽ കശേരുക്കൾ പാമ്പുകളിലാണുള്ളതെങ്കിലും അവയെല്ലാം ഒരേ തരത്തിലുള്ളവയാണ്. ആമകളിൽ ചില കശേരുക്കൾ പുറന്തോടുമായി ചേർന്നിരിക്കുന്നു. പക്ഷികളിൽ ഗ്രൈവ കശേരുക്കളൊഴികെയുള്ളവ ഒരു ദൃഢമായ ചട്ടക്കൂടിൽ ചേർന്നിരിക്കുന്ന അവസ്ഥയിലാണ്. ഇത് പക്ഷികളെ പറക്കാൻ സഹായിക്കുന്നു. മിക്കവാറും സസ്തനികളിൽ ഏഴ് ഗ്രൈവ കശേരുക്കളാണുള്ളത്. എന്നാൽ ഇവയുടെ വലിപ്പം വിവിധതരം സ്പീഷിസിൽ വ്യത്യസ്തമായിരിക്കും. സസ്തനികളിൽ ഗ്രൈവ കശേരുക്കളുടെ വലിപ്പമാണ് കഴുത്തിന്റെ നീളത്തെ നിർണയിക്കുന്നത്. നിരവധി സവിശേഷതകളോടുകൂടിയവയാണ് തിമിംഗിലങ്ങളുടെ കശേരുക്കൾ. ഇവയുടെ ഗ്രൈവ കശേരുക്കൾ ചിലപ്പോൾ വളരെ ലോപിച്ചിരിക്കുകയോ മറ്റു ചിലപ്പോൾ എണ്ണം കൂടിയിരിക്കുകയോ ചെയ്യും. മിക്കവയിലും ത്രികാസ്ഥി ഉണ്ടായിരിക്കുകയില്ല.
നട്ടെല്ലിന്റെ വളവ് മൂലം ഉണ്ടാകുന്ന വേദന അതിന്റെ പ്രതിവിധി
[തിരുത്തുക]ഓരോ വിഭാഗം കശേരുകികളിലും നട്ടെല്ലിന് നിരവധി വളവുകളുണ്ടായിരിക്കും. നാൽക്കാലികളായ സസ്തനികളിൽ അർധവൃത്താകൃതിയിൽ ഒരൊറ്റ വളവ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മനുഷ്യന്റെ നട്ടെല്ലിന് നാല് വളവുകളുണ്ട്. ഗ്രൈവ ഭാഗത്തെ പുറവളവ് ഒന്നാമത്തെ ഗ്രൈവ കശേരു മുതൽ രണ്ടാം വക്ഷീയ കശേരുവിന്റെ മധ്യഭാഗം വരെ വ്യാപിച്ചിരിക്കുന്നു. കുഞ്ഞ് ജനിച്ച് ഏകദേശം 3-4 മാസം കഴിയുമ്പോഴാണ് ഈ വളവ് രൂപപ്പെടുന്നത്. അകവള(convex)വായ വക്ഷീയവളവ് (thoracic curve) രണ്ടാം വക്ഷീയ കശേരുവിന്റെ മധ്യഭാഗം മുതൽ 12-ാം വക്ഷീയ കശേരുവിന്റെ മധ്യഭാഗം വരെ വ്യാപിച്ചിരിക്കുന്നു. ഇടുപ്പ് വളവ്(lumbar curve) സ്ത്രീകളിലാണ് വ്യക്തമായി കാണപ്പെടുന്നത്. ഇത് 12-ാം വക്ഷീയ കശേരുവിന്റെ മധ്യം മുതൽ ത്രികാസ്ഥിയുടെ കോൺ വരെ വ്യാപിച്ചിരിക്കുന്നു. കുഞ്ഞ് ജനിച്ച് 12-18 മാസത്തിനുള്ളിൽ, അതായത് കുഞ്ഞ് നടക്കാൻ തുടങ്ങുന്ന അവസരത്തിൽ ആണ് ഇത് രൂപംകൊള്ളുന്നത്. ശ്രോണീവളവ് (pelvic curve) ത്രികാസ്ഥിയുടെ സന്ധിയിൽനിന്ന് ആരംഭിച്ച് അനുത്രികത്തിൽ അവസാനിക്കുന്നു. വക്ഷീയ വളവും ശ്രോണീ വളവുമാണ് ഭ്രൂണാവസ്ഥയിൽ കാണപ്പെടുന്ന പ്രാഥമിക ഘട്ടം വളവുകൾ. എന്നാൽ ഗ്രൈവ വളവും ഇടുപ്പ് വളവുമാണ് കുഞ്ഞ് ജനിച്ചശേഷം രണ്ടാം ഘട്ടത്തിലുണ്ടാകുന്ന വളവുകൾ. പൊതുവേ, നട്ടെല്ലിലുള്ള ഈ വളവുകൾ നട്ടെല്ലിന്റെ ശക്തിയെ വർധിപ്പിക്കുന്നു. ഇവ കൂടാതെ നട്ടെല്ലിന് നേരിയ ഒരു പാർശ്വിക വളവുമുണ്ട്.
നട്ടെല്ലിനെ ബാധിക്കുന്ന രോഗങ്ങൾ
[തിരുത്തുക]ശരീരത്തിലെ മറ്റ് അസ്ഥികളെപ്പോലെ നട്ടെല്ലിലെ അസ്ഥികളെയും ആർത്രൈറ്റിസ്, ഓസ്റ്റിയോമൈലെറ്റിസ്, ഓസ്റ്റിയോ പൊറോസിസ് എന്നീ രോഗങ്ങൾ ബാധിക്കാറുണ്ട്. രോഗങ്ങൾ കൊണ്ടോ നട്ടെല്ലിനോടനുബന്ധിച്ചുള്ള പേശികൾക്കുണ്ടാകുന്ന വലിവ് നിമിത്തമോ ചില മനുഷ്യരിൽ നട്ടെല്ല് അസാധാരണമാം വിധം വളഞ്ഞുപോകാറുണ്ട്. നട്ടെല്ല് ഇരുവശങ്ങളിലേക്കും വളയുമ്പോഴുണ്ടാകുന്ന വൈകല്യമാണ് സ്കോളിയോസിസ്. പ്രായമേറിയവരിൽ വക്ഷീയ കശേരുക്കൾ പുറകോട്ട് ഉന്തിനില്ക്കുന്ന അവസ്ഥയാണ് കൂന് അഥവാ കിഫോസിസ്. അമിത ഭാരമുള്ളവരിലും ഗർഭിണികളിലും, ഇടുപ്പ് കശേരുക്കൾക്കുണ്ടാകുന്ന വളവ് ലോർഡോസിസ് എന്നറിയപ്പെടുന്നു.
കഴുത്തിലും ഇടുപ്പിലുമുള്ള കശേരുക്കൾക്കാണ് സാധാരണയായി ക്ഷയം സംഭവിക്കാറുള്ളത്. കഴുത്തിലെ കശേരുക്കൾക്കുണ്ടാകുന്നഒടിവ് മൂലം ചിലപ്പോൾ സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിക്കാം. ഇത്, സംവേദനക്ഷമത നഷ്ടപ്പെടാനോ പക്ഷാഘാതത്തിനോ ചിലപ്പോൾ മരണത്തിനുതന്നെയോ കാരണമാകുന്നു. വാഹനാപകടങ്ങളിലോമറ്റോ ഉണ്ടാകുന്ന ക്ഷതം നിമിത്തം ഗ്രൈവ കശേരുക്കളോടനുബന്ധിച്ചുള്ള പേശികൾക്കും ലിഗമെന്റുകൾക്കും മുറിവ് സംഭവിക്കുന്നു. ഇത് വിപ്പ്ലാഷ് എന്നപേരിൽ അറിയപ്പെടുന്നു. മനുഷ്യരിൽ പ്രായം കൂടുംതോറും ഇന്റർവെർട്ടിബ്രൽ ഡിസ്കിന്റെ ഉൾഭാഗം അതിന്റെ പുറമേയുള്ള ഭാഗവുമായി ഒട്ടിച്ചേരുന്നു. ഈ അവസ്ഥയാണ് സ്ളിപ്പ്ഡ് ഡിസ്ക്. ഇടുപ്പ് കശേരുക്കൾക്കുണ്ടാകുന്ന സ്ളിപ്പ്ഡ് ഡിസ്ക് നാഡികളെ ഞെരുക്കുകയും ഇടുപ്പുവേദനയ്ക്ക് (lumbago) കാരണമാവുകയും ചെയ്യുന്നു.
അണുബാധ മൂലമോ റൂമാറ്റോയിഡ് ആർത്രൈറ്റിസ് മൂലമോ കശേരുക്കൾക്കുണ്ടാകുന്ന നീരും വേദനയും സ്പോണ്ടിലൈറ്റിസ് എന്ന രോഗത്തിന് കാരണമാകുന്നു. ഇടുപ്പിനുണ്ടാകുന്ന ശക്തമായ വേദനയും നടുവ് വളയ്ക്കാൻ കഴിയാത്ത അവസ്ഥയുമാണ് ഇതിന്റെ ലക്ഷണങ്ങൾ. കശേരുസന്ധികൾ ദൃഢമാകുന്നതുമൂലം നടുവിനുണ്ടാകുന്ന വേദന സ്പോണ്ടിലോസിസ് എന്നറിയപ്പെടുന്നു.
നട്ടെല്ലിനെ ബാധിക്കുന്ന മറ്റൊരു രോഗമാണ് ക്ഷയം. നട്ടെല്ലിൽ ഈ രോഗം ആദ്യമായി കശേരുക്കളെയാണ് ബാധിക്കുക. സാധാരണയായി രണ്ട് കശേരുക്കൾക്കിടയിലുള്ള ഡിസ്കിനോട് ചേർന്ന ഭാഗത്തെയാണ് രോഗം ബാധിക്കുന്നത്. ഇപ്രകാരം രോഗം ബാധിച്ച കശേരു ക്രമേണ ദ്രവിച്ച് അമർന്നുപോകുന്നതുമൂലം അതിന്റെ ഉയരം ഗണ്യമായി കുറയുന്നു. അതോടൊപ്പം രണ്ട് കശേരുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡിസ്കിനെയും ഈ രോഗം ബാധിക്കുകയും തത്ഫലമായി ഡിസ്ക് നശിക്കുകയും അതുണ്ടായിരുന്ന സ്ഥലം കുറഞ്ഞുവരുകയും ചെയ്യുന്നു. രോഗത്തിന്റെ ശക്തിയനുസരിച്ച് ഡിസ്ക് ഉണ്ടായിരുന്ന സ്ഥലം മുഴുവനായും നശിച്ചുപോയെന്നുംവരാം. അത്തരം സന്ദർഭങ്ങളിൽ രണ്ട് കശേരുക്കൾ തമ്മിൽ കൂട്ടിമുട്ടുകയും ക്രമേണ മറ്റേ കശേരുവിനെയും ക്ഷയരോഗം ബാധിക്കുകയും ചെയ്യുന്നു. തത്ഫലമായുണ്ടാകുന്ന പഴുപ്പ് സുഷുമ്നാ നാഡിയിലേക്കു വ്യാപിക്കുകയും രോഗിയുടെ കൈയോ കാലോ തളർന്നുപോവുകയും ചെയ്യുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നട്ടെല്ല് എന്ന ���േഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |