Jump to content

യുദ്ധ ടാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
13:50, 17 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ടാങ്ക്

ടി-90S
വിഭാഗം Armoured fighting vehicle
ഉല്പ്പാദന സ്ഥലം യുണൈറ്റഡ് കിങ്ഡം യുണൈറ്റഡ് കിങ്ഡം
സേവന ചരിത്രം
ഉപയോഗത്തിൽ from 1916
വിശദാംശങ്ങൾ

Armour composite vehicle armour, ERA, etc.
Primary
armament
large-calibre tank gun
Secondary
armament
antipersonnel and anti-aircraft machine guns or autocannon
Suspension caterpillar track for cross-country mobility

യുദ്ധാവശ്യങ്ങൾക്കുപയോഗിച്ചുവരുന്ന ഒരു കവചിതവാഹനമാണ് ടാങ്ക് അഥവാ യുദ്ധ ടാങ്ക്. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടിഷുകാർ ബങ്കറുകൾ തകർക്കാൻ കണ്ടെത്തിയ കവചിത വാഹനമാണിത്[അവലംബം ആവശ്യമാണ്]. രണ്ടാം ലോകമഹായുദ്ധത്തോടെ ടാങ്കുകൾ അവഗണിക്കാൻ പറ്റാത്ത യുദ്ധോപകരണമായി. ടാങ്ക് പ്രതിരോധ വെടിക്കോപ്പുകളും മിസൈലുകളും ഇന്നു നിലവിൽ ഉണ്ട്. ക്യാറ്റർപില്ലർ (caterpillar) എന്നറിയപ്പെടുന്ന തുടർച്ചങ്ങലകൾ അഥവാ പാളങ്ങളുടെ സഹായത്താൽ ഉരുണ്ടു നീങ്ങുന്ന കവചിത യുദ്ധവാഹനം. യുദ്ധരംഗത്തെ അടിസ്ഥാനാവശ്യങ്ങളായ ചെറുത്തുനിൽപ്പിനും വെടിവെയ്പ്പിനും ഒരേസമയം ഉപകരിക്കുന്നതാണ് ഈ വാഹനം.

മിസൈൽ ഉൾപ്പെടെയുള്ള വിവിധ തരം ആയുധങ്ങൾ ശേഖരിച്ചു വയ്ക്കാവുന്ന ആധുനിക ടാങ്ക് കരസേനയുടെ ഏറ്റവും ശക്തിയേറിയ ആണവേതര യുദ്ധോപകരണമാണ്. ആണവ പ്രസരണശേഷിയുള്ള ആയുധങ്ങൾ പ്രയോഗിക്കുമ്പോൾ അവ സൗകര്യപ്രദമായ രീതിയിൽ വിന്യസിപ്പിക്കുവാൻ ടാങ്കിലുള്ള സൈനികർക്കു കഴിയുന്നു.

യുദ്ധങ്ങളിൽ മുഖ്യപങ്കു വഹിക്കുന്നതിനു പുറമേ ഒരു സൈനിക വിഭാഗത്തിന്റെ ശക്തി പ്രകടനങ്ങളുടെ മോടി വർധി���്പിക്കാനും ടാങ്കുകൾ ഉപയോഗിച്ചുവരുന്നു. എല്ലാ രാജ്യങ്ങളുടേയും യുദ്ധസന്നാഹത്തിന്റെ ഒരവിഭാജ്യ ഘടകമാണ് ടാങ്ക്. ഇന്ന് ടാങ്കുകളുടെ നിയന്ത്രണത്തിന് കംപ്യൂട്ടറുകൾ വരെ ഉപയോഗിക്കുന്നുണ്ട് (ഉദാഹരണം ബ്രിട്ടനിലെ ചലഞ്ചർ 2 MBT ).

ചരിത്രം

[തിരുത്തുക]

ആയുധങ്ങൾ ശേഖരിച്ചുവയ്ക്കാൻ സൗകര്യമുള്ള യുദ്ധവാഹനങ്ങൾ ബി. സി. 2000-ാം ആണ്ടോടുകൂടി നിർമിച്ചു തുടങ്ങിയതായി രേഖകളുണ്ട്. മധ്യപൂർവ ദേശക്കാരായ ഈജിപ്തുകാർ, ഹിറ്റൈറ്റുകൾ എന്നിവർ അമ്പും വില്ലും പ്രയോഗിച്ചുള്ള യുദ്ധത്തിൽ കുതിരകളെ പൂട്ടിയ രഥത്തെ യുദ്ധവാഹനമായി ഉപയോഗിച്ചിരുന്നു. ആയുധശേഖരമുള്ള യുദ്ധവാഹനത്തെ സംരക്ഷിക്കാനായി ഉരുട്ടി നീക്കാവുന്ന തരത്തിലുള്ള ചില കവചിത സജ്ജീകരണങ്ങൾ മധ്യകാലത്ത് നിലവിലുണ്ടായിരുന്നു. ബി. സി. 9-ാം ശ. -ത്തിൽ അസീറിയന്മാരും ഇത്തരം സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നതായി രേഖകളുണ്ട്.

ഗൈദൊ ദ വിജെവനൊ (1335), ലിയനാർഡൊ ഡാവിഞ്ചി (1484) എന്നിവർ ബാറ്റിൽ കാറുകൾക്ക് രൂപകല്പന നൽകുകയുണ്ടായി. കരയിലെ കപ്പൽ എന്നപേരിലാണ് ടാങ്ക് പോലുള്ള ഒരു വാഹനം ഡാവിഞ്ചി രൂപകൽപ്പന ചെയ്തത്.

മധ്യകാലത്തിൽ കുതിരകളെ പൂട്ടി വലിക്കുന്ന വണ്ടികളെ 'ബാറ്റിൽ വാഗണു'കളായി മാറ്റിയെടുത്തിരുന്നു. ഇവയിൽ പ്രധാന മായി രണ്ടിനങ്ങളാണ് ഉണ്ടായിരുന്നത്; പടയാളികളെ കൊണ്ടു പോകാനുള്ളവയും പീരങ്കി ഘടിപ്പിച്ചവയും. ശത്രുപക്ഷത്തിന്റെ ശരവർഷത്തെ ചെറുക്കുവാൻ ബാറ്റിൽ വാഗണുകളുടെ ഇരുവശത്തും മരപ്പലകകൾ ഘടിപ്പിച്ചിരുന്നു. യുദ്ധഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഈ വാഹനങ്ങളെ ആവശ്യാനുസരണം കൊണ്ടുപോകാമായിരുന്നു. കുതിരകളെ കൂടാതെ കാറ്റാടിയന്ത്രം, ഗിയറുകൾ എന്നിവയുപയോഗിച്ചും ഇവയെ ചലിപ്പിക്കാനുള്ള രീതികൾ പരീക്ഷിച്ചു നോക്കിയിരുന്നു.

1855-ൽ നീരാവി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന ഒരു കവചിത വാഹനം ഇംഗ്ലണ്ടിലെ ജെയിംസ് കോവൻ വികസിപ്പിച്ചെടുത്തെങ്കിലും അതിനർഹമായ അംഗീകാരം ലഭിച്ചില്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ ഷൂൺ വേണിൻറെയും എച്ച് ജി വെൽസിൻറെയും ശാസ്ത്ര കഥകളിലും ലാൻഡ് ഷിപ്പുകൾ പ്രത്യക്ഷപ്പെട്ടു.

ക്രമേണ അമേരിക്കക്കാരും ജർമനിയിലെ കൈസർ വിൽഹെമും പ്രത്യേക കവചിത സംവിധാനങ്ങളുള്ള വാഹനങ്ങൾ നിർമിച്ചുതുടങ്ങി. ഇംഗ്ലണ്ടിൽ ഫോർ-വീൽ ഡ്രൈവായ ക്വാഡ്രി സൈക്കിളിൽ (quadri cycle) മാക്സിം തോക്ക് ഘടിപ്പിച്ചുകൊണ്ടുള്ള സംവിധാനം പുറത്തിറക്കി. സ്വയം നിയന്ത്രിക്കാവുന്ന ഒരു കവചിത വാഹനം 1900-ൽ ഇംഗ്ലണ്ടിൽ ജോൺ ഫൗളർ കമ്പനി നിർമിച്ചു. ദക്ഷിണാഫ്രിക്കൻ യുദ്ധരംഗത്തേക്ക് (1899-1902) സാധനങ്ങൾ കൊണ്ടുപോകാനുപയോഗിച്ചിരുന്നതും നീരാവി കൊണ്ടു പ്രവർത്തിക്കുന്നതുമായ 'സ്റ്റീം ട്രാക്ക്ഷൻ എൻജി'നിൽ കവചമിട്ട് യുദ്ധ വാഹനമായി മാറ്റുകയാണുണ്ടായത്.

1899-1902 കാലഘട്ടത്തിലെ ബോവർ യുദ്ധകാലത്ത് ആയുധങ്ങൾ ഘടിപ്പിച്ച ആവിയന്ത്രവാഹനങ്ങൾ നിർമ്മിക്കാൻ ബ്രിട്ടീഷ് വാർ ഓഫീസ് നിർദ്ദേശം നൽകി.ആ പരീക്ഷണങ്ങൾ ലോകത്തിലെ ആദ്യ ടാങ്ക് നിർമ്മാണത്തിൽ കലാശിച്ചു.ഫൈള്റ്റ് കമാൻഡർ ടി ജി ഹെതറിംഗ്ടണും. ക്യാപ്റ്റൻ മുറേ സ്വീറ്ററും ചേർന്ന് ലാൻഡ് ഷിപ്പിന് ഒരു ഡിസൈൻ രൂപപ്പെടുത്തി വിൻസ്റ്റൺ ചർച്ചിലിന് സമർപ്പിച്ചു.മുങ്ങിക്കപ്പലിൻറെ ഡീസൽ എഞ്ചിനാണ് ആ കരക്കപ്പലിന് ശക്തി പകരാൻ തിരഞ്ഞെടുത്തത് അതിന്റെ നിർമ്മാണത്തിന് ചർച്ചിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചെങ്കിലും അത്രയും വലിയ വാഹനം നിർമ്മിക്കുക ബുദ്ധിമുട്ടാണെന്ന് കമ്മറ്റി അറിയിച്ചു

1904-ഓടെ ഫ്രാൻസ്, യു. എസ്., ആസ്ട്രിയ എന്നിവിടങ്ങളിലും കവചിത വാഹനങ്ങൾ പുറത്തിറങ്ങിയെങ്കിലും ട്രാക്കുകളുപയോഗിച്ചു സഞ്ചരിക്കുന്ന കവചിത വാഹനങ്ങൾ നിർമിച്ചിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിലെ 'കിടങ്ങു യുദ്ധം' കവചിത വാഹനങ്ങളുടെ അപര്യാപ്തത പ്രകടമാക്കിയതോടെ യുദ്ധത്തിൽ ആക്രമണ സേനയ്ക്ക് ശത്രുപക്ഷത്തെ വെടിയുണ്ടകളെ ചെറുക്കാനും ദുർഘട പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും പ്രാപ്തിയുള്ള കവചിത വാഹനങ്ങളുടെ നിർമ്മാണം യുദ്ധരംഗത്തു മുന്നേറാൻ അനിവാര്യമെന്ന് ബോധ്യമായി. ഇതോടെ, ഇത്തരം വാഹനങ്ങളുടെ നിർമ്മാണവും ആരംഭിച്ചു. 1915 ജൂലൈയിൽ ബ്രിട്ടനിലെ റോയൽ നേവൽ എയർ സർവീസസ്സിന്റെ 'ആമേർഡ് കാർ ഡിവിഷൻ' മൂന്നു ട്രാക്കുകൾ അഥവാ പാളങ്ങൾ ഉള്ള കില്ലെൻ സ്ട്രെയിറ്റ് ട്രാക്ടറെ (Killen-Straight tractor) ഒരു കവചിത കാറിന്റെ ചട്ടക്കൂട് ഘടിപ്പിച്ച് പുറത്തിറക്കി. തുടർന്നു നിലവിൽ വന്ന 'അഡ്മിറാലിറ്റി ലാൻഡ്ഷിപ്പ്സ് കമ്മിറ്റി'യുടെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങളുടെ ഫലമായി 1915 സെപ്. -ൽ 'ലിറ്റിൽ വില്ലി' എന്ന നാമത്തിൽ ആദ്യ ടാങ്ക് നിർമ്മിക്കപ്പെട്ടു.

ട്രാക്റ്റർ നിർമാതാവായ വില്യം ട്രിറ്റനും ലെഫ്നന്റ് വിൽസണും ചേർന്ന് 1916ൽ കാറ്റർ പില്ലർ ട്രാക്ക് എന്ന പുതിയൊരാശയം ലാൻഡ്ഷിപ്പ് നിർമ്മാണത്തിന് രൂപപ്പെടുത്തി.നാലടി ഉയരത്തിലേക്ക് കയറുന്നതും ഒമ്പതടി വീതിയുള്ള കിടങ്ങ് മുറിച്ചു കടക്കുന്നതുമായിരുന്നു മദർ എന്നറിയപ്പെട്ട അവരുടെ വാഹനം.1916 ഫെബ്രുവരിയിൽ അത് വിജയകരമായി പരീക്ഷിക്കപ്പെട്ടു. ബിഗ് വില്ലി എന്ന പേരി��റിയപ്പെട്ട അത്തരം 100 വാഹനങ്ങൾ നിർമ്മിക്കാൻ ഉത്തരവും ലഭിച്ചു.

1916 സെപ്തംബർ 15-ന് നടന്ന സോം യുദ്ധത്തിലാണ് ടാങ്കുകൾ ആദ്യമായി യുദ്ധരംഗത്തിറക്കിയത്; ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിലെ സോമിലാണ് അവ ശത്രുക്കൾക്ക് നേരെ വെടിയുണ്ടകൾ ഉതിർത്തത്. 49 ടാങ്കുകൾ യുദ്ധത്തിൽ പങ്കെടുത്തെങ്കിലും ഒരു പരിധി വരെ മാത്രമേ വിജയം കൈവരിക്കാൻ അവയ്ക്കു കഴിഞ്ഞുള്ളു. എന്നാൽ 1917 ന. 20-ന് 474 ബ്രിട്ടിഷ് ടാങ്കുകൾ കംബ്രായി (Cambraie) കേന്ദ്രീകരിച്ചു നടത്തിയ ആക്രമണത്തിൽ ബ്രിട്ടിഷ് സേനയ്ക്കു ശത്രുവുമായിട്ടുള്ള കിടങ്ങു യുദ്ധത്തിൽ ഉജ്ജ്വലവിജയം കൈവരിക്കാൻ കഴിഞ്ഞു. ശത്രുവിന്റെ നിരകളെ ഭേദിച്ചു കടക്കാൻ ടാങ്കുകൾക്കാവും എന്ന് ഇതോടെ മനസ്സിലാക്കപ്പെട്ടു.

വളരെ രഹസ്യമായിട്ടായിരുന്നു ആദ്യ ടാങ്കുകളുടെ നിർമ്മാണം. അത് നിർമ്മിച്ച തൊഴിലാളികൾക്ക് അത് എന്താണെന്നറിയുമായിരുന്നില്ല.വെള്ളം കൊണ്ട്പോകുന്ന വണ്ടി എന്നാണ് അവരോട് പറഞ്ഞത്.പിന്നീട് അവയെ പ്രത്യേക പേടകങ്ങളിലാക്കി ഫ്രാൻസിലേക്ക് കൊണ്ട് പോയപ്പോൾ പുറത്ത് ടാങ്ക് എന്നെഴുതിയിരുന്നു.ജർമ്മൻകാരുടെ കണ്ണുവെട്ടിക്കാനായിരുന്നു ഇത്.അതുവരെ ലാൻഡ് ഷിപ്പ് എന്നറിയപ്പെട്ട ഈ വാഹനത്തിന് പിന്നീട് ടാങ്ക് എന്നുതന്നെ പേരായി. മാർക്ക് 1 എന്നപേരിൽ ബ്രിട്ടൻ ടാങ്ക് നിർമ്മാണമാരംഭിച്ചു.കാലാൾപ്പടയെ സഹായിക്കാനും കോട്ടകൾ തകർക്കാനും കിടങ്ങുയുദ്ധങ്ങളിലും ഇവ ഉപയോഗപ്രദമായി.മെയിൽ മാർക്ക്, ഫീമെയിൽ മാർക്ക് എന്നിങ്ങനെ വ്യത്യസ്ത ശേഷിയുള്ള ടാങ്കുകൾ പിന്നീട് നിർമ്മിക്കപ്പെട്ടു

ശത്രുനിരയിലേക്ക് അനായാസം കടന്നു കയറാൻ ടാങ്കുകൾക്കാവുമെങ്കിലും, ഈ കടന്നുകയറ്റത്തെ വേണ്ടത്ര ചൂഷണം ചെയ്ത് ശത്രുനിരകളെ ഛിന്നഭിന്നമാക്കാൻ ആവശ്യമായ വേഗതയും ആക്രമണ പരിധിയും (range) ആദ്യകാലടാങ്കുകൾക്കില്ലായിരുന്നു. അവയുടെ ഏകദേശ വേഗത മണിക്കൂറിൽ 64 കി. മീറ്ററും ആക്രമണ പരിധി 32-64 കി. മീറ്ററും ആയിരുന്നു. ക്രമേണ ഭാരക്കുറവും അധിക ആക്രമണ പരിധിയും ഉള്ള ടാങ്കുകൾ ലോകമെമ്പാടും നിർമ്മിക്കാനാരംഭിച്ചു.

കൂടുതൽ ആയുധങ്ങൾ വഹിക്കാനുള്ള കഴിവുള്ളതും മികച്ച എഞ്ചിനുമുള്ള മാർക്ക് 2 മുതൽ മാർക്ക് 5 വരെയുള്ള ടാങ്കുകൾ പിന്നീട് നിർമ്മിക്കപ്പെട്ടു. കൃഷിജോലികൾക്കുള്ള ട്രാക്ടറിലിൽ തോക്കുകൾ ഘടിപ്പിച്ചാണ് ഫ്രഞ്ച്കാർ ആദ്യടാങ്കുകൾ രൂപപ്പെടുത്തിയത്. 1915ൽ ആയിരുന്നു ഇത്.എന്നാൽ അവ ശരിയായി വിജയിച്ചില്ല. അതിനുശേഷം അവിടെ ശരിയായ ടാങ്കുകൾ രൂപകൽപ്പന ചെയ്തെങ്കിലും നിർമ്മാണം നീണ്ടുപോയി. 1917ലാണ് ഫ്രാൻസിന്റെ ആദ്യടാങ്കുകൾ യുദ്ധരംഗത്തെത്തിയത്.കൂടുതൽ പരിഷ്കരിച്ച ടാങ്കുകൾ അവർ രണ്ടാം ലോകമഹായുദ്ധത്തിൽ അണിനിരത്തി. F T 17 എന്നായിരുന്നു അതിന്റെ പേര്.

A7V എന്നറിയപ്പെട്ട, ജർമ്മനിയുടെ ആദ്യ ടാങ്കുകൾ 1918 ഫെബ്രുവരിയിൽ പുറത്തുവന്നു. ലോകയുദ്ധങ്ങൾക്കിടയ്ക്കുള്ള കാലയളവിൽ ജർമ്മനി ഭാരം കുറഞ്ഞതും വേഗത കൂടിയതുമായ പുതിയതരം ടാങ്കുകൾ വികസിപ്പിച്ചെടുത്തു.ബ്ളിറ്റ്സ്ക്രീഗ് എന്നായിരുന്നു ഇതിന്റെ പേര്. ഇന്ന് ടാങ്കുകൾ കരസേനയുടെ ഏറ്റവും ശക്തികൂടിയ ആണവേതര യുദ്ധോപകരണമാണ്.

അമേരിക്കയുടെ M60, ബ്രിട്ടന്റെ ചീഫ്റ്റൻ എന്നിവ പ്രശസ്തമായ ടാങ്കുകളാണ്.അവയ്ക്ക് 50 ടണ്ണിലേറെ ഭാരമുണ്ടെങ്കിലും റോഡിൽ മണിക്കൂറിൽ ഏകദേശം 38 കിലോമീറ്റർ വേഗതയിലോടും. ഗ്യാസ്, രാസായുധങ്ങൾ, അണുവായുധങ്ങൾ തുടങ്ങിയവയെ അവ പ്രതിരോധിക്കും.അതിനെ ലേസർ, റഡാർ തുടങ്ങിയ സംവിധാനങ്ങൾ ലക്ഷ്യം കണ്ടെത്തുവാൻ സഹായിക്കുകയും ചെയ്യും.എന്നാൽ ഏതു തരം ടാങ്കുകളെയും തകർക്കാൻ കഴിവുള്ള മിസൈലുകൾ കരസേനയും വ്യോമസേനയും ഉപയോഗിക്കാറുണ്ട്.

വിവിധ ഇനങ്ങൾ

[തിരുത്തുക]

ടാങ്കുകളെ അടിസ്ഥാനപരമായി രണ്ടു വിഭാഗമായി തരംതിരിക്കുന്നു. ഒന്ന്, മെയിൻ ബാറ്റിൽ ടാങ്ക് (Main Battle Tank-MBT). ഒരു സൈന്യത്തിന്റെ പ്രധാന കവചിത വാഹനമാണിത്. ബ്രിട്ടിഷുക്കാരുടെ ചിഫ്റ്റൻ, ചലഞ്ചർ 1, 2, അമേരിക്കയിലെ M60, റഷ്യയുടെ T-62, ജർമനിയുടെ ലെപ്പേർഡ് , ഫ്രെഞ്ചുകാരുടെ AMX 30, ഇൻഡ്യയുടെഅർജുൻ ടാങ്ക് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. രണ്ടാമത്തെ ഇനം രംഗനിരീക്ഷണത്തിനുള്ളവയാണ്. ആദ്യത്തെ ഇനത്തെ അപേക്ഷിച്ച് ഭാരവും, ശക്തിയും ഇവയ്ക്ക് കുറവാണ്. ബ്രിട്ടിഷുകാരുടെ സ്കോർപ്പിയൺ, അമേരിക്കയുടെ M 551 ഷെരിഡൽ, റഷ്യയുടെ PT-76 എന്നിവ ഈ ഇനത്തിൽപ്പെടുന്നു. ടാങ്ക് യൂണിറ്റുകളെ വ്യോമാക്രമണത്തിൽ നിന്നു രക്ഷിക്കാനായിട്ടുള്ള 'ആന്റി എയർക്രാഫ്റ്റ് ടാങ്കുകൾ' എന്ന മറ്റൊരിനം കൂടിയുണ്ട്.

ഇതു കൂടാതെ പ്രത്യേക ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുന്ന ടാങ്കുകളുമുണ്ട്. ടാങ്കിന്റെ സഞ്ചാരപാതയിൽ വിതറിയിരിക്കാവുന്ന മൈനുകളെ അപകടം കൂടാതെ യാന്ത്രികമായി നിർവീര്യമാക്കാനും കമ്പിവേലികളെ പൊളിച്ചു മാറ്റാനും ഉപയോഗിക്കുന്ന ഫ്ളെയ് ൽ ടാങ്ക്, ഗുഹ, കിടങ്ങ് എന്നിവിടങ്ങളിൽ പതിയിരിക്കുന്ന ശത്രുവിനു നേരെ ഫ്ളെയിം ത്രോവെർ (flame thrower) അയയ്ക്കാൻ പ്രാപ്തിയുള്ള ഫ്ളെയിം ത്രോവെർ ടാങ്ക്, ആന്റിടാങ്ക് കുഴികളെ ബ്രഷ്വുഡ് (brushwood) പാകി നിറയ്ക്കാൻ വിന്യസിക്കുന്ന ഫെസിൻ ടാങ്ക്, ടാങ്കിന്റെ സഞ്ചാരം സുഗമമാക്കാനായി സഞ്ചാരപാതയിൽ പ്രബലിത കയർ പായ (coirmatting ) ചുരുൾ നിവർത്തി വിരിക്കാൻ സൗകര്യമുള്ള ബോബിൻ ടാങ്ക്, കുഴികൾ, കടൽ ഭിത്തികൾ എന്നിവയെ തരണം ചെയ്യാനായി ടാങ്കിന്റെ മുൻ/പിൻഭാഗത്തു പ്രവണി (ramp) ഘടിപ്പിച്ചിട്ടുള്ള റാംപ് ടാങ്ക്, ചെറിയ അരുവികളുടെ കുറുകെ പാലം പണിയാനായി പാലത്തിന്റെ വിവിധ ഭാഗങ്ങൾ കൊണ്ടു പോകാനുള്ള ബ്രിഡ്ജ്ലേയെർ അഥവാ ബ്രിഡ്ജ് ടാങ്ക് (bridge tank) ജലത്തിലൂടെ സഞ്ചരിക്കാനായി പ്രൊപ്പെല്ലെറും ട്രാക്കു കളുമുള്ള അംഫീബിയെസ് ടാങ്ക് (amphibious tank) എന്നിവ ഇത്തരം ടാങ്കുകളിൽ പ്രധാനപ്പെട്ടവയാണ്.

പ്രധാന ഭാഗങ്ങൾ

[തിരുത്തുക]

ഐഡ്ലർ(idler)‍

[തിരുത്തുക]

റണ്ണിങ്ങ് ഗിയറിന്റെ മുൻവശത്തോ പിൻവശത്തോ ഘടിപ്പിച്ചിട്ടുള്ള ചക്രം. ട്രാക്കുകളെ നയിക്കുന്ന ഗൈഡ് ചക്രമാണിത്. ഇതിന്റെ സ്ഥാനത്തിനു മാറ്റം വരുത്തിയാണ് ട്രാക്കുകളിലനുഭവപ്പെടുന്ന വലിവിന്റെ അളവു നിയന്ത്രിക്കുന്നത്.

കപോള (capola)

[തിരുത്തുക]

ടാങ്കിലെ കമാൻഡർക്ക് പുറത്തുള്ള കാഴ്ചകൾ സുരക്ഷിതമായിരുന്നു കാണുവാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടം അഥവാ മുറി. ഇതിനെ സ്വതന്ത്രമായി ചുറ്റിക്കറക്കാൻ സാധിക്കും. ഇതിനുചുറ്റും ദൃശ്യോപകരണങ്ങളും മറ്റു തരത്തിലുള്ള കവചങ്ങളും ക്രമീകരിച്ചിരിക്കും.

കവചം (armour)

[തിരുത്തുക]

വെടിയുണ്ടകൾ, മറ്റു തരത്തിലുള്ള ക്ഷേപണികൾ (projectiles) എന്നിവയിൽ നിന്നുള്ള രക്ഷയ്ക്കായി ടാങ്കിനെ മുഴുവനായോ ഭാഗികമായോ ഉരുക്ക് അഥവാ അലൂമിനിയം തകിടുകൾ കൊണ്ടു പൊതിയുന്നു. ഈ മറകളാണ് ടാങ്കിന്റെ കവചം എന്നറിയപ്പെടുന്നത്. ടാങ്കിന്റെ ഉപയോഗത്തിനനുസൃതമായാണ് ഈ തകിടുകളുടെ കനം നിശ്ചയിക്കാറുള്ളത്.

ഗ്ലാസി (glasi)

[തിരുത്തുക]

ഹള്ളിന്റെ മുൻഭാഗത്തുള്ള പ്ലേറ്റ് അഥവാ പലകയാണ് ഗ്ലാസി.

ഷാസി (chassis)

[തിരുത്തുക]

റണ്ണിങ്ങ് ഗിയർ, ഹള്ളിന്റെ കീഴ്ഭാഗം, മറ്റു പ്രചാലക യൂണിറ്റുകൾ എന്നിവയ്ക്കു പൊതുവേ പറയുന്ന പേര്. മറ്റു വാഹനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഒരു ടാങ്കിന്റെ ഷാസി.

ടററ്റ്(turret)

[തിരുത്തുക]

ടാങ്കിൽ പടയാളികൾ ഇരിക്കുന്നതും തോക്കുകൾ ഉറപ്പിച്ചിരിക്കുന്നതുമായ സ്ഥലം.

ടാററ്റിനകത്തു രണ്ടോ മൂന്നോ സൈനികരുണ്ടാവും. ദൃശ്യോപകരണങ്ങൾ വഴി ഇവർക്കു പുറംകാഴ്ചകൾ കാണാനാകും.

മറ്റൊരു പ്രത്യേകത ടററ്റിനു സ്വതന്ത്രമായി 360ത്ഥ -ഉം ചുറ്റിക്കറങ്ങാനാകും എന്നതാണ്. ഇതുമൂലം ഏതു ദിശയിലേക്കും വെടിവെയ്ക്കുക എളുപ്പമാണ്.

ട്രാക്ക്/പാളം

[തിരുത്തുക]

ടാങ്കിനെ സഞ്ചാരയുക്തമാക്കുന്ന ബെൽറ്റാണ് പാളം അഥവാ ട്രാക്ക് എന്നറിയപ്പെടുന്നത്. റബറും ഉരുക്കും കൊണ്ടാണ് പാളങ്ങൾ നിർമ്മിക്കുന്നത്. ട്രാക്കിന്റെ സന്ധി ബന്ധം (articulating link) ഷൂവിന്റെ ആകൃതിയിലാണ് നിർമ്മിക്കുന്നത്. ഇത്തരം 'ഷൂകളെ' പരസ്പരം പിന്നുകളുപയോഗിച്ചു ബന്ധിപ്പിക്കുന്നു. ഈ ഷൂകളിൽ പല്ലു പോലുള്ള കൂർത്ത ഭാഗങ്ങളുണ്ട്. സ്പ്രോക്കറ്റുമായി കൊരുക്കുവാനും, ഐഡ്ലർ, റോസ് ചക്രങ്ങൾ എന്നിവയുടെ നിർദ്ദേശകങ്ങൾ ആയി പ്രവർത്തിക്കുവാനും ഉപകരിക്കുന്നത് ഈ പല്ലുകളാണ്.

ട്രാൻസ്മിഷൻ

[തിരുത്തുക]

ടാങ്കിന്റെ എൻജിൻ സൃഷ്ടിക്കുന്ന ശക്തി ട്രാക്കുകൾക്കു പകർന്നു നൽകുന്നതിനുള്ള ഒരു സംവിധാനമാണ് ട്രാൻസ്മിഷൻ. ടാങ്കിന്റെ ദിശാത്മക നിയന്ത്രണത്തിനുള്ള ഉപാധി കൂടിയാണിത്. ഗിയർ ബോക്സ് ഇതിൽ ഉൾപ്പെടുന്നു. മിക്കപ്പോഴും ട്രാക്കുകളെ ഗിയർ ബോക്സുമായിട്ടാണ് ഘടിപ്പിക്കാറുള്ളത്. അതിനാൽ അവയെ നിയന്ത്രിക്കുന്നതിനായി ഗിയർ ബോക്സുകളിൽ പ്രത്യേകം ലിവറുകൾ ഘടിപ്പിച്ചിരിക്കും.

ദൃശ്യോപകരണങ്ങൾ

[തിരുത്തുക]

ടാങ്കിലെ പടയാളികൾക്കും അതിന്റെ കമാൻഡർക്കും ചുറ്റുമുള്ള കാഴ്ചകൾ സുരക്ഷിതമായി കാണാൻ വേണ്ടി ദൃശ്യോപകരണങ്ങൾ സജ്ജീകരിക്കാറുണ്ട്. സുഷിരങ്ങൾ, സ്ലോട്ടുകൾ, ചെറിയ ജനാലകൾ എന്നിവ ഇതിൽപ്പെടുന്നു. ഇവ കൂടാതെ പ്രകാശീയ ഉപകരണങ്ങളായ ദൂരദർശിനി, പെരിസ്കോപ്പ്, എപ്പിസ്കോപ്പ് എന്നിവയും ഉപയോഗിക്കാറുണ്ട്. രാത്രികാലങ്ങളിൽ ദർശന സഹായികളായി സെർച്ചു ലൈറ്റുകളും, ഇൻഫ്രാറെഡ് ഉപകരണങ്ങളും ഉപയോഗിക്കുന്നു. ടാങ്കിൽ നിന്നും ഒരു ഇൻഫ്രാറെഡ് പ്രൊജക്ടർ ഉപയോഗിച്ച് പ്രേഷണം ചെയ്യുന്ന ഇൻഫ്രാറെഡ് തരംഗങ്ങൾ ലക്ഷ്യത്തിൽ തട്ടി പ്രതിഫലിച്ചു വരുമ്പോൾ ലക്ഷ്യസ്ഥാനത്തുള്ള വസ്തുവിനെ തിരിച്ചറിയാനും ഈ ഉപകരണങ്ങൾ സഹായിക്കുന്നു. എന്നാൽ ടാങ്കിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ മാലിന്യങ്ങൾ ഈ ഉപകരണങ്ങളുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും.

നിലംബനം (suspension)

[തിരുത്തുക]

റണ്ണിങ്ങ് ഗിയർ ഉപയോഗിച്ച്, ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ളതും സുഖപ്രദവുമായ സഞ്ചാരം സൃഷ്ടിക്കാൻ വേണ്ടി, ഉപയോഗിക്കുന്ന സംവിധാനം. ഇവ വിവിധ തരത്തിൽ ലഭ്യമാണ്. നീണ്ട ചുരുളൻ സ്പ്രിങ്ങുകളുള്ള ക്രിസ്റ്റി സംവിധാനം, ടോർഷൺ ബാർ, പൊല്യൂട്ട് സ്പ്രിങ്ങുകൾ, ഹോഴ്സ്റ്റ്മാൻ, സ്പ്രിങ്ങ് ഭുജം എന്നിവ ഉദാഹരണങ്ങളാണ്.

ബോഗി (bogie)

[തിരുത്തുക]

ടാങ്കിന്റെ ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ള സമുച്��യം അഥവാ ചട്ടക്കൂട്. മിക്കവാറും ഇതിനോടു സ്പ്രിങ്ങുകളുപയോഗിച്ചാണ് ചക്രങ്ങൾ ഘടിപ്പിക്കാറുള്ളത്.

മാന്റ്ലെറ്റ് (mantlet)

[തിരുത്തുക]

ടററ്റിൽ തോക്കു കടന്നുപോകുന്ന സുഷിരത്തെ സംരക്ഷിക്കുന്ന കവച അറയാണിത്. ഇത് ആന്തരികമോ ബാഹ്യമോ ആകാം.

സ്പ്രോക്കറ്റ് (sprocket)

[തിരുത്തുക]

റണ്ണിങ്ങ് ഗിയറിന്റെ രണ്ടറ്റത്തുമുള്ള ചാലിത ചക്രം. ഇതു ട്രാക്കുമായി കൊരുത്തു കഴിഞ്ഞാൽ മാത്രമേ ടാങ്കിനു ചലിക്കാൻ കഴിയുകയുള്ളു.

ടാങ്കിന്റെ ചട്ടക്കൂട്. ഇതിനോടു ടാങ്കിലെ നിലംബന സംവിധാനത്തിലെ ഘടക ഭാഗങ്ങൾ നേരിട്ടു ഘടിപ്പിക്കുകയാണു പതിവ്. ടാങ്കിലെ പവർ യൂണിറ്റും, ട്രാൻസ്മിഷനും, റണ്ണിങ്ങ് ഗിയറും, വെടിക്കോപ്പുകളും സജ്ജീകരിച്ചിട്ടുള്ളത് അതിന്റെ ഹള്ളിലാണ്. പടയാളികളെ സംരക്ഷിക്കുന്നതിലും ഹള്ളിനു കാര്യമായ പങ്കുണ്ട്. ഉരുക്കു തകിടുകളും വാർത്തെടുത്ത ഉരുക്കും കൊണ്ടാണിത് നിർമ്മിക്കുന്നത്. ഇതിന്റെ രൂപകല്പനയും കവചങ്ങളുടെ ഘടനയും പരമാവധി സംരക്ഷണം നൽകുന്ന തരത്തിലുള്ളതാണ്. ക്ഷേപണികളിൽ നിന്നുള്ള ആഘാതം കുറയ്ക്കാനായി ഹള്ളിന്റെ പ്രതലങ്ങൾ ഉള്ളിലേക്കു ചരിഞ്ഞ വിധത്തിലാണ് പണിയുന്നത്. ജലത്തിൽ കൂടി കടന്നു പോകേണ്ട ടാങ്കുകളുടെ ഹൾ, ജലം അകത്തു കടക്കാത്ത രീതിയിലാണ് നിർമ്മിക്കേണ്ടത്. ടാങ്കിൽ ടററ്റിനു മുൻപിൽ ഹള്ളിലാണ് ഡ്രൈവറുടെ ഇരിപ്പിടം.

പവർ യൂണിറ്റും എൻജിൻ സിസ്റ്റവും

[തിരുത്തുക]

മിക്ക ടാങ്കുകളിലും ഉപയോഗിക്കുന്നത് ആന്തര ജ്വലന എൻജിനുകളാണ്- പ്രത്യേകിച്ചും ഡീസൽ എൻജിനുകൾ. ഇത്തരം എൻജിനുകളുടെ താഴ്ന്ന ഇന്ധനോപഭോഗ നിരക്കാണ് അവ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.

ചില അവസരങ്ങളിൽ വിവിധ തരം ഇന്ധനം ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന എൻജിനുകളും ഉപയോഗിക്കാറുണ്ട്. അപൂർവമായി ഉയർന്ന ത്വരണം ലഭിക്കാൻ വേണ്ടി വാതക ടർബൈനോ അഥവാ ജെറ്റ് എൻജിനോ ഉപയോഗിക്കുന്നു.

റണ്ണിങ്ങ് ഗിയർ

[തിരുത്തുക]

ടാങ്കിന്റെ ഭാരം, അതിലെ തോക്കുകൾ സൃഷ്ടിക്കുന്ന പ്രത്യാഗതി ബലം, നോദനത്തിനാവശ്യമായ എൻജിൻ ശക്തി എന്നിവയെല്ലാം ശരിയായ രീതിയിൽ തറയിലേക്ക് പ്രേഷണം ചെയ്യുന്നതു റണ്ണിങ്ങ് ഗിയറാണ്. ഇഴയും പാളങ്ങൾ, പാളങ്ങളിലെ ഡ്രൈവ് ചക്രങ്ങൾ, ട്രാക്ക് റോളറുകൾ, അവയുടെ നിലംബന സംവിധാനം, താങ്ങ് റോളറുകൾ, ഐഡ്ലറുകൾ, അവയുടെ പാള-വലിവ് ഉപകരണങ്ങൾ എന്നിവ റണ്ണിങ്ങ് ഗിയറിന്റെ ഭാഗങ്ങളാണ്. ട്രാക്കു റോളറുകളെ വിവിധ രീതിയിൽ ഘടിപ്പിക്കാം. തേയ്മാനം, ചലിക്കുമ്പോഴുണ്ടാകുന്ന ശബ്ദം എന്നിവ കുറയ്ക്കാനായി റബർ ബുഷുകളും ഘടിപ്പിക്കാറുണ്ട്. പാളങ്ങളിൽ റബർ കൊണ്ട് പണിത 'റോഡ് പാഡുകളും' (road pads) കാണും. ടാങ്ക് കടന്നു പോകുമ്പോൾ തറയ്ക്കു സംഭവിക്കുന്ന ക്ഷതം ഒരു പരിധിവരെ കുറയ്ക്കാനാണ് റോഡ് പാഡുകൾ ഉപയോഗിക്കുന്നത്.

സഞ്ചാര രീതി

[തിരുത്തുക]

ടാങ്കു തറയിൽ ചെലുത്തുന്ന മർദം കുറയ്ക്കാനായി അതിലെ പാളങ്ങൾ കഴിയുന്നത്ര വീതിയിൽ പണിയുന്നു. ഭാരം കുറഞ്ഞ ചില ടാങ്കുകളിൽ മർദം ചതുരശ്ര സെന്റിമീറ്ററിനു 0.35 കി. ഗ്രാം വരെ മാത്രമേ വരൂ. തന്മൂലം അവയ്ക്ക് മനുഷ്യർക്കു നടന്നു പോകാൻ പ്രയാസമേറിയ പാതകളിൽക്കൂടി പോലും കടന്നു പോകാൻ സാധിക്കുന്നു; തരിമണലിൽ കൂടിയുള്ള യാത്ര ഇതിനുദാഹരണമാണ്.

ഒരു ടാങ്കു പരുപരുത്ത തറയിൽക്കൂടി കടന്നു പോകുമ്പോൾ അനുഭവപ്പെടുന്ന കുലുക്കവും ചാട്ടവും കുറയ്ക്കാൻ ടാങ്കിന്റെ നീളം വർധിപ്പിക്കണം. എന്നാൽ നീളം കൂടുന്തോറും ടാങ്കിനെ നിയന്ത്രിക്കാൻ പ്രയാസമാണ്. പരസ്പരവിരുദ്ധങ്ങളായ ഇവയെ തമ്മിൽ യോജിപ്പിച്ചുകൊണ്ടുപോകാനായി മിക്കപ്പോഴും ടാങ്കിന്റെ പാളങ്ങളുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 1.5:1 ആയി നിയന്ത്രിക്കുന്നു.


ആഴം കുറവുള്ള ജലാശയങ്ങളിലൂടെ തറയിൽ സഞ്ചരിക്കുന്ന വിധത്തിൽ തന്നെ ടാങ്കിനെ ഓടിച്ചു കൊണ്ടു പോകാനാവും. ആഴം കൂടുതലുണ്ടെങ്കിൽ അവയിലൂടെ നീന്തിപ്പോകുന്ന മട്ടിലും കടന്നു പോകാം. ഇത്തരം സന്ദർഭങ്ങളിൽ ടാങ്ക് ജലത്തിൽ പൊങ്ങിക്കിടക്കേണ്ടതുണ്ട്. ഒന്നുകിൽ ടാങ്കിന്റെ ഘടന തന്നെ അങ്ങനെയുള്ളതായിരിക്കും. അല്ലെങ്കിൽ ടാങ്കിനെ അങ്ങനെയാക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ കൂടി ടാങ്കിൽ കരുതിവച്ചിരിക്കും. ചില ടാങ്കുകളിൽ ഇതിനായി 'കൊളാപ്സിബിൾ ഫ്ളൊട്ടേഷൻ സ്ക്രീനുകൾ' (collapsible floatation screen) കാണും.


എന്നാൽ ഭാരം കൂടുതലുള്ള ടാങ്കുകൾക്ക് ഇങ്ങനെ നീന്തിപ്പോകാൻ സാധ്യമല്ല. അവ നദിയുടെ അടിത്തട്ടിൽ തറയിൽ കൂടി എന്ന പോലെ 'മുങ്ങിത്താണ്' കടന്നു പോകുന്നു. ഇങ്ങനെയുള്ള ടാങ്കുകൾ പൂർണമായും ജലരോധകമായിട്ടാണു (water tight) നിർമ്മിക്കാറുള്ളത്. അതുപോലെ ജലത്തിനടിയിലൂടെ കടന്നു പോകുമ്പോൾ, ടാങ്കിനകത്തുള്ള സൈനികർക്കു ശ്വസിക്കാനും, ടാങ്കിലെ എൻജിന്റെ ഉപയോഗത്തിനും ആവശ്യമുള്ളത്ര ശുദ്ധവായു കടത്തിവിടാനായി ഒരു കുഴൽ കൂടി ടാങ്കിൽ ഘടിപ്പിച്ചിരിക്കും. ഈ കുഴലിന്റെ ഒരറ്റം ജലനിരപ്പിനു മുകളിൽത്തന്നെ നിലനിറുത്താൻ പ്രത്യേക സംവിധാനവും ടാങ്കിൽ ത്തന്നെ ലഭ്യമായിരിക്കും.

വെടിക്കോപ്പുകൾ

[തിരുത്തുക]

ടാങ്ക് രൂപകല്പനയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം അതിൽ ഉപയോഗിക്കുന്ന വെടിക്കോപ്പുകളാണ്. ഒരു MBT-യുടെ പ്രധാന പ്രതിയോഗി മറ്റൊരു MBT തന്നെയാണ്. തന്മൂലം മറ്റു ടാങ്കുകളെ തകർക്കാനോ അവയുടെ കവചത്തെ ഭേദിക്കാനോ ഒരു ടാങ്കിൽ നിന്നു വർഷിക്കുന്ന വെടിയുണ്ടകൾക്കു കഴിയണം. ഇതുകൊണ്ട് ടാങ്കുകളിൽ പൊതുവേ 75 മി. മീ. - 120 മി. മീ. വരെ ഉൾവിസ്തൃതി (caliber) ഉള്ള തോക്കുകൾ ആണ��� ഉപയോഗിക്കാറുള്ളത്. ഇവയിലെ വെടിയുണ്ട പ്രത്യേകം തയ്യാറാക്കപ്പെട്ടവയുമായിരിക്കും. ഉദാഹരണമായി, കട്ടിയേറിയ ഉരുക്കു കൊണ്ടു നിർമിച്ചതും കവചം തുളച്ചു കയറാൻ ശേഷിയുള്ളതുമായ 'ആർമർ പിയേഴ്സിങ്ങ് പ്രൊജക്റ്റൈൽ'(APP), 'ആർമർ പിയേഴ്സിങ്ങ് ഡിസ്കാർഡിങ്ങ് സബൊ' (APDS), 'ഹൈ എക്സ്പ്ലോസീവ് ആന്റി ടാങ്ക്' (HEAT) എന്നിവ MBT-കളിൽ ഉപയോഗിക്കുന്നു. ഇവയ്ക്ക് വെടിയുണ്ടയെ അപേക്ഷിച്ചു, യഥാക്രമം രണ്ടിരട്ടി, നാലിരട്ടി, അഞ്ചിരട്ടി വരെ കനമേറിയ കവചത്തെ തുളച്ചു ഭേദിക്കാൻ കഴിയും. ഇവ കൂടാതെ ഷെല്ലുകൾ, റൈഫിളുകൾ എന്നിവയും ഉപയോഗിക്കാറുണ്ട്.

വെടിയുണ്ടകൾ ലക്ഷ്യസ്ഥാനത്തു തന്നെ പതിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ടാങ്കുകളിൽ 'പരിധി മാപിനി(range finder) ഉപകരണങ്ങൾ' ഘടിപ്പിക്കുന്നു: ഉദാ: 12.7 മി. മീ. 'റേഞ്ചിംഗ് മെഷീൻ ഗൺ'. ഇവയുപയോഗിച്ച് ആദ്യം ലക്ഷ്യസ്ഥാനത്തിലേക്കു 'ട്രേസർ ബുള്ളറ്റുകളെ' കൂട്ടം കൂട്ടമായി തൊടുത്തു വിടുന്നു. അവ ഏതെങ്കിലും ലക്ഷ്യസ്ഥാനത്തു തറച്ചു കഴിഞ്ഞാൽ അതിൽ നിന്നും ലക്ഷ്യത്തിലേക്കുള്ള ദൂരം എത്രയെന്നു കണക്കാക്കാൻ കഴിയും. പിന്നീട് ഇതനുസരിച്ചു പ്രധാന ആയുധങ്ങൾ ഉപയോഗിച്ചു ലക്ഷ്യസ്ഥാനത്തെ ആക്രമിക്കാം. ഇതു കൂടാതെ 'പ്രകാശീയ പരിധിമാപി', 'ലേസർ പരിധിമാപി' തുടങ്ങിയവ, ലക്ഷ്യസ്ഥാനത്തേക്കു ലേസർ രശ്മികൾ അയച്ചശേഷം, അവ ലക്ഷ്യത്തിൽ തട്ടി പ്രതിഫലിച്ചു വരുന്ന


സമയദൈർഘ്യത്തിൽ നിന്നു ലക്ഷ്യത്തിലേക്കുള്ള ദൂരം വളരെ കൃത്യമായി കണക്കാക്കാൻ സഹായിക്കുന്നു. ഇങ്ങനെ സ്ഥാനനിർണയം നടത്തപ്പെട്ട ലക്ഷ്യസ്ഥാനം വളരെ അകലത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിൽ അതിലേക്കു സാധാരണയുള്ള ക്ഷേപണികളെക്കൂടാതെ നിയന്ത്രിത മിസൈലുകളേയും അയയ്ക്കുന്നു. ഇത്തരത്തിൽ സജ്ജീകരിക്കപ്പെട്ട രണ്ടു ടാങ്കുകളാണ് അമേരിക്കക്കാരുടെ M60A2, M551 ഷെരിഡൻ എന്നിവ. ഇവ രണ്ടിലും ഉപയോഗിക്കുന്നത് ഷെല്ലാഹ് നിയന്ത്രിത മിസൈലുകളാണ് (Shellah controlled missiles). അതുപോലെ ഒരു ടാങ്ക് യുദ്ധഭൂമിയിലൂടെ കടന്നു പോകുമ്പോൾ അതിനു കുലുക്കവും ചരിവും സംഭവിക്കാറുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും ലക്ഷ്യസ്ഥാനത്തേക്കു കൃത്യമായി ആയുധങ്ങൾ അയയ്ക്കണമെങ്കിൽ ടാങ്കിലെ തോക്കിന്റെ ദിശയിൽ മാറ്റം വരാൻ പാടില്ല. ജൈറോസ്കോപ്പുകൾ (gyroscope) ഉപയോഗിച്ചാണ് ഈ പ്രശ്നം പരിഹരിക്കുന്നത്.

ഇതും കാണുക

[തിരുത്തുക]

ചിത്രങ്ങൾ

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യുദ്ധ_ടാങ്ക്&oldid=3642397" എന്ന താളിൽനിന്ന് ശേഖരിച്ചത്