തപോവൻ മഹാരാജ്
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
കേരളീയനായ സന്ന്യാസിശ്രേഷ്ഠനാണ് തപോവനസ്വാമി. ഉത്തരകാശിയിൽ ആശ്രമം സ്ഥാപിച്ച് ആധ്യാത്മിക പ്രവർത്തനം നടത്തിയിരുന്ന ഇദ്ദേഹം ദേശീയതലത്തിൽ പ്രശസ്തനും സംസ്കൃതത്തിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ഹിമഗിരിവിഹാരം, കൈലാസയാത്ര എന്നി രണ്ടു പുസ്തകങ്ങ���കൂടി അദ്ദേഹം എഴുതിട്ടുണ്ട്[1]. ദൈവദർശനം എന്ന പേരിൽ തപോവൻ മഹാരാജ് സംസ്കൃതത്തിൽ അദ്ദേഹത്തിന്റെ ആത്മകഥ എഴുതിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]പാലക്കാടിനു സമീപം കുഴൽമന്ദത്ത് പുത്തൻവീടുതറവാട്ടിൽ അച്യുതൻ നായരുടേയും കുഞ്ഞമ്മയുടേയും മകനായി 1889-ൽ ജനിച്ചു. സുബ്രഹ്മണ്യൻ (ചിപ്പുക്കുട്ടിനായർ) എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. ചെറുപ്പത്തിൽത്തന്നെ അധ്യാത്മപഠനത്തിൽ തത്പരനായിരുന്നു സുബ്രഹ്മണ്യൻ. പിതാവിന്റെ ചരമശേഷം 21-ാം വയസ്സിൽ തീർഥയാത്രയ്ക്കു പുറപ്പെടുകയും സൗരാഷ്ട്രത്തിൽ സ്വാമി ശാന്ത്യാനന്ദ സരസ്വതിയുടെ ശിഷ്യത്വം സ്വീകരിച്ച് ഭാരതീയ ദർശനങ്ങൾ സ്വാംശീകരിക്കുകയും ചെയ്തു. കേരളത്തിൽ തിരിച്ചെത്തിയശേഷം ഗോപാലകൃഷ്ണൻ എന്ന പേരിൽ (ഗോപാലകൃഷ്ണ ഗോഖലെയുടെ സ്മരണാർഥം) ദേശീയ പ്രസ്ഥാനത്തിനും ആധ്യാത്മിക വിഷയങ്ങൾക്കും പ്രാധാന്യം നല്കി ഒരു മാസിക പാലക്കാട്ടു നിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. ചട്ടമ്പിസ്വാമികൾ, ശിവാനന്ദയോഗി തുടങ്ങിയ യതിവര്യന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും ദേശീയ-സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു.
ഒരിക്കൽ ശാന്ത്യാനന്ദസ്വാമിയെ സന്ദർശിച്ച അവസരത്തിൽ കൊൽക്കത്തയിൽ സാമൂഹിക-ആധ്യാത്മിക പ്രവർത്തനം നടത്തുന്നതിന് അദ്ദേഹം നിർദ്ദേശിച്ചു. ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ആ സ്ഥാനമായ ബേലൂർമഠത്തിലായിരുന്നു താമസം. അന്നത്തെ ശങ്കരാചാര്യ മഠാധിപതിയിൽ നിന്നും 'ചിദ്വിലാസൻ' എന്ന ബഹുമതി ലഭിച്ചു. ഇക്കാലത്ത് കാശി, പ്രയാഗ, ഹരിദ്വാരം, ഹൃഷീകേശം തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും കാംഗ്രി (കാംഗ്ടി) ഗുരുകുലമഹാവിദ്യാലയത്തിൽ ശ്രീ ശ്രദ്ധാനന്ദസ്വാമിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. കേരളത്തിൽ തിരിച്ചെത്തി മൂന്ന് വർഷക്കാലം ആധ്യാത്മിക പ്രവർത്തനത്തിൽ വ്യാപൃതനായി. പിന്നീട് ഹിമാലയസാനുക്കൾ ആധ്യാത്മിക സാധനയ്ക്ക് അനുയോജ്യമായ സ്ഥലമായി കരുതി ഹൃഷീകേശത്തിലും ഉത്തരകാശിയിലും ആശ്രമം സ്ഥാപിക്കുകയും 34-ാം വയസ്സിൽ സന്ന്യാസദീക്ഷ സ്വീകരിക്കുകയും ചെയ്തു. കൈലാസാശ്രമത്തിലെ ജനാർദനഗിരിസ്വാമികളിൽ നിന്നാണ് സന്ന്യാസം സ്വീകരിച്ചത്. ശാങ്കര സമ്പ്രദായത്തിലുള്ള സന്ന്യാസ ദീക്ഷയായിരുന്നു. സ്വാമി തപോവനം എന്ന യോഗിനാമം സ്വീകരിച്ചു.
ചെറുപ്പത്തിൽത്തന്നെ കാവ്യരചനയിൽ തത്പരനായിരുന്ന ഇദ്ദേഹം 18-ാം വയസ്സിൽ രചിച്ച ഭാഷാകാവ്യമാണ് വിഭാകരൻ. വിഷ്ണുയമകം എന്ന കാവ്യമാണ് അടുത്തത്. പില്ക്കാലത്ത് സംസ്കൃതത്തിലും മലയാളത്തിലുമായി അനേകം കൃതികൾ രചിച്ചവയിൽ ബദരീശസ്തോത്രം, സൗമ്യകാശീശസ്തോത്രം, ഗംഗാസഹസ്രനാമസ്തോത്രം, ഗംഗോത്തരീക്ഷേത്രമാഹാത്മ്യം, ഈശ്വര ദർശനം, ഗംഗാസ്തോത്രം എന്നീ സംസ്കൃത കൃതികളും ഹിമഗിരി വിഹാരം (2 ഭാഗം), കൈലാസയാത്ര എന്നീ മലയാളകൃതികളും പ്രസിദ്ധങ്ങളാണ്.
ബദരീനാഥത്തിലെ നാരായണമൂർത്തിയെ പ്രകീർത്തിക്കുന്ന നൂറുപദ്യങ്ങളുള്ള കാവ്യമാണ് ബദരീശസ്തോത്രം. അധ്യാരോപം, അപവാദം, സാധന, ഫലം എന്നീ ശീർഷകങ്ങളിൽ 25 പദ്യങ്ങൾ വീതമുള്ള നാല് സ്തബകങ്ങളിൽ നാരായണമൂർത്തിയുടെ ആരാധനാഭേദങ്ങൾ വർണിക്കുന്നു. കൊല്ലങ്കോട് പി. ഗോപാലൻനായർ ഇതിനു വ്യാഖ്യാനം രചിച്ചിട്ടുണ്ട്.
ഹിമവാന്റെ മുകളിലുള്ള ഉത്തരകാശി (സൌമ്യകാശി)യിലെ ദേവനെ പ്രകീർത്തിച്ചുകൊണ്ടും അധ്യാത്മതത്ത്വങ്ങൾ വിശദീകരിച്ചുകൊണ്ടുമുള്ള കൃതിയാണ് സൗമ്യകാശീശസ്തോത്രം. ഈശാവാസ്യം തുടങ്ങിയ പത്ത് പ്രധാന ഉപനിഷത്തുകളുടേയും (ദശോ പനിഷത്തുകൾ) ശ്വേതാശ്വതരം, ബ്രഹ്മബിന്ദു, കൈവല്യം, പരമഹംസം, മൈത്രേയി, തേജോബിന്ദു എന്നീ ആറ് ഉപനിഷത്തുകളുടേയും സാരാംശം 25 പദ്യം വീതമുള്ള 18 സ്തബകങ്ങളിൽ പ്രതിപാദിക്കുന്നു. തത്ത്വചിന്താഗൗരവമുള്ളവയും അതേസമയം അലങ്കാരസുന്ദരവുമാണ് പദ്യങ്ങൾ. ജ്ഞാനവും ഭക്തിയും സമ്മേളിച്ചിരിക്കുന്ന ഈ കാവ്യത്തിന് പരമാനന്ദതീർഥസ്വാമി വ്യാഖ്യാനം രചിച്ചിട്ടുണ്ട്.
ഗദ്യ പദ്യ സമ്മിശ്രമായ ഈശ്വരദർശനം എന്ന പ്രബന്ധം തപോവനസ്വാമിയുടെ ആത്മകഥ എന്ന നിലയിലും ഭാരതത്തിലെ ആധ്യാത്മിക കേന്ദ്രങ്ങളേയും പുണ്യതീർഥങ്ങളേയും വിശിഷ്ടരായ യതിവര്യരേയും പരിചയപ്പെടുത്തുന്ന ഗ്രന്ഥമെന്ന നിലയിലും ആധ്യാത്മിക കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രിയംകരമാണ്. പത്ത് ഉല്ലാസങ്ങൾ (അധ്യായങ്ങൾ) വീതമുള്ള രണ്ടുഭാഗത്തോടുകൂടിയ ഇതിന് തപോവനചരിതം എന്നും പേരുണ്ട്. അഹമ്മദാബാദ്, കൊൽക്കത്ത, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹിമഗിരിവിഹാരം (1941, 43), കൈലാസയാത്ര (1928) എന്നീ കൃതികളിലെ പല ഭാഗങ്ങളും കോഴിക്കോട്ടു നിന്നുള്ള മനോരമ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഹിമഗിരിവിഹാരം രണ്ട് ഭാഗമായാണ് പ്രസിദ്ധീകരിച്ചത്. രണ്ടുതവണ താൻ നടത്തിയ കൈലാസയാത്രയുടെ അനുഭവവും ആ പ്രദേശങ്ങളുടെ പ്രകൃതിരമണീയകതയും കാവ്യാത്മകമായി ഈ കൃതികളിൽ അവതരിപ്പിച്ചിരിക്കുന്നു. സംസ്കൃതത്തിലുള്ള ഈശ്വരദർശനം എന്ന കൃതിയിലെ പല ഭാഗങ്ങളുടേയും ഭാഷാനുവാദവും ഇവയിലുണ്ട്.
1957 ജനുവരി 16-ന് തപോവനസ്വാമി സമാധിയായി. ഇദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ബാലകൃഷ്ണഭട്ടശാസ്ത്രി എന്ന ഭക്തൻ തപോവനശതകം എന്ന കാവ്യം രചിച്ചു. ചിന്മയാനന്ദസ്വാമിയുടെ ഗുരുവായ തപോവനസ്വാമിയുടെ സ്മരണാർഥം ചിന്മയാമിഷൻ ഇംഗ്ളീഷിൽ തപോവനപ്രസാദം എന്ന മാസിക പ്രസിദ്ധീകരിച്ചു വരുന്നു.
- ↑ Chinmaya Publication Trust 1960, Madras-3, India - Translator T.N. Kesava Pillai