അണ്ഡോത്സർഗം
Ovulation | |
---|---|
Identifiers | |
MeSH | D010060 |
TE | E1.0.0.0.0.0.7 |
Anatomical terminology |
അണ്ഡാശയങ്ങളിൽനിന്നും അണ്ഡം സ്വതന്ത്രമാകുന്ന പ്രക്രിയാണ് അണ്ഡോത്‌സർഗം അഥവാ അണ്ഡവിസർജനം. ഇംഗ്ലീഷിൽ ഓവുലേഷൻ (Ovulation). അണ്ഡം വളർച്ചയെത്തി ബീജസങ്കലനയോഗ്യമായിത്തീരുമ്പോഴാണ് ഇത് നടക്കുന്നത്. അണ്ഡാശയത്തിന്റെ ഒരു പ്രവർത്തനമാണ് അണ്ഡോത്സർഗം എന്നിരിക്കിലും ഈ പ്രക്രിയയുടെ പൊരുളറിയാനുള്ള ശ്രമങ്ങൾ വളരെ കുറച്ചു ജീവികളിൽ മാത്രമേ നടന്നിട്ടുള്ളു. അനലിഡുകൾ, മൊളസ്കകൾ തുടങ്ങി പലതിലും ഇതിനെക്കുറിച്ച് അനുമാനങ്ങൾ മാത്രമേയുള്ളു. പക്ഷികളിലും, സസ്തനികളിലും കുറേക്കൂടെ വിപുലമായ രീതിയിൽ പഠനങ്ങളുണ്ടായിട്ടുണ്ട്. പ്രാവ് മുതലായ പക്ഷികളിലും, മുയൽ, എലി, അണ്ണാൻ, പൂച്ച മുതലായ സസ്തനികളിലും ചില പ്രാണികളിലും ഇണചേരലിനോട് അനുബന്ധമായാണ് അണ്ഡോത്സർഗം നടക്കുന്നത്. ഇണചേരലുണ്ടാക്കുന്ന അനുഭൂതികൾ നാഡീവ്യൂഹത്തിലൂടെ ഉയർന്ന തലങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഈ ചലനങ്ങൾ മൂലമുണ്ടാകുന്ന അന്തഃസ്രവങ്ങളാണ് അണ്ഡോത്സർഗത്തിന് കാരണമാകുന്നതെന്നൊരു പക്ഷമുണ്ട്. പെൺപക്ഷികളെ ലൈംഗികമായി ആകർഷിക്കുന്നതിന് ആൺപക്ഷികൾ കാണിക്കുന്ന പല ചേഷ്ടകളും അണ്ഡോത്സർഗത്തിന് പ്രചോദനമാകാവുന്നതാണ്.
തലച്ചോറിന്റെ കീഴ്ഭാഗത്തുള്ള പിറ്റ്യൂട്ടറി എന്ന ഗ്രന്ഥിക്ക് അണ്ഡവളർച്ച, അണ്ഡോത്സർഗം എന്നീ ആവർത്തനസ്വഭാവമുള്ള പ്രക്രിയകളിൽ അതിപ്രധാനമായ പങ്കുണ്ട്. പക്ഷികളിലും സസ്തനികളിലും അണ്ഡം മൂന്നു കോശചർമങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പിറ്റ്യൂട്ടറിയിൽനിന്നും പ്രവഹിക്കുന്ന ഫോളിക്കിൾ സ്റ്റിമുലേറ്റിങ് ഹോർമോൺ (FSH) എന്ന ഒരു അന്തഃസ്രവമാണ് ഈ ആവരണചർമങ്ങളുടെ വളർച്ചയെ സഹായിക്കുന്നത്. ലൂട്ടിനൈസിങ്ങ് ഹോർമോൺ (LH) എന്ന മറ്റൊരു സ്രവം പിറ്റ്യൂട്ടറിയിൽ നിന്നും ലഭ്യമാകുമ്പോഴാണ് അണ്ഡം പക്വമാകുന്നതും അണ്ഡോത്സർഗം നടക്കുന്നതും. ബാഹ്യമായും, ആന്തരികമായുമുള്ള പല ഘടകങ്ങളും ഈ അന്തഃസ്രവങ്ങളെ നിയന്ത്രിക്കുന്നുണ്ട്. ഇണചേരലിനുശേഷം മാത്രം അണ്ഡോത്സർഗം നടക്കുന്ന ജീവികളിൽ എൽ.എച്ചി-ന്റെ സ്രവം നാഡീപരമായ ചലനങ്ങളെ വളരെയേറെ ആശ്രയിച്ചിരിക്കുന്നുവെന്ന് കാണിക്കുന്നു. അണ്ഡോത്സർഗത്തിന് ഇണചേരൽ ആവശ്യമില്ലാത്ത ഇതര ജീവികളിൽ ആന്തരികമായ മറ്റു ഘടകങ്ങൾ ആയിരിക്കണം പ്രസ്തുത പ്രക്രിയയ്ക്കു കാരണം. അണ്ഡത്തെ ചുറ്റിയുള്ള ആവരണചർമം പൊട്ടിയാണ് അണ്ഡോത്സർഗം നടക്കുന്നത്. ആ പൊട്ടലിനു കാരണമായ ശക്തി എന്താണ് എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർ ഭിന്നാഭിപ്രായക്കാരാണ്. ആവരണചർമങ്ങൾക്കകത്ത് തിങ്ങിവരുന്ന ദ്രവപദാർഥത്തിന്റെ സമ്മർദശക്തിയാണ് ഇതിനു കാരണമെന്ന് ഒരഭിപ്രായമുണ്ട്. പക്ഷേ, ഇത് പൂർണമായും ശരിയാണെന്നു തോന്നുന്നില്ല. ചില സസ്തനികളിൽ അണ്ഡോത്സർഗത്തിനു മുമ്പായി ഈ സമ്മർദം കുറയുന്നതായാണ് കാണുന്നത്. അണ്ഡാശയത്തിലുള്ള മാംസപേശികളുടെ സങ്കോചമാണ് മറ്റൊരു കാരണമായി പറയുന്നത്. അന്തഃസ്രവങ്ങളുടെ ശക്തിയോ അണ്ഡാവരണചർമത്തെ രാസപരമായി ദഹിപ്പിക്കുവാൻ കഴിവുള്ള എൻസൈമുകളുടെ പ്രവർത്തനമോ അണ്ഡോത്സർഗത്തിന് കാരണമായിക്കൂടെന്നില്ല. പല സസ്തനികൾക്കും ഇണചേരലിന് ആഗ്രഹം തോന്നുന്ന ഒരു സമയമുണ്ട്. ഈ ഘട്ടത്തിന്റെ അന്ത്യത്തിലാണ് ചിലതിൽ അണ്ഡോത്സർഗം നടക്കുന്നത്; മറ്റു ചിലതിൽ തുടക്കത്തിലും. ബാഹ്യലോകത്തിലെ ഇരുട്ടും വെളിച്ചവും വരെ ഈ പ്രക്രിയയിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് പക്ഷികളിലും എലികളിലും നടത്തിയ ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അണ്ഡോത്‌സർഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |