ജൻസനിസം
ഉത്ഭവപാപം, അതുമൂലമുള്ള മനുഷ്യന്റെ അധമാവസ്ഥ, ദൈവകൃപയുടെ പരമാവശ്യകത, മനുഷ്യന്റെ ഭാഗധേയങ്ങളുടെ കാര്യത്തിലുള്ള ദൈവത്തിന്റെ മുൻനിശ്ചയം, എന്നിവയിലൂന്നിയ ഒരു ക്രിസ്തീയ ദൈവശാസ്ത്ര മുന്നേറ്റമായിരുന്നു ജൻസനിസം. കത്തോലിക്കാ സഭയിലാണ് ഇതു രൂപപ്പെട്ടത്. ദൈവത്തിന്റെ കൃപയുടെ ആവശ്യകതയെ മനുഷ്യസ്വാതന്ത്ര്യവുമായി പൊരുത്തപ്പെടുത്തുകയെന്ന വിഷമകരമായ സമസ്യയിലാണ് ജൻസനിസത്തിന്റെ പിറവി. ഉത്ഭവപാപസങ്കല്പത്തെ തന്നെ നിരാകരിച്ച പെലേജിയന്മാരുമായുള്ള തർക്കങ്ങളിൽ സഭാപിതാവായ ഹിപ്പോയിലെ ആഗസ്തീനോസ് പിന്തുടർന്ന വാദങ്ങളാണ് തങ്ങളുടെ സിദ്ധാന്തങ്ങൾക്കു പിന്നിലെന്ന് ജൻസനിസ്റ്റുകൾ വാദിച്ചു. [1] ജൻസനിസത്തിന്റെ എതിരാളികൾ അതിനെ, കത്തോലിക്കാ പുറംചട്ടയിൽ അവതരിപ്പിക്കപ്പെട്ട പ്രൊട്ടസ്റ്റന്റ്-കാൽവിനീയ ദൈവശാസ്ത്രമെന്നു വിശേഷിപ്പിച്ചു.[2]
വളർച്ച
[തിരുത്തുക]17-18 നൂറ്റാണ്ടുകളിൽ പ്രചാരം നേടിയ ഈ പ്രസ്ഥാനം പ്രധാനമായും ഫ്രാൻസിലാണ് വളർന്നത്. 1638-ൽ അന്തരിച്ച ഡച്ച് ദൈവശാസ്ത്രജ്ഞൻ കൊർണേലിയസ് ജൻസൻ, ഹിപ്പോയിലെ ആഗസ്തീനോസിന്റെ ദൈവശാസ്ത്രം പിന്തുടർന്ന് രചിച്ച 'അഗസ്റ്റീനസ്' എന്ന കൃതിയിലാണ് ഈ പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക അടിത്തറ. ജൻസന്റെ മരണശേഷം പ്രസിദ്ധീകരിച്ച ഈ കൃതി പ്രചരിപ്പിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തും സെയിന്റ് സൈറനിലെ ആശ്രമാധിപനും ആയിരുന്ന ജീൻ ദു വെർഗിയർ ആയിരുന്നു. 1643-ലെ വെർഗിയറുടെ മരണശേഷം ഈ പ്രസ്ഥാനത്തിന്റെ നേതൃത്വം അന്റോയിൽ അർനൗൾഡ് ഏറ്റെടുത്തു. 17-18 നൂറ്റാണ്ടുകളിലത്രയും ജൻസനിസം കത്തോലിക്കാസഭക്കുള്ളിൽ ഒരു വ്യതിരിക്ത മുന്നേറ്റമായി നിലനിന്നു. ഇതിന്റെ ദൈവശാസ്ത്രപരമായ കേന്ദ്രം, ജീൻ ദു വെർഗിയർ, പിയറെ നിക്കോൾ, ബ്ലെയിസ് പാസ്കൽ, ജീൻ റസീൻ എന്നിവരുൾപ്പെടെയുള്ള ചിന്തകരുടെ അഭയകേന്ദ്രമായിരുന്ന പാരീസിലെ പോർട്ട് റോയൽ ആശ്രമം ആയിരുന്നു.[3]
പാസ്കലിന്റെ ധിഷണയുടേയും രചനാപാടവത്തിന്റേയും പിൻബലം ജൻസനിസത്തിന്റെ വളർച്ചയെ ഏറെ സഹായിച്ചു. "പ്രാദേശികലിഖിതങ്ങൾ" (Provincial Letters) എന്ന വിഖ്യാത ലേഖനപരമ്പരയിൽ പാസ്കൽ, ജൻസനിസ്റ്റ് സിദ്ധാന്തങ്ങളെ ന്യായീകരിക്കാനും വ്യവസ്ഥാപിത കത്തോലിക്കാ ധാർമ്മികതയുടെ മുഖ്യവക്താക്കളും പ്രയോക്താക്കളുമായിരുന്ന ഈശോസഭക്കാരെ പരിഹസിക്കാനും തന്റെ തൂലികയുടെ ശക്തി മുഴുവൻ ഉപയോഗിച്ചു. ഫ്രെഞ്ചു സാഹിത്യത്തിലേയും ദർശനത്തിലേയും നായകശില്പങ്ങളിൽ ഒന്നെന്ന് ആ രചന വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[2]
എതിർപ്പുകൾ
[തിരുത്തുക]കത്തോലിക്കാ സഭയുടെ അധികാരശ്രേണിയിൽ ഒട്ടേറെപ്പേർ ജൻസനിസ്റ്റുകളെ എതിർത്തു. അവരുടെ എതിരാളികളിൽ പ്രധാനികൾ ഈശോസഭക്കാരായിരുന്നു. ഹിപ്പോയിലെ ആഗസ്തീനോസിന്റെ ആദർശങ്ങൾ പിന്തുടരുന്നവരായി ജൻസനിസ്റ്റുകൾ സ്വയം വിശേഷിപ്പിച്ചപ്പോൾ, പ്രൊട്ടസ്റ്റന്റ് ക്രിസ്തീയതയിലെ കാൽവിനിസ്റ്റ് ധാരയുമായി സാമ്യം ആരോപിക്കപ്പെട്ട അവരുടെ നിലപാടുകളെ വേർതിരിച്ചുകാട്ടാൻ 'ജൻസനിസം' എന്ന വിശേഷണം അവതരിപ്പിച്ചത് ഈശോസഭക്കാരാണ്.[4] 1653-ൽ ഇന്നസെന്റ് പത്താമൻ മാർപ്പാപ്പ, "കും ഒക്കേസിയോൺ" എന്ന ലിഖിതത്തിൽ, ജൻസനിസത്തിന്റെ അഞ്ചു മുഖ്യസിദ്ധാന്തങ്ങളെ 'വേദവിപരീതം'(heresy) ആയി ശപിച്ഛു. മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യവും ദൈവകൃപയുടെ ആവശ്യകതയും തമ്മിലുള്ള ബന്ധത്തിന്റെ വിഷയത്തിലെ അവരുടെ നിലപാടായിരുന്നു ഇങ്ങനെ ശപിക്കപ്പെട്ട സിദ്ധാന്തങ്ങളിൽ മുഖ്യം. ആഗസ്തീനോസിന്റെ പ്രബോധനം ഈശോസഭാചിന്തയുമായി ചേർന്നു പോകാത്ത ഒരു മേഖലയായിരുന്നു അത്.[4]
അന്ത്യം
[തിരുത്തുക]മനുഷ്യകർമ്മങ്ങളുടെ പ്രയോജനരാഹിത്യത്തേയും ദൈവകൃപയുടെ പരമപ്രാധാന്യത്തേയും സംബന്ധിച്ച പ്രൊട്ടസ്റ്റന്റ് പ്രബോധനത്തോടുള്ള പ്രതികരണമായിരുന്നു കത്തോലിക്കാ പ്രതിനവീകരണവും അതിന്റെ ഭാഗമായ ത്രെന്തോസിലെ സൂനഹദോസും. മനുഷ്യസ്വാതന്ത്ര്യത്തിന്റെ പരമപ്രാധാന്യത്തെ ഉയർത്തിക്കാട്ടി ദൈവകൃപയുടെ ആവശ്യകതയെ അവഗണിച്ച ഈ സംരംഭങ്ങൾ, സഭയെ അഞ്ചാം നൂറ്റാണ്ടിലെ പെലേജിയൻ വേദവിരുദ്ധതയിലേക്കു തിരികെ കൊണ്ടുപോയി എന്നു ജൻസനിസ്റ്റുകൾ കരുതി.[1]
എങ്കിലും സ്വന്തം ആദർശങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ, ഇന്നസെന്റ് പത്താമൻ മാർപ്പാപ്പയുടെ ജൻസനിസ്റ്റു വിരുദ്ധപ്രഖ്യാപനത്തെ ഉൾക്കൊള്ളാൻ ജൻസനിസ്റ്റ് നേതൃത്വം ശ്രമിച്ചു. അതിനാൽ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ക്ലെമന്റ് ഒൻപതാം മാർപ്പാപ്പായുടെ ഭരണത്തിൽ ഈ നവീകരണമുന്നേറ്റത്തിന് സാമാന്യമായ സമാധാനം ലഭിച്ചു. എന്നാൽ പിന്നീടുണ്ടായ വിവാദങ്ങൾ, ഈ സ്ഥിതി മാറ്റി. 1713-ൽ ക്ലെമന്റ് പതിനൊന്നാമൻ മാർപ്പാപ്പ പുറപ്പെടുവിച്ച 'യൂണിജെനൈറ്റിസ്' എന്ന ലിഖിതം ജൻസനിസ്റ്റുകളോടുള്ള കത്തോലിക്കാ സഹിഷ്ണുതയുടെ അന്ത്യം കുറിച്ചു. തുടർന്ന് ഒരു മതമുന്നേറ്റമെന്ന നിലയിൽ ജൻസനിസം ക്രമേണ ഇല്ലാതായി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ബ്രിട്ടാണിക്കാ വിജ്ഞാനകോശം, ജൻസനിസം
- ↑ 2.0 2.1 ലൂയി 14-ആമന്റെ യുഗം, സംസ്കാരത്തിന്റെ കഥ എട്ടാം ഭാഗം, വിൽ-ഏരിയൽ ഡുറാന്റുമാർ (പുറങ്ങൾ 54-55)
- ↑ ജൻസേനിയസും ജൻസനിസവും, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
- ↑ 4.0 4.1 Vincent Carraud (author of Pascal et la philosophie, PUF, 1992), Le jansénisme Archived 2008-11-11 at the Wayback Machine, Société des Amis de Port-Royal, on-line since June 2007 (in French)