സ്വാതിതിരുനാൾ രാമവർമ്മ
ശ്രീപദ്മനാഭ ദാസ വഞ്ചിബാല രാമവർമ്മ കുലശേഖര കിരീടപതി ശ്രീ സ്വാതി തിരുനാൾ രാമവർമ്മ
സ്വാതി തിരുനാൾ രാമവർമ്മ (ചോതി തിരുനാൾ വലിയ തമ്പുരാൻ) | |
---|---|
തിരുവിതാംകൂർ മഹാരാജാവ്, ദക്ഷിണ ഭോജൻ, തൃപ്പാപ്പൂർ മൂത്ത തിരുവടി | |
ഭരണകാലം | 1813-1847 |
സ്ഥാനാരോഹണം | 1813 |
അധികാരദാനം | 1829 |
പൂർണ്ണനാമം | ശ്രീപദ്മനാഭദാസ ശ്രീസ്വാതി വഞ്ചിപാല രാമവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാമരാജ ബഹദൂർ ഷംഷേർ ജന്ഗ്, തിരുവിതാംകൂർ മഹാരാജാവ് |
പദവികൾ | തിരുവിതാംകൂർ വലിയതമ്പുരാൻ, തൃപ്പാപൂർ മൂപ്പൻ, |
ജനനം | ഏപ്രിൽ 16, 1813 |
ജന്മസ്ഥലം | തിരുവനന്തപുരം |
മരണം | ഡിസംബർ 25, 1846 | (പ്രായം 33)
മരണസ്ഥലം | തിരുവനന്തപുരം |
മുൻഗാമി | ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി |
പിൻഗാമി | ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ |
രാജ്ഞി | ഇല്ല |
ജീവിതപങ്കാളി | തിരുവട്ടാർ അമ്മവീട് ആയികുട്ടി പാനപ്പിള്ള നാരായണിപിള്ള അമ്മച്ചി |
അനന്തരവകാശികൾ | ചിത്തിര നാൾ അനന്തപദ്മനാഭൻ ചെമ്പകരാമൻ തമ്പി |
രാജകൊട്ടാരം | കുതിര മാളിക |
രാജവംശം | കുലശേഖര |
രാജകീർത്തനം | വഞ്ചീശ മംഗളം |
ആപ്തവാക്യം | ധർമ്മോസ്മത് കുലദൈവതം |
പിതാവ് | പരപ്പനാട്ട് രാജരാജ വർമ്മ വലിയ കോയിത്തമ്പുരാൻ, ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം |
മാതാവ് | റാണി ഗൗരി ലക്ഷ്മി ബായി |
മക്കൾ | ചിത്തിര നാൾ അനന്തപദ്മനാഭൻ ചെമ്പകരാമൻ തമ്പി |
മതവിശ്വാസം | ഹിന്ദു, ക്ഷത്രിയ |
പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവാണ് സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ടാണ് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചത്. ഈ പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. തിരുവിതാംകൂറിൽ പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതി തിരുനാളിന്റെ നേതൃത്വമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീകൃത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.[3] കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻതമ്പി, കിളിമാനൂർ രാജരാജ കോയിതമ്പുരാൻ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു.[4]
ജനനം
[തിരുത്തുക]ജനനത്തോടുകൂടി തന്നെ രാജപക്ക് അവകാശിയായിരുന്നു ഈ മഹാരാജാവ്. വിശേഷ പരിതഃസ്ഥിതിയിലായിരുന്നു സ്വാതിതിരുനാളിന്റെ ജന്മം. തിരുവിതാംകൂർ രാജാവ് ബാലരാമവർമ അന്തരിച്ചതോടെ, മറ്റ് പുരുഷ സന്താനങ്ങൾ അധികാരസ്ഥാനത്തിനില്ലാഞ്ഞതിനാൽ സമീപഭാവിയിൽ ഒരു രാജാവുണ്ടാകാനുള്ള സാദ്ധ്യത നഷ്ടപ്പെട്ടിരുന്നു. അ���ുമൂലം ബ്രിട്ടീഷ് ഗവണ്മെന്റ് രാജ്യം കൈവശപ്പെടുത്തുമോ എന്നുള്ള ആശങ്കയുണ്ടായിരുന്നു. മഹാറാണി ഗർഭം ധരിക്കുന്നതിനും ഈശ്വരാനുഗ്രഹം ഉണ്ടാകുന്നതിനും നാടൊട്ടുക്ക് പ്രാർത്ഥനകളും വഴിപാടുകളും നടന്നു. അതിനെത്തുടർന്ന് പിതാവ് വലിയ കോയിത്തമ്പുരാൻ പുത്രലാഭത്തിനായി ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിന്റെ അടുത്ത് സന്താനഗോപാലമൂർത്തിയ്ക്കുവേണ്ടി ക്ഷേത്രം പണിതുയർത്തുകയുണ്ടായി.[5]. 1813 ഏപ്രിൽ 16 ന് (കൊല്ല വർഷം 988 മേടം 5) റീജന്റ് ഗൗരിലക്ഷ്മീബായിയുടേയും, (ഭരണകാലം 1811-1815) ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ രാജരാജവർമ കോയിത്തമ്പുരന്റെയും ദ്വിതീയസന്താനമായി സ്വാതിതിരുനാൾ ജനിച്ചു. റാണിയുടെ ആദ്യസന്താനം രുഗ്മിണീബായിയും (ജനനം 1809), തൃതീയ സന്താനം ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയും (ജനനം. 1814; ഭരണകാലം:1846-1860) [6] ഗർഭധാരണം മുതൽക്ക് തന്നെ ജനങ്ങൾ അദ്ദേഹത്തെ രാജാവായി കണ്ടു. അങ്ങനെ ‘ഗർഭശ്രീമാൻ’ എന്ന്വിfoollrfreftehefgtruetguoejtgejtgtgetyryശേഷിപ്പിക്കുന്നു.[7]
ബാല്യം
[തിരുത്തുക]അനുജൻ ഉത്രം തിരുനാൾ ജനിച്ച് ഏതാനും നാളുകൾക്കകം മാതാവ് ഗൗരിലക്ഷ്മീബായിത്തമ്പുരാട്ടി അന്തരിച്ചു. പിന്നീട് ഇളയമ്മ ഗൗരിപാർവ്വതീബായിയുടേയും, അച്ഛൻ തമ്പുരാന്റേയും സംരക്ഷണത്തിൽ വളർന്നു. സ്വാതി- തിരുനാളിന് ഏഴും അനിയൻ ഉത്രം തിരുനാളിന് അഞ്ചും വയസ്സായപ്പോൾ അവരുടെ വിദ്യാഭ്യാസത്തിനായി അമ്പലപ്പുഴ രാമവർമ്മൻ എന്നൊരാളെ നിയമിച്ചു. മലയാളവും സംസ്കൃതവും പഠിച്ചുകൊണ്ട് വിദ്യാഭ്യാസം ആരംഭിച്ചു (994 ഇടവം 15). പിന്നീട് ഹരിപ്പാട് കിഴക്കേടത്ത് കൊച്ചുപിള്ള വാര്യർ എന്ന ശങ്കരവാര്യർ എന്ന വിദ്വാനെ വിദ്യാഭ്യാസച്ചുമതല ഏല്പിച്ചു.സ്വാതി മഹാരാജാവിന് ഏറെ ബഹുമാനം ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു വാര്യരാശാൻ. ആശാനെ, വിദ്വൽ- സദസ്സിലെ അംഗമായി മഹാരാജാവ് അവരോധിച്ചു. കണക്കിലുമുള്ള പ്രഥമ പാഠങ്ങൾ വശപ്പെടുത്തുന്ന കാലത്ത് തന്നെ സ്വാതി തിരുനാൾ അസാമാന്യമായ ബുദ്ധിപ്രഭാവം പ്രദർശിപ്പിച്ചുവത്രേ. അതിനുശേഷം രാജകുമാരന്മാരുടെ അദ്ധ്യാപനം അവരുടെ അച്ഛനും മഹാപണ്ഡിതനുമായിരുന്ന രാജരാജവർമ്മ കോയിത്തമ്പുരാൻ തന്നെ നേരിട്ട് നടത്തിത്തുടങ്ങി. അക്കാലത്ത് ഭാരതഖണ്ഡം ബ്രിട്ടീഷ് ആധിപത്യത്തിൽ അമരുകയായിരുന്നു. അതുകൊണ്ട് രാജകുമാരന്മാർ ഇംഗ്ലീഷ് ഭാഷയും അഭ്യസിച്ചു. മഹാരാജാക്കന്മാർ ഭാരതത്തിന്റെ നാനാഭാഗങ്ങളുമായി പരസ്പരബന്ധം പുലർത്തുന്നതിനായി പ്രധാന ഭാരതീയഭാഷകൾ മനസ്സിലാക്കണം എന്നായിരുന്നു അക്കാലത്തെ പാരമ്പര്യം. സ്വാതി തിരുനാളിനെ ഇംഗ്ലീഷ് പഠിപ്പിക്കാൻ റസിഡന്റ് കേണൽ മണ്‌റോ തിരഞ്ഞെടുത്തത് തഞ്ചാവൂർക്കാരനായ പണ്ഡിതൻ സുബ്ബരായരെ ആയിരുന്നു. പാഴ്സി ഭാഷ പഠിപ്പിച്ചത് ചെന്നൈ പട്ടണത്തിൽ നിന്നു വന്ന സയ്യദ് മൊയ്തീൻ സായു ആയിരുന്നു. ബാല്യത്തിലേ തന്നെ സ്വാതിതിരുനാളിനെ കൊട്ടാരം ഭാഗവതന്മാർ സംഗീതം അഭ്യസിപ്പിച്ചിരുന്നു. അവരിൽ പ്രമുഖൻ കരമന സുബ്രഹ്മണ്യഭാഗവതർ എന്ന പണ്ഡിതനായിരുന്നു. അനന്തപത്മനാഭഗോസ്വാമി അഥവാ മേരുസ്വാമി സ്വതിതിരുനാളിന്റെ കഴിവുകളെ തേച്ചുമിനുക്കി.[8] സംഗീതം, സാഹിത്യം എന്നിവയിൽ മാത്രമല്ല, ചിത്രമെഴുത്തിലും സ്വാതി തിരുനാൾ താല്പര്യം പ്രദർശിപ്പിച്ചിരുന്നു.[9]
യൗവനം
[തിരുത്തുക]പ്രായപൂർത്തിയായതോടുകൂടി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. സംസ്കൃതം, ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദുസ്ഥാനി, മറാഠി, തെലുങ്ക്, കന്നടം, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നല്ല പാണ്ഡിത്യം അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. പതിനാറാമത്തെ വയസ്സിൽ ഔപചാരികമായി സിംഹാസനാരോഹണം ചെയ്ത് റീജന്റ് റാണിയിൽ നിന്നും അധികാരമേറ്റ അദ്ദേഹം, കൊല്ലവർഷം 1004 മേടം പത്താം തീയതി (ഏപ്രിൽ 21, 1829)യാണ് നേരിട്ടുള്ള ഭരണം തുടങ്ങിയത്. നന്നേ ചെറുപ്പമായിരുന്നെങ്കിലും കാര്യക്ഷമമായി ചുമതലകൾ നിർവഹിക്കുന്നതിനുള്ള അഭിരുചി അദ്ദേഹത്തിനുണ്ടായിരുന്നു. യുവരാജാവിന് ഭരണകാര്യങ്ങളിൽ ഉപദേശം നൽകുന്നതിനായി ഏറ്റവും വിശ്വസ്തരായ ആളുകൾ കൊട്ടാരത്തിനകത്തും പുറത്തും ഉണ്ടായിരുന്നു. റസിഡന്റായിരുന്ന കേണൽ സി.ബി. മോറിസൺ മഹാരാജാവിനെ പരിപൂർണ്ണമായി പിന്താങ്ങിയിരുന്നു.
ഭരണം
[തിരുത്തുക]സ്ഥാനാരോഹണം കഴിഞ്ഞ് തന്റെ മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത്. തന്റെ ഗുരുനാഥൻ സുബ്ബറാവുവിന്റെ കഴിവിലും അറിവിലും അപാരമായ വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ദിവാനായി നിയമിക്കണമെന്ന് കരുതി. എന്നാൽ പ്രസിദ്ധനും മിടുക്കനുമായിരുന്ന ദിവാൻ വെങ്കിട്ടറാവുവിന്റെ സേവനം അവസാനിപ്പിച്ച് അദ്ദേഹത്തെ പിരിച്ചയക്കുന്നതിൽ തന്റെ പിതാവിനും റീജന്റായിരുന്ന ചിറ്റമ്മയ്ക്കും റസിഡന്റിനും വൈമുഖ്യമായിരുന്നു. ഇതു സംബന്ധമായുള്ള തർക്കം ആറുമാസത്തോളം നീണ്ടു. ഈ കാലയളവിൽ റസിഡന്റ് കേണൽ മോറിസൺ ആ പദവിയിൽ നിന്നും പിൻവലിക്കപ്പെട്ടു. തുടർന്ന് ദിവാൻ വെങ്കിട്ടറാവു തന്റെ രാജി സമർപ്പിക്കുകയും ചെയ്തു. ഇതു കഴിഞ്ഞ് 2 മാസത്തിനു ശേഷം (1830 ആദ്യം) ഒഴിവു വന്ന ദിവാൻ സ്ഥാനത്തേക്ക് സുബ്ബറാവു നിയമിതനായി. വളരെക്കാലമായി കൊല്ലത്ത് നടന്നുകൊണ്ടിരുന്ന ഹജൂർ കച്ചേരിയും മറ്റു പൊതു കാര്യാലയങ്ങളും മഹാരാജാവിന്റെ ആസ്ഥാനത്തിനടുത്തായി തിരുവനന്തപുരം കോട്ടയ്ക്കകത്ത് മാറ്റി സ്ഥാപിച്ചു.[10] ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഗുണമറിഞ്ഞ സ്വാതി തിരുനാൾ തന്റെ പ്രജകൾക്കും അത് ലഭിക്കാൻ വേണ്ടി പുതിയ വിദ്യാഭ്യാസസമ്പ്രദായം നടപ്പിലാക്കി. 1834-ൽ അദ്ദേഹം തിരുവനന്തപുരത്ത് ആദ്യ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു. 1836-ൽ ആ സ്ഥാപനത്തെ സൗജന്യമായി നടത്തുന്ന സർക്കാർ വിദ്യാലയമാക്കി മാറ്റി. ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിന്റെ തുടക്കമാണിത്[8]. പിന്നീട് ജില്ലയിൽ പല സ്ഥലത്തും വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു. തന്റെ രാജ്യം ശാസ്ത്രീയാന്വേഷണരംഗത്ത് യൂറോപ്യൻ രാഷ്ട്രങ്ങൾക്കൊപ്പം പങ്കെടുക്കണമെന്നാഗ്രഹിച്ച സ്വാതി- തിരുനാൾ 1837-ൽ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. കൊട്ടാരത്തിൽ ഇംഗ്ലീഷ് ഭിഷഗ്വരനെ നിയമിച്ചതിന്റെ ഫലമായി ഇംഗ്ലീഷ് ചികിത്സാരീതിയുടെ ഗുണമറിഞ്ഞ അദ്ദേഹം ആ സൗകര്യം പ്രജകൾക്കും ലഭിക്കുവാൻ വേണ്ടി കൊട്ടാരം ഭിഷഗ്വരന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരത്ത് ഒരു സൗജന്യ ആശുപത്രി തുടങ്ങാൻ ഉത്തരവിട്ടു. പാശ്ചാത്യ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം മനസ്സിലാക്കിയ അദ്ദേഹം റസിഡന്റായിരുന്ന കേണൽ ഫ്രെയ്സറുമായി ആലോചിച്ച് ഒരു എഞ്ചിനീയറിംഗ് വകുപ്പ് സ്ഥാപിക്കുവാൻ കല്പിച്ചു. നാഞ്ചിനാട്ടെയും തിരുവനന്തപുരത്തെയും ജലസേചനജോലികളും മറ്റ് പ്രധാന ജോലികളും ഈ വകുപ്പിനെ ഏല്പിച്ചു. നാഞ്ചിനാട്ടിൽ ഒരു ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിക്കുകയും ഒരു സൂപ്രണ്ടിനെ നിയമിക്കുകയും ചെയ്തു. വാനനിരീക്ഷണകേന്ദ്രത്തിനു സമീപം ഒരു അച്ചടിശാല തുടങ്ങുകയും ഒരു 'കല്ലച്ച്' സ്ഥാപിക്കുകയും പിന്നീട് അത് മാറ്റി ഒരു പ്രസ്സ് ഇംഗ്ലണ്ടിൽ നിന്ന് വരുത്തുകയും അത് സ്ഥാപിച്ച് അച്ചടി വകുപ്പ് പുതിയതായി ആരംഭിക്കുകയും ചെയ്തു. 1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി (കൊല്ലവർഷം 1015-ലെ കലണ്ടർ). സെൻസസ് 1836 -ൽ തുടങ്ങിയത് അദ്ദേഹമാണ്. പബ്ലിക് ലൈബ്രറി തുടങ്ങി. എല്ലാജില്ലകളിലും മുനിസിഫ് കോടതികൾ തുടങ്ങി. കോട്ടയ്ക്കകത്ത് വലിയ 'ഗോശാല' നിർമ്മിച്ചു. തിരുവന്തപുരത്ത് മൃഗശാല തുടങ്ങി. ഹജൂർ കച്ചേരി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിസ്ഥാപിച്ചു.[8] കൊട്ടാരങ്ങളും അമ്പലങ്ങളും മറ്റും നിർമ്മിക്കുവാനും അറ്റകുറ്റപ്പണികൾ നടത്തുവാനും വേണ്ടി ഒരു മരാമത്ത് വകുപ്പ് അദ്ദേഹം വളരെ വിപുലമായ തോതിൽ സംഘടിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ജീവിതം തിരുവിതാംകൂറിനു മാത്രമല്ല, ഇന്ത്യയ്ക്കാകെ തന്നെ അവിസ്മരണീയമായിരുന്നു. അനുഗ്രഹീതകലാകാരനായി വളർന്നു വന്ന സ്വാതി തിരുനാൾ മഹാരാജാവ് ഇന്ത്യൻ സംഗീതത്തിലെ അത്യുജ്ജ്വല ചൈതന്യമായി തീർന്നു. പക്ഷേ ആ ജീവിതം ഏകാന്തവും ദുഃഖതപ്തവുമായ ഒരു സമരമായിരുന്നു. ഭരണത്തിലേറി കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ മനസ്സ് ഇംഗ്ലീഷുകാരുടെ അധീശതാമോഹം കണ്ട് അസ്വസ്ഥമായി. രാജ്യഭാരത്തിന്റെ ഓരോ ദിവസവും മാനസികപീഡ നിറഞ്ഞതായിരുന്നു. ആ കലോപാസന, തന്റെ ഹൃദയവ്യഥകളിൽ നിന്നു രക്ഷനേടാനുള്ള ഒരു ഉപാധിയായി തീർന്നു അദ്ദേഹത്തിന്. ഇംഗ്ലീഷുകാർക്ക് അദ്ദേഹത്തോട് ഇഷ്ടക്കേടുണ്ടായിരുന്നു. സ്വന്തക്കാർക്കു പോലും അദ്ദേഹത്തിന്റെ മാനസിക സംഘർഷങ്ങൾ മുഴുവനും മനസ്സിലാക്കാൻ കഴിഞ്ഞില്ല. ബ്രിട്ടീഷ് സേവകരായ ഉദ്യോഗസ്ഥർ പോലും അദ്ദേഹത്തിനെതിരായ ഉപജാപങ്ങളിൽ പങ്കെടുത്തു. കൊട്ടാരം ഒരു അപൂർവ്വ കലാസങ്കേതമായി. സ്വന്തം വേദനകൾ ആത്മാവിലേക്കൊതുക്കിപ്പിടിച്ച് അദ്ദേഹം ഗാനങ്ങൾ രചിച്ച് അവയ്ക്ക് ഈണങ്ങൾ നൽകി. ഇന്ത്യയുടെ നാനാഭാഗത്തു നിന്നും തിരുവന്തപുരത്തെ കൊട്ടാരത്തിലേക്ക് കലാകാരന്മാരും കലാകാരികളും വിദ്വാന്മാരും വിദൂഷികളും വന്നുചേർന്നുകൊണ്ടേയിരുന്നു. മഹാരാജാവ് അവരുടെ രക്ഷിതാവും പ്രോത്സാഹകനുമായിത്തീർന്നു. മഹാരാജാവിന്റെ പ്രശസ്തിയും സ്വാധീനവും ബ്രിട്ടീഷ് അധികാരികൾക്ക് വിഷമതയുണ്ടാക്കി. അദ്ദേഹത്തെ നേരിട്ടെതിർക്കാൻ കഴിയാതെ അവർ ബുദ്ധിമുട്ടി. മഹാരാജാവാകട്ടെ ബ്രിട്ടീഷ് റസിഡന്റിനെ അഭിമുഖമായി കാണാൻ പോലും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ബഹുജനരംഗത്ത് നിന്നും പിൻവാങ്ങാൻ തുടങ്ങി. രാജ്യകാര്യങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു. കലയ്ക്കും കലാകാരന്മാർക്കും വേണ്ടി ഖജനാവ് ധൂർത്തടിക്കുന്നുവെന്നുള്ള പരാതി വ്യാപകമായി. ഇതിനൊപ്പം ഉറ്റ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മരണവും കൂടിയായപ്പോൾ അദ്ദേഹം തളർന്നുപോയി. ഒടുവിൽ തന്റെ 33-ആം വയസ്സിൽ അദ്ദേഹം നാടുനീങ്ങി.[11]
പ്രധാന സൃഷ്ടികൾ
[തിരുത്തുക]സർവ്വകലാവല്ലഭനായിരുന്ന സ്വാതിതിരുനാളിന്റെ കാലഘട്ടം കേരളീയ സംഗീതകലയുടെ സുവർണ്ണകാലമായി അറിയപ്പെടുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികൾ രചിച്ചിട്ടുണ്ട്.[12]. സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്. അഖണ്ഡഭാരതത്തിലെങ്ങുമുള്ള ഗായകരെയും വാഗ്ഗേയകന്മാരെയും അദ്ദേഹം തന്റെ കലാസദസ്സിലേയ്ക്കു ആകർഷിച്ചു. മുകളിൽ പരാമർശിച്ചിട്ടുള്ളവർ കൂടാതെ പാലക്കാട് പരമേശ്വരഭാഗവതർ, ഗ്വാളിയോർ ചിന്നദാസ്, ലാഹോറിലെ ഇമാം ഫക്കീർ, ഓധിലെ ഹരിദാസ് ഗോസ്വായി തുടങ്ങിയവരും സദസ്സിൽ അവരുടെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.[13] 'ഉത്സവപ്രബന്ധം' എന്ന പേരിലുള്ള തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തെ വർണ്ണിക്കുന്ന സംഗീതരചനകൾ കൂടാതെ ‘കുചേലോപാഖ്യാനം’ എന്ന ഹരികഥ എന്നിവ അദ്ദേഹത്തിന്റെ സുന്ദരങ്ങളായ രചനകളാണ്. സ്വാതിതിരുനാൾ മുന്നൂറിലധികം സംഗീതകൃതികൾ രചിച്ചിട്ടുണ്ട്. ഇതിനു പുറമേ അനേകം സാഹിത്യസൃഷ്ടികളും അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ സമുദായകൃതികൾ നവരാത്രി- കീർത്തനങ്ങൾ, നവവിധ ഭക്തി- കീർത്തനങ്ങൾ, ഘനരാഗകൃതികൾ മുതലായവയാണ്. ഇതുകൂടാതെ രാമായണകഥയെ ആസ്പദമാക്കിയുള്ള രണ്ട് കൃതികളും ഭാഗവതത്തെ ആസ്പദമാക്കി ഒരു കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്.[14].
കർണ്ണാടക സംഗീത കൃതികൾ
[തിരുത്തുക]കൃതികളുടെ രചനകളിൽ അദ്ദേഹം വൈവിദ്ധ്യം പുലർത്തിയിരുന്നു. ലാളിത്യമേറിയതും പ്രൌഡഗംഭീരങ്ങളുമായ കൃതികളുടെ രചയിതാവായിരുന്നു സ്വാതി തിരുനാൾ. അദ്ദേഹത്തിന്റെ ചില കൃതികൾ കർണ്ണാടകസംഗീത പിതാമഹനായ പുരന്ദരദാസിന്റെ കൃതികളോട് സമാനങ്ങളാണ്. (ഉദ്ദാ: പന്നഗശയന - പരശ് - ചാപ്പ് , കമലനയന - ഘണ്ട, പരിപാലയ - പന്തുവരാളി - രൂപകം)സദാശിവബ്രഹ്മേന്ദ്രരുടെ തത്ത്വചിന്താപരങ്ങളായ കൃതികളോടു കിടനിൽക്���ുന്ന കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട് (ഉദ്ദാ: കലയേ ശ്രീ കമല നയനചരണെ -ചെഞ്ചുരുട്ടി - രൂപകതാളം, സ്‌മരഹരി പാദാരവിന്ദം-ശ്യാമരാഗം- ആദിതാളം, കാരണം വിനാ കാര്യം -കാംബൊജി രാഗം മിശ്രചാപ്പു താളം). സ്വാതി തിരുനാൾ രചിച്ചിട്ടുള്ള വർണ്ണങ്ങൾ ഉന്നത സൃഷ്ടികളായി നിലകൊള്ളുന്നു. വർണ്ണങ്ങൾ നിർമ്മിക്കുന്നതിന് അഗാധപാണ്ഡിത്യം ആവശ്യമാണ്. ഈ ഗാനരൂപത്തിൽ രാഗത്തിന്റെ വിവിധ വശങ്ങളെ സന്തുലിതമായി പ്രകടിപ്പിക്കേണ്ടതുണ്ട്. താനവർണ്ണം, പദവർണ്ണം, അടതാളവർണ്ണം എന്നിങ്ങനെ വൈവിധ്യമേറിയ വർണ്ണങ്ങൾ സ്വാതിതിരുനാൾ രചിച്ചിട്ടൂണ്ട്. രൂപകം, ആദി, അട എന്നീ താളങ്ങളിൽ ഏകദേശം 23 വർണ്ണങ്ങൾ അദ്ദേഹം രചിച്ചിട്ടുള്ളതായി കാണാം. അദ്ദേഹത്തിന്റെ വർണ്ണങ്ങൾ പരിശോധിച്ചാൽ അദ്ദേഹത്തിന് നാട്യശാസ്ത്രത്തിലുണ്ടായിരുന്ന അഗാധപാണ്ഡിത്യം മനസ്സിലാകും. പല വർണ്ണങ്ങളിലും അടങ്ങിയിരിക്കുന്ന സ്വരങ്ങൾ ഭരതനാട്യത്തിലെ ജതിക്കനുസൃതമായാണദ്ദേഹം രചിച്ചിട്ടുള്ളത്. അദ്ദേഹം മോഹനകല്യാണി എന്ന രാഗത്തിലാണ് ആദ്യമായി കീർത്തനം രചിച്ചത് (സേവ്യ ശ്രികാന്തം വരദം - ആദിതാളം) മോഹിനിയാട്ട പദങ്ങളിൽ അനവധി എണ്ണം അദ്ദേഹം രചിച്ചതാണ്. കുറിഞ്ഞി രാഗത്തിലുള്ള അളിവേണി സുരുട്ടി രാഗത്തിലുള്ള അലർശരപരിതാപം തുടങ്ങിയവ വളരെ പ്രസിദ്ധമായ പദങ്ങളാണ്. [അവലംബം ആവശ്യമാണ്] തിരുവനന്തപുരം കൊട്ടാരത്തിലെ നവരാത്രി മണ്ഡപത്തിൽ സരസ്വതീപൂജയോടനുബന്ധിച്ച് സ്വാതിതിരുനാൾ കൃതികൾ ഒൻപതുദിവസങ്ങളിലായി ആലപിച്ചുവരുന്നു.
ദിവസം | കൃതി | രാഗം | താളം |
---|---|---|---|
1. | ദേവീ ജഗജ്ജനനീ | ശങ്കരാഭരണം | ചെമ്പട |
2. | പാഹിമാം ശ്രീ വാഗീശ്വരീ | കല്യാണി | ആദി |
3. | ദേവീ പാവനേ | സാവേരി | ആദി |
4. | ഭാരതി മാമവ | തോടി | ആദി |
5. | ജനനി മാമവ | ഭൈരവി | ത്രിപുട |
6. | സരോരുഹാസന ജായേ | പന്തുവരാളി | ആദി |
7. | ജനനി പാഹി | ശുദ്ധസാവേരി | ത്രിപുട |
8. | പാഹി ജനനി | നാട്ടക്കുറുഞ്ഞി | ത്രിപുട |
9. | പാഹി പർവതനന്ദിനി | ആരഭി | ആദി |
ഹിന്ദുസ്ഥാനി സംഗീത കൃതികൾ
[തിരുത്തുക]സ്വാതി തിരുനാളും ഹിന്ദുസ്ഥാനി സംഗീതവുമായുള്ള ബന്ധത്തിനെ സഹായിച്ച അനേകം ഘടകങ്ങളുണ്ട്. അദ്ദേഹം തന്റെ രാജസദസ്സിൽ അനേകം കർണ്ണാടക സംഗീതവിദ്വാന്മാരെയെന്നപോലെ ഹിന്ദുസ്ഥാനി സംഗീതത്തിൽ പ്രവീണരായവരെയും അംഗങ്ങളാക്കിയിരുന്നു. അവരിൽ ചിലരായിരുന്നു ഉസ്താദ് അലാവുദ്ദീൻ ഖാൻ, പഞ്ചാബിൽ നിന്നുള്ള രാമാർജ്ജുൻ, ബംഗാളിൽ നിന്നുള്ള ഹരിദാസ്, ബനാറസിൽ നിന്നുള്ള വാസുദേവശാസ്തി എന്നിവർ. ഇവരിൽ നിന്നും അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതരൂപങ്ങളായ ദ്രുപദ്, ഖ്യാൽ, ഇമ്രി, തപ്പ, ഭജൻ എന്നിവ അഭ്യസിച്ചു. ദക്ഷിണേന്ത്യൻ കൃതികർത്താക്കളിൽ ആദ്യമായി ഹിന്ദുസ്ഥാനി കൈകാര്യം ചെയ്തതും സ്വാതി തിരുനാളാണ്. ഏതാണ്ട് 37 കൃതികൾ അദ്ദേഹം ഈ സമ്പ്രദായത്തിൽ രചിച്ചിട്ടുണ്ട്. ചിലത് ഈശ്വരനെ പുകഴ്ത്തിക്കൊണ്ടുള്ളതും ചിലത് ഒരു ശ്ര്യംഗാരപരമായ ഛായ നൽകിക്കൊണ്ടുള്ളതുമാണ്.
അദ്ദേഹത്തിന്റെ പ്രധാന ഹിന്ദുസ്ഥാനി കൃതികൾ താഴെ പറയുന്നവയാൺ:
ക്രനം | കൃതി | രാഗം | താളം |
---|---|---|---|
1. | അബധ സുഖഭായി | കാഫി രാഗം | ആദിതാളം |
2. | അബ് തോ ബൈരാഗിൻ | ഖമാജ് | ആദി |
3. | ആജ് ആയേ പാച് മോഹൻ | യമൻ കല്യാണി | അട |
4. | ആജ് ഉനിം ദേ ചലേ | ബിഭാസ് | ചൌതാർ |
5. | ആൻ മിലോ മെഹബൂബ് | ഭൈരവി | ആദി |
6. | ആയേ ഗിരിധർ | ഭൈരവി | ആദി |
7. | ആളി മേം തോ ജമുനാ | പൂർവി | അട |
8. | ഉഠോ സുനിയേ മേരി സന്ദേശ് | പൂർവി | ചൌതാർ |
9. | കരുണാനിധാന കുഞ്ച് കേ ബിഹാരി | ഹമീർ കല്പാ | ചൌതാർ |
10. | കാന്ഹാ കബ് ഘർ | ബേഹാഗ് | ആദി |
11. | കൃഷ്ണാ ചന്ദ്ര രാധാ | ഭൈരവി | ആദി |
12. | കാൻഹാ നേ ബജായീ ബാസുരി | ത്ധിം ത്ധോടി | ആദി |
13. | ഗാഫിൽ ഭയിലോ | ത്ധിം ത്ധോടി | ആദി |
14. | ഗോരീ ഉത് മാരോ | ത്ധിം ത്ധോടി | ആദി |
15. | ജയ ജയ ദേവീ | യമൻ കല്യാണി | അട |
16. | ജാവോ മത് തും | കാഫി | ആദി |
17. | ദേവൻ കേ പതി ഇന്ദ്ര | കന്നട | ചൌതാർ |
18. | നന്ദ നന്ദ പരമാനന്ദ | ധദ്വാസി | ചൌതാർ |
19. | അചേ രഘുനാഥ് രംഗ് | ധദ്വാസി | ബിലന്ദി |
20. | ബജതാ ബധാ | ഗദരീ | ആദി |
21. | ബ്രജ കീ ഛവി | ബെഹാഗ് | ചൌതാർ |
22. | ഭജൌ ലോപിയാ ചാന്ദ്നി | സുർ ദീ | ആദി |
23. | മഹിപാല പ്യാരേ | പൂർവ്വി | ചൌതാർ |
24. | ചലിയേ കുഞ്ജനമോ തും | വൃന്ദാവന സാരംഗ | ദ്രുപദ് |
ഹിന്ദിയിലെ വ്രജഭാഷയായ ഘടിബോലിയിലാണ് കൃതികൾ രചിച്ചിരിക്കുന്നത്. മീര, കബീർഭാസ്, തുളസീദാസ് എന്നീ ഭക്തകവികളെപ്പോലെ വൈഷ്ണവഭക്തിയിൽ - അതിന്റെ സമീപനം ഏത് രീതിയിലായാലും- തുടിച്ചു നിൽക്കുന്നവയാണ് സ്വാതി- തിരുനാൾ കൃതികൾ.[15].
മരണം
[തിരുത്തുക]സ്വാതിതിരുനാളിന്റെ അസുഖകാരണങ്ങൾ ചരിത്രതാളുകളിൽ അധികം വിശദമായി കാണുന്നില്ല. പക്ഷെ അദ്ദേഹം തന്റെ അവസാന നാളുകളിൽ കൂടുതലും മനക്ലേശത്താൽ ദുഖിതനായിരുന്നതായി പറയുന്നുണ്ട്. പ്രസിദ്ധ ആതുരസേവകനായ ഡോ. കെ. രാമചന്ദ്രൻ നായരുടെ അഭിപ്രായത്തിൽ അദ്ദേഹം മരണപ്പെട്ടത് മസ്തിഷ്ക രക്തസ്രാവം മൂലമാണ്[16]. ഈസ്റ്റ് ഇൻഡ്യാ കമ്പനിയും ബ്രിട്ടീഷ് റസിഡന്റ് കല്ലനും തന്റെ ഭരണത്തിൽ ഇടപെടുന്നതും, ദിവാൻ പേഷ്കാർ ആയിരുന്ന കൃഷ്ണ റാവുവിനു റസിഡന്റ് കല്ലനോടുണ്ടായിരുന്ന ബന്ധവും സ്വാതിതിരുനാളിനു ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. മഹാരാജാവ് ചില അവസരങ്ങളിൽ ദിവാൻ കൃഷ്ണറാവുവിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് താക്കീത് കൊടുത്തിട്ടുണ്ട് [16]. തന്റെ ഏക സഹോദരിയായിരുന്ന രുക്മിണി ബായി തമ്പുരാട്ടിയുടെ അകാല വിയോഗദുഃഖം മാറും മുൻപേയുണ്ടായ, അച്ഛൻ രാജരാജവർമ്മ വലിയ കോയി തമ്പുരാന്റേയും, ഭാര്യ നാരായണിയുടെയും മകൻ അനന്തപത്മനാഭന്റെയും സംഗീതജ്ഞന്മാരായിരുന്ന വടിവേലുവിന്റെയും നട്ടുവിന്റെയും മരണം അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. ബ്രിട്ടീഷ്കാർക്ക് സ്വന്തം ഉദ്യോഗസ്ഥർ സ്തുതിപാഠകരായി മാറുന്നതും അവരുടെ ദുഷ്പ്രവൃത്തിയിലും മനംമടുത്ത മഹാരാജാവ് ദൈനംദിന ഭരണകാര്യങ്ങളിൽ ശ്രദ്ധവെയ്ക്കാതെയായി. മരണം വരിക്കാനെന്നപോലെ ആഹാരം കഴിക്കാൻ വിസമ്മതിച്ചും തന്റെ അസുഖങ്ങൾ മറച്ചുവെച്ചും ഇളയരാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയെ പോലും കാണാൻ വിസമ്മതിച്ചും ജീവിതത്തിന്റെ അന്ത്യവർഷങ്ങൾ അദ്ദേഹം കഴിച്ചുകൂട്ടി. 1846-ലെ ക്രിസ്മസ് ദിനത്തിൽ വെളുപ്പിനു മൂന്നു മണിക്ക് 33-ആം വയസ്സിൽ അദ്ദേഹം നാടുനീങ്ങി [16]. അദ്ദേഹത്തിന്റെ കാലശേഷം അനുജൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിന്റെ മഹാരാജാവായി.[17].
കൂടുതൽ
[തിരുത്തുക]1829-ൽ സ്വാതിതിരുനാൾ ഭരണമേറ്റപ്പോൾ വെങ്കിട്ടറാവുവിനെ മാറ്റി സുബ്ബറാവുവിനെ നിയമിക്കാൻ മഹാരാജാവ് ശ്രമിച്ചെങ്കിലും റസിഡണ്ട് മോറിസൺ എതിർത്തതുകൊണ്ട് അത് നടന്നില്ല. എന്നാൽ അടുത്തവർഷം തന്നെ മോറിസൺ സ്ഥാനമൊഴിയേണ്ടി വന്നു. ഉടനെ സുബ്ബറാവു ദിവാനായി നിയമിതനായി.
ജനറൽ കല്ലൻ
[തിരുത്തുക]മൺറോയുടെ കാലത്തും അതിനുശേഷവും ത്രിമൂർത്തി ഭരണമാണ് തിരുവിതാംകൂറിൽ നടപ്പിലായത്. മഹാറാണി അല്ലെങ്കിൽ മഹാരാജാവ്, ദിവാൻ എന്നിവരായിരുന്നു. ബ്രിട്ടിഷിന്ത്യയിൽ യഥാകാലങ്ങളിൽ നടപ്പിലാക്കിയ സാമൂഹികവും ഭരണപരവുമായ പരിഷ്കാരങ്ങൾ തിരുവിതാംകൂറിലും നടപ്പിലാക്കി. വേലുത്തമ്പിയുടെ കലാപത്തിനുശേഷം തിരുവിതാംകൂർ പട്ടാളത്തെ മുഴുവൻ പിരിച്ചുവിട്ടെങ്കിലും 700 പേരടങ്ങുന്ന ഒരു കുപ്പിണിയെ നിലനിർത്തിയിരുന്നു. 1817-ൽ മൺറോയുടെ ശുപാർശപ്രകാരം പട്ടാളത്തെ വിപുലീകരിച്ച് 2000 ഭടന്മാരെ നിയോഗിച്ചു. ബ്രിട്ടിഷ് ഓഫീസർമാരുടെ കീഴിൽ അതിനെ സുസജ്ജമാക്കി. ആഭ്യന്തര സമാധാനപാലനത്തിന് നായർ ബ്രിഗേഡ് മതിയെന്നു കണ്ടതിനാൽ ആ വർഷം കൊല്ലത്തു നിന്ന് ബ്രിട്ടിഷ് സബ്സിഡിയറി സൈന്യത്തെ ��ന്ത്യാഗവൺമെന്റ് പിൻവലിച്ചു. അതോടുകൂടി അതിന്റെ കമാൻഡർ കൂടിയായ റസിഡണ്ടിന്റെ ആസ്ഥാനം തിരുവനന്തപുരത്തേയ്ക്കു മാറ്റി. 1805 മുതൽ ദിവാന്റെ ഓഫീസായ ഹജൂർകച്ചേരിയും കൊല്ലത്തുതന്നെ പ്രവർത്തിക്കുകയായിരുന്നു. സബ്സിഡിയറി സൈന്യത്തെ പിൻവലിക്കുകയും റസിഡണ്ടിന്റെ ഓഫീസ് തിരുവനന്തപുരത്താവുകയും ചെയ്തതിനെത്തുടർന്ന് ഹജൂർ കച്ചേരിയും തിരുവനന്തപുരത്തായി. അതുകൊണ്ട് ദൈനംദിന ഭരണത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ മഹാരാജാവിന് അവസരം കിട്ടി. എന്നാൽ 1840-ൽ റസിഡന്റായി വന്ന ജനറൽ കല്ലൻ പരുക്കൻ സ്വഭാവക്കാരനായിരുന്നു. ഭരണസംബന്ധമായ കാര്യങ്ങളിലും കല്ലൻ ഇടപെട്ടത് മഹാരാജാവിനും ഉദ്യോഗസ്ഥന്മാരിലും ജഡ്ജിമാരിൽപ്പോലും അസഹ്യതയുളവാക്കി.
കൃഷ്ണറാവു
[തിരുത്തുക]സുബ്ബറാവുവിനുശേഷം കൃഷ്ണറാവു ദിവാനായി നിയമിതനായി.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
- ↑ സ്വാതി തിരുനാൾ കേരളം കണ്ട പ്രതിഭാശാലി-മുഖ്യമന്ത്രി by Mathrubhumi http://www.mathrubhumi.com/online/malayalam/news/story/2231256/2013-04-17/kerala Archived 2013-04-18 at the Wayback Machine.
- ↑ "സകലകലാവല്ലഭൻ ഗർഭശ്രീമാന്റെ 199ആം ജന്മദിന വാർഷികം 15ന് ആയിരുന്നു". ReThinking.in. 19 Apr 2012. Archived from the original on 2012-05-05. Retrieved 31 മാർച്ച് 2014.
- ↑ "The temple that saved a kingdom" (in ഇംഗ്ലീഷ്). ദി ഹിന്ദു. Archived from the original (പത്രലേഖനം) on 2013 ഡിസംബർ 12. Retrieved 2013 ഡിസംബർ 12.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help) - ↑ ശ്രീ സ്വാതിതിരുനാൾ ജീവിതവും കൃതികളും, ഡോ. വി. എസ്. ശർമ, നാഷണൽ ബുക്സ്റ്റാൾ, കോട്ടയം, 1985
- ↑ ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി
- ↑ 8.0 8.1 8.2 മോഹനമായ രണ്ടു സംഗീതശതകങ്ങൾ, എൽ.ശാരദാതമ്പി- ജനപഥം മാസിക, ഏപ്രിൽ2013
- ↑ പത്മശ്രീ ശൂരനാട് കുഞ്ഞൻപിള്ള രചിച്ച “സ്വാതി തിരുനാൾ “ എന്ന ജീവചരിത്രഗന്ഥം ഗ്രന്ഥാലോകം സ്വാതി തിരുനാൾ പതിപ്പ് (1990 ഏപ്രിൽ ) പുന:പ്രസിദ്ധീകരിച്ചത്
- ↑ വൈക്കം ചന്ദ്രശേഖരൻ നായർ, ഗ്രന്ഥലോകം സ്വാതി തിരുനാൾ പതിപ്പ് 1990 ഏപ്രിൽ
- ↑ തിരുവിതാംകൂർ ചരിത്രം - പി.ശങ്കുണ്ണിമേനോൻ 1878
- ↑ കേരള സംസ്കാരം, എ. ശ്രീധരമേനോൻ, ഏടുകൾ. 121-122
- ↑ കേരള സംസ്കാര ദർശനം, പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ഏടുകൾ 284-285. കാഞ്ചനഗിരി ബുക്സ്, കിളിമാനൂർ. 695601
- ↑ ബി.സിന്ധു, ഗ്രന്ഥാലോകം - സ്വാതിതിരുനാൾ വിശേഷാൽ പതിപ്പ് , 1990
- ↑ ബി.അരുന്ധതി, ഗ്രന്ഥാലോകം - സ്വാതിതിരുനാൾ വിശേഷാൽ പതിപ്പ് 1990
- ↑ 16.0 16.1 16.2 ഡോ. അചുത്ശങ്കർ എസ്. നായർ. "The Demise of Swathi Thirunal: New Facts" (in ഇംഗ്ലീഷ്). സ്വാതിതിരുനാൾ. Archived from the original (പ്രമാണം) on 2013 ഡിസംബർ 12. Retrieved 2013 ഡിസംബർ 12.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help) - ↑ http://www.worldstatesmen.org/India_princes_K-W.html
സ്രോതസ്സുകൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിരുവിതാംകൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |