താസിയാൻ
രണ്ടാം നൂറ്റാണ്ടിലെ (ക്രി. വ. 120 - 180) ഒരു ക്രിസ്തീയലേഖകനും ദൈവശാസ്ത്രജ്ഞനുമായിരുന്നു താസിയാൻ.[1][2][3][4] നാലു കാനോനിക സുവിശേഷങ്ങളേയും സമന്വയിച്ച് പൊരുത്തപ്പെടുത്താൻ ശ്രമിക്കുന്ന ദയതെസെറൻ (Diatessaron) എന്ന പരാവർത്തന രചനയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതി. സുറിയാനി ഭാഷ സംസാരിക്കുന്ന ദേശങ്ങളിൽ ക്രിസ്തുവർഷം അഞ്ചാം നൂറ്റാണ്ടു വരെ ഇതായിരുന്നു കാനോനിക സുവിശേഷങ്ങളുടെ പ്രാമാണികപാഠം. അഞ്ചാം നൂറ്റാണ്ടിൽ, ബൈബിളിന്റെ സുറിയാനി പരിഭാഷയായ പെശീത്തയിലെ സുവിശേഷപാഠങ്ങൾ അതിന്റെ സ്ഥാനം കൈയ്യടക്കി.[5] ആദിമക്രിസ്തീയതയിലെ പ്രസിദ്ധനായ പക്ഷവാദി, രക്തസാക്ഷി ജസ്റ്റിന്റെ ശിഷ്യനായിരുന്നു തേഷൻ.
ജീവിതം
[തിരുത്തുക]തേഷന്റെ പശ്ചാത്തലത്തെക്കുറിച്ചറിയാൻ ആകെ ആശ്രയിക്കാനുള്ളത് "യവനർക്കുള്ള മറുപടി" (Oratio ad Graecos) എന്ന കൃതിയിൽ അദ്ദേഹത്തിന്റെ തന്നെ സാക്ഷ്യമാണ്. റോമാ സാമ്രാജ്യത്തിന്റേയും പാർത്തിയായുടെയും അതിർത്തിയിൽ ജനിച്ച അസീറിയാക്കാരൻ എന്നു അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു. പുരാവൃത്തത്തിലും, ചരിത്രത്തിലും, കാവ്യത്തിലും മറ്റുമായിരുന്നു തന്റെ വിദ്യാഭ്യാസം എന്നും അദ്ദേഹം പറയുന്നു. അന്ത്യോഖ്യവഴി റോമിലെത്തിയ അദ്ദേഹത്തിന് എബ്രായ ബൈബിൾ വായിച്ചതിനെ തുടന്ന് പേഗൻ മതത്തോടു മടുപ്പു തോന്നി. താമസിയാതെ തേഷൻ, രക്തസാക്ഷി ജസ്റ്റിൻ റോമിൽ നടത്തിയിരുന്ന പാഠശാലയിൽ വിദ്യാർത്ഥിയായി. ഗുരുവിനെ അദ്ദേഹം "ഏറ്റവും ബഹുമാന്യനായ ജസ്റ്റിൻ" എന്നു വിശേഷിപ്പിക്കുന്നു. ജസ്റ്റിന്റെ മരണത്തിനു ശേഷം വിശ്വാസത്തിലെ തീവ്രതാപസമാർഗ്ഗത്തിലേക്കു തിരിഞ്ഞ തേഷൻ, സഭയിലെ മുഖ്യധാരയിൽ നിന്ന് ക്രമേണ അകന്ന് ക്രി.വ. 172-നടുത്ത് സ്വദേശത്തേക്കു മടങ്ങിയതായി കരുതപ്പെടുന്നു. അസീറിയയിലെ, "യൂക്രേത്തീയർ" എന്ന തീവ്രതാപസ ക്രിസ്തീയവിഭാഗത്തിന്റെ സ്ഥാപകൻ തേഷൻ ആയിരുന്നെന്ന്, സഭാചരിത്രകാരൻ കേസറിയായിലെ യൂസീബിയസും സഭാപിതാവായ ജെറോമും മറ്റും കരുതി. മാസവർജ്ജനവും, സ്വകാര്യസ്വത്തിന്റെ തിരസ്കാരവും കുർബ്ബാനയിൽ വീഞ്ഞിനു പകരം വെള്ളം ഉപയോഗിക്കുന്നതും മറ്റും ഈ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായിരുന്നു. അസീറിയായിൽ ക്രി.വ. 185-നടുത്തായിരുന്നു തേഷന്റെ മരണം.[6][7]
രചനകൾ
[തിരുത്തുക]യവനർക്കുള്ള മറുപടി
[തിരുത്തുക]പേഗൻ ബൗദ്ധികലോകത്തിനു മുൻപിൽ ക്രിസ്തുമതത്തിന്റെ പക്ഷം വാദിക്കുന്ന "യവനർക്കുള്ള മറുപടി"(Oratio ad Graecos) എന്ന രചനയുടെ പേരിൽ തേഷൻ ഏറെ പുകഴ്ത്തപ്പെട്ടിട്ടുണ്ട്. പഴുതുകൾ നിറഞ്ഞ യുക്തിയുടേയും കെട്ടുറപ്പില്ലായ്മയുടേയും പേരിൽ വിമർശിക്കപ്പെട്ടിട്ടുള്ള ആ കൃതിയെ യൂസീബിയസ് തേഷന്റെ ഏറ്റവും മികച്ചതും ഉപകാരപ്രദവുമായ രചന എന്നു വിശേഷിപ്പിച്ചു. അതിൽ തേഷൻ, യവന ദാർശനികരുമായുള്ള താരതമ്യത്തിൽ യഹൂദരുടെ നിയമദാതാവായ മോശെയുടെ പൗരാണികതയും യഹൂദനിയമത്തിന്റെ മേന്മയും മറ്റും സ്ഥാപിക്കാൻ ശ്രമിച്ചു.[7]
ദയതെസെറൻ
[തിരുത്തുക]തേഷന്റെ ഏറ്റവും വിവാദപരവും ഈടുറ്റതുമായ സൃഷ്ടി ക്രിസ്തീയ ബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ കാനോനിക സുവിശേഷങ്ങൾ നാലിലുമുള്ള യേശുചരിതത്തേയും യേശുവചനങ്ങളേയും സമന്വയിച്ചും പൊരുത്തപ്പെടുത്തിയും എഴുതിയ ദയതെസെറൻ (Diatessaron) എന്ന കൃതിയാണ്. "ദയതെസെറൻ" എന്ന പേരിന് "(സുവിശേഷങ്ങൾ) നാലിലൂടെ" എന്നാണർത്ഥം. മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാൻ എന്നിവരുടെ പേരിൽ അറിയപ്പെടുന്ന നാലു സുവിശേഷങ്ങളിലെ ആഖ്യാനങ്ങളെ സമന്വയിപ്പിച്ച് ക്രമപ്പെടുത്തി, തികവുറ്റതും പൊരുത്തക്കേടുകളില്ലാത്തതുമായ ഒരു യേശുചരിതം എഴുതാനാണ് ഈ കൃതിയിൽ തേഷൻ ഉദ്യമിച്ചത്. ഏറെ വിജയിച്ച ഈ സംരംഭം, പിൽക്കാലങ്ങളിൽ പല സുവിശേഷസമന്വയങ്ങൾക്കും മാതൃകയായി.[8] എങ്കിലും തേഷന്റെ സുവിശേഷസമന്വയം കാലക്രമേണ, വ്യവസ്ഥാപിത സഭയ്ക്ക് അസ്വീകാര്യമായി. കേസറിയായിലെ യൂസീബിയസ് തന്റെ സഭാചരിത്രത്തിൽ ആ കൃതിയെ ഇങ്ങനെ വിമർശിക്കുന്നു:-
“ | (യൂക്രേത്തീയരുടെ) പഴയ നേതാവ് തേഷൻ, നാലു സുവിശേഷങ്ങളേയും എങ്ങനെയോ കൂട്ടിയിണക്കി ഒരു മിശ്രരചന ഉണ്ടാക്കി അതിനെ 'ദയതെസെറൻ' എന്നു വിളിച്ചു. അതിന്റെ പകർപ്പുകൾ ചിലരുടെയൊക്കെ കൈവശം ഇപ്പോഴുമുണ്ട്. സുവിശേഷകന്മാരുടെ ചില പ്രയോഗങ്ങളെ, ശൈലീ പരിഷ്കരണത്തിന്റെ പേരിൽ അയാൾ മാറ്റിയെഴുതുകപോലും ചെയ്തതായി പറയപ്പെടുന്നു.[7] | ” |
സുറിയാനി ഭാഷയിലെ ആദ്യത്തെ സുവിശേഷഭാഷ്യമായ ദയതെസെറണിന്റെ മൂലഭാഷതന്നെ സുറിയാനി ആയിരിക്കാം. സുറിയാനി സഭകളിൽ നൂറ്റാണ്ടുകളോളം കാനോനികസുവിശേഷങ്ങളുടെ അംഗീകൃതപാഠം ഇതായിരുന്നു. എന്നാൽ അഞ്ചാം നൂറ്റാണ്ടിൽ ബൈബിളിന്റെ സുറിയാനി പരിഭാഷയായ പെശീത്തയിലെ സുവിശേഷഭാഷ്യങ്ങൾ സ്വീകരിക്കാൻ സഭാനേതൃത്വം തീരുമാനിച്ചതിനെ തുടർന്ന്, സുറിയാനി "ദയതെസെറൻ" നഷ്ടപ്പെട്ടുപോയി. സുറിയാനിയിൽ ആ കൃതി ഇന്നു നിലവിലുള്ളത് മറ്റു രചനകളിലെ ഉദ്ധരണികളിൽ മാത്രമാണ്.[9]
അവലംബം
[തിരുത്തുക]- ↑ Ryland, J. E. "Introductory Note To Tatian the Assyrian". earlychristianwritings.com.
- ↑ "Tatian, Address, 42", Ante-Nicene Fathers, 2: 81–82
- ↑ "ANF02. Fathers of the Second Century: Hermas, Tatian, Athenagoras, Theophilus, and Clement of Alexandria (Entire)". Christian Classics Ethereal Library.
- ↑ The Origins and Emergence of the Church in Edessa during the First Two Centuries A.D. Author(s): L. W. Barnard Source: Vigiliae Christianae, Vol. 22, No. 3 (Sep., 1968), pp. 161-175.
- ↑ Cross, F. L., ed. The Oxford Dictionary of the Christian Church. New York: Oxford University Press. 2005, articles Diatessaron and Peshitta
- ↑ Early church.org.uk.തേഷൻ
- ↑ 7.0 7.1 7.2 കേസറിയായിലെ യൂസീബിയസ്, ക്രിസ്തു മുതൽ കോൺസ്റ്റന്റൈൻ വരെയുള്ള സഭാചരിത്രം 4:29
- ↑ കേംബ്രിഡ്ജ് ബൈബിൾ സഹകാരി, പുറം 571
- ↑ ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിൽ, ബൈബിൾ പരിഭാഷകളെക്കുറിച്ചുള്ള ലേഖനം (പുറം 753)