Jump to content

ഉത്തർ‌പ്രദേശ്

Coordinates: 26°51′N 80°55′E / 26.85°N 80.91°E / 26.85; 80.91
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉത്തർ പ്രദേശ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്തർ‌പ്രദേശ്
उत्तर प्रदेश
اتر پردیش
ഗംഗയുടെയും യമുനയുടെയും നാട്
Location of ഉത്തർ‌പ്രദേശ്
രാജ്യം  ഇന്ത്യ
മേഖല Awadh, Baghelkhand, Braj, Bundelkhand, Purvanchal, RohilKhand , Indo-Gangetic Plain
സംസ്ഥാനം Uttar Pradesh
ജില്ല(കൾ) 711
Uttar Pradesh 14 Nov 18342
തലസ്ഥാനം ലഖ്‌നൌ
ഏറ്റവും വലിയ നഗരം കാൺപൂർ
ഏറ്റവും വലിയ മെട്രൊ കാൺപൂർ
ഗവർണർ ആനന്ദി ബെൻ പട്ടേൽ
മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്
നിയമസഭ (സീറ്റുകൾ) Bicameral (404 + 108=512)
ലോകസഭാ മണ്ഡലം parliamentary constituencies in Uttar Pradesh
ഹൈക്കോടതി അലഹബാദ് ഹൈക്കോടതി
District Courts of India
ജനസംഖ്യ
ജനസാന്ദ്രത
1,90,891,000[1] (1st)
792/കിമീ2 (792/കിമീ2)[1]
സ്ത്രീപുരുഷ അനുപാതം 111.4 /
സാക്ഷരത
• പുരുഷൻ
• സ്ത്രീ
57.37%
• 70.22%
• 42.97%
ഭാഷ(കൾ) ഹിന്ദി, ഉർദു
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 2,43,286 km2 (93,933 sq mi)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Cfa (Köppen)
     31 °C (88 °F)
     46 °C (115 °F)
     6 °C (43 °F)
Governing body ഇന്ത്യ ഗവണ്മെന്റ്, ഉത്തർപ്രദേശ് സർക്കാർ
കോഡുകൾ
ISO 3166-2 IN-UP
Footnotes
വെബ്‌സൈറ്റ് www.upgov.nic.in
ഉത്തർ‌പ്രദേശ് സർക്കാരിന്റെ മുദ്ര

26°51′N 80°55′E / 26.85°N 80.91°E / 26.85; 80.91 ഭാരതത്തിൽ, ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ് (ഹിന്ദി: उत्तर प्रदेश, ഉർദു: اتر پردیش). ഉത്തർപ്രദേശിനെ ഒരു രാജ്യമായി കണക്കാക്കിയാൽ ജനസംഖ്യ കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ വലിയ രാഷ്ട്രമായി കണക്കാക്കാമെന്ന് വിശേഷിപ്പിക്കാറുണ്ട്. ലഖ്‌നൗ ആണ്‌ തലസ്ഥാനം; കാൺപൂർ, ഏറ്റവും വലിയ നഗരമാണ്‌. പുരാണങ്ങളിലും പുരാതന ഭാരതീയചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള അനവധി സ്ഥലങ്ങൾ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ്[5], ഹർഷവർദ്ധന്റെ ആസ്ഥാനമായിരുന്ന കാനൂജ് തുടങ്ങിയവ ഇവയിൽ ചിലതാണ്. കൂടാതെ പിൽക്കാല ഇന്ത്യയുടെ ചരിത്രത്തിലെ പലഘട്ടങ്ങളും ഉത്തർപ്രദേശ് എന്ന സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു[5]. സിക്കന്ദർ ലോധി പണികഴിപ്പിക്കുകയും, 16-17 നൂറ്റാണ്ടുകളിൽ മുഗൾ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിത്തീരുകയും ചെയ്ത ആഗ്ര ഈ സംസ്ഥാനത്തിലാണ്‌[5]. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ താജ് മഹൽ, തീർത്ഥാടനകേന്ദ്രമായ കാശി, ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയ മീററ്റ് എന്നീ പ്രദേശങ്ങളും ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്നു[5]. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിയ ജവഹർലാൽ നെഹ്രു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ചരൺ സിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖർ, അ��ൽ ബിഹാരി വാജ് പേയ്, നരേന്ദ്ര മോഡി തുടങ്ങിയ നേതാക്കൾ ഈ സംസ്ഥാനത്തെ ലോക്‌‌സഭാ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്[5].

ഉത്തർപ്രദേശിന്റെ പടിഞ്ഞാറ്, കേന്ദ്രഭരണപ്രവിശ്യയായ ഡൽഹിയും ഹിമാചൽപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും തെക്ക് മധ്യപ്രദേശും കിഴക്ക് ബീഹാറും സ്ഥിതിചെയ്യുന്നു. ഹിമാലയസാനുക്കളിലൂടെ നീളുന്ന വടക്ക് ഉത്തരാഖണ്ഡും[ക], നേപ്പാളുമായുള്ള അന്താരാഷ്ട്ര അതിർത്തിയുമാണ്. ഇക്കാരണംകൊണ്ട് ഉത്തർപ്രദേശിനെ ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിൽ ഒന്നായി ഗണിക്കാവുന്നതാണ്. ഉത്തർപ്രദേശിന്റെ മറ്റ് അതിരുകളും ഏറെക്കുറെ നൈസർഗിക വിഭാജകങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നു; പടിഞ്ഞാറ് യമുനാനദിയും തെക്കുപടിഞ്ഞാറും തെക്കും വിന്ധ്യാപർ‌‌വതനിരകളും കിഴക്ക് ഗണ്ഡക് നദിയും ആണ് അതിരുകളായി നിർണയിക്കപ്പെട്ടിരിക്കുന്നത്.[6]

ഭൗതിക ഭൂമിശാസ്ത്രം

[തിരുത്തുക]

ഭൂപ്രകൃതി

[തിരുത്തുക]
ഉത്തർ പ്രദേശ് ഭൂപടം

ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഗംഗാസമതലം, ദക്ഷിണ പീഠദേശം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിക്കാവുന്നതാണ്.[6] മുൻപ് ഉത്തർ പ്രദേശിന്റെ ഭാഗമായിരുന്ന ഹിമാലയമേഖലയാണ് ഇന്ന് ഉത്തരാഖണ്ഡ് സംസ്ഥാനമാക്കി മാറ്റിയിരിക്കുന്നത്.

ഗംഗാസമതലം

[തിരുത്തുക]
ഗംഗാനദിയും പോഷകനദികളും

ഉത്തർപ്രദേശിലെ ഏറിയഭാഗവും സമതലമാണ്. സമുദ്രനിരപ്പിൽ നിന്ന് 300 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങൾ നന്നേ വിരളമാണ്. വടക്കരികിൽ ശിവാലിക് കുന്നുകളുടെ സാനുപ്രദേശത്തു മാത്രമാണ് 300 മീറ്ററിലേറെ ഉയരം കാണുന്നത്. ഗംഗാതടം മേഖലയെ വടക്കുനിന്നു തെക്കോട്ട് ഭാഭർ, തെറായ്, എക്കൽസമതലം എന്നിങ്ങനെ ക്രമത്തിൽ വിഭജിക്കാവുന്നതാണ്. ഹിമാലയത്തിന്റെ സീമാന്ത മേഖലയിലുള്ള മലഞ്ചരിവുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചരൽ കലർന്ന മണ്ണും ഉരുളൻ കല്ലുകളും വീണ് നിരപ്പായ പ്രദേശമാണ് ഭാഭർ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഇവിടത്തെ ശിലകൾ വെള്ളം ഊർന്നിറങ്ങുന്നതിനു പോന്ന ഘടനാവിശേഷം ഉള്ളവ ആകയാൽ മണ്ണിൽ ഈർപ്പം തങ്ങിനിൽക്കുന്നില്ല. ഈ പ്രദേശത്തെ ചെറുനദികൾ വരെ ജലംചോർന്ന് ലുപ്തങ്ങളായിക്കാണുന്നു.വെള്ളപ്പൊക്കകാലത്തു മാത്രമാണ് ഇവ നിറഞ്ഞൊഴുകുന്നത്.[6]

ഭാഭർതടങ്ങളിൽ അടിഞ്ഞുതാഴുന്ന വെള്ളം തെക്ക് തെറായ് പ്രദേശത്ത് ഉറവകളായി ബഹിർഗമിക്കുന്നു. ഒരു ആർട്ടീസിയൻ തടത്തിന്റെ പ്രവർത്തനമാണ് ഇവിടെ കാണുന്നത്. ഭാഭർ ശരാശരി 34 കി.മീറ്ററും തെറായ് 80-90 കി. മീറ്ററും വീതിയിൽ വ്യാപിച്ചു കാണുന്നു. ഉറവകളുടെ ബാഹുല്യം കൊണ്ടും ജലോഢനിക്ഷേപങ്ങൾ പൊതുവേ തരിമണലോ പൂഴിയോ ആവുകയാലും തൊറായ് മേഖല ഒട്ടുമുക്കാലും ചതുപ്പുകളാണ്. പൊതുവെ ഉൾ‌‌വരത കുറഞ്ഞ ആൽക്കലി മണ്ണാണുള്ളത്. ഉയരത്തിൽ വളരുന്ന പുൽ‌‌വർഗങ്ങളാണ് ചതുപ്പുകളിലെ നൈസർഗിക സസ്യജാലം. ചളികെട്ടാത്തയിടങ്ങളിൽ നിബിഡമായ കുറ്റിക്കാടുകൾ കാണപ്പെടുന്നു.[6]

ഗംഗാതടത്തിന്റെ ഉപഗ്രഹചിത്രം

തെറായ് ചതുപ്പുകളിലെ വെള്ളം ചോർത്തിക്കളഞ്ഞ് അവയെ കൃഷിനിലങ്ങളായി മാറ്റുവാനുള്ള വ്യാപകമായ പദ്ധതി പ്രാവർത്തികമായി വരുന്നു. ഇത്തരമിടങ്ങളിൽ നെല്ല്, ഗോതമ്പ്, കരിമ്പ് എന്നിവയും ചണവും സമൃദ്ധമായി വിളയുന്നു. കഴിഞ്ഞ ചില വർഷങ്ങളിലെ പ്രവർത്തനം കൊണ്ടുതന്നെ ചതുപ്പുകളുടെ വ്യാപ്തി വളരെയേറെ കുറഞ്ഞിട്ടുണ്ട്.[6]

തൊറയ്ക്കു തെക്കുള്ള ഗംഗാതടം ഫലഭൂയിഷ്ഠമായ എക്കൽസമതലമാണ്. പടിഞ്ഞാറരികിൽ ആരവല്ലീനിരകളുടെ അവശിഷ്ടങ്ങളായ ചെങ്കൽക്കൂനകൾ കാണപ്പെടുന്നതൊഴിച്ചാൽ ഗംഗാതടത്തിന്റെ തെക്കെപകുതി തികച്ചും നിമ്നോന്നതരഹിതമാണെന്നു പറയാം. പ്ലീസ്റ്റോസീൻ യുഗത്തിലെയോ അതിനു പിമ്പുള്ള ഘട്ടങ്ങളിലെയോ ശിലാപടലങ്ങൾക്കുപരി കനത്ത എക്കൽ നിക്ഷേപങ്ങൾ അട്ടിയിട്ടിട്ടുള്ള സം‌‌രചനയാണ് ഈ സമതലത്തിലുള്ളത്. ഗംഗാതടത്തിന്റെ പശ്ചിമാർദ്ധം വടക്കുനിന്നും തെക്കോട്ട് നേരിയ മട്ടിൽ ചായ്‌‌വുള്ളതാണ്; കിഴക്കേ പകുതിയിലെ ചായ്‌‌വ് വടക്കു പടിഞ്ഞാറ്-തെക്കു കിഴക്കു ദിശയിലുമാണ്. ഗംഗാ-യമുനാവ്യൂഹത്തിലെ നദികൾ ഈ മേഖലയെ പൂർണമായും ജലസിക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും ഫലപുഷ്ടിയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഗംഗാതടം.[6]

ദക്ഷിണപീഠദേശം

[തിരുത്തുക]

വിന്ധ്യാപീഠദേശത്തിന്റെ തുടർച്ചയായി ഗണിക്കാവുന്ന ഈ മേഖലയുടെ വടക്കതിര് പശ്ചിമാർധത്തിൽ യമുനയും പൂർ‌‌വാർധത്തിൽ യമുനാസംഗമത്തിനു ശേഷമുള്ള ഗംഗയും നിർണയിക്കുന്നു. പ്രീ-കാംബ്രിയൻ കല്പത്തിലേതെന്ന് കരുതാവുന്ന സമുദ്രാന്തരിത-ജലോഢനിക്ഷേപങ്ങൾ പിൽക്കാലത്തു നെടുനാൾ ശുഷ്കകാലാവസ്ഥയ്ക്കു വിധേയമായി ഉദ്ഭൂതമായിട്ടുള്ള ശിലാക്രമങ്ങളാണ് ഈ പീഠദേശത്തുള്ളത്. ഈ മേഖലയുടെ ശരാശരി ഉയരം 300-450 മീറ്റർ ആണ്. അപൂർ‌‌വമായി കയിം‌‌പൂർ, സോൺപാർ തുടങ്ങിയ കുന്നിൻ നിരകൾ 600 മീറ്ററോളം ഉയരത്തിൽ എഴുന്നു കാണുന്നു. പീഠദേശത്തിന്റെ ചായ്‌‌വ് പൊതുവേ വടക്കു കിഴക്കു ദിശയിലാണ്. യമുനയുടെ പോഷകനദികളായ ബേത്‌‌വ, കേൻ എന്നിവ ഈ ദിശയിലാണ് ഒഴുകുന്നത്. ഈ മേഖലയുടെ കിഴക്കരികിൽ വലനപ്രക്രമത്തിന്റെ സൂചകങ്ങളായ അപനതികളും അഭിനദികളും ഒന്നിടവിട്ടു കാണപ്പെടുന്നു.[6]

ഗംഗാനദി

പൊതുവേ മഴകുറഞ്ഞ ഈ പ്രദേശത്ത് തുറസ്സായ കുറ്റിക്കാടുകളാണ് ഉള്ളത്. ജലസേചന സൗകര്യങ്ങൾ ശരിയായി വരുന്നു. ഗോതമ്പ്, ചോളം എന്നീ ധാന്യങ്ങളാണ് പ്രധാന വിളകൾ.

ഉത്തർപ്രദേശിലെ 54 ജില്ലകളിൽ ഉത്തരകാശി, ചമോലി, പിതോറാഗഡ്, തേരീഗഢ്‌‌വാല്, ഗഢ്‌‌വാൽ, അൽമോറാ എന്നീ ജില്ലകളും നൈനീതാൾ, ഡെറാഡൂൺ എന്നീ ജില്ലകളുടെ ഭാഗങ്ങളും ചക്രാതയും ഹിമാലയമേഖലയിൽ പെടുന്നു. തെക്കൻ ജില്ലകളായ ഝാൻസി, ജലാൻ, ഹമീദ്പൂർ, ബാന്ദ എന്നിവയും അലഹബാദ്, മിർസാപൂർ, വരാണസി എന്നീ ജില്ലകളുടെ ദക്ഷിണഭാഗങ്ങളുമാണ് പീഠദേശം. ബാക്കി ജില്ലകൾ എല്ലാം ഗംഗാതടത്തിൽ ഉൾപ്പെടുന്നു.[6]

അപവാഹം

[തിരുത്തുക]

ഗംഗയും മുഖ്യ പോഷകനദിയായ യമുനയുമാണ് സംസ്ഥാനത്തുകൂടി ഒഴുകുന്ന പ്രധാനനദികൾ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വച്ച് ശിവാലിക് നിരകൾ മുറിച്ച് കടന്ന്, ഗംഗ, ഉത്തർപ്രദേശിലെ ഗംഗാസമതലത്തിലേക്കൊഴുകുന്നു. തെക്കോട്ടൊഴുകുന്ന നദി ക്രമേണ കിഴക്കോട്ടു തിരിഞ്ഞ് ഒഴുകുന്നു. ഇടത്തുനിന്നുള്ള രാംഗംഗ, ഗോമതി, ഘാഘ്‌‌ര, രണ്ഡക് വലത്തുനിന്നുള്ള സോൺ, ടോൺസ്, യമുന എന്നിവയുമാണ് സംസ്ഥാനത്തിനുള്ളിൽ വച്ച് ഗംഗയുമായി ചേരുന്ന മറ്റു പോഷകനദികൾ. ഘാഘ്‌‌രയുടെ സഹായക നദികളായ കാളി (ശാരദ), രാപ്തി എന്നിവയും യമുനയുടെ പോഷകനദികളായ ചംബൽ, സിന്ധ്, ബേത്‌‌വ, കേൻ എന്നിവയും ഉത്തർപ്രദേശിലെ അപവാഹക്രമത്തിൽ സാരമായ പങ്കു വഹിക്കുന്നു.

ഗംഗയുടെ പ്രഭവസ്ഥാനത്തിനു അധികം അകലെയല്ലാതുള്ള യമുനാഹിമാനി (6317 മീ.) യിൽ നിന്നാണ് യമുനാനദി യുടെ ഉദ്ഭവം. സിന്ധു, ബ്രഹ്മപുത്ര എന്നിവയെ പോലെ രാകേഷ്താൽ എന്ന തടാകത്തിൽ ഉദ്ഭവിച്ച് കാരിയാല എന്ന പേരിൽ നേപ്പാളിലൂടെ ഒഴുകി എത്തുന്ന നദിയാണ് ഘാഘ്‌‌ര. ഗൺഡക്കിന്റെ പ്രഭവവും ഹിമാലയത്തിന്റെ മറുപുറത്താണ്. മേല്പറഞ്ഞവ കൂടാതെ ഗംഗാവ്യൂഹത്തിൽപ്പെട്ട കോസി, ഗൗള, സായി, കല്യാണി എന്നീ ചെറുനദികളും ഭാഗികമായി ഉത്തർപ്രദേശിലൂടെ ഒഴുകുന്നു. യമുന ഒഴിച്ച് വലത്തുനിന്നുള്ള പോഷകനദികളെല്ലാം വിന്ധ്യാ-സത്പുരാ നിരകളിൽ ഉദ്ഭവിക്കുന്നവയാണ്. ഈ ഭാഗത്തുനിന്നുള്ള ജലൗഘത്തിന്റെ പകുതിയിലധികം യമുനയുടെ പോഷകനദികളാണു വഹിക്കുന്നത്. ഇവയിൽത്തന്നെ ചംബൽ ഒന്നാം സ്ഥാനത്താണ്. നർമദാതടത്തിനു വടക്കുള്ള ഒരു ഗിരിശൃംഗത്തിൽനിന്നും ഉദ്ഭവിക്കുന്ന ചംബലും അതിന്റെ സഹായനദികളും ചേർന്ന് സംസ്ഥാനത്തിന്റെ തെക്കരികിലുള്ള ഉന്നതതടത്തിലെ നല്ലൊരുഭാഗം ജലസിക്തമാക്കുന്നു. സോൺ നദിയുടെ പ്രഭവം അമർകാണ്ടക് പർ‌‌വതത്തിൽ നിന്നാണ്. ഗംഗയുടെ വലതു പാർശ്വത്തിലുള്ള ചന്ദ്രപ്രഭ, കർമനാശ, റിഹൻഡ്, ബേലൻ, ദാസൻ എന്നീ നദികളും ചെറുതെങ്കിലും പ്രാധാന്യം വഹിക്കുന്നവയാണ്.

1894-1898 കാലഘട്ടത്തിലെ ഹരിദ്വാർ

വേനൽക്കാലത്തുപോലും ഹിമാലയത്തിൽ നിന്നു പുറപ്പെടുന്ന നദികളിൽ ജലദൗർലഭ്യം അനുഭവപ്പെടുന്നില്ല. മഞ്ഞുരുകി ഒഴുകുന്നതുമൂലം കൊടിയവേനലിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നതും സാധാരണമാണ്. ഹിമാലയത്തിലെ മഴയുടെ തോത് വിന്ധ്യാ പീഠഭൂമിയിലേതിനെ അപേക്ഷിച്ച് കൂടുതലാണ്. വിന്ധ്യനിൽ നിന്നുള്ള നദികളിലെ ജലാഗമനമാർഗ്ഗം അനിയമിതവും അനിശ്ചിതവുമായ കാലവർഷങ്ങളാൽ അവയിൽ ജലദൗർലഭ്യം സാധാരണമാണ്.

ഗംഗനദി സംസ്ഥാനത്തിന്റെ തെക്കേപ്പകുതിയിലൂടെയാണ് ഒഴുകുന്നത്. തന്മൂലം ഇടതുപാർശ്വത്തിലുള്ള നദികൾ നീളക്കൂടുതലുള്ളവയാണ്. ജലസമൃദ്ധങ്ങളായ ഇവ ധാരാളം എക്കലും മണ്ണും വഹിച്ചുകൊണ്ടു വന്ന് സംസ്ഥാനത്തിന്റെ ഉത്തരഭാഗങ്ങളിൽ നിക്ഷേപിക്കുന്നു. ഇവയുടെ തടങ്ങളിൽ പലയിടത്തും വിസ്തൃതങ്ങളായ ചതുപ്പുനിലങ്ങൾ കാണാം. വെള്ളം വാർന്നു പോകുന്നതിനുള്ള സൗകര്യങ്ങൾ ഈ മേഖലയിലൊട്ടാകെത്തന്നെ തികച്ചും അപര്യാപ്തമാണ്.

കാലാവസ്ഥ

[തിരുത്തുക]

ഉത്തർപ്രദേശിലെ കാലാവസ്ഥയിൽ പ്രാദേശിക വ്യതിയാനങ്ങൾ വളരെയേറെ പ്രകടമായി കാണുന്നു. മിക്കവാറും മിതോഷ്ണ മേഖലയിലാണ് സംസ്ഥാനത്തിന്റെ കിടപ്പ്; എന്നാൽ കാലാവസ്ഥയുടെ പ്രാദേശികസ്വഭാവം നിർണയിക്കുന്നതിൽ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം അത്യധികമായ സ്വാധീനത ചെലുത്തുന്നു.

ഐ. ഐ. എം. ലക്നൗ

ഹിമാലയമേഖലയിൽ താഴ്വരകളിലൊഴികെ എല്ലായിടത്തും ശൈത്യ കാലാവസ്ഥയാണുള്ളത്. ഈ പ്രദേശങ്ങളിൽ ഡിസംബർ മുതൽ മാർച്ചു വരെയുള്ള മാസങ്ങളിൽ മഞ്ഞുപെയ്യുന്നത് സാധാരണമാണ്. സഹാരൻപൂർ മുതൽ ദെവോരിയവരെ നീളുന്ന ഹിമാലയസാനുക്കളിലും സുഖകരമല്ലാത്ത തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നു. ഗംഗാസമതലത്തിൽ സൂര്യന്റെ അയനഗതിക്കൊപ്പം താപനിലയിൽ ഏറ്റക്കുറച്ചിലുണ്ടാവുന്ന സവിശേഷാവസ്ഥയാണുള്ളത്. ഈ മേഖലയിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ലൂ എന്നു വിളിക്കപ്പെടുന്ന പടിഞ്ഞാറൻ ഉഷ്ണക്കാറ്റ് സാധാരണമാണ്. സംസ്ഥാനത്തിലെ വടക്കു പടിഞ്ഞാറൻ ജില്ലകളിൽ ശീതകാലത്ത് അതിശൈത്യവും ആലിപ്പഴ വർഷവും അനുഭവപ്പെടുന്നു. തെക്കരികിലുള്ള കുന്നിൻ പുറങ്ങളും പീഠപ്രദേശങ്ങളും പൊതുവെ തരിശു ഭൂമിയാകയാൽ അവിടെ വേനൽക്കാലത്ത് ഉഷ്ണാധിക്യം ഉണ്ടാവുന്നു; എന്നാൽ രാത്രികാലങ്ങളിൽ സുഖപ്രദമായ അവസ്ഥയുമാണ്. ഈ മേഖലയിൽ ശീതകാലത്ത് ശൈത്യത്തിന്റെ കാഠിന്യം അനുഭവപ്പെടുന്നില്ല.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many

പൊതുവെ നോക്കുമ്പോൾ വ്യതിരിക്തമായ മൂന്നു ഋതുക്കളാണുള്ളത്; ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലം, മാർച്ച് മുതൽ ജൂൺ മധ്യം വരെയുള്ള ഉഷ്ണകാലം, മധ്യജൂൺ മുതൽ സെപ്റ്റമ്പർ വരെയുള്ള വർഷകാലം. സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂടനുഭവപ്പെടുന്നത് ജാൻസി, ആഗ്ര എന്നിവിടങ്ങളിലും ഏറ്റവും കുറഞ്ഞചൂട് ബാരെയിലി, റൂർക്കി എന്നിവിടങ്ങളിലുമാണ്.

മഴയുടെ സിംഹഭാഗവും (83%) മൺസൂൺ വാതങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ശൈത്യകാലത്തു വടക്കു പടിഞ്ഞാറുനിന്നെത്തുന്ന ചക്രവാതങ്ങളും അപൂർ‌‌വമായി മഴപെയ്യിക്കുന്നു. ഇവയുടെ തോത് വടക്കു പടിഞ്ഞാറു ജില്ലകളിലൊഴിച്ചാൽ, നന്നെ അഗണ്യമാണ്. ഹിമാലയമേഖലയിൽ 100-200 സെ.മീറ്ററും ഹിമാലയസാനുപ്രദേശത്ത് 100 സെന്റീമീറ്ററിലേറെയും ഗംഗാസമതലത്തിലെ പടിഞ്ഞാറെ പകുതിയിൽ 60-100 സെന്റീമീറ്ററും കിഴക്കരുകിൽ 100-120 സെ. മീറ്ററുമാണ് ശരാശരി വർഷപാതം. വർഷപാതത്തിന്റെ നിരക്കിൽ പ്രാദേശിക വ്യതിയാനം ധാരാളമാണ്. സംസ്ഥാനത്തിന്റെ ദക്ഷിണഭാഗത്തുള്ള ഉന്നതപ്രദേശങ്ങളിലും ഏതാണ്ടു 100 സെ. മീറ്ററോളം മഴ പെയ്യുന്നു. സംസ്ഥാനത്തെ ശരാശരി വർഷപാതം, 94 സെ. മീറ്ററും മഴപെയ്യുന്ന ദിവസങ്ങളുടെ ശരാശരി എണ്ണം 45-ഉം ആണ്. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് നൈനിതാലിലും (269 സെ. മീ.) ഏറ്റവും കുറവ് (54.4 സെ. മീ.) മഥുരയയിലും ആണ്.

Uttar Pradesh പ്രദേശ��്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 29.9
(85.8)
31.9
(89.4)
35.4
(95.7)
37.7
(99.9)
36.9
(98.4)
31.7
(89.1)
28.4
(83.1)
27.4
(81.3)
29.4
(84.9)
31.4
(88.5)
30.1
(86.2)
28.9
(84)
31.59
(88.86)
ശരാശരി താഴ്ന്ന °C (°F) 11.0
(51.8)
12.1
(53.8)
15.8
(60.4)
19.9
(67.8)
22.4
(72.3)
22.9
(73.2)
22.2
(72)
21.6
(70.9)
20.8
(69.4)
18.5
(65.3)
14.4
(57.9)
11.5
(52.7)
17.76
(63.96)
മഴ/മഞ്ഞ് mm (inches) 0
(0)
3
(0.12)
2
(0.08)
11
(0.43)
40
(1.57)
138
(5.43)
163
(6.42)
129
(5.08)
155
(6.1)
68
(2.68)
28
(1.1)
4
(0.16)
741
(29.17)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 0.1 0.3 0.3 1.1 3.3 10.9 17.0 16.2 10.9 5.0 2.4 0.3 67.8
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 291.4 282.8 300.7 303.0 316.2 186.0 120.9 111.6 177.0 248.44 270.0 288.3 2,896.34
ഉറവിടം: [7]
refer to adjacent text
Anandabodhi tree in Jetavana Monastery, Sravasti
Tropaeolum majus
A hybrid nasturtium (Tropaeolum majus) showing nectar spur, found mainly in Hardoi district
Average High and Low temperatures for various Uttar Pradesh Cities
City Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec
Lucknow[8] 73/44 79/49 90/58 101/69 105/76 102/81 92/79 90/78 92/76 91/66 79/53 75/45
Kanpur[9] 91/71 92/72 92/75 93/78 92/78 85/74 84/73 84/72 88/78 88/74 89/74 90/71
Ghaziabad[10] 70/45 73/50 84/59 97/70 102/79 100/82 93/81 91/79 93/75 91/66 82/55 73/46
Allahabad[11] 74/47 81/52 92/62 103/73 108/80 104/83 93/79 91/78 92/77 92/69 86/57 77/49
Agra[12] 72/45 75/51 90/60 101/72 107/80 105/84 95/79 91/78 93/76 93/67 85/55 75/47
Varanasi[13] 74/47 80/52 92/61 102/72 106/80 102/83 92/79 91/794 91/77 90/69 85/57 76/49
Gorakhpur[14] 74/49 80/53 91/72 103/77 99/79 92/78 91/78 91/76 91/70 85/59 76/51 76/49
Bareilly[15] 71/47 77/57 88/60 99/70 105/77 102/81 93/79 91/78 92/76 90/67 83/56 74/48

സസ്യജാലം

[തിരുത്തുക]
ലാ മാർട്ടിനിയർ കോളേജ്

ഏതാണ്ട് ആയിരത്തോളം ഇനം സസ്യങ്ങൾ ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. നെടുനാളായുള്ള മനുഷ്യാതിക്രമം മൂലം നൈസർഗിക പ്രകൃതി പ്രായേണ നഷ്ടപ്രായമായിട്ടുണ്ട്. എന്നിരിക്കിലും മുന്നൂറിലധികം ഇനം വൃക്ഷങ്ങളും 400-ലേറെ ഇനം കുറ്റിച്ചെടികളും 100-ലധികം ഇനം വള്ളിച്ചെടികളും ഇപ്പോഴും സമൃദ്ധമായി കാണാം. ഹിമാലയമേഖലയിലെ ഉന്നത പ്രദേശങ്ങളിൽ ചീർ, ഫർ, സ്പ്രൂസ്, ദേവദാരു, സുറായ്, കയിൽ എന്നീ മരങ്ങളാണ് ധാരാളമായി ഉള്ളത്. മലയടിവാരങ്ങളിൽ സാൽ, അസ്ന, തൂൺ, ഹൽദു, കാഞ്ജു, ജാമുൻ, ഖയെർ, സെമുൽ, ഗുട്ടൽ തുടങ്ങി നിരവധിയിനം വൃക്ഷങ്ങൾ കാണാം. മുരടിച്ച വളർച്ചയുള്ള ബാബുൽ ആണ് സമതലപ്രദേശത്ത് ഏറ്റവും അധികം കാണപ്പെടുന്ന മരം.[16]

സംസ്ഥാനത്തെ ആർദ്ര-പത്രപാതി വനത്തിലെ ഏറ്റവും സാമ്പത്തിക പ്രാധാന്യമുള്ള ഉത്പന്നം സാൽമരത്തിന്റെ തടിയാണ്. തടി ഉരുപ്പടികൾക്കായി ഉപയോഗിക്കപ്പെടുന്ന മറ്റിനങ്ങൾ ചീർ, ദേവദാരു, സെമുൽ, ഷീഷാം, അസ്ന, ബാബുൽ, ഹൽദു, സെയ്ൻ, തൂൺ, കാഞ്ജു, സ്പ്രൂസ്, ബ്ലൂപൈൻ, ജാമുൻ, തേക്ക്, ഗൂട്ടൽ എന്നിവയാണ്. ബീഡിയില, മുള, ഖയെർ, റിങ്ഗാൽ, ചൂരൽ തുടങ്ങിയവയും വനോത്പന്നങ്ങളായി വളർത്തിയെടുത്തിട്ടുണ്ട്.[17]

ജന്തുജാലം

[തിരുത്തുക]

വന്യമൃഗങ്ങളിൽ കടുവ, പുള്ളിപ്പുലി, ഹിമക്കരടി എന്നീ ഹിംസ്രജന്തുക്കളും വിവിധയിനം കലമാനുകളും ഇതര ഹരിണ വർഗ്ഗങ്ങളും ഉൾപ്പെടുന്നു; കറുപ്പും തവിട്ടും നിറത്തിലുള്ള കരടികൾ, കഴുതപ്പുലി, കാട്ടാട്, ആന, കാട്ടുനായ്, ചീങ്കണ്ണി, പെരുമ്പാമ്പ് തുടങ്ങിയ ജന്തുക്കളും ധാരാളമായുണ്ട്. പക്ഷിവർഗം പൊതുവെ കുറവാണ്; കാട്ടുകോഴി, വാൻ‌‌കോഴി, തിത്തിരിപ്പക്ഷി, വാത്ത, കാട്ടുതാറാവ്, പുള്ള്, മാടപ്രാവ്, കൊക്ക് തുടങ്ങിയവ സാമാന്യമായ തോതിൽ കാണപ്പെടുന്നു. സംസ്ഥാനത്തെ നദികളിലും ജലാശയങ്ങളിലും നിന്ന് ഭക്ഷ്യയോഗ്യമായ 75-ലേറെയിനം മത്സ്യങ്ങളും പിടിക്കപ്പെടുന്നു.[18]

രാഷ്ട്രീയ ഭൂമിശാസ്ത്രം

[തിരുത്തുക]
"Administrative Divisions"
Divisions of Uttar Pradesh

അതിരുകൾ

[തിരുത്തുക]

ഉത്തർ പ്രദേശിന്റെ വടക്ക് പടിഞ്ഞാറായി, ഹിമാചൽ പ്രദേശ്, ഡെൽഹി എന്നീ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളും സ്ഥിതി ചെയ്യുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനവും നേപ്പാൾ നേപ്പാൾ രാജ്യവും വടക്കൻ അതിർത്തി പങ്കിടുന്നു, കിഴക്ക് ബിഹാർ, ഝാർഖണ്ഡ്, തെക്ക് ചത്തീസ���‍ഗഡ്, മധ്യപ്രദേശ് പടിഞ്ഞാറ് രാജസ്ഥാൻ, ഹരിയാന എന്നിവയാണ് മറ്റ് അതിർത്തി സംസ്ഥാനങ്ങൾ. 243,290 ചതുരശ്ര കിലോമീറ്ററാണ് (93,933 ചതുരശ്ര മൈൽ) ഈ സംസ്ഥാനത്തിന്റെ വിസ്തീർണ്ണം. ഇത് ഇന്ത്യയുടെ മൊത്തം വിസ്തീർണത്തിന്റെ 7.33% ആണ്. ഇന്ത്യയുടെ നാലാമത്തെ വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്.

മേഖലകൾ, ജില്ലകൾ, പട്ടണങ്ങൾ

[തിരുത്തുക]
ഇതും കാണുക: പടിഞ്ഞാറൻ ഉത്തർപ്രദേശ്, മദ്ധ്യ ഉത്തർപ്രദേശ്

ഉത്തർപ്രദേശിലെ 75 ജില്ലകളെ താഴെ പറയും പ്രകാരം 18 ഭരണമേഖലകളായി തിരിച്ചിരിക്കുന്നു.:[19]

ജനങ്ങൾ

[തിരുത്തുക]

ഉത്തർപ്രദേശിലെ ഭക്ഷണവിഭവങ്ങൾ

[തിരുത്തുക]

ഉത്തർ‌പ്രദേശിലെ പാചക, ഭക്ഷണരീതിയാണ് ഉത്തർപ്രദേശി ഭക്ഷണവിഭവങ്ങൾ അല്ലെങ്കിൽ ഉത്തർപ്രദേശി പാചകരീതി ( (Cuisine of Uttar Pradesh (Hindi: उत्तर प्रदेश का खाना, Urdu: اتر پردیش کا کھانا) എന്നു പറയുന്നത്.

ജനപ്രിയവിഭവങ്ങൾ (सब्ज़ी سبزی)

[തിരുത്തുക]

പരമ്പരാഗത വിഭവങ്ങൾ (मिठाई دسر)

[തിരുത്തുക]

ജനപ്രിയ പാനീയങ്ങൾ (शरबत شربات)

[തിരുത്തുക]

പലതരം ശർബതുകൾ ഉത്തർപ്രദേശിൽ വ്യാപകമായി ജനപ്രിയമുള്ളവയാണ്‌

മറ്റ് ചില പാനീയങ്ങൾ

[തിരുത്തുക]

ജനവിതരണം

[തിരുത്തുക]
ആഗ്രയിലെ ഒരു ഷൊപ്പിംഗ് മാൾ.

1971-ലെ കണക്കനുസരിച്ച് ഉത്തർപ്രദേശിലെ ജനസംഖ്യ 8,88,41,144 ആയിരുന്നു. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ ഉദ്ദേശം ആറിലൊന്നാണിത്. ജനസാന്ദ്രത ച. കി. മീറ്ററിന് 300. ഉത്തർപ്രദേശിലെ ജനങ്ങളിൽ 4,70,16,421 പേർ പുരുഷന്മാരാണ്. സ്ത്രീപുരുഷാനുപാതം 909:1000 ആയിരുന്നു. പിന്നിട്ട ദശവർഷത്തിൽ സംസ്ഥാനത്തെ ജനസംഖ്യയിൽ 19.73% വർദ്ധനവുണ്ടായി. ഉത്തർപ്രദേശിലെ ജനസംഖ്യയിൽ നഗരവാസികളായിട്ടുള്ളത് 1,23,68,487 പേർ (14%) മാത്രമാണ്. സംസ്ഥാനത്ത് മൊത്തം 293 പട്ടണങ്ങളുണ്ട്. ഇവയിൽ 22 എണ്ണം ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള വൻ നഗരങ്ങളാണ്; ലഖ്നൗ, കാൺപൂർ, ആഗ്ര, അലഹാബാദ്, വാരാണസി, മൊറാദാബാദ്, രാമ്‌‌പൂർ, ബാരെയ്‌‌ലി, ഷാജഹാൻപൂർ, ഡെറാഡൂൺ, സഹാറൻപൂർ, മീററ്റ്, അലിഗഡ്, മഥുര, ഝാൻസി, ഗോരഖ്പൂർ, മിർസാപൂർ, ഫിറോസാബാദ്, ഘാസിയാബാദ്, മുസാഫർനഗർ, ഫറൂഖാബാദ്, ഫൈസാബാദ്. ജനങ്ങളിൽ 32.2% മാത്രമാണ് ധനാഗമപരമായ പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുള്ളത്. ഇവരുടെ മൊത്തം സംഖ്യ 2,84,16,871 ആണ്. ഇവരിൽ 1,59,10,591 പേർ കർഷകരും 54,97,317 പേർ സ്വന്തമായി ഭൂമിയില്ലാത്ത കൃഷിപ്പണിക്കാരും ആണ്. സംസ്ഥാനത്തെ സാക്ഷരതാശതമാനം 21.64 ആണ്.[21]

മതങ്ങൾ

[തിരുത്തുക]

ഉത്തർപ്രദേശിലെ ജനങ്ങളിൽ 2011 സെൻസസ് പ്രകാരം 79.73% ഹിന്ദുക്കളും 19.31% മുസ്ലീങ്ങളുമാണ്. സിഖുകാർ 0.30%, ക്രൈസ്തവർ 0.18, ജൈനർ 0.11%, ബൗദ്ധർ <0.1% മതക്കാരുമാണ്. [22]

സബ്മാൾ നോയിഡാ, യു.പി..

ഇന്ത്യയിലെ ലിംഗ്വിസ്റ്റിക് സർ‌‌വേപ്രകാരം ഉത്തർ‌‌പ്രദേശിനെ നാലു ഭാഷാപ്രവിശ്യകളായി വിഭജിച്ചിട്ടുണ്ട്; മധ്യ പഹാഡി, പശ്ചിമ ഹിന്ദി, പൂർ‌‌വ ഹിന്ദി, ബീഹാറി, ഹിമാലയ പ്രാന്തങ്ങളിൽ പ്രചാരത്തിലുള്ള കുമാവോനി, ഗഢ്‌‌വാലി, ജാൻസാരി എന്നിവയും താരുവർഗ്ക്കാരുടേതായ താരുവുമാണ് മധ്യ പഹാഡി വിഭാഗത്തിൽ പ്രചാരത്തിലുള്ള ഭാഷകള്‍. പശ്ചിമ ഹിന്ദിയുടെ വകഭേദങ്ങളായ ഹിന്ദി, ഉർദു, വ്രജ്ഭാഷ എന്നിവയിലൊന്നു സംസാരിക്കുന്നവരാണ് സംസ്ഥാനത്തെ ഭൂരിഭാഗം ആളുകളും. പൂർ‌‌വഹിന്ദി പ്രദേശത്തും ഏറിയകൂറും ജനങ്ങൾ ഹിന്ദി, ഉർദു എന്നീ ഭാഷക്കാരാണ്. കിഴക്കൻ ഉത്തർപ്രദേശിൽ ബീഹാറി വിഭാഗത്തിൽ പെട്ട ഭോജ്പുരിക്ക് വമ്പിച്ച പ്രചാരമുണ്ട്; സംസാരിക്കുന്നവരുടെ എണ്ണമനുസരിച്ചുള്ള ഭാഷാക്രമം ഹിന്ദി (81.23%), ഉർദു (10.50%), ഭോജ്പുരി (4.24%), ഗഡ്‌‌വാലി (1.42%), കുമാവോനി (1.36%), പഞ്ചാബി (0.55%), അവധി (0.15%), ബംഗാളി (0.15%), സിന്ധി (0.09%), ജൻസാരി (0.06%) എന്നിങ്ങനെയാണ്. ഇതര മേഖലകളിൽ ഉത്തർപ്രദേശിലേക്കു കുടിയേറിയിട്ടുള്ള ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം ഭാഷാക്രമത്തിൽ നിന്ന് ഏതാണ്ടു വ്യക്തമാകുന്നു.[23]

ചരിത്രം

[തിരുത്തുക]

പ്രാക്കാലത്ത് മധ്യദേശം എന്നറിയപ്പെട്ടിരുന്ന മേഖലയാണ് ഇന്നത്തെ ഉത്തർപ്രദേശ്. തന്ത്ര പ്രധാനമായ സ്ഥാനം‌‌മൂലം ഉത്തരേന്ത്യയുടെ ചരിത്രവുമായി ഈ പ്രദേശത്തിന് അഭേദ്യമായ ബന്ധമുണ്ട്. മിർസാപൂർ, ബുന്ദേൽഖണ്ഡ് എന്നിവിടങ്ങളിൽനിന്നു കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങൾ ഉത്തർപ്രദേശിന്റെ പൗരാണികത്വത്തിലേക്കു വെളിച്ചം വീശുന്നു.[24]

വൈദികകാലം

[തിരുത്തുക]
എക്സ്പ്രസ്സ്‌‌വേ

ഋഗ്‌‌വേദകാലം മുതൽ മാത്രമേ ഏതാണ്ട് സുവ്യക്തമായ ഒരു ചരിത്രം ഈ പ്രദേശത്തെ സംബന്ധിച്ച് ലഭിക്കുന്നുള്ളു. സപ്തസിന്ധു (ആധുനിക പഞ്ചാബ്) വിൽ കുടിയേറിയ ആര്യന്മാർ ക്രമേണ കിഴക്കോട്ടു നീങ്ങി ആര്യസംസ്കാരം സരസ്വതി-ഗംഗ നദികൾക്കിടയിലുള്ള ഭൂഭാഗത്തേക്ക് വ്യാപിപ്പിച്ചു. തുടർന്നുള്ള ചരിത്രത്തെപ്പറ്റി വ്യക്തമായ രേഖകളില്ല; പുരാണങ്ങൾ അവ്യക്തമായ ഒരു ചിത്രമാണ് നൽകുന്നത്.[25]

എന്നാൽ ബി. സി. 6 ആം ശതകത്തോടെ കൂടുതൽ വ്യക്തമായ ഒരു ചരിത്രം ലഭിക്കുന്നുണ്ട്. മേധാവിത്വത്തിനുവേണ്ടി മത്സരിച്ചിരുന്ന നിരവധി മഹാജനപഥങ്ങൾ (രാജ്യങ്ങൾ) ഇക്കാലത്ത് രൂപംകൊണ്ടിരുന്നു. കുരു, പാഞ്ചാലം, ശൂരസേനം, വത്സം, കോസലം, മല്ലം, കാശി, ചേതി, അംഗം, മഗധ, വ്രിജി, മത്സ്യം, അശ്മകം, അവന്തി, ഗാന്‌‌ധാരം, കാബോജം എന്നിവയായിരുന്നു ജനപഥങ്ങൾ. ഇതിൽ ആദ്യത്തെ എട്ടെണ്ണം മാത്രമേ ഉത്തർപ്രദേശിൽ പെട്ടിരുന്നുള്ളു. ഇവയ്ക്കുപുറമേ കപിലവസ്തുവിലെ ശാക്യന്മാർ, ശുംശുമാർഗിരിയിലെ ഭഗന്മാർ, പവ്വയിലെ മല്ലന്മാർ, കുഷിനാരന്മാർ എന്നിവരും ഉത്തർപ്രദേശിൽ പെട്ടവരായിരുന്നു. ശക്തിയേറിയ ജനപഥങ്ങൾ മറ്റുള്ളവയെ ആക്രമിച്ചുപോന്നു; കോസലം കാശിയും, അവന്തി വത്സവും കീഴടക്കി. പിന്നീട് മഗധ കോസലവും അവന്തിയും കീഴടക്കി ഏറ്റവും പ്രബലമായിത്തീർന്നു. ഹരിയങ്ക, ശിശുനാഗ, നന്ദ രാജവംശങ്ങൾ ക്രമത്തിൽ മഗധരാജ്യം ഭരിച്ചു.[26]

രാജവംശങ്ങൾ

[തിരുത്തുക]
വിശ്വനാഥക്ഷേത്രം

നന്ദവംശം ബി. സി. 333 മുതൽ 321 വരെ മഗധയിൽ ആധിപത്യം നിലനിറുത്തിയിരുന്നു. ഇന്നത്തെ പഞ്ചാബും, ഒരു പക്ഷേ ബംഗാളും ഒഴികെയുള്ള ഉത്തരേന്ത്യ മുഴുവൻ നന്ദരാജാക്കന്മാരുടെ അധീനതയിലായിരുന്നു. ഇക്കാലത്താണ് (ബി. സി. 326) അലക്സാണ്ടർ ഇന്ത്യ ആക്രമിച്ചത്. മഗധരാജ്യത്തിലെ നന്ദന്മാരെ ഭയന്നാണ് അലക്സാണ്ടർ മടങ്ങിപ്പോയതെന്ന് പറയപ്പെടുന്നു. എന്നാൽ വളരെ കഴിയുന്നതിനു മുമ്പുതന്നെ (ബി. സി. 323) അവർ ചന്ദ്രഗുപ്തമൗര്യന് അടിയറവു പറയേണ്ടിവന്നു. ചന്ദ്രഗുപ്തൻ, ബിന്ദുസാരൻ, അശോകൻ എന്നീ ഭരണകർത്താക്കളുടെ കാലത്ത് ഉത്തർപ്രദേശ് ശാന്തിയുടേയും സമൃദ്ധിയുടേയും കേളീരംഗമായിരുന്നു. അശോകശാസനങ്ങൾ, അശോകസ്തംഭങ്ങൾ എന്നിവ ഇന്നത്തെ ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായുള്ള സാരാനാഥ്, അലഹബാദ്, മീററ്റ്, കൗശാംബി, ശങ്കീസ, കാൽസി, ബസ്തി, മിർസാപൂർ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. അശോകനുശേഷം മഗധയ്ക്ക് ബലക്ഷയം നേരിട്ടു. അവസാന രാജാവായ ബൃഹദ്രഥമൗര്യനെ ബി. സി. 185-ൽ പുഷ്യമിത്രസുംഗൻ വധിച്ചു.

പുഷ്യമിത്രൻ മഗധരാജ്യത്തിന്റെ കെട്ടുറപ്പു നഷ്ടപ്പെടാതെ സൂക്ഷിച്ചു ഇൻഡൊ-ബക്ട്രിയൻ രാജാവായ ഡെമെട്രിയസ്സിന്റെ ആക്രമണത്തെ ഇദ്ദേഹം ചെറുത്തു; അയോധ്യയ്ക്കു നേരെയുള്ള മറ്റൊരാക്രമണം തെക്കൻ ഉത്തർപ്രദേശിൽ ഒരു യുദ്ധത്തിൽ പുഷ്യമിത്രന്റെ പൗത്രനായ വസുമിത്രൻ പരാജയപ്പെടുത്തി. ബാക്രിയന്മാർ പിൻ‌‌വാങ്ങിയെങ്കിലും അവർ കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ സിയാൽക്കോട് തലസ്ഥാനമാക്കി ഭരണം തുടങ്ങി. ഡെമെട്രിയസ്സിന്റെ ഭരണം ബി. സി. 145 വരെ നിലനിന്നു.[27]

സുംഗവംശത്തിനു ശേഷം കണ്വവംശം മഗധയിൽ അധികാരമേറ്റു; അവസാനത്തെ സുംഗരാജാവായ് ദേവഭൂതിയെ വധിച്ചിട്ടാണ് അദ്ദേഹത്തിന്റെ സചിവനായ വസുദേവൻ ബി. സി. 73-ൽ കണ്വവംശം സ്ഥാപിച്ചത്. 45 വർഷം ഭരണം നടത്തിയ കണ്വവംശത്തെ ബി. സി. 28-ൽ ആന്ധ്ര (ശാതവാഹന) രാജവംശ സ്ഥാപകനായ സിമുകൻ തുടച്ചുനീക്കി. കണ്വവംശത്തിന്റെ അധികാരപരിധി വ്യക്തമല്ലെങ്കിലും മിത്ര എന്ന വാക്കിലവസാനിക്കുന്ന നാണയങ്ങളും ശിലാലിഖിതങ്ങളും ഉത്തർപ്രദേശിൽ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അതിനാൽ ബി.സി. ഒന്നാം ശതകത്തിൽ ഉത്തർപ്രദേശ് മുഴുവൻ സുംഗവംശത്തോടു ബന്ധപ്പെട്ട രാജാക്കന്മാർ ഭരിച്ചിരുന്നതായി അനുമാനിക്കാം.

തുടർന്ന് സിതിയന്മാർ, പാർഥിയന്മാർ, കുഷാനന്മാർ എന്നീ വിദേശീയർ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ആക്രമണം നടത്തി. കുഷാനവംശത്തിലെ ഏറ്റവും പ്രശസ്ത രാജാവായ കനിഷ്കന്റെ നാണയങ്ങൾ, ശിലാലിഖിതങ്ങൾ എന്നിവ ഉത്തർപ്രദേശിന്റെ ഏറിയഭാഗവും കുഷാനസാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നതായി വ്യക്തമാക്കുന്നു. അക്കാലത്ത് മഥുര ഒരു വലിയ കലാകേന്ദ്രമായിരുന്നു.

വാരാണസി.

എ. ഡി. 4-ം ശതകത്തിൽ ഗുപ്തസാമ്രാജ്യസ്ഥാപനത്തോടെ ഇന്ത്യയുടെ രാഷ്ട്രീയൈക്യം മൗര്യകാലത്തെന്നപോലെ പുനഃസ്ഥാപിക്കപ്പെട്ടു. തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകളിൽ രാജ്യത്തിലെ പൊതുവായ ഐശ്വര്യത്തിന്റെ ഗുണഫലങ്ങൾ ഉത്തർപ്രദേശിനുണ്ടായി. ഗുപ്തസാമ്രാജ്യത്തിന്റെ തകർച്ചയോടെ ഛിദ്രവാസനകൾ വീണ്ടും തലപൊക്കി. ഉത്തർപ്രദേശിന്റെ ഗണ്യമായ ഭാഗത്ത് അധികാരം സ്ഥാപിച്ചിരുന്ന കനൗജിലെ മൗഖാരികൾ മാളവത്തിലെ ഗുപ്തന്മാരുമായി ഏറ്റുമുട്ടി. മൗഖാരിരാജാവായ ഗ്രഹവർമനെ എ. ഡി. 606-ൽ മാളവരാജാവായ ദേവഗുപ്തൻ വധിച്ചപ്പോൾ, മൗഖാരികൾ കനൗജിന്റെ ഭരണം ഗ്രഹവർമന്റെ സ്യാലനായ ഹർഷനെ (സ്ഥാനേശ്വർ അഥവാ താനേശ്വർ) ഹർഷനെ ഏൽപ്പിച്ചു. ഹർഷനുശേഷം ഉത്തർപ്രദേശ് മേഖല വീണ്ടും അരക്ഷിതാവസ്ഥയുടെ രംഗമായി മാറി. ഇക്കാലത്തെ ചരിത്രം ആകെക്കൂടി അവ്യവസ്ഥിതമാണ്.

എ. ഡി. 9-ഉം 10-ഉം ശതകങ്ങളിൽ ഗുർചര-പ്രതിഹാരന്മാർ വടക്കേ ഇന്ത്യയിൽ പ്രബലരായി; 11-ം ശതകത്തിന്റെ മുഹമ്മദ് ഗസ്നിയുടെ ആക്രമണം വരെ ഈ നില തുടർന്നു. പ്രതിഹാരന്മാരുടെ തിരോധാനം ഉത്തർപ്രദേശിൽ രാഷ്ട്രീയാസ്വാസ്ഥ്യങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കും വഴിയൊരുക്കി. ഇക്കാലത്ത് ഗഹർ‌‌വന്മാർ രംഗപ്രവേശം ചെയ്തു. രാജ്യത്ത് ക്രമവും ഐശ്വര്യവും പുനഃസ്ഥാപിച്ചു. ഈ രാജവംശത്തിലെ രാജാക്കന്മാർ ഗോവിന്ദ്ചന്ദ്രനും (1104-54) ജയചന്ദ്രനും (1170-93) ആയിരുന്നു. മുഹമ്മദ് ഗോറിയുമായുള്ള യുദ്ധത്തിൽ ചമാനരാജാവായിരുന്ന പൃഥ്വീരാജൻ III-നെ സഹായിക്കാൻ ജയചന്ദ്രൻ വിസമ്മതിച്ചു 1192-ലെ ടെറയിൽ യുദ്ധത്തിൽ പൃഥ്വിരാജൻ തോല്പിക്കപ്പെട്ടു; തുടർന്ന് ജയചന്ദ്രനും മീററ്റ്, അലിഗഡ്, അശ്നി, കനൗജ്, വാരാണസി എന്നീ ജനപദങ്ങളും ഗോറിക്കു കീഴടങ്ങി.[28]

മുസ്ലീം വാഴ്ച്ചക്കാലം

[തിരുത്തുക]
ഡൽഹിയിലെ ഒരു മുസ്ലിം വാസസ്ഥലം ചിത്രകാരന്റെ കണ്ണിൽ (1852).

1206-ൽ ഗോറിയുടെ ലഫ്റ്റനന്റായിരുന്ന കുത്ബുദ്ദീൻ ഐബക്ക് ഡൽഹി കേന്ദ്രമാക്കി അടിമവംശം സ്ഥാപിച്ചു; തുടർന്ന് ഖിൽജി, തുഗ്ലക് വംശങ്ങൾ അധികാരത്തിൽ വന്നു. ഡൽഹി സുൽത്താൻ‌‌ന്മാരുടെ ഭരണകാലത്ത് ഉത്തർപ്രദേശ് അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 13- ഉം 14-ഉം ശതകങ്ങളിൽ ഉത്തർപ്രദേശിന്റെ ചരിത്രം ആക്രമണത്തിന്റെയും അതിനെ വീരോചിതം നേരിട്ടതിന്റെയും ഇതിഹാസമാണ്. തുഗ്ലക്‌‌വംശം ക്രമേണ ശിഥിലമാവുകയും 1394-ൽ ജാൻപൂർ കേന്ദ്രമാക്കി മുഹമ്മദ് തുഗ്ലക്കിന്റെ ഗവർണറായിരുന്ന മാലിക് സർ‌‌വർ ഖ്വജാ ജഹാൻ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തു.[29]

1398-ൽ തിമൂർ ഇന്ത്യ ആക്രമിച്ചു. ഡൽഹി, പഞ്ചാബ്, മീററ്റ്, ഹരിദ്വാർ, കാതെഹാൻ എന്നിവിടങ്ങളിൽ ഈ ആക്രമണത്തിന്റെ കെടുതികൾ അനുഭവപ്പെട്ടു.

1414 മുതൽ 1526 വരെ സയ്യിദ്-ലോദി വംശങ്ങൾ ഡൽഹി കേന്ദ്രമാക്കി ഭരിച്ചു ലോദിവംശക്കാലത്ത് 1478-ൽ ജൻപൂർ വീണ്ടും ഡൽഹിയുടെ നിയന്ത്രണത്തിലായി. സിക്കന്ദർ ലോദിയുടെ കാലത്ത് ആഗ്രയെ ഉപതലസ്ഥാനമായി ഉയർത്തിയത് ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്നു.[30],

വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി

1526-ൽ ബാബർ ഇബ്രാഹിം ലോദിയെ പാനിപ്പത് യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ആഗ്ര കൈവശപ്പെടുത്തുകയും ചെയ്തു. എതിർത്തുനിൽപ്പിനു ശേഷം സംബൽ, ജാൻപൂർ, ഘാസിപൂർ, കാല്പി, കനൗജ് എന്നീ പ്രദേശങ്ങളും ബാബറിനു കീഴടങ്ങി. അങ്ങനെ ഇന്ത്യയിൽ മുഗൾ‌‌വംശത്തിനു തുടക്കമിട്ടു. ബാബറിനുശേഷം ഭരണമേറ്റ ഹുമായൂണിനെ ഷേർഷാ അധികാരഭ്രഷ്ടനാക്കി ഷേർഷായുടെ മരണശേഷം വീണ്ടും ഹുമയൂൺ സിംഹാസനം കരസ്ഥമാക്കി. ഹുമയൂണിന്റെ പുത്രനായ അക്ബറിന്റെ മന്ത്രിമാരിൽ ഏറ്റവും പ്രധാനികളായ തോഡർമൽ, ബീർബൽ എന്നിവർ ഉത്തർപ്രദേശുകാർ ആയിരുന്നു.

ഔറംഗസീബിന്റെ ഭരണകാലത്ത് ബുന്ദേൽഖണ്ഡ് മുഗൾഭരണവുമായി ഇടയുകയും, ബുന്ദേലാ നേതാവ് ഛത്രസാലൻ, പേഷ്വ ബാജിറവുവിന്റെ സഹായം തേടുകയും ചെയ്തു. ഈ സഹായത്തിനു പ്രതിഫലമെന്നോണം തന്റെ രാജ്യത്തിന്റെ ഏതാനും ഭാഗങ്ങൾ പേഷ്വയ്ക്കു വിട്ടുകൊടുക്കുവാൻ അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഉത്തർപ്രദേശിൽ മറാത്താ ശക്തിക്കു പ്രവേശം ലഭിച്ചു. 1732-ൽ അവധ് ഗർണറായ സാദത്ത്ഖാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.[31]

ബ്രിട്ടീഷ് ആധിപത്യം

[തിരുത്തുക]

ഷുജാ ഉദ് ദൗലയുടെ ഭരണകാലത്ത് (1754-75) അവധ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു. 1764-ലെ ബക്സാർ യുദ്ധത്തിൽ ഷുജാ ഉദ് ദൗലയെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി. ബ്രിട്ടിഷ് സമ്പർക്കം മൂലം അവധിന് നിരവധി പ്രദേശങ്ങൽ പല സന്ദർഭങ്ങളിലായി നഷ്ടപ്പെട്ടു.

അവധിലെ നവാബുമാരും ബ്രിട്ടീഷുകാരുമായുള്ള ബന്ധം ചരിത്രത്തിലെ ദുഃഖകരമായ ഒരധ്യായമാണ്; ഒരുവശത്ത് ബലഹീനതയുടെയും മറുവശത്ത് ശക്തിയുടെയും വിശ്വാസവഞ്ചനയുടെയും ചരിത്രമാണത്. 1856-ൽ അവധ് ബ്രിട്ടീഷ് സാമ്രാജ്യത്തോടു ചേർക്കപ്പെട്ടു; 1857-ലെ ബ്രിട്ടീഷ് വിരുദ്ധസമരത്തിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് ഈ നടപടിയായിരുന്നു. വടക്കു പടിഞ്ഞാറൻ പ്രോവിൻസുകൾ (ആധുനിക ഉത്തർപ്രദേശ്) ഈ സമരത്തിൽ മഹത്തായ ഒരു പങ്കുവഹിച്ചു. 1877-ൽ വടക്കു പടിഞ്ഞാറൻ പ്രോവിൻസ്കളും അവധും സംയോജിപ്പിക്കുകയുണ്ടായി; ആഗ്ര-അവധ് വടക്കു പടിഞ്ഞാറൻ പ്രോവിൻസുകൾ എന്നപേരിൽ ഇതറിയപ്പെട്ടു. 1902-ൽ ഇതിന്റെ പേര് ആഗ്രാ-അവധ് സം‌‌യുക്ത പ്രോവിൻസുകൾ എന്നാക്കിമാറ്റി. 1921-ൽ ഇത് ഒരു ഗവർണറുടെ കീഴിലാക്കി; ലക്നൗ തലസ്ഥാനമായി. 1937-ൽ സം‌‌യുക്ത സംസ്ഥാനങ്ങൾ എന്ന പേരിൽ ഇതിന്റെ പേർ വീണ്ടും ചുരുക്കുകയുണ്ടായി. 1950 ജനുവരി 12-നു ഉത്തർപ്രദേശ് എന്ന ആധുനികനാമം ഈ പ്രദേശത്തിനു നൽകപ്പെട്ടു. 1950 ജനുവരി 26-ൽ നിലവിൽ‌‌വന്ന ഭരണഘടന പ്രകാരം ഉത്തർപ്രദേശിന് ഇന്ത്യൻ യൂണിയനിലെ സംസ്ഥാനപദവി ലഭിച്ചു.[32]

സമ്പദ്‌‌വ്യവസ്ഥ

[തിരുത്തുക]
ലക്ഷ്മൺ ജൂല, ഋഷികേശ്.

കാർഷികപ്രധാനമായ സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഇവിടത്തെ ആളുകളിൽ മുക്കാൽ‌‌ പങ്കും കാർഷികവൃത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ പകുതിയിലേറെ കാർഷികാദായത്തിൽ നിന്നു ലഭിച്ചുവരുന്നു. ഉത്തർപ്രദേശിലെ മൊത്തം ഭൂവിസ്തൃതി 2,54,71,000 ഹെക്ടർ ആണ്; ഇതിൽ 83%-വും കൃഷിയോഗ്യമാണെങ്കിലും 66% മാത്രമേ ഇതിനകം കൃഷിനിലങ്ങളായി മാറിയിട്ടുള്ളു. സാങ്കേതിക ഉപാധികളിലൂടെ കൃഷിഭൂമിയുടെ വ്യാപ്തി വർദ്ധിപ്പിക്കുവാനുള്ള ആസൂത്രിത ശ്രമം നടന്നുവരുന്നു. കടുംകൃഷി സമ്പ്രദായങ്ങളിലൂടെ വിളവ് ഇരട്ടിപ്പിക്കുവാനും ജലവിതരണം ക്രമപ്പെടുത്തുവാനും ആവശ്യമുള്ളിടത്ത് ജലസേചനം വ്യാപിപ്പിക്കുവാനും പരമാവധി യത്നം നടക്കുന്നുണ്ട്. പരമ്പരാഗതമായ പ്രാകൃത സമ്പ്രദായങ്ങൾ ഉപേക്ഷിക്കുന്നതിൽ നിലമുടമകൾക്കുള്ള വൈമുഖ്യം ഉത്തർപ്രദേശിലെ കർഷിക രംഗത്തെ ഏറ്റവും വലിയ ശാപമായി തുടർന്നിരുന്നു; ഇന്ന് ആ നില വളരെയേറെ മാറിയിട്ടുണ്ട്. കൂടുതൽ ഉത്പാദന ക്ഷമതയുള്ള വിത്തുകളും,രാസവളങ്ങൾ, കീടനാശിനികൾ തുടങ്ങിയവയും ഉപയോഗിച്ച് ശാസ്ത്രീയ രീതിയിൽ കൃഷിയിറക്കുന്നതിന് സംസ്ഥാനത്തെ മിക്ക ഭാഗങ്ങളിലുമുള്ള കർഷകർ മുന്നോട്ടുവന്നുതുടങ്ങിയിട്ടുണ്ട്. വിളവെടുപ്പിന്റെ കാലദൈർഘ്യത്തിൽ കുറവുവരുത്തി, കൊല്ലത്തിൽ കുറഞ്ഞത് രണ്ടു വിളവെങ്കിലും എടുക്കുന്ന സമ്പ്രദായവും, മണ്ണു സം‌‌രക്ഷണത്തിനു ചെറുകിട ജലസേചനത്തിനുമുള്ള പ്രതിവിധികളും വ്യാപകമായ രീതിയിൽ പ്രാവർത്തികമായിട്ടുണ്ട്. ഭൂമിയുടെ മേലുള്ള ഉടമാവകാശം സന്തുലിതമാക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള നാനാമുഖമായ പരിഷ്കാരങ്ങൾ നടപ്പിൽ വന്നുകൊണ്ടിരിക്കുന്നു.

രാംജൂല, ഋഷികേശ്

നെല്ല്, ഗോതമ്പ്, ജോവാർ‍, ബാജ്റാ എന്നിവയാണ് പ്രധാന ധാന്യവിളകൾ. എണ്ണക്കുരുക്കൾ, പരുത്തി, പുകയില, ചണം, കരിമ്പ്, ഉരുളക്കിഴങ്ങ് എന്നീ നാണ്യവിളകളും ആപ്പിൾ, മധുരനാരകം, നാരകം, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും ധാരാളമായി കൃഷി ചെയ്യപ്പെടുന്നു. ഫലോത്പന്നങ്ങളിൽ കൈതച്ചക്ക, വാഴപ്പഴം മുന്തിരിങ്ങ എന്നിവയും ഉൾപ്പെടുന്നു. പയറ്, കടല തുടങ്ങിയവയും പച്ചക്കറികളും സാമാന്യമായ തോതിൽ വിളയിക്കുന്നുണ്ട്.[33]

ജലസേചനം

[തിരുത്തുക]

സംസ്ഥനത്തെ ആദ്യത്തെ ജലസേചന പദ്ധതിയായ പൂർ‌‌വയമുനാ കനാൽ 1830-ൽ പ്രാവർത്തികമായി; മുഗൾ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടിരുന്ന തോടുകൾ പുനഃസം‌‌വിധാനം ചെയ്തതായിരുന്നു ഇത്. അതിനെ തുടർന്ന് അപ്പർ ഗംഗാ കനാൽ (1854) ആഗ്രാ കനാൽ (1874), ലോവർ ഗംഗാ കനാൽ (1878), ബേത്‌‌വാ കനാൽ (1885), കേൻ‌‌ കനാൽ (1907), ദാസൻ കനാൽ (1911), ഗരായ് കനാൽ (1915), ഘാഘ്‌‌രാ കനാൽ (1916), ശാരദാ കനാൽ (1928) എന്നീ ജലസേചന വ്യൂഹങ്ങൾ പൂർത്തിയാക്കപ്പെട്ടു. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായതിനെ തുടർന്ന് രാംഗംഗാ പമ്പിങ് കനാൽ, ഘാഘ്‌‌രാ പമ്പിങ് കനാൽ എന്നിവയും പ്രാവർത്തികമായി. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം പ്രതികൂല മേഖലകളിലെ കൃഷിസംരക്ഷണം ലക്ഷ്യമാക്കി കനാൽ വ്യൂഹങ്ങൾ വ്യാപിപ്പിക്കുന്നതിൽ സംസ്ഥാന ഗവണ്മെന്റ് ബദ്ധശ്രദ്ധമായി; ഗോരഖ്പൂർ ജില്ലയിലെ രാംഗഡ്, ദണ്ഡാ കനാലുകൾ, ഘാഘ്‌‌രാ കനാലിന്റെ ശാഖയായി ഫൈസാബദ് ജില്ലയിൽ നിർമിച്ച ഘേരാനി കനാൽ, ആസംഗഡ് ജില്ലയിലെ രതോയി പക്‌‌രി, ബസ്തി ജില്ലയിലെ ബഘോട എന്നീ പമ്പിങ് കനാലുകൾ തുടങ്ങിയവയൊക്കെ ഈ ലക്ഷ്യംവച്ചു നിർമ്മിക്കപ്പെട്ട സാമാന്യം വിപുലമായ ജലസേചന വ്യൂഹങ്ങളാണ്. പഞ്ചവത്സര പദ്ധതികളിൽ ജലസേചനവർദ്ധനവിന് വമ്പിച്ച പ്രാധാന്യം നൽകപ്പെട്ടിരുന്നു. ഉത്തർപ്രദേശിൽ മൊത്തം 22 ജലസേചന പദ്ധതികളാണ് ആസൂത്രിതമായിട്ടുള്ളത്. തത്ഫലമായി 60 ലക്ഷം ഹെക്ടർ സ്ഥലം ജലസിക്തമായി തീർന്നിട്ടുണ്ട്. ഇവ കൂടാതെ ചെറുകിട ജലസേചനരംഗത്തും ഗണ്യമായ പുരോഗതി ഉണ്ടായിരിക്കുന്നു. ഉത്തർപ്രദേശിനെ സംബന്ധിച്ചിടത്തോളം ജലസേചനത്തെ പോലെതന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പ്രളയനിവാരണം. ഉദ്ദേശം 40 ലക്ഷം ഹെക്ടർ വിളനിലങ്ങൾ വർഷാവർഷം വെള്ളപ്പൊക്കത്തിന്റെ കെടുതികളെ അഭിമുഖീകരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പ്രളയ നിവാരണത്തിനായി നാനാമുഖമായ സാങ്കേതിക പ്രതിവിധികൾ ഏർപ്പെടുത്തിവരുന്നു.[34]

കാലിസമ്പത്ത്

[തിരുത്തുക]

ഇന്ത്യയിലെ വളർത്തുമൃഗങ്ങളിൽ 14%-വും ഉത്തർപ്രദേശിലാണുള്ളത്; സംസ്ഥാനത്തിലെ വരുമാനത്തിൽ 8%-ത്തോളം ഗവ്യവിഭവങ്ങളിൽ നിന്നാണു ലഭ്യമാകുന്നത്. 261 ലക്ഷം കന്നുകാലികൾ ഉത്തർപ്രദേശിൽ വളർത്തപ്പെടുന്നു. ഇവയെ കൂടാതെ 74 ലക്ഷത്തിലേറെ മഹിഷങ്ങളെയും 114.26 ലക്ഷം ആടുകളെയും 2.3 ലക്ഷം കുതിരകളെയും 1.97 ലക്ഷം കഴുതകളെയും 27.000 കോവർ കഴുതകളെയും 49.000 ഒട്ടകങ്ങളെയും ഈ സംസ്ഥാനത്തിലെ ജനങ്ങൾ തീറ്റിപ്പോറ്റുന്നു. വളർത്തു പന്നികളുടെ എണ്ണം 11.62 ലക്ഷമാണ്. 37.7 ലക്ഷം കോഴികളും ഉത്തർപ്രദേശിൽ ഉണ്ട്. കഴുതകളും ഒട്ടകങ്ങളും ഗതാഗത രംഗത്ത് ഗണ്യമായ സേവനം നൽകിവരുന്നു.

ഹരിയാന, സാഹിവാൽ, സിന്ധി, താർപാർകർ, ഗംഗാതരി തുടങ്ങിയ മെച്ചപ്പെട്ടയിനം കാലിവർഗങ്ങളാണ് ഉത്തർപ്രദേശിലുള്ളത്. മുറാവർഗത്തിൽ പെട്ട മഹിഷങ്ങളും വിശേഷ ജാതിയിൽ പെടുന്നവയാണ്. കൃത്രിമ ബീജോത്പാതനത്തിന്റെ പ്രചാരത്തിലൂടെ നല്ലയിനം പശുക്കളുടെയും എരുമകളുടെയും സംഖ്യ ഗണ്യമായി വർദ്ധിപ്പിക്കുവാനും ഗവ്യോത്പാതനക്ഷമത കൂട്ടുവാനുമുള്ള ശ്രമങ്ങൾ വ്യാപകമായി നടന്നുവരുന്നു. സംസ്ഥാനത്ത് 1100-ലേറെ മൃഗാശുപത്രികളും പ്രവർത്തിച്ചുവരുന്നു. പോഷകഗുണമുള്ള പുൽ‌‌വർഗങ്ങൾ കൃഷിചെയ്ത് മേച്ചിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ, കർഷകർക്ക് വിജ്ഞാനം പകരുന്നതിനും അവരിൽ പ്രേരണ ചെലുത്തുന്നതിനുമുള്ള സം‌‌വിധാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. ആടുവളർത്തലിനും രോമ വിപണനത്തിനും പ്രോത്സാഹനം നൽകിവരുന്നു.[35]

വനസമ്പത്ത്

[തിരുത്തുക]
ദുർഗാമന്ദിർ വാരണാസി

ഉത്തർപ്രദേശിൽ 48,728 ച. കി. മീ വനങ്ങളാണുള്ളത്; സംസ്ഥാനത്തെ മൊത്തം വിസ്തീർണത്തിന്റെ 16.5% വരുമിത്. ദേശീയ വനനയം അനുസരിച്ച് മൊത്തം വിസ്തൃതിയുടെ മൂന്നിലൊരു ഭാഗം വനങ്ങളായി സം‌‌രക്ഷിക്കപ്പെടേണ്ടതുണ്ട്; ഇതിന്റെയും വനവിഭവങ്ങളുടെ പ്രതിശീർഷ ഉപഭോഗത്തിന്റെയും അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഉത്തർപ്രദേശിൽ വനങ്ങൾ നന്നേ കുറവാണെന്നുകാണാം. ദേശീയ പ്രതിരോധം, വ്യവസായാവശ്യങ്ങൾ, നദീതട പദ്ധതികൾ എന്നിവക്കായി നിലവിലുണ്ടായിരുന്ന വനങ്ങൾ വൻ‌‌തോതിൽ നശീകരണ വിധേയമായിട്ടുണ്ട്. എന്നാൽ മറുവശത്ത് വനവിഭവങ്ങളുടെ ഉപഭോഗം ക്രമേണ കൂടി വരുന്നു. ഈ ദുസ്ഥിതി പരിഹരിക്കുന്നതിനായി തടിക്ക് ഈടും ഉറപ്പുമേറിയ വൃക്ഷങ്ങൾ വൻ‌‌തോതിൽ വച്ചുപിടിപ്പിച്ചും സാങ്കേതിക പ്രതിവിധികളിലൂടെ നിലവിലുള്ള വിഭവങ്ങളുടെ ഫലപ്രദമായ ചൂഷണം ഏർപ്പെടുത്തിയും കാട്ടുതീ നിവാരണം ചെയ്തും വെട്ടിത്തെളിക്കൽ നിരോധിച്ചും വ്യാപകമായ വനസം‌‌രക്ഷണ ഏർപ്പെടുത്തിയിരിക്കുന്നു. വന്യമൃഗങ്ങളെ വേട്ടയാടുന്നത് നിയമം‌‌ മൂലം നിരോധിക്കുകയും അവയ്ക്ക് സംരക്ഷണ കേന്ദ്രങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വന വിഭവങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു.[36]

മത്സ്യബന്ധനം

[തിരുത്തുക]

സമുദ്രസാമീപ്യം ഇല്ലാത്ത സംസ്ഥാനമാണ് ഉത്തർപ്രദേശ്; എന്നാൽ ഇവിടെയുള്ള ജലാശയങ്ങളും നദീവ്യൂഹങ്ങളും സമൃദ്ധമായ മത്സ്യശേഖരങ്ങൾ ഉൾക്കൊള്ളുന്നു. 180-ലേറെ ഇനം ശുദ്ധജല മത്സ്യങ്ങൾ ഉത്തർപ്രദേശിൽ കാണപ്പെടുന്നു. ഇവയിൽ കാർപ്സ്സ്പീഷീസിൽ പെട്ട രോഹു (Labeo rohita), ബാകൂർ (Catla catla), നയിൻ (Cirrhina mrigala), കരൗഞ്ച് (Labeo calbasu) എന്നിവയാണ് സമൃദ്ധമായുള്ളത്. എളുപ്പം വംശവർദ്ധൻ ഉണ്ടവുന്നതിനാൽ സംസ്ഥാനത്തെ നൈസർഗിക ജലാശയങ്ങളിലും കൃത്രിമ തടാകങ്ങളിലും ഇവയെ വളർത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രിതമായിട്ടുണ്ട്; ഭാഗികമായി പ്രാവർത്തികമായിട്ടുമുണ്ട്. ഉത്തർപ്രദേശിൽ പ്രതിവർഷം ഉദ്ദേശം 6 കോടി രൂപ വിലമ��ിക്കാവുന്ന 24,250 ടൺ മത്സ്യം പിടിക്കപ്പെടുന്നു.[37]

വൈദ്യുതോത്പാദനം

[തിരുത്തുക]

സംസ്ഥാനത്തെ ആദ്യത്തെ വൈദ്യുതോത്പാതനകേന്ദ്രം മുസൂറിലാണ് പ്രവർത്തനം ആരംഭിച്ചത് (1903). ഇതിനെതുടർന്ന് കാൺപൂർ, ഡെറാഡൂൺ, ലഖ്നൗ എന്നിവിടങ്ങളിലും താപവൈദ്യുതനിലയങ്ങൾ ആരംഭിച്ചു. 1928-ലാണ് സംസ്ഥാനത്ത് ആദ്യമായി ജലവൈദ്യുത നിർമ്മാണം ആസൂത്രിതമായത്; ഗംഗാകനാലിൽ ഹരിദ്വാറിനും സുമേറയ്ക്കുമിടയ്ക്ക് ഏഴു കൃത്രിമ വെള്ളചാട്ടങ്ങൾ സൃഷ്ടിച്ച് അവയിൽ നിന്നും ജലവൈദ്യുതി ഉത്പാദിപ്പിക്കുകയും, സംസ്ഥാനത്തിലെ സഹാറൻപൂർ, മുസാഫർനഗർ, മീററ്റ്, ബുലന്ദ്ശഹർ, അലിഗഡ്, മഥുര, ആഗ്ര, ഇത്താവ, ഈതാ, ബദാൻ, ബാരെയ്‌‌ലി, മൊറാദാബാദ്, ബിജ്നോർ എന്നീ പട്ടണങ്ങൾക്ക് ആവശ്യമായ വൈദ്യുതോർജം നൽകുകയും, അതിനും പുറമെ ഡൽഹിയുടെ വൈദ്യുതാവശ്യം ഭാഗികമായി നിറവേറ്റുകയും ആയിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശം. ഇതനുസരിച്ച് ഭോലാ, പാൽറ്, ബഹാദ്രാബാദ് എന്നിവിടങ്ങളിൽ 1930-ൽ വൈദ്യുത സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു. ചിതോറ, സലാവ, നീർഗഞ്ജിനി, സുമോ എന്നിവിടങ്ങളിൽ നിർമ്മിക്കപ്പെട്ട ഗംഗാപദ്ധതിയിലെ മറ്റു നാലു വൈദ്യുത കേന്ദ്രങ്ങളും 1938-ലാണ് പ്രവർത്തിച്ചു തുടങ്ങിയത്. 1930-നു മുമ്പുതന്നെ നൈനിതാൽ ബരെയ്‌‌ലി, ഷാജഹാൻപൂർ, ഗൊരഖ്പൂർ, പദ്രൗണ, വാരാണസി, ജാൻസി, ആഗ്ര, മഥുര എന്നിവിടങ്ങളിൽ താപവൈദ്യുത കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു. 1937-ൽ ഫൈസാബാദിനു സമീപം സോഹാവലിലും വൈദ്യുതി ഉത്പാദനം തുടങ്ങി. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം സംസ്ഥാനത്തിലെ ഊർജശേഷിയിലുള്ള കുറവു പരിഹരിക്കുവാൻ ബഹുമുഖമായ ശ്രമങ്ങൾ തുടരുന്നു. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ നാല്പതോളം വൈദ്യുത കേന്ദ്രങ്ങൾ ആസൂത്രണം ചെയ്തിരുന്നു. എന്നാലും ഇപ്പൊഴും അവിടുത്തെ ഉപഭോഗത്തിനു വൈദ്യുതി തികയാത്ത നിലയാണുള്ളത്. യമുന, ഒബ്റാ, രാംഗംഗാ, മനേരിഭാലി എന്നീ ജലവൈദ്യുത പദ്ധതികളും ഓബ്റ, ഹർദ്വാഗഞ്ച്, പങ്കി എന്നീ താപവൈദ്യുത പദ്ധതികളും ഇനിയും പൂർത്തിയായിട്ടില്ല. പല പുതിയ പദ്ധതികളും ആസൂത്രണം ചെയ്തുവരുന്നു.[38]

ഖനിസമ്പത്തിന്റെ കാര്യത്തിൽ പിന്നോക്കാവസ്ഥയണ് ഉത്തർപ്രദേശിനുള്ളത്. മാഗ്നസൈറ്റ്, ഫയർക്ലേ, ചുണ്ണാമ്പുകല്ല്, ജിപ്സം, ഡോളമൈറ്റ്, ഫെൽസ്പാർ, വസ്തുശിലകൾ എന്നിവയുടെ സമ്പന്ന നിക്ഷേപങ്ങൾ സംസ്ഥാനത്തുണ്ട്. മിർസാപൂർ ജില്ലയിലെ സിംഗളാരി ഇന്ത്യയിലെ മികച്ച കൽക്കരിഖനികളിൽ ഒന്നാണ് മേൽപ്പറഞ്ഞ ധാതുദ്രവ്യങ്ങൾ ഒക്കെയും വൻ‌‌തോതിൽ ഖനനം ചെയ്യപ്പെടുന്നു.[39]

വ്യവസായം

[തിരുത്തുക]

കാർഷിക-വന വിഭവങ്ങളെ ആശ്രയിച്ചുള്ള നാനാമുഖ വ്യവസായങ്ങൾക്ക് അനുകൂലമായ സാഹചര്യവും, വിദ്യുച്ഛക്തി സുലഭമാക്കുവനുള്ള സൗകര്യങ്ങളും സംസ്ഥാനത്തെ വ്യവസായവത്കരണത്തിന് അത്യന്തം സഹായകരമാണ്. 1951-നു മുമ്പ് ഉത്തർപ്രദേശിൽ പഞ്ചസാര‍, തുണി, സസ്യഎണ്ണ എന്നിവ ഉത്പാദിപ്പിക്കുന്ന ചുരുക്കം ചില ഫാക്റ്ററികൾ മാത്രമാണ് ഉണ്ടായിരുന്നത്; എന്നാൽ 1965-ൽ വൻകിടയെന്നു വിശേഷിപ്പിക്കാവുന്ന 320-ലേറെ വ്യവസായസ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചിരുന്നു. മൂലധന പോഷണത്തിനുള്ള ധനസഹായം നൽകിയും ഉത്പന്നങ്ങൾക്ക് വിദേശീയവും ദേശീയവുമായ വിപണികൾ സംഘടിപ്പിച്ചും ഊർജ-ഗതാഗത സൗകര്യങ്ങൾ വിപുലപ്പെടുത്തിയും വ്യവസായികളെ പ്രോൽസാഹിപ്പിക്കുന്നതിൽ ഗണ്മെന്റു മുൻ‌‌കൈ എടുത്തുവരുന്നു.[40]

കേന്ദ്രഗണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉത്തർപ്രദേശിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള വൻ‌‌കിട വ്യവസായശാലകളാണ് ഋഷികേശിലെ ഹിന്ദുസ്ഥാൻ ആന്റീബയോടിക്സ്, ജ്വാലാപൂരിലെ ഹെവി ഇലക്ട്രിക്കൽസ്, ഗൊരഖ്പൂരിലെ രാസവളനിർമ്മാണശാല, ടുണ്ട്ല (ആഗ്ര) യിലെ കനിങ് ഫാക്റ്ററി നൈനി (അലഹബാദ്) യിലെ ത്രിവേണി സ്‌‌ട്രച്ചരൽസ്, കാൺപൂരിലെ മോഡേൺ ബേക്കറീസ് ലിമിറ്റഡ് എന്നിവ. ഇന്ത്യൻ റെയിൽ‌‌വേയുടെ ഡീസൽ ലോക്കോമോട്ടീവ് ഫാക്ടറി വാരാണസിയിലാണ് പ്രവർത്തിക്കുന്നത്. കാൺപൂരിലെ മെക്കനൈസ്ഡ് ഫുട്ട്-വെയർ ഫാക്ടറി, നൈനിയിലെ ടെലിഫോൺ ഇൻസ്ട്രുമെന്റ്സ്, ട്രാൻസ്മിഷൻ എക്വിപ്മെന്റ്, ഭാരത് പമ്പ്സ് ആൻഡ് കം‌‌പ്രസേഴ്സ്, ഗ്യാസ് സിലിൻഡർ മാനുഫാച്ചറിങ് എന്നീ ഫാക്റ്ററികൾ ഘാസിയാബാദിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, കാൺപൂരിലെ സ്പെഷ്യൽ അലോയിസ് സ്റ്റീൽ പ്ലാന്റ്, ലക്നൗവിലെ എയർക്രാഫ്റ്റ് അക്സസറീസ് ഫാക്റ്ററി എന്നിവ കേന്ദ്രതലത്തിൽ ആസൂത്രിതമായി നിർമിച്ച് വ്യവസായ സം‌‌രംഭങ്ങളാണ്. സംസ്ഥാന നിയന്ത്രണത്തിലുള്ള വൻ‌‌കിട വ്യവസായങ്ങളിൽ ലഖ്നൗവിലെ പ്രിസിഷൻ ഇൻസ്ട്രുമെന്റ് ഫക്റ്ററി മിർസാപൂരിൽ ചുർക്, ഭല്ല എന്നിവിടങ്ങളിലെ സിമെന്റ് ഫാക്ടറികൾ എന്നിവ മുൻപന്തിയിൽ നിൽക്കുന്നു. സ്വകാര്യമേഖലയിലും ഒട്ടേറെ വൻ‌‌കിട വ്യവസായങ്ങൾ പ്രവർത്തിച്ചു വരുന്നു. ഇന്ത്യൻ എക്സ്പ്ലോസീവ്സ്, റേയൺ ഗ്രേഡ് പൾപ് ഫക്റ്ററി, ജെ. കെ. ഇലക്ട്രോണിക്സ് (കാൺപൂർ), ഹിന്ദുസ്ഥാൻ റബർ ടയർ കമ്പനി (ഹാഥ്‌‌രാസ്), ത്രിവേണി എൻ‌‌ജിനീയറിങ് വർക്സ് (നൈനി), ജീപ് ഫ്ലാഷ്‌‌ലൈറ്റ് ഇൻഡസ്ട്രീ (അലഹബാദ്), സോമയ്യാ ഓർഗാനിക്സ് (ബാരാബങ്കി), ഹിന്ദ് ലാം‌‌പ്സ് (ഷികോഹാബാദ്), ഹിഡാൽകോ (രേണുകുട്), മോദിപാൽ (മോദിനഗർ), പോളിസ്റ്റർ ഫൈബർ പ്ലാന്റ് (ഘാസിയാബാദ്) തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു. പഞ്ചസാര വ്യവസായം ദേശസാത്കരിക്കുവാൻ ഉദ്ദേശിച്ച് 1971-ൽ ഉത്തർപ്രദേശ് ഷുഗർ കോർപറേഷൻ രൂപവത്കൃതമായി; ഏറിയകൂറും ഫാക്റ്ററികൾ പൊതു ഉടമയിലേക്ക് മാറ്റിക്കഴിഞ്ഞു. പരുത്തി വ്യവസായത്തിന്റെ കാര്യത്തിലും ഏതാണ്ട് ഈ അവസ്ഥയാണുള്ളത്. വികേന്ദ്രീകരണം ലക്ഷ്യമാക്കി വൻ‌‌കിടവ്യവസായങ്ങൾ ഏറ്റെടുക്കു��യും ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സ്വകാര്യവ്യക്തികൾക്കും സഹകരണ സംഘങ്ങൾക്കും അർഹമായ പ്രോത്സാഹനം നൽകുകയുമാണ് സംസ്ഥാന ഗവണ്മെന്റിന്റെ വ്യവസായനയം. ചെറുകിട വ്യവസായങ്ങളിൽ കൈത്തറിനെയ്ത്തിന് വമ്പിച്ച പ്രാധാന്യം നൽകിയിട്ടുണ്ട്. തുകൽസാധനങ്ങൾ, ലോഹസാമഗ്രകൾ, സൈക്കിൾ, കണ്ണാടിസാധനങ്ങൾ, കുപ്പിവള, സുഗന്ധദ്രവ്യങ്ങൾ, ചെറുകിട യന്ത്രങ്ങളും യന്ത്രഭാഗങ്ങളും, മൺപാത്രങ്ങൾ എന്നിവയുടെ ഉത്പാദനവും വൻ‌‌തോതിൽ വികസിച്ചിട്ടുണ്ട്. അച്ചടിശാലകൾ, ഫൗണ്ടറികൾ, ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചു വരുന്നു. കുടിൽ‌‌വ്യവസായങ്ങൾ സംരക്ഷണ വികസനത്തിലും ഗവണ്മെന്റ് വളരെയേറെ ശ്രദ്ധിക്കുന്നു. സംസ്ഥാനത്തു മൊത്തം 73 ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ പ്രവർത്തിച്ചു വരുന്നു. ഖാദിഗ്രാമോദ്യോഗ വ്യവസായം, പട്ടുനൂൽ‌‌പ്പുഴു വളർത്തൽ, കരകൗശല വസ്തുനിർമ്മാണം എന്നിവയും ഗവണ്മെന്റിന്റെ പ്രത്യേക പരിലാളനയിലൂടെ അഭിവൃദ്ധിപ്പെട്ടുവരുന്നു.[41]

ഗതാഗതം

[തിരുത്തുക]

ഉത്തർപ്രദേശിൽ മൊത്തം 98,877 കി. മീ. റോഡുകളുണ്ട്. 1969-ൽ 2,352 കി. മീ. നാഷണൽ ഹൈവേകൾ ഉൾപ്പെടെ 29,713 കി. മീ. താർ റോഡുകളാണ് ഉണ്ടായിരുന്നത്. അഞ്ചുവർഷം കൊണ്ട് താർ റോഡുകളുടെ മൊത്തം ദൈർഘ്യം 36,000 കി. മീ. ആയി വർദ്ധിപ്പിക്കുവാൻ നാലാം പഞ്ചവത്സര പദ്ധതിയിൽ തുക കൊള്ളിച്ചിരുന്നു. ഒറ്റപ്പെട്ട ഗ്രാമങ്ങളെയും കരിമ്പു കൃഷി കേന്ദ്രങ്ങളേയും രാജപാതകളുമായി ബന്ധിപ്പിക്കുന്ന 10 കി. മീറ്ററിൽ താഴെ ദൂരം വരുന്ന റോഡുകളുടെ നിർമ്മാണത്തിനും, കൊള്ളക്കാരുടെ ശല്യവും വരൾച്ചബാധയും സാധാരണമായുള്ള കേന്ദ്രങ്ങളിലേക്ക് ഗതാഗതസൗകര്യം ഏർപ്പെടുത്തുന്നതിനും മുൻ‌‌ഗണന നൽകപ്പെട്ടു. ഉത്തർപ്രദേശിൽ ഉടനീളം കാണപ്പെടുന്ന നദികൾ റോഡു വികസനത്തെ സാരമായി ബാധിക്കുന്ന ഘടകമാണ്. സംസ്ഥാനത്ത് 61 മേജർ പാലങ്ങൾ നേരത്തേ തന്നെ ഉണ്ടായിരുന്നു. 1965-ൽ പണി പൂർത്തിയായ ഘാഘ്‌‌രയ്ക്കു കുറുകേയുള്ള പാലത്തിന് 1137.5 മീ. നീളമുണ്ട്. ഹിമാലയ നിരകൾക്ക് സമാന്തരമായി ബാരെയ്‌‌ലി മുതൽ ദെവോരിയ വരെയുള്ള റോഡ് പൂർത്തിയാവുമ്പോൾ 5 വൻ‌‌കിട പാലങ്ങളും 37 സാധാരണ പാലങ്ങളും 46 ചെറിയ പാലങ്ങളും ഉണ്ടായിരിക്കും. പാലം പണിക്കായി ഉത്തർപ്രദേശിൽ പ്രത്യേക കോർപറേഷൻ രൂപവത്കരിച്ചിട്ടുണ്ട്. ഗംഗയിൽ മിർസാപൂർ, ഘാസിപൂർ, ഹരിദ്വാർ എന്നിവിടങ്ങളിലും ഗോമതിയിൽ ജാൻപൂരിലും ചംബലിൽ ഇത്താവായിലും ബേലൻ നദിയിൽ മിർസാപൂരിലും രാംഗംഗയിൽ ഫൈസാബാദിലും വൻ‌‌കിട പാലങ്ങൾ പൂർത്തിയായിട്ടുണ്ട്; മേല്പറഞ്ഞവ ഉൾപ്പെടെ 123 പ്രധാന പാലങ്ങളുടെ പണി കോർപറേഷൻ ഏറ്റെടുത്തിരിക്കുന്നു. ഉത്തർപ്രദേശിൽ 8,706 കി. മീ. റയിൽ പാതകൾ ഉണ്ട്. ഇതിൽ 39%-വും മീറ്റർ ഗേജ് ആണ്; സംസ്ഥാനത്തിന്റെ കിഴക്കേ പകുതിയിലെ റയിൽ പാതകളിൽ ഭൂരിഭാഗവും ഇതിൽപ്പെടുന്നു. ഉത്തരപൂർ‌‌വ റയിൽ മേഖലയുടെ ആസ്ഥാനം ഗോരഖ്പൂരിലാണ്. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്തർപ്രദേശ് റയിൽ സൗകര്യങ്ങളിൽ മുന്നാക്കം നിൽക്കുന്നുവെങ്കിലും തികച്ചും പര്യാപ്തമായ അവസ്ഥയിൽ എത്തിയിട്ടില്ല. ഹിമാലയ മേഖലയിൽ റയിൽപ്പാതകൾ നന്നെ കുറവാണ്.[42]

ആധുനിക സമ്പ്രദായങ്ങൾ പ്രാവർത്തികമാകുന്നതിന് വളരെ മുമ്പുതന്നെ ഉത്തർപ്രദേശിലെ നദികൾ ഗതാഗത മാധ്യമങ്ങളായി വർത്തിച്ചുപോന്നു. ഗംഗ, യമുന, സരയു (ഘാഘ്‌‌രാ) എന്നീ നദികളാണ് കൂടുതൽ ഗതാഗതക്ഷമമായുള്ളത്.

ആധുനിക ഉത്തർപ്രദേശ്

[തിരുത്തുക]

വിനോദസഞ്ചാര കേന്ദ്രങ്ങൾ

[തിരുത്തുക]

പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങൾ

[തിരുത്തുക]

സർവകലാശാലകൾ

[തിരുത്തുക]

ഇന്ത്യയിൽ ഏറ്റവും കൂടുതൽസർവകലാശാലകളുളള സംസ്ഥാനം ഉത്തർപ്രദേശാണ്.ഉത്തർപ്രദേശിലാകമാനം 56സർവകലാശാലകളുണ്ട്.

Summary
Type Number
Central 5
State 25
Private 16
Deemed 10
Total 56

മദ്രസകൾ

[തിരുത്തുക]

കായികം

[തിരുത്തുക]

ഉത്തർപ്രദേശ് ക്രിക്കറ്റ് ടീം

[തിരുത്തുക]

ഉത്തർ‌പ്രദേശ് ക്രിക്കറ്റ് ടീം (ഹിന്ദി: उत्तर प्रदेश क्रिकेट टीम), ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർ‌പ്രദേശ് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ്. രഞ്ജി ട്രോഫി ടൂർണമെന്റിൽ ഒരു തവണ ഇവർ ജേതാക്കളായിട്ടുണ്ട്.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ
[തിരുത്തുക]
സീസൺ സ്ഥാനം
2008-09 രണ്ടാം സ്ഥാനം
2007-08 രണ്ടാം സ്ഥാനം
2005-06 ജേതാക്കൾ
1997-98 രണ്ടാം സ്ഥാനം
1977-78 രണ്ടാം സ്ഥാനം
1939-40 രണ്ടാം സ്ഥാനം
പ്രമുഖ കളിക്കാർ
[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

^ ക. ഉത്തർപ്രദേശിന്റെ വടക്കൻ മലമ്പ്രദേശങ്ങൾ വിഭജിച്ച് 2000-മാണ്ടിലാണ് ഉത്തരാഞ്ചൽ സംസ്ഥാനം രൂപവത്കരിച്ചത്[45]. 2006-ൽ ഇതിന്റെ പേര് ഉത്തരാഖണ്ഡ് എന്നാക്കി മാറ്റി.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Population estimate". geoHive.com. 2008-07-01. Retrieved 2008-08-15.
  2. Cahoon, Ben (2000). "Provinces of British India". WorldStatesmen.org. Retrieved 2009-09-21.
  3. "Governers of Uttar Pradesh". Upgov.nic.in. Retrieved 2009-09-21.
  4. Ben Cahoon. "Indian states since 1947". Worldstatesmen.org. Retrieved 2009-09-21.
  5. 5.0 5.1 5.2 5.3 5.4 മലയാള മനോരമ2007 ഡിസംബർ 15 ലെ തൊഴിൽ വീഥിയുടെ Competition Winnerസപ്ലിമെന്റ്.താൾ 21-23.
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 Mal Encyclopedia vol IV Page - 620-631 Official website of state institute of encyclopaedic publicatins Archived 2009-09-25 at the Wayback Machine.
  7. "Local Weather Report". Local Weather Report and Forecast Department. 21 May 2012. Archived from the original on 2012-05-01. Retrieved 18 July 2012.
  8. "Weather Report & Forecast for Lucknow". India Meteorological Department. Archived from the original on 2013-02-08. Retrieved 5 October 2012.
  9. "Weather Report & Forecast for Kanpur". India Meteorological Department. Archived from the original on 2014-02-02. Retrieved 5 October 2012.
  10. "Weather Report & Forecast for Ghaziabad". India Meteorological Department. Archived from the original on 2013-11-13. Retrieved 24 September 2012.
  11. "Weather Report & Forecast for Allahabaad". India Meteorological Department. Archived from the original on 2012-10-31. Retrieved 24 September 2012.
  12. "Weather Report & Forecast for Agra". India Meteorological Department. Archived from the original on 2014-02-02. Retrieved 5 October 2012.
  13. "Weather Report & Forecast for Varanasi". India Meteorological Department. Archived from the original on 2012-07-09. Retrieved 5 October 2012.
  14. "Weather Report & Forecast for Gorakhpur". India Meteorological Department. Archived from the original on 2010-01-09. Retrieved 5 October 2012.
  15. "Weather Report & Forecast for Bareilly". India Meteorological Department. Archived from the original on 2012-06-03. Retrieved 5 October 2012.
  16. [1][പ്രവർത്തിക്കാത്ത കണ്ണി]
  17. "aegyptica". Bsienvis.nic.in. Archived from the original on 2009-05-06. Retrieved 2009-09-21.
  18. http://www.boloji.com/environment/205.htm Archived 2010-01-14 at the Wayback Machine. Bygone Communities Faced Ire of the River by VK Joshi
  19. "State division of Uttar Pradesh". Government of India. Archived from the original on 10 May 2012. Retrieved 22 July 2012.
  20. link, uponline. "uponline". Archived from the original on 2009-06-06. Retrieved 31 ജൂലൈ 2010.
  21. "Census Population" (PDF). Census of India. Ministry of Finance India. Archived from the original (PDF) on 2008-12-19. Retrieved 2008-12-18.
  22. [2]
  23. "Uttar Pradesh Legislature". Uplegassembly.nic.in. Archived from the original on 2009-06-19. Retrieved 2009-09-21.
  24. Quaternary Science Reviews:Volume 27, Issues 3-4, February 2008, Pages 391-410
  25. humanPast/summaries/ch14.html Chapter 14 - South Asia: From Early Villages to Buddhism[പ്രവർത്തിക്കാത്ത കണ്ണി]
  26. God-apes and Fossil Men By Kenneth A. R. Kennedy
  27. Prehistoric human colonization of India by V N MISRA
  28. [3]
  29. Muslims of India
  30. Sturrock, J.,South Canara and Madras District Manual (2 vols., Madras, 1894-1895)
  31. "Islam and the sub-continent - appraising its impact". Archived from the original on 2012-12-09. Retrieved 2012-12-09.
  32. * British Ruled India (1757-1947) Bibliography of Books Articles and Dissertations Concentrating on 1914-1947
  33. "AGRICULTURE MARKETING". Archived from the original on 2009-06-19. Retrieved 2009-11-30.
  34. "Department of Land Development and Water Resorces". Archived from the original on 2010-04-06. Retrieved 2009-11-30.
  35. "Animal Husbandry". Archived from the original on 2009-06-19. Retrieved 2009-11-30.
  36. "U.P.Forest Department". Archived from the original on 2010-03-08. Retrieved 2009-11-30.
  37. "Fisheries Department Uthar Pradhesh". Archived from the original on 2010-05-07. Retrieved 2009-11-30.
  38. "Department of Energy, Govt of up". Archived from the original on 2009-06-19. Retrieved 2009-11-30.
  39. http://upgov.up.nic.in/upmineral/ Archived 2004-12-07 at the Wayback Machine. Geolegy & Mining Directorate
  40. Infrastructure and Industrial Development Department of govt of UP[പ്രവർത്തിക്കാത്ത കണ്ണി]
  41. Infrastructure and Industrial Development, Department of govt of UP - Udyog Bandhu[പ്രവർത്തിക്കാത്ത കണ്ണി]
  42. Uttarpradhesh Transport Department.
  43. Darul Uloom Waqf Deoband
  44. Mazahir Uloom Waqf Saharanpur
  45. "Major Milestones that lead the formation of Uttaranchal" (in ഇംഗ്ലീഷ്). eUttaranchal.com. Archived from the original (html) on 2010-06-06. Retrieved 2010-01-12. Uttaranchal emerged as the 27th state of India on 9th November 2000, leading to the fulfillment of the long cherished dream of the people who are the residents of this hilly region.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉത്തർ‌പ്രദേശ്&oldid=4078632" എന്ന താളിൽനിന്ന് ശേഖരിച്ചത്