തിരുവളയനാട് ഭഗവതിക്ഷേത്രം
ഉത്തരകേരളത്തിൽ കോഴിക്കോട് ജില്ലയിൽ കോഴിക്കോട് നഗരപരിസരത്തുള്ള ആഴ്ചവട്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തിരുവളയനാട് ഭഗവതിക്ഷേത്രം. ഉഗ്രദേവതയായ ഭദ്രകാളി മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ തുല്യപ്രാധാന്യത്തോടെ ശിവനും ഉപദേവതകളായി ഗണപതി, സപ്തമാതൃക്കൾ, വീരഭദ്രൻ, ക്ഷേത്രപാലൻ, ശാസ്താവ്, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നുണ്ട്. സാമൂതിരി രാജവംശത്തിന്റെ കുലദേവതാക്ഷേത്രം എന്ന നിലയിൽ അതിപ്രസിദ്ധമാണ് ഈ ക്ഷേത്രം. കേരളത്തിൽ രുരുജിത് സമ്പ്രദായത്തിൽ പൂജാവിധികൾ നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. കൊടുങ്ങല്ലൂർ, തിരുമാന്ധാംകുന്ന്, മാടായിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങൾ പോലെ അതിഗംഭീരമായ ഒരു ഭദ്രകാളിസ്ഥാനമാണിവിടം. ശാക്തേയസമ്പ്രദായത്തിൽ മദ്യവും മാംസവും ഉപയോഗിച്ച് പൂജ നടത്തുന്ന ക്ഷേത്രമാണിത്. മകരമാസത്തിൽ കാർത്തിക നാളിൽ കൊടികയറി ഏഴുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈയവസരത്തിൽ ദേവിയെ വാളിൽ ആവാഹിച്ചെടുത്ത് അടുത്തുള്ള വട്ടോളി ഇല്ലത്തേയ്ക്ക് കൊണ്ടുപോകുകയും പകരം തളി ക്ഷേത്രത്തിൽ നിന്ന് ശിവനെ ഇങ്ങോട്ട് കൊണ്ടുവരികയും ചെയ്യുന്ന വിചിത്രമായ ഒരു ചടങ്ങ് ഈയവസരത്തിലുണ്ട്. ദേവിയെ വിവാഹം ചെയ്യാനാണത്രേ മഹാദേവൻ ഇങ്ങോട്ട് വരുന്നത്. എന്നാൽ, ആ സമയത്ത് ദേവി തീണ്ടാരിയാകുമെന്നും അതിനാൽ ഭഗവാൻ തിരിച്ചുപോകുമെന്നുമൊക്കെയാണ് കഥ. ഈ ഉത്സവം കൂടാതെ കന്നിമാസത്തിൽ നടക്കുന്ന നവരാത്രിയും ഇവിടെ അതിവിശേഷമായി ആചരിച്ചുവരുന്നു. മലബാർ ദേവ���്വം ബോർഡിന് കീഴിലാണ് ഈ മഹാക്ഷേത്രം.