ചോളമണ്ഡലം കലാഗ്രാമം
തമിഴ്‌നാട്ടിലെ മദ്രാസ് ജില്ലയിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ അകലെയായി ആണ് ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്നത്. 1964-ൽ ‘മദ്രാസ് സ്കൂൾ ഓഫ് ആർട്ട്‌സ് ആന്റ് ക്രാഫ്റ്റ്സ്‘ എന്ന കലാലയത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ഇങ്ങനെ ഒരു സ്ഥാപനം രൂപവത്കരിക്കുവാൻ മുൻകൈ എടുത്തത്. ഇന്ന് കല, കരകൌശല മണ്ഡലങ്ങളിൽ ഒരു പ്രധാന കലാകേന്ദ്രമായി ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജ് അറിയപ്പെടുന്നു.[1]
പ്രശസ്ത ചിത്രകാരനായിരുന്ന കെ.സി.എസ്. പണിക്കർ ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിനു പിന്നിലെ ഒരു വലിയ പ്രേരക ശക്തിയായിരുന്നു. കലയിൽ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി കലാകാരന്മാർക്ക് ഒരു വേദി പ്രദാനം ചെയ്യുകയായിരുന്നു ഈ സ്ഥാപനത്തിന്റെ സ്ഥാപക ലക്ഷ്യം. കലാകാരൻമാർ ഈ കലാഗ്രാമത്തിൽ ഒന്നിച്ചു താമസിക്കുകയും അവരുടെ കഴിവുകൾ പങ്കുവെക്കുകയും ചെയ്യുന്നു.
കലാ പ്രദർശനങ്ങൾ നടത്തുന്നതിനായി ഒരു കലാ പ്രദർശന ശാല (ആർട്ട് ഗാലറി) ചോളമണ്ഡലത്തിൽ ഉണ്ട്. കരിങ്കല്ല്, തടി, ചെമ്പ്, വെങ്കലം, എന്നിവ കൊണ്ടുള്ള പ്രതിമകൾ കലാഗ്രാമത്തിൽ നിർമ്മിക്കുന്നു. നാടകങ്ങളും വിവിധ രംഗ കലാരൂപങ്ങളും പ്രദർശിപ്പിക്കുന്നതിനും കവിതാ പാരായണത്തിനും നൃത്തത്തിനുമായി ഒരു തുറസ്സായ വേദിയും ചോളമണ്ഡലത്തിൽ ഉണ്ട്.
ഇന്ത്യൻ കലാരൂപങ്ങളായ തുണികളിലെ ചിത്രരചന (ബാറ്റിക്), കളിമൺ പാത്ര നിർമ്മാണം, ചിത്രരചന, തുടങ്ങിയവ ചോളമണ്ഡലത്തിൽ നിർമ്മിച്ചിരിക്കുന്ന അസംഖ്യം കലാ നിർമ്മിതികളിൽ കാണാം. സന്ദർശകർക്ക് എല്ലാ കലാരൂപങ്ങളും സന്ദർശിക്കുന്നതിനും തിരഞ്ഞെടുത്ത കലാസൃഷ്ടികൾ വാങ്ങുന്നതിനും കഴിയും. ഇന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ കലാകാരൻമാർക്ക് ഒത്തുചേരുന്നതിനുള്ള ഒരു വേദിയായി ചോളമണ്ഡലം മാറിയിരിക്കുന്നു.
പങഅകാളികളായ കലാകാരന്മാർ
- അക്കിത്തം നാരായണൻ
- അനിലാ ജേക്കബ്ബ്
- അർണവാസ്. വി
- എം.വി. ദേവൻ
- പാരീസ് വിശ്വനാഥൻ
- ഗോപാൽ കെ.എസ്
- പി. ഗോപിനാഥ്
- കെ.വി. ഹരിദാസ്
- കെ.ആർ. ഹരി
- എസ്.പി. ജയക്കർ
- കെ. ജയപാലപ്പണിക്കർ
- ഡി. വെങ്കടപതി
- എസ്. നന്ദഗോപാൽ
- പി.എസ്. നന്ദൻ
- കെ.സി.എസ്. പണിക്കർ
- എസ്. പരമശിവം
- നമ്പൂതിരി
- കെ. രാമാനുജം
- റെഡ്ഢപ്പ നായിഡു
- റിച്ചാഡ് ജേസുദാസ്
- എ. സെൽവരാജ്
- എം. സേനാതിപതി
- ജെ. സുൽത്താൻ അലി
- എസ്.ജി. വാസുദേവ്