ഗോപിനാഥ് കർത്താ
കൊളാജൻ , റൈബോന്യൂക്ലിയേസ് എന്നീ സുപ്രധാന പ്രോട്ടീനുകളുടെ ത്രിമാനഘടന നിരൂപിച്ചെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച കേരളീയനായ ഇന്ത്യൻ ശാസ്ത്രജ്ഞനാണ് ഗോപിനാഥ് കർത്താ (26 ജനവരി 1927- 18 ജൂൺ1984)[1][2].
ജനനം,വിദ്യാഭ്യാസം
ആലപ്പുഴ ജില്ലയിൽ ഉൾപെട്ട ചേർത്തലയിലെ കോവിലകത്ത് വീട്ടിൽ 1927 ജനവരി 26-നാണ് ഗോപിനാഥ് കർത്താ ജനിച്ചത്[3]. അച്ഛൻ നീലകണ്ഠൻ കർത്താ അഭിഭാഷകനായിരുന്നു. അമ്മ ഭാഗീരഥിക്കുഞ്ഞമ്മ അധ്യാപികയായിരുന്ന ആലപ്പുഴയിലെ സനാതനധർമ ഹൈസ്കൂളിൽത്തന്നേയായിരുന്നു ഗോപിനാഥിൻറെ സ്കൂൾ വിദ്യാഭ്യാസം. ഇൻറർമീഡിയറ്റ് തിരുവനന്തപുരത്തുള്ള മഹാരാജാസ് കോളേജിലും ഗണിതവും ഭൗതികശാസ്ത്രവും ഐച്ഛിക വിഷയങ്ങളായെടുത്ത് ബിഎസ്സി (ഓണേഴ്സ്) മദ്രാസ് ക്രിസ്ത്യൻ കോളെജിലും പൂർത്തിയാക്കി. തുടർന്ന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങളും കരസ്ഥമാക്കിയ ശേഷം ബാംഗളുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഫിസിക്സ് ഡിപാർട്ടുമെൻറിൽ ജി.എൻ. രാമചന്ദ്രൻറെ കീഴിൽ ഗവേഷണവിദ്യാർഥിയായി ചേർന്നു. 1953-ൽ പി.എച്.ഡി. ബിരുദം നേടി.
ഔദ്യോഗിക ജീവിതം
കേംബ്രിജ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ കാവൻഡിഷ് ലാബറട്ടറിയിൽ ഒരു വർഷം ചെലവിട്ടശേഷം 1955-ൽ ഗോപിനാഥ്, ഓട്ടവ ആസ്ഥാനമായുള്ള കനഡയിലെ നാഷണൽ റിസർച് കൗൺസിലിൽ ഗവേഷകനായി ചേർന്നു. 1959-ൽ ന്യൂയോർക്കിലെ ബ്രുക്ലിൻ പോളിടെക്നിക്കിൽ പ്രഫസർ ഡേവിഡ് ഹാർകറുടെ ഗവേഷണഗ്രൂപ്പിൽ അംഗമായി. പിന്നീട് ഹാർകറോടൊപ്പം ഗോപിനാഥും ന്യുയോർക് പ്രവിശ്യയുടെ വടക്കൻ മേഖലയിലുള്ള ബഫലോയിലെ റോസ്വെൽ പാർക് മെമോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറുകയും മരണം വരെ (1984) അവിടെ സേവനം അനുഷ്ഠിക്കുകയും ചെയ്തു.
അന്ത്യം
1984 ജൂൺ പതിനെട്ടിന് ഹൃദയാഘാതം മൂലം നിര്യാതനായി.
ഗവേഷണ മേഖല
പ്രൊഫസർ ജി.എൻ.രാമചന്ദ്രൻറെ മേൽനോട്ടത്തിൽ കെമിക്കൽ ക്രിസ്റ്റലോഗ്രഫി ആയിരുന്നു ഗോപിനാഥിൻറെ ഗവേഷണ മേഖല. എക്സ്-റേ ഡിഫ്രാക്ഷൻ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തന്മാത്രകളുടെ ത്രിമാന ഘടന നിർണയിക്കുന്ന പ്രക്രിയ .[4] രാസസംയുക്തങ്ങളിൽ നിന്നു തുടങ്ങിയ ഗോപിനാഥിൻറെ ഗവേഷണം സങ്കീർണമായ ഓർഗാനിക് തന്മാത്രകളിലേക്കും പിന്നീട് അതിലും സങ്കീർണവും ബൃഹത്തുമായ ജൈവതന്മാത്രകളിലേക്കും വികസിച്ചു.
ബേറിയം ക്ലോറേറ്റ് മോണോഹൈഡ്രേറ്റ്
ബേറിയം ക്ലോറേറ്റ് മോണോഹൈഡ്രേറ്റ് ( )എന്ന രാസസംയുക്തത്തിൻറെ പരലുകൾ എക്സേ-റേ ഡിഫ്രാക്ഷനു വിധേയമാക്കി, അതിലൂടെ ലഭിച്ച വിവരങ്ങളുപയോഗിച്ച് ഗോപീനാഥ് ആ തന്മാത്രയുടെ ഘടന നിരൂപിച്ചെടുത്തു. ഇന്ത്യയിൽ ഇതാദ്യമായിട്ടായിരുന്നു ഒരു രാസസംയുക്തത്തിൻറെ ക്രിസ്റ്റൽ ഘടന നിർണയിക്കപ്പെടുന്നത്. ഈ ഗവേഷണ പ്രബന്ധത്തിൻറെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് മദ്രാസ് യൂണിവഴ്സിറ്റി പി.എച്.ഡി ബരുദം നൽകി [5],[6].
മോറെലിൻ
ഇതേയവസരത്തിൽ ടെർപീൻ വർഗത്തിൽപ്പെട്ട മോറെലിൻ () എന്ന സങ്കീർണമായ രാസസംയുക്തത്തെക്കുറിച്ചുള്ള പഠനങ്ങൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബയോകെമിസ്ട്രി വിഭാഗത്തിൽ നടന്നു കൊണ്ടിരിക്കയായിരുന്നു. ഇരവി (ചികിരി) മരത്തിൻറെ കായ്കകളുടെ പുറന്തോടിൽ നിന്ന് വേർതിരിച്ചെടുക്കപ്പെട്ട മഞ്ഞ നിറത്തിലുള്ള പരലുകളായിരുന്നു മോറെലിൻ. ഈ തന്മാത്രയുടെ ഘടന നിരൂപിച്ചെടുക്കാനുള്ള ഉദ്യമത്തിൽ ഗോപിനാഥും പങ്കു ചർന്നു. എക്സ്റേ ഡിഫ്രാക്ഷൻ പഠനങ്ങളിലൂടെ മോറെലിൻ പരലിൻറെ യൂണിറ്റ് സെൽ വോള്യം ഗോപിനാഥ് ഗണിച്ചെടുത്തു[7]. മോറെലിൻറെ തന്മാത്രാഭാരം രാസപ്രക്രിയകളിലൂടെ അനുമാനിച്ചെടുത്ത 476-490 എന്നതിൽ നിന്ന് വ്യത്യസ്തമായി 544 നോടടുത്തായിരിക്കണമെന്ന് രേഖപ്പെടുത്തി. യൂണിറ്റ് സെൽ വോള്യം ഉപയോഗിച്ച് തന്മാത്രാ ഭാരം ഗണിച്ചെടുക്കുന്ന ഈ സമീപനം ഇന്ത്യയിൽ ഇതാദ്യമായിട്ടായിരുന്നു.
കൊളാജൻ
1952-ൽ മദ്രാസ് സർവകലാശാലയിലെ ഫിസിക്സ് വകുപ്പിൻറെ തലവനായി രാമചന്ദ്രൻ ചുമതലയേറ്റപ്പോൾ അധികം താമസിയാതെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി ഗോപിനാഥും ഒപ്പം ചേർന്നു. കൊളാജൻ തന്മാത്രയെക്കുറിച്ചുള്ള വിശദമാ�� പഠനങ്ങൾ നടന്നത് ഇക്കാലത്താണ്[8],[9]. കൊളാജൻ പ്രോട്ടീൻറെ മുപ്പിരിയൻ (ട്രിപിൾ ഹെലിക്സ്) ഘടന തെളിയിച്ച രാമചന്ദ്രനും ഗോപിനാഥും ലോകോത്തര ഗവേഷകരുടെ പട്ടികയിൽ ഇടം നേടി.
റൈബോന്യൂക്ലിയേസ് എ
ആർഎൻഎ തന്മാത്രകളെ അതിവേഗം വിഘടിപ്പിക്കുന്ന എൻസൈം(രാസാഗ്നി) ആണ് റൈബോന്യൂക്ലിയേസ് എ. സസ്തനികളുടെ പാൻക്രിയാസ് ഗ്രന്ഥിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഈ എൻസൈമിൽ 124 അമിനോആസിഡ് കണ്ണികളുണ്ട്. ഈ എൻസൈമിനെക്കുറിച്ചുള്ള പഠനങ്ങൾ ഡേവിഡ് ഹാർകറുടെ ലാബറട്ടറിയിൽ നടന്നുകൊണ്ടിരിക്കേയാണ് ഗോപിനാഥ് ആ ഗവേഷണസംഘത്തിൽ അംഗമായത്. 1967-ൽ കർത്തയും, ബെല്ലോയും ഹാർകറും ചേർന്ന് റൈബോന്യൂക്ലിയേസ് എ യുടെ ത്രിമാന ഘടന നിരൂപിച്ചെടുത്തു.[10]
അവലംബം
- ↑ Ramachandran, GN; Kartha, Gopinath (1955-09-24). "Structure of Collagen". Nature: 593–595. doi:10.1038/176593a0.
{{cite journal}}
: Check|doi=
value (help) - ↑ Kartha, Gopinath; Bello, J; Harker, D (1967-03-04). "Tertiary structure of ribonuclease". Nature. doi:10.1038/213862a0.
- ↑ Balaram, Padmanabhan (2021-08-10). "Gopinath Kartha and the birth of chemical crystallography in India" (PDF). Current Science. 121 (3): 441–447. Retrieved 2022-08-04.
- ↑ Desiraju, Gautam R (2014-10-10). "Chemical crystallography and crystal engineering". IUCrJ. 1(Pt 6).: 380-1. doi:10.1107/S2052252514021976.
- ↑ Kartha, G, Ph.D Thesis. Madras University 1953
- ↑ Kartha, Gopinath (1952-06-30). "Structure of Barium chlorate monohydrate". Acta Crystallographica. 5: 845-846.
- ↑ Sundara Rao, RVG; Padmanabhan, VM; Kartha, Gopinath (1954-07-01). "Unit cell and space group of Morellin". Current Science. 23(7): 216.
- ↑ Ramachandran, GN; Kartha, G (1954-08-07). "Structure of Collagen". Nature. 174( 4423): 269-70. doi:10.1038/174269c0. PMID 13185286.
- ↑ Ramchandran, GN (1955-09-24). "Structure of collagen". Nature. 176(4482): 593-5. doi:10.1038/176593a0.
{{cite journal}}
: Check|doi=
value (help) - ↑ Kartha, Gopinath; Bello, Jake; Harker, David (1967). "Tertiary Structure of Ribonuclease". Nature. 213, 862–865. doi:10.1038/213862a0.
{{cite journal}}
: Check|doi=
value (help)