Jump to content

ഒരിജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഒരിജൻ, ക്രിസ്ത്യൻ സഭാപിതാവും തത്ത്വചിന്തകനും

ക്രി.പി. 185 മുതൽ 254 വരെ ജീവിച്ചിരുന്ന പ്രഖ്യാത ക്രൈസ്തവ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്നു ഒരിജൻ. സഭാപിതാക്കന്മാർക്കിടയിൽ ക്രിസ്തുമതത്തെ ദാർശനികമായി കാണാനും വിശദീകരിക്കാനും ആദ്യമായി ശ്രമിച്ചത് ഒരിജനാണ്. ക്രൈസ്തവ സഭകൾ ഇന്ന് അംഗീകരിക്കുന്ന വിശ്വാസത്തിന്റെ മൗലിക പ്രമാണങ്ങൾക്ക് അന്തിമ രൂപം കിട്ടുന്നതിന് ഏറെ മുൻപ് രചിക്കപ്പെട്ട അദ്ദേഹത്തിന്റെ രചനകളിലെ പല നിലപാടുകളും വ്യവസ്ഥാപിത സഭകൾക്ക് പിന്നീട് സ്വീകാര്യമല്ലാതായി.[1]

പേരിനുപിന്നിൽ

ഒരിജെനേസ് എന്ന പെര്‌ (Ὠριγενης), ക്ലാസിക്കൽ ഗ്രീക്കിലെ ഒരു പേരിന്റെ രൂപഭേദങ്ങളിലൊന്നാണ്[1]. അതിന്റെ അർത്ഥത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. പേരിന്റെ ആദ്യപാദമായ ഒരി/ഒറി ( Ὡρος ഔറോസ്) എന്നത് ഗ്രീക്ക് ദൈവമായ ഹോറുസിനെയും (ὄρος ഓറോസ്,പർ‌വ്വതം എന്ന അർത്ഥത്തിൽ), രണ്ടാമത്തെ ഭാഗമായ ജെനോസ് (γένος)എന്നത് തരം, വർഗം, ജനിപ്പിക്കപ്പെട്ടത്, എന്നീ അർത്ഥങ്ങളേയും സൂചിപ്പിക്കുന്നുവെന്ന അനുമാനത്തിൽ, ഒരിജിനേസ് എന്ന പേരിന്‌ ഹോറുസിന്റെ മകൻ എന്നോ ഗിരിപുത്രൻ എന്നോ മലപൊലെയുള്ളവൻ എന്നൊ അർത്ഥം അകാം എന്നു വാദമുണ്ട്.[2]

ജീവചരിത്രം

പുത്രന്റെ പ്രതിഭയും സ്വഭാവ മഹിമയും നേരത്തേ തിരിച്ചറിഞ്ഞ ഒരിജന്റെ പിതാവ് ലിയോനൈഡ്സ്, മകന് നല്ല വിദ്യാഭ്യാസം നൽകി. പ്രമുഖ നിയോപ്ലേറ്റോണിസ്റ്റ് ചിന്തകനായിരുന്ന പ്ലോട്ടിനസും ഒരിജനും സമകാലീനരും, അമ്മോനിയസ് സാക്കാസ് എന്ന നിയോപ്ലേറ്റോണിസ്റ്റ് ഗുരുവിന്റെ ശിഷ്യന്മാരും ആയിരുന്നു.[3] റോമൻ ചക്രവർത്തി സെപ്തിമിയസ് സെവേരസിന്റെ കാലത്തു നടന്ന ക്രിസ്തുമത പീഡനത്തിൽ ലിയോനൈഡ്സ് കൊല്ലപ്പെട്ടപ്പോൾ, അമ്മയേയും ആറ് ഇളയ സഹോദരങ്ങളേയും സംരക്ഷിക്കുന്ന ഭാരം 17 വയസ്സു മാത്രമുണ്ടായിരുന്ന ഒരിജന്റേതായി. അങ്ങനെ ചെറുപ്രായത്തിലേ ഒരിജൻ അദ്ധ്യാപനം തൊഴിലായി സ്വീകരിച്ചു. ആദ്യം ജന്മസ്ഥലമായ അലക്സാൻഡ്രിയ ആയിരുന്നു പ്രവർത്തന കേന്ദ്രം. അവിടെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഒരിക്കൽ പലസ്തീനയിലെ കേസറിയാ സന്ദർശിച്ച ഒരിജനെ അവിടുത്തെ മെത്രാൻ പൗരോഹിത്യത്തിലേക്കുയർത്തി. അലക്സാൺഡ്രിയയിലെ സ്വന്തം മെത്രാന്റെ അനുമതി കൂടാതെ പൗരോഹിത്യം സ്വീകരിച്ചു എന്ന ആരോപണത്തിന്റെ പേരിൽ അലക്സാണ്ഡ്രിയ വിടേണ്ടി വന്ന ഒരിജന്റെ ശിഷ്ടജീവിതം കേസറിയായിൽ ആയിരുന്നു.

സംഭാവനകൾ

മൗലിക ചിന്തകൻ

ഗ്രീക്ക് ഭാഷയിലുള്ള അദ്ദേഹത്തിന്റെ രചനകളിൽ പ്ലേറ്റോയുടെ ദർശനത്തിന്റെ സ്വാധീനം പ്രകടമാണ്. ഒരിജന്റെ ചിന്തയുടെ ആഴവും പരപ്പും മൗലികതയും ആരിലും അത്ഭുതമുളവാക്കും. ആത്മാവുകളെല്ലാം ആദിമുതലേ ഉണ്ടായിരുന്നുവെന്നും, ദൈവസംയോഗത്തിൽ നന്മയിലും സന്തുഷ്ടിയിലും കഴിഞ്ഞ അവയിൽ ക്രിസ്തുവിന്റേതൊഴിച്ചുള്ള ആത്മാവുകൾക്കു സ്വതന്ത്ര മനസ്സിന്റെ ദുരുപയോഗത്തിൽ വീഴ്ചപറ്റിയതാണന്നും ഒരിജൻ കരുതി. ഈ വാദമനുസരിച്ച് വീഴ്ചയുടെ ഗുരു-ലഘുത്തങ്ങളിൽ നിന്നാണ് മാലാഖമാരും, മനുഷ്യരും ദുഷ്ടാരൂപികളും തമ്മിലുള്ള അന്തരം ഉടലെടുത്തത്. ദൈവകാരുണ്യം എല്ലാ ആത്മാക്കളേയും വീണ്ടും ദൈവവുമായുള്ള രമ്യതയിലെത്തിക്കുമെന്നും ഒരിജൻ വിശ്വസിച്ചു. ദയാനിധിയായ ദൈവം ഒടുവിൽ സാത്താനെപ്പോലും വീഴ്ചയിൽ നിന്നു കരകയറ്റി രക്ഷിക്കുമത്രെ. നിത്യനരകം എന്ന ആശയം ദൈവത്തിന്റെ സർവശക്തിക്കും അനന്ത കാരുണ്യത്തിനും നിരക്കുന്നതല്ലെന്നാണ് ഒരിജൻ വാദിച്ചത്.

വേദപുസ്തക വ്യാഖ്യാതാവ്

ഒരിജൻ സമർഥനായ വേദപുസ്തക വ്യാഖ്യാതാവായിരുന്നു. അക്ഷരാർഥത്തിലുള്ള വ്യാഖ്യാനമല്ല അദ്ദേഹം നടത്തിയത്. ബൈബിൾ വാക്യങ്ങളുടെ അർത്ഥം, അവയുടെ വാക്കുകളെ അതിലംഘിക്കുന്ന സാദൃശ്യങ്ങളിൽ(Types) കണ്ടെത്തുന്ന അദ്ദേഹത്തിന്റെ വ്യാഖ്യാന ശൈലിക്ക് (Scriptural allegorism) പിന്നീട് വളരെ പ്രചാരം കിട്ടി.

ഹെക്സാപ്ല

പഴയ നിയമത്തിന്റെ ഹെബ്രായഭാഷയിലും, ഗ്രീക്കിലും ഉള്ള വ്യത്യസ്ത പാഠങ്ങളെ ഒന്നിച്ചു ചേർ‍ത്ത് ഒരിജൻ പ്രസിദ്ധീകരിച്ച ഹെക്സാപ്ല (Hexapla)എന്ന താരതമ്യ പഠന സഹായി [4] പൗരാണിക കാലത്തെ ഗ്രന്ഥവിമർശനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതാണ്.

സെൽസസിന് മറുപടി

ഒരിജന്റെ രചനാപാടവവും നീതിബോധവും പ്രകടമാകുന്ന മറ്റൊരു കൃതി, ക്രിസ്തുമതത്തെ യുക്തിയുടെ തലത്തിൽ വിമർശിച്ച സെൽസസ് എന്നയാളുടെ രചനക്ക് മറുപടിയായി ഒരിജൻ എഴുതിയ സെൽസസിന് മറുപടി (Contra Celsus)എന്ന പുസ്തകമാണ്. ഒരിജന്റെ കൃതികളിൽ ഏറ്റവും വലുതും ഇതു തന്നെയാണ്. സെൽസസിന്റെ വാദമുഖങ്ങൾ ദീർഘമായി ഉദ്ധരിച്ച്, അവക്ക് യുക്തി ഉപയോഗിച്ച് തന്നെ പ്രതിപക്ഷബഹുമാനത്തോടെ മറുപടി പറയുന്ന രീതിയാണ് ഒരിജൻ ഈ പുസ്തകത്തിൽ അവലംബിച്ചിരിക്കുന്നത്. സെൽസസിന്റെ കൃതികളെല്ലാം പിൽക്കാലത്ത് നശിപ്പിക്കപ്പെട്ടു. ഇന്ന്, ഒരിജന്റെ വിമർശനത്തിലെ ഉദ്ധരണികളാണ്, സെൽസസിന്റെ ചിന്തയിലേക്കുള്ള ഏക വഴികാട്ടി. [5]

ഒരിജനും പിൽക്കാല സഭയും

എല്ലാ മൗലിക ചിന്തകരുടെ കാര്യത്തിലും സംഭവിക്കുന്നതു പോലെ ഒരിജന്റെ ചിന്തകളും നിശിതമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. ഏറെ എതിർക്കപ്പെട്ടത് എല്ലാ ആത്മാവുകൾക്കും ഒടുവിൽ രക്ഷ സംപ്രാപ്തമാകുമെന്നുള്ള ഒരിജന്റെ വിശ്വാസമാണ്. ആത്മാവുകളുടെ നിത്യനാശം എന്ന ആശയത്തിനെതിരെയുള്ള ഒരിജന്റെ വിമർശനം യുക്തിഭദ്രമായിരുന്നുവെങ്കിലും വിശുദ്ധ അഗസ്റ്റിൻ ഒരിജന്റെ എതിർചേരിയിൽ നിലയുറപ്പിച്ചതോടുകൂടി ഒരിജനിസത്തിനു പിന്തുണ ഇല്ലാതായി. 'ഒരിജനിസ്റ്റ്' എന്നതു ഒരു ശകാരപദമായി മാറി. ക്രി.പി. 545-ൽ നടന്ന കോൺസ്റ്റാന്റിനോപ്പിളിലെ സൂനഹദോസ് ഒരിജന്റെ പഠനങ്ങളെ വിലക്കി. 553-ൽ നടന്ന അഞ്ചാം എക്ക്യൂമെനിക്കൽ കൗൺസിൽ ആകട്ടെ അദ്ദേഹത്തെ, പേരുകേട്ട 'ശീശ്മകളുടെ പ്രണേതാക്കളായ ആരിയൂസ്, നെസ്തോറിയസ് എന്നിവരോടൊപ്പം പേരെടുത്തു പറഞ്ഞു ശപിച്ചു.കോൺസ്റ്റന്റൈൻ ചക്രവർത്തി യുടെ സമയം മുതൽ റോമൻ ഭരണകൂടവുമായി സന്ധിയിലായ സഭാനേതൃത്വം, അത് പുതിയതായി കൈവരിച്ച അധികാരങ്ങളുടെ ഫലപ്രദമായ പ്രയോഗത്തിന് സഹായിക്കുന്ന ഒരായുധമായി നിത്യനരകത്തെ കണ്ടതാണ് ഒരിജന്റെ 'സർവരക്ഷാവാദ' ത്തെ തള്ളിപ്പറയാൻ പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന് എന്നു കരുതുന്നവരുണ്ട്.

ജീവചരിത്ര ഗ്രന്ഥങ്ങൾ

പ്രഖ്യാത സഭാചരിത്രകാരനായ കേസറിയായിലെ യൂസീബിയസിന്റെ സഭാചരിത്രഗ്രന്ഥം ഒരു വാല്യം ഏതാണ്ട് മുഴുവൻ തന്നെ ഒരിജനേക്കുറിച്ചാണ്.[6] ഒരിജന്റെ നൂറോളം കത്തുകളും അദ്ദേഹത്തോട് ആരാധന തന്നെ ഉണ്ടായിരുന്ന യൂസെബിയൂസ് ശേഖരിച്ചതായി പറയപ്പെടുന്നു.[7]

നുറുങ്ങുകൾ

  • സെപ്തിമിയസ് സെവേരസിന്റെ കാലത്തു നടന്ന ക്രിസ്തുമത പീഡനത്തിൽ പിതാവിനെ പിന്തുടർന്ന് ബാലനായ ഒരിജനും രക്തസാക്ഷിത്വം വരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണെന്നും ഒരിജന്റെ മാതാവ്, മകന്റെ വസ്ത്രങ്ങൾ ഒളിച്ചുവച്ചതു കൊണ്ടാണ് ഒരിജൻ അന്ന് രക്തസാക്ഷിയാകാതെ പോയതെന്നും സഭാചരിത്രകാരനായ യൂസെബിയൂസ് എഴുതിയിട്ടുണ്ട്.
  • ഒരിജന്റെ വിശ്വാസ തീക്ഷ്ണതയ്ക്കും പ്രതിബദ്ധതക്കും തെളിവായി പറയുന്ന മറ്റൊരു കഥ, മത്തായിയുടെ സുവിശേഷം 19:12-ൽ "ദൈവരാജ്യത്തിനു വേണ്ടി ഷണ്ഡത്വം സ്വയം വരിക്കുന്നവരെ സംബന്ധിച്ച പരാമർശം അക്ഷരാർഥത്തിലെടുത്ത്, അദ്ദേഹം സ്വന്തം ലൈംഗികശേഷി നശിപ്പിച്ചു കളഞ്ഞുവെന്നാണ്.[8]എന്നാൽ ഇതു വെറും കെട്ടുകഥയാണെന്ന് പറയുന്നവരും ഉണ്ട്. വേദപുസ്തകത്തിൽ വാച്യാർഥത്തിനപ്പുറമുള്ള പൊരുൾ തേടിപ്പോയ ഒരിജൻ, സുവിശേഷവാക്യത്തെ ഇത്തരമൊരു പ്രവർത്തിക്ക് ആധാരമാക്കുമെന്ന് വിശ്വസിക്കുക വിഷമവുമാണെന്നും ഒരിജന്റെ കാലത്തിന് ഒരു നൂറ്റാണ്ടോളം ശേഷം എഴുതപ്പെട്ട യൂസീബിയസിന്റെ കൃതിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഇക്കഥ സത്യമാകാനിടയില്ലെന്നുമാണ് വാദം.[1]

അവലംബം

  1. 1.0 1.1 Zondervan Handbook to the History of Christianity, Edited by Jonathan Hill - "A Christian Philosophy: Origen", article by John Mcguckin (പുറം 67)
  2. ഇംഗ്ലീഷ് വിക്കിപീഡിയയെ അവലംബിച്ച്
  3. Bertrand Russel: A History of Western Philosophy; Chapter, First four centuries of Christianity
  4. ഹെക്സാപ്ലയെക്കുറിച്ച് കത്തോലിക്കാവിജ്ഞാനകോശത്തിലുള്ള ലേഖനം
  5. സെൽസസിനുള്ള മറുപടി, സമ്പൂർണ്ണ ഓൺലൈൻ പാഠം
  6. History of Church - Eusebius of Ceasaria (Book-6)
  7. "Eusebius was thoroughly acquainted with the life of his hero; he had collected a hundred of his letters" കത്തോലിക്കാവിജ്ഞാനകോശം, ഒരിജനും ഒരിജനിസവും
  8. കേസറിയായിലെ യൂസീബിയസിന്റെ സഭാചരിത്രം (ആറാം പുസ്തകം - എട്ടാം അദ്ധ്യായം‌) ജി.എ. വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ, ഡോർസെറ്റ് പ്രസാധനം(പുറം 247-48)
"https://ml.wikipedia.org/w/index.php?title=ഒരിജൻ&oldid=3463529" എന്ന താളിൽനിന്ന് ശേഖരിച്ചത്