Jump to content

സുന്ദർലാൽ ബഹുഗുണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:21, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiran Gopi (സംവാദം | സംഭാവനകൾ) (പുറത്തേക്കുള്ള കണ്ണികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദർലാൽ ബഹുഗുണ വികി
ജനനം(1927-01-09)9 ജനുവരി 1927
മറോദ ഗ്രാമം, തെഹ്‌രി, ഭാരതം[1]
മരണം21. മെയ് .2021
ദേശീയതഇന്ത്യ
തൊഴിൽസന്നദ്ധപ്രവർത്തകൻ, ഗാന്ധിയൻ, പരിസ്ഥിതി പ്രവർത്തകൻ
ജീവിതപങ്കാളി(കൾ)വിമല ബഹുഗുണ
കുട്ടികൾരാജീവ് ബഹുഗുണ

ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും ഗാന്ധിയൻ ചിന്താരീതികളായ അഹിംസ, സത്യാഗ്രഹം എന്നിവയുടെ അനുകർത്താവുമായിരുന്നു സുന്ദർലാൽ ബഹുഗുണ ( 1927 ജനുവരി 9 - 21 മേയ് 2021)[2]. 1970 കളിൽ ചിപ്കോപ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതൽ 2004 ന്റെ ഒടുവ് വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസം‌രക്ഷണത്തിനായി വർഷങ്ങളോളം അദ്ദേഹം പോരാടി[3]. ഇന്ത്യയിലെ ആദ്യകാല പരിസ്ഥിതി പ്രവർത്തകരിൽ ഒരാളായ ബഹുഗുണ[4] പിന്നീട്, ചിപ്കോ പ്രസ്ഥാനത്തിലെ ജനങ്ങളുമായി ചേർന്ന് രാജ്യത്തുടനീളം വനനശീകരണം,വലിയ അണക്കെട്ടുകൾ, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭപരിപാടികൾ ഏറ്റെടുത്തു മുന്നോട്ട്കൊണ്ടുപോയി [5]. 2009 ജനുവരി 26 ന്‌ ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മ വിഭൂഷൺ പുരസ്കാരം നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു[2].

ജീവിതരേഖ

[തിരുത്തുക]

ഉത്തരാഖണ്ഡിലെ തെഹ്‌രി എന്ന സ്ഥലത്തിനടുത്തുള്ള മറോദ എന്ന ഗ്രാമത്തിലാണ്‌ ബഹുഗുണ ജനിച്ചത്. ആദ്യകാലങ്ങളിൽ തൊട്ടുകൂടായ്മക്കെതിരെ അദ്ദേഹം പോരാടി. പിന്നീട് 1965 മുതൽ 1970 വരെയുള്ള കാലയളവിൽ മലഞ്ചെരുവിലെ സ്ത്രീജനങ്ങളെ സംഘടിപ്പിച്ച് മദ്യവിരുദ്ധ പോരാട്ടവും നടത്തുകയുണ്ടായി[6].

2021 മേയ് 21 ന് കോവിഡ് ബാധയാൽ ഋഷികേശ് എയിംസിൽ അന്തരിച്ചു.[7]

ചിപ്കോ പ്രസ്ഥാനം

[തിരുത്തുക]
പ്രധാന ലേഖനം: ചിപ്‌കൊ പ്രസ്ഥാനം

ഹിന്ദിയിൽ "ചിപ്കോ എന്ന് പറഞ്ഞാൽ "ചേർന്ന് നിൽക്കുക" "ഒട്ടി നിൽക്കുക" എന്നോക്കെയാണ്‌. കർണാടകത്തിലെ അപ്പികോ പോലെ ചിപ്കോ പ്രസ്ഥാനവും പിന്നീട് വളരെ പ്രസിദ്ധമായി. ചിപ്കോ പ്രസ്ഥനത്തിനു പ്രത്യേകമായും പരിസ്ഥിതിവാദത്തിന്‌ പൊതുവായും അദ്ദേഹം നൽകിയ പ്രധാന സംഭാവനകളിലൊന്ന് ചിപ്കോക്ക് അദ്ദേഹം നൽകിയ "ആവാസ വ്യവസ്ഥയാണ്‌ സ്ഥിരസമ്പത്ത്" എന്ന മുദ്രാവാക്യമാണ്‌. തന്റെ പ്രസ്ഥാനത്തിന്‌ ജനപിന്തുണ തേടിക്കൊണ്ട് 1981 മുതൽ 1983 വരെ അദ്ദേഹം നടത്തിയ ഹിമാലയത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്ര ചിപ്കോയെ ജനമധ്യത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചു. ഈ യാത്ര അവസാനിപ്പിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തികൊണ്ടാണ്‌. 15 വർഷത്തിന്‌ ഹരിതവൃക്ഷങ്ങൾ മുറിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഇന്ദിരയുടെ ഉത്തരവ് ഈ കൂടിക്കാഴ്ചയുടെ ഫലമായി ഉണ്ടായതാണ്‌[3].

തെഹിരി അണക്കെട്ട് വിരുദ്ധപ്രക്ഷോഭം

[തിരുത്തുക]

തെഹ്‌രി അണക്കെട്ടിനെതിരെയുള്ള പ്രക്ഷോഭ പാതയിൽ ദശാബ്ദങ്ങളോളം അദ്ദേഹം നിലകൊണ്ടു. സത്യാഗ്രഹ മാതൃക ‍സ്വീകരിച്ച അദ്ദേഹം നിരവധി തവണ പ്രതിഷേധ സൂചകമായി ഭഗീരഥി തീരത്ത് ഉപവാസ സമരം നടത്തി[8]. 1995 ൽ, അണക്കെട്ടിന്റെ ദൂശ്യഫലങ്ങളെ കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ഉറപ്പിന്മേലായിരുന്നു 45 ദിവസം നീണ്ട ബഹുഗുണയുടെ ഉപവാസ സമരം അവസാനിപ്പിച്ചത് . അതിന്‌ ശേഷം 74 ദിവസം നീണ്ട മറ്റൊരു ഉപവാസ സമരം രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ വെച്ച് ബഹുഗുണ നടത്തുകയുണ്ടായി


എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കുമ്പോൾ അണക്കെട്ട് നിർമ്മാണ പദ്ധതി പുന:പരിശോധിക്കുന്നതിനുള്ള വ്യക്തിപരമായ ഉറപ്പ് നൽകുകയുണ്ടായി. എന്നിരിക്കിലും ദശാംബദത്തോളമായി സുപ്രീംകോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ 2001 ൽ അണക്കെട്ടിന്റെ പണി പുന:രാരംഭിക്കുകയും 2001 ഏപ്രിൽ 20 ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് 2004 ൽ അണക്കെട്ടിന്റെ റിസർ‌വോയർ നിറയുകയും ബഹുഗുണയെ ഭഗീരഥിയുടെ അടുത്തുള്ള കൊട്ടി എന്ന ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. അവിടെ അദ്ദേഹം തന്റെ പരിസ്ഥിതി സം‌രക്ഷണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു[3].

മിതവ്യയത്തിനായി പ്രവർത്തിച്ചുകൊണ്ട് ഹിമാലയത്തിലെ ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ്‌ സുന്ദർലാൽ ബഹുഗുണ. പ്രത്യേകിച്ചും ഹിമാലയത്തിലെ പാവങ്ങളായ സ്ത്രീജനങ്ങൾക്കായി അദ്ദേഹം പൊരുതി. ഭാരതത്തിലെ നദികളുടെ സം‌രക്ഷണത്തിനായും അദ്ദേഹം പോരാടി[9][10].

പുരസ്കാരങ്ങൾ

[തിരുത്തുക]

ചില ഉദ്ധരണികൾ

[തിരുത്തുക]
  • ഹിമാലയം വരുമാനമുണ്ടാക്കാനുള്ളതല്ല അത് വെള്ളത്തിനുള്ളതാണ്‌ എന്ന് ഭരണകൂടം മനസ്സിലാക്കണം[12].
  • "വികസനവും" "പരിസ്ഥിതിയ��ം" തമ്മിലല്ല മറിച്ച് "നശീകരണവും" "അതിജീവനവും" തമ്മിലുള്ള പോരാട്ടമാണ്‌ പ്രശ്നം[13].
  • മൂന്ന് "എ" (A) കളാണ്‌ ബഹുഗുണയെ വഴികാട്ടുന്ന തത്ത്വശാസ്തം. ആദ്യത്തേത് "ഓസറ്ററിറ്റി" (Austerity)-അത്യാർത്ഥിയോടുള്ള വിരക്തി. രണ്ടാമത്തേത് "അൽടർനേറ്റീവ്സ്"(Alternatives)-എല്ലാ പ്രശ്നങ്ങൾക്കും ഒരു ബദൽ മാർഗ്ഗമുണ്ട്.അതു നിങ്ങളുടെ അടുത്തുതന്നെയാണുള്ളത്. അത്കൊണ്ട് നിങ്ങളുടെ ചുറ്റുപാടിൽ നിന്ന് അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കുക.ഒടുവിലത്തേത് "അഫ്ഫോറസ്റ്റേഷൻ" (Afforestation)-വനവത്കരണം നിരവധി പ്രശ്നങ്ങൾ പരിഹരിക്കും[14].

അവലംബം

[തിരുത്തുക]
  1. Bahuguna Archived 2012-02-14 at the Wayback Machine.betterworldheroes.com.
  2. 2.0 2.1 Padma Vishushan awardees Govt. of India Portal.
  3. 3.0 3.1 3.2 Bahuguna, the sentinel of Himalayas by Harihar Swarup, The Tribune, July 8, 2007.
  4. Sunderlal Bahuguna, a pioneer of India's environmental movement... New York Times, April 12, 1992.
  5. How green is their valley The Times of India, Sep 22, 2002.
  6. Sunderlal Bahuguna Archived 2008-12-27 at the Wayback Machine. culturopedia.com.
  7. "ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട സുന്ദർലാൽ ബഹുഗുണ അന്തരിച്ചു ... Read more at: https://www.manoramaonline.com/news/latest-news/2021/05/21/sunderlal-bahuguna-passed-away.html". {{cite web}}: External link in |title= (help); line feed character in |title= at position 67 (help)
  8. Big Dam on Source of the Ganges Proceeds Despite Earthquake Fear New York Times, September 18, 1990.
  9. `My fight is to save the Himalayas' Archived 2007-09-26 at the Wayback Machine. Frontline, Volume 21 - Issue 17, Aug. 14 - 27, 2004.
  10. Bahuguna Archived 2006-12-09 at the Wayback Machine. uttarakhand.prayaga.org
  11. Chipko Archived 2016-03-03 at the Wayback Machine. Right Livelihood Award Official website.
  12. The Rediff Interview/Sunderlal Bahuguna Rediff.com, July 8, 2000.
  13. Endangered Species No, not owls or elephants. Humans who fight to save the planet are putting their lives on the line. Archived 2009-05-13 at the Wayback Machine. Anita Pratap, New Delhi. TIME, April 27, 1992.
  14. Back to basics: Sunderlal Bahuguna is guided by three As—Austerity, Alternatives and Afforestation Indian Express, September 27, 2005.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുന്ദർലാൽ_ബഹുഗുണ&oldid=4101748" എന്ന താളിൽനിന്ന് ശേഖരിച്ചത്